Sunday, January 13, 2013

വാര്‍ദ്ധക്യം ഒരു ശാപമായിത്തീരുമ്പോള്‍.....
നിര നിരയായി ഒഴുകി വന്നിരുന്ന കാറുകള്‍ ചുവന്ന വെളിച്ചത്തിനു മുമ്പിലെത്തിയതും, വേഗത കുറച്ചു ഒന്നൊന്നായി നിശ്ചലമായി! ഇനി ഒരു അഞ്ചു മിനിറ്റ് എങ്കിലുമാകും, അത് വീണ്ടും പച്ചയാവാന്‍! ഞാന്‍ വെറുതേ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോഴാണ്‌ ആ ദയനീയ രൂപത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കിയത്!!

മുക്കാലും നരച്ച മുടി നെറ്റിയിലേക്ക് പാറി പറന്നു കിടക്കുന്നു! മുഖത്ത് ഇനി വേറെ ചുളിവുകള്‍ക്ക് സ്ഥലമില്ലാതായിക്കഴിഞ്ഞു! പഴകി, പിഞ്ഞി, നിറം മങ്ങിയ വസ്ത്രങ്ങള്‍! താടി ക്രമാധികമായി വളര്‍ന്നിറങ്ങിയിരിക്കുന്നു! പഴഞ്ചന്‍ ചെരുപ്പണിഞ്ഞ പാദങ്ങളില്‍ മണ്ണും പൊടിയും ധാരാളം!!

ആ  വൃദ്ധരൂപം വേച്ചുവേച്ചു നടന്നു, എന്‍റെ ചില്ലുഗ്ലാസ്സിനു വെളിയിലായി വന്നു നിന്നു. ഒരു കയ്യിലും തോളിലുമായി വര്‍ണ്ണ മുത്തുമണികളാല്‍ കൊരുത്തെടുക്കപ്പെട്ട കുറച്ചധികം ജപമാലകള്‍!! മറുകയ്യില്‍ ഖുറാന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട, ചുമരില്‍ തൂക്കിയിടാവുന്ന ഒരു കൂട്ടം ചെറു ഫലകങ്ങളും തുണിച്ചുരുളുകളും!! കഴുത്തിലൂടെ ചുറ്റി, ചുമലില്‍ തൂങ്ങുന്ന മുഷിഞ്ഞ ഒരു വലിയ തുണി സഞ്ചി!! കുണ്ടിലായ  കണ്ണുകളില്‍ പ്രത്യാശയുടെയോ പ്രതീക്ഷയുടെയോ ഒരു മിന്നി വെട്ടം കാണാമായിരുന്നെങ്കിലും, ആ ദൃഷ്ടികള്‍ ഇപ്പോള്‍ എന്‍റെ മുഖത്തേക്ക് തന്നെ ഊന്നിയിരിക്കുന്നു!! ദീനത മുറ്റിനില്‍ക്കുന്ന ആ നോട്ടത്തില്‍  'ഇതിലേതെങ്കിലുമൊന്നു വാങ്ങിക്കൂടെ?' എന്ന്, എന്നോടായുള്ള, മൂകമായ ഒരു അഭ്യര്‍ത്ഥന, എളുപ്പത്തില്‍ വായിച്ചെടുക്കാം!!

ഞാന്‍ ഒരു നിമിഷം ആലോചിച്ചിരുന്നു!! സഹതാപത്തി ന്‍റെ ഒരു നേര്‍ത്ത ഉറവ ഉള്ളിലെവിടെനിന്നോ കിനിഞ്ഞിറങ്ങുന്നു.
സൈഡിലേക്കുള്ള ഏതോ ഒരു സിഗ്നല്‍ പച്ചവെളിച്ചം കാട്ടിയിരിക്കണം, ആ വശത്തുനിന്നുമുള്ള വാഹനങ്ങള്‍ വളവുതിരിഞ്ഞു ചീറിപ്പാഞ്ഞു വരുന്നത് കാണാമായിരുന്നു. സമയം അധികമില്ല!! എന്‍റെ വിരലുകള്‍ യാന്ത്രീകമായി ജനാലച്ചില്ല് താഴ്ത്താനുള്ള സ്വിച്ചിലേക്ക് നീങ്ങി. അപ്പോഴാണ് അതുവരെ മിണ്ടാതെ അടുത്തിരുന്ന ഭാര്യയില്‍ നിന്നും, അപ്രതീക്ഷിതമായി ഉയര്‍ന്നു വന്ന ആ  ചോദ്യം എന്‍റെ വിരലുകളെ നിശ്ചലമാക്കിയത്!!

"എന്തിനാ ഇപ്പൊ അതു തുറക്കുന്നത്? ഇതൊക്കെ വാങ്ങാനാ?? ഇതൊക്കെ വാങ്ങി നമുക്കെന്തു ചെയ്യാനാ??"

ശരിയാണല്ലോ!! അവള്‍ ചോദിച്ചതിലും കാര്യമുണ്ടായിരുന്നു!!
അന്യ മതസ്ഥരും, അറബി ഭാഷ വായിക്കാനോ എഴുതാനോ 
അറിവില്ലാത്തവരുമായ  ഞങ്ങള്‍ക്ക്, ആ വൃദ്ധന്‍റെ
കയ്യിലുണ്ടായിരുന്നവയില്‍ ഏതു വാങ്ങിയാലും, വെറുതേ
വീട്ടില്‍ സൂക്ഷിച്ചുവയ്ക്കാം എന്നുമാത്രം!!

ഞാന്‍ ഒന്നും മിണ്ടാതെ ചില്ല് താഴ്ത്തി, വേഗംതന്നെ രണ്ടു മൂന്നു സാധനങ്ങള്‍ കയ്യിലെടുത്തു, ചോദിച്ച വിലയും എടുത്തു കൊടുത്തു!! ആ വൃദ്ധ മുഖത്തില്‍ തെളിഞ്ഞുവന്ന സന്തോഷവും പ്രകാശവും, കൊടുത്ത പണത്തിലുമധികമായുള്ള ഒരു സംതൃപ്തി എന്‍റെ ഉള്ളിലും നിറയ്ക്കുന്നത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു!!!

"സാരമില്ല, നമ്മുടെ ഏതെങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് സമ്മാനമായി കൊടുക്കാമല്ലോ!!"

വാങ്ങിയ സാധനങ്ങള്‍ ഭാര്യയുടെ കയ്യില്‍ കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍,കൊച്ചുകുട്ടികളുടെ കൌതുകത്തോടെ അവയെ
ഏറ്റുവാങ്ങിയ  അവളുടെ മുഖവും, പ്രസന്നമായി!!

സിഗ്നല്‍ വീണിരിക്കണം, ജനാലച്ചില്ല് ഉയര്‍ത്തുമ്പോഴേക്കും, മുന്‍പിലുള്ള കാറുകള്‍  നീങ്ങാന്‍ തുടങ്ങിയിരുന്നു.
ആ വൃദ്ധരൂപത്തെ ഒന്നുകൂടി തിരിഞ്ഞുനോക്കി ഞാനും വണ്ടി
മുമ്പോട്ടെടുത്തു. അതിനോടകം ആ രൂപം സാവധാനം നടന്നു അപ്പുറത്തുള്ള ഒരു ഫുട്പാത്തിന്‍റെ വക്കില്‍ ഇരിക്കുന്നത്, സൈഡ്  മിററില്‍  കൂടി എനിക്ക് കാണാമായിരുന്നു, അടുത്ത ചുവന്ന വെളിച്ചത്തിനായുള്ള കാത്തിരിപ്പാകാം!!!

വീടെത്തുവോളം ആ കാഴ്ച കണ്‍മുമ്പില്‍നിന്നും മറഞ്ഞിരുന്നില്ല. അദ്ധ്വാനത്തിന്‍റെ നാളുകള്‍ക്കു വിടചൊല്ലി,വിശ്രമജീവിതം നയിക്കേണ്ട ഈ പ്രായത്തിലും, വെയിലെന്നോ മഴയെന്നോ നോക്കാതെ, ഒരു നേരത്തെ അഷ്ടിക്കു വേണ്ടി അലയേണ്ടിവരുന്ന ഇവരുടെ വിധി, എത്ര ക്രൂരമാണ്!!! ഇതുപോലെ വാര്‍ദ്ധക്യകാലത്ത് മക്കളാലും 
ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍, നാം നിത്യേനയെന്നോണം കാണുന്നുണ്ട്! ഒരുപക്ഷെ ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍  തന്നെയായിരിക്കും, ഇവരുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. പ്രായമേറിയ വൃദ്ധജനങ്ങള്‍  ആര്‍ക്കും വേണ്ടാതാകുന്ന ഒരു സമൂഹത്തിലാണ്, നമ്മളൊക്കെ ഇന്ന് ജീവിക്കുന്നത്. ഇളം പ്രായത്തില്‍  സര്‍വതും കൊടുത്ത് വളര്‍ത്തി വലുതാക്കി, തന്‍കാലില്‍  നില്ക്കാറാക്കുവോളം കൂടെ ഇരുന്നു പോറ്റിയ മാതാപിതാക്കളെ,
എത്ര പെട്ടെന്നാണ് ഇന്നത്തെ ഇളംതലമുറ മറന്നുകളയുന്നത്?

അസുഖങ്ങള്‍  ബാധിച്ചു കിടന്നപ്പോഴൊക്കെ, എത്രയോ രാവുകളിലും പകലുകളിലും, ഇവര്‍ മക്കള്‍ക്ക്‌വേണ്ടി ഊണും ഉറക്കവും
പോലും ഉപേക്ഷിച്ചു അവരെയും നോക്കി ഇരുന്നിട്ടുണ്ടാവും!! മക്കള്‍ക്ക്‌ ഒരു പ്രയാസം വരുമ്പോള്‍,  ഇവരൊക്കെ എല്ലാം മറന്നു അവരുടെ അടുക്കലേക്ക് ഓടിയെത്തുന്നു. അവരുടെ ഏത് ആവശ്യങ്ങളും, സ്വന്ത ആവശ്യങ്ങളെ മാറ്റിനിര്‍ത്തി, നിര്‍വഹിച്ചു കൊടുക്കുന്നു. അവരുടെ ഉയര്‍ച്ചയുടെ ഓരോ പടവുകളിലും, കാപട്യമില്ലാത്ത സന്തോഷം പ്രകടിപ്പിക്കുന്നു. ഇതല്ലേ മാതാപിതാക്കളുടെ  മക്കളോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്‍റെ മുഖം!! ഈ ലോകത്തില്‍  അതിനു പകരം വയ്ക്കാന്‍വേറെ എന്താണുള്ളത്?

ഇങ്ങനെ നിസ്വാര്‍ത്ഥമായി സ്നേഹിച്ചുകൊണ്ട്, തങ്ങള്‍ക്കുള്ളതൊക്കെയും നല്‍കി, അവസാനകാലത്ത് അവരോടൊപ്പം ആയിരിക്കാന്‍  ആഗ്രഹിക്കുന്ന ഇവരെ, വൃദ്ധസദനത്തിലും മറ്റും ഉപേക്ഷിച്ചു, സ്വന്തം സുഖം മാത്രം തേടി പോകുന്ന എത്രയോ മക്കളെ, ഈ കാലത്തില്‍  നമുക്ക് കാണാനാവും!! മക്കള്‍, അവരവരുടെ ജീവിതം സന്തോഷകരമാക്കാന്‍  ഏതറ്റം വരെ പോകാനും തയ്യാറാവുമ്പോള്‍, അവിടെ വിസ്മരിക്കപ്പെടുന്നത് ജന്മം നല്‍കിയ   മാതാവും പിതാവും ഒക്കെത്തന്നെയാവും!! ഉയരങ്ങളില്‍നിന്നും ഉയരങ്ങളിലേക്കുള്ള അവരുടെ ഈ പരക്കം പാച്ചിലിനിടയില്‍,  മക്കളിലാരുടെയെങ്കിലും ഒരു വിളിക്ക് വേണ്ടി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന എത്രയോ മാതാപിതാക്കന്മാരെ ഇന്ന് നമ്മുടെയൊക്കെ കണ്മുന്‍പില്‍, വീടുകളിലും വൃദ്ധസദനങ്ങളിലുമായി  നമുക്ക് കാണാം!!

കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള പുതിയ തലമുറയുടെ മാറ്റമാകാം, ഇതിന്‍റെയൊക്കെ ഒരു ആരംഭം എന്ന് വേണമെങ്കില്‍  ചിന്തിക്കാം. മറ്റൊന്നുള്ളത്, ഇന്നത്തെ കാലത്ത് ഭര്‍ത്താവും ഭാര്യയും കൂടി ജോലി ചെയ്തെങ്കില്‍ മാത്രമേ ഒരു ശരാശരി കുടുംബത്തിനു സുഭിക്ഷമായി കഴിയാനുള്ള വക ഉണ്ടാക്കാന്‍ സാധിക്കയുള്ളൂ എന്ന സ്ഥിതിവിശേഷം! അതിന്‍റെ ഫലമായി, താമസിക്കുന്ന സ്ഥലത്തിന്‍റെ ചുറ്റുവട്ടത്ത് തന്നെ എല്ലാവര്‍ക്കും വേണ്ട തൊഴിലവസരങ്ങള്‍  ഇല്ലാത്തതിന്‍റെ പേരില്‍  ദൂരദിക്കുകളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാകുന്ന മക്കള്‍!! അപ്പോള്‍ കുടുംബത്തില്‍  അവശേഷിക്കുന്ന പ്രായമായവരെ, അവിടെത്തന്നെ വിട്ടേച്ചു പോകേണ്ട ഒരു ഗതികേടില്‍ ഇവര്‍ എത്തിപ്പെടുന്നു! ഇതിന്‍റെ അനന്തര ഫലമോ,  മുതിര്‍ന്നവരുടെ ഒറ്റപ്പെടലും!! കൃഷി അല്ലെങ്കില്‍  കച്ചവടം അടിസ്ഥാനമാക്കിയുള്ള തൊഴിലുകള്‍  വിരളമാവുകയും, അതില്‍നിന്നും കിട്ടാവുന്ന വരുമാനത്തിന് പരിധി ഉണ്ടാവുകയും ചെയ്തതോടെ, ആളുകള്‍  ജോലി തേടി ദൂരദിക്കുകളിലേക്ക് വരെ, ഉറ്റവരെ ഒറ്റക്കാക്കി പോകാന്‍  തയ്യാറാവുന്നു. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അണുകുടുംബങ്ങളില്‍, മുതിര്‍ന്ന തലമുറയോടുള്ള ബന്ധങ്ങളില്‍ വിള്ളല്‍  വീഴുന്നത് സ്വാഭാവീകം! കൊച്ചുകുട്ടികള്‍ക്കു വരെ മുതിര്‍ന്നവരെ എങ്ങനെ ബഹുമാനിക്കണം, അവരോടു എങ്ങനെ പെരുമാറണം, എന്ന് അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ഇല്ലാതാവുന്നു. അങ്ങനെ ബന്ധങ്ങളുടെ ശൈഥില്ല്യത്തിന്  അവിടെ നിന്നും  തുടക്കമാകുന്നു!!

ഈ സ്ഥിതികള്‍ക്കൊന്നും ഉടനെ ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍  വകയില്ല. നാമൊക്കെ ധന സമ്പാദനത്തോടൊപ്പം, ബന്ധങ്ങളുടെ സൂക്ഷ്മ പരിപാലനത്തിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍  താത്പര്യം കാണിക്കാത്തിടത്തോളം,  ഒന്നിനും ഒരു പരിഹാരമുണ്ടാവുകയില്ല എന്ന് തറപ്പിച്ചു തന്നെ പറയാം!! അങ്ങനെ എല്ലാവരും ചിന്തിക്കുന്ന ഒരു കാലം വേഗം വരണമേ എന്ന പ്രത്യാശയോടെ, നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം, ആ നല്ല നാളുകള്‍ക്കായി!!!

ചിന്തകള്‍ക്ക് കടിഞാണിട്ടു മോനെയുമെടുത്തുകൊണ്ട്, ഞാന്‍ അച്ഛന്‍ കിടക്കുന്ന മുറിയിലേക്ക് മെല്ലെ നടന്നു!!!!

Saturday, January 5, 2013

കേഴുക മനസ്സേ......കുറച്ചു പാരാസിറ്റമോള്‍ ഗുളികകള്‍ വാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ കയറിയതായിരുന്നു ഞാന്‍. മെഡിക്കല്‍ സ്റ്റോറിന്‍റെ ഉടമയായ തോമസ്‌ സാറിനെ എനിക്ക് നേരത്തേതന്നെ പരിചയം ഉണ്ട്. സാര്‍ തിരക്കിലാണെന്ന് കണ്ടതും, ഞാന്‍ അല്‍പ്പം ഒതുങ്ങി മാറി നിന്നു. തിരക്ക് കഴിഞ്ഞോട്ടെ. ഇതിനോടകം എന്നെ കണ്ട സാര്‍ കൈ ഉയര്‍ത്തി ഒരു ആംഗ്യം കാണിച്ചിട്ട് വീണ്ടും തിരക്കിലേക്ക് ഊളിയിട്ടു.

തോമസ്‌ സാറിന്‍റെ ഭാര്യ ഫാര്‍മസിസ്റ്റ് ആണ്. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം, സാറും ഭാര്യക്കൊപ്പം രാവിലെ മുതല്‍ കടയില്‍ ഉണ്ടാകും. സാറിനും കൂടി വരാന്‍ കഴിഞ്ഞതോടെ, നേരത്തെ കടയില്‍ സഹായി ആയി നിന്നിരുന്ന ആളിനെ ഒഴിവാക്കാനും സാധിച്ചു. രണ്ടാളും ചേര്‍ന്ന് സാമാന്യം തെറ്റില്ലാത്ത ഒരു വരുമാനം കടയില്‍ നിന്നും ഉണ്ടാക്കുന്നുമുണ്ട്. റിട്ടയര്‍മെന്‍റ് ബോറടി  ഒഴിവാക്കാനായതിനാല്‍, സാറിനും താത്പര്യമായിരുന്നു ഈ പണി!


ഇഷ്ടം പോലെ സമ്പാദിച്ചിരുന്നെങ്കിലും അറു പിശുക്കനായിരുന്നു സാര്‍, എന്നുള്ള കാര്യം, സാറിനെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാം. സംഭാവനയ്ക്കായോ, ധര്‍മ്മത്തിനായോ ആളുകള്‍ ചെന്നാല്‍ അവരെ ചീത്ത പറഞ്ഞു ഓടിക്കുമായിരുന്നു സാര്‍. അതുകൊണ്ട് തന്നെ പൊതുജനങ്ങളുടെ ഇടയില്‍ സാറിന് അത്രയൊന്നും  മതിപ്പും ബഹുമാനവും ആരും കൊടുത്തിരുന്നുമില്ല!! സാറാകട്ടെ അതൊന്നും ഒട്ട് ആഗ്രഹിച്ചിരുന്നുമില്ല!!


കടയിലെ തിരക്ക് അല്‍പ്പം കുറഞ്ഞു എന്ന് കണ്ടപ്പോള്‍, സാര്‍ എന്‍റെ അടുത്തേക്ക്‌ വന്നു എന്താണ് വേണ്ടത് എന്ന് അന്വേഷിച്ചു. ഗുളികകളുടെ കാര്യം പറഞ്ഞതും സാര്‍ അതെടുത്തിട്ടു വരാനായി അകത്തേക്ക് പോയി. ഒരു ഫുള്‍ ബോക്സ് ഗുളികകളുമായി സാര്‍ വന്നപ്പോള്‍ തന്നെയായിരുന്നു,കൌതുകം തോന്നിപ്പിക്കുന്ന ആ പത്തുവയസ്സുകാരന്‍ കടയിലേക്ക് ഓടിക്കയറി വന്നതും! കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു മരുന്നിന്‍റെ ചീട്ടു സാറിന് കൊടുത്തുകൊണ്ട് അവന്‍ പറഞ്ഞു,


"സാര്‍, ഇതിലെഴുതിയിരിക്കുന്ന മരുന്നുകളൊക്കെ ഇവിടെ കിട്ടുമോ? എന്റെ അമ്മയ്ക്കാണ് സാര്‍. ഭയങ്കര വലിവും ശ്വാസംമുട്ടലും, വെളുപ്പിനേ തുടങ്ങിയതാ സാര്‍, ഞങ്ങള്‍ പലതും ചെയ്തുനോക്കിയിട്ടും  ഒരു കുറവുമില്ല.പിന്നെ നിവൃത്തിയില്ലാതെ ഡോക്ടറെ കണ്ടപ്പോഴാണ്,
ഈ മരുന്നുകളെല്ലാം ഉടനേ കൊടുത്തില്ലെങ്കില്‍ ജീവനു തന്നെ ആപത്താകുമെന്ന് പറഞ്ഞത്! മരുന്ന് ഒന്ന് വേഗം കിട്ടിയിരുന്നെങ്കില്‍...!" അവന്‍ ശ്വാസം വിടാതെ  പറഞ്ഞു നിര്‍ത്തി.

തോമസ്‌ സാര്‍ കുറിപ്പടി വാങ്ങി നോക്കി. ഒന്നും പറയാതെ പോയി, അകത്തുനിന്നും മരുന്നുകളുമായി വന്നു അതിന്‍റെ കവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലകള്‍ നോക്കി ബില്‍ എഴുതാന്‍ തുടങ്ങി.

ഞാന്‍ ഈ നേരമത്രയും ആ ബാലനെത്തന്നെ നോക്കുകയായിരുന്നു. മുഷിഞ്ഞു അഴുക്ക് പിടിച്ച വസ്ത്രങ്ങള്‍, ഒറ്റ നോട്ടത്തില്‍ തന്നെ അവന്‍ ഏതോ പാവപ്പെട്ട റിക്ഷാക്കാരന്‍റെയോ,കൂലിപ്പണിക്കാരന്‍റെയോ കുട്ടിയാണെന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എങ്കിലും, അവന്‍റെ മുഖത്തു നിഴലിച്ചിരുന്ന ദയനീയതയാകാം, എന്‍റെ മനസ്സില്‍ അവനോടൊരു അലിവുണര്‍ത്താന്‍ കാരണമായതെന്ന് തോന്നുന്നു.

"എണ്‍പത്തിയെട്ടു രൂപ അറുപതു പൈസാ" തോമസ്‌ സാര്‍ അവനോടായി ബില്ലും മരുന്നുകളുടെ കവറും നീട്ടിക്കൊണ്ടു പറഞ്ഞു.


അവന്‍ മുഷിഞ്ഞ പോക്കറ്റില്‍ കയ്യിട്ട് ഏതാനും പഴകിയ നോട്ടുകളും കുറച്ചു ചില്ലറയും പുറത്തെടുത്തു സാറിന്‍റെ നേര്‍ക്ക്‌ നീട്ടി. അവ വാങ്ങി എണ്ണിത്തിട്ടപ്പെടുത്തി സാര്‍ അവനോടു പറഞ്ഞു,


"എടാ, ഇത് എല്ലാം കൂടി എഴുപത്തിയാറ് രൂപയേ ഉള്ളൂ, ബാക്കി രൂപാ എവിടെ?"


"ബാക്കി...ഇപ്പോള്‍ ഇല്ല സാര്‍, നാളെ കട തുറക്കുമ്പോള്‍ തന്നെ എത്തിക്കാം, ദയവുചെയ്ത് മരുന്ന് തന്നൂടെ സാര്‍ , അമ്മയ്ക്ക് തീരെ വയ്യാത്തതുകൊണ്ട് ചോദിക്കുന്നതാ.." അവന്‍ അയാളോട് കേണു.


തോമസ്‌ സാറിന് കുലുക്കമൊന്നുമില്ല. സാര്‍ എന്നോടായി പറഞ്ഞു.

"ഇവറ്റകളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല.പറയുന്നതൊക്കെ  കള്ളമായിരിക്കും! കാശില്ലെന്നൊക്കെ പറയുന്നത് വെറുതെയാ. ഞാനിതൊക്കെ ദിവസവും കാണുന്നതല്ലേ" സാറിന്‍റെ പറച്ചിലില്‍ അവനോടുള്ള വെറുപ്പ്‌ നിറഞ്ഞു നിന്നിരുന്നു!!

"നീ കാശു മുഴുവനും കൊണ്ട് തന്നിട്ട് മരുന്ന് കൊണ്ടുപോ" അവന്‍റെ മുമ്പില്‍ വച്ചിരുന്ന  മരുന്നുകളെടുത്തു അയാള്‍ റാക്കില്‍ തിരികെ വച്ചു,അവന്‍ കൊടുത്ത കാശും തിരികെ കൊടുത്തു.


ബാലന്‍റെ മുഖത്തുണ്ടായ ദുഖവും നിരാശയും ഞാനും കാണുന്നുണ്ടായിരുന്നു. തോമസ്‌ സാര്‍ ഇതിനോടകം മറ്റൊരു കസ്റ്റമറെ അറ്റന്‍ഡ് ചെയ്യാനായി അപ്പുറത്തേക്ക്  പോയിക്കഴിഞ്ഞിരുന്നു!!


സാര്‍ തിരികെ വരുമ്പോഴും, അവന്‍ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക്തന്നെ നോക്കി കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ, സാര്‍ എന്നോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങിയതും, നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആ ബാലന്‍ മെല്ലെ കടയില്‍നിന്നും ഇറങ്ങി ഇരുട്ടിലേക്ക് നടന്നുപോയി.


എനിക്ക് ശരിക്കും വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അവ! ഇയാള്‍ക്ക് ആ പന്ത്രണ്ടു രൂപ ചില്ലറ പിന്നീട് തന്നാല്‍ മതിയെന്ന് അവനോടു പറഞ്ഞുകൂടെ?? അയാളും കേട്ടതല്ലേ അവന്‍റെ അമ്മയുടെ അവസ്ഥ? ഇത്രയ്ക്കും മനസാക്ഷിയില്ലാത്ത ഇയാളൊക്കെ ഒരു മനുഷ്യനാണോ?? മനസ്സില്‍ തിളച്ചുവന്ന അമര്‍ഷം അടക്കാന്‍, അയാളുടെ മുന്‍പില്‍ എനിക്ക് ശരിക്കും അഭിനയിക്കേണ്ടി വന്നു!!


പോരാതെ വന്ന ആ നിസ്സാര തുക എനിക്ക് വേണമെങ്കില്‍ അവനുവേണ്ടി കൊടുക്കാമായിരുന്നു. എങ്കിലും എന്‍റെ കയ്യില്‍ നിന്നും ആ പൈസാ വാങ്ങുന്നത് സാറിന് കുറച്ചിലാവും എന്ന് എനിക്ക് ഒരു തോന്നല്‍!! സാറിന്‍റെ അത്രയൊന്നും തന്നെ സമ്പന്നനല്ലാത്ത എന്നില്‍നിന്നും അദ്ദേഹം ആ സൌജന്യം സ്വീകരിക്കാനുമിടയില്ല. തന്നെയുമല്ല ഇതുകാരണം അവിടെ ഞങ്ങള്‍ക്കിടയില്‍ 'എനിക്കില്ലാത്ത മഹാമനസ്ക്കത നിനക്കോ' എന്നുള്ള ഒരു ഈഗോ സംഘര്‍ഷത്തിനും സാദ്ധ്യതയുണ്ട്. അങ്ങനെ ചിന്തിച്ചപ്പോഴാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു എളുപ്പമായ കാര്യമുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്!! ഞാന്‍ സാറിനോട് യാത്ര പറഞ്ഞു ആ ബാലന്‍ പോയ വഴിയെ വേഗം നടക്കാന്‍ തുടങ്ങി!!


പല വഴികളിലൂടെയും ഞാന്‍ അവനെ തിരഞ്ഞു നടന്നു എങ്കിലും, നിരാശയായിരുന്നു ഫലം!! എവിടെയും അവനെ കണ്ടെത്താനായില്ല! കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ പോയ ആ കുട്ടിക്ക് ആശ്വാസമായി, ഒരു ചെറിയ നന്മ ചെയ്യാനുള്ള അവസരം നഷ്ടമായല്ലോ എന്നോര്‍ത്ത് എനിക്ക് ദുഃഖം തോന്നി! അപ്പോഴേക്കും നേരം നന്നേ ഇരുട്ടിത്തുടങ്ങിയതിനാല്‍, വീടെത്താനുള്ള ധൃതിയില്‍, മനസ്സോടെയല്ലെങ്കിലും ആ ശ്രമം ഉപേക്ഷിച്ച് ഒടുവില്‍ എനിക്കും വീട്ടിലേക്കു മടങ്ങേണ്ടി വന്നു!!


വീട്ടിലെത്തിയതിനുശേഷവും എന്‍റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. ഞാന്‍ ഭാര്യയോട് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞു.


"അയാള്‍ അല്ലെങ്കിലും ഒരു മനുഷ്യപ്പറ്റില്ലാത്തവനാണ്, അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്തവന്‍, ദുഷ്ടന്‍" അവളുടെ  അമര്‍ഷവും അണപൊട്ടി!!


"പോട്ടെ, വിട്ടുകള, നമുക്ക് എന്ത് ചെയ്യാന്‍ പറ്റും??" ഞാന്‍ അവളെ സാന്ത്വനപ്പെടുത്താനായി പറഞ്ഞതാണെങ്കിലും മനസ്സ് വിങ്ങുന്നുണ്ടായിരുന്നു!


നാലഞ്ചു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു, ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയില്‍ വച്ച്, വീണ്ടുമവനെ ഞാന്‍ കണ്ടുമുട്ടിയത്. അവന്‍റെ കയ്യില്‍ മുറുകെ പിടിച്ചുകൊണ്ടു കൂടെ ഒരു ചെറിയ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവന്‍റെ കുഞ്ഞനുജത്തിയാവണം!! എത്ര കരുതലോടെയും സ്നേഹത്തോടെയുമാണ് അവന്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്!! ഞാന്‍ ആ കാഴ്ചയില്‍ ലയിച്ച് ഒരു നിമിഷം അവിടെത്തന്നെ നിന്ന് പോയി!!പിന്നെ നടപ്പിന് വേഗം കൂട്ടി അവന്‍റെ അടുത്തെത്തി.


"ഒന്ന് നില്‍ക്കൂ കുട്ടീ, ചോദിക്കട്ടെ.." ഞാന്‍ അടുത്തു ചെന്നു മെല്ലെ അവന്‍റെ കരം കവര്‍ന്നു.

അവന് എന്നെ അറിയാമായിരുന്നില്ല, എങ്കിലും എന്‍റെ കയ്യ് വിടുവിക്കാന്‍ ശ്രമിച്ചില്ല.

"നിന്‍റെ അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെ ഉണ്ട് കുട്ടീ?" ഞാന്‍ മെല്ലെ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.


ആ മുഖത്ത് ദുഃഖം ഉരുണ്ടു കൂടുന്നതും, കണ്ണുകള്‍ നിറഞ്ഞു കവിയുന്നതും ഒരു ആന്തലോടെ ഞാന്‍ നോക്കിനിന്നു.


"അമ്മ ഞങ്ങളെയെല്ലാം വിട്ടു പോയി സാര്‍, വേണ്ട മരുന്നുകളൊന്നും സമയത്ത് വാങ്ങിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി.അച്ഛനും സുഖമില്ലാതെ കുറച്ചുനാളായി കിടപ്പിലായിരുന്നു. ഇന്നേയ്ക്ക് നാല് ദിവസ്സമായി സാര്‍ അമ്മ പോയിട്ട്....." അവന്‍റെ ശബ്ദം നേര്‍ത്തുവന്നു ഒരു തേങ്ങലോളം എത്തിയിരുന്നു! അവന്‍റെ കുഞ്ഞു പെങ്ങളാകട്ടെ, മുഖം പുറകിലൊളിപ്പിച്ചു, ആശ്രയത്തിനെന്നോണം അവനെ ഇറുകെ പിടിക്കുന്നത്‌ എനിക്ക് കാണാമായിരുന്നു.


കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ ഒരു നിമിഷം അസ്തപ്രജ്ഞനായി നിന്നുപോയി!! ഇതാ, എന്നെക്കൊണ്ട് അന്നു വളരെ എളുപ്പത്തില്‍ ചെയ്യാമായിരുന്ന ഒരു ചെറിയ സഹായം, വെറും ദുരഭിമാനത്തിന്‍റെ പേരില്‍ ഒഴിവാക്കിയതിന്‍റെ ഫലം! വിലപ്പെട്ട ഒരു ജീവന്‍ അന്യായമായി, അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അന്നു തികയാതെവന്ന പൈസ കൊടുത്ത് ആ മരുന്ന് വാങ്ങാന്‍ ഞാന്‍ അവനെ സഹായിച്ചിരുന്നെങ്കില്‍, ഈ കുഞ്ഞുങ്ങളുടെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു!!അങ്ങനെ ചിന്തിച്ചപ്പോള്‍

സാധുക്കളായ ഈ  കുഞ്ഞുങ്ങളുടെ ദുരവസ്ഥയില്‍ പരോക്ഷമായെങ്കിലും എനിക്കും ഒരു പങ്കുണ്ടായിരുന്നു എന്ന സത്യം,എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്!!

എനിക്ക്  ആരോടൊക്കെയോ അമര്‍ഷം തോന്നി.അത് ഒരുപക്ഷെ കഠിനഹൃദയനായ തോമസ്‌ സാറിനോടാവാം,അല്ലെങ്കില്‍ അയാളെപ്പോലെ മനസാക്ഷിയില്ലാതെ പാവങ്ങളോട് പെരുമാറുന്ന ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയോടാകാം, അതോന്നുമല്ലെങ്കില്‍ സമയത്ത് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന എന്റെ നിസ്സഹായതയോടുമാകാം!!

അതെന്തായാലും,കുറ്റബോധം നിറഞ്ഞു വിങ്ങുന്ന ഹൃദയവുമായി, ആ കുട്ടികളെ വിട്ടു വീട്ടിലേക്കു മടങ്ങുമ്പോഴും,‍മനസാക്ഷിയോടുള്ള ഒരു ചോദ്യച്ചിഹ്നമായി ആ പത്തു വയസ്സുകാരന്റെ വിതുമ്പുന്ന മുഖം എന്‍റെ കണ്‍മുമ്പില്‍ തന്നെയുണ്ടായിരുന്നു!!മനസ്സില്‍ ഉരുണ്ടുകൂടിയ ദുഃഖം,കണ്ണുകളില്‍ നനവ്‌ പടര്‍ത്തുന്നതും,ഒഴുകിയിറങ്ങാനുള്ള വെമ്പലില്‍, അവ കാഴ്ചയ്ക്കു് മങ്ങലേല്‍പ്പിക്കുന്നതും, ഞാന്‍ അറിയുന്നുണ്ടായിരുന്നു...


അതെ, മനസ്സ് കേഴുകയായിരുന്നു, മൂകമായി!!!