Monday, September 24, 2012

അമ്മയല്ലാതൊരു ദൈവമുണ്ടോ..........



"അമ്മയല്ലാതൊരു ദൈവമുണ്ടോ,
അതിലും വലിയൊരു കോവിലുണ്ടോ"
പുറത്ത് വെയില്‍ കത്തിക്കാളുകയായിരുന്നു. കാറിനുള്ളിലെ ശിതീകരിച്ച അന്തരീക്ഷത്തില്‍, ഒരു സ്നേഹിതന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു, നേരം കുറേയേറെയായി!! റേഡിയോയില്‍ നിന്നും ഒഴുകിയെത്തിയ ഗാനത്തിന്റെ ഈരടികള്‍ പാതി മയക്കത്തിലായിരുന്ന മനസ്സിന്റെ പൂമുറ്റത്ത്, അമ്മയെക്കുറിച്ചുള്ള ഒരായിരം വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി വച്ചു!!!

അമ്മ ഞങ്ങളെയൊക്കെ വിട്ടു കണ്‍മുമ്പില്‍നിന്നും മറഞ്ഞിട്ട്, ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു! എങ്കിലും തറവാടിന്‍റെ മുമ്പിലെ വരാന്തയുടെ പടികളിലൊന്നില്‍, ഇപ്പോഴും എനിക്കായി കാത്തിരിക്കുന്ന മുഖമാണ് ഓര്‍മ്മകളില്‍ നിറയെ.

അമ്മയെപ്പറ്റി പറയുമ്പോഴല്ലേ എല്ലാവര്‍ക്കും നൂറു നൂറു നാവുകള്‍! വിശന്നു കരയുന്നതിനുമുന്പേ, വയറുനിറയുവോളം പാലൂട്ടുന്ന, പിച്ചവച്ചു നടക്കുമ്പോള്‍, വീഴുന്നതിന് മുന്‍പേതന്നെ, പിന്നില്‍നിന്നും സ്നേഹ കരങ്ങളാല്‍ താങ്ങുന്ന, വികൃതികള്‍ കാട്ടുമ്പോഴും, മറ്റുള്ളവരില്‍നിന്നും ശകാരമോ ശിക്ഷയോ ഏറ്റുവാങ്ങുവാന്‍ സമ്മതിക്കാതെ, പുറകില്‍ ഒളിപ്പിച്ചുപിടിക്കുന്ന, ചെറിയ ക്ലാസ്സുകളിലെ പാഠങ്ങളൊക്കെ എനിക്ക് മുന്‍പേതന്നെ പഠിച്ചു, എന്നെ എപ്പോഴും തയ്യാറാക്കി സ്കൂളിലേക്ക് അയച്ചിരുന്ന, എന്തിനേറെ, കോളേജ് പഠനത്തിനായി ദൂരെയുള്ള അമ്മയുടെ വീട്ടിലേക്കു പോകുന്നതിനു തലേ രാത്രിയില്‍, ആരും കാണാതെ, കുഞ്ഞു കുഞ്ഞു നാണയങ്ങളും നോട്ടുകളും ചേര്‍ത്തു വച്ച സമ്പാദ്യം മുഴുവനും, നിറഞ്ഞ മനസ്സോടെ എന്നെ ഏല്പ്പിക്കുന്ന ആ സ്നേഹനിധിയെ, ഞാന്‍ എങ്ങനെ ഓര്‍ക്കാതിരിക്കും!!! ഇത്രമാത്രം എന്നെ സ്നേഹിച്ചിരുന്ന വേറെയാരും തന്നെ, ഈ ലോകത്തില്‍ ഉണ്ടായിരുന്നില്ല എന്നുള്ള സത്യം മനസ്സിലാക്കാന്‍, ഞാനെന്തേ ഇത്ര വൈകിപ്പോയി???????

അമ്മയുടെ ബാല്യം സന്തോഷഭരിതമായിരുന്നു എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്.തലസ്ഥാന നഗരിയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന അമ്മ പഠിചിരുന്നതും അക്കാലത്തെ നല്ലൊരു  സ്കൂള്‍ ആയ മോഡല്‍ സ്കൂളില്‍ തന്നെയായിരുന്നു. കൂട്ടുകാരികളുമോത്തു, മ്യുസിയത്തിനകത്തുകൂടിയുള്ള എളുപ്പവഴിയേ നടന്നാണ് അമ്മ സ്കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ഥയായിരുന്ന അമ്മയെ, അദ്ധ്യാപികമാര്‍ക്കും ഇഷ്ടമായിരുന്നു! നര്‍മ്മബോധം വേണ്ടുവോളം ഉണ്ടായിരുന്ന അമ്മയുടെ ചെറിയ ചെറിയ വികൃതികളൊക്കെ, അതുകൊണ്ടുതന്നെ അവരൊക്കെ കണ്ടില്ലെന്നു നടിച്ചിരുന്നു. എങ്കിലും ഒരിക്കല്‍ മാത്രം അവര്‍ അമ്മയെ കൈയ്യോടെ പിടികൂടി!

അമ്മയ്ക്ക് ആള്‍ജിബ്ര വളരെ പ്രയാസമുള്ള ഒരു വിഷയമായിരുന്നു. ഒരു ദിവസം ആള്‍ജിബ്ര മിസ്സ്‌ വരുന്നതിനുമുമ്പ് അമ്മ ഒരു ചോക്ക് പീസെടുത്തു ബോര്‍ഡില്‍ ഇങ്ങനെ എഴുതി വച്ചു! "ALGEBRA IS A ZEBRA, WHICH IS LIKE A COBRA" ഒറ്റനോട്ടത്തില്‍ അര്‍ഥമില്ലാത്ത കുറെ വാക്കുകള്‍!എങ്കിലും അതിലെ പ്രാസം ഉള്ള പ്രയോഗം വായിച്ചു കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! ഈ സമയത്തായിരുന്നു ആള്‍ജിബ്ര മിസ്സിന്റെ വരവ്! പോരേ പൂരം! എന്നാല്‍ അവിടെയും അമ്മ കഠിനശിക്ഷകളൊന്നുമില്ലാതെ രക്ഷപെട്ടു! നൂറു തവണ ബോര്‍ഡില്‍ എഴുതിവച്ചിരുന്ന വാക്യം തന്നെ അടുത്ത ദിവസം വരുമ്പോള്‍ എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു!! അത്ര തന്നെ!! പിന്നീട് തരം കിട്ടുമ്പോഴൊക്കെ അമ്മാവന്‍മാരോട് ചേര്‍ന്ന് ഞങ്ങളും ഈ വാചകം പറഞ്ഞു അമ്മയെ കളിയാക്കുമായിരുന്നു!!!!

വിവാഹം ഒക്കെ കഴിഞ്ഞു ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവുമൊത്ത്, പല സ്ഥലങ്ങളിലും അമ്മ താമസിച്ചിരുന്നു. തമിഴ്‌ സംസാരിക്കുന്ന കന്യാകുമാരി ജില്ലയില്‍ താമസിച്ചിരുന്ന കാലത്ത്, തമിഴ്‌ ഭാഷയും അമ്മ, സ്വായത്തമാക്കിയിരുന്നു! പില്‍ക്കാലത്തില്‍, തമിഴിലെ പ്രസിദ്ധമായ 'ആനന്ദവികടന്‍' മാസികയിലെ കുട്ടിക്കഥകളൊക്കെ ഞങ്ങള്‍ കുട്ടികളെ ചുറ്റുമിരുത്തി വായിച്ചു, മലയാളത്തിലാക്കി കേള്‍പ്പിക്കുമായിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു!!!

ആ നല്ല ദിനങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ഒടുവില്‍ അമ്മ കിടപ്പിലായി. പിന്നീട് അവധിക്കു പോകുമ്പോഴൊക്കെ അടുത്തിരുന്നു ഇഷ്ടമുളള പാട്ടുകള്‍ കേള്‍പ്പിച്ചുമൊക്കെ അമ്മയ്ക്ക് പരമാവധി സന്തോഷം കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു! എങ്കിലും അവസാനമായി ആ മിഴികളടയുന്ന സമയത്ത് എനിക്ക് ആ അരികിലുണ്ടാവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് ഇന്നും ഒരു തീരാ ദുഃഖമായി അവശേഷിക്കുന്നു!! അബോധാവസ്ഥയില്‍ ആയിരുന്നിട്ടുകൂടി ഇടയ്ക്കെപ്പോഴോ ബോധം തെളിയുമ്പോഴൊക്കെ അമ്മയുടെ ചുണ്ടുകള്‍ "എന്റെ മോന്‍ വന്നോ?" എന്ന വാക്കുകള്‍ അസ്പഷ്ടമായി ഉരുവിടുന്നുണ്ടായിരുന്നത്രെ!!

ഗാനം എപ്പോഴേ നിലച്ചിരുന്നു! നിരനിരയായുള്ള പരസ്യങ്ങളുടെ വരവ് തുടങ്ങിക്കഴിഞ്ഞിരുന്നു! കണ്ണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികള്‍ ഒരുനിമിഷം കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് കവിളുകളെ ഈറനാക്കാന്‍ തുടങ്ങിയിരുന്നു!! ! തപ്പിത്തടയുന്ന വിരലുകള്‍ യാന്ത്രീകമായി റേഡിയോയുടെ ഓഫ്‌ ബട്ടണിലേക്ക് നീങ്ങുമ്പോഴും, മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒരു വിങ്ങലുണര്‍ത്തി  ആ നേര്‍ത്ത ശബ്ദം അലയടിച്ചുകൊണ്ടിരുന്നു..... "എന്റെ മോന്‍ വന്നോ???"

Tuesday, September 18, 2012

അദ്ധ്യയനാനുഭവങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ...



എഞ്ചിനീയറിംഗിന്റെ ആദ്യവര്‍ഷ പഠന വിഷയങ്ങളില്‍, ഇഗ്ലീഷ് ഭാഷയും ഉള്‍പ്പെടുത്തിയിരുന്നത് എനിക്ക് ഒട്ടേറെ സന്തോഷം തന്നിരുന്ന ഒരു കാര്യമായിരുന്നു! ചെറുപ്പം മുതല്‍ക്കുതന്നെ ഭാഷാപഠനത്തെ, അത് ഏതു ഭാഷയായാല്‍പ്പോലും, ഞാന്‍ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ഇതുകൂടാതെ ഇതുവരെ പഠിച്ചതിന്‍റെ തുടര്‍ച്ചയായ കണക്കും മറ്റൊരു വിഷയമായിരുന്നു. പിന്നെ ഉണ്ടായിരുന്നത് സാങ്കേതികത്വത്തിന്‍റെതായ കൂറ്റന്‍ അറിവുകള്‍ പകര്‍ന്നു നല്‍കാനായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന നിരവധി വാതായനങ്ങളായിരുന്നു! അവകളിലൂടെ കടന്നുപോകുമ്പോഴൊക്കെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബൃഹത്തായ പഠനത്തിനുള്ള അടിസ്ഥാനതത്വങ്ങള്‍ കുഞ്ഞു കുഞ്ഞു അറിവുകളായി ഞങ്ങളുടെയൊക്കെ ബുദ്ധിയുടെ ഉള്ളറകളെ മെല്ലെ മെല്ലെ  നിറച്ചുകൊണ്ടിരുന്നു!!!!

ഇതില്‍ ആദ്യം പറഞ്ഞ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്നത്, മറ്റു സാധാരണ arts/science കോളേജുകളില്‍ നിന്നും വന്നിരുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരായിരുന്നു. അതിലൊരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ ക്ലാസ്സുകള്‍ അതീവ ഹൃദ്യങ്ങളായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു!!!

കണക്ക് പഠിപ്പിക്കാനായി വന്നിരുന്നത് മദ്ധ്യവയസ്കനായ ഒരു മാന്യ ദേഹമായിരുന്നു. ജോമെട്രിയും അതിന്റെ പിന്‍ഗാമിയുമായ ട്രിഗോണോമെട്രിയും പഠിപ്പിക്കാന്‍ ഇത്രയും സമര്‍ഥനായ ഒരു അദ്ധ്യാപകന്‍ അന്ന് വേറെ ഉണ്ടായിരുന്നില്ല എന്ന് നിസ്സംശയം പറയാം!!

ഈ അദ്ധ്യാപകന്റെ പഠിപ്പിക്കലിന്റെ രീതി തന്നെ ഒന്ന് വേറെയായിരുന്നു. ഒരു കൈയ്യില്‍ നിറയെ ചോക്കുകഷണങ്ങളുമായി അതിവേഗം ക്ലാസിലേക്ക് കടന്നുവരുന്ന ഇദ്ദേഹം, ആരെയും ഗൌനിക്കാതെ നേരെ ബോര്‍ഡിന്റെ അടുത്തു ചെന്ന് ഒരു പ്രോബ്ലം മുഴുവനായും അതില്‍ എഴുതി വയ്ക്കുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തനതായ അദ്ധ്യാപനശൈലി പുറത്തു വരുന്നത്!

ക്ലാസ്സ് ആകമാനം ഒന്ന് വീക്ഷിച്ചതിനുശേഷം അദ്ദേഹം ഏതെങ്കിലും ഒരു കുട്ടിയുടെ നേര്‍ക്ക്‌ കൈ ചൂണ്ടുന്നു!

'യൂ സ്റ്റാന്റ്അപ്പ്‌ ആന്‍ഡ്‌ റീഡ്‌ ദി ക്യൊസ്ററൃന്‍'

ആ ഹതഭാഗ്യന്‍ വേഗം എഴുന്നേറ്റുനിന്നു. തപ്പിയും തടഞ്ഞും ബോര്‍ഡിലുള്ള പ്രോബ്ലം വായിക്കുന്ന അവന്റെ മനസ്സിലുള്ളത് ഞങ്ങളും വായിക്കുന്നുണ്ടായിരുന്നു പത്തുമുപ്പതുപേര്‍ നിരന്നു ഇരിക്കുന്ന ഈ ക്ലാസില്‍ ഈ കുന്തമോക്കെ വായിച്ചുകേള്‍പ്പിക്കാന്‍ ഈയുള്ളവനെ മാത്രമേ കിട്ടിയുള്ളോ എന്നതാണ് അവന്‍റെ സംശയം! കാലത്തെ കണി കണ്ടവനെ ശപിച്ചുംകൊണ്ട് അവന്‍ വായന പൂര്‍ത്തിയാക്കുമ്പോഴേക്കും, അടുത്ത ഇരയ്ക്കുള്ള ചോദ്യവുമായി അദ്ദേഹം റെഡിയായിക്കഴിഞ്ഞിരിക്കും! വേറെ ഒരുവന് നേര്‍ക്ക്‌ വിരല്‍ ചൂണ്ടി അടുത്ത ചോദ്യം ഇതാ..

'ഹിയര്‍, വാട്ട്‌ ആര്‍ ഗിവണ്‍?'

രണ്ടാമത്തെ ഈ ഹതഭാഗ്യന്റെ വിധി കുറച്ചുകൂടി കഠിനമാണ്. 'ഇവിടെ എന്ത് തന്നിരുന്നാലും എനിക്കൊന്നുമില്ല, എന്നെ വെറുതേ വിട്ടുകൂടേ' എന്നമട്ടിലുള്ള അവന്റെ നില്പ് കാണുമ്പോള്‍തന്നെ ഞങ്ങള്‍ ചിരിയമര്‍ത്താന്‍ പാടുപെടുകയായിരിക്കും!! ഇത് അവനു കുരിശായെന്നു കണ്ടതും, സാറ് തന്നെ ഒടുവില്‍ അവന്‍റെ രക്ഷക്കെത്തുകയായി! ഈ ചോദ്യത്തില്‍ ഇവിടെ എന്തെല്ലാം തന്നിരിക്കുന്നു എന്ന് കണ്ടുപിടിച്ചു, ക്ലാസ്സിനെ അറിയിക്കാന്‍ സാറും അവനെ ഹെല്‍പ്‌ ചെയ്യുന്നു. അങ്ങനെ ആ കുരുക്കും അഴിച്ചെടുത്തു എന്ന് ഞങ്ങളൊക്കെ ആശ്വസിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെയുള്ള അടുത്ത ചോദ്യത്തിന്റെ വരവ്.

'ഹിയര്‍, വാട്ട്‌ ഈസ്‌ ടു ബി ഫൌണ്ട് ഔട്ട്‌?'

വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ ഒന്നു പാളി നോക്കി . എലിക്കുഞ്ഞു പോലെയുള്ള ഒരു അപ്പാവിയാണ് അവിടെ ഇത്തവണ എഴുന്നേല്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്നത്!!!

'ഇത് ഇന്ന് എന്നെയും കൊണ്ടേ പോവുകയുള്ളൂ എന്ന് തോന്നുന്നു, വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങുകയില്ലല്ലോ ദൈവമേ..!'

അവന്റെ ആത്മഗതം പിറുപിറുപ്പായി പുറത്തുവന്നത്, അല്പം അകലെ ഇരുന്നിരുന്ന ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു!!!

ബുദ്ധിമാനായ സാറിന് മനസ്സിലായി, ഈ ജന്മം മുഴുവനും തീരുന്ന സമയം വരെ കാത്തിരുന്നാലും ഇതിന്റെ ഉത്തരം ഇവന്‍റെ വായില്‍ നിന്നും കിട്ടുകയില്ല എന്ന്! വീണ്ടും ഹെല്‍പ്‌ ചെയ്യാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം തയ്യാറാകുന്നു. പാവം ഞങ്ങളുടെ സാറിന്‍റെ ഒരു വിധി നോക്കണേ...

അങ്ങനെ ആ കടമ്പയും കടന്നു കിട്ടി! ഇനി ഞങ്ങള്‍ക്ക് എല്ലാവര്ക്കുംതന്നെ ഒന്ന് വിശ്രമിക്കാം. കാരണം, ഇനിയത്തെ അഭ്യാസം സാറിനുമാത്രമുള്ള ഒരു കിടിലന്‍, സോളോ പെര്‍ഫോര്‍മെന്‍സാണ്. അതില്‍ മാത്രം ഞങ്ങള്‍ക്കാര്‍ക്കും യാതൊരു പങ്കുമില്ല!!!

ധൃതിയില്‍ വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങുന്ന അദ്ദേഹം, ഇത്തവണ യുദ്ധം വിജയിച്ചതിനുശേഷമേ തിരിഞ്ഞുനോക്കൂ എന്ന വാശിയിലാണെന്നു ഞങ്ങള്‍ക്ക് അനുഭവത്തില്‍ നിന്നും അറിയാം. മുഴുവന്‍ ഉത്തരവും ബോര്‍ഡില്‍ എഴുതിയിട്ടതിനുശേഷം, വിജയശ്രീലാളിതനായി അദ്ദേഹം ഞങ്ങളെ എല്ലാം ഒന്ന് ഇരുത്തി നോക്കും. 'കണ്ടോടെ, നീയൊക്കെ, എങ്ങനുണ്ട് എന്‍റെ ബുത്തി' എന്ന് പറയുന്നത് പോലെ...

ഇപ്പോള്‍ വീണ്ടും ബോള്‍ ഞങ്ങളുടെ കോര്‍ട്ടിലാണ്. വേണ്ടിയവനൊക്കെ ബോര്‍ഡിലുള്ള ഉത്തരം നോക്കി മായിക്കുന്നതിനുമുമ്പ് വേഗം പകര്‍ത്തിക്കോണം. പിന്നെ വിലപിച്ചിട്ട് കാര്യമില്ല ഇവിടെ ഞങ്ങള്‍ വേഗം കര്‍മനിരതരാവുന്നു!!

എന്തൊക്കെപ്പറഞ്ഞാലും ഈ ഒരു രീതിയില്‍, ഒട്ടുവളരെ പ്രോബ്ലംസ് സ്വയം ചോദിക്കുന്ന ലളിതമായ ചോദ്യങ്ങളിലൂടെ, ഞങ്ങള്‍ക്കെല്ലാം സോള്‍വ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുളളതാണ് സാറിന്‍റെ പഠിപ്പിക്കലിന്‍റെ വിജയ രഹസ്യം!!!!

വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മനസ്സ് നിറയുന്നതു ഞാന്‍ അറിയുന്നു. തീര്‍ന്നിട്ടില്ല, ഇനിയും പറയാനുണ്ട് ഇതുപോലെ നല്ലവരായ ചില ഗുരുക്കന്മാരെപ്പറ്റിയും അവരുടെ തനതു അദ്ധ്യയന ശൈലികളെപ്പറ്റിയും. അതൊക്കെ പിന്നൊരിക്കലാവാം എന്ന് വിചാരിക്കുന്നു!!!!

ഇനി പറയൂ, ഇത്രയും നല്ല ഗുരുക്കന്മാരെ ലഭിച്ച ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?????

Thursday, September 6, 2012

ആതിരപ്പള്ളിയിലെ വേറിട്ട കാഴ്ച്ചകള്‍!!!



യാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു.  ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും, ഓര്‍മയില്‍ സൂക്ഷിക്കാനും പങ്കിടുവാനും, ഒരു പിടി വര്‍ണ്ണാഭമാര്‍ന്ന അനുഭവങ്ങള്‍ കൂടെയുണ്ടാവും.

ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു ഞാനും കുടുംബവും.  കുറച്ചേറെ അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാന്‍ ഉണ്ടായിരുന്നതുകൊണ്ട്,  മൂന്നാഴ്ചകള്‍ കടന്നു പോയത് അറിഞ്ഞില്ല! അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും എവിടെയെങ്കിലും ഒരു ഔട്ടിംഗിന് പോകണമെന്ന് ഭാര്യയും വാശി പിടിക്കാന്‍ തുടങ്ങിയതോടെ,  ഞാനും മനസ്സുകൊണ്ട് ഒരു യാത്രയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.  അടുത്തു തന്നെ താമസിക്കുന്ന ഒന്ന് രണ്ടു ഫാമിലികള്‍ ഉറ്റ സുഹൃത്തുക്കളായി ഉണ്ടായിരുന്നതിനാല്‍, അവരോടു സംസാരിച്ചപ്പോള്‍ അവര്‍ക്കും താത്പര്യമാണെന്നു അറിയാന്‍ സാധിച്ചു.  ഇനിയുള്ള പ്രശ്നം എങ്ങോട്ട് പോകണം എന്നുള്ളതായിരുന്നു.  അതിനും പെട്ടെന്ന് തന്നെ തീരുമാനമായി.  പല തവണ പോയിട്ടുള്ള സ്ഥലമാണെങ്കില്‍ കൂടി, ആതിരപ്പള്ളിയിലേക്കുതന്നെ ഒരിക്കല്‍ കൂടി പോകാം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞതിനാല്‍,  അതും തീരുമാനമായി.  ഇനി എല്ലാവര്ക്കും കൂടി ഒരേ വണ്ടിയില്‍ തന്നെ പോകാന്‍ സാധിച്ചാല്‍ വളരെ നന്നായിരിക്കും എന്നുള്ള അഭിപ്രായം കൂടി കണക്കിലെടുത്ത്,  ഒരു വലിയ വണ്ടി തന്നെ ട്രാവല്‍സില്‍ വിളിച്ചു ഏര്‍പ്പാടുമാക്കി.  അങ്ങനെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി  ഞങ്ങള്‍ മൂന്നു കുടുംബങ്ങളും കൂടി ഒരു പ്രഭാതത്തില്‍, ആ യാത്ര ആരംഭിച്ചു...

ആതിരപ്പള്ളി വരെയുള്ള യാത്ര ആടിയും പാടിയും തമാശകള്‍ പൊട്ടിച്ചും
ലൈവ് ആക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ആതിരപ്പള്ളി എത്തിയപ്പോള്‍,  ഏകദേശം പതിനൊന്നു മണിയായിരുന്നു.  ഒരു ചെറിയ തീറ്റിയും കുടിയും കൂടി  കഴിഞ്ഞപ്പോള്‍,  യാത്രാക്ഷീണത്തിനു വിട പറഞ്ഞു വനഭംഗിയുടെ നിബിഡതകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ എല്ലാവരും റെഡിയായി.

ചുറ്റുമുള്ള പച്ചപ്പിന്റെ കുളുര്‍മ്മ ആവോളം ആസ്വദിച്ചുകൊണ്ട്
ഒടുവില്‍  ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരുകിലെത്തി. ആ സമയത്ത് വെള്ളം വളരെ കുറവായിരുന്നതിനാല്‍ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ജലപ്പരപ്പിനു മുകളിലായി തലയുയര്‍ത്തി നില്ക്കുന്നത് കാണാമായിരുന്നു. പാറകളില്‍ നിന്നും പാറകളിലേക്ക് ചാടി കയറി ഞങ്ങള്‍ ഒടുവില്‍ മുകളിലെത്തി.

അപ്പോഴാണ്‌ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്‌!  അവിടെ ഒരു സിനിമയുടെ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍, ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഒരു ഉത്സവത്തിനുള്ള ആളുകള്‍ ഇപ്പോഴേ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.  ഏല്ലാവര്‍ക്കും വെള്ളച്ചാട്ടം കാണുന്നതിലും കൌതുകം, നടീനടന്മാരെയൊക്കെ ഒന്ന് അടുത്ത് കാണുന്നതിനാണ്. അടുത്തു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചതില്‍ അത് ഒരു  തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണമാണെന്നും,  ഹീറോയിന് പകരം വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന രംഗം ചിത്രീകരിക്കാന്‍,  ഒരു ഡ്യുപ്പിനെയാണ് ഒരുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.

ഞങ്ങളുടെയും കൌതുകം കൂടികൂടി വന്നു.  എന്നിലെ ടെക്നിക്കല്‍ മൈന്‍ഡ്‌ മറ നീക്കി പുറത്തു വന്നതും അപ്പോള്‍ തന്നെയായിരുന്നു!! ഇത്രയും താഴ്ചയിലേക്ക് ഒരുമനുഷ്യജീവിയെ ഷൂട്ടിങ്ങിനാണെങ്കില്‍കൂടി
തള്ളിയിടുന്നതെങ്ങിനെയാണെന്നു ഒന്ന് കാണുക തന്നെ. ഇതൊന്നും കാണാന്‍ താത്പര്യം കാണിക്കാതിരുന്ന ഞങ്ങളുടെ സ്ത്രീജനങ്ങള്‍ അപ്പോഴേക്കും,  ചെറിയ പാറകള്‍ക്ക് മുകളിലായി ഇരുപ്പുറപ്പിച്ചു  കാലുകള്‍ വെള്ളത്തിലേക്ക് ഇറക്കിവച്ചുകൊണ്ടു പരദൂഷണത്തിന്‍റെ കെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു!!!!!

ഒരു നാല്‍പ്പത്തിഅഞ്ചു ഡിഗ്രിയില്‍,  ചുവട്ടില്‍  ബലമായി ഉറപ്പിച്ചിരിക്കുന്ന ഒരു സ്റ്റീല്‍പൈപ്പ്!  അതിന്റെ മുകളറ്റത്ത് ഒരു കപ്പി ഘടിപ്പിച്ചിരിക്കുന്നു.  കപ്പിയിലൂടെ ഒരു സ്റ്റീല്‍ വടം കോര്‍ത്തിട്ടിരിക്കുന്നു. നമ്മള്‍ പണ്ടൊക്കെ നമ്മുടെ വീട്ടിലെ കിണറുകളില്‍നിന്നും വെള്ളം കോരിയെടുക്കാനായി ഉപയോഗിച്ചിരുന്ന, അതേ സെറ്റപ്പ് തന്നെ!!!

എന്റെ ദൃഷ്ടികള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തിനു നടുക്കുകൂടി, പൈപ്പിന്റെ ചുവട്ടിലേക്ക് നടന്നടുക്കുന്ന, ഒരു പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞു.   ഇരുനിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയോടുകൂടിയ, അത്രയൊന്നും സൌന്ദര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടി!!! ഏറിയാല്‍ ഒരു പതിനാറോ പതിനേഴോ വയസ്സ് പ്രായം വരും. കൂടിനില്‍ക്കുന്ന എല്ലാവരുടെയും ദൃഷ്ടികള്‍, അവളുടെ മുഖത്താണ്. ആ മുഖത്താവട്ടെ
ഒരു ചിരിയോ, സന്തോഷമോ, അല്ലെങ്കില്‍ ഒരു ഉദ്വേഗമോ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി!!! അവള്‍ ഒരു ഹാഫ്‌സാരിയും അതിനു മാച്ചു ചെയ്യുന്ന ബ്ലൌസും പാവാടയും അണിഞ്ഞിരിക്കുന്നു.

രണ്ടു സഹായികള്‍ അപ്പോഴേക്കും അവളെ പൈപ്പിന്റെ ചുവട്ടിലേക്ക് കുറച്ചുകൂടി നീക്കി നിര്‍ത്തി,  കപ്പിയില്‍നിന്നും തൂങ്ങിക്കിടന്നിരുന്ന റോപ്പിന്റെ അറ്റം അവളുടെ അരക്കെട്ടില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

അപ്പോഴും ഞാന്‍ അവളുടെ മുഖം ഒന്നുകൂടി ശ്രദ്ധയോടെ ഉറ്റു നോക്കുകയായിരുന്നു. ആ മേക്കപ്പ് ചെയ്ത മുഖത്തില്‍,  താന്‍ ഇത്രയും സാഹസീകമായ ഒരു കര്‍മമാണ് ചെയ്യാന്‍ പോകുന്നത് എന്നുള്ളതിന്റെ, യാതൊരു ഭാവവും കാണുന്നുണ്ടായിരുന്നില്ല.  ആകെ കാണുന്നത് ഒരുതരം നിര്‍വികാരത മാത്രം!!

അനേകമടിതാഴ്ചയിലേക്ക്,  മുകളില്‍നിന്നും കുതിച്ചുചാടി പതഞ്ഞുപൊങ്ങുന്ന  വെള്ളത്തിന്റെ ഹൂംകാരശബ്ദം, ഞങ്ങളുടെയൊക്കെ കാതുകളില്‍ അലയടിച്ചെത്തുന്നുണ്ടായിരുന്നു. ദൈവമേ, ഈ ഭയാനകതയിലെക്കാണല്ലോ, ഈ നരുന്തു പെണ്‍കുട്ടിക്ക് വെറുമൊരു റോപ്പിന്റെ ബലത്തില്‍ ചാടേണ്ടത് എന്നോര്‍ത്തുനോക്കിയപ്പോള്‍, എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് എനിക്കറിയാമായിരുന്നു. സാധാരണയായി ഉയരങ്ങള്‍ ഒരു പരിധിക്കപ്പുറം കൂടിക്കഴിഞ്ഞാല്‍, എനിക്ക് താഴോട്ടു നോക്കുമ്പോള്‍ തല ചുറ്റും!  പലപ്പോഴും ഉയരമുള്ള കെട്ടിടങ്ങളുടെ റൂഫിലുള്ള ചില വര്‍ക്കുകള്‍ നോക്കാന്‍ പോകുമ്പോള്‍, ഈ പ്രയാസം ഞാന്‍ ഒരുപാട് തവണ അനുഭവിചിട്ടുള്ളയാളാണ്! അതുകൊണ്ടുതന്നെ ആ മാതിരി ജോലികളുടെ ചുമതലകളൊക്കെ ഞാന്‍ കഴിയുന്നതും, വേറെ ആരെയെങ്കിലും ഏല്പ്പിക്കുകയാണ് പതിവ്!!!

ഞാന്‍ വീണ്ടും രംഗം വീക്ഷിച്ചു.  ഇപ്പോള്‍ റോപ്പ് കെട്ടുന്ന ജോലി ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു..  കഴുത്തിനു പുറകിലൂടെ  മുകളിലേക്ക് പോകുന്ന വിധത്തില്‍, ശരീരത്തില്‍  ഉറപ്പിച്ചിരിക്കുന്ന  റോപ്പില്‍  വലിച്ച്  ഉയര്‍ത്തിയാല്‍, ഒരു  പാവക്കുട്ടിയെപ്പോലെ  അവള്‍ നെടുനീളത്തില്‍ വായുവില്‍ കുത്തനെ ഉയരും. ഇപ്പോഴും  അവളുടെ  മുഖം വളരെ ശാന്തമാണെന്നു ഞാന്‍ കണ്ടു. അതേ നിസ്സംഗതയോടെ, മരവിച്ചമുഖഭാവത്തോടെ ,ആരെയും
ശ്രദ്ധിക്കാതെ അവളവിടെ നില്‍ക്കുന്നു. ആ  നിസ്സംഗതക്കുള്ളിലെ  ദയനീയത, പലരിലും അവളോട്‌  ഒരു  അനുകമ്പ ഉണര്‍ത്തുന്നത്  ഞങ്ങള്‍ക്ക്  
കാണാമായിരുന്നു!!!

പെട്ടെന്നാണ് വെള്ളച്ചാട്ടത്തിന്റെ  ആരവങ്ങള്‍ക്കിടയിലൂടെയാണെങ്കിലും, ഞങ്ങള്‍, സംവിധായകന്‍റെ ആ ആഞ്ജാശബ്ദം, കേട്ടത്..റെഡി, സ്റ്റാര്‍ട്ട്‌ ക്യാമറ, ആക്ഷന്‍, ജംപ്.....ഒരു നിമിഷം!!!. ഞങ്ങളുടെ കണ്‍മുന്‍പിലൂടെ അവള്‍ ഒറ്റ കുതിപ്പിന് താഴോട്ടു ചാടുന്നത്, കൂടിനിന്നവരുടെ സീല്‍ക്കാരങ്ങള്‍ക്കിടയിലൂടെ, ഞങ്ങള്‍ ഉള്‍ക്കിടിലത്തോടെ നോക്കിക്കൊണ്ടു നിന്നു!!! വേഗം തന്നെ കൈവരികള്‍ ഉറപ്പിച്ചിരുന്ന  ഭാഗത്തേക്ക്  ഞങ്ങള്‍  നീങ്ങി. എങ്കില്‍  മാത്രമേ  താഴെ  ആ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, അറിയാന്‍ പറ്റുമായിരുന്നുളളു.  റോപ്പിന്റെ മറ്റേയറ്റം  അയച്ചുവിട്ടുകൊണ്ടിരുന്ന  സഹായികളുടെ  കൈകള്‍ നിശ്ചലമായപ്പോഴും,  മറ്റെയററത്തു  ആ പെണ്‍കുട്ടി  റോപ്പില്‍  തൂങ്ങിയാടുന്ന ഭയാനകകാഴ്ച,  കൂടിനിന്നിരുന്ന  കുറച്ചെങ്കിലും ദുര്‍ബലമനസ്സുകള്‍ക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു!!!  ഇതേസമയം 
ഏറ്റവും താഴെനിന്നും, ഒരു  സംഘം  ആളുകള്‍  മറ്റൊരു  ക്യാമറയില്‍, ഈദൃശ്യങ്ങളും  പകര്‍ത്തുന്നുണ്ടായിരുന്നു!

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.  സഹായികള്‍, അവളെ കപ്പിയിലൂടെ തന്നെ വശങ്ങളിലെവിടെയും തട്ടാതെ, ശ്രദ്ധയോടെ സാവധാനം മുകളിലേക്ക്, നമ്മള്‍ കിണറ്റില്‍നിന്നും തൊട്ടിയില്‍ വെള്ളം വലിച്ചെടുക്കുന്നതുപോലെ, വലിച്ചെടുത്തു കരയ്ക്ക് നിര്‍ത്തി. ശരീരം ആസകലം വെള്ളത്തില്‍ നനഞ്ഞു നില്‍ക്കുന്ന അവളുടെ മുഖത്തിന്റെ ഭാവം അപ്പോഴും ആ ശൂന്യതയില്‍ ഒളിപ്പിച്ചതു തന്നെയായിരുന്നു!! ആ പടം ഷൂട്ടിംഗ് തീര്‍ത്ത്‌ തീയേറ്ററുകളില് എത്തുമ്പോഴും, പ്രശസ്തിയും പണവും, ഹീറോയിന് മാത്രം സ്വന്തം! ഇത്രയും സാഹസീകമായി ഈ രംഗം അഭിനയിച്ച
പാവം പെണ്‍കുട്ടിയേ ആരോര്‍ക്കാന്‍?  വയറ്പിഴപ്പിനു വേണ്ടി, കിട്ടുന്ന നിസ്സാര പ്രതിഫലം വാങ്ങി, ജീവിതം ഹോമം ചെയ്യാന്‍ വിധിക്കപ്പെടുന്ന കുറച്ചു ജന്മ്മങ്ങള്‍! അവരുടെ സങ്കടങ്ങള്‍,  ബുദ്ധിമുട്ടുകള്‍, ഭയാശങ്കകള്‍, ഇവയൊക്കെ ആര് ശ്രദ്ധിക്കുന്നു??? വേണമെങ്കില്‍ ആ സംവിധായകന്, ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത്, ഒരു ഡമ്മിയെ വച്ചിട്ടായാലും, ഈ രംഗം ഷൂട്ട്‌ ചെയ്യാമായിരുന്നു, എന്ന് ഞങ്ങളോടോപ്പമുണ്ടായിരുന്നവരില്‍ പലരും  അപ്പോള്‍ അമര്‍ഷത്തോടെ  പിറുപിറുക്കുന്നതു  കേള്‍ക്കാമായിരുന്നു!!!

യാത്ര പൂര്‍ത്തിയാക്കി വീടുകളിലേക്കു മടങ്ങുമ്പോള്‍, ഞങ്ങള്‍
സുഹൃത്തുക്കള്‍ മൂന്നുപേരും, നിശബ്ദരായിരുന്നു! സമാന സ്വഭാവമുള്ളവരായിരുന്നതിനാല്,എന്നെപ്പോലെതന്നെ അവരുടെയും
മനസ്സുകളില്‍  ആ  പെണ്‍കുട്ടിയുടെ  ദയനീയ  മുഖം  തന്നെ  ആയിരുന്നിരിക്കും, എന്നുള്ള കാര്യത്തില്‍  എനിക്ക് യാതൊരു  സംശയവും  ഇല്ലായിരുന്നു!!!!!!! 



Saturday, August 25, 2012

Malaika....na ku pende Malaika.....



ഹോട്ടലിലെ ഹാളിന്‍റെ അരണ്ട വെളിച്ചത്തില്‍, ഞാന്‍ നിയോണ്‍ ലൈറ്റുകളില്‍ കുളിച്ചുകിടക്കുന്ന, സ്റ്റേജിലേക്ക് നോക്കിയിരിക്കയായിരുന്നു. ബാന്‍ഡിലെ നര്‍ത്തകികളും ഗായകരും, അവിടെ ആടിത്തിമിര്‍ക്കുന്നുണ്ടായിരുന്നു. ഡ്രംസിന്‍റെ ബീറ്റുകള്‍ക്കൊപ്പം മനോഹരമായ ചുവടുവ യ്പ്പുകളോടെ സുന്ദരിമാരായ ആ നര്‍ത്തകികള്‍ സ്റ്റേജിലെങ്ങും ഒഴുകിനടന്നു..

ഗായകരുടെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ആ ഗാനവീചികള്‍ക്ക്ഏതോ ഒരു അഭൌമലോകത്തേക്കെന്നെ കൂട്ടിക്കൊണ്ടു പോകുന്നതുപോലൊരു പ്രതീതി ഉളവാക്കാന്‍ കഴിഞ്ഞിരുന്നു!!  സുപരിചിതമായ
ആ വരികള്‍ക്കൊപ്പം,ഞാനും അറിയാതെ പാടുകയായിരുന്നോ? ഗിറ്റാറിന്റെ തന്ത്രികളില്‍, പണ്ടെങ്ങോ അതിദ്രുതം ചലിച്ചിരുന്ന വിരലുകള്‍, മുന്‍പിലുള്ള മേശയുടെ മുകളില്‍, വെറുതേയെങ്കിലും താളമിടുന്നുണ്ടായിരുന്നുവോ?  സിരകളെ ത്രസിപ്പിക്കുന്ന ആഫ്രിക്കന്‍ സംഗീതത്തിന്റെ മന്ത്രധ്വനികള്‍!! അവ കര്‍ണപുടങ്ങളെ തഴുകി ഒഴുകിയിറങ്ങിയപ്പോള്‍, മനസ്സ് മറ്റൊരു മാന്ത്രികക്കുതിരയിലേറി, ബഹുദൂരം പിന്നിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു!!



എത്രയോ തവണ കേട്ടിരിക്കുന്നു ഞാനീ  വരികള്‍!! എങ്കിലും ഓരോ തവണ കേള്‍ക്കുമ്പോഴും,
 മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു  തുളുമ്പുന്നു!! ഇവിടെ, ഇപ്പോള്‍, സംഗീതത്തിന്‍റെ ഈ സുവര്‍ണ നിമിഷങ്ങളില്‍ ജീവിക്കുമ്പോള്‍, ഞാന്‍  ആരോടും, ഒന്നിനോടും പകയോ,വിദ്വേഷമോ, വൈരാഗ്യമോ ഒന്നുമില്ലാത്ത ഒരു വ്യക്തിയായി മാറുന്നു! അപ്പോള്‍ എല്ലാവരോടും എനിക്ക്  തോന്നുന്ന ഒരേ ഒരു വികാരം, സ്നേഹം മാത്രം! ലോകത്തിലുള്ള എന്‍റെ എല്ലാ സഹജീവികളും, എനിക്ക് മുന്‍പില്‍ ആ സ്നേഹധാരയില്‍കുളിച്ചു നില്‍ക്കുന്നത് ഞാന്‍ കാണുന്നു!! ആ സംഗീത ധാരയില്‍, അവരോടോത്തു ചേര്‍ന്നു മനസ്സുകൊണ്ടെങ്കിലും, ഞാനുമല്‍പ്പം ആടി തിമിര്‍ത്തോട്ടെ!!!


ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഇരുന്നു, ആ യുവ കാമുകന്‍, തന്റെ പ്രണയിനിക്കായി, ഹൃദയമുരുകി പാടുകയായിരുന്നു.. 

"Malaika, na ku pende Malaika.. (Angel, I love you Angel..)
Malaika, na ku pende Malaika.....(Angel, I love you Angel...)
Nami nifanyeje (And I, your young lover)
Kijana mwenzio ( What can I do?)
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........

Kidege, hukuwaza kidege..(Little bird, I dream of you little bird,)
Kidege, hukuwaza kidege..(Little bird, I dream of you little bird,)

Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we (Was I not defeated by the lack of fortune..)Ningekuoa Malaika..( I would marry you Angel )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........


Pesa zasumbua roho yangu ( Money is troubling my soul )
Pesa zasumbua roho yangu ( Money is troubling my soul )
Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........."


                                        Video Version (Short)




              Audio Version (Full)                                                





മനുഷ്യമനസ്സുകളുടെ ലോലതന്ത്രികളെ തൊട്ടുണര്‍ത്തി
ഒരു ഇളം കാറ്റ്പോലെ, അതങ്ങനെ ഒഴുകുകയാണ്!!!!!


ഇവിടെ, ഞാന്‍ ഒരല്‍പം ചരിത്രം വിളമ്പുന്നത്, ക്ഷമിക്കണേ...ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, കെനിയായിലെ പ്രസിദ്ധ കമ്പോസറും സംഗീതഞ്നുമായ, Fadhili Williams, swahili ഭാഷയില്‍ രചിച്ച ഈ മനോഹര ഗാനം, പ്രസിദ്ധ ഗായിക, Miriyam Makeba തുടങ്ങി Boney M group വരെയുള്ള പലരും, പാടിയിട്ടുണ്ട്. എങ്കിലും, പില്‍ക്കാലത്ത്‌ ‍ Boney M ഏറ്റെടുത്തതോടെയാണ്, ഈ ടാന്‍സാനിയന്‍ ഗാനത്തിന് ഇത്രയധികം ആസ്വാദകരെ ലഭിച്ചതെന്ന്, നിസ്സംശയം പറയാം! കൂട്ടത്തില്‍ ഒന്നുകൂടെ പറഞ്ഞോട്ടെ, നോര്‍വേയിലുള്ള  ഒരു ആരാധകന്‍ പറഞ്ഞുവത്രേ, ഈ പാട്ടും, ഒരു പുസ്തകവും തരുകയാണെങ്കില്‍, ഞാന്‍ എത്ര കാലം വേണമെങ്കിലും, ജെയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന്!!!! നോക്കണേ, അത്രമേലുണ്ട്,  ഈ  സംഗീതത്തിന്‍റെ  മാസ്മരീക ശക്തി!!!!


കോളേജുപഠനത്തിന്റെ അവസാന വര്‍ഷങ്ങള്‍, പാഠപുസ്തകത്തിലില്ലാത്ത സംഗീതം, ശരിക്കും തലയ്ക്കു പിടിച്ചിരുന്ന കാലമായിരുന്നു! ഗിറ്റാറിന്‍റെയും കീബോര്‍ഡിന്‍റെയും അകമ്പടിയോടെ  'താമസമെന്തെ'യും 'ഈശ്വരചിന്ത'യുമൊക്കെ, തട്ടിക്കൂട്ടുമ്പോഴും, ഇടയ്ക്കെപ്പോഴൊക്കെ ആംഗല സംഗീത ലോകത്തെ 'Malaika..' പോലുള്ള ഒരുപിടിഗാനങ്ങളും, ഒപ്പം  കൂട്ടാന്‍ മറന്നിരുന്നില്ല! സംഗീതത്തിനുണ്ടോ കാലദേശ ഭാഷാന്തരങ്ങള്‍!!! ജീവിതത്തില്‍ ഏററവും അധികം  സന്തോഷമനുഭവിച്ചിരുന്ന ഇത്തിരി  നല്ല നാളുകള്‍!!! 
ഒടുവില്‍ ജോലിയും,  കുടുംബവും, കുട്ടിയുമൊക്കെയായപ്പോള്‍, സംഗീതത്തിന്‍റെ ആ  ലോകം, ഉള്ളിലേക്ക്  മാത്രമായി ഒതുങ്ങിക്കൂടുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു!!പിന്നീട് എപ്പോഴെങ്കിലും, ഇതുപോലെ വീണുകിട്ടുന്ന  ഇടവേളകളിലായിരുന്നു അത് മറ നീക്കി അല്‍പ്പനേരത്തേക്കെങ്കിലും വെളിച്ചം കണ്ടിരുന്നത്!


ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു ഞാന്‍ വീണ്ടും, വര്‍ത്തമാനകാലത്തേക്ക് തിരികെയെത്തുമ്പോഴേക്കും സ്റ്റേജിലെ ഗാനവീചികള്‍, ‍ Malaikaയുടെ അവസാന നിമിഷങ്ങളിലൂടെ ഊളിയിട്ട്, നിശബ്ദതയുടെ തീരങ്ങളണയാന്‍, വെമ്പുകയായിരുന്നു! ഒരു സ്നേഹിതന്റെ മകളുടെ   വിവാഹ റിസപ്ഷന്‍റെ പാര്‍ട്ടിയിലായിരുന്നു, ഞാനും കുടുംബവും. ഭൂതകാലത്തിന്റെ മധുരാനുഭൂതികളില്‍നിന്നും വിട ചൊല്ലി, വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവരാന്‍ മടിക്കുന്ന മനസ്സിന്‍റെ മായാജാലത്തെപ്പറ്റി,  ഞാന്‍ അപ്പോള്‍ ഒരു നിമിഷം ഓര്‍ത്തുപോയി!!!!!

Monday, August 20, 2012

എ ഗ്രേവ് മിസ്സ്റ്റേക്ക്!!!!



കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പ്രസിദ്ധ എഴുത്തുകാരി,  Enid Blyton ന്‍റെ സാഹസീക പരമ്പരകളില്‍ ഒന്നായ,  'The Valley of Adventure'   എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട്‌ അതായിരുന്നു,   'A Grave Mistake'.  ഒരു അവധിക്കാലം ചെലവഴിക്കാന്‍ യാത്ര പോകുന്ന കുട്ടികള്‍, തങ്ങള്‍ കയറേണ്ട വിമാനത്തിനരുകില്‍ തന്നെ, പുറപ്പെടാന്‍ തയ്യാറായി കിടന്നിരുന്ന മറ്റൊരു വിമാനത്തില്‍  അറിയാതെ കയറുന്നതും,  തുടര്‍ന്ന് നടക്കുന്ന സാഹസീക സംഭവങ്ങളുമായിരുന്നു അതിന്റെ കഥക്കൂട്ട്.  അത്രയൊന്നും സാഹസീകവും സംഭവബഹുലവും ഒന്നുമായിരുന്നില്ല എങ്കിലും,  ഒരു വിമാനയാത്രക്കിടയില്‍ തന്നെ ഉണ്ടായ  വലിയ ഒരു പിഴവിന്റെ കഥ,  എന്‍റെ ജീവിതത്തിലും ഉണ്ടായി,  അതെ,  A Grave Mistake!!

ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കാലമായതിനാല്‍,  ആ തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റിനായി,  ഞാന്‍ വീട്ടിലെ കമ്പ്യുട്ടറിനു മുന്‍പില്‍ ഇരുന്നു,  എയര്‍ അറേബിയയുടെ നിരക്കുകള്‍ നോക്കുകയായിരുന്നു. എയര്‍ അറേബിയ കൊച്ചിയിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചതുമുതല്‍,  കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കുള്ള എല്ലാ യാത്രകളും, അതില്‍ത്തന്നെ ആയിരുന്നു. നല്ല കൃത്യനിഷ്ടയും, സേവനമികവും, ഒപ്പം മിതമായ നിരക്കുകളുംകൂടി ചേര്‍ന്നപ്പോള്‍,  ഭക്ഷണം മാത്രം വിലകൊടുത്തു വാങ്ങണം എന്നുള്ള കാര്യം, വലിയ ഒരു കുറവായി ഞങ്ങള്‍ക്കാര്‍ക്കും തന്നെ തോന്നിയിരുന്നില്ല.

ദിവസേന രണ്ടു ഫ്ലൈറ്റ്കള്‍ ഉള്ളതില്‍ രണ്ടാമതായി പുറപ്പെടുന്ന വിമാനത്തിലാണ് ഞങ്ങള്‍ സാധാരണ ബുക്ക്‌ ചെയ്യാറുള്ളത്. അതിനൊരു കാരണം രണ്ടാമത്തെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു, നടപടികളൊക്കെ പൂര്‍ത്തിയാക്കി നമ്മള്‍ വെളിയില്‍ വരുമ്പോഴേക്കും, ഏറെക്കുറെ നേരവും പുലരുന്നുണ്ടാവും, എന്നുള്ളതുതന്നെ!!

ഷാര്‍ജായില്‍നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് ടിക്ക്‌ ചെയ്തുകഴിഞ്ഞു, ഒരു മാസം കഴിഞ്ഞുള്ള തീയതി നോക്കി, മടക്ക യാത്രയും  ടിക്ക്‌ ചെയ്യാന്‍ തുടങ്ങുമ്പോഴാണ്, ഞാന്‍ ആ ദിവസത്തെ നിരക്കുകളിലേക്കൊന്നു കൂടി ശ്രദ്ധിച്ചത്. ആദ്യത്തെ ഫ്ലൈറ്റിനു ബുക്ക് ചെയ്‌താല്‍, നിരക്കില്‍ ഗണ്യമായൊരു കുറവ് കാണുന്നുണ്ട്!  അതിലായാലോ എന്ന് വിചാരിക്കുമ്പോഴാണു, ആരോ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടത്.

ഡോര്‍ തുറന്നപ്പോള്‍ അലക്കിയ തുണികളുമായി ലോണ്‍ഡ്രിയില്‍ നിന്നുള്ള ആളായിരുന്നു. ഭാര്യ അടുക്കളയില്‍ തിരക്കിലായിരുന്നതിനാല്‍, ഞാന്‍ തന്നെ തുണികള്‍ വാങ്ങി വച്ചതിനുശേഷം, അലക്കാനുള്ളതും കൂടി എടുത്തു കൊടുത്തു.

തിരികെ വന്നിരുന്നു  വേഗം തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കി പ്രിന്റ്‌ കീ അമര്‍ത്തി. അടുത്തുണ്ടായിരുന്ന ചെറിയ പ്രിന്‍റര്‍ നീട്ടിത്തന്ന കടലാസു കഷണം വലിച്ചെടുത്തു, ഞാന്‍ അത് പാസ്പോര്‍ട്ടിനൊപ്പം വച്ചു. അങ്ങനെ ആ പണി ഒരുവിധം കഴിഞ്ഞുകിട്ടി.

ഷാര്‍ജായില്‍ നിന്നുള്ള യാത്ര സുഖമുള്ളതായിരുന്നു. നാട്ടില്‍ പല ജോലികളും അത്യാവശ്യമായി ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍, ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല! തിരികെ പോരുന്നതിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോഴാണ് ആ വിചിത്രമായ സ്വപ്നം ഞാന്‍ കാണുന്നത്!

ചെക്ക്‌ ഇന്‍ ചെയ്തു, ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍, ഞാനും കുടുംബവും, മറ്റു യാത്രക്കാരോടൊപ്പം  ഇരിക്കയായിരുന്നു.  പെട്ടെന്നാണ് അത് ഞാന്‍ കാണുന്നത്! ഞങ്ങള്‍ ഇരുന്നിരുന്ന ഭാഗം മാത്രം ഒഴിച്ചു, ബാക്കി ഇരുന്ന ആളുകള്‍ ഉള്‍പ്പെടെ, ഇരിപ്പിടങ്ങളോടൊപ്പം മുകളിലേക്ക് പറന്നു പൊങ്ങുന്നു!!!  അവരൊക്കെ റണ്‍വേയ്ക്ക് മുകളിലൂടെ ഉയരങ്ങളിലേക്ക് പോയി മറയുന്നു!!! ഞാന്‍ സ്തബ്ദനായി തരിച്ചു നിന്നുപോയി!!!

ഞെട്ടി ഉണര്‍ന്ന എനിക്ക്, കണ്ടതൊരു സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ അല്‍പ നിമിഷങ്ങള്‍ വേണ്ടി വന്നു!!! ഭാര്യ അടുത്തു സുഖസുഷുപ്തിലാണെന്ന് ,താളനിബധമായ അവളുടെ ശ്വാസഗതി, വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..അവളെ ഉണര്‍ത്തി, അവളുടെ ഉറക്കം കൂടി കളയേണ്ട എന്ന് കരുതി, ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു...

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും, ഓവറായി പ്രതികരിക്കുന്ന ഭാര്യയോട്, തലേ ദിവസത്തെ സ്വപ്നത്തെപ്പറ്റി, ഒന്നുംതന്നെ പറയേണ്ടാ എന്ന് തീരുമാനിച്ചു. എങ്കിലും യാത്ര പോകേണ്ട തീയതി, ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്, വേണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ തന്നെ, എയര്‍പോര്‍ട്ടില്‍ എത്താനായിട്ടുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും, തീരുമാനിച്ചു. അപ്പോള്‍ പിന്നെ ഫ്ലൈറ്റ് മിസ്സ്‌ ആകുന്ന പ്രശ്നവും ഉദിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.

പുറപ്പെടേണ്ട അന്ന് ഏതായാലും വളരെ നേരത്തെതന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ടിക്കെറ്റുകളുടെ കടലാസുകള്‍ പരിശോധിച്ച് സെക്യൂരിറ്റിക്കാര്‍ ഞങ്ങളെ അകത്തേക്ക് വേഗം തന്നെ കടത്തി വിട്ടു. അവിടെയുള്ള സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു, ചെക്ക്‌ഇന്‍ കൌണ്ടറുകള്‍ തുറക്കാനായി കാത്തിരുന്നു.

ഏകദേശം രണ്ടു  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, എയര്‍ അറേബിയയുടെ കൌണ്ടറുകള്‍ തുറക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അതുവഴി കടന്നുപോയ ഒരു ട്രാഫിക്‌ അസിസ്റ്റന്റിനെ സമീപിച്ചു, ഞാന്‍ അതേപ്പറ്റി തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അവരൊക്കെ വരാന്‍ ഇനിയും കുറച്ചു സമയം കൂടിയാകും അതിനാല്‍ വെയിറ്റ് ചെയ്യൂ എന്ന്.

പിന്നെയും സമയം കടന്നുപോയിക്കൊണ്ടിരുന്നു.  അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ചിന്ത, എന്റെ മനസ്സിലൂടെ പാഞ്ഞത്!!ഞാന്‍ അന്ന് ബുക്ക്‌ ചെയ്തത് ഏതു ഫ്ലൈറ്റിനായിരുന്നു? പെട്ടെന്ന് ടിക്കറ്റിന്റെ കടലാസു വലിച്ചെടുത്തു, ഡിപാര്‍ച്ചര്‍ സമയത്തിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു! ഉച്ചി മുതല്‍ ഒരു മരവിപ്പ് എന്നെ തഴുകി താഴേക്കു പ്രവഹിക്കുന്നത് ഞാന്‍ അറിഞ്ഞു
.
ടിക്കറ്റില്‍ കുറിച്ചിരുന്ന സമയം എപ്പോഴേ കഴിഞ്ഞുപോയിരിക്കുന്നു!!! ഞങ്ങള്‍ ഇല്ലാതെ ആ ഫ്ലൈറ്റ് മൂന്ന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പുറപ്പെട്ടു പോയിരിക്കുന്നു..

അസ്തപ്രജ്ഞനായിരുന്ന എന്റെ അടുത്തേക്ക്‌ ഭാര്യ തിടുക്കത്തില്‍ എത്തി ചോദിച്ചു..

'എന്തെങ്കിലും പ്രശ്നം ഉണ്ടോ?'

'എല്ലാം പ്രശ്നം തന്നെയാണ്, നമ്മുടെ ഫ്ലൈറ്റ് പോയിക്കഴിഞ്ഞിരിക്കുന്നു..'   എന്‍റെ വാക്കുകള്‍ എനിക്ക് തന്നെ കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു!!!

അവളുടെ ഞെട്ടല്‍ ഏതാണ്ട് പൂര്‍ണമായിരുന്നു.  ഇനി നമ്മള്‍ എന്ത് ചെയ്യും എന്നുള്ള ആ ചോദ്യം അവളില്‍നിന്നും പുറപ്പെടുന്നതിനു മുന്‍പുതന്നെ ഞാന്‍ സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

അല്ലെങ്കിലും ഞാന്‍ എപ്പോഴും, അങ്ങനെതന്നെ ആയിരുന്നു. ആംഗലേയ പഴമൊഴി കടമെടുത്തു പറഞ്ഞാല്‍  ‘തൂവിപ്പോയ പാലിനെ ചൊല്ലി കരയാത്തവന്‍!!’  ഞാന്‍ വേഗം ഒരു ട്രാഫിക്‌ അസ്സിസ്ടന്റിനെനെ നോക്കി നടന്നു..

ഞാന്‍ സമീപിച്ച ട്രാഫിക്‌ അസിസ്ടെന്റിനു പറയാനായി, ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ടിക്കറ്റ്‌ എടുത്തു ഏറ്റവും അടുത്തുതന്നെ പുറപ്പെടുന്ന, ഏതെങ്കിലും ഒരു വിമാനത്തില്‍ കയറിപ്പോവുക!! അതനുസരിച്ച് അടുത്തു തന്നെ പുറപ്പെടുന്ന, എയര്‍ ഇന്ത്യ എക്പ്രസ്സിലും, ജെറ്റ്‌ ഐയര്‍വേസിലും ശ്രമിച്ചുനോക്കിയെങ്കിലും, സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍, വീണ്ടും എപ്പോഴും ഞങ്ങള്‍ പോയികൊണ്ടിരുന്ന അടുത്ത എയര്‍ അറേബിയയേ തന്നെ ശരണം പ്രാപിക്കുകയേ, നിവൃത്തിയുണ്ടായിരുന്നുള്ളൂ!!

സീറ്റുകള്‍ തരമായതോടെ, ശ്വാസം ഒന്ന് നേരെ വീണു!! തിരികെ വീട്ടിലെക്കുപോകാതെ കഴിഞ്ഞല്ലോ, എന്നോര്‍ത്തപ്പോള്‍ ആശ്വാസവും! അങ്ങനെ കുറച്ചുനേരത്തെകൂടി കാത്തിരിപ്പിന് ശേഷം, ഷാര്‍ജായിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.

വിമാനത്തിലിരിക്കുമ്പോഴാണു, എന്‍റെ മനസ്സില്‍ (ഒരു പക്ഷെ നിങ്ങളുടേയും!)ആ ‘മില്ലിയന്‍ ഡോളര്‍ ചോദ്യം’ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്..

ആരായിരിക്കും, അല്ലെങ്കില്‍ ഏതു ശക്തിയുടെ അദൃശ്യകരങ്ങളാവും, ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ, എന്റെ മനസിന്റെ തിരശീലയില്‍, ആ മിസ്സിങ്ങിന്‍റെ ചിത്രം പ്രദര്‍ശിപ്പിക്കാനായി, വിരലുകള്‍ ചലിപ്പിച്ചത്? ആവോ, ഇന്നും അറിയില്ല, എനിക്കതിന്‍റെ ഉത്തരം!!!!! 








Saturday, August 11, 2012

ഇറ്റ്സ് ആള്‍ ഇന്‍ യുവര്‍ മൈന്‍ഡ്…..



AL Koran ന്‍റെ Bring Out The Magic In Your Mind  എന്ന ലോകപ്രസിദ്ധ കൃതി,  നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകും. മനുഷ്യ മനസ്സുകളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന , അതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ശക്തികളെ,  വെളിച്ചത്തിലേക്ക് കൊണ്ടുവരാനുതകുന്ന നിര്‍ദ്ദേശങ്ങള്‍  അടങ്ങുന്ന,  ഒരു പുസ്തകമാണത്. മനുഷ്യ മനസ്സിനുള്ളിലെ,  സമാനമായ  ശക്തിവിശേഷത്തെക്കുറിച്ചുള്ള ഒരു അനുഭവം,  എന്‍റെ ജീവിതത്തിലും   ഉണ്ടായത്,  ഞാന്‍  ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

ദുബൈയില്‍ ഞാന്‍ ആദ്യമായി ജോലിക്ക് ചേര്‍ന്ന സ്ഥാപനത്തില്‍  വന്നു ചേരുന്ന ജോലികളുടെ വൈവിധ്യം,  എന്നെ പലപ്പോഴും അമ്പരപ്പിക്കുകയും,  അതിലുപരി സമ്മര്‍ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്.   ഇക്കൂട്ടത്തില്‍,  ചെറിയ ചെറിയ  ഏസി യൂണിറ്റുകള്‍ക്ക് ആവശ്യമായ ബ്രാക്കെറ്റുകള്‍  മുതല്‍,  വലിയ വലിയ ഷെഡ്കള്‍വരെ,  ഡിസൈന്‍  ചെയ്തു നിര്‍മ്മിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്.

തലേ ദിവസം തുടങ്ങിവച്ച ഒരു വരയുടെ പണിയിലായിരുന്നു അന്ന്  ഞാന്‍.  അപ്പോഴാണ്‌ ഫോണ്‍ബെല്ല് തുടര്‍ച്ചയായി മുഴങ്ങാന്‍ തുടങ്ങിയത്.  മറു തലക്കല്‍,  ഒരു കൂറ്റന്‍  ബോട്ടിന്റെ ഉടമസ്ഥനായ ഒരു അറബി ആയിരുന്നു.  അദ്ദേഹത്തിനു അത്യാവശ്യമായി ബോട്ടിനുള്ളിലുള്ള ചില അറ്റകുറ്റപ്പണികള്‍  എത്രയും വേഗത്തില്‍  ചെയ്തുകൊടുക്കണം.  ആദ്യമായി അതെല്ലാം കൂടി ഒന്ന് പരിശോധിച്ചു ഒരു എസ്റിമേറ്റ് തയ്യാറാക്കി കൊടുത്ത്, അദ്ദേഹത്തിന്റെ അപ്രൂവല്‍  വാങ്ങണം.. ഉല്ലാസ യാത്രക്കായി,  എല്ലാവിധ  സൌകര്യങ്ങളോടുംകൂടി ഉണ്ടാക്കിയ,  ഒരു ആഡംബര നൌക ആയിരുന്നു അത്.

ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനും കൂടി അല്‍പ സമയത്തിനുള്ളില്‍,  ഷാര്‍ജയില്‍  ബോട്ട് കിടന്നിരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.  പൊതുവേ ഷാര്‍ജയിലെ റോഡുകള്‍  എനിക്ക് അത്ര പരിചിതമല്ലായിരുന്നതിനാല്‍,  കുറെ ചുറ്റിത്തിരിഞ്ഞാണ് അവിടെ എത്തിച്ചേര്‍ന്നത്.  വലിയ ബോട്ടായിരുന്നതിനാല്‍,  കടല്‍വെള്ളത്തിന്റെ ഇളക്കത്തിനനുസരിച്ചു മെല്ലെ മെല്ലെ  ചാഞ്ചാടിക്കൊണ്ടിരുന്ന അത്,  ദൂരെവച്ചുതന്നെ ഞങ്ങളുടെ  ദൃഷ്ടിയില്‍  പെടുകയുണ്ടായി.  കരയില്‍  ഇറങ്ങി നിന്നിരുന്ന ബോട്ടിന്‍റെ വിദേശിയായ  ക്യാപ്റ്റന്‍,  ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തുവന്നു,  ചെയ്തു തീര്‍ക്കേണ്ടതായ പണികളെപ്പറ്റിയുള്ള  ഒരു ഏകദേശരൂപം തന്നു.  ഇനി ബോട്ടിനുള്ളില്‍കടന്നു നോക്കേണ്ട ജോലിയാണ് ബാക്കി  ചെയ്യാനുള്ളത്.

സാധാരണയായി കരയോടു ചേര്‍ത്താണ് ഈ ബോട്ടുകള്‍ നങ്കൂരമിട്ടു കിടക്കുന്നതെങ്കിലും പലപ്പോഴും കരയും ബോട്ടുമായി ഒരു രണ്ടു മൂന്ന് അടി ഗ്യാപ്പ് എങ്കിലും ഉണ്ടാകും.  സഞ്ചാരികള്‍ക്ക്  സുഗമമായി ബോട്ടിനുള്ളിലേക്ക് കയറുന്നതിനായി,  ഒരു മരപ്പാലം ഇട്ടു കൊടുക്കാറുണ്ട്.  ഞങ്ങള്‍ ചെല്ലുന്ന സമയം ബോട്ട് സഞ്ചാരയോഗ്യമല്ലായിരുന്നതിനാല്‍,  ഈ പാലമൊന്നും ഇല്ലായിരുന്നു. ബോട്ടിനുള്ളില്‍ കടക്കണമെങ്കില്‍, ഈ ഗ്യാപ്പ് നാം ചാടിക്കടന്നേ മതിയാവൂ. എന്റെ സഹപ്രവര്‍ത്തകന്‍,  ഒന്ന് മടിച്ചു നിന്നതിനുശേഷം,  ഒറ്റ ചാട്ടത്തിനു ബോട്ടിന്‍റെ സൈഡ്ബാറില്‍  കൈകള്‍നീട്ടി പിടിച്ചു സുരക്ഷിതനായി,  ഉള്ളില്‍കടന്നു.

അടുത്തതായി എന്‍റെ ഊഴമാണ്. എന്തോ,  അങ്ങനെ ഒരു സാഹസത്തിനു എന്‍റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല.   സാധാരണനിലയില്‍,  വെറും നിലത്തില്‍,  ഒരു മൂന്ന് നാലടി ചാടി കടക്കുന്നത്,   അത്ര വലിയ ഒരു കാര്യമല്ലെങ്കില്‍കൂടി,  ആഴമുള്ള ആ വെള്ളത്തിന്റെ സാന്നിധ്യത്തില്‍,  മെല്ലെ ഇളകിക്കൊണ്ടിരിക്കുന്ന ബാറിലേക്ക് ചാടിപിടിച്ചു കയറുക എന്നുള്ളത്,  സര്‍ക്കസിലെ വിഷമംപിടിച്ച ഒരു അഭ്യാസം പോലെ, കഠിനമായിഎനിക്ക് അപ്പോള്‍ തോന്നി.

അപ്പോഴാണ്‌ ഒരു അശരീരി പോലെ എന്‍റെ പിന്നില്‍നിന്നും ആ ശബ്ദം മുഴങ്ങിയത്!!

"It’s all in your mind, Sir!!"

ഞാന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.  അതാ എന്‍റെ തൊട്ടു പിറകില്‍ പുഞ്ചിരി തൂകികൊണ്ട് ആ ക്യാപ്ടന്‍  നില്‍ക്കുന്നു.  അദ്ദേഹം സ്വന്തം തലയിലേക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു..

"നോക്കൂ,  നിങ്ങളുടെ മനസ്സിനുള്ളിലെ ഒരു മാജിക്‌ ആണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്.  നിങ്ങള്‍  മനസ്സുകൊണ്ട് ഈ ദൂരംചാടി കടക്കാം എന്ന്ഉറപ്പിക്കുകയാണെങ്കില്‍പ്പിന്നെ നിങ്ങളുടെ ശരീരത്തിന് അതുപോലെതന്നെ പ്രവര്‍ത്തിക്കാതെ തരമില്ല!! അത് നിങ്ങളുടെ മനസ്സിനൊപ്പം കൂടെത്തന്നെ വരും,  സംശയിക്കുകയേ വേണ്ടാ.."

അദ്ദേഹം ഈ വാക്കുകള്‍പറഞ്ഞു നിര്‍ത്തിയതും, മടിച്ചുനില്‍ക്കാതെ  മനസ്സിനെ ദൃഢമാക്കിക്കൊണ്ട്, ഞാന്‍  ഒന്ന് മുമ്പോട്ടാഞ്ഞു.  ഹാവൂ!   ഒരു കുതിപ്പിന് ബാറില്‍പിടിച്ചു ഞാനും ഉള്ളിലേക്ക് കടന്നു!!!!

മനുഷ്യ മനസ്സുകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ തത്വമാണ് അദ്ദേഹം ആ ചെറിയ വാക്കുകളിലൂടെ എനിക്ക് ഉപദേശിച്ചു തന്നത് എന്ന്, പിന്നീട് ചിന്തിച്ചപ്പോള്‍  എനിക്ക് മനസ്സിലായി.   Android  ഫോണുകളില്‍  ലഭ്യമായ Talking Tom  എന്ന ഒരു applicationനിലെ പൂച്ച,  നമ്മള്‍  ഒരു ബട്ടന്‍  അമര്‍ത്തുമ്പോള്‍,  അതിന്റെ കൈയ്യിലെ നഖങ്ങള്‍കൊണ്ട്,  ഫോണിന്റെ ഹാര്‍ഡ്‌സ്ക്രീനില്‍  വരഞ്ഞിടുന്നതുപോലെ,   ഈ വാക്കുകള്‍,  എന്‍റെയും മനസ്സിന്റെ സ്ക്രീനില്‍,  രജതരേഖകള്‍പോലെ ഇപ്പോഴും,  മായാതെ കോറിക്കിടക്കുന്നു,    എന്‍റെ ചാഞ്ചാടുന്ന  മനസ്സിന് പലപ്പോഴും ഞാനറിയാതെ,  ധൈര്യം പകര്‍ന്നുകൊണ്ട്.....



Tuesday, August 7, 2012

എന്‍റെ ഇന്നലെകളിലെ കൌതുകങ്ങളിലൂടെ...



വര്‍ഷങ്ങള്‍ക്കു മുന്‍പ്,  ഞാന്‍ ദുബായ് നഗരത്തില്‍ ആദ്യമായി ജോലിക്ക് എത്തിയപ്പോള്‍,  എനിക്ക് വളരെ കൌതുകകരമായി തോന്നിയ രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു.  അതില്‍ ആദ്യത്തേതിനെപ്പറ്റി പറയുമ്പോള്‍,  ഒരു പക്ഷെ നിങ്ങള്‍ക്ക് തികച്ചും ബാലിശമല്ലേയെന്നു തോന്നുമായിരിക്കും, എങ്കിലും സാരമില്ല,  ഞാന്‍ പറയാം.

നഗരത്തില്‍ കാലുകുത്തിയ അന്നുമുതല്‍ തന്നെ,  സുഹൃത്തുക്കളൊക്കെ എന്നെ നഗരക്കാഴ്ചകള്‍  കാണിക്കുവാനായി,  അവിടെയും ഇവിടെയുമൊക്കെ കൊണ്ടുപോകുമായിരുന്നു.  ഈ യാത്രകളിലാണ് ആ ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍,  ഞാന്‍ ശ്രദ്ധിക്കാന്‍ ഇടയായത്!  'REDUCE SPEED NOW'  എന്നെഴുതിയ ബോര്‍ഡുകളായിരുന്നു അവ! ഇതില്‍ ഇത്രമാത്രം അതിശയിക്കാന്‍ എന്താണുള്ളത്,  എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.  ചെന്നൈയിലും നാട്ടിലുമൊക്കെ ആയിരിക്കുമ്പോഴും,  ഇതേ സൈന്‍ ബോര്‍ഡുകള്‍ ഞാനും നിങ്ങളും,  പലപ്പോഴും കണ്ടിട്ടുണ്ടാവും! എന്നാല്‍ അവയില്‍ നിന്നൊക്കെ ഈ ബോര്‍ഡുകള്‍ക്ക് ഉണ്ടായിരുന്ന വ്യത്യാസം,  ഇതില്‍ കാണുന്ന അവസാനത്തെ ‘NOW എന്ന ആ വാക്കിലാണ്.  ഇതിന്റെ അര്‍ത്ഥം ശരിക്കും എന്തായിരിക്കും എന്ന് ചിന്തിച്ചപ്പോള്‍,  എനിക്ക് തോന്നിയത്,  നമ്മള്‍ ഒരു വാഹനം ഓടിച്ചുകൊണ്ട് വരുകയാണെങ്കില്‍, ഈ സൈന്‍ കണ്ട ഉടനേ തന്നെ, അതിന്റെ വേഗത അവര്‍ പറയുന്ന അളവിലേക്ക് കുറച്ചിരിക്കണം എന്നുള്ളതാണ്.  അല്ലാതെ നാട്ടിലെപ്പോലെ സൈന്‍ കണ്ടാല്‍തന്നെ ആവശ്യം വന്നാല്‍ വേഗത പതിയെ കുറയ്ക്കാം എന്ന മനോഭാവത്തോടെ ഓടിച്ചു പോവുകയല്ല വേണ്ടത്! എന്തിനേറെ, ഒടുവില്‍ ഇവിടത്തെ ലൈസെന്‍സ് ലഭിച്ചതിനുശേഷവും, ആ NOW പ്രയോഗം ഞാന്‍ അറിയാതെ തന്നെ എന്‍റെ ദിവസങ്ങളെ സ്വാധീനിച്ചു കൊണ്ടിരുന്നു!!!. 

ആവശ്യമുള്ള ഒരു കാര്യം ഉടനേ ചെയ്യേണ്ടതായുണ്ടെങ്കില്‍,  പിന്നെ ഒട്ടും അമാന്തിക്കാതെ,  അത് അപ്പോള്‍ തന്നെ ചെയ്തു തീര്‍ക്കുക എന്നുള്ള വലിയ ഒരു സന്ദേശം,  ആ സൈന്‍ ബോര്‍ഡുകള്‍ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു!   ദുബായില്‍ അന്ന് അടിക്കടി കാണാന്‍ സാധിക്കുമായിരുന്ന ഈ ബോര്‍ഡുകള്‍,  നഗരം,  വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറാന്‍ തുടങ്ങിയതോടെ,  ഇന്ന് വിരളമായേ കാണാന്‍ കഴിയൂ എന്നിരുന്നാലും,  അവ മനസ്സില്‍ ഊട്ടി ഉറപ്പിച്ചു കൊണ്ടിരുന്ന സന്ദേശം,  എന്റെ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തില്‍, എനിക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നായി മാറി..

ഇനി രണ്ടാമത്തെ കാഴ്ച്ചയിലേക്ക് വരാം.  ദുബായ് നഗരത്തിലെ,  സബാ പാര്‍ക്കിലുള്ള കുറച്ചു വിളക്ക്കാലുകളുടെ അറ്റകുറ്റ പണികള്‍ക്കായി,  ഞങ്ങള്‍ പാര്‍ക്കില്‍ എത്തിയതായിരുന്നു.  ഒപ്പം പുതിയ ലൈറ്റുകള്‍ പോസ്റ്റുകളില്‍ ഉറപ്പിക്കുകയും വേണമായിരുന്നു. ഈ കൂറ്റന്‍ ലൈറ്റുകള്‍ കൊണ്ടുവന്നിരുന്ന കാര്‍ട്ടണുകള്‍,  ലൈറ്റുകള്‍ പുറത്തു എടുത്തതിനുശേഷം കളയാനായി,  ഒരു സ്ഥലത്തു ഞങ്ങള്‍ കൂട്ടി വച്ചിരുന്നു.

വൈകുന്നേരം ഒരു നാല് മണിയായിക്കാണും,  അല്പം അകലെയായി  ജോലി ചെയ്തിരുന്ന മറ്റൊരു സ്ഥാപനത്തിലെ മൂന്നു പാകിസ്ഥാനി തൊഴിലാളികള്‍ എന്റെ അടുത്തു വന്നു ഒരു ആവശ്യം ഉന്നയിച്ചു. അവര്‍ക്ക് ആ കാര്‍ട്ടണുകളില്‍ മൂന്നെണ്ണം വേണം.  ഞങ്ങള്‍ക്ക്  ഇനി അതുകൊണ്ട് മറ്റു ഉപയോഗം ഒന്നുമില്ലാത്തതിനാല്‍,  എത്ര വേണമെങ്കിലും എടുത്തോളൂ എന്ന് ഞാനും പറഞ്ഞു.   അവര്‍ ഓരോരുത്തരും സന്തോഷത്തോടെ,  നന്ദി പറഞ്ഞുകൊണ്ട്,  ഓരോ കാര്‍ട്ടണുകള്‍ വീതം എടുത്തു കൊണ്ട് പോയി..

അടുത്ത അരമണിനേരത്തിനുള്ളില്‍ ഞങ്ങളുടെ വര്‍ക്ക് തീര്‍ന്നുകഴിഞ്ഞു എന്ന് കണ്ടപ്പോള്‍,  ആദ്യം ചെയ്തുതീര്‍ത്തതൊക്കെ  ഒന്നുകൂടി ചെക്ക് ചെയ്തേക്കാം എന്ന് കരുതി,  ഞാന്‍ തനിയെ ആ ഭാഗത്തേക്ക് നടന്നു.  അപ്പോഴാണ്‌ കുറച്ചു ദൂരത്തായി ഞാന്‍ ആ കാഴ്ച്ച കാണുന്നത്!

ഞാന്‍ കൊടുത്ത ആ മൂന്നു കാര്‍ട്ടണുകളും,  ഒരു പായ പോലെ വെറും മണ്ണില്‍ നിവര്‍ത്തിവച്ച്,  ആ മൂന്നു പാകിസ്ഥാനി തൊഴിലാളികളും,  ഒരു പ്രത്യേക ദിശയില്‍ മുട്ടുകുത്തി നിന്നുകൊണ്ട്, പ്രാര്‍ത്ഥിക്കയായിരുന്നു!!   അതിനും അല്‍പ്പം മുന്‍പ്,  ബാങ്കുവിളിയുടെ ഹൃദ്യമായ നേര്‍ത്ത ഈണങ്ങള്‍,  എന്റെ കാതുകളിലും പ്രതിധ്വനിയുളവാക്കി കടന്നു പോയത് എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നു!!

അവരെ ശല്യപ്പെടുത്താതെ,  അവരുടെ കാഴ്ച്ചയില്‍ പെടാതെ,  ഞാന്‍ മറഞ്ഞു നിന്ന്,  അല്‍പനേരം അവരെത്തന്നെ നോക്കിക്കൊണ്ട് നിന്നു..

ഇതാ എന്റെ മുന്‍പില്‍,  എഴുത്തും വായനയും ഒന്നുമറിയാത്ത,  നമ്മള്‍ പലപ്പോഴും അത്രയൊന്നും ബഹുമാനം കൊടുക്കാന്‍ മടിക്കുന്ന, കുറച്ചു സാധു തൊഴിലാളികള്‍!  ഏതു സാഹചര്യത്തിലായാലും,  ലഭിക്കുന്ന അല്‍പ സൌകര്യങ്ങള്‍ മാത്രം ഉപയോഗിച്ചാണെങ്കിലുംഅവരുടെ ദൈവത്തെ അന്വേഷിക്കാന്‍  സമയം കണ്ടെത്തുന്ന കുറച്ചു സാധാരണക്കാര്‍! അവരുടെ ഉള്ളിലെ ഉറച്ച ഭക്തിയും ദൈവവിശ്വാസവും കാണുമ്പോള്‍,  എനിക്കുള്ളതായി കരുതി ഞാന്‍ അഹങ്കരിച്ചിരുന്ന ദൈവഭക്തിയുടെ പ്രമാണങ്ങളെ,  തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു,  എന്ന് എനിക്ക് ശരിക്കും ബോധ്യമായി...

മറ്റൊരവസരത്തിലും,  പാകിസ്ഥാനി സഹോദരങ്ങളുടെ  ഈ ഭക്തിയും വിശ്വാസവും,  എന്റെ കണ്ണുകളില്‍ പെടുകയുണ്ടായി.  വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ഒരു പതിവ് കാഴ്ച്ചയായിരുന്നു,  പള്ളികളിലേക്ക് ധൃതിയില്‍ ഓടിപ്പോകുന്ന,  പാകിസ്ഥാനി യുവാക്കളുടെ കൂട്ടങ്ങള്‍! . മറ്റൊരു രാജ്യക്കാരിലും കാണാത്ത,  ദൈവത്തെ ആരാധിക്കുന്നതിലുള്ള,  അവരുടെ ഈ അഭിനിവേശവും ആവേശവും, അവരെയൊക്കെ സ്നേഹത്തോടെയും അതിലുമുപരി ബഹുമാനത്തോടെയും, കാണാന്‍,  പില്‍ക്കാലത്ത് എനിക്കും പ്രചോദനമായി...