Sunday, November 11, 2012

സംഭവിക്കുന്നതെല്ലാം നല്ലതിന് മാത്രമല്ലേ????



ജീവിതത്തില്‍ ആകസ്മീകമായി പ്രയാസങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍, തികഞ്ഞ ഈശ്വരവിശ്വാസികള്‍കൂടി പലപ്പോഴും പതറിപ്പോകുന്നത് നേരില്‍ കാണാനിടയായിട്ടുണ്ട്! ശുഭാപ്തിവിശ്വാസികളുടെ നിയമാവലിയില്‍ ഈ പ്രയാസങ്ങളുടെ മദ്ധ്യത്തിലും ഒരു വെള്ളിരേഖ കണ്ടെത്തി, ജീവിതം മുന്‍പോട്ടുതന്നെ കൊണ്ടു പോകണം എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഏതാണ്ട് സമാനമായ, 'സംഭവിക്കുന്നതെല്ലാം നല്ലതിന് മാത്രം' എന്ന് പ്രമാണവുമായി, പല മതങ്ങളും ഈ ചിന്താഗതിയെ പിന്തുണയ്ക്കുന്നുമുണ്ട്!! നിസ്സാരമെന്നു തോന്നാമെങ്കിലും, ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഒരു അനുഭവം എന്‍റെ മനസ്സിനേയും ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള  ഒന്നായിരുന്നു!!

ദുബായില്‍ ആദ്യമായി ജോലിക്കു വന്നെത്തിയ നാളുകളില്‍ത്തന്നെ, ഇവിടെനിന്നും ഒരു ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിക്കുക എന്നുള്ളത്, ഒരു ബാലികേറാമല തന്നെയാണ് എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു!! എങ്കിലും മൂന്ന് ടെസ്റ്റുകള്‍ക്കുള്ളില്‍ അത് ലഭിച്ചപ്പോഴുണ്ടായ സന്തോഷത്തോടൊപ്പം ഇനി ഏതു കാര്‍ വാങ്ങുന്നതായിരിക്കും നല്ലത്, എന്നുള്ള ആശയക്കുഴപ്പവും എന്നെ ഒരു പ്രതിസന്ധിയിലാക്കിയിരുന്നു!കാരണം ഇവിടെ അത്രയും വൈവിദ്ധ്യമാര്‍ന്ന കൊതിപ്പിക്കുന്ന വാഹനങ്ങളുടെ ഒരു നീണ്ട നിര 

തന്നെ നമ്മെ കാത്തിരിപ്പുണ്ട്!  കൂട്ടുകാരില്‍ പലരും ജാപ്പനീസ് നിര്‍മ്മിത കാറുകളുടെ ഗുണമേന്മയേയും ഇന്ധനലാഭത്തെപ്പറ്റിയുമൊക്കെ വാതോരാതെ വിസ്തരിക്കുമ്പോഴും എന്‍റെ മനസ്സിലെമ്പാടും ഓടിക്കളിച്ചിരുന്നത് നാട്ടില്‍ ഇടയ്ക്കിടെ കാണാന്‍ കഴിഞ്ഞിരുന്ന ബെന്‍സ് കാറുകള്‍ തന്നെ ആയിരുന്നു!! അതൊക്കെ ഓടിച്ചുകൊണ്ടുപോകുന്നവരെ അല്‍പ്പം അസൂയയുള്ള കണ്ണുകളോടെയാണെങ്കിലും, പലപ്പോഴും നോക്കിനിന്നിട്ടുള്ളത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. നാട്ടിലാണെങ്കില്‍ ഒരു ബെന്‍സ് കാര്‍ സ്വന്തമാക്കണമെങ്കില്‍ ‍കുടുംബം തന്നെ എഴുതി വില്‍ക്കേണ്ടിവരും എന്നും എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവിടെ ഒരു മൂന്ന് നാല് വര്‍ഷം പഴക്കം മാത്രമുള്ള
ഒരു ബെന്‍സ്കാര്‍ വാങ്ങാന്‍,അത്ര വളരെ
ഭാരിച്ച തുകയൊന്നും ആവശൃമില്ല എന്നതിനാല്‍ എന്ത് വന്നാലും ശരി ഒരു
ബെന്‍സ് തന്നെയാകട്ടെ എന്‍റെ  ആദ്യത്തെ കാര്‍ എന്ന് ഞാനുമങ്ങു തീരുമാനിച്ചു!!

കൂട്ടുകാര്‍ക്കെല്ലാം  എതിര്‍പ്പുണ്ടായിരുന്നെങ്കിലും, പിന്നീട് കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ത്തന്നെ നടന്നുകിട്ടി. സത്യം പറയട്ടെ, ബെന്‍സ് കമ്പനിയുടെ പ്രശസ്തി പോലെ തന്നെ, അടുത്ത ഏതാനും വര്‍ഷങ്ങളോളം, മറ്റൊരു വണ്ടിയെപ്പറ്റി ചിന്തിക്കേണ്ട ഒരു സന്ദര്‍ഭം പോലും ഈ കാര്‍ എനിക്ക് തന്നിട്ടില്ല. അത്ര നല്ല സുഖമുള്ള സേവനമായിരുന്നു അത് അക്കാലമത്രയും എനിക്ക് തന്നുകൊണ്ടിരുന്നത്!! പിന്നീട് എപ്പോഴോ, എന്‍റെ ബെന്‍സിനോടുള്ള കമ്പം കുറഞ്ഞതുകൊണ്ടായിരിക്കും, അടുത്ത ഒരു സുഹൃത്തിന് അതിനെ കൈമാറിയതിനുശേഷം, ഞാന്‍ മറ്റൊരു പുതിയ ജാപ്പനീസ് നിര്‍മ്മിത വാഹനത്തിലേക്ക് ചേക്കേറിയത്!!

എന്തായാലും ഈ പറയാന്‍ പോകുന്ന സംഭവം നടക്കുമ്പോള്‍ ഞാന്‍ ഈ ബെന്‍സു തന്നെയാണു ഉപയോഗിച്ചിരുന്നത്. പതിവുപോലെ ഒരു പ്രവൃത്തി ദിവസം രാവിലെ, ഞാന്‍ ഫ്ലാറ്റില്‍ നിന്നും താഴെ വന്നു പുറത്തു പാര്‍ക്ക്‌ ചെയ്തിരുന്ന കാറിനടുത്തെത്തിയതായിരുന്നു. വണ്ടിയുടെ മുന്‍ഭാഗത്ത് എന്തോ ഒരു പ്രത്യേകത ശ്രദ്ധയില്‍പ്പെട്ട ഞാന്‍ അടുത്തു ചെന്ന് സൂക്ഷിച്ചുനോക്കുമ്പോഴാണു അതിന്‍റെ മുന്‍ഭാഗത്തുള്ള ബമ്പറും അതില്‍ ഉറപ്പിച്ചിരുന്ന നമ്പര്‍ പ്ലേറ്റും കാണാനില്ല എന്ന ദയനീയ സത്യം മനസ്സിലാക്കുന്നത്!! ഇന്നലെ വരെ ഇവ രണ്ടും വണ്ടിയില്‍ ഉണ്ടായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. അഥവാ വൈകുന്നേരത്തെ വീട്ടിലേക്കുള്ള വരവില്‍ താഴെ എങ്ങാനും ഇളകി വീണിട്ടുണ്ടെങ്കില്‍ത്തന്നെ, മുന്‍ഭാഗത്തെ ചക്രങ്ങള്‍ അതിനു മുകളിലൂടെ കയറി ഇറങ്ങുമ്പോള്‍ തന്നെ, ഞാന്‍ വിവരം അറിയേണ്ടതല്ലേ? എന്‍റെ ചിന്ത ആ വഴിക്കായിരുന്നു. അങ്ങനെയാണെങ്കില്‍ ഇവ രണ്ടും ആരോ ആവശ്യക്കാര്‍ ഊരി എടുത്തതകാനാണ് സാദ്ധ്യത. കൃത്രിമ നമ്പര്‍ പ്ലേറ്റു വച്ച് പല കുറ്റകൃത്യങ്ങളും നടത്താനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല!!

ഞാന്‍ വേഗം ഞങ്ങളുടെ ബില്‍ഡിംഗ്‌ സെക്യൂരിറ്റി വിഭാഗത്തിലെ ജോലിക്കാരെ സമീപിച്ചു വിവരം പറഞ്ഞു. എന്നാല്‍ ഒരു ഫ്ലാറ്റിനു ഒരു കാര്‍ മാത്രമേ ബേസ്മെന്റിലുള്ള സൌജന്യ പാര്‍ക്കിംഗ് ഉപയോഗിക്കാന്‍ അനുമതി ഉള്ളൂ എന്നതിനാലും, ഇത് ഞങ്ങളുടെ തന്നെ രണ്ടാമത്തെ കാര്‍ ആയതിനാലും അത് വെളിയില്‍ കോംപൌണ്ടില്‍ എവിടെയെങ്കിലും മാത്രമേ പാര്‍ക്ക്‌ ചെയ്യാന്‍ പാടുള്ളൂ. അതുകൊണ്ടുതന്നെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഈ വണ്ടിയുടെ ഉത്തരവാദിത്വം ഇല്ല എന്നവര്‍ എന്നെ പറഞ്ഞു മനസ്സിലാക്കി. എങ്കിലും അവര്‍ അന്വേഷിക്കാം എന്ന് ഉറപ്പു തന്നു.

ഓഫീസിലെത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!! ഞാന്‍ വേഗം അടുത്ത നടപടിയിലേക്ക് കടന്നു. സാധാരണഗതിയില്‍ ഒരു പുതിയ ബമ്പര്‍ വാങ്ങി ഫിറ്റ്‌ ചെയ്‌താല്‍ തീരുന്ന കാര്യമേ ഉള്ളൂ എങ്കില്‍ ഞാനും അതുതന്നെ ചെയ്യുമായിരുന്നു. എന്നാല്‍ ഇവിടെ പ്രശ്നം അല്‍പ്പം സങ്കീര്‍ണമാണ്!! ദുബായില്‍ നമ്പര്‍ പ്ലേറ്റ് കളഞ്ഞുപോയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യണം. അവര്‍ അതിന്‍റെ സത്യാവസ്ഥ പരിശോധിച്ചതിനുശേഷം ഒരു റിപ്പോര്‍ട്ട്‌ തരും. അതുമായി വാഹന റെജിസ്ട്രേഷന്‍ ഓഫീസില്‍ ചെന്ന് റിപ്പോര്‍ട്ട്‌ കൊടുത്ത് ഫീസും അടച്ചാല്‍ പുതിയ നമ്പര്‍ പ്ലേറ്റ് തരും! പറഞ്ഞപ്പോള്‍ എത്ര പെട്ടെന്ന് കാര്യം നടന്നു! എങ്കിലും നാട്ടിലെ അത്രയൊന്നും താമസം വരുകയില്ലെങ്കിലും, ഇതിന്‍റെ പുറകെയൊക്കെ കുറച്ചെങ്കിലും നടക്കേണ്ടി വരും എന്ന് ഉറപ്പാണ്. ഞാന്‍ ഏതായാലും കാറുമായി ഓഫീസിലേക്ക് പുറപ്പെട്ടു. വഴിയിലെങ്ങും പോലീസ് വണ്ടിയൊന്നും കാണരുതേ എന്നുള്ള പ്രാര്‍ത്ഥന ഏതായാലും ഫലിച്ചു!!. പോലീസിന്‍റെ കണ്ണിലൊന്നും പെടാതെ തന്നെ സുഖമായി ഓഫീസിലെത്തി.

സാധാരണ ഞാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്യുന്ന സ്ഥലത്തുതന്നെ പാര്‍ക്ക്‌ ചെയ്തതിനുശേഷം അവിടെയെല്ലാം വെറുതെ എങ്കിലും ഒന്ന് പരിശോധിച്ചു. ഭാഗ്യത്തിന് അവിടെ എങ്ങാനും വീണു കിടപ്പുണ്ടെങ്കിലോ? ഏതായാലും ഒന്നും തന്നെ കാണാഞ്ഞതിനാല്‍ നിരാശനായി ബാഗുമെടുത്ത് ഞാന്‍ ഓഫീസ്സിനുള്ളിലേക്ക് നടന്നു. അപ്പോഴാണ്‌ എന്നെ കാത്തിട്ടെന്നവണ്ണം ഒരു ജോലിക്കാരന്‍ അവിടെ നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്!! എന്നെ കണ്ട ഉടനെ അവന്‍ അടുത്തുവന്നു പറയാന്‍ തുടങ്ങി..

" സാര്‍, ഇന്നലെ സാര്‍ പോയതിനുശേഷം കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തിനരുകില്‍ നിന്ന് ഒരു കാറിന്‍റെ നമ്പര്‍ പ്ലേറ്റും ബമ്പറും ഇളകിവീണത് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. സാറിന്‍റേതായിരിക്കില്ല എന്ന് കരുതിയാണ് ഉടനെ വിളിച്ചു ചോദിക്കാതിരുന്നത്. ബമ്പര്‍ ഒന്ന് വന്നു നോക്കൂ സാര്‍"

അവന്‍ പറഞ്ഞു നിറുത്തിയതും, ഞാന്‍ സന്തോഷത്തോടെ അവനൊപ്പം ചെന്നു. ഇനി എന്ത് പറയാന്‍! അവ രണ്ടും എന്‍റെ വണ്ടിയുടേത് തന്നെയായിരുന്നു! ഏതായാലും പോലീസിന്‍റെ നൂലാമാലകളില്‍ നിന്നും രക്ഷപെട്ട സന്തോഷത്തോടെ ഞാന്‍ രണ്ടു ജോലിക്കാരെ വിളിച്ചു അതെല്ലാം പഴയപടി വണ്ടിയില്‍ ഫിറ്റ്‌ ചെയ്യാന്‍ പറഞ്ഞിട്ട് ഓഫീസില്‍ വന്നു ഇരുന്നു. വാസ്തവത്തില്‍ സംഭവിച്ചത് എന്തായിരിക്കും എന്ന് എനിക്ക് അപ്പോള്‍ മനസ്സിലായി. വണ്ടി പാര്‍ക്ക്‌ ചെയ്യുന്നതു റോഡില്‍നിന്നു അല്‍പ്പം സ്ലോപ്പ് ആയി കിടക്കുന്ന, ചുമരിനോട് ചേര്‍ന്നുള്ള ഒരു സ്ഥലത്താണ്. മറ്റു വാഹനങ്ങളും അപ്പുറത്തും ഇപ്പുറത്തുമായും പാര്‍ക്ക് ചെയ്തിട്ടുണ്ടാവും!! വലിയ വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക്‌ ചെയ്യുന്നതെങ്കില്‍ സ്ഥലത്തിന് റോഡിലേക്കുള്ള ചരിവ് കാരണം, അബദ്ധവശാല്‍ വാഹനം  തനിയേ ഉരുണ്ടു റോഡിലേക്ക് ഇറങ്ങാതിരിക്കാനായി, പുറകിലെ ടയറുകള്‍ക്ക് വലിയ കല്ലുകള്‍ കൊണ്ട് അട വയ്ക്കുമായിരുന്നു. പലപ്പോഴും‍  ഞാന്‍ കാര്‍ റിവേര്‍സ് എടുത്തു റോഡിലേക്ക് ഇറക്കുമ്പോള്‍ ഈ കല്ലുകളില്‍ ചിലത് മുന്‍വശത്തെ ബമ്പറില്‍ അറിയാതെ തട്ടുമായിരുന്നു. ഇന്നലെയും അതുതന്നെ സംഭവിച്ചിരിരിക്കും. ആ തട്ടലില്‍ ബമ്പര്‍ ഇളകി വീണതൊന്നും ഞാനും ശ്രദ്ധിച്ചിട്ടുണ്ടാവില്ല!! കാര്‍ റിവേര്‍സില്‍ റോഡിലേക്ക്  ഇറങ്ങുന്നതിനാല്‍, അഥവാ ബമ്പര്‍ ഇളകി വീണിട്ടുണ്ടെങ്കില്‍ക്കൂടി, ടയറുകള്‍ അതിനു മുകളില്‍ കൂടി കയറി ഇറങ്ങുന്ന പ്രശ്നവും ഇല്ലല്ലോ! അതുകൊണ്ട് തന്നെ ഈ നടന്ന സംഭവമൊന്നും ഞാനുമറിയാതെ പോയി!!!

ഇതിനകം ബമ്പര്‍ ഫിറ്റ്‌ ചെയ്യാന്‍ പോയവര്‍ ഉടന്‍തന്നെ വീണ്ടും എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അസ്വസ്ഥനായി.

"ഇനി എന്താണ് പ്രശ്നം?"

എന്‍റെ വാക്കുകള്‍ക്കു കനം വച്ചിരുന്നത് ഞാന്‍ അറിഞ്ഞില്ലെന്നു നടിച്ചു.

"സാര്‍ ഒന്നുകൂടി കാറിന്‍റെ അടുത്തുവരെ വന്നാല്‍ നന്നായിരുന്നു..."

അവരില്‍ ഒരുവന്‍ പറഞ്ഞു നിറുത്തി.

ഞാന്‍ ഒന്നും പറയാതെ അവരോടൊപ്പം വീണ്ടും കാറിന്‍റെ അടുക്കലേക്ക് നടന്നു. എനിക്ക് അപ്പോഴേക്കും അവരോടു അല്പം ഈര്‍ഷ്യ തോന്നിത്തുടങ്ങിയിരുന്നു. ബമ്പര്‍ ഒന്നും ഇതുവരെ ഫിറ്റ്‌ ചെയ്തിരുന്നില്ല!! അതുകൊണ്ടുതന്നെ മുന്‍വശത്തെ രണ്ടു ടയറുകളുടെയും ഏതാണ്ട് നല്ല ഭാഗവും മുന്‍പില്‍ നിന്നും നോക്കുമ്പോള്‍ ശരിക്കും വ്യക്തമായി കാണാമായിരുന്നു. അവരിലൊരുവന്‍ പെട്ടെന്ന് കുനിഞ്ഞു ഒരു ടയറിന്‍റെ മുന്‍വശം തൊട്ടുകാണിച്ചിട്ടു പറഞ്ഞു..

"നോക്കൂ സാര്‍, ഈ ടയറിന്‍റെ ഈ ഭാഗം രണ്ടിഞ്ചു നീളത്തില്‍ കീറി ഇരിക്കയാണ്!! അല്‍പ്പം കൂടി ഡീപ് ആയിരുന്നെങ്കില്‍ ഇതിനകം ഇത് പൊട്ടിപ്പിളരുമായിരുന്നു!! ഇപ്പോള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത് സാറിന്‍റെ ഭാഗ്യം തന്നെ!!!"

അവന്‍റെ വാക്കുകള്‍ എന്നെ സ്തബ്ദനാക്കി!! അതുവരെ അവരോടു തോന്നിയ ഈര്‍ഷ്യയെല്ലാം എവിടെയോ പോയിമറഞ്ഞു!! ശരിയല്ലേ? ഞാന്‍ ആലോചിച്ചു. ദുബായിലെ നല്ലവരായ പോലീസ് പല തവണ വാഹനങ്ങളുടെ ടയറുകള്‍ കുറ്റമറ്റതായിരിക്കണം എന്ന് എല്ലാ മീഡിയവഴിയും മുന്നറിയിപ്പ് തന്നിരുന്നതൊക്കെ എന്‍റെ ഓര്‍മ്മയില്‍ പെട്ടെന്ന് തെളിഞ്ഞു വന്നു. എങ്കിലും എന്‍റെ വണ്ടിക്കു ഓഫീസിനും വീടിനുമിടയിലുള്ള ചെറിയ ദൂരം മാത്രമേ ദിവസവും ഓട്ടം ഉണ്ടായിരുന്നുള്ളൂ എന്നതിനാലും, എന്‍റെ ടയറുകളുടെ ബട്ടണുകള്‍ ഇപ്പോഴും വലിയ തേയ്മാനം ഇല്ലാതെ കണ്ടിരുന്നതിനാലും, ടയറുകളുടെ കാര്യത്തില്‍ ഞാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്നുള്ളതായിരുന്നു സത്യം!! ദുബായിലെ റോഡുകളില്‍ മിനിമം ഒരു എണ്‍പത്/നൂറ് കി.മി. സ്പീടിലെങ്കിലും വണ്ടി ഓടിച്ചേ മതിയാവൂ. അങ്ങനെതന്നെ ദിവസവും സാധാരണഗതിയില്‍ പോയിക്കൊണ്ടിരുന്ന എന്നെ കാത്തു, അപകടം അടുത്തു തന്നെ ഒരു ടയര്‍ പൊട്ടിത്തെറിയുടെ രൂപത്തില്‍ പതിയിരുപ്പുണ്ടായിരുന്നു എന്നുള്ളതും, ഒരു വാസ്തവം തന്നെ ആയിരുന്നില്ലേ? അന്ന് ഞാന്‍ അറിയാതെയാണെങ്കിലും ആ ബമ്പര്‍ ഊരി വീഴാനും, അതുവഴി ആ ടയറിന്‍റെ സ്ഥിതി എനിക്ക് കാണിച്ചുതരുവാനും, ഏതു ശക്തിയാണ് ഇത്ര കൃത്യമായി പ്രവര്‍ത്തിച്ചത്?

ആവോ? 'സംഭവിച്ചതെല്ലാം നന്മക്കായി മാത്രം' എന്ന് വിശ്വസിക്കാനല്ലാതെ ഇന്നും എനിക്കതിനുമാത്രം

ഒരു ഉത്തരം ഇല്ല!!!ഒരു പക്ഷെ നിങ്ങള്‍ക്കെങ്കിലും????

Sunday, October 28, 2012

മധുരബാല്യത്തിന്‍റെ ചെപ്പ് തുറന്നപ്പോള്‍!!!!!



മദ്ധ്യവേനല്‍ അവധിക്കാലം ഞങ്ങള്‍ കുട്ടികള്‍ എക്കാലവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരുന്നു. സ്കൂളിന്‍റെ നൂലാമാലകളില്‍നിന്നും താത്കാലീകമായെങ്കിലും വിടുതല്‍ ലഭിക്കുന്ന ആ ദിവസങ്ങളെ, ഞങ്ങള്‍ എല്ലാവരും അത്രയധികം ഇഷ്ടപ്പെട്ടിരുന്നു!! അവധിക്കാലമായാല്‍ അച്ഛന്‍റെ സഹോദരിമാരുടെ മക്കളും, സഹോദരന്‍റെ മക്കളുമൊക്കെയായി അഞ്ചാറു കുട്ടികള്‍, ഞങ്ങളുടെ തറവാടുവീട്ടില്‍ ഒന്നുരണ്ടാഴ്ച്ചത്തെ താമസത്തിനെത്തുന്നത് പതിവായിരുന്നു. പത്തു വയസ്സില്‍ താഴെയുള്ള മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും, പിന്നെ പതിനൊന്നു വയസ്സുകാരനായ ഞാനും! കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ഞാനായതിനാല്‍ ഇവരുടെയൊക്കെ നേതാവ്‌ ഞാനായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ!!!

മദ്ധ്യവേനല്‍ അവധിക്കാലം മാമ്പഴക്കാലം കൂടിയാണ്! വീടിനു ചുറ്റുമുള്ള നിരവധി മാവുകളില്‍ ആ സമയത്ത് നിറയെ പഴുത്തതും പഴുക്കാറായതുമായ മാങ്ങാകള്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണത്!!! കാറ്റത്ത് പൊഴിഞ്ഞു വീഴുന്ന മാമ്പഴം പെറുക്കാനോടുന്ന ഞങ്ങളില്‍ പലരും, ഓട്ടത്തിനിടയില്‍ വീണു കാലും കൈയും ഒക്കെ മുറിച്ചുകൊണ്ട് വരുന്നതും സാധാരണയായിരുന്നു. അപ്പോഴൊക്കെ അമ്മമാരില്‍നിന്നും ലഭിക്കുന്ന ശകാരമൊന്നും ഞങ്ങളാരും അത്ര കാര്യമാക്കിയിരുന്നതുമില്ല!!.

ദിവസം മുഴുവനും വിവിധയിനം കളികളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, മുതിര്‍ന്നവരോടൊപ്പം  അധികം അകലെയല്ലാതെ ഒഴുകുന്ന അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ കൊണ്ടുപോകുന്നതും, വീടിനു പുറകിലുള്ള മലകളിലേക്ക് പിക്നിക്‌ പോകുന്നതുമൊക്കെയാണ് ഞങ്ങളെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന മറ്റിനങ്ങള്‍!!

ഞങ്ങളുടെ ഗ്രാമത്തിലെ വീട് സ്ഥിതിചെയ്യുന്നത് ഒരു മലയുടെ താഴ്‌വാരത്തിലാണ്. അതുകൊണ്ടുതന്നെ വീടിന്‍റെ പുറകിലുള്ള ഞങ്ങളുടെ കൃഷിസ്ഥലങ്ങളൊക്കെ, തട്ട് തട്ടായി ഉള്ളവയാണ്. കൃഷി ചെയ്തിരിക്കുന്ന അവസാനത്തെ തട്ടുകഴിയുമ്പോള്‍, കുറ്റിച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന മലയുടെ തുടക്കമായി! അവിടം തുടങ്ങി ശരിയായ വഴികളൊന്നും കാണുകയില്ല. കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റി ഒരു ഊഹം വച്ചു മുകളിലേക്ക് കയറിയാല്‍, അല്‍പ്പ സമയത്തിനുള്ളില്‍ മലയുടെ ഒത്ത നിറുകയിലെത്താം.അടുത്തടുത്തായി മലകളുടെ ഒരു നിര തന്നെ അവിടെ ഉണ്ട്. അവിടെനിന്നും പാറക്കെട്ടുകള്‍ നിറഞ്ഞ അടുത്ത മലയിലേക്കുള്ള യാത്രാമദ്ധ്യേയാണ്, പാറകള്‍ക്കുള്ളിലായുള്ള ഒരു ഗുഹയുള്ളത്! പണ്ടുകാലത്ത് പുലികള്‍ കുടുംബമായി ഈ ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്നു എന്നാണു മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അതുകൊണ്ട് ഈ ഗുഹ 'പുലിപ്പാറ' എന്ന പേരിലാണു അറിയപ്പെട്ടിരുന്നത്.

ഇത്തവണത്തെ അവധിക്കാലത്ത് കുട്ടികളെ പുലിപ്പാറ കാണിക്കാന്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഇല്ലായിരുന്നതിനാല്‍, ആ ദൌത്യം ഞാന്‍ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു! കുട്ടികളെയൊക്കെ നല്ലവണ്ണം നോക്കിക്കൊള്ളാം

എന്നുള്ള ഉറപ്പിന്‍മേല്‍ അമ്മ എനിക്ക് സമ്മതം തന്നതോടെ ഉച്ചകഴിഞ്ഞു പുറപ്പെടാനായുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. ഈ മലമുകളിലൊക്കെ എപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടായിരിക്കും എന്നതിനാല്‍ ഞങ്ങള്‍ ഒരു പട്ടം കൂടി ഉണ്ടാക്കികൊണ്ടുപോകാന്‍ തീരുമാനിച്ചു. അതനുസരിച്ചു പട്ടം റെഡിയാക്കി അമ്മയറിയാതെ അമ്മയുടെ തയ്യല്‍ മെഷീന്‍റെ ഒരു റോള്‍ നൂലും ഞങ്ങള്‍ സംഘടിപ്പിച്ചു! നാലുമണിക്കുള്ള സ്നാക്ക്സും ജൂസുമൊക്കെ അമ്മ നേരത്തെതന്നെ പായ്ക്ക് ചെയ്ത്‌ ഒരു ബാഗിലാക്കി തന്നിരുന്നു. അങ്ങനെ അതൊക്കെ ചുമന്നുകൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി!!

ഓ, ഇതിനിടയില്‍ ഒരു പ്രധാന വ്യക്തിയെപ്പറ്റി പറയാന്‍ ഞാന്‍ വിട്ടുപോയി! ബോബനും മോളിയും കാര്‍ട്ടൂണുകളില്‍ കാണുന്നതുപോലെ, ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ജിമ്മി എന്ന ഞങ്ങളുടെ നായയായിരുന്നു, അത്. ഞങ്ങള്‍ കുട്ടികള്‍ എവിടെ പോയാലും ഞങ്ങളോടൊപ്പം അവനും ഉണ്ടാവും. ഒരിക്കല്‍ ഞങ്ങളെ പിന്തുടര്‍ന്ന് അവന്‍ സ്കൂളില്‍ വരെ ഒപ്പം വന്നു, ഞങ്ങള്‍ ഇരിക്കുന്ന ബെഞ്ചിന്‍റെ അടിയില്‍ ഇരിപ്പായി! പിന്നെ അദ്ധ്യാപകന്‍ വന്നു വടിയെടുത്തു അടിച്ചോടിച്ചപ്പോള്‍ അവന്‍ തിരികെ പോകുന്നത് ഞങ്ങള്‍ സങ്കടത്തോടെ നോക്കിനിന്നു. ഏതായാലും ഈ യാത്രയിലും അവന്‍ വിളിക്കാത്ത ഒരു അതിഥിയായി ഞങ്ങളോടൊപ്പം കൂടിയത് ഞങ്ങള്‍ക്കും സന്തോഷമായിരുന്നു!!!

ആദ്യത്തെ മലമുകളില്‍ എത്തിയപ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു. അമ്മയുടെ ജൂസും വെള്ളവുമൊക്കെ കുടിച്ചു ഉന്മേഷം വീണ്ടെടുത്തു ഞങ്ങള്‍ പുലിപ്പാറ ലക്ഷ്യമാക്കി  നടപ്പ് തുടര്‍ന്നു. ശരിയായ വഴിയൊന്നും ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, കുറ്റിച്ചെടികളില്‍ ചിലതില്‍ പഴുത്തു നില്‍ക്കുന്ന കായ്കള്‍ തിന്നാവുന്നതാണെന്ന് എനിക്കറിയാമായിരുന്നതിനാല്‍ ഞാന്‍ അതൊക്കെ പറിച്ചു കുട്ടികള്‍ക്ക് തിന്നാനായി കൊടുക്കുമായിരുന്നു!!അതുകൊണ്ട് കുട്ടികളൊക്കെ വളരെ സന്തോഷത്തിലായിരുന്നു. അങ്ങനെ  ഞങ്ങള്‍ ഒടുവില്‍ ആ ഗുഹയില്‍ എത്തിച്ചേര്‍ന്നു. ഗുഹയ്ക്കകത്ത് തല കുനിച്ചു മാത്രമേ കടക്കാനാവൂ. ഉള്ളില്‍ കടന്നു  അല്‍പ്പ സമയം ചിലവഴിച്ചതിനുശേഷം   അതിനകത്തുനിന്നും ഇറങ്ങി ഞങ്ങള്‍ അടുത്ത മലയിലേക്ക് നീങ്ങി. ഈ മല മുഴുവനും ഞാന്‍ മുമ്പ് പറഞ്ഞതു പോലെ പാറക്കെട്ടുകളാണ്.ഒന്നിന് പുറകിലൊന്നായി നിരന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍!!!  അതില്‍ ഏറ്റവും ഉയരമുള്ള പാറയുടെ മുകളില്‍ എല്ലാവരെയും ഞാന്‍ വലിച്ചുകയറ്റി. നല്ല കാറ്റുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വന്നപ്പോള്‍ത്തന്നെ പട്ടം പറത്തി  മുകളിലേക്കുയര്‍ത്തി, അതിന്‍റെ നൂല്‍ ഒരു ചെടിയില്‍ കെട്ടിയിട്ടിരുന്നു!!!.

കുറെയേറെ നേരം ചെലവിട്ടതിനുശേഷം, ബാക്കി ഉണ്ടായിരുന്ന സ്നാക്ക്സും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഴിച്ചു  തീര്‍ത്തു. ജിമ്മിക്കും അവന്‍റെ വിഹിതം കൊടുക്കാന്‍ ഞങ്ങള്‍ മറന്നില്ല. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്തുതന്നെയായാലും ഇങ്ങനെയുള്ള യാത്രാവേളകളില്‍ കഴിക്കുമ്പോഴാണ്, അവ എത്രമാത്രം സ്വാദിഷ്ടമാണെന്നു നമുക്കൊക്കെ കൃത്യമായി അനുഭവപ്പെടുന്നത്!!!


ഒടുവില്‍ മടക്കയാത്രയ്ക്കുള്ള സമയമായി.
അവിടെ നിന്നാല്‍ സൂര്യാസ്തമയം  ഭംഗിയായി കാണാം എന്നുള്ളതിനാല്‍, അതുകൂടി കണ്ടിട്ട് മടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു .പക്ഷെ അത് ഒരു വലിയ അബദ്ധമായിപ്പോയെന്നു മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു!!!

സൂര്യാസ്തമയം കഴിഞ്ഞാല്‍ ഇരുട്ട് പരക്കുന്നത് വളരെ വേഗത്തിലാണ്.ഇരുട്ടായിക്കഴിഞ്ഞാല്‍ മലമ്പ്രദേശമായതിനാല്‍ കുറ്റിച്ചെടികള്‍‍ക്കിടയിലൊക്കെ ഇഴജന്തുക്കള്‍ ഇര തേടിയിറങ്ങുന്ന സമയമാണെന്ന് അമ്മ പറയുന്നത്, എന്‍റെ മനസ്സില്‍ ഭയമുളവാക്കിയിരുന്നു!! അതുകൊണ്ടുതന്നെഅപ്പോഴും    പറന്നുകൊണ്ടിരുന്ന പട്ടം പോലും തിരിച്ചെടുക്കാനായി   നില്‍ക്കാതെ, ഞാന്‍ ധൃതി കൂട്ടി കുട്ടികളെയും കൊണ്ട് തിരികെയുള്ള യാത്ര ആരംഭിച്ചു.


അസ്തമിച്ചതിനുശേഷവും കുറച്ചുനേരത്തേക്ക് ഉണ്ടായിരിക്കുന്ന വെളിച്ചത്തില്‍ ഞങ്ങള്‍ പാറകള്‍ ഉള്ള മലയുടെ ഭാഗം , കടന്നുകഴിഞ്ഞിരുന്നു. ഇനി ഉള്ള ഭാഗം കടക്കുന്നതാണ് ദുര്‍ഘടം.അപ്പോഴേക്കും ഇരുട്ട് ശരിക്കും 
പരന്നുകഴിഞ്ഞതിനാല്‍ ശരിയായ വഴിതന്നെയായിരിക്കും എന്നുള്ള ഊഹത്തില്‍, കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി ഞാന്‍ അവരെ മുന്‍പോട്ടു നയിച്ചുകൊണ്ടിരുന്നു. ഒരു പത്തു മിനിട്ടുകളായപ്പോഴാണ്, എനിക്ക് ആ ആപത്ശങ്ക ആദ്യമായി  തോന്നിത്തുടങ്ങിയത്. ഞങ്ങള്‍ വന്ന വഴി ഇതുതന്നെയല്ലേ? അടുത്തുതന്നെ  ഞെട്ടലുളവാക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യവും, എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു!!!  കുറച്ചു മുന്‍പുവരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ജിമ്മി, ഇപ്പോള്‍ ഞങ്ങളോടോപ്പമില്ല!!

 പരിഭ്രാന്തിപരത്തിയ ആ നിമിഷത്തില്‍ തന്നെയായിരുന്നു, 'ജിമ്മീ.....'  എന്ന് ആറു കണ്ഠങ്ങളില്‍ നിന്നും ഒരുമിച്ചുയര്‍ന്ന ആ നിലവിളി!! എന്നാല്‍ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് അത്  അവിടെങ്ങും പ്രതിധ്വനിക്കുന്നതല്ലാതെ, ജിമ്മിയുടെ പ്രതികരണമൊന്നുമില്ല!!!. ഞങ്ങള്‍ നിന്നിടത്തുതന്നെ നിന്നുകൊണ്ട് വീണ്ടും വീണ്ടും അവനെ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ എപ്പോഴോ അങ്ങ് ദൂരത്തുനിന്നും അവന്‍റെ ഒരു കുരയുടെ നേര്‍ത്ത ശബ്ദം കേട്ടതുപോലെ എനിക്ക് തോന്നി. മറ്റുള്ളവരെ നിശബ്ദരാക്കിക്കൊണ്ട് ഞാന്‍ ഒന്നുകൂടി അവനെ ഉച്ചത്തില്‍ വിളിച്ചു. ഇത്തവണ ഞങ്ങള്‍ എല്ലാവരും തന്നെ അത് വ്യക്തമായും കേട്ടു. ഞങ്ങള്‍ നില്‍ക്കുന്നതിനു കുറച്ചു ദൂരെയായി  ഇടതുവശത്തുനിന്നുമാണ് ആ ശബ്ദം വരുന്നത്. ഞാന്‍ വീണ്ടും അവന്‍റെ പേര് വിളിച്ചുകൊണ്ട്  ആ ഭാഗം

ലക്ഷ്യമാക്കി കുട്ടികളുമായി നീങ്ങി. അഞ്ചു മിനിട്ടുകളിലെ നടപ്പിനൊടുവില്‍, ഒരു വലിയ കുറ്റിച്ചെടിയുടെ മറവിലായി അവനെ കണ്ടെത്തിയത്എനിക്ക് വളരെയധികം  ആശ്വാസം പകര്‍ന്നുതന്ന ഒരു കാര്യമായിരുന്നു. ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി വാലാട്ടിയതിനുശേഷം, അവന്‍ ഞങ്ങള്‍ക്ക് മുന്‍പിലായി അതിവേഗം മുന്‍പോട്ടു  തന്നെ
തെല്ലും  സംശയമില്ലാതെ നടക്കാനാരംഭിച്ചു.

ഒട്ടും മടിച്ചുനില്‍ക്കാതെ കുട്ടികളെയും വിളിച്ചുകൊണ്ട് ഞാനും അവനെ പിന്തുടര്‍ന്നു. ഇടയ്ക്കിടെ ഞങ്ങള്‍ ഒപ്പമെത്താന്‍ വേണ്ടി അവന്‍ തിരിഞ്ഞുനോക്കി  ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുമായിരുന്നു. പത്തു നിമിഷങ്ങള്‍ അവനെ പിന്തുടര്‍ന്നപ്പോഴേക്കും കൃഷിയിടങ്ങളുടെ പച്ചപ്പ്, മങ്ങിയ വെളിച്ചത്തിലും കണ്ടുതുടങ്ങിയത്  ഞങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാഴ്ച്ചയായിരുന്നു!!!!! അവന്‍ പോയിക്കൊണ്ടിരുന്ന വഴി തന്നെയായിരുന്നു ഞങ്ങള്‍ ആദ്യം വന്നിരുന്ന  ശരിയായ വഴിയും!!

പിന്നയുള്ളത് ഇറക്കമായിരുന്നതിനാല്‍ വളരെ വേഗം തന്നെ ഞങ്ങള്‍ താഴെ എത്തിച്ചേര്‍ന്നു.  അപ്പോഴേക്കും ഞങ്ങളെ കാണാതെ പരിഭ്രാന്തരായ ഞങ്ങളുടെ വീട്ടുകാര്‍, ഞങ്ങളുടെ ഒരു പണിക്കാരനെ ഞങ്ങളെ തിരയാനായി വിട്ടിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ കയ്യിലുണ്ടായിരുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍, അയാളോടൊപ്പം ഞങ്ങള്‍ ആറുപേരും സുരക്ഷിതരായി വീട്ടില്‍ എത്തിച്ചേര്‍ന്നു!

നിറയെ മണ്ണും പൊടിയും പുരണ്ടു, മുള്‍ച്ചെടികളുടെ പോറലുകളുമേറ്റു ക്ഷീണിതരായ, ആറു ചെറുശരീരങ്ങള്‍, ഒടുവില്‍ അമ്മമാരുടെ  സ്നേഹകരങ്ങളുടെ ബന്ധനത്തിലായപ്പോള്‍, എല്ലാവര്‍ക്കുമുണ്ടായ ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല!!!

നേരത്തെ പുറപ്പെടാഞ്ഞതിനു അമ്മയുടെ

വക ശകാരവും ശാസനയും എനിക്ക് 
ചെറുതായി  ലഭിച്ചെങ്കിലും ആപത്തൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതരായി  വീടെത്തിക്കാന്‍ കഴിഞ്ഞതില്‍,എന്‍റെ അമ്മയ്ക്കും എന്നെപ്പറ്റി  അഭിമാനം തോന്നിയ സന്ദര്‍ഭമായിരുന്നു അത്!!! അപ്പോഴേക്കും ഞാനാകട്ടെ, ഇതിനൊക്കെ  എന്നെ സഹായിച്ച , 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ അടുത്തുതന്നെ കിടന്നിരുന്ന ജിമ്മിയുടെ അടുത്തു ചെന്ന്, അവനെ വാരിയെടുത്തു അവന്‍റെ തലയില്‍ അരുമയോടെ തലോടാന്‍ തുടങ്ങിയിരുന്നു!!എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന അവന്‍റെ കണ്ണുകളില്‍, എനിക്ക് അവനോടുള്ള നന്ദിയും കടപ്പാടും പ്രതിഫലിക്കുന്നത്,
അവനും അറിയുന്നുണ്ടാവുമെന്നു ഞാന്‍ ആത്മാര്‍ഥമായും ആശിച്ച പോയ നിമിഷങ്ങളായിരുന്നു അവ!!!!

Sunday, October 21, 2012

പകച്ചുനില്‍ക്കാതെ മുന്‍പോട്ട്!!!



ഡിപ്പാര്‍ച്ചര്‍ കാര്‍ഡു പൂരിപ്പിച്ചുകൊണ്ടിരുന്ന എന്‍റെ അരികിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു പെണ്‍കുട്ടി നടന്നുവരുന്നത്, ഞാന്‍ കാണുന്നുണ്ടായിരുന്നു. ഏറിയാല്‍ ഒരു ഇരുപത്തിയാറു അല്ലെങ്കില്‍ ഒരു ഇരുപത്തിഎഴു വയസ്സ് തോന്നിക്കും. വിടര്‍ന്നു  ഭംഗിയുള്ള ജീവന്‍ തുടിക്കുന്ന കണ്ണുകള്‍ സമ്മാനിക്കുന്ന  ഒരു പ്രത്യേക അഴക്‌, ആ മുഖത്തിന് ഉണ്ടായിരുന്നു എങ്കിലും, ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് കാണുന്ന ആര്‍ക്കും അവളോട് ഒരു അനുകമ്പ തോന്നുമായിരുന്നു!.


എന്‍റെ അടുത്തു വന്നതും പാസ്പോര്‍ട്ടും അതില്‍ നിന്നും ഒരു ഫോറവും എന്‍റെ നേരെ നീട്ടിക്കൊണ്ടു അവള്‍ മെല്ലെ ചോദിച്ചു..


“ചേട്ടാ ഈ ഫോറം ഒന്ന് ഫില്ലപ്പു ചെയ്തുതരുമോ?"


അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാണുന്ന ഒരാള്‍ക്കും ആ അപേക്ഷ നിരസിക്കാന്‍ ബുദ്ധിമുട്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.


ഞാന്‍ വേഗം തന്നെ അവളുടെ ഫോറം ഫില്ലപ്പ് ചെയ്യാന്‍ തുടങ്ങി. പൂര്‍ത്തിയാക്കിയ ഫോറത്തില്‍ അവള്‍ ഒപ്പിടേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ മെല്ലെ അവളോട്‌ അവളുടെ സങ്കടത്തിന്‍റെ കാരണം ആരാഞ്ഞു.


ഗദ്ഗദം ഇറ്റു വീഴുന്ന അവളുടെ വാക്കുകളിലൂടെ, ഞാന്‍ ആ ദയനീയ സത്യം മനസ്സിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് അവളുടെ ഭര്‍ത്താവ് ആകസ്മീകമായി മരണപ്പെട്ടിരിക്കുന്നു!! കൂടുതലായൊന്നും ചോദിക്കാതെതന്നെ അവള്‍ ആ സംഭവം, എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.


സന്തോഷകരമായ ഒരു കുടുംബജീവിതമായിരുന്നു അവരുടേത്. അബുദാബിയില്‍ ഒരു ആശുപത്രിയില്‍ ജോലി നോക്കുന്ന അവളുടെ, ഭര്‍ത്താവ് വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ജോലിയിലായിരുന്നു. പെട്ടെന്നൊരു ദിവസമായിരുന്നു ശരീരത്തിനു അസ്വാസ്ഥ്യം അനുഭവപ്പെട്ടതും, നാട്ടിലേക്ക് ചികിത്സക്കായി വണ്ടി കയറുകയാണെന്നുമുള്ള ഫോണ്‍ സന്ദേശം അവള്‍ക്കു ലഭിക്കുന്നതും!. കാര്യമായ അസുഖമൊന്നും ആരോഗ്യവാനായിരുന്ന ഭര്‍ത്താവിനുണ്ടാകാന്‍  സാധ്യത ഇല്ലെന്നു കരുതിയ അവളും, ആ സന്ദേശം അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച വിവരം, അക്ഷരാര്‍ത്ഥത്തില്‍ അവളെ ഞെട്ടിക്കുന്നതായിരുന്നു!! ഗുരുതരമായ  കരള്‍രോഗം ബാധിച്ച വിവരം വൈകിയറിഞ്ഞ ഒരു യാഥാര്‍ത്ഥ്യമായപ്പോള്‍, അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ ഒരു വഴിയും
വൈദ്യശാസ്ത്രത്തിന്‍റെ മുമ്പില്‍ ഇല്ലായിരുന്നത്രേ! വേഗത്തില്‍ തരപ്പെടുത്തിയ അവധിയില്‍, വീട്ടിലെത്തിയ അവള്‍ക്ക്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവനറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്!


അവര്‍ക്കുണ്ടായിരുന്ന ഒരു കുട്ടിയുടെ കാര്യമായിരുന്നു അതിലൊക്കെ സങ്കടകരമായുണ്ടായിരുന്നത്. രണ്ടു വയസ്സുള്ള  കുട്ടിയെ ജനിച്ചനാള്‍ മുതല്‍  ഭര്‍ത്താവിന്റെ വീട്ടില്‍ അദ്ദേഹത്തിന്‍റെ അമ്മയായിരുന്നു വളര്‍ത്തിയിരുന്നത്. അവധിക്കു രണ്ടുപേരും നാട്ടിലെത്തുമ്പോഴായിരുന്നു, കുട്ടിക്ക് അഛനമ്മമാരോടോത്തു അല്‍പ്പദിവസങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയിരുന്നത്. ലീവ് നീട്ടിയെടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍, അവള്‍ ജോലിക്കുവേണ്ടി വേഗംതന്നെ മടങ്ങിവന്നിരിക്കയാണ്. എങ്ങനെയെങ്കിലും മോനെ നല്ല രീതിയില്‍ അച്ഛനില്ലാത്ത  കുറവ് അറിയിക്കാതെ വളര്‍ത്തണം,  അതുമാത്രമാണ്‌ ഇനിയവളുടെ ഏക ലക്‌ഷ്യം!


അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എനിക്ക് ആ ചെറിയ പ്രായത്തിലേ വിധവയാകാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയോട്, ഉള്ളില്‍ ഒരുപാട് സഹതാപം തോന്നി. ജീവിക്കാനുള്ള ബദ്ധപ്പാടിനൊടുവില്‍ ജീവിതം തന്നെ കൈവിട്ടു പോയ അവസ്ഥയിലല്ലേ അവളിപ്പോള്‍? ഒരു പക്ഷെ ഒന്നിച്ചുള്ള ഒരു ജീവിതമായിരുന്നെങ്കില്‍, ഇത്ര വേഗം അദ്ദേഹം അവളെ വിട്ടു പോകുമായിരുന്നില്ല എന്ന് അവള്‍ പറയുമ്പോള്‍, അവളുടെ കണ്ണുകള്‍ വീണ്ടും നിറയുന്നുണ്ടായിരുന്നു. എന്തുമാത്രം  പ്രതീക്ഷകളോടെ ജീവിതം ആരംഭിച്ചവരാവും അവര്‍! പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്ത ദാമ്പത്യവല്ലരിയില്‍ ജനിച്ച കുഞ്ഞിന്‍റെ ഭാവി ഭദ്രമാക്കാന്‍ അമ്മയും അഛനും, വെവ്വേറെ രാജ്യങ്ങളില്‍ ജോലിയില്‍! എപ്പോഴോ വീണുകിട്ടുന്ന ഏതാനും  അവധിക്കാലദിനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന അവരുടെ ദാമ്പത്യ ജീവിതം! അതുകഴിഞ്ഞാല്‍ വീണ്ടും ഒറ്റപ്പെട്ട അവസ്ഥകളിലേക്ക് മടങ്ങുന്ന അമ്മയും അച്ഛനും മകനും!! ഇതേമാതിരിയുള്ള എത്രയോ കുടുംബങ്ങളെ കാണാം ഇന്ന് നമുക്ക് ചുറ്റും!!


ജീവിതത്തിന്‍റെ ക്ഷണീകതയെപ്പറ്റി ഇതുമാതിരി സന്ദര്‍ഭങ്ങളിലാണ് നമ്മള്‍ പലപ്പോഴും ചിന്തിച്ചുപോകുന്നത്! വളരെ പ്രതീക്ഷകളുമായി ഒരു ജീവിതം തുടങ്ങി ആ ദാമ്പത്യ വല്ലരിയില്‍ ഒരു കുഞ്ഞുമായിക്കഴിയുമ്പോള്‍, പെട്ടെന്ന് ഒരു ദിവസം കൂടെയുള്ള സഹയാത്രികന്‍ വിടപറഞ്ഞു മറയുമ്പോഴുള്ള  ആ ദുഃഖം, ഏതൊരാള്‍ക്ക് സമചിത്തതയോടെ നോക്കിനില്‍ക്കാനാവും? അതും ജീവിച്ചിരിക്കുന്നവരുടെ മുന്‍പില്‍ ഒരു ജീവിതം, ഒട്ടുമുക്കാലും ബാക്കിനില്‍ക്കുമ്പോള്‍! അധികാരദുര്‍മോഹത്തിന്‍റെ സാക്ഷാത്‌ക്കാരത്തിനായി, നിഷ്കളങ്കരായ മനുഷ്യരെ നിഷ്ക്കരുണം ഇല്ലാതാക്കുന്ന ഭരണാധികാരികളുള്ള രാജ്യങ്ങളിലും,ഇത് തന്നെ മറ്റൊരു രൂപത്തില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു! പട്ടാളത്തിന്‍റെയും ഭീകരവാദികളുടെയും കൊടും ക്രൂരതകള്‍, ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ന് എത്രയോ കുടുംബങ്ങളെ അനാഥത്വത്തിലേക്ക് 
തള്ളിവിടുന്നു!!  എത്രയോ  സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഓരോ ദിവസവും നിരാലംബരാവുന്നു! പത്രമാധ്യമങ്ങളിലൊക്കെ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളില്‍ വീണുകിടന്നു വാവിട്ടു നിലവിളിക്കുന്ന ഓരോ മുഖങ്ങളും, മനസാക്ഷിക്കൊരു വെല്ലുവിളിയായി ദിവസവും കാഴ്ചയ്ക്കു മുന്‍പില്‍ അണിനിരക്കുന്നു! വിധിയുടെ ക്രൂരവിനോദത്തിനിരയാകുന്ന ഈ ഹതഭാഗ്യര്‍ക്ക്, അവരുടെ ശേഷിച്ച ജീവിതത്തിന്‍റെ അനിശ്ചിതത്വത്തിനു  മുന്‍പില്‍, എത്രനാള്‍ വെറുതേ പകച്ചുനില്‍ക്കാനാവും?


അപ്പോഴാണ്‌  ഒടുവിലായെങ്കിലും,  നമ്മളൊക്കെ ആ പരമസത്യത്തിലേക്ക് യാന്ത്രികമായി എത്തിച്ചേരുന്നത്! മരണം ബാക്കിവച്ചിട്ടു പോകുന്നവര്‍ക്ക് ജീവിതം മറ്റേതെങ്കിലും വഴികളിലൂടെയെങ്കിലും, തുടരാതിരിക്കാനാവില്ല! കുറഞ്ഞപക്ഷം നമ്മളെ ആശ്രയിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടിയെങ്കിലും, നമ്മള്‍ ഈ യാത്ര തുടര്‍ന്നേ മതിയാവൂ. ജീവിതം നമ്മളെയൊക്കെ പഠിപ്പിക്കുന്ന ഒരു വലിയ പാഠവും  ഇത് തന്നെയല്ലേ?


ദുബായില്‍ വിമാനമിറങ്ങി അവളോട്‌ യാത്ര പറയുമ്പോഴും, ഇണയെ നഷ്ടപ്പെട്ടു ജീവിതത്തില്‍  താത്കാലികമായെങ്കിലും ഒറ്റയ്ക്കായിപ്പോയ ആ പാവം  പെണ്‍കുട്ടിയുടെ ദുഃഖം നിഴലിക്കുന്ന മുഖം, എന്‍റെ മനസ്സിനുള്ളില്‍ ഒരു വിങ്ങലായി നിറഞ്ഞുനിന്നിരുന്നു!!!! 


Sunday, October 7, 2012

പ്രതിസന്ധികളില്‍ തളരാതെ.....



അബുദാബിയിലുള്ള ഒരു ദേശീയ സ്ഥാപനത്തിന്‍റെ, ബഹുനില ഓഫീസ് മന്ദിരത്തിന്‍റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായ സമയത്താണ്, ദുബായിലുള്ള ഞങ്ങളുടെ കമ്പനിക്ക്‌, അവിടെനിന്നും ഒരു വര്‍ക്കിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. അല്‍പ്പം സാങ്കേതികത ഇതില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍, ഇവിടെ അതേപ്പറ്റി അല്‍പ്പമെങ്കിലും വിവരിക്കാതെ മുന്‍പോട്ടു  പോകുന്നത്  ശരിയല്ല  എന്ന് തോന്നുന്നു!

ഈ ബഹുനിലക്കെട്ടിടത്തിന്‍റെ രണ്ടാമത്തെയും

ഇരുപത്തിമൂന്നാമത്തെയും, നിലകളിലാണ്, കെട്ടിടത്തിനുള്‍വശം ശിതീകരിക്കാനായുള്ള ഏസി പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണം തടയാന്‍ വേണ്ടി, യന്ത്രങ്ങളുടെ മുന്‍ഭാഗത്ത്‌ അക്കോസ്റ്റിക് പാനലുകള്‍ സ്ഥാപിക്കുന്നു. ഈ പാനലുകള്‍ ശബ്ദത്തെ അബ്സോര്‍ബു ചെയ്യാന്‍ പറ്റിയ വസ്തുക്കളെക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഇവകള്‍ സ്ഥാപിച്ചതിനുശേഷം ഒട്ടും തന്നെ ശബ്ദം
പുറത്തേക്ക് വരുകയില്ല. ഈ പാനലുകള്‍ 
ഉറപ്പിക്കാനായുള്ള ഫ്രെയിംവര്‍ക്ക് ചെയ്തു, അത് 
ഈ ഫ്ലോറുകളില്‍ സ്ഥാപിക്കുക എന്നുള്ളതാണ്,  
ഞങ്ങളുടെ ജോലി. അതിനായുള്ള ഇരുമ്പ് ബീമുകള്‍ ഇരുപതടി നീളത്തിലുള്ളത്, താഴെ കൊണ്ടുവന്നു വച്ചിട്ടുണ്ട്. അതെടുത്ത് അളവിനനുസരിച്ചു മുറിച്ചു, കുറുകെയും നെടുകെയുമായി വെല്‍ഡു ചെയ്തു ഫ്രെയിം ഉണ്ടാക്കി, ഫ്ലോറുകളില്‍ ഉറപ്പിക്കണം. രണ്ടാമത്തെ നിലയിലേക്ക് വേണ്ട ബീമുകള്‍, ജോലിക്കാര്‍ ചുമന്നുകൊണ്ട്തന്നെ പടിക്കെട്ടുകള്‍ കയറി, അകത്ത് എത്തിച്ചു. അങ്ങനെ ഏതാനും ദിവസങ്ങള്‍കൊണ്ട് ആ ഫ്ലോറിലെ പണി പൂര്‍ത്തിയായി.

ഇതിനിടയില്‍ ഈ പണിക്കായി ഇത്രയും ആളുകളെ, ദിവസവും വെളുപ്പിനെ ദുബായില്‍നിന്നും

അബുദാബിക്ക് കൊണ്ടുപോയി, തിരികെ വൈകുന്നേരം കൊണ്ടുവരുന്നത്‌, അത്ര പ്രായോഗികമായി തോന്നാത്തതിനാല്‍, അബുദാബിയില്‍ തന്നെയുള്ള ഒരു സ്നേഹിതന്റെ ഫ്ലാറ്റില്‍ രണ്ടു മൂന്ന് റൂമുകള്‍ വാടകയ്ക്ക് എടുത്തിരുന്നു.. സ്നേഹിതന്റെ ഫാമിലി അവധിക്കു നാട്ടില്‍ പോയയത് ഞങ്ങള്‍ക്ക് ഉപകാരമായി!!! ഈ നല്ല സ്നേഹിതന്‍ അതിരാവിലെ എഴുന്നേറ്റു ഞങ്ങള്‍ക്കായി ചൂട് ചായ ഉണ്ടാക്കി, ഓരോരുത്തരും കിടന്നിരുന്ന സ്ഥലത്ത്
കൊണ്ടുവന്നു  തന്നിരുന്നത്, ഇപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു!! ഇത് ഓര്‍ത്ത്‌  ഇവിടെ പറയാന്‍ മറ്റൊരു കാര്യവും ഉണ്ട്. ഈ സ്നേഹിതന്‍ ഇതുകഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ ലോകം വിട്ടു പോയി!!!

ഞങ്ങള്‍ പണി തുടര്‍ന്നുകൊണ്ടിരുന്നു. ഇനിയുള്ളത് ഇരുപത്തിമൂന്നാമത്തെ ഫ്ലോറിലെ പണിക്കായി

ബീമുകള്‍, അവിടേക്ക് എത്തിക്കേണ്ട ജോലിയാണ്.. കെട്ടിടത്തിന്റെ മറ്റു പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍, മുകളില്‍ സാധനങ്ങള്‍ ഓരോ ഫ്ലോറിലേക്കും എത്തിച്ചുകൊണ്ടിരുന്ന ക്രെയിനുകളൊക്കെ, പ്രവര്‍ത്തനം നിര്‍ത്തി അഴിച്ചു
മാറ്റിക്കഴിഞ്ഞിരുന്നു! അതിനാല്‍ ഈ ബീമുകള്‍ 
മുകളിലെത്തിക്കാനുള്ള മാര്‍ഗ്ഗം തേടി, ഞാന്‍ ഈ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന വെള്ളക്കാരന്‍ എന്‍ജിനീയറെ, കാണാന്‍ ചെന്നു. ലിഫ്റ്റുകളുടെ ഉയരം കുറവായതിനാല്‍, ബീമുകള്‍ അതുപയോഗിച്ച് മുകളിലേക്ക് കൊണ്ടുപോകാന്‍ സാദ്ധ്യമായിരുന്നില്ല.

ഒടുവില്‍ അദ്ദേഹം ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. കെട്ടിടത്തിന്റെ പുറത്തെ ചുമരില്‍ പതിക്കാനായുള്ള കണ്ണാടി പാനലുകള്‍ മുകളിലേക്ക് കൊണ്ടുപോകാനും ഉറപ്പിക്കാനുമുള്ള ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ഒരു തൊട്ടില്‍, പുറത്തുണ്ടായിരുന്നു. അതിനുള്ളില്‍ രണ്ടു പേര്‍ കയറി നിന്നതിനുശേഷം, അഞ്ചോ ആറോ ബീമുകള്‍ കുത്തനെ പിടിച്ചുകൊണ്ടു, ഉള്ളില്‍ത്തന്നെയുള്ള സ്വിച്ച് പ്രവര്‍ത്തിപ്പിച്ചു മുകളില്‍ ചെന്ന്, ജനാല വഴി ഉള്ളിലേക്ക് ബീമുകള്‍ ഇറക്കുക. വേറെ വഴികള്‍ ഒന്നും ഇല്ലായിരുന്നതിനാല്‍,

റിസ്ക്‌ എടുത്തായാലും അങ്ങനെ തന്നെചെയ്യാം
എന്ന് ഞാനും  ഉറപ്പിച്ചു.  അടുത്ത ദിവസം വെള്ളിയാഴ്ചയായതിനാല്‍ അന്ന് ക്രേഡിലും ഫ്രീയായിരിക്കും.രാവിലേതന്നെ രണ്ടു മൂന്നു പേരുമായിവന്നാല്‍ ബീമുകളെല്ലാം രണ്ടു മണിക്കൂറുകള്‍ കൊണ്ട് മുകളിലെത്തിച്ചിട്ടു അടുത്ത ദിവസം വന്നു പണി തുടങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു!!

ഈ തൊട്ടിലുകള്‍ നിങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും, 

അതിന്‍റെപ്രവര്‍ത്തനത്തെപ്പറ്റി ഇവിടെഅല്‍പ്പം
പറയേണ്ടിയിരിക്കുന്നു!   കോയിലുകളായി  
ചുറ്റി വച്ചിരിക്കുന്ന വൈദ്യുതി  കേബിളിന്‍റെ
താഴെയുള്ള അറ്റം, താഴെത്തന്നെയുള്ള ഏതെങ്കിലും പവര്‍ ലൈനില്‍ ഘടിപ്പിക്കുന്നു. തൊട്ടിലിനകത്ത് നില്‍ക്കുന്ന ആള്‍ അതില്‍തന്നെയുള്ളസ്വിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍,മുകളിലേക്കോ താഴേക്കോ തൊട്ടിലുമായി നീങ്ങാം. ആവശ്യമുള്ള സ്ഥലത്തെത്തിയാല്‍ ബട്ടണ്‍ അമര്‍ത്തി ക്രേഡില്‍ നിര്‍ത്തുകയും ചെയ്യാം.കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി ഉറപ്പിച്ചിരിക്കുന്ന ഉരുക്ക് റോപ്പുകളാണ്,ഈ    തൊട്ടിലിനെ  താങ്ങി  നിര്‍ത്തുന്നത്!!

വെള്ളിയാഴ്ച രാവിലെ തന്നെ, ‍ഉയരങ്ങളെ 
ഭയമില്ലാത്ത രണ്ടു ജോലിക്കാരേയും കൂട്ടി ഞാന്‍ സൈറ്റിലെത്തി. അവധിദിവസമായിരുന്നതിനാല്‍ സൈറ്റ് തീര്‍ത്തും വിജനമായിരുന്നു!! അഞ്ചു ബീമുകള്‍ കയറ്റിയപ്പോഴേക്കും,  രണ്ടു സ്റ്റീല്‍ റോപ്പുകളില്‍തൂങ്ങി നില്‍ക്കുന്ന   തൊട്ടിലിന്‍റെ  ബാലന്‍സിംഗിനു ആട്ടം തുടങ്ങിയതിനാല്‍, കൂടുതല്‍ കയറ്റാന്‍ നില്‍ക്കാതെ സ്വിച്ച് പ്രവര്‍ത്തിപ്പിച്ചു മുകളിലേക്ക് പോകാന്‍ ഞാന്‍ അവരോടു പറഞ്ഞു.

ആടിആടിയുള്ള തൊട്ടിലിന്റെ പോക്ക്, താഴെനിന്നു അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്കത്ര പന്തിയായി തോന്നിയിരുന്നില്ല. കൂടാതെ ശക്തമായ കാറ്റും ഇടയ്ക്കിടെ വീശാന്‍ തുടങ്ങിയിരുന്നു!!എന്‍റെ ഉള്ളില്‍ നേരിയ ഒരു ഭയം അരിച്ചുകയറാന്‍ തുടങ്ങിയത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു!! തൊട്ടിലിനു വല്ലതും സംഭവിച്ചാല്‍, രണ്ടു ചെറുപ്പക്കാരുടെ ജീവനുകള്‍ക്ക് ഞാന്‍ ഉത്തരം പറയേണ്ടതോടൊപ്പം,ശിഷ്ടകാലം അറബി ജെയിലിലും കഴിച്ചുകൂട്ടാം!! ഈ ഒരു ഐഡിയാ പറഞ്ഞുതന്ന സായിപ്പിന്റെ ബുദ്ധിയില്‍, എനിക്ക് ആദ്യമായി സംശയം തോന്നിത്തുടങ്ങി!! "ദൈവമേ, ഈ ഒരു ട്രിപ്പ്‌,ഈ, ഒരേ ഒരെണ്ണം മാത്രം, കഴിഞ്ഞു കിട്ടിയാല്‍ പിന്നെ, ഞാന്‍

തന്നെ വേറെ ഏതെങ്കിലും ഒരു വഴിയില്‍ സകല ബീമുകളും എത്തിച്ചോളാമേ" എന്ന് ഞാന്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു.

എന്തോ എന്ന്അറിയില്ല,ആപ്രാര്‍ത്ഥനയുടെ പകുതി മാത്രമേ ദൈവങ്ങള്‍ അപ്പോള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നുള്ളൂ എന്ന്, അടുത്ത നിമിഷങ്ങളില്‍ എനിക്ക് മനസ്സിലായി!! വലിയ ഒരു  മുരള്‍ച്ചയോടെ   തൊട്ടിയുടെ മുകളിലേക്കുള്ളചലനം നിലച്ചതും, വൈദ്യുതി താഴെനിന്നും കൊടുത്തുകൊണ്ടിരുന്ന കേബിള്‍ ‍തൊട്ടിലിനടിഭാഗത്തുനിന്നും   പൊട്ടി 

താഴേക്ക് പതിച്ചതും ഒപ്പമായിരുന്നു!!

ഞാന്‍ സ്തബ്ധനായി നിന്നുകൊണ്ട് ആ കാഴ്ച കണ്ടു!! കാറ്റിലുലയുന്ന തൊട്ടിലിനുള്ളില്‍ ബീമുകള്‍ വീഴാതെ താങ്ങിപ്പിടിച്ചുകൊണ്ട്, രണ്ടു സാധു ജോലിക്കാര്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍, തൃശങ്കുവിലെന്നോണം നില്‍ക്കുകയാണ്! ജീവന് അപകടമൊന്നും തത്ക്കാലം ഇല്ലെങ്കിലും, എത്ര നേരം ആ പൊരിഞ്ഞ വെയിലില്‍ ഭയപ്പാടോടെ മുന്നൂറടിയോളം ഉയരത്തില്‍, അവര്‍ നില്‍ക്കേണ്ടിവരും, എന്ന് എനിക്കും, നിശ്ചയമില്ല. കാറ്റിന്‍റെ ശക്തി കൂടുകയോ, അതുമല്ലെങ്കില്‍ കുത്തനേ പിടിച്ചുകൊണ്ടുനില്‍ക്കുന്ന

ബീമുകളിലേതെങ്കിലും വഴുതി കൈയില്‍നിന്നും  
വീഴുകയോ ചെയ്‌താല്‍ , തൊട്ടിലിന്‍റെ  ബാലന്‍സ്
തെറ്റി അത്  മൊത്തമായി ഒരു  വശത്തേക്ക്
ചരിയും എന്നുള്ള   കാര്യം    ഉറപ്പാണ്!!!  
അതോടെ സര്‍വവും അവിടെ അവസാനിക്കും!!!വെള്ളിയാഴ്ചയായതിനാല്‍എല്ലാവര്‍ക്കും അവധിദിവസമാണ്! ഒറ്റ കുഞ്ഞിനെപ്പോഴും ഒരു സഹായത്തിനു വിളിക്കാനായി ആ പരിസരത്തെങ്ങും കാണാനുമില്ല!!

ഞാന്‍  ‍വേഗംതന്നെ സമനില വീണ്ടെടുത്തു.

ഉടനെ ചെയ്യേണ്ടത്, താഴെ പൊട്ടി
വീണു കിടക്കുന്ന കേബിളിലേക്കുള്ള
വൈദ്യുതി ബന്ധം വിഛേദിക്കുക, എന്നുള്ളതാണ്. അറിയാതെ ആരെങ്കിലും അതില്‍ ചവിട്ടിയാല്‍, ഷോക്കടിച്ചു ജീവന്‍ പോകും എന്നുള്ളത് ഉറപ്പാണ്!! അതിനായി കേബിള്‍ വന്ന വഴി പിന്തുടര്‍ന്നു പോയ എന്‍റെ മുന്‍പില്‍ പക്ഷെ ,  പൂട്ടിയ നിലയിലുള്ള ഒരു മുറിയാണ് കാണാന്‍ കഴിഞ്ഞത് !!അതിന്‍റെ വാതിലിനടിയിലൂടെ കേബിള്‍ പുറത്തേക്ക് എടുത്തിരിക്കയാണ്! അത് എനിക്ക് മറ്റൊരു ഷോക്കായി!!

മുകളില്‍ നില്‍ക്കുന്നവരുടെ കാര്യമോര്‍ത്തപ്പോള്‍, എന്‍റെ പരിഭ്രമം ഇരട്ടിച്ചു. ഞാന്‍ ആരെയെങ്കിലും സഹായത്തിനു കിട്ടുമോ എന്ന് അന്വേഷിച്ചു മുന്‍പോട്ടു നടക്കാന്‍ തുടങ്ങി!!!

പെട്ടെന്നാണ് എവിടെനിന്നോ  പൊട്ടി  

വീണതുപോലെ  യൂണിഫോറമണിഞ്ഞ ഒരു സര്‍ദാര്‍ജി, എനിക്കെതിരെ  വരുന്നത് ഞാന്‍ കണ്ടത്!!.അവിടുത്തെ സെക്യൂരിറ്റി  ജീവനക്കാരനാണെന്നു തോന്നുന്നു. എനിക്ക് അദ്ദേഹമപ്പോള്‍ ഒരു ദൈവദൂതനെക്കാള്‍ പ്രിയപ്പെട്ടവനായിരുന്നു!!! എന്‍റെ പരിഭ്രമം നിറഞ്ഞ മുഖം ശ്രദ്ധിച്ച അദ്ദേഹം കാര്യങ്ങള്‍ തിരക്കി.ഒരു വിധത്തില്‍ അറിയാവുന്ന  ഉറുദുവില്‍ കാര്യങ്ങളൊക്കെ
പറഞ്ഞു,    ഒടുവില്‍,  വായുവില്‍ ‍ തൂങ്ങി 
നില്‍ക്കുന്ന  സഹപ്രവര്‍ത്തകരെയും 
കാട്ടിക്കൊടുത്തപ്പോഴാണ്, സംഗതിയുടെ ഗൌരവം
അദ്ദേഹത്തിനും ബോദ്ധ്യമായത്!!!

സെക്യൂരിറ്റി വിഭാഗത്തിലായതിനാല്‍, വൈദ്യുതിമുറിയുടെ ചാവി അദ്ദേഹത്തിന്‍റെ കയ്യില്‍ത്തന്നെ ഉണ്ടായിരുന്നത് ഭാഗ്യമായി. മുറി തുറന്നു കേബിള്‍ അഴിച്ചെടുത്തു  അതുമായി ഞങ്ങള്‍ ‍ലിഫ്റ്റിലൂടെ ഇരുപതാമത്തെ നിലയിലേക്ക് കുതിച്ചു. ജനാല വലിച്ചു തുറന്നു പുറത്തേക്ക് നോക്കിയപ്പോള്‍ അല്‍പ്പം മുകളിലായി തൊട്ടില്‍ കണ്ടു. ഹാവൂ, ആശ്വാസമായി!!ഇനി മാനേജുചെയ്യാവുന്ന കാര്യമേ ഉള്ളൂ. പൊട്ടി തൂങ്ങി കിടന്ന കേബിള്‍  ‍വല്ല വിധേനയും എത്തിപിടിച്ചു, കയ്യില്‍ കൊണ്ടുപോയ കേബിളുമായി യോജിപ്പിച്ചു താഴേക്ക് ഇട്ടു. വീണ്ടും താഴെ ഇറങ്ങി മുറിക്കകത്തെ പ്ലഗ്ഗില്‍ കേബിള്‍ ഘടിപ്പിച്ചപ്പോള്‍, കാതുകള്‍ക്ക് ഇമ്പമഴയായി, തൊട്ടില്‍ ഒരു ഇരമ്പലോടെ വീണ്ടും 

സജീവമായി!

ആ ഒരേ ട്രിപ്പോടുകൂടിത്തന്നെ, ആ പണി ഞങ്ങള്‍ അവസാനിപ്പിച്ചു.ഒരു പക്ഷെ , അഞ്ചു ബീമുകളുടെയും രണ്ടു ആളുകളുടെയും

ഭാരം താങ്ങാന്‍ കഴിയാതെ, ആ വൈദ്യുത കേബിളിനു പകരം, തൊട്ടില്‍ തൂക്കി ഇട്ടിരുന്ന കേബിളുകളിലൊന്നായിരുന്നു പൊട്ടിയിരുന്നതെങ്കില്‍ സംഭവിക്കുന്നത് മറ്റൊരു വലിയ ദുരന്തമാകുമായിരുന്നു !!!അതുകൊണ്ടുതന്നെ, പിന്നീട് മറ്റൊരു മാര്‍ഗ്ഗത്തിലൂടെയാണ്, ആ ബീമുകള്‍ മുകളിലെത്തിച്ചതും, ആ പണി സമയത്ത് തന്നെ തീര്‍ത്ത്‌ കൊടുത്തതും!!!

പിന്നീട് ദുബായില്‍ തിരികെ എത്തി, ദൈനംദിനകാര്യങ്ങളുമായി ജീവിതം മുന്‍പോട്ടു പോകുമ്പോഴും, അന്ന് എന്തുമാത്രം അപകടം പിടിച്ച ഒരു ഉദ്യമത്തിലാണ് ഞങ്ങള്‍ ഏര്‍പ്പെട്ടിരുന്നത് എന്ന് മറ്റുള്ളവര്‍  പറയുമ്പോള്‍, മനസ്സിലേക്ക് ആ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍, ഒരു പേടിസ്വപ്നം പോലെ  അലയടിച്ചെത്തുമായിരുന്നു!!!!!


Monday, October 1, 2012

വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയും!!!!!!



വളര്‍ത്തു മൃഗങ്ങളോടുള്ള എന്‍റെ അതിയായ ഇഷ്ടത്തെപ്പറ്റി ഞാന്‍ മുന്‍പൊരിക്കല്‍ ഇവിടെത്തന്നെ പറഞ്ഞിരുന്നു. പട്ടണത്തില്‍ ജനിച്ചു ഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ട ഒരു ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത് എന്നതിനാല്‍, ഗ്രാമത്തിലെ എല്ലാ വീടുകളെയും പോലെ, എന്‍റെ വീട്ടിലും പട്ടിയും പൂച്ചയും പശുവും ആടും കോഴികളുമൊക്കെ, ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബാല്യം കൌമാരത്തിന് വഴി മാറികൊടുത്തിരുന്ന കാലത്താണ്, ദേശവും കാലവും ഭാഷയുമൊക്കെ മാറുന്ന മുറയ്ക്ക്, ഇവയിലും വൈവിധ്യം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നു എനിക്ക് മനസ്സിലായത്.

മൊബൈലും ഫേസ്ബുക്കുമൊന്നും ഇല്ലായിരുന്ന ആ കാലത്ത്, നാടിനകത്തും പുറത്തും സുഹൃത്തുക്കളെ കണ്ടെത്തിയിരുന്നത്, തൂലിക സുഹൃത്ബന്ധങ്ങളിലൂടെയായിരുന്നു. ഏതെങ്കിലും മാസിക വഴിയോ മറ്റോ ലഭിക്കുന്ന മേല്‍വിലാസത്തില്‍ കത്തുകളയച്ചു, അവര്‍ അയയ്ക്കുന്ന മറുപടിക്കത്തുകളിലൂടെ ആ സൗഹൃദം വളര്ത്തിയെടുത്തിരുന്നു പലരും. ഇക്കൂട്ടത്തില്‍ എനിക്കും ഉണ്ടായിരുന്നു അമേരിക്കന്‍ വംശജരായ ഏതാനും സ്നേഹിതര്‍! എയര്‍ മെയിലില്‍ വന്നിരുന്ന അവരുടെ കത്തുകള്‍ അന്നൊക്കെ, വളരെ ആവേശത്തോടെയാണ് വരവേറ്റിരുന്നത്!! അത് പൊട്ടിച്ചു വായിക്കുമ്പോഴുള്ള സന്തോഷവും, കൂട്ടുകാരുടെ ഇടയില്‍ നിന്നും ലഭിക്കുന്ന അസൂയയുടെ നിറം കലര്‍ന്ന അഭിനന്ദനങ്ങളുമൊക്കെ, ഇന്നും മസ്സില്‍ മായാതെ പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളിലുണ്ട്!!!

ഈ കുട്ടികളുടെ കൂട്ടത്തില്‍ ഷെറി എന്ന് പേരുള്ള ഒരു പെണ്‍കുട്ടി അവളുടെ പെറ്റിനെപ്പറ്റി എന്നെ അറിയിച്ചപ്പോഴാണ്, പെറ്റുകളുടെ പട്ടികയില്‍ മറ്റു ജീവികളും ഉള്‍പ്പെടും, എന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കുന്നത്!! ഷെറിയുടെ പെറ്റ് ഒരു ചീങ്കണ്ണിക്കുഞ്ഞായിരുന്നു!!! അതിലും അത്ഭുതം അതിന്റെ നീളം എത്രത്തോളം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കിത്തരാനായി, അവള്‍ കണ്ടുപിടിച്ച രസമുള്ള ഒരു മാര്‍ഗ്ഗമായിരുന്നു!!! ചെറിയ കുട്ടിയായിരുന്നതിനാല്‍ നീളം അളക്കാനുള്ള അളവുകളായ ഇഞ്ചും അടിയും ഒന്നും എന്നെപ്പോലെതന്നെ അവള്‍ക്കും, അഞ്ജാതമായിരുന്നു! മോഹന്‍ എന്നുള്ള എന്‍റെ പേരുകൂടി എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നു അവള്‍ എന്നോട് ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്! പെറ്റിനെപ്പറ്റി അവള്‍ എഴുതിയ കത്തില്, ZIG-ZAG ആയിട്ട് കുറച്ചു നീളത്തില് ഒരു വര അവളങ്ങു വരച്ചു!! അത്ര തന്നെ! എന്നിട്ട് എന്നോട് പറഞ്ഞു, നീ ഈ വരയങ്ങു STRAIGHTEN ചെയ്തു നോക്കിയാല്‍ എന്‍റെ ചീങ്കണ്ണിക്കുഞ്ഞിന്റെ നീളം കിട്ടുമെന്ന്!! എങ്ങനെയുണ്ട് ആ ബാലികയുടെ ചെറിയ ബുദ്ധിയിലുദിച്ച ഈ വലിയ ഐഡിയ???

പില്‍ക്കാലത്ത് ദുബായിലേക്ക് ചേക്കേറിയപ്പോഴാണ്, നമ്മുടെ മനസ്സില്‍ ഒരിക്കല്‍പോലും ഇല്ലാത്ത മറ്റു ചിലവയെ കൂടി, പെറ്റുകളുടെ ആ പട്ടികയില്‍ ഉള്‍പ്പെടുത്താം എന്ന് എനിക്ക് മനസ്സിലായത്!

ഷേക്ക്ഫാമിലിയുടെ ഒരു വില്ലയിലുള്ള ചില അറ്റകുറ്റപ്പണികളുടെ എസ്ടിമേറ്റ് എടുക്കാനാണ് ഞാനും സഹായിയും കൂടി അവിടേക്ക് ചെന്നത്. അവരുടെ അടുക്കളയിലും ചില റിപ്പെയര്‍ ജോലികള്‍ ഉണ്ടെന്നു പറഞ്ഞതിനാല്‍, കുശിനിക്കാരനായ മലയാളി ചെറുപ്പക്കാരന്‍ സന്തോഷത്തോടുകൂടി ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചുവരുകളുടെ ചില റിപ്പെയര്‍ പണികള്‍ക്കായി ഞാന്‍ ടേപ്പ് കൊണ്ട് അതിന്റെ അളവുകള്‍, വിശാലമായ പാതകത്തിന്റെ മുകളില്‍ കയറി നിന്നുകൊണ്ട് എടുക്കുകയായിരുന്നു. ഒരു നിമിഷം എന്തോ കാരണത്താല്‍ പേട്ടെന്ന് താഴേക്കു നോക്കിയ ഞാന്‍ അടുത്ത ക്ഷണം ഒരു നിലവിളിയോടെ താഴേക്കു ചാടി!! നല്ല കറുത്ത നിറത്തിലുള്ള ഒരു പാമ്പ് ഒരു പാത്രത്തിനകത്തുനിന്നും മെല്ലെ തല പൊക്കി എന്നെത്തന്നെ ഉറ്റുനോക്കുന്നത്, ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കണ്ടത്!!! എന്റെ പരിഭ്രാന്തിനിറഞ്ഞ മുഖം ശ്രദ്ധിച്ച ആ ചെറുപ്പക്കാരന്‍ ഒരു ചെറു ചിരിയോടെ എന്നോട് പറയുകയാണ്, അവരുടെ അര്‍ബാബിന്റെ മകന്‍ ഓമനിച്ചു വളര്‍ത്തു ഒരു പാമ്പാണതെന്ന്.

പറഞ്ഞു തീര്‍ന്നില്ല, സുമുഖനായ ഒരു അറബി ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അകത്തേക്ക് കടന്നു വന്നു. ധരിച്ചിരുന്ന വേഷത്തില്‍ നിന്നും ഓഫീസ് കഴിഞ്ഞുള്ള വരവാണ് അത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അകത്ത് വന്ന അദ്ദേഹം വേഗംതന്നെ ആ പാമ്പിനെ കൈകളില്‍ വാരി എടുത്തു അതിന്റെ മുഖത്തില്‍ മുത്തം കൊടുക്കുന്നത് ഞങ്ങള്‍ തെല്ല് ഭയത്തോടെയാണ് നോക്കിനിന്നത്!!! അറബി ഭാഷ വശമില്ലായിരുന്നതിനാല്‍ പാമ്പിനോട് എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് എന്ന് ഞങ്ങള്‍ക്കും മനസ്സിലായില്ല!!! വല്ലവിധേനയും വന്ന ജോലി പൂര്ത്തിയാക്കി ഞങ്ങള്‍ വേഗം തന്നെ സ്ഥലം വിട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!!!

മറ്റൊരിക്കല്‍, ഇതുപോലെലെതന്നെയുള്ള ഒരു അറബി വില്ലയുടെ അകത്ത് കടന്നപ്പോള്‍, സാമാന്യം വലിയ ഒരു മൃഗശാല തന്നെ അതിനുള്ളില്‍ കാണാനിടയായി! പുറത്തെ ചുറ്റുമതിലിനോട് ചേര്‍ത്തു പണികഴിപ്പിച്ചിരിക്കുന്ന പൈപ്പു ഫ്രേമുകളിലായി, വലകള്‍ ഉറപ്പിച്ചിരിക്കുന്നു. അതിനുള്ളില്‍ ചെറുതും വലുതുമായ ഒരുപാട് പക്ഷികള്‍! ലവ്ബേര്ഡ്സ് മുതല്‍ വലിപ്പമുള്ള ആഫ്രിക്കന്‍ തത്തകള്‍ വരെയുണ്ട് ആ കൂടുകള്‍ക്കുള്ളില്‍! മറ്റൊരു ഭാഗത്ത് കുറച്ചു കുരങ്ങുകള്‍! കൂടാതെ പുല്ത്തകിടികളില്‍ യഥേഷ്ടം മേയുന്ന മയിലുകള്‍! പുറത്തേക്കുള്ള ഗേറ്റ് തുറക്കുമ്പോള്‍ ഇവകള്‍ വെളിയില്‍ പോകാതെ സൂക്ഷിക്കണം എന്ന് ഞങ്ങള്‍ക്കു നേരത്തെതന്നെ അറിയിപ്പ് ലഭിച്ചിരുന്നു. അവയിലോന്നിന്റെ പീലികള്‍ വിരിച്ചുള്ള നൃത്തം കാണാന്‍, ജോലികള്‍ നിര്‍ത്തി വച്ചു ഞങ്ങളുടെ പണിക്കാരും കൂടുന്നത് ഞാന്‍ കണ്ടു.

രണ്ടാഴ്ചകള്‍ക്കു മുന്പു, ഓഫീസിന്റെ വാതില്‍ തുറന്നു ശുഭ്രവസ്ത്രധാരിയായ ഒരു അറബി മുന്‍പില്‍ വന്നു ഇരുന്നപ്പോള്‍, ഏതോ പണികളുടെ കാര്യത്തിനായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ വിചിത്രമായ ഒരാവശൃവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്! അദ്ദേഹത്തിന്റെ കാറില്‍ ഒരു കുറുക്കനെ കൊണ്ടുവന്നിട്ടുണ്ട്! വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന ഇതിന്‍റെ കഴുത്തിലെ തുടല്‍ എങ്ങനെയോ ഇറുകി, മാംസവും തുളച്ചിറങ്ങി അവിടെയെല്ലാം അഴുകിയിരിക്കുകയാണ്! അദ്ദേഹത്തിനു ആ തുടല്‍ എങ്ങനെയെങ്കിലും മുറിച്ചു മാറ്റിക്കൊടുണം. ഞാന്‍ പോയി നോക്കിയപ്പോള്‍ ആ ജീവി വേദന കൊണ്ടാണോ എന്നറിയില്ല, ആ കൂടിനകത്ത് പരിഭ്രാന്തിയോടെ ഓടി നടക്കുകയാണ്! കുറച്ചു ശ്രമകരമായിരുന്നെന്കിലും, ഞങ്ങളുടെ ജോലിക്കാര്‍ വിദഗ്ദമായി തന്നെ കഴുത്തില്നിന്നും അത് കട്ട്ചെയ്തു മാറ്റി ആ സാധു ജീവിയുടെ ജീവന്‍ രക്ഷിച്ചു!!! അങ്ങനെ നമ്മുടെ കുറുക്കനും ഇവിടെയൊരു പെറ്റാണ്!!

ഇവിടുത്തെ ദേശീയ പക്ഷിയായ ഫാല്‍ക്കനെപ്പറ്റി ഒരു വാക്ക് പറയാതെപോയാല്‍, അത് നീതിയാവില്ല. ഞങ്ങളുടെ ജോലിസ്ഥലത്ത്, ഓരോ ആവശ്യങ്ങള്‍ക്കായി  സമീപിക്കുന്ന അറബികളില്‍ ചിലര്‍ വന്നിരുന്നത്, കൈത്തണ്ടയില്‍ ഇരുപ്പുറപ്പിചിരിക്കുന്ന തലയെടുപ്പുള്ള ഈ പക്ഷികളുമായാണ്! നായാട്ടിനും മറ്റും ഉപയോഗിക്കുന്ന ഈ ദേശീയപക്ഷികളില്‍ ചില ഇനങ്ങള്‍ക്കോക്കെ, പ്രാദേശിക വിപണികളില്‍ പൊള്ളുന്ന വിലയാണെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞുതരുമ്പോള്‍, ഞാന്‍ അത്ഭുതത്തോടെ കേട്ടുനില്‍ക്കുമായിരുന്നു!!! 

Monday, September 24, 2012

അമ്മയല്ലാതൊരു ദൈവമുണ്ടോ..........



"അമ്മയല്ലാതൊരു ദൈവമുണ്ടോ,
അതിലും വലിയൊരു കോവിലുണ്ടോ"
പുറത്ത് വെയില്‍ കത്തിക്കാളുകയായിരുന്നു. കാറിനുള്ളിലെ ശിതീകരിച്ച അന്തരീക്ഷത്തില്‍, ഒരു സ്നേഹിതന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു, നേരം കുറേയേറെയായി!! റേഡിയോയില്‍ നിന്നും ഒഴുകിയെത്തിയ ഗാനത്തിന്റെ ഈരടികള്‍ പാതി മയക്കത്തിലായിരുന്ന മനസ്സിന്റെ പൂമുറ്റത്ത്, അമ്മയെക്കുറിച്ചുള്ള ഒരായിരം വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി വച്ചു!!!

അമ്മ ഞങ്ങളെയൊക്കെ വിട്ടു കണ്‍മുമ്പില്‍നിന്നും മറഞ്ഞിട്ട്, ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു! എങ്കിലും തറവാടിന്‍റെ മുമ്പിലെ വരാന്തയുടെ പടികളിലൊന്നില്‍, ഇപ്പോഴും എനിക്കായി കാത്തിരിക്കുന്ന മുഖമാണ് ഓര്‍മ്മകളില്‍ നിറയെ.

അമ്മയെപ്പറ്റി പറയുമ്പോഴല്ലേ എല്ലാവര്‍ക്കും നൂറു നൂറു നാവുകള്‍! വിശന്നു കരയുന്നതിനുമുന്പേ, വയറുനിറയുവോളം പാലൂട്ടുന്ന, പിച്ചവച്ചു നടക്കുമ്പോള്‍, വീഴുന്നതിന് മുന്‍പേതന്നെ, പിന്നില്‍നിന്നും സ്നേഹ കരങ്ങളാല്‍ താങ്ങുന്ന, വികൃതികള്‍ കാട്ടുമ്പോഴും, മറ്റുള്ളവരില്‍നിന്നും ശകാരമോ ശിക്ഷയോ ഏറ്റുവാങ്ങുവാന്‍ സമ്മതിക്കാതെ, പുറകില്‍ ഒളിപ്പിച്ചുപിടിക്കുന്ന, ചെറിയ ക്ലാസ്സുകളിലെ പാഠങ്ങളൊക്കെ എനിക്ക് മുന്‍പേതന്നെ പഠിച്ചു, എന്നെ എപ്പോഴും തയ്യാറാക്കി സ്കൂളിലേക്ക് അയച്ചിരുന്ന, എന്തിനേറെ, കോളേജ് പഠനത്തിനായി ദൂരെയുള്ള അമ്മയുടെ വീട്ടിലേക്കു പോകുന്നതിനു തലേ രാത്രിയില്‍, ആരും കാണാതെ, കുഞ്ഞു കുഞ്ഞു നാണയങ്ങളും നോട്ടുകളും ചേര്‍ത്തു വച്ച സമ്പാദ്യം മുഴുവനും, നിറഞ്ഞ മനസ്സോടെ എന്നെ ഏല്പ്പിക്കുന്ന ആ സ്നേഹനിധിയെ, ഞാന്‍ എങ്ങനെ ഓര്‍ക്കാതിരിക്കും!!! ഇത്രമാത്രം എന്നെ സ്നേഹിച്ചിരുന്ന വേറെയാരും തന്നെ, ഈ ലോകത്തില്‍ ഉണ്ടായിരുന്നില്ല എന്നുള്ള സത്യം മനസ്സിലാക്കാന്‍, ഞാനെന്തേ ഇത്ര വൈകിപ്പോയി???????

അമ്മയുടെ ബാല്യം സന്തോഷഭരിതമായിരുന്നു എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്.തലസ്ഥാന നഗരിയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന അമ്മ പഠിചിരുന്നതും അക്കാലത്തെ നല്ലൊരു  സ്കൂള്‍ ആയ മോഡല്‍ സ്കൂളില്‍ തന്നെയായിരുന്നു. കൂട്ടുകാരികളുമോത്തു, മ്യുസിയത്തിനകത്തുകൂടിയുള്ള എളുപ്പവഴിയേ നടന്നാണ് അമ്മ സ്കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ഥയായിരുന്ന അമ്മയെ, അദ്ധ്യാപികമാര്‍ക്കും ഇഷ്ടമായിരുന്നു! നര്‍മ്മബോധം വേണ്ടുവോളം ഉണ്ടായിരുന്ന അമ്മയുടെ ചെറിയ ചെറിയ വികൃതികളൊക്കെ, അതുകൊണ്ടുതന്നെ അവരൊക്കെ കണ്ടില്ലെന്നു നടിച്ചിരുന്നു. എങ്കിലും ഒരിക്കല്‍ മാത്രം അവര്‍ അമ്മയെ കൈയ്യോടെ പിടികൂടി!

അമ്മയ്ക്ക് ആള്‍ജിബ്ര വളരെ പ്രയാസമുള്ള ഒരു വിഷയമായിരുന്നു. ഒരു ദിവസം ആള്‍ജിബ്ര മിസ്സ്‌ വരുന്നതിനുമുമ്പ് അമ്മ ഒരു ചോക്ക് പീസെടുത്തു ബോര്‍ഡില്‍ ഇങ്ങനെ എഴുതി വച്ചു! "ALGEBRA IS A ZEBRA, WHICH IS LIKE A COBRA" ഒറ്റനോട്ടത്തില്‍ അര്‍ഥമില്ലാത്ത കുറെ വാക്കുകള്‍!എങ്കിലും അതിലെ പ്രാസം ഉള്ള പ്രയോഗം വായിച്ചു കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! ഈ സമയത്തായിരുന്നു ആള്‍ജിബ്ര മിസ്സിന്റെ വരവ്! പോരേ പൂരം! എന്നാല്‍ അവിടെയും അമ്മ കഠിനശിക്ഷകളൊന്നുമില്ലാതെ രക്ഷപെട്ടു! നൂറു തവണ ബോര്‍ഡില്‍ എഴുതിവച്ചിരുന്ന വാക്യം തന്നെ അടുത്ത ദിവസം വരുമ്പോള്‍ എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു!! അത്ര തന്നെ!! പിന്നീട് തരം കിട്ടുമ്പോഴൊക്കെ അമ്മാവന്‍മാരോട് ചേര്‍ന്ന് ഞങ്ങളും ഈ വാചകം പറഞ്ഞു അമ്മയെ കളിയാക്കുമായിരുന്നു!!!!

വിവാഹം ഒക്കെ കഴിഞ്ഞു ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവുമൊത്ത്, പല സ്ഥലങ്ങളിലും അമ്മ താമസിച്ചിരുന്നു. തമിഴ്‌ സംസാരിക്കുന്ന കന്യാകുമാരി ജില്ലയില്‍ താമസിച്ചിരുന്ന കാലത്ത്, തമിഴ്‌ ഭാഷയും അമ്മ, സ്വായത്തമാക്കിയിരുന്നു! പില്‍ക്കാലത്തില്‍, തമിഴിലെ പ്രസിദ്ധമായ 'ആനന്ദവികടന്‍' മാസികയിലെ കുട്ടിക്കഥകളൊക്കെ ഞങ്ങള്‍ കുട്ടികളെ ചുറ്റുമിരുത്തി വായിച്ചു, മലയാളത്തിലാക്കി കേള്‍പ്പിക്കുമായിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു!!!

ആ നല്ല ദിനങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ഒടുവില്‍ അമ്മ കിടപ്പിലായി. പിന്നീട് അവധിക്കു പോകുമ്പോഴൊക്കെ അടുത്തിരുന്നു ഇഷ്ടമുളള പാട്ടുകള്‍ കേള്‍പ്പിച്ചുമൊക്കെ അമ്മയ്ക്ക് പരമാവധി സന്തോഷം കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു! എങ്കിലും അവസാനമായി ആ മിഴികളടയുന്ന സമയത്ത് എനിക്ക് ആ അരികിലുണ്ടാവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് ഇന്നും ഒരു തീരാ ദുഃഖമായി അവശേഷിക്കുന്നു!! അബോധാവസ്ഥയില്‍ ആയിരുന്നിട്ടുകൂടി ഇടയ്ക്കെപ്പോഴോ ബോധം തെളിയുമ്പോഴൊക്കെ അമ്മയുടെ ചുണ്ടുകള്‍ "എന്റെ മോന്‍ വന്നോ?" എന്ന വാക്കുകള്‍ അസ്പഷ്ടമായി ഉരുവിടുന്നുണ്ടായിരുന്നത്രെ!!

ഗാനം എപ്പോഴേ നിലച്ചിരുന്നു! നിരനിരയായുള്ള പരസ്യങ്ങളുടെ വരവ് തുടങ്ങിക്കഴിഞ്ഞിരുന്നു! കണ്ണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികള്‍ ഒരുനിമിഷം കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് കവിളുകളെ ഈറനാക്കാന്‍ തുടങ്ങിയിരുന്നു!! ! തപ്പിത്തടയുന്ന വിരലുകള്‍ യാന്ത്രീകമായി റേഡിയോയുടെ ഓഫ്‌ ബട്ടണിലേക്ക് നീങ്ങുമ്പോഴും, മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒരു വിങ്ങലുണര്‍ത്തി  ആ നേര്‍ത്ത ശബ്ദം അലയടിച്ചുകൊണ്ടിരുന്നു..... "എന്റെ മോന്‍ വന്നോ???"

Tuesday, September 18, 2012

അദ്ധ്യയനാനുഭവങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ...



എഞ്ചിനീയറിംഗിന്റെ ആദ്യവര്‍ഷ പഠന വിഷയങ്ങളില്‍, ഇഗ്ലീഷ് ഭാഷയും ഉള്‍പ്പെടുത്തിയിരുന്നത് എനിക്ക് ഒട്ടേറെ സന്തോഷം തന്നിരുന്ന ഒരു കാര്യമായിരുന്നു! ചെറുപ്പം മുതല്‍ക്കുതന്നെ ഭാഷാപഠനത്തെ, അത് ഏതു ഭാഷയായാല്‍പ്പോലും, ഞാന്‍ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ഇതുകൂടാതെ ഇതുവരെ പഠിച്ചതിന്‍റെ തുടര്‍ച്ചയായ കണക്കും മറ്റൊരു വിഷയമായിരുന്നു. പിന്നെ ഉണ്ടായിരുന്നത് സാങ്കേതികത്വത്തിന്‍റെതായ കൂറ്റന്‍ അറിവുകള്‍ പകര്‍ന്നു നല്‍കാനായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന നിരവധി വാതായനങ്ങളായിരുന്നു! അവകളിലൂടെ കടന്നുപോകുമ്പോഴൊക്കെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബൃഹത്തായ പഠനത്തിനുള്ള അടിസ്ഥാനതത്വങ്ങള്‍ കുഞ്ഞു കുഞ്ഞു അറിവുകളായി ഞങ്ങളുടെയൊക്കെ ബുദ്ധിയുടെ ഉള്ളറകളെ മെല്ലെ മെല്ലെ  നിറച്ചുകൊണ്ടിരുന്നു!!!!

ഇതില്‍ ആദ്യം പറഞ്ഞ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്നത്, മറ്റു സാധാരണ arts/science കോളേജുകളില്‍ നിന്നും വന്നിരുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരായിരുന്നു. അതിലൊരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ ക്ലാസ്സുകള്‍ അതീവ ഹൃദ്യങ്ങളായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു!!!

കണക്ക് പഠിപ്പിക്കാനായി വന്നിരുന്നത് മദ്ധ്യവയസ്കനായ ഒരു മാന്യ ദേഹമായിരുന്നു. ജോമെട്രിയും അതിന്റെ പിന്‍ഗാമിയുമായ ട്രിഗോണോമെട്രിയും പഠിപ്പിക്കാന്‍ ഇത്രയും സമര്‍ഥനായ ഒരു അദ്ധ്യാപകന്‍ അന്ന് വേറെ ഉണ്ടായിരുന്നില്ല എന്ന് നിസ്സംശയം പറയാം!!

ഈ അദ്ധ്യാപകന്റെ പഠിപ്പിക്കലിന്റെ രീതി തന്നെ ഒന്ന് വേറെയായിരുന്നു. ഒരു കൈയ്യില്‍ നിറയെ ചോക്കുകഷണങ്ങളുമായി അതിവേഗം ക്ലാസിലേക്ക് കടന്നുവരുന്ന ഇദ്ദേഹം, ആരെയും ഗൌനിക്കാതെ നേരെ ബോര്‍ഡിന്റെ അടുത്തു ചെന്ന് ഒരു പ്രോബ്ലം മുഴുവനായും അതില്‍ എഴുതി വയ്ക്കുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തനതായ അദ്ധ്യാപനശൈലി പുറത്തു വരുന്നത്!

ക്ലാസ്സ് ആകമാനം ഒന്ന് വീക്ഷിച്ചതിനുശേഷം അദ്ദേഹം ഏതെങ്കിലും ഒരു കുട്ടിയുടെ നേര്‍ക്ക്‌ കൈ ചൂണ്ടുന്നു!

'യൂ സ്റ്റാന്റ്അപ്പ്‌ ആന്‍ഡ്‌ റീഡ്‌ ദി ക്യൊസ്ററൃന്‍'

ആ ഹതഭാഗ്യന്‍ വേഗം എഴുന്നേറ്റുനിന്നു. തപ്പിയും തടഞ്ഞും ബോര്‍ഡിലുള്ള പ്രോബ്ലം വായിക്കുന്ന അവന്റെ മനസ്സിലുള്ളത് ഞങ്ങളും വായിക്കുന്നുണ്ടായിരുന്നു പത്തുമുപ്പതുപേര്‍ നിരന്നു ഇരിക്കുന്ന ഈ ക്ലാസില്‍ ഈ കുന്തമോക്കെ വായിച്ചുകേള്‍പ്പിക്കാന്‍ ഈയുള്ളവനെ മാത്രമേ കിട്ടിയുള്ളോ എന്നതാണ് അവന്‍റെ സംശയം! കാലത്തെ കണി കണ്ടവനെ ശപിച്ചുംകൊണ്ട് അവന്‍ വായന പൂര്‍ത്തിയാക്കുമ്പോഴേക്കും, അടുത്ത ഇരയ്ക്കുള്ള ചോദ്യവുമായി അദ്ദേഹം റെഡിയായിക്കഴിഞ്ഞിരിക്കും! വേറെ ഒരുവന് നേര്‍ക്ക്‌ വിരല്‍ ചൂണ്ടി അടുത്ത ചോദ്യം ഇതാ..

'ഹിയര്‍, വാട്ട്‌ ആര്‍ ഗിവണ്‍?'

രണ്ടാമത്തെ ഈ ഹതഭാഗ്യന്റെ വിധി കുറച്ചുകൂടി കഠിനമാണ്. 'ഇവിടെ എന്ത് തന്നിരുന്നാലും എനിക്കൊന്നുമില്ല, എന്നെ വെറുതേ വിട്ടുകൂടേ' എന്നമട്ടിലുള്ള അവന്റെ നില്പ് കാണുമ്പോള്‍തന്നെ ഞങ്ങള്‍ ചിരിയമര്‍ത്താന്‍ പാടുപെടുകയായിരിക്കും!! ഇത് അവനു കുരിശായെന്നു കണ്ടതും, സാറ് തന്നെ ഒടുവില്‍ അവന്‍റെ രക്ഷക്കെത്തുകയായി! ഈ ചോദ്യത്തില്‍ ഇവിടെ എന്തെല്ലാം തന്നിരിക്കുന്നു എന്ന് കണ്ടുപിടിച്ചു, ക്ലാസ്സിനെ അറിയിക്കാന്‍ സാറും അവനെ ഹെല്‍പ്‌ ചെയ്യുന്നു. അങ്ങനെ ആ കുരുക്കും അഴിച്ചെടുത്തു എന്ന് ഞങ്ങളൊക്കെ ആശ്വസിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെയുള്ള അടുത്ത ചോദ്യത്തിന്റെ വരവ്.

'ഹിയര്‍, വാട്ട്‌ ഈസ്‌ ടു ബി ഫൌണ്ട് ഔട്ട്‌?'

വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ ഒന്നു പാളി നോക്കി . എലിക്കുഞ്ഞു പോലെയുള്ള ഒരു അപ്പാവിയാണ് അവിടെ ഇത്തവണ എഴുന്നേല്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്നത്!!!

'ഇത് ഇന്ന് എന്നെയും കൊണ്ടേ പോവുകയുള്ളൂ എന്ന് തോന്നുന്നു, വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങുകയില്ലല്ലോ ദൈവമേ..!'

അവന്റെ ആത്മഗതം പിറുപിറുപ്പായി പുറത്തുവന്നത്, അല്പം അകലെ ഇരുന്നിരുന്ന ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു!!!

ബുദ്ധിമാനായ സാറിന് മനസ്സിലായി, ഈ ജന്മം മുഴുവനും തീരുന്ന സമയം വരെ കാത്തിരുന്നാലും ഇതിന്റെ ഉത്തരം ഇവന്‍റെ വായില്‍ നിന്നും കിട്ടുകയില്ല എന്ന്! വീണ്ടും ഹെല്‍പ്‌ ചെയ്യാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം തയ്യാറാകുന്നു. പാവം ഞങ്ങളുടെ സാറിന്‍റെ ഒരു വിധി നോക്കണേ...

അങ്ങനെ ആ കടമ്പയും കടന്നു കിട്ടി! ഇനി ഞങ്ങള്‍ക്ക് എല്ലാവര്ക്കുംതന്നെ ഒന്ന് വിശ്രമിക്കാം. കാരണം, ഇനിയത്തെ അഭ്യാസം സാറിനുമാത്രമുള്ള ഒരു കിടിലന്‍, സോളോ പെര്‍ഫോര്‍മെന്‍സാണ്. അതില്‍ മാത്രം ഞങ്ങള്‍ക്കാര്‍ക്കും യാതൊരു പങ്കുമില്ല!!!

ധൃതിയില്‍ വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങുന്ന അദ്ദേഹം, ഇത്തവണ യുദ്ധം വിജയിച്ചതിനുശേഷമേ തിരിഞ്ഞുനോക്കൂ എന്ന വാശിയിലാണെന്നു ഞങ്ങള്‍ക്ക് അനുഭവത്തില്‍ നിന്നും അറിയാം. മുഴുവന്‍ ഉത്തരവും ബോര്‍ഡില്‍ എഴുതിയിട്ടതിനുശേഷം, വിജയശ്രീലാളിതനായി അദ്ദേഹം ഞങ്ങളെ എല്ലാം ഒന്ന് ഇരുത്തി നോക്കും. 'കണ്ടോടെ, നീയൊക്കെ, എങ്ങനുണ്ട് എന്‍റെ ബുത്തി' എന്ന് പറയുന്നത് പോലെ...

ഇപ്പോള്‍ വീണ്ടും ബോള്‍ ഞങ്ങളുടെ കോര്‍ട്ടിലാണ്. വേണ്ടിയവനൊക്കെ ബോര്‍ഡിലുള്ള ഉത്തരം നോക്കി മായിക്കുന്നതിനുമുമ്പ് വേഗം പകര്‍ത്തിക്കോണം. പിന്നെ വിലപിച്ചിട്ട് കാര്യമില്ല ഇവിടെ ഞങ്ങള്‍ വേഗം കര്‍മനിരതരാവുന്നു!!

എന്തൊക്കെപ്പറഞ്ഞാലും ഈ ഒരു രീതിയില്‍, ഒട്ടുവളരെ പ്രോബ്ലംസ് സ്വയം ചോദിക്കുന്ന ലളിതമായ ചോദ്യങ്ങളിലൂടെ, ഞങ്ങള്‍ക്കെല്ലാം സോള്‍വ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുളളതാണ് സാറിന്‍റെ പഠിപ്പിക്കലിന്‍റെ വിജയ രഹസ്യം!!!!

വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മനസ്സ് നിറയുന്നതു ഞാന്‍ അറിയുന്നു. തീര്‍ന്നിട്ടില്ല, ഇനിയും പറയാനുണ്ട് ഇതുപോലെ നല്ലവരായ ചില ഗുരുക്കന്മാരെപ്പറ്റിയും അവരുടെ തനതു അദ്ധ്യയന ശൈലികളെപ്പറ്റിയും. അതൊക്കെ പിന്നൊരിക്കലാവാം എന്ന് വിചാരിക്കുന്നു!!!!

ഇനി പറയൂ, ഇത്രയും നല്ല ഗുരുക്കന്മാരെ ലഭിച്ച ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?????

Thursday, September 6, 2012

ആതിരപ്പള്ളിയിലെ വേറിട്ട കാഴ്ച്ചകള്‍!!!



യാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു.  ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും, ഓര്‍മയില്‍ സൂക്ഷിക്കാനും പങ്കിടുവാനും, ഒരു പിടി വര്‍ണ്ണാഭമാര്‍ന്ന അനുഭവങ്ങള്‍ കൂടെയുണ്ടാവും.

ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു ഞാനും കുടുംബവും.  കുറച്ചേറെ അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാന്‍ ഉണ്ടായിരുന്നതുകൊണ്ട്,  മൂന്നാഴ്ചകള്‍ കടന്നു പോയത് അറിഞ്ഞില്ല! അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും എവിടെയെങ്കിലും ഒരു ഔട്ടിംഗിന് പോകണമെന്ന് ഭാര്യയും വാശി പിടിക്കാന്‍ തുടങ്ങിയതോടെ,  ഞാനും മനസ്സുകൊണ്ട് ഒരു യാത്രയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.  അടുത്തു തന്നെ താമസിക്കുന്ന ഒന്ന് രണ്ടു ഫാമിലികള്‍ ഉറ്റ സുഹൃത്തുക്കളായി ഉണ്ടായിരുന്നതിനാല്‍, അവരോടു സംസാരിച്ചപ്പോള്‍ അവര്‍ക്കും താത്പര്യമാണെന്നു അറിയാന്‍ സാധിച്ചു.  ഇനിയുള്ള പ്രശ്നം എങ്ങോട്ട് പോകണം എന്നുള്ളതായിരുന്നു.  അതിനും പെട്ടെന്ന് തന്നെ തീരുമാനമായി.  പല തവണ പോയിട്ടുള്ള സ്ഥലമാണെങ്കില്‍ കൂടി, ആതിരപ്പള്ളിയിലേക്കുതന്നെ ഒരിക്കല്‍ കൂടി പോകാം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞതിനാല്‍,  അതും തീരുമാനമായി.  ഇനി എല്ലാവര്ക്കും കൂടി ഒരേ വണ്ടിയില്‍ തന്നെ പോകാന്‍ സാധിച്ചാല്‍ വളരെ നന്നായിരിക്കും എന്നുള്ള അഭിപ്രായം കൂടി കണക്കിലെടുത്ത്,  ഒരു വലിയ വണ്ടി തന്നെ ട്രാവല്‍സില്‍ വിളിച്ചു ഏര്‍പ്പാടുമാക്കി.  അങ്ങനെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി  ഞങ്ങള്‍ മൂന്നു കുടുംബങ്ങളും കൂടി ഒരു പ്രഭാതത്തില്‍, ആ യാത്ര ആരംഭിച്ചു...

ആതിരപ്പള്ളി വരെയുള്ള യാത്ര ആടിയും പാടിയും തമാശകള്‍ പൊട്ടിച്ചും
ലൈവ് ആക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ആതിരപ്പള്ളി എത്തിയപ്പോള്‍,  ഏകദേശം പതിനൊന്നു മണിയായിരുന്നു.  ഒരു ചെറിയ തീറ്റിയും കുടിയും കൂടി  കഴിഞ്ഞപ്പോള്‍,  യാത്രാക്ഷീണത്തിനു വിട പറഞ്ഞു വനഭംഗിയുടെ നിബിഡതകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ എല്ലാവരും റെഡിയായി.

ചുറ്റുമുള്ള പച്ചപ്പിന്റെ കുളുര്‍മ്മ ആവോളം ആസ്വദിച്ചുകൊണ്ട്
ഒടുവില്‍  ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരുകിലെത്തി. ആ സമയത്ത് വെള്ളം വളരെ കുറവായിരുന്നതിനാല്‍ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ജലപ്പരപ്പിനു മുകളിലായി തലയുയര്‍ത്തി നില്ക്കുന്നത് കാണാമായിരുന്നു. പാറകളില്‍ നിന്നും പാറകളിലേക്ക് ചാടി കയറി ഞങ്ങള്‍ ഒടുവില്‍ മുകളിലെത്തി.

അപ്പോഴാണ്‌ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്‌!  അവിടെ ഒരു സിനിമയുടെ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍, ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഒരു ഉത്സവത്തിനുള്ള ആളുകള്‍ ഇപ്പോഴേ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.  ഏല്ലാവര്‍ക്കും വെള്ളച്ചാട്ടം കാണുന്നതിലും കൌതുകം, നടീനടന്മാരെയൊക്കെ ഒന്ന് അടുത്ത് കാണുന്നതിനാണ്. അടുത്തു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചതില്‍ അത് ഒരു  തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണമാണെന്നും,  ഹീറോയിന് പകരം വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന രംഗം ചിത്രീകരിക്കാന്‍,  ഒരു ഡ്യുപ്പിനെയാണ് ഒരുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.

ഞങ്ങളുടെയും കൌതുകം കൂടികൂടി വന്നു.  എന്നിലെ ടെക്നിക്കല്‍ മൈന്‍ഡ്‌ മറ നീക്കി പുറത്തു വന്നതും അപ്പോള്‍ തന്നെയായിരുന്നു!! ഇത്രയും താഴ്ചയിലേക്ക് ഒരുമനുഷ്യജീവിയെ ഷൂട്ടിങ്ങിനാണെങ്കില്‍കൂടി
തള്ളിയിടുന്നതെങ്ങിനെയാണെന്നു ഒന്ന് കാണുക തന്നെ. ഇതൊന്നും കാണാന്‍ താത്പര്യം കാണിക്കാതിരുന്ന ഞങ്ങളുടെ സ്ത്രീജനങ്ങള്‍ അപ്പോഴേക്കും,  ചെറിയ പാറകള്‍ക്ക് മുകളിലായി ഇരുപ്പുറപ്പിച്ചു  കാലുകള്‍ വെള്ളത്തിലേക്ക് ഇറക്കിവച്ചുകൊണ്ടു പരദൂഷണത്തിന്‍റെ കെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു!!!!!

ഒരു നാല്‍പ്പത്തിഅഞ്ചു ഡിഗ്രിയില്‍,  ചുവട്ടില്‍  ബലമായി ഉറപ്പിച്ചിരിക്കുന്ന ഒരു സ്റ്റീല്‍പൈപ്പ്!  അതിന്റെ മുകളറ്റത്ത് ഒരു കപ്പി ഘടിപ്പിച്ചിരിക്കുന്നു.  കപ്പിയിലൂടെ ഒരു സ്റ്റീല്‍ വടം കോര്‍ത്തിട്ടിരിക്കുന്നു. നമ്മള്‍ പണ്ടൊക്കെ നമ്മുടെ വീട്ടിലെ കിണറുകളില്‍നിന്നും വെള്ളം കോരിയെടുക്കാനായി ഉപയോഗിച്ചിരുന്ന, അതേ സെറ്റപ്പ് തന്നെ!!!

എന്റെ ദൃഷ്ടികള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തിനു നടുക്കുകൂടി, പൈപ്പിന്റെ ചുവട്ടിലേക്ക് നടന്നടുക്കുന്ന, ഒരു പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞു.   ഇരുനിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയോടുകൂടിയ, അത്രയൊന്നും സൌന്ദര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടി!!! ഏറിയാല്‍ ഒരു പതിനാറോ പതിനേഴോ വയസ്സ് പ്രായം വരും. കൂടിനില്‍ക്കുന്ന എല്ലാവരുടെയും ദൃഷ്ടികള്‍, അവളുടെ മുഖത്താണ്. ആ മുഖത്താവട്ടെ
ഒരു ചിരിയോ, സന്തോഷമോ, അല്ലെങ്കില്‍ ഒരു ഉദ്വേഗമോ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി!!! അവള്‍ ഒരു ഹാഫ്‌സാരിയും അതിനു മാച്ചു ചെയ്യുന്ന ബ്ലൌസും പാവാടയും അണിഞ്ഞിരിക്കുന്നു.

രണ്ടു സഹായികള്‍ അപ്പോഴേക്കും അവളെ പൈപ്പിന്റെ ചുവട്ടിലേക്ക് കുറച്ചുകൂടി നീക്കി നിര്‍ത്തി,  കപ്പിയില്‍നിന്നും തൂങ്ങിക്കിടന്നിരുന്ന റോപ്പിന്റെ അറ്റം അവളുടെ അരക്കെട്ടില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

അപ്പോഴും ഞാന്‍ അവളുടെ മുഖം ഒന്നുകൂടി ശ്രദ്ധയോടെ ഉറ്റു നോക്കുകയായിരുന്നു. ആ മേക്കപ്പ് ചെയ്ത മുഖത്തില്‍,  താന്‍ ഇത്രയും സാഹസീകമായ ഒരു കര്‍മമാണ് ചെയ്യാന്‍ പോകുന്നത് എന്നുള്ളതിന്റെ, യാതൊരു ഭാവവും കാണുന്നുണ്ടായിരുന്നില്ല.  ആകെ കാണുന്നത് ഒരുതരം നിര്‍വികാരത മാത്രം!!

അനേകമടിതാഴ്ചയിലേക്ക്,  മുകളില്‍നിന്നും കുതിച്ചുചാടി പതഞ്ഞുപൊങ്ങുന്ന  വെള്ളത്തിന്റെ ഹൂംകാരശബ്ദം, ഞങ്ങളുടെയൊക്കെ കാതുകളില്‍ അലയടിച്ചെത്തുന്നുണ്ടായിരുന്നു. ദൈവമേ, ഈ ഭയാനകതയിലെക്കാണല്ലോ, ഈ നരുന്തു പെണ്‍കുട്ടിക്ക് വെറുമൊരു റോപ്പിന്റെ ബലത്തില്‍ ചാടേണ്ടത് എന്നോര്‍ത്തുനോക്കിയപ്പോള്‍, എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് എനിക്കറിയാമായിരുന്നു. സാധാരണയായി ഉയരങ്ങള്‍ ഒരു പരിധിക്കപ്പുറം കൂടിക്കഴിഞ്ഞാല്‍, എനിക്ക് താഴോട്ടു നോക്കുമ്പോള്‍ തല ചുറ്റും!  പലപ്പോഴും ഉയരമുള്ള കെട്ടിടങ്ങളുടെ റൂഫിലുള്ള ചില വര്‍ക്കുകള്‍ നോക്കാന്‍ പോകുമ്പോള്‍, ഈ പ്രയാസം ഞാന്‍ ഒരുപാട് തവണ അനുഭവിചിട്ടുള്ളയാളാണ്! അതുകൊണ്ടുതന്നെ ആ മാതിരി ജോലികളുടെ ചുമതലകളൊക്കെ ഞാന്‍ കഴിയുന്നതും, വേറെ ആരെയെങ്കിലും ഏല്പ്പിക്കുകയാണ് പതിവ്!!!

ഞാന്‍ വീണ്ടും രംഗം വീക്ഷിച്ചു.  ഇപ്പോള്‍ റോപ്പ് കെട്ടുന്ന ജോലി ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു..  കഴുത്തിനു പുറകിലൂടെ  മുകളിലേക്ക് പോകുന്ന വിധത്തില്‍, ശരീരത്തില്‍  ഉറപ്പിച്ചിരിക്കുന്ന  റോപ്പില്‍  വലിച്ച്  ഉയര്‍ത്തിയാല്‍, ഒരു  പാവക്കുട്ടിയെപ്പോലെ  അവള്‍ നെടുനീളത്തില്‍ വായുവില്‍ കുത്തനെ ഉയരും. ഇപ്പോഴും  അവളുടെ  മുഖം വളരെ ശാന്തമാണെന്നു ഞാന്‍ കണ്ടു. അതേ നിസ്സംഗതയോടെ, മരവിച്ചമുഖഭാവത്തോടെ ,ആരെയും
ശ്രദ്ധിക്കാതെ അവളവിടെ നില്‍ക്കുന്നു. ആ  നിസ്സംഗതക്കുള്ളിലെ  ദയനീയത, പലരിലും അവളോട്‌  ഒരു  അനുകമ്പ ഉണര്‍ത്തുന്നത്  ഞങ്ങള്‍ക്ക്  
കാണാമായിരുന്നു!!!

പെട്ടെന്നാണ് വെള്ളച്ചാട്ടത്തിന്റെ  ആരവങ്ങള്‍ക്കിടയിലൂടെയാണെങ്കിലും, ഞങ്ങള്‍, സംവിധായകന്‍റെ ആ ആഞ്ജാശബ്ദം, കേട്ടത്..റെഡി, സ്റ്റാര്‍ട്ട്‌ ക്യാമറ, ആക്ഷന്‍, ജംപ്.....ഒരു നിമിഷം!!!. ഞങ്ങളുടെ കണ്‍മുന്‍പിലൂടെ അവള്‍ ഒറ്റ കുതിപ്പിന് താഴോട്ടു ചാടുന്നത്, കൂടിനിന്നവരുടെ സീല്‍ക്കാരങ്ങള്‍ക്കിടയിലൂടെ, ഞങ്ങള്‍ ഉള്‍ക്കിടിലത്തോടെ നോക്കിക്കൊണ്ടു നിന്നു!!! വേഗം തന്നെ കൈവരികള്‍ ഉറപ്പിച്ചിരുന്ന  ഭാഗത്തേക്ക്  ഞങ്ങള്‍  നീങ്ങി. എങ്കില്‍  മാത്രമേ  താഴെ  ആ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, അറിയാന്‍ പറ്റുമായിരുന്നുളളു.  റോപ്പിന്റെ മറ്റേയറ്റം  അയച്ചുവിട്ടുകൊണ്ടിരുന്ന  സഹായികളുടെ  കൈകള്‍ നിശ്ചലമായപ്പോഴും,  മറ്റെയററത്തു  ആ പെണ്‍കുട്ടി  റോപ്പില്‍  തൂങ്ങിയാടുന്ന ഭയാനകകാഴ്ച,  കൂടിനിന്നിരുന്ന  കുറച്ചെങ്കിലും ദുര്‍ബലമനസ്സുകള്‍ക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു!!!  ഇതേസമയം 
ഏറ്റവും താഴെനിന്നും, ഒരു  സംഘം  ആളുകള്‍  മറ്റൊരു  ക്യാമറയില്‍, ഈദൃശ്യങ്ങളും  പകര്‍ത്തുന്നുണ്ടായിരുന്നു!

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.  സഹായികള്‍, അവളെ കപ്പിയിലൂടെ തന്നെ വശങ്ങളിലെവിടെയും തട്ടാതെ, ശ്രദ്ധയോടെ സാവധാനം മുകളിലേക്ക്, നമ്മള്‍ കിണറ്റില്‍നിന്നും തൊട്ടിയില്‍ വെള്ളം വലിച്ചെടുക്കുന്നതുപോലെ, വലിച്ചെടുത്തു കരയ്ക്ക് നിര്‍ത്തി. ശരീരം ആസകലം വെള്ളത്തില്‍ നനഞ്ഞു നില്‍ക്കുന്ന അവളുടെ മുഖത്തിന്റെ ഭാവം അപ്പോഴും ആ ശൂന്യതയില്‍ ഒളിപ്പിച്ചതു തന്നെയായിരുന്നു!! ആ പടം ഷൂട്ടിംഗ് തീര്‍ത്ത്‌ തീയേറ്ററുകളില് എത്തുമ്പോഴും, പ്രശസ്തിയും പണവും, ഹീറോയിന് മാത്രം സ്വന്തം! ഇത്രയും സാഹസീകമായി ഈ രംഗം അഭിനയിച്ച
പാവം പെണ്‍കുട്ടിയേ ആരോര്‍ക്കാന്‍?  വയറ്പിഴപ്പിനു വേണ്ടി, കിട്ടുന്ന നിസ്സാര പ്രതിഫലം വാങ്ങി, ജീവിതം ഹോമം ചെയ്യാന്‍ വിധിക്കപ്പെടുന്ന കുറച്ചു ജന്മ്മങ്ങള്‍! അവരുടെ സങ്കടങ്ങള്‍,  ബുദ്ധിമുട്ടുകള്‍, ഭയാശങ്കകള്‍, ഇവയൊക്കെ ആര് ശ്രദ്ധിക്കുന്നു??? വേണമെങ്കില്‍ ആ സംവിധായകന്, ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത്, ഒരു ഡമ്മിയെ വച്ചിട്ടായാലും, ഈ രംഗം ഷൂട്ട്‌ ചെയ്യാമായിരുന്നു, എന്ന് ഞങ്ങളോടോപ്പമുണ്ടായിരുന്നവരില്‍ പലരും  അപ്പോള്‍ അമര്‍ഷത്തോടെ  പിറുപിറുക്കുന്നതു  കേള്‍ക്കാമായിരുന്നു!!!

യാത്ര പൂര്‍ത്തിയാക്കി വീടുകളിലേക്കു മടങ്ങുമ്പോള്‍, ഞങ്ങള്‍
സുഹൃത്തുക്കള്‍ മൂന്നുപേരും, നിശബ്ദരായിരുന്നു! സമാന സ്വഭാവമുള്ളവരായിരുന്നതിനാല്,എന്നെപ്പോലെതന്നെ അവരുടെയും
മനസ്സുകളില്‍  ആ  പെണ്‍കുട്ടിയുടെ  ദയനീയ  മുഖം  തന്നെ  ആയിരുന്നിരിക്കും, എന്നുള്ള കാര്യത്തില്‍  എനിക്ക് യാതൊരു  സംശയവും  ഇല്ലായിരുന്നു!!!!!!! 



Saturday, August 25, 2012

Malaika....na ku pende Malaika.....



ഹോട്ടലിലെ ഹാളിന്‍റെ അരണ്ട വെളിച്ചത്തില്‍, ഞാന്‍ നിയോണ്‍ ലൈറ്റുകളില്‍ കുളിച്ചുകിടക്കുന്ന, സ്റ്റേജിലേക്ക് നോക്കിയിരിക്കയായിരുന്നു. ബാന്‍ഡിലെ നര്‍ത്തകികളും ഗായകരും, അവിടെ ആടിത്തിമിര്‍ക്കുന്നുണ്ടായിരുന്നു. ഡ്രംസിന്‍റെ ബീറ്റുകള്‍ക്കൊപ്പം മനോഹരമായ ചുവടുവ യ്പ്പുകളോടെ സുന്ദരിമാരായ ആ നര്‍ത്തകികള്‍ സ്റ്റേജിലെങ്ങും ഒഴുകിനടന്നു..

ഗായകരുടെ ചുണ്ടുകളില്‍ നിന്നും പൊഴിഞ്ഞു വീണുകൊണ്ടിരുന്ന ആ ഗാനവീചികള്‍ക്ക്ഏതോ ഒരു അഭൌമലോകത്തേക്കെന്നെ കൂട്ടിക്കൊണ്ടു പോകുന്നതുപോലൊരു പ്രതീതി ഉളവാക്കാന്‍ കഴിഞ്ഞിരുന്നു!!  സുപരിചിതമായ
ആ വരികള്‍ക്കൊപ്പം,ഞാനും അറിയാതെ പാടുകയായിരുന്നോ? ഗിറ്റാറിന്റെ തന്ത്രികളില്‍, പണ്ടെങ്ങോ അതിദ്രുതം ചലിച്ചിരുന്ന വിരലുകള്‍, മുന്‍പിലുള്ള മേശയുടെ മുകളില്‍, വെറുതേയെങ്കിലും താളമിടുന്നുണ്ടായിരുന്നുവോ?  സിരകളെ ത്രസിപ്പിക്കുന്ന ആഫ്രിക്കന്‍ സംഗീതത്തിന്റെ മന്ത്രധ്വനികള്‍!! അവ കര്‍ണപുടങ്ങളെ തഴുകി ഒഴുകിയിറങ്ങിയപ്പോള്‍, മനസ്സ് മറ്റൊരു മാന്ത്രികക്കുതിരയിലേറി, ബഹുദൂരം പിന്നിലേക്ക്‌ സഞ്ചരിക്കുകയായിരുന്നു!!



എത്രയോ തവണ കേട്ടിരിക്കുന്നു ഞാനീ  വരികള്‍!! എങ്കിലും ഓരോ തവണ കേള്‍ക്കുമ്പോഴും,
 മനസ്സ് സന്തോഷത്താല്‍ നിറഞ്ഞു  തുളുമ്പുന്നു!! ഇവിടെ, ഇപ്പോള്‍, സംഗീതത്തിന്‍റെ ഈ സുവര്‍ണ നിമിഷങ്ങളില്‍ ജീവിക്കുമ്പോള്‍, ഞാന്‍  ആരോടും, ഒന്നിനോടും പകയോ,വിദ്വേഷമോ, വൈരാഗ്യമോ ഒന്നുമില്ലാത്ത ഒരു വ്യക്തിയായി മാറുന്നു! അപ്പോള്‍ എല്ലാവരോടും എനിക്ക്  തോന്നുന്ന ഒരേ ഒരു വികാരം, സ്നേഹം മാത്രം! ലോകത്തിലുള്ള എന്‍റെ എല്ലാ സഹജീവികളും, എനിക്ക് മുന്‍പില്‍ ആ സ്നേഹധാരയില്‍കുളിച്ചു നില്‍ക്കുന്നത് ഞാന്‍ കാണുന്നു!! ആ സംഗീത ധാരയില്‍, അവരോടോത്തു ചേര്‍ന്നു മനസ്സുകൊണ്ടെങ്കിലും, ഞാനുമല്‍പ്പം ആടി തിമിര്‍ത്തോട്ടെ!!!


ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഇരുന്നു, ആ യുവ കാമുകന്‍, തന്റെ പ്രണയിനിക്കായി, ഹൃദയമുരുകി പാടുകയായിരുന്നു.. 

"Malaika, na ku pende Malaika.. (Angel, I love you Angel..)
Malaika, na ku pende Malaika.....(Angel, I love you Angel...)
Nami nifanyeje (And I, your young lover)
Kijana mwenzio ( What can I do?)
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........

Kidege, hukuwaza kidege..(Little bird, I dream of you little bird,)
Kidege, hukuwaza kidege..(Little bird, I dream of you little bird,)

Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we (Was I not defeated by the lack of fortune..)Ningekuoa Malaika..( I would marry you Angel )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........


Pesa zasumbua roho yangu ( Money is troubling my soul )
Pesa zasumbua roho yangu ( Money is troubling my soul )
Ningekuoa mali we (I would marry you my fortune )
Ningekuoa da da (I would marry you sister )
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)...........
Nashindawa na mali sina we ( Was I not defeated by the lack of fortune..)
Ningekuoa Malaika ( I would have married you Angel)..........."


                                        Video Version (Short)




              Audio Version (Full)                                                





മനുഷ്യമനസ്സുകളുടെ ലോലതന്ത്രികളെ തൊട്ടുണര്‍ത്തി
ഒരു ഇളം കാറ്റ്പോലെ, അതങ്ങനെ ഒഴുകുകയാണ്!!!!!


ഇവിടെ, ഞാന്‍ ഒരല്‍പം ചരിത്രം വിളമ്പുന്നത്, ക്ഷമിക്കണേ...ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍, കെനിയായിലെ പ്രസിദ്ധ കമ്പോസറും സംഗീതഞ്നുമായ, Fadhili Williams, swahili ഭാഷയില്‍ രചിച്ച ഈ മനോഹര ഗാനം, പ്രസിദ്ധ ഗായിക, Miriyam Makeba തുടങ്ങി Boney M group വരെയുള്ള പലരും, പാടിയിട്ടുണ്ട്. എങ്കിലും, പില്‍ക്കാലത്ത്‌ ‍ Boney M ഏറ്റെടുത്തതോടെയാണ്, ഈ ടാന്‍സാനിയന്‍ ഗാനത്തിന് ഇത്രയധികം ആസ്വാദകരെ ലഭിച്ചതെന്ന്, നിസ്സംശയം പറയാം! കൂട്ടത്തില്‍ ഒന്നുകൂടെ പറഞ്ഞോട്ടെ, നോര്‍വേയിലുള്ള  ഒരു ആരാധകന്‍ പറഞ്ഞുവത്രേ, ഈ പാട്ടും, ഒരു പുസ്തകവും തരുകയാണെങ്കില്‍, ഞാന്‍ എത്ര കാലം വേണമെങ്കിലും, ജെയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന്!!!! നോക്കണേ, അത്രമേലുണ്ട്,  ഈ  സംഗീതത്തിന്‍റെ  മാസ്മരീക ശക്തി!!!!


കോളേജുപഠനത്തിന്റെ അവസാന വര്‍ഷങ്ങള്‍, പാഠപുസ്തകത്തിലില്ലാത്ത സംഗീതം, ശരിക്കും തലയ്ക്കു പിടിച്ചിരുന്ന കാലമായിരുന്നു! ഗിറ്റാറിന്‍റെയും കീബോര്‍ഡിന്‍റെയും അകമ്പടിയോടെ  'താമസമെന്തെ'യും 'ഈശ്വരചിന്ത'യുമൊക്കെ, തട്ടിക്കൂട്ടുമ്പോഴും, ഇടയ്ക്കെപ്പോഴൊക്കെ ആംഗല സംഗീത ലോകത്തെ 'Malaika..' പോലുള്ള ഒരുപിടിഗാനങ്ങളും, ഒപ്പം  കൂട്ടാന്‍ മറന്നിരുന്നില്ല! സംഗീതത്തിനുണ്ടോ കാലദേശ ഭാഷാന്തരങ്ങള്‍!!! ജീവിതത്തില്‍ ഏററവും അധികം  സന്തോഷമനുഭവിച്ചിരുന്ന ഇത്തിരി  നല്ല നാളുകള്‍!!! 
ഒടുവില്‍ ജോലിയും,  കുടുംബവും, കുട്ടിയുമൊക്കെയായപ്പോള്‍, സംഗീതത്തിന്‍റെ ആ  ലോകം, ഉള്ളിലേക്ക്  മാത്രമായി ഒതുങ്ങിക്കൂടുന്നത് വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു!!പിന്നീട് എപ്പോഴെങ്കിലും, ഇതുപോലെ വീണുകിട്ടുന്ന  ഇടവേളകളിലായിരുന്നു അത് മറ നീക്കി അല്‍പ്പനേരത്തേക്കെങ്കിലും വെളിച്ചം കണ്ടിരുന്നത്!


ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു ഞാന്‍ വീണ്ടും, വര്‍ത്തമാനകാലത്തേക്ക് തിരികെയെത്തുമ്പോഴേക്കും സ്റ്റേജിലെ ഗാനവീചികള്‍, ‍ Malaikaയുടെ അവസാന നിമിഷങ്ങളിലൂടെ ഊളിയിട്ട്, നിശബ്ദതയുടെ തീരങ്ങളണയാന്‍, വെമ്പുകയായിരുന്നു! ഒരു സ്നേഹിതന്റെ മകളുടെ   വിവാഹ റിസപ്ഷന്‍റെ പാര്‍ട്ടിയിലായിരുന്നു, ഞാനും കുടുംബവും. ഭൂതകാലത്തിന്റെ മധുരാനുഭൂതികളില്‍നിന്നും വിട ചൊല്ലി, വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവരാന്‍ മടിക്കുന്ന മനസ്സിന്‍റെ മായാജാലത്തെപ്പറ്റി,  ഞാന്‍ അപ്പോള്‍ ഒരു നിമിഷം ഓര്‍ത്തുപോയി!!!!!

Monday, August 20, 2012

എ ഗ്രേവ് മിസ്സ്റ്റേക്ക്!!!!



കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പ്രസിദ്ധ എഴുത്തുകാരി,  Enid Blyton ന്‍റെ സാഹസീക പരമ്പരകളില്‍ ഒന്നായ,  'The Valley of Adventure'   എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട്‌ അതായിരുന്നു,   'A Grave Mistake'.  ഒരു അവധിക്കാലം ചെലവഴിക്കാന്‍ യാത്ര പോകുന്ന കുട്ടികള്‍, തങ്ങള്‍ കയറേണ്ട വിമാനത്തിനരുകില്‍ തന്നെ, പുറപ്പെടാന്‍ തയ്യാറായി കിടന്നിരുന്ന മറ്റൊരു വിമാനത്തില്‍  അറിയാതെ കയറുന്നതും,  തുടര്‍ന്ന് നടക്കുന്ന സാഹസീക സംഭവങ്ങളുമായിരുന്നു അതിന്റെ കഥക്കൂട്ട്.  അത്രയൊന്നും സാഹസീകവും സംഭവബഹുലവും ഒന്നുമായിരുന്നില്ല എങ്കിലും,  ഒരു വിമാനയാത്രക്കിടയില്‍ തന്നെ ഉണ്ടായ  വലിയ ഒരു പിഴവിന്റെ കഥ,  എന്‍റെ ജീവിതത്തിലും ഉണ്ടായി,  അതെ,  A Grave Mistake!!

ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കാലമായതിനാല്‍,  ആ തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റിനായി,  ഞാന്‍ വീട്ടിലെ കമ്പ്യുട്ടറിനു മുന്‍പില്‍ ഇരുന്നു,  എയര്‍ അറേബിയയുടെ നിരക്കുകള്‍ നോക്കുകയായിരുന്നു. എയര്‍ അറേബിയ കൊച്ചിയിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചതുമുതല്‍,  കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കുള്ള എല്ലാ യാത്രകളും, അതില്‍ത്തന്നെ ആയിരുന്നു. നല്ല കൃത്യനിഷ്ടയും, സേവനമികവും, ഒപ്പം മിതമായ നിരക്കുകളുംകൂടി ചേര്‍ന്നപ്പോള്‍,  ഭക്ഷണം മാത്രം വിലകൊടുത്തു വാങ്ങണം എന്നുള്ള കാര്യം, വലിയ ഒരു കുറവായി ഞങ്ങള്‍ക്കാര്‍ക്കും തന്നെ തോന്നിയിരുന്നില്ല.

ദിവസേന രണ്ടു ഫ്ലൈറ്റ്കള്‍ ഉള്ളതില്‍ രണ്ടാമതായി പുറപ്പെടുന്ന വിമാനത്തിലാണ് ഞങ്ങള്‍ സാധാരണ ബുക്ക്‌ ചെയ്യാറുള്ളത്. അതിനൊരു കാരണം രണ്ടാമത്തെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു, നടപടികളൊക്കെ പൂര്‍ത്തിയാക്കി നമ്മള്‍ വെളിയില്‍ വരുമ്പോഴേക്കും, ഏറെക്കുറെ നേരവും പുലരുന്നുണ്ടാവും, എന്നുള്ളതുതന്നെ!!

ഷാര്‍ജായില്‍നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് ടിക്ക്‌ ചെയ്തുകഴിഞ്ഞു, ഒരു മാസം കഴിഞ്ഞുള്ള തീയതി നോക്കി, മടക്ക യാത്രയും  ടിക്ക്‌ ചെയ്യാന്‍ തുടങ്ങുമ്പോഴാണ്, ഞാന്‍ ആ ദിവസത്തെ നിരക്കുകളിലേക്കൊന്നു കൂടി ശ്രദ്ധിച്ചത്. ആദ്യത്തെ ഫ്ലൈറ്റിനു ബുക്ക് ചെയ്‌താല്‍, നിരക്കില്‍ ഗണ്യമായൊരു കുറവ് കാണുന്നുണ്ട്!  അതിലായാലോ എന്ന് വിചാരിക്കുമ്പോഴാണു, ആരോ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടത്.

ഡോര്‍ തുറന്നപ്പോള്‍ അലക്കിയ തുണികളുമായി ലോണ്‍ഡ്രിയില്‍ നിന്നുള്ള ആളായിരുന്നു. ഭാര്യ അടുക്കളയില്‍ തിരക്കിലായിരുന്നതിനാല്‍, ഞാന്‍ തന്നെ തുണികള്‍ വാങ്ങി വച്ചതിനുശേഷം, അലക്കാനുള്ളതും കൂടി എടുത്തു കൊടുത്തു.

തിരികെ വന്നിരുന്നു  വേഗം തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കി പ്രിന്റ്‌ കീ അമര്‍ത്തി. അടുത്തുണ്ടായിരുന്ന ചെറിയ പ്രിന്‍റര്‍ നീട്ടിത്തന്ന കടലാസു കഷണം വലിച്ചെടുത്തു, ഞാന്‍ അത് പാസ്പോര്‍ട്ടിനൊപ്പം വച്ചു. അങ്ങനെ ആ പണി ഒരുവിധം കഴിഞ്ഞുകിട്ടി.

ഷാര്‍ജായില്‍ നിന്നുള്ള യാത്ര സുഖമുള്ളതായിരുന്നു. നാട്ടില്‍ പല ജോലികളും അത്യാവശ്യമായി ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍, ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല! തിരികെ പോരുന്നതിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോഴാണ് ആ വിചിത്രമായ സ്വപ്നം ഞാന്‍ കാണുന്നത്!

ചെക്ക്‌ ഇന്‍ ചെയ്തു, ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍, ഞാനും കുടുംബവും, മറ്റു യാത്രക്കാരോടൊപ്പം  ഇരിക്കയായിരുന്നു.  പെട്ടെന്നാണ് അത് ഞാന്‍ കാണുന്നത്! ഞങ്ങള്‍ ഇരുന്നിരുന്ന ഭാഗം മാത്രം ഒഴിച്ചു, ബാക്കി ഇരുന്ന ആളുകള്‍ ഉള്‍പ്പെടെ, ഇരിപ്പിടങ്ങളോടൊപ്പം മുകളിലേക്ക് പറന്നു പൊങ്ങുന്നു!!!  അവരൊക്കെ റണ്‍വേയ്ക്ക് മുകളിലൂടെ ഉയരങ്ങളിലേക്ക് പോയി മറയുന്നു!!! ഞാന്‍ സ്തബ്ദനായി തരിച്ചു നിന്നുപോയി!!!

ഞെട്ടി ഉണര്‍ന്ന എനിക്ക്, കണ്ടതൊരു സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ അല്‍പ നിമിഷങ്ങള്‍ വേണ്ടി വന്നു!!! ഭാര്യ അടുത്തു സുഖസുഷുപ്തിലാണെന്ന് ,താളനിബധമായ അവളുടെ ശ്വാസഗതി, വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..അവളെ ഉണര്‍ത്തി, അവളുടെ ഉറക്കം കൂടി കളയേണ്ട എന്ന് കരുതി, ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു...

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും, ഓവറായി പ്രതികരിക്കുന്ന ഭാര്യയോട്, തലേ ദിവസത്തെ സ്വപ്നത്തെപ്പറ്റി, ഒന്നുംതന്നെ പറയേണ്ടാ എന്ന് തീരുമാനിച്ചു. എങ്കിലും യാത്ര പോകേണ്ട തീയതി, ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്, വേണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ തന്നെ, എയര്‍പോര്‍ട്ടില്‍ എത്താനായിട്ടുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും, തീരുമാനിച്ചു. അപ്പോള്‍ പിന്നെ ഫ്ലൈറ്റ് മിസ്സ്‌ ആകുന്ന പ്രശ്നവും ഉദിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.

പുറപ്പെടേണ്ട അന്ന് ഏതായാലും വളരെ നേരത്തെതന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ടിക്കെറ്റുകളുടെ കടലാസുകള്‍ പരിശോധിച്ച് സെക്യൂരിറ്റിക്കാര്‍ ഞങ്ങളെ അകത്തേക്ക് വേഗം തന്നെ കടത്തി വിട്ടു. അവിടെയുള്ള സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു, ചെക്ക്‌ഇന്‍ കൌണ്ടറുകള്‍ തുറക്കാനായി കാത്തിരുന്നു.

ഏകദേശം രണ്ടു  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, എയര്‍ അറേബിയയുടെ കൌണ്ടറുകള്‍ തുറക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അതുവഴി കടന്നുപോയ ഒരു ട്രാഫിക്‌ അസിസ്റ്റന്റിനെ സമീപിച്ചു, ഞാന്‍ അതേപ്പറ്റി തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അവരൊക്കെ വരാന്‍ ഇനിയും കുറച്ചു സമയം കൂടിയാകും അതിനാല്‍ വെയിറ്റ് ചെയ്യൂ എന്ന്.

പിന്നെയും സമയം കടന്നുപോയിക്കൊണ്ടിരുന്നു.  അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ചിന്ത, എന്റെ മനസ്സിലൂടെ പാഞ്ഞത്!!ഞാന്‍ അന്ന് ബുക്ക്‌ ചെയ്തത് ഏതു ഫ്ലൈറ്റിനായിരുന്നു? പെട്ടെന്ന് ടിക്കറ്റിന്റെ കടലാസു വലിച്ചെടുത്തു, ഡിപാര്‍ച്ചര്‍ സമയത്തിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു! ഉച്ചി മുതല്‍ ഒരു മരവിപ്പ് എന്നെ തഴുകി താഴേക്കു പ്രവഹിക്കുന്നത് ഞാന്‍ അറിഞ്ഞു
.
ടിക്കറ്റില്‍ കുറിച്ചിരുന്ന സമയം എപ്പോഴേ കഴിഞ്ഞുപോയിരിക്കുന്നു!!! ഞങ്ങള്‍ ഇല്ലാതെ ആ ഫ്ലൈറ്റ് മൂന്ന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പുറപ്പെട്ടു പോയിരിക്കുന്നു..

അസ്തപ്രജ്ഞനായിരുന്ന എന്റെ അടുത്തേക്ക്‌ ഭാര്യ തിടുക്കത്തില്‍ എത്തി ചോദിച്ചു..

'എന്തെങ്കിലും പ്രശ്നം ഉണ്ടോ?'

'എല്ലാം പ്രശ്നം തന്നെയാണ്, നമ്മുടെ ഫ്ലൈറ്റ് പോയിക്കഴിഞ്ഞിരിക്കുന്നു..'   എന്‍റെ വാക്കുകള്‍ എനിക്ക് തന്നെ കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു!!!

അവളുടെ ഞെട്ടല്‍ ഏതാണ്ട് പൂര്‍ണമായിരുന്നു.  ഇനി നമ്മള്‍ എന്ത് ചെയ്യും എന്നുള്ള ആ ചോദ്യം അവളില്‍നിന്നും പുറപ്പെടുന്നതിനു മുന്‍പുതന്നെ ഞാന്‍ സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

അല്ലെങ്കിലും ഞാന്‍ എപ്പോഴും, അങ്ങനെതന്നെ ആയിരുന്നു. ആംഗലേയ പഴമൊഴി കടമെടുത്തു പറഞ്ഞാല്‍  ‘തൂവിപ്പോയ പാലിനെ ചൊല്ലി കരയാത്തവന്‍!!’  ഞാന്‍ വേഗം ഒരു ട്രാഫിക്‌ അസ്സിസ്ടന്റിനെനെ നോക്കി നടന്നു..

ഞാന്‍ സമീപിച്ച ട്രാഫിക്‌ അസിസ്ടെന്റിനു പറയാനായി, ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ടിക്കറ്റ്‌ എടുത്തു ഏറ്റവും അടുത്തുതന്നെ പുറപ്പെടുന്ന, ഏതെങ്കിലും ഒരു വിമാനത്തില്‍ കയറിപ്പോവുക!! അതനുസരിച്ച് അടുത്തു തന്നെ പുറപ്പെടുന്ന, എയര്‍ ഇന്ത്യ എക്പ്രസ്സിലും, ജെറ്റ്‌ ഐയര്‍വേസിലും ശ്രമിച്ചുനോക്കിയെങ്കിലും, സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍, വീണ്ടും എപ്പോഴും ഞങ്ങള്‍ പോയികൊണ്ടിരുന്ന അടുത്ത എയര്‍ അറേബിയയേ തന്നെ ശരണം പ്രാപിക്കുകയേ, നിവൃത്തിയുണ്ടായിരുന്നുള്ളൂ!!

സീറ്റുകള്‍ തരമായതോടെ, ശ്വാസം ഒന്ന് നേരെ വീണു!! തിരികെ വീട്ടിലെക്കുപോകാതെ കഴിഞ്ഞല്ലോ, എന്നോര്‍ത്തപ്പോള്‍ ആശ്വാസവും! അങ്ങനെ കുറച്ചുനേരത്തെകൂടി കാത്തിരിപ്പിന് ശേഷം, ഷാര്‍ജായിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.

വിമാനത്തിലിരിക്കുമ്പോഴാണു, എന്‍റെ മനസ്സില്‍ (ഒരു പക്ഷെ നിങ്ങളുടേയും!)ആ ‘മില്ലിയന്‍ ഡോളര്‍ ചോദ്യം’ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്..

ആരായിരിക്കും, അല്ലെങ്കില്‍ ഏതു ശക്തിയുടെ അദൃശ്യകരങ്ങളാവും, ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ, എന്റെ മനസിന്റെ തിരശീലയില്‍, ആ മിസ്സിങ്ങിന്‍റെ ചിത്രം പ്രദര്‍ശിപ്പിക്കാനായി, വിരലുകള്‍ ചലിപ്പിച്ചത്? ആവോ, ഇന്നും അറിയില്ല, എനിക്കതിന്‍റെ ഉത്തരം!!!!!