Monday, November 3, 2014

നിശ്ശബ്ദസേവനത്തിന്‍റെ വേറിട്ട മുഖങ്ങള്‍!!!




അടുത്ത സമയത്ത്  നാട്ടിലെ ഏതാനും നിയമപാലകര്‍, ഒരു ഹെല്‍മെറ്റ്‌ വേട്ടയ്ക്കിടെ രണ്ടു ചെറുപ്പക്കാരുടെ ദാരുണ മരണത്തിനു കാരണക്കാരായ വാര്‍ത്ത, അവിടെ വലിയ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നുവല്ലോ!! സ്വാഭാവീകമായി, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ദുബായ് ജീവിതത്തിനിടയില്‍,  ഇവിടുത്തെ നിയമപാലകരുമായി ഇടപഴകേണ്ടി വന്നിട്ടുള്ള പല സന്ദര്‍ഭങ്ങളേപ്പറ്റിയും ഓര്‍ത്തു പോയി!! 

ദുബായ് പോലെ തിരക്കേറിയ ഗതാഗത സംവിധാനമുള്ള ഒരു നഗരത്തില്‍,  സ്വന്തമായി വാഹനം ഓടിക്കുന്ന ആര്‍ക്കും തന്നെ, പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ടും, അപകടങ്ങളെ നേരിടേണ്ടി വരാറുണ്ട്. മിക്കപ്പോഴും അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന മറ്റൊരാളായിരിക്കും,  നമ്മുടെ വാഹനത്തില്‍ വന്നു ഇടിച്ച് അപകടത്തിനു കാരണക്കാരനാവുക. സാധാരണയായി ഈ മാതിരി സന്ദര്‍ഭങ്ങളില്‍ പോലീസിനെ  വിവരം  ധരിപ്പിച്ചാല്‍,  അപകടത്തിന്‍റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചു,  ഒന്നുകില്‍ അവര്‍ സംഭവ സ്ഥലത്തെത്തുകയോ, അല്ലെങ്കില്‍ നമ്മളോട് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ പറയുകയോ, ആണ് പതിവ്.

ഇത്തരത്തിലുള്ള ഒരു അനുഭവം രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്കുമുണ്ടായി. മെയിന്‍ റോഡിലേക്ക് കയറാനായി, സൈഡ് റോഡിലൂടെയെത്തിയ ഞാന്‍, റോഡ്‌ ക്ലിയര്‍ ആവാനായുള്ള കാത്തിരിപ്പിലായിരുന്നു. വലിയ ഒരു ഒച്ചയോടൊപ്പം പെട്ടെന്നുണ്ടായ ഒരു ഇടിയുടെ ആഘാതത്തില്‍,  ഞാന്‍ ഇരുന്നിടത്തുനിന്നും അല്‍പ്പം മുന്‍പോട്ടു ആഞ്ഞു പോയി!! അത്ര തന്നെ!! ദൈവം കാത്തു!!  മറ്റു കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ വേഗം പുറത്തേക്കിറങ്ങി നോക്കി.  എന്‍റെ ഹോണ്ടായെ തൊട്ടുരുമ്മി, ടൊയോട്ടായുടെ ഒരു മിനി വാന്‍!! തലയില്‍ കൈ വച്ചുകൊണ്ട് അതില്‍നിന്നും  ഇറങ്ങി വരുന്ന പാക്കിസ്ഥാനിയുടെ മുഖത്ത് ചമ്മലോടെയുള്ള ചിരി!! ഈ മാതിരി സന്ദര്‍ഭങ്ങളില്‍, നാട്ടിലേപ്പോലെ ശബ്ദമുയര്‍ത്താനോ, വഴക്കുണ്ടാക്കാനോ പോയിട്ട്,  ഒരു കാര്യവുമില്ല. എത്രയും വേഗം പോലീസിനെ വിവരം അറിയിക്കുക, അതാണ്‌ ചെയ്യാനുള്ളതും ചെയ്യേണ്ടതും!!

അപകടം അത്ര സാരമുള്ളതല്ല എന്നുള്ളതിനാല്‍,  അവര്‍ ആവശ്യപ്പെട്ടതുപോലെ, അടുത്തുള്ള സ്റ്റേഷനിലേക്ക് തന്നെ പോകേണ്ടി വന്നു. ടോക്കണ്‍ എടുത്തു അധികം കാത്തിരിക്കുന്നതിനു മുന്‍പേതന്നെ, ഞങ്ങള്‍ക്ക് ഒരു ഓഫിസറുടെ മുന്‍പിലെത്താനായി. വളരെ സൌമ്യതയോടെ ആ ഉദ്യോഗസ്ഥന്‍, സംഭവത്തെപ്പറ്റി ഞങ്ങള്‍ രണ്ടാളോടും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. പിന്നീട് വേഗംതന്നെ ഞങ്ങള്‍ക്കൊപ്പം വന്നു, പുറത്തായി പാര്‍ക്ക്‌ ചെയ്തിരുന്ന വാഹനങ്ങളുടെ പരിശോധനയ്ക്കുശേഷം, എനിക്ക് പച്ചയും, പാക്കിസ്ഥാനിക്ക് ചുവപ്പും നിറങ്ങളിലുള്ള റിപ്പോര്‍ട്ട്‌ ഷീറ്റുകളും തന്നു, ഞങ്ങളെ യാത്രയാക്കി. എത്ര മര്യാദയുള്ള പെരുമാറ്റം!! അനാവശ്യ ശബ്ദമുയര്‍ത്തലുകളില്ല, വഴക്കില്ല, ബഹളങ്ങളില്ല, ദേഹോപദ്രവമില്ല, തികച്ചും കുറ്റമറ്റതായ നീതി നിര്‍വഹണത്തിന്റെ ഉദാത്തമായ ഒരു മാതൃക!!

പുറത്തേക്കുള്ള വാതിലിലേക്ക് നടക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ്‌ ഒരു ഡസ്കിനു പിറകിലായി ഇരുന്നിരുന്ന രണ്ടു പോലീസുകാരി പെണ്‍കുട്ടികള്‍ ഞങ്ങളെ കൈ കാട്ടി അങ്ങോട്ട്‌ വിളിച്ചത്. ' ഇനി ഇവിടെയെന്താണാവോ' എന്നുള്ള ഉദ്വേഗത്തോടെ, ഞങ്ങള്‍ അങ്ങോട്ടേക്ക് ചെന്നു. അപ്പോഴാണ്‌ അവര്‍ രണ്ടു ഫോമുകള്‍ എടുത്തു ഞങ്ങള്‍ക്ക് നേരെ നീട്ടിയത്. അതില്‍ പൂരിപ്പിക്കാനുള്ള ഏതാനും ചോദ്യങ്ങളാണ്. ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി, ഞങ്ങള്‍ ഏതു ആവശ്യത്തിനായാണോ അവിടെ ചെന്നത്, അതേ ആവശ്യം, ഞങ്ങളുടെ മനസ്സിന് തൃപ്തികരമായ രീതിയില്‍ തന്നെയാണോ അവിടെ ഞങ്ങളെ സ്വീകരിച്ച ഓഫീസര്‍ നിര്‍വഹിച്ചത്,  എന്ന് അറിയാനുള്ള ഒരു പിടി ചോദ്യങ്ങളായിരുന്നു അവയിലെല്ലാം!! സത്യം പറയാമല്ലോ, ആ ചോദ്യങ്ങള്‍ക്കൊന്നും തന്നെ നെഗറ്റീവായുള്ള ഒരു ഉത്തരമെഴുതാനായി,  ഒന്നും തന്നെ ഞങ്ങള്‍ രണ്ടാള്‍ക്കും ഉണ്ടായിരുന്നില്ല!! ഫോമുകള്‍ പൂര്‍ത്തിയാക്കി തിരികെ വാങ്ങുമ്പോള്‍, ആ പെണ്‍കുട്ടികള്‍ മന്ദഹാസത്തോടെയുച്ചരിച്ച അറബി ഭാഷയിലെ നന്ദി വാക്കുകള്‍,  കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു!!

മറ്റൊരവസരത്തില്‍,  അലൈനില്‍ നിന്നും രാതിസമയം തിരികെ,  ദുബായിലേക്കുള്ള യാത്രയിലായിരുന്നു, ഞാനും എന്റെ ഒരു സുഹൃത്തും. ഏതാണ്ട് പാതി വഴി പിന്നിട്ടപ്പോഴാണ്, ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. ഞങ്ങളുടെ തൊട്ടു പിറകിലായി,  ദുബായ് പോലീസിന്‍റെ ഒരു വണ്ടിയുമുണ്ട്.  മൂന്നു ലെയ്നുകളുള്ള റോഡാണ് അത് എന്നതുകൊണ്ട്,  അവര്‍ക്ക് ഞങ്ങളെ എപ്പോള്‍ വേണമെങ്കിലും ഓവര്‍ടേക്ക് ചെയ്തു കയറിപ്പോകാം. എന്നാല്‍ വളരെ നേരമായിട്ടും അവര്‍ അതിനു ശ്രമിക്കാതെ,  ഞങ്ങള്‍ക്ക് തൊട്ടു പിറകെ തന്നെ വരികയാണ്!!

മനസ്സില്‍ ഒരു ചെറിയ ടെന്‍ഷന്‍ ഉരുണ്ടു കൂടുന്നത്, വണ്ടി ഓടിച്ചിരുന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു. അറിഞ്ഞുകൊണ്ട് ഞങ്ങള്‍ രണ്ടു പേരും ഒരു നിയമ ലംഘനവും നടത്തിയതായി, ഓര്‍മ്മയിലില്ല.  ഞാന്‍ കാറിന്‍റെ വേഗം ഒന്ന് കൂട്ടി നോക്കി. ഇതാ, അവരും വേഗം കൂട്ടുന്നുണ്ട്!! ഞാന്‍ വേഗം കുറച്ചു നിയമം അനുശ്വാസിക്കുന്ന കുറഞ്ഞ സ്പീഡില്‍ ഓടിച്ചു നോക്കി. അത്ഭുതം തന്നെ!! ആ പോലീസുവണ്ടിയും, സ്പീഡ് കുറച്ചിരിക്കുന്നു!! എന്തോ പ്രശ്നമുണ്ടെന്ന് മനസ്സ് പറയുന്നു!! ഇനിയെല്ലാം വരുന്നിടത്തുവച്ചുതന്നെ കാണാം, ഞാനും മനസ്സിലുറപ്പിച്ചു.

ഞങ്ങള്‍ ഒരു ചെറിയ ടൌണിനോടടുക്കുകയാണ്. റോഡില്‍ അതുവരെയുണ്ടായിരുന്ന അരണ്ട വെളിച്ചം, ഒരു പെട്രോള്‍ പമ്പും, റസ്റ്റോറന്‍റുകളുമൊക്കെയുള്ള  സ്ഥലത്തേക്ക് പ്രവേശിച്ചതോടെ, ഫ്ലഡ്ല് ലൈറ്റുകള്‍ക്ക് വഴിമാറി.  ഞാന്‍ രണ്ടും കല്‍പ്പിച്ചു വണ്ടി പമ്പിലേക്ക് ഓടിച്ചു കയറ്റി, പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി. ആ പോലീസുവണ്ടിയും ഞങ്ങള്‍ക്ക് പിറകിലായി പാര്‍ക്ക് ചെയ്തു, ലൈറ്റ് മിന്നിച്ച് ഞങ്ങളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു. മിടിക്കുന്ന ഹൃദയത്തോടെ ഞങ്ങള്‍ രണ്ടാളും, അവരുടെ അടുത്തേക്ക്‌ നീങ്ങി.

ഞങ്ങള്‍ രണ്ടാള്‍ക്കും അറബി ഭാഷയിലുള്ള പാപ്പരത്തം ഈ മാതിരി സന്ദര്‍ഭങ്ങളിലാണ് വിനയായിത്തീരുന്നത്!! ഭാഗ്യം!! അവരിലൊരാള്‍ക്ക് ഇംഗ്ലീഷ് കുറച്ചൊക്കെ അറിയാം. അഭിവാദ്യങ്ങള്‍ക്ക് ശേഷം അവര്‍ വേഗം കാര്യത്തിലേക്ക് കടന്നു. കേട്ടപ്പോള്‍ കാര്യം നിസ്സാരം എന്ന് ഞങ്ങള്‍ക്ക് തോന്നിയെങ്കിലും, അവരുടെ വാക്കുകളില്‍ ഗൌരവം നിറഞ്ഞിരുന്നു. ഞങ്ങളുടെ കാറിന്‍റെ പിറകിലുള്ള ലൈറ്റുകള്‍ ഒന്നും തന്നെ, കത്തുന്നുണ്ടായിരുന്നില്ല!! ആ ഭാഗത്തേക്കുള്ള ഫ്യുസ് വല്ലതും കത്തിപ്പോയിരിക്കും!! അതായിരുന്നു അവര്‍ ഞങ്ങളെ പിന്തുടരുവാനുള്ള കാരണം!!  ഈ വിവരം ഞങ്ങളും, അവര്‍ പറയുമ്പോഴാണ് അറിയുന്നത്!! അലൈന്‍-ദുബായ്‌ റോഡില്‍ വാഹങ്ങളുടെ സ്പീഡ്‌ നൂറ്റി ഇരുപതായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലപ്പോഴും അതിലൊക്കെ വളരെ കൂടുതല്‍ സ്പീഡില്‍ വാഹനങ്ങള്‍ ഓടിച്ചായിരിക്കും, പലരും വരുക. ഈ അവസരത്തില്‍ പിറകില്‍ ഒരു ലൈറ്റുകളും ഇല്ലാതെ ഒരു വണ്ടി മുന്‍പില്‍ പോവുകയാണെങ്കില്‍, അതിനെ തട്ടിയിട്ടിട്ടു മുന്‍പോട്ടു കുതിക്കാന്‍ പാകത്തില്‍ എത്രയെങ്കിലും വണ്ടികള്‍, വേഗത്തില്‍ ഒന്നിനുപുറകെ ഒന്നൊന്നായി വരുന്നുണ്ടാകും!! അത് മനസ്സിലാക്കി, ഞങ്ങളുടെ സുരക്ഷക്കു വേണ്ടി, ഞങ്ങള്‍ക്ക് പിറകിലായി അവര്‍ ഒരു കവചമായി വരുകയായിരുന്നു!! പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഞങ്ങളുടെ വണ്ടിയുടെ നേര്‍ക്ക്‌ നോക്കി, അതിന്റെ ലൈറ്റുകള്‍ ശരിയാക്കിയതിനു ശേഷം മാത്രം, യാത്ര തുടരാന്‍ ഞങ്ങളെ ഉപദേശിച്ചതിനു ശേഷം, അവര്‍ വന്ന വഴിയെതന്നെ വാഹനമോടിച്ചു പോയി!!

അവര്‍ പോയ വഴിയെ നോക്കി ഞങ്ങള്‍ ഒന്നും മിണ്ടാനാവാതെ,  അല്‍പ്പ നിമിഷങ്ങള്‍ അതേപടി നിന്നുപോയി!! ദൈവമേ,  ഇങ്ങനെയും ഉണ്ടല്ലോ പോലീസുകാര്‍!!  ദുബായ്‌ പോലീസിനെ മനസ്സാ നമിച്ചുപോയ നിമിഷങ്ങളായിരുന്നു അവ!!

അടുത്തുള്ള കടയിലെ ചൂടു ചായക്കപ്പുകള്‍ക്ക്  മുമ്പിലിരിക്കുമ്പോഴും,  ഞങ്ങള്‍ രണ്ടാളും ചിന്തിച്ചിരുന്നത് ഒന്നുതന്നെ ആയിരുന്നു. ഒരു ലാഭേഛയും കൂടാതെ,  കിലോമീറ്ററുകള്‍ ഞങ്ങളെ പിന്തുടര്‍ന്ന്, ഞങ്ങള്‍ക്ക് കാവല്‍ വരാനായുള്ള അവരുടെ സേവന സന്നദ്ധതയും,  കൃത്യ നിര്‍വഹണത്തിലുള്ള അവരുടെ ഉറച്ച പ്രതിബദ്ധതയും!!