Monday, May 13, 2013

വേട്ടക്കാരന്‍....



കയ്യിലുള്ള ഒഴിഞ്ഞ കൂട്ടിലേക്ക് നോക്കുമ്പോഴൊക്കെ പക്ഷി വേട്ടക്കാരന്‍റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടായിരുന്നു. മൂന്നു ദിവസങ്ങളായി കുടിലില്‍ അടുപ്പ് പുകഞ്ഞിട്ട്. ഭാര്യയുടെയും, കരഞ്ഞു തളര്‍ന്ന കുഞ്ഞുങ്ങളുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍  കാലുകള്‍ക്ക് വേഗം പോരെന്നു തോന്നി. ഇന്നെങ്കിലും ഒരു ജോഡി തത്തകളെയോ, അല്ലെങ്കില്‍ മൈനകളെയോ കിട്ടിയില്ലെങ്കില്‍......

ദൂരത്തു നിന്ന് തന്നെ ആ തത്തയെ അയാള്‍ക്ക് കാണാമായിരുന്നു. വൃക്ഷത്തിന് മുകളിലുള്ള വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. ഇടയ്ക്കിടെ ചിറകുകള്‍ വിടര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്.  മരത്തിനു മുകളിലെത്തി സൂക്ഷമതയോടെ വലയില്‍ നിന്നും അതിനെ അയാള്‍ കൈകളില്‍ എടുത്തു. നല്ല ഭംഗിയും വലിപ്പവുമുണ്ട്!! അയാള്‍ക്ക് സന്തോഷമായി. അതിന്‍റെ ഇണയെ തേടി അയാളുടെ കണ്ണുകള്‍ ചുറ്റും പരതി. അതും ആ മരത്തിന്‍റെ തന്നെ മറ്റൊരു കൊമ്പില്‍ ഇരിപ്പുണ്ട്. ഇടയ്ക്കിടെ ഇണയെ നോക്കി അവ്യക്തമായി എന്തൊക്കെയോ ചിലയ്ക്കുന്നുമുണ്ട്. അതിനെ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു!! എങ്കിലും, അത് അത്ര എളുപ്പമുള്ള ഒന്നല്ല, എന്ന് അയാള്‍ക്കറിയാമായിരുന്നു.  താഴെ ഇറങ്ങി തത്തയെ കൂട്ടില്‍ അടച്ചതിനുശേഷം അതുമായി അയാള്‍  കവലയിലേക്ക് നടന്നു.

ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍, ആ ഇണ തത്തയും ചിലച്ചുകൊണ്ട് പുറകെ പറന്നു വരുന്നതു അയാള്‍ കണ്ടു.. ഇത് ജീവിതമാണ്. ഇവിടെ അനുകമ്പയ്ക്കൊന്നും ഒരു സ്ഥാനവുമില്ല. അയാള്‍ കാലുകള്‍ വലിച്ചുവച്ചു വേഗത്തില്‍ നടന്നു...

കവലയിലെത്തിയതും, എവിടെ നിന്നോ മുന്‍പിലായി ഓടിയെത്തിയ ബാലന്‍റെ കണ്ണില്‍ നിറയെ തത്തയോടുള്ള ആഗ്രഹം മുറ്റി നിന്നിരുന്നു.

"ഇതിനെ എനിക്ക് തരുമോ?"  അവന്‍റെ ചോദ്യത്തില്‍ അയാള്‍ക്ക്‌ അതിശയമൊന്നും തോന്നിയില്ല.

"ഇരുപത്തഞ്ചു രൂപ ഉണ്ടോ? എങ്കില്‍ എടുത്തോളൂ.."

അയാളുടെ സ്വരത്തില്‍ ഒട്ടും മാര്‍ദ്ദവം കലര്‍ന്നിരുന്നില്ല..

അവന്‍ വേഗം പോക്കറ്റില്‍ കയ്യിട്ടു ഒരു പത്തു രൂപയും ഏതാനും ചില്ലറയും എടുത്തു അയാള്‍ക്ക്‌ നേരെ നീട്ടി.

"ഇത്രയുമേ കയ്യിലുള്ളൂ", അവന്‍റെ സ്വരം താണിരുന്നു.

അവനെ ശ്രദ്ധിക്കാതെ, വളവു തിരിഞ്ഞു വരുന്ന സ്വാമിയിലും പരിവാരങ്ങളിലുമായി അയാളുടെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി നിന്നു. സ്വാമി തൊട്ടു മുന്‍പിലായി വന്നു നിന്നപ്പോള്‍, അയാള്‍ക്ക് ആദ്യമായി അമ്പരപ്പ് തോന്നി.

"ഇതിനെ എനിക്ക് തന്നേക്കൂ, എത്ര വേണം?" സ്വാമിയുടെ വാക്കുകള്‍ അയാളില്‍ അത്ഭുതമുണര്‍ത്തി.!!

"ഇരുപത്തഞ്ചു രൂപ സ്വാമി", വിനയം കലര്‍ത്തി അയാള്‍ പറഞ്ഞു.

"കൂടുതലാണല്ലോ, ഒരു പതിനഞ്ചാകാം, എന്താ?"

മറുപടിക്ക് മുന്‍പ്, അവര്‍ക്കരികിലായി നീക്കി നിര്‍ത്തിയ കാറില്‍ നിന്നും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീയിലേക്ക് അയാളുടെ ദൃഷ്ടികള്‍ നീണ്ടു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ക്കരുകിലേക്ക്  നടന്നു വന്നു അവര്‍ ചോദിച്ചു.

"എനിക്ക് ഈ തത്തയെ ആവശ്യമുണ്ട്. എത്രയാ വില?"



യാന്ത്രീകമെന്നോണം അയാളുടെ ചുണ്ടുകള്‍ ആവര്‍ത്തിച്ചു, "ഇരുപത്തഞ്ചു രൂപാ"

"ഇരുപതു പോരെ?" പറഞ്ഞുകൊണ്ട് തന്നെ ഹാന്‍ഡ്‌ ബാഗില്‍ നിന്നും ഒരു ഇരുപതിന്‍റെ നോട്ട് അവര്‍ വലിച്ചെടുത്തു.

അയാള്‍ക്ക്‌ പുറകില്‍ ആ ഇണക്കിളിയുടെ രോദനം നേര്‍ത്തിരുന്നു.

എല്ലാ കണ്ണുകളും അയാളിലായിരുന്നു!! അയാളുടെ കൈകള്‍ കൂടിന്‍റെ കൊളുത്ത് നീക്കി തത്തയെ പുറത്തെടുത്തു. ഇരുകൈകളാലും അതിനെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അതിന്‍റെ കണ്ണുകളിലേക്ക് ഒരു വട്ടം സൂക്ഷിച്ചു നോക്കി. പിന്നെ പെട്ടെന്ന് തിരിഞ്ഞു ഇണയെ നോക്കി കൈകള്‍ ആവേശത്തോടെ വായുവിലേക്കുയര്‍ത്തി, മുകളിലേക്ക് അതിനെ പറത്തി വിട്ടു.

"ശ്.. ശ്.. ശ്...." ആളുകളില്‍ നിന്നുയര്‍ന്ന സീല്‍ക്കാരങ്ങള്‍ക്കൊപ്പം ഒരുമിച്ചു പറന്നുയര്‍ന്ന പക്ഷികളില്‍ നിന്നുയര്‍ന്ന ആഹ്ലാദാരവങ്ങള്‍, അയാളുടെ മനസ്സിലൊരു ലഹരിയായി പടര്‍ന്നു....
 

പിന്നെ, കിളിക്കൂടിന്‍റെ വാതില്‍ അടച്ചു അതും കയ്യിലെടുത്തു അവര്‍ക്കിടയിലൂടെ അയാള്‍ മുമ്പോട്ട് ആഞ്ഞു നടന്നു....