Monday, November 3, 2014

നിശ്ശബ്ദസേവനത്തിന്‍റെ വേറിട്ട മുഖങ്ങള്‍!!!
അടുത്ത സമയത്ത്  നാട്ടിലെ ഏതാനും നിയമപാലകര്‍, ഒരു ഹെല്‍മെറ്റ്‌ വേട്ടയ്ക്കിടെ രണ്ടു ചെറുപ്പക്കാരുടെ ദാരുണ മരണത്തിനു കാരണക്കാരായ വാര്‍ത്ത, അവിടെ വലിയ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നുവല്ലോ!! സ്വാഭാവീകമായി, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ദുബായ് ജീവിതത്തിനിടയില്‍,  ഇവിടുത്തെ നിയമപാലകരുമായി ഇടപഴകേണ്ടി വന്നിട്ടുള്ള പല സന്ദര്‍ഭങ്ങളേപ്പറ്റിയും ഓര്‍ത്തു പോയി!! 

ദുബായ് പോലെ തിരക്കേറിയ ഗതാഗത സംവിധാനമുള്ള ഒരു നഗരത്തില്‍,  സ്വന്തമായി വാഹനം ഓടിക്കുന്ന ആര്‍ക്കും തന്നെ, പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ടും, അപകടങ്ങളെ നേരിടേണ്ടി വരാറുണ്ട്. മിക്കപ്പോഴും അശ്രദ്ധയോടെ വാഹനം ഓടിക്കുന്ന മറ്റൊരാളായിരിക്കും,  നമ്മുടെ വാഹനത്തില്‍ വന്നു ഇടിച്ച് അപകടത്തിനു കാരണക്കാരനാവുക. സാധാരണയായി ഈ മാതിരി സന്ദര്‍ഭങ്ങളില്‍ പോലീസിനെ  വിവരം  ധരിപ്പിച്ചാല്‍,  അപകടത്തിന്‍റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചു,  ഒന്നുകില്‍ അവര്‍ സംഭവ സ്ഥലത്തെത്തുകയോ, അല്ലെങ്കില്‍ നമ്മളോട് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ പറയുകയോ, ആണ് പതിവ്.

ഇത്തരത്തിലുള്ള ഒരു അനുഭവം രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്കുമുണ്ടായി. മെയിന്‍ റോഡിലേക്ക് കയറാനായി, സൈഡ് റോഡിലൂടെയെത്തിയ ഞാന്‍, റോഡ്‌ ക്ലിയര്‍ ആവാനായുള്ള കാത്തിരിപ്പിലായിരുന്നു. വലിയ ഒരു ഒച്ചയോടൊപ്പം പെട്ടെന്നുണ്ടായ ഒരു ഇടിയുടെ ആഘാതത്തില്‍,  ഞാന്‍ ഇരുന്നിടത്തുനിന്നും അല്‍പ്പം മുന്‍പോട്ടു ആഞ്ഞു പോയി!! അത്ര തന്നെ!! ദൈവം കാത്തു!!  മറ്റു കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ വേഗം പുറത്തേക്കിറങ്ങി നോക്കി.  എന്‍റെ ഹോണ്ടായെ തൊട്ടുരുമ്മി, ടൊയോട്ടായുടെ ഒരു മിനി വാന്‍!! തലയില്‍ കൈ വച്ചുകൊണ്ട് അതില്‍നിന്നും  ഇറങ്ങി വരുന്ന പാക്കിസ്ഥാനിയുടെ മുഖത്ത് ചമ്മലോടെയുള്ള ചിരി!! ഈ മാതിരി സന്ദര്‍ഭങ്ങളില്‍, നാട്ടിലേപ്പോലെ ശബ്ദമുയര്‍ത്താനോ, വഴക്കുണ്ടാക്കാനോ പോയിട്ട്,  ഒരു കാര്യവുമില്ല. എത്രയും വേഗം പോലീസിനെ വിവരം അറിയിക്കുക, അതാണ്‌ ചെയ്യാനുള്ളതും ചെയ്യേണ്ടതും!!

അപകടം അത്ര സാരമുള്ളതല്ല എന്നുള്ളതിനാല്‍,  അവര്‍ ആവശ്യപ്പെട്ടതുപോലെ, അടുത്തുള്ള സ്റ്റേഷനിലേക്ക് തന്നെ പോകേണ്ടി വന്നു. ടോക്കണ്‍ എടുത്തു അധികം കാത്തിരിക്കുന്നതിനു മുന്‍പേതന്നെ, ഞങ്ങള്‍ക്ക് ഒരു ഓഫിസറുടെ മുന്‍പിലെത്താനായി. വളരെ സൌമ്യതയോടെ ആ ഉദ്യോഗസ്ഥന്‍, സംഭവത്തെപ്പറ്റി ഞങ്ങള്‍ രണ്ടാളോടും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. പിന്നീട് വേഗംതന്നെ ഞങ്ങള്‍ക്കൊപ്പം വന്നു, പുറത്തായി പാര്‍ക്ക്‌ ചെയ്തിരുന്ന വാഹനങ്ങളുടെ പരിശോധനയ്ക്കുശേഷം, എനിക്ക് പച്ചയും, പാക്കിസ്ഥാനിക്ക് ചുവപ്പും നിറങ്ങളിലുള്ള റിപ്പോര്‍ട്ട്‌ ഷീറ്റുകളും തന്നു, ഞങ്ങളെ യാത്രയാക്കി. എത്ര മര്യാദയുള്ള പെരുമാറ്റം!! അനാവശ്യ ശബ്ദമുയര്‍ത്തലുകളില്ല, വഴക്കില്ല, ബഹളങ്ങളില്ല, ദേഹോപദ്രവമില്ല, തികച്ചും കുറ്റമറ്റതായ നീതി നിര്‍വഹണത്തിന്റെ ഉദാത്തമായ ഒരു മാതൃക!!

പുറത്തേക്കുള്ള വാതിലിലേക്ക് നടക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ്‌ ഒരു ഡസ്കിനു പിറകിലായി ഇരുന്നിരുന്ന രണ്ടു പോലീസുകാരി പെണ്‍കുട്ടികള്‍ ഞങ്ങളെ കൈ കാട്ടി അങ്ങോട്ട്‌ വിളിച്ചത്. ' ഇനി ഇവിടെയെന്താണാവോ' എന്നുള്ള ഉദ്വേഗത്തോടെ, ഞങ്ങള്‍ അങ്ങോട്ടേക്ക് ചെന്നു. അപ്പോഴാണ്‌ അവര്‍ രണ്ടു ഫോമുകള്‍ എടുത്തു ഞങ്ങള്‍ക്ക് നേരെ നീട്ടിയത്. അതില്‍ പൂരിപ്പിക്കാനുള്ള ഏതാനും ചോദ്യങ്ങളാണ്. ഒന്ന് കണ്ണോടിച്ചപ്പോള്‍ മനസ്സിലായി, ഞങ്ങള്‍ ഏതു ആവശ്യത്തിനായാണോ അവിടെ ചെന്നത്, അതേ ആവശ്യം, ഞങ്ങളുടെ മനസ്സിന് തൃപ്തികരമായ രീതിയില്‍ തന്നെയാണോ അവിടെ ഞങ്ങളെ സ്വീകരിച്ച ഓഫീസര്‍ നിര്‍വഹിച്ചത്,  എന്ന് അറിയാനുള്ള ഒരു പിടി ചോദ്യങ്ങളായിരുന്നു അവയിലെല്ലാം!! സത്യം പറയാമല്ലോ, ആ ചോദ്യങ്ങള്‍ക്കൊന്നും തന്നെ നെഗറ്റീവായുള്ള ഒരു ഉത്തരമെഴുതാനായി,  ഒന്നും തന്നെ ഞങ്ങള്‍ രണ്ടാള്‍ക്കും ഉണ്ടായിരുന്നില്ല!! ഫോമുകള്‍ പൂര്‍ത്തിയാക്കി തിരികെ വാങ്ങുമ്പോള്‍, ആ പെണ്‍കുട്ടികള്‍ മന്ദഹാസത്തോടെയുച്ചരിച്ച അറബി ഭാഷയിലെ നന്ദി വാക്കുകള്‍,  കേള്‍ക്കാന്‍ ഇമ്പമുള്ളതായിരുന്നു!!

മറ്റൊരവസരത്തില്‍,  അലൈനില്‍ നിന്നും രാതിസമയം തിരികെ,  ദുബായിലേക്കുള്ള യാത്രയിലായിരുന്നു, ഞാനും എന്റെ ഒരു സുഹൃത്തും. ഏതാണ്ട് പാതി വഴി പിന്നിട്ടപ്പോഴാണ്, ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. ഞങ്ങളുടെ തൊട്ടു പിറകിലായി,  ദുബായ് പോലീസിന്‍റെ ഒരു വണ്ടിയുമുണ്ട്.  മൂന്നു ലെയ്നുകളുള്ള റോഡാണ് അത് എന്നതുകൊണ്ട്,  അവര്‍ക്ക് ഞങ്ങളെ എപ്പോള്‍ വേണമെങ്കിലും ഓവര്‍ടേക്ക് ചെയ്തു കയറിപ്പോകാം. എന്നാല്‍ വളരെ നേരമായിട്ടും അവര്‍ അതിനു ശ്രമിക്കാതെ,  ഞങ്ങള്‍ക്ക് തൊട്ടു പിറകെ തന്നെ വരികയാണ്!!

മനസ്സില്‍ ഒരു ചെറിയ ടെന്‍ഷന്‍ ഉരുണ്ടു കൂടുന്നത്, വണ്ടി ഓടിച്ചിരുന്ന ഞാന്‍ അറിയുന്നുണ്ടായിരുന്നു. അറിഞ്ഞുകൊണ്ട് ഞങ്ങള്‍ രണ്ടു പേരും ഒരു നിയമ ലംഘനവും നടത്തിയതായി, ഓര്‍മ്മയിലില്ല.  ഞാന്‍ കാറിന്‍റെ വേഗം ഒന്ന് കൂട്ടി നോക്കി. ഇതാ, അവരും വേഗം കൂട്ടുന്നുണ്ട്!! ഞാന്‍ വേഗം കുറച്ചു നിയമം അനുശ്വാസിക്കുന്ന കുറഞ്ഞ സ്പീഡില്‍ ഓടിച്ചു നോക്കി. അത്ഭുതം തന്നെ!! ആ പോലീസുവണ്ടിയും, സ്പീഡ് കുറച്ചിരിക്കുന്നു!! എന്തോ പ്രശ്നമുണ്ടെന്ന് മനസ്സ് പറയുന്നു!! ഇനിയെല്ലാം വരുന്നിടത്തുവച്ചുതന്നെ കാണാം, ഞാനും മനസ്സിലുറപ്പിച്ചു.

ഞങ്ങള്‍ ഒരു ചെറിയ ടൌണിനോടടുക്കുകയാണ്. റോഡില്‍ അതുവരെയുണ്ടായിരുന്ന അരണ്ട വെളിച്ചം, ഒരു പെട്രോള്‍ പമ്പും, റസ്റ്റോറന്‍റുകളുമൊക്കെയുള്ള  സ്ഥലത്തേക്ക് പ്രവേശിച്ചതോടെ, ഫ്ലഡ്ല് ലൈറ്റുകള്‍ക്ക് വഴിമാറി.  ഞാന്‍ രണ്ടും കല്‍പ്പിച്ചു വണ്ടി പമ്പിലേക്ക് ഓടിച്ചു കയറ്റി, പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി. ആ പോലീസുവണ്ടിയും ഞങ്ങള്‍ക്ക് പിറകിലായി പാര്‍ക്ക് ചെയ്തു, ലൈറ്റ് മിന്നിച്ച് ഞങ്ങളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു. മിടിക്കുന്ന ഹൃദയത്തോടെ ഞങ്ങള്‍ രണ്ടാളും, അവരുടെ അടുത്തേക്ക്‌ നീങ്ങി.

ഞങ്ങള്‍ രണ്ടാള്‍ക്കും അറബി ഭാഷയിലുള്ള പാപ്പരത്തം ഈ മാതിരി സന്ദര്‍ഭങ്ങളിലാണ് വിനയായിത്തീരുന്നത്!! ഭാഗ്യം!! അവരിലൊരാള്‍ക്ക് ഇംഗ്ലീഷ് കുറച്ചൊക്കെ അറിയാം. അഭിവാദ്യങ്ങള്‍ക്ക് ശേഷം അവര്‍ വേഗം കാര്യത്തിലേക്ക് കടന്നു. കേട്ടപ്പോള്‍ കാര്യം നിസ്സാരം എന്ന് ഞങ്ങള്‍ക്ക് തോന്നിയെങ്കിലും, അവരുടെ വാക്കുകളില്‍ ഗൌരവം നിറഞ്ഞിരുന്നു. ഞങ്ങളുടെ കാറിന്‍റെ പിറകിലുള്ള ലൈറ്റുകള്‍ ഒന്നും തന്നെ, കത്തുന്നുണ്ടായിരുന്നില്ല!! ആ ഭാഗത്തേക്കുള്ള ഫ്യുസ് വല്ലതും കത്തിപ്പോയിരിക്കും!! അതായിരുന്നു അവര്‍ ഞങ്ങളെ പിന്തുടരുവാനുള്ള കാരണം!!  ഈ വിവരം ഞങ്ങളും, അവര്‍ പറയുമ്പോഴാണ് അറിയുന്നത്!! അലൈന്‍-ദുബായ്‌ റോഡില്‍ വാഹങ്ങളുടെ സ്പീഡ്‌ നൂറ്റി ഇരുപതായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലപ്പോഴും അതിലൊക്കെ വളരെ കൂടുതല്‍ സ്പീഡില്‍ വാഹനങ്ങള്‍ ഓടിച്ചായിരിക്കും, പലരും വരുക. ഈ അവസരത്തില്‍ പിറകില്‍ ഒരു ലൈറ്റുകളും ഇല്ലാതെ ഒരു വണ്ടി മുന്‍പില്‍ പോവുകയാണെങ്കില്‍, അതിനെ തട്ടിയിട്ടിട്ടു മുന്‍പോട്ടു കുതിക്കാന്‍ പാകത്തില്‍ എത്രയെങ്കിലും വണ്ടികള്‍, വേഗത്തില്‍ ഒന്നിനുപുറകെ ഒന്നൊന്നായി വരുന്നുണ്ടാകും!! അത് മനസ്സിലാക്കി, ഞങ്ങളുടെ സുരക്ഷക്കു വേണ്ടി, ഞങ്ങള്‍ക്ക് പിറകിലായി അവര്‍ ഒരു കവചമായി വരുകയായിരുന്നു!! പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഞങ്ങളുടെ വണ്ടിയുടെ നേര്‍ക്ക്‌ നോക്കി, അതിന്റെ ലൈറ്റുകള്‍ ശരിയാക്കിയതിനു ശേഷം മാത്രം, യാത്ര തുടരാന്‍ ഞങ്ങളെ ഉപദേശിച്ചതിനു ശേഷം, അവര്‍ വന്ന വഴിയെതന്നെ വാഹനമോടിച്ചു പോയി!!

അവര്‍ പോയ വഴിയെ നോക്കി ഞങ്ങള്‍ ഒന്നും മിണ്ടാനാവാതെ,  അല്‍പ്പ നിമിഷങ്ങള്‍ അതേപടി നിന്നുപോയി!! ദൈവമേ,  ഇങ്ങനെയും ഉണ്ടല്ലോ പോലീസുകാര്‍!!  ദുബായ്‌ പോലീസിനെ മനസ്സാ നമിച്ചുപോയ നിമിഷങ്ങളായിരുന്നു അവ!!

അടുത്തുള്ള കടയിലെ ചൂടു ചായക്കപ്പുകള്‍ക്ക്  മുമ്പിലിരിക്കുമ്പോഴും,  ഞങ്ങള്‍ രണ്ടാളും ചിന്തിച്ചിരുന്നത് ഒന്നുതന്നെ ആയിരുന്നു. ഒരു ലാഭേഛയും കൂടാതെ,  കിലോമീറ്ററുകള്‍ ഞങ്ങളെ പിന്തുടര്‍ന്ന്, ഞങ്ങള്‍ക്ക് കാവല്‍ വരാനായുള്ള അവരുടെ സേവന സന്നദ്ധതയും,  കൃത്യ നിര്‍വഹണത്തിലുള്ള അവരുടെ ഉറച്ച പ്രതിബദ്ധതയും!! 

Sunday, July 13, 2014

ഒരു വേളാങ്കണ്ണി യാത്രയും ചില വേറിട്ട കാഴ്ചകളും...
"യേശുദേവന്‍ ദേവാലയത്തിലെ ശ്രീഭണ്ടാരത്തിനു നേരെ ഇരിക്കുമ്പോള്‍ പുരുഷാരം  ഭണ്ടാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു. ധനവാന്മാര്‍ പലരും വളരെ ഇട്ടു. ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് ശരിയായ  രണ്ടു കാശ് ഇട്ടു. അപ്പോള്‍ അവന്‍  ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു, 'ഭണ്ടാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്ന് ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നും ഇട്ടു. ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്ന് തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു ' എന്ന് അവരോടു പറഞ്ഞു" 
                                                                                                        - ബൈബിളില്‍ നിന്ന്                 
                                                                                           
                                                                       
അടുത്ത ചില ബന്ധുക്കള്‍ക്കൊപ്പമൊരു ചെന്നൈ സന്ദര്‍ശനത്തിനു  ശേഷം നാട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു,  ഞാനും കുടുംബവും. ചെന്നൈ നഗരക്കാഴ്ചകള്‍ ഒരു ഓട്ട പ്രദക്ഷിണത്തില്‍ ഒതുക്കാനുള്ള സമയമേ ലഭിച്ചിരുന്നുള്ളു എന്നതിനാല്‍,  മടക്ക യാത്രയെങ്കിലും  ഒരു  തീര്‍ഥാടന കേന്ദ്രം വഴിയായാല്‍ നന്ന് എന്ന് മനസ്സ് തീവ്രമായി  ആഗ്രഹിച്ചിരുന്നു.

അങ്ങനെയാണ് അത് വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്രയായി മാറിയത്!!  സുനാമി തിരമാലകളുടെ താണ്ഡവത്തിനു  തൊട്ടു മുമ്പുള്ള  വര്‍ഷങ്ങളിലൊന്നിലായിരുന്നു അങ്ങോട്ടേക്കുള്ള എന്റെ കന്നി യാത്ര. അന്ന് ഞാന്‍ കണ്ട പരിമിതമായ ചുറ്റുപാടുകളില്‍  നിന്നും സുനാമിക്ക് ശേഷമുള്ള  പള്ളിയുടേയും  പരിസരപ്രദേശങ്ങളുടേയും,  വികസനത്തിന്റെ പാതയിലൂടെയുള്ള   മുന്നേറ്റം, എന്നെ അത്ഭുതപ്പെടുത്തി!!  തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളും,  ജാതിമത ഭേദമന്യേ ഇടതടവില്ലാതെ ഒഴുകിയെത്തുന്ന ഭക്തജന പ്രവാഹവുമൊക്കെ ചേര്‍ന്ന്,  ഭക്തിയുടെ പരിവേഷത്തിനുമപ്പുറം,  തിരക്കേറിയ ഒരു കടലോര  പട്ടണത്തിന്റെ പ്രതിച്ഛായയും പ്രൌഡിയും  അതിനു ചാര്‍ത്തിക്കൊടുത്തിരിക്കുന്നു!!

എല്ലായിടവും ഒന്ന് എത്തി നോക്കി  ചുറ്റിത്തിരിഞ്ഞു   വന്ന ഞങ്ങളെ,  ഉച്ച വെയിലിന്റെ കാഠിന്യം,  ശരിക്കും തളര്ത്തിക്കഴിഞ്ഞിരുന്നു!!  ഒടുവിലായാണ് അല്‍പ്പമൊരു മനശാന്തിക്കും,  ചെറിയൊരു വിശ്രമത്തിനുമായി, ഞങ്ങളാ പ്രധാന ദേവാലയത്തിന്റെ പ്രവേശന കവാടത്തിലെത്തിയത്. കാലണികള്‍ പുറത്തഴിച്ചുവച്ചു ഉള്ളിലേക്ക് കടന്ന ഞങ്ങളുടെ കണ്ണുകള്‍ക്ക് അകത്തെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ അല്‍പം മടിയുള്ളതുപോലെ  തോന്നി!!  ഒടുവിലത്തെ നിരകളിലായി ഒഴിഞ്ഞു കിടന്നിരുന്ന ഇരിപ്പിടങ്ങളിലൊന്നില്‍ തിടുക്കത്തില്‍  ഞങ്ങളും ഉപവിഷ്ടരായി.

അള്‍ത്താരയ്ക്കു മുമ്പില്‍ വിശേഷ വസ്ത്രങ്ങളണിഞ്ഞ പ്രധാന പുരോഹിതനും,  വെള്ള വസ്ത്രങ്ങളണിഞ്ഞ സഹായിയായ യുവ വൈദികനും,  ഭക്തിനിര്‍ഭരമായ ഈണത്തില്‍  എപ്പോഴൊക്കെയോ പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ടിരുന്നു!!  സൌരഭ്യയാഗത്തിന്‍ ധൂമ സമമായ പവിത്ര  പശ്ചാത്തലവും, അതില്‍ ഒഴുകിയെത്തുന്ന  മൃദുമന്ത്രണങ്ങളുടെ  മാസ്മരീകതയുമൊക്കെ ചേര്‍ന്ന്,  ഹൃദയങ്ങളേയും  മനസ്സുകളേയും ഈശ്വര സന്നിധിയിലേക്കുയര്‍ത്തുന്ന  നിര്‍വൃതിയുടെ  ഒരുപിടി  നിമിഷങ്ങള്‍!!  കണ്ണുകള്‍ മെല്ലെ പൂട്ടി ധ്യാനനിരതരായി  ഞങ്ങളും,  അല്‍പസമയം ആ പ്രാര്‍ഥനയില്‍ പങ്കാളികളാകാനൊരു ശ്രമം നടത്തി....

വീണ്ടും എപ്പോഴോ കണ്ണുകള്‍ തുറന്നപ്പോഴാണ് ഞാനാ വൃദ്ധയായ അമ്മയെയും,  കൂടെയുണ്ടായിരുന്ന യുവാവായ മകനെയും കണ്ടത്. ബഞ്ചുകളുടെ ഓരം ചേര്‍ന്ന് അള്‍ത്താരയിലേക്കുള്ള  വഴിയെ സാവധാനം മുമ്പോട്ട്‌ നീങ്ങുകയായിരുന്നു ഇരുവരും!!   ഒരു അതിശയം കാണുന്നതുപോലെ എന്റെ കണ്ണുകള്‍ ആ ചെറുപ്പക്കാരന്റെ കയ്യില്‍ ഭദ്രമായി കടലാസില്‍ പൊതിഞ്ഞ്  പിടിച്ചിരുന്ന  തെങ്ങിന്‍  തയ്യില്‍  ഉടക്കി നിന്നു!! ഈ ആരാധനയുടെ മദ്ധ്യത്തിലേക്ക് ആ തെങ്ങിന്‍ തൈയ്യുമായുള്ള അവരുടെ വരവിന്റെ ഉദ്ദേശം എത്ര ആലോചിച്ചിട്ടും എനിക്ക് അപ്പോള്‍ മനസ്സിലാകുന്നില്ലായിരുന്നു!! എങ്കിലും,   അള്‍ത്താരയുടെ അരണ്ട വെളിച്ചത്തില്‍ ആ  മുഖങ്ങളില്‍  നിഴലിച്ചിരുന്ന ഭാവങ്ങളില്‍,  ഈശ്വരനോടുള്ള നന്ദിയും സ്നേഹവും  കടപ്പാടുമൊക്കെ  മാറി മാറി  പ്രതിഫലിക്കുന്നത് ഒരു  കണ്ണാടിയിലെന്നോണം  എനിക്ക് കാണാമായിരുന്നു!!

അള്‍ത്താരയ്കരികിലെത്തിയ അവരോട്  സഹ വൈദീകന്‍ ഏതോ നിര്‍ദേശങ്ങള്‍ നല്‍കുന്നതും,  അവര്‍ വശങ്ങളിലുള്ള ഒരു വാതില്‍ വഴി അകത്തേക്ക് പോകുന്നതും ഞാന്‍ കണ്ടു. അല്‍പസമയത്തിനകം തിരികെ വരുമ്പോള്‍ അവരുടെ കൈകളില്‍ ആ തെങ്ങിന്‍ തൈയ്യ്‌ ഉണ്ടായിരുന്നില്ല!!

കാര്യങ്ങള്‍ അപ്പോഴേക്കും  ഏറെക്കുറെ  ഞാന്‍ ഊഹിച്ചു കഴിഞ്ഞിരുന്നു.  തങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നും ഏറ്റവും വിശിഷ്ടമായതിനെ തിരഞ്ഞെടുത്തു, തങ്ങള്‍ വണങ്ങുന്ന ഈശ്വരസന്നിധിയില്‍ കാണിക്കയര്‍പ്പിക്കാനായി, ഏതോ ദൂരെയുള്ള  ഗ്രാമത്തില്‍ നിന്നും എത്തിയവരായിരുന്നു ആ സാധുക്കള്‍ എന്ന് മനസ്സിലാക്കാന്‍,  അവരുടെ  നിറം മങ്ങിയ  മുഷിഞ്ഞ  വേഷങ്ങള്‍തന്നെ ധാരാളമായിരുന്നു!!

തിരികെ നടന്നു വന്ന്, അള്‍ത്താരയ്ക്കു മുന്‍പില്‍ തൊഴുകൈകളോടെ മുട്ടുകുത്തിയിരുന്ന   അവരുടെ സംതൃപ്തി നിറഞ്ഞ മുഖങ്ങളിലേക്ക്, ഒരിക്കല്‍ കൂടി നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല!!  യഥാര്‍ത്ഥ ഭക്ത്തിയുടെ  ആ മുഖങ്ങള്‍ അത്രമാത്രം  എന്റെ മനസ്സിലും ചലനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു!!

അള്‍ത്താരയിലെ ചടങ്ങുകള്‍ ഏതാണ്ട്  അവസാനിക്കാറായിരുന്നു. തിരക്കൊഴിവാക്കാനായി ആദ്യം  പുറത്തേക്ക് നീങ്ങുന്നവര്‍ക്കൊപ്പം ഞങ്ങളും വാതില്‍ ലക്ഷ്യമാക്കി  നടന്നു. പാദരക്ഷകള്‍ അണിഞ്ഞു വെളിയിലേക്കിറങ്ങിയ ഞങ്ങളെ പ്രതീക്ഷിച്ചിട്ടെന്നപോലെ ,  ഇളം തെന്നലിനെ ആട്ടിയകറ്റിയ   വേനല്‍ച്ചൂട് അവിടെ  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു!!

മടക്കത്തിലാണ് സുനാമിത്തിരമാലകളില്‍ ജീവന്‍  ബലിയര്‍പ്പിച്ച ആയിരങ്ങളുടെ ഓര്‍മ്മകള്‍ നിദ്ര കൊള്ളുന്ന, സ്മ്രതി മണ്ടപത്തിനു  മുമ്പില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്!!  ഒരു നിമിഷം കണ്ണുകളടച്ചു അവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരുമ്പോഴും,  എന്റെ മനസ്സിന്റെ ഏതോ കോണുകളില്‍ യേശുദേവന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയ ആ അമ്മയും മകനും ഉണ്ടായിരുന്നു,  വേളാങ്കണ്ണിയിലെ വേറിട്ടൊരു കാഴ്ചയായി.........

Monday, April 14, 2014

ഒരു ട്രാഫിക്‌ ബ്ളോക്കും വെറുതേ ചില ചിന്തകളും......."പാദങ്ങളേ ഇല്ലാതിരുന്ന ഒരുവനെ കണ്ടുമുട്ടുന്നതുവരെ, പാദരക്ഷകള്‍  ഇല്ലാത്തതില്‍  ഞാന്‍ ദുഖിതനായിരുന്നു"

 അമേരിക്കന്‍ കൊമേഡിയനും അഭിനേതാവും എഴുത്തുകാരനുമായ സ്റ്റീവന്‍ റൈറ്റിന്റെ  വാക്കുകള്‍ ( I was sad because I had no shoes until  I met a man who had no feet ) ഞാനൊന്ന് മലയാളത്തില്‍
എഴുതാന്‍ ശ്രമിക്കുകയായിരുന്നു. സമീപ കാലത്ത് എന്നെ ഒരുപാട്
ആകര്‍ഷിച്ചിട്ടുള്ള ഉദ്ധരിണികളില്‍ ഒന്നായ ഇതിന്‍റെ മൂലഭാഷ്യം,
പേര്‍ഷ്യന്‍ കവിയായിരുന്ന ഷേക്ക്‌ സാദിന്റെ Gulistan അഥവാ Rose Garden എന്ന കഥാകവിതാ സമാഹാരത്തില്‍ നിന്നുള്ള ഒന്ന് രണ്ടു വരികളായിരുന്നു!! എത്രയോ അര്‍ത്ഥസംപുഷ്ടി നിറഞ്ഞു തുളുമ്പുന്ന വാക്കുകള്‍!!

ജീവിതം സുഗമവും സ്വച്ഛന്ദവുമായി, അല്ലലില്ലാതെ മുമ്പോട്ടു പോകുമ്പോള്‍ അവിചാരിതമായി കടന്നുവരുന്ന ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലും പതറിപ്പോകുന്നവരാണ് നാമെല്ലാം. മനുഷ്യ  മനസ്സുകളില്‍  'എന്തേ എനിക്ക് മാത്രം ഇങ്ങനെ?' എന്നുള്ള ചോദ്യങ്ങള്‍ ഒരുത്തരത്തിനായി വെമ്പല്‍ കൊള്ളുന്ന ഈ മാതിരി സന്ദര്‍ഭങ്ങളിലാണ്  നാം നമ്മുക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കേണ്ടതിന്റെ  ആവശ്യം അനിവാര്യമാകുന്നത്!! അപ്പോഴാണ്‌  ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നമുക്കുണ്ടായതിലുമൊക്കെ എത്രയോ മടങ്ങ്‌ വലുതാണെന്നും, അതിനുമുമ്പില്‍ നമ്മുടെ പ്രശ്നങ്ങളൊക്ക എത്രയോ  
നിസ്സാരങ്ങളാണെന്നും, നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങുക!!

രണ്ടു മാസത്തെ അവധിക്കാലം നാട്ടില്‍ ചിലവഴിച്ചു വീണ്ടും ദുബായില്‍ എത്തിയപ്പോഴാണ് പതിവിലും കൂടുതലായ ട്രാഫിക്‌ തിരക്ക് അനുഭവപ്പെട്ടു  തുടങ്ങിയത്. സ്കൂളുകള്‍ തുറന്നതും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ആരംഭിച്ചതും, വാഹന റെജിസ്ട്രേഷന്‍  ഇംഗ്ളീഷ് അക്ഷരമാലയിലെ "O"യിലേക്ക് കടന്നതുമൊക്കെ  കാരണങ്ങളായി  ചൂണ്ടി കാണിക്കാമെങ്കിലും, നിരത്തുകളിലെ ഈ വാഹന പെരുപ്പം, രാവിലെയും വൈകുന്നേരങ്ങളിലും ഉള്ള  പോക്കുവരവു തീര്‍ത്തും ദുസ്സഹമാക്കിത്തീര്‍ത്തിരുന്നു!!

പതിവായി ഞാന്‍ പോകുന്നതും വരുന്നതും, എയര്‍പോര്‍ട്ടിന് മുന്‍പിലുള്ള പ്രധാന പാത വഴിയാണ്. രാവിലത്തെ സമയം, എങ്ങനെയെങ്കിലും ഈ തിരക്കിലൂടെതന്നെ  ഓഫിസില്‍ ഒരുവിധത്തില്‍ എത്തിച്ചേര്‍ന്നാല്‍ത്തന്നെ, വൈകുന്നേരം ആറുമണിക്ക് വീട്ടിലേക്കു പുറപ്പെടുന്ന ഞാന്‍, മുന്‍പൊക്കെ ഇരുപത്തഞ്ചു മിനിട്ട് കൊണ്ട് എത്തിയിരുന്ന വീടണയണമെങ്കില്‍, ഇപ്പോള്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വേണ്ടിവരുന്നു! വൈകുന്നേരം വീട്ടുകാര്‍ക്കൊപ്പം രസകരമായി ചിലവഴിച്ചിരുന്ന പ്രൈം ടൈമിലുള്ള ഗണ്യമായ കുറവ്, എന്നെ കുറച്ചൊന്നുമല്ല അലോരസപ്പെടുത്തിയിരുന്നത്!! ഇതിനൊരു പരിഹാരം ഉടനെതന്നെ കണ്ടേതീരൂ എന്ന് ചിന്തിക്കാന്‍ എനിക്കതൊരു കനത്ത പ്രേരണയാവുകയും ചെയ്തു.

പിറ്റെ ദിവസം ആറു മണിയാകാന്‍  കാത്തിരിക്കയായിരുന്നു ഞാന്‍. വീട്ടിലേക്ക് അല്പം ദൂരക്കൂടുതല്‍ ഉണ്ടെങ്കിലും, വലിയ ബ്ലോക്കുകള്‍ ഒന്നും ഉണ്ടാവാനിടയില്ലാത്ത പുതിയൊരു വഴി, എന്റെ മനസ്സില്‍ അപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ആവേശത്തോടെ തുടക്കം കുറിച്ച യാത്രയില്‍ ആദ്യ സിഗ്നലില്‍ത്തന്നെ അല്പസമയം കാത്തിരിക്കേണ്ടിവന്നു എങ്കിലും, ഇനി അങ്ങോട്ട്‌ തടസ്സങ്ങള്‍ ഇല്ലാതെ തന്നെ മുന്‍പോട്ടു പോകാം എന്നുള്ള ശുഭാപ്തി വിശ്വാസം, എന്റെ ഉള്ളിലെ ഉത്സാഹത്തെ ഊട്ടി ഉറപ്പിക്കാന്‍ ധാരാളമായിരുന്നു!!

ക്ലോക്ക്ടവര്‍ വരെ അമിതാഹ്ലാദത്തിനു വകയൊന്നും ഇല്ലാതിരുന്നത്, എന്നെ തെല്ല് നിരാശപ്പെടുത്തിയെങ്കിലും, അവിടെയെത്തിയപ്പോഴാണ് സത്യത്തില്‍, എത്രമാത്രം വലിയ ഒരു വിഡ്ഢിത്തത്തിലേക്കാണ് വീണ്ടുവിചാരമില്ലാതെ ഞാന്‍ എടുത്തു ചാടിയത് എന്ന് എനിക്ക്  ബോദ്ധ്യപ്പെട്ടു തുടങ്ങിയത്!! ശരിക്കും ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ട പ്രതീതിയുണര്‍ത്തി  മുന്‍പിലും പിറകിലും സൈഡിലുമായി, എണ്ണിയാലൊടുങ്ങാത്ത  വിവിധയിനം വാഹനങ്ങളുടെ  പടുകൂറ്റന്‍ നിരകള്‍ !! അവ ചലിക്കുന്നതാകട്ടെ, ഒച്ചിഴയുന്ന വേഗത്തിലും!! ഇരുപതു മിനിട്ടുകളെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം, മുന്പിലെവിടെയോ ട്രാഫിക്‌ നിയന്ത്രണത്തിന് എത്തിയ പോലീസ് കാറുകളുടെ സൈറണ്‍ ശബ്ദവും, ബീക്കണ്‍ ലൈറ്റുകളുടെ വെളിച്ചവും ശ്രദ്ധയില്‍ പെട്ടതോടെ, ഒന്നുറപ്പിക്കാന്‍ കഴിഞ്ഞു, ഇന്നിനി ഉടനെയൊന്നും വീട്ടിലെത്തുന്ന  പ്രശ്നമേയില്ല!!

എനിക്ക്  എന്നേത്തന്നെ ശപിക്കാന്‍ തോന്നിയ നിമിഷങ്ങളായിരുന്നു അവ!! അല്ലെങ്കിലും ഈ പ്രതിസന്ധി ഞാനായിത്തന്നെ തുടങ്ങി വച്ചതാണല്ലൊ!! ഒരു അര മണിക്കൂര്‍ നേരം കൂടി അതേ ഇരുപ്പ് തുടരേണ്ടി വന്നു. പിന്നീട് മുന്‍പിലുള്ള വണ്ടികള്‍ മെല്ലെ ഒന്ന് ചലിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടുമൊരു ഉണര്‍വ് തോന്നിയത്. പത്തടിയില്‍ കൂടുതല്‍ പക്ഷെ ആ നീക്കത്തിനും, ആയുസ്സുണ്ടായിരുന്നില്ല. അടുത്ത പതിനഞ്ച്‌ നിമിഷങ്ങളും, ഒന്നും സംഭവിക്കാതെതന്നെ കടന്നു പോയി. ഒടുവില്‍ ഒത്തിരി വൈകിയാണെങ്കിലും, പോലീസിന്‍റെ നിയന്ത്രണത്തില്‍ വല്ലവിധേനയും അവിടെനിന്നു നീങ്ങാന്‍ സാധിച്ചെങ്കിലും, വഴി നീളെ തുടര്‍ന്നും പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ നിരവധിയായിരുന്നു!! എന്തിനേറെ വിസ്തരിക്കുന്നു, അന്ന് ഞാന്‍ കറങ്ങിത്തിരിഞ്ഞു വീടെത്തിയപ്പോഴേക്കും, ഘടികാരസൂചികള്‍ ഒമ്പതുമണിയുടെ പടിവാതിലും താണ്ടി ബഹുദൂരം മുമ്പോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു!!

വീട് അടുക്കാറായപ്പോഴാണ് എന്റെയുള്ളിലങ്ങനെയൊരു ചിന്ത ശക്തമാകാന്‍ തുടങ്ങിയത്. മര്യാദയ്ക്ക്  നല്ല ഒരു വഴിയേ ദിവസേന വന്നുകൊണ്ടിരുന്ന എനിക്ക്, അതവഗണിച്ചിട്ടു മറ്റു എളുപ്പ വഴികള്‍ തേടിയിറങ്ങിയതു കാരണം, ഇത്രമാത്രം ബുദ്ധിമുട്ട്  അനുഭവപ്പെട്ടെങ്കില്‍, നിത്യേന അതേവഴിയിലുള്ള ബ്ലോക്കുകള്‍ ക്ഷമയോടെ താണ്ടി  വീടെത്താന്‍ വിധിക്കപ്പെട്ടിരിക്കുന്നവരെല്ലാം, എത്രമാത്രം കാത്തിരിപ്പും കഷ്ടതകളും  അനുഭവിക്കുന്നുണ്ടാവണം!! അങ്ങനെ നോക്കുമ്പോള്‍
ഞാന്‍ പതിവായി ഉപയോഗിച്ചിരുന്ന വഴികള്‍, എത്രയോ ഭേദപ്പെപ്പെട്ടവ തന്നെയായിരുന്നു!! നിസ്സാരമെന്നു തോന്നാമെങ്കിലും, വലിയൊരു  സത്യം ഈ അനുഭവത്തിലൂടെ ഞാന്‍ അപ്പോള്‍ മനസ്സിലാക്കുകയായിരുന്നു!!
അതോടെ  ഇനിമേല്‍ എത്ര തന്നെ പ്രലോഭനങ്ങള്‍ ഉണ്ടായാലും എളുപ്പവഴികള്‍ തേടിയുള്ള മനസ്സിന്‍റെ ഈ പ്രയാണങ്ങള്‍ക്ക് ഒരു നിയന്ത്രണം ആവശ്യമാണെന്ന് മനസ്സില്‍  അടിവരയിട്ടുറപ്പിക്കയും ചെയ്തു. 

പിറ്റേ ദിവസം പഴയ വഴിയിലൂടെത്തന്നെയുള്ള യാത്രയിലുടനീളം, പുതിയൊരു മനുഷ്യനിലേക്കുള്ള മാറ്റം ഞാന്‍ അറിയുന്നുണ്ടായിരുന്നു!!  പരാതിയോ പിറുപിറുപ്പുകളോ ഇല്ലാതെ, സന്തോഷവും ശാന്തതയും  മാത്രമുള്ള മനസ്സുമായി ഒരു യാത്രീകന്‍!! വഴിയില്‍ എപ്പോഴോ അനുഭവപ്പെട്ട ചെറിയ തടസ്സങ്ങള്‍ പോലും, എന്നെ അപ്പോള്‍ ഒട്ടും അലോരസപ്പെടുത്തുന്നില്ലായിരുന്നു!! കാരണം,  തികഞ്ഞ  സമചിത്തതയോടെ, അതിലും നിറഞ്ഞ സംതൃപ്തിയോടെ, അവയെല്ലാം തരണം ചെയ്തു മുമ്പോട്ട്‌ പോകുവാന്‍ എന്റെ മനസ്സും അതിന്റെ നിയന്ത്രണത്തിലുള്ള വാഹനവും എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു!!!

Monday, March 17, 2014

ഒരു ബസ്സ്‌ യാത്രയുടെ നടുക്കുന്ന ഓര്‍മ്മകളിലൂടെ.....
എഞ്ചിനീയറിംഗ് കോളേജിലെ ആരംഭ ദിനങ്ങള്‍ ഏറെ കൌതുകം നിറഞ്ഞവയായിരുന്നു!! തികഞ്ഞ അപരിചിതത്വം തുടിച്ചു നിന്നിരുന്ന അന്തരീക്ഷവും ചുറ്റുപാടുകളും!! തൊട്ടു തലേ വര്‍ഷം വരെ  ബിരുദത്തിന് പഠിച്ചിരുന്ന  യൂണിവേഴ്സിറ്റി കോളേജില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു ക്ലാസ്സുകളായിരുന്നെങ്കില്‍  ഇവിടെ അത് സ്കൂള്‍ പഠനത്തിന്‍റെ പ്രതീതി ജനിപ്പിച്ചുകൊണ്ടുള്ള, ദൈര്‍ഘ്യം കുറഞ്ഞ ഏഴു ക്ലാസ്സുകളായിരുന്നു!! മാത്രവുമല്ല,  ഈ ഏഴു ക്ലാസ്സുകളില്‍ ഒരെണ്ണമെങ്കിലും, അദ്ധ്യാപകരുടെ അഭാവത്തില്‍ മിക്കവാറും ദിവസങ്ങളില്‍  ഫ്രീയും ആയിരുന്നു!! ക്ലാസ്സിലെ ലീഡര്‍ ആയി നിയമിക്കപ്പെടുന്ന ആളിന്റെ പ്രധാന ജോലി തന്നെ, ഇങ്ങനെ ഫ്രീ ആകുന്ന ക്ലാസ്സുകളിലേക്ക് രാവിലത്തെയോ വൈകുന്നേരത്തെയോ അവസാന ക്ലാസ്സ് എടുക്കാന്‍ വരുന്ന അധ്യാപകനെ കണ്ടെത്തി, അദ്ദേഹത്തെക്കൊണ്ട് ആ ക്ലാസ്സുകള്‍ നേരത്തേ എടുപ്പിച്ചു തീര്‍ക്കുക എന്നുള്ളതായിരുന്നു!!  അങ്ങനെയാകുമ്പോള്‍ രാവിലെയോ വൈകുന്നേരമോ, ആ ഒരു പിരീയേഡ്‌ നേരത്തെ തന്നെ,  കോളേജില്‍നിന്ന് മടങ്ങാമല്ലോ!!

അങ്ങനെ ഫ്രീ ലഭിച്ച ഒരു വൈകുന്നേരമായിരുന്നു, വീട്ടിലേക്കു പോകാനുള്ള തിടുക്കത്തില്‍ തൊട്ടു താഴത്തായുള്ള ബസ്‌ സ്റ്റോപ്പില്‍  ഞാന്‍ കൂട്ടുകാരുമായി എത്തിച്ചേര്‍ന്നത്. അധികസമയം കാത്തു നില്‍ക്കേണ്ടി വന്നില്ല, ആളുകളെ കുത്തി നിറച്ച ഒരു ബസ്സ് വേഗത്തില്‍ വരുന്നത്, ദൂരത്തു നിന്നുതന്നെ ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. പതിവുപോലെ നിര്‍ത്താതെ പോയെങ്കിലോ എന്നുള്ള ശങ്ക കാരണം,  എല്ലാവരും റോഡിന്‍റെ നടുവിലേക്ക് തന്നെ കയറി നിന്നു. വണ്ടി ഒരു ഇരമ്പലോടെ ഞങ്ങളെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നിന്നതും, എല്ലാവരും കൂടെ അതിനുള്ളിലേക്ക് ഇരച്ചു കയറിയതും ഒന്നിച്ചായിരുന്നു. ഡബിള്‍ ബെല്ല് കൊടുക്കുന്നതിന് മുന്‍പുതന്നെ വണ്ടി വീണ്ടും പാച്ചില്‍ തുടങ്ങിയിരുന്നു!!

മുന്‍പിലെ തിരക്കിലൂടെ ഊളിയിട്ട് ടിക്കെറ്റ് കൊടുത്തുകൊണ്ട് എന്റെ അടുത്തേക്ക്‌ വന്ന കണ്ടെക്ടര്‍ ഞാന്‍ അന്നുവരെ ആ ബസ്സുകളിലൊന്നും കണ്ടിട്ടില്ലാത്ത സൌമ്യനും സുമുഖനുമായ ഒരു പുതുമുഖമായിരുന്നു.  പുതിയ നിയമനമായിരിക്കണം, പ്രവൃത്തി പരിചയത്തിന്റെ പോരായ്മ ചലനങ്ങളിലുടനീളം പ്രകടമായിരുന്നു!! ടിക്കെറ്റ് റാക്കും ബാഗും ഇരുകൈകളിലുമായി ബാലന്‍സ് ചെയ്തു തിരക്കിലൂടെ നീങ്ങാനുള്ള കഷ്ടപ്പാട്  കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നി. അല്ലെങ്കിലും ഡ്രൈവറുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്ടെക്ടറുടെ ജോലി തന്നെയാണ് ഭാരിച്ചത് എന്ന്  പലപ്പോഴും എനിക്ക് തോന്നിയിട്ടുമുണ്ട്!!  പഞ്ച് ചെയ്യാനായി ഞാന്‍ നീട്ടിയ കാര്‍ഡിലൊന്നു നോക്കി തികഞ്ഞ സൌഹൃദത്തില്‍  സ്വയം പഞ്ച് ചെയ്തോളാന്‍ പറഞ്ഞിട്ട് പിന്നോട്ടു നീങ്ങുമ്പോള്‍ എന്തുകൊണ്ടോ അദ്ദേഹത്തോടു തോന്നിയ  സഹതാപം ഒരു ചെറിയ ഇഷ്ടത്തിനു വഴി മാറുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു!! വിദ്യാര്‍ഥികളെ സദാ ബദ്ധശതൃക്കളായി കാണുകയും അവരോട്‌ എപ്പോഴും പരുഷമായി പെരുമാറുകയും ചെയ്തിരുന്ന ഒരു ന്യൂനപക്ഷം ബസ്സ് ജീവനക്കാരില്‍നിന്നും തികച്ചും വ്യത്യസ്തന്‍ , എന്‍റെ മനസ്സില്‍ കടന്നു വന്ന ചിന്ത, അങ്ങനെതന്നെയായിരുന്നു. അതുകൊണ്ട് തന്നെ എന്നെ കടന്നുപോയ ആ ചെറുപ്പക്കാരന്റെ ചലനങ്ങളെ, തികഞ്ഞ കൌതുകത്തോടെ വീണ്ടും എന്റെ കണ്ണുകള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു!!

അപ്പോഴാണ്‌ ഓര്‍ക്കാപ്പുറത്ത് എന്നവണ്ണം അത് സംഭവിക്കുന്നത്!! ഒരു ഗട്ടറില്‍ വീണുപോയ കുലുക്കത്തില്‍ ബസ്സ് ഒന്ന് ആടിയുലഞ്ഞതും, എവിടെയെങ്കിലും ഒന്നെത്തിപ്പിടിക്കുവാന്‍ കഴിയുന്നതിനു മുന്‍പേ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ പാവം ചെറുപ്പക്കാരന്‍ ഒരു നിലവിളിയോടെ ബസ്സിനു പുറത്തേക്ക് തെറിച്ചു വീണതും  നൊടി നേരത്തിനുള്ളിലായിരുന്നു!!

എല്ലാ മുഖങ്ങളിലും പരിഭ്രാന്തി പടര്‍ന്ന നിമിഷങ്ങള്‍ !!  ഡ്രൈവര്‍ ഇതൊന്നും അറിയാതെ വണ്ടി പായിക്കുന്നു. എങ്ങനെയെങ്കിലും ബസ്സൊന്നു നിര്‍ത്തിക്കിട്ടാനുള്ള പരവേശത്തില്‍ ഞങ്ങളോരുത്തരും തുടര്‍ച്ചയായി മണിയടിച്ചു തുടങ്ങിയതോടെ, നിര്‍ത്തണോ വേണ്ടായോ എന്നുള്ള ശങ്കയിലായി ഡ്രൈവര്‍ !! പിന്നീടുയര്‍ന്ന കൂട്ട നിലവിളിക്കൊടുവില്‍ ബസ്സ് പൂര്‍ണ്ണമായി നിര്‍ത്തുന്നതിനു മുന്‍പുതന്നെ  ചാടിയിറങ്ങിയ ഞങ്ങള്‍  ആ ഹതഭാഗ്യനെ തിരക്കി പുറകിലേക്കോടാന്‍ തുടങ്ങി!!

അര മൈലോളം ദൂരത്തില്‍ റോഡ്‌ നന്നാക്കാന്‍ കൊണ്ടുവന്നിട്ടിരുന്ന  മെറ്റല്‍ കൂനയ്ക്കരുകിലായി ഞങ്ങളെ കാത്തിരുന്ന  ദൃശ്യം, തീര്‍ത്തും ഭയാനകമായിരുന്നു!! മെറ്റല്‍ കൂനയിലേക്ക് മുഖമടിച്ചു വീണുരുണ്ടതിനാലാവണം, ഒരിഞ്ചു പോലുമില്ലാതെ മുഖമാസകലം ആഴത്തിലുള്ള മുറിവുകളുടെ ഒരു ചോരക്കളം!! റാക്കില്‍ നിന്നും ഇളകിത്തെറിച്ച്  മണ്ണിലും പൊടിയിലുമായി വിവിധ വര്‍ണ്ണങ്ങളില്‍ ചോര പുരണ്ടു ചിതറിക്കിടന്നിരുന്ന ടിക്കറ്റുകളും  ചില്ലറകള്‍ക്കൊപ്പം കാറ്റില്‍ ഇളകിക്കൊണ്ടിരുന്ന ഒരു പിടി  നോട്ടുകളും !! അവയുടെ  മദ്ധ്യത്തില്‍ അങ്ങിങ്ങു കീറിയ യൂണിഫോറത്തിനുള്ളില്‍ ശരീരമെമ്പാടും പരുക്കുകളേറ്റ നിലയില്‍  അബോധാവസ്ഥയിലാണ്ടുകിടന്നിരുന്ന ഒരു രൂപം!! അല്‍പ്പം മാറി കിടന്നിരുന്ന വള്ളി പൊട്ടിയ ഒരു ജോഡി ചെരുപ്പുകളും ഒരു ബാഗും!! ഇന്നും മനസ്സിന്‍റെ ക്യാന്‍വാസില്‍ മായിക്കാനാവാത്ത ഓര്‍മ്മകളുണര്‍ത്തി  മരവിച്ചു കിടക്കുന്ന ഒരു ചിത്രം!!

 അതുവഴി വന്ന ഒരു കാര്‍ കൈ കാണിച്ചു നിര്‍ത്തി, അദ്ദേഹത്തെ വേഗം തന്നെ ഞങ്ങള്‍ മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ സാമാന്യം ആഴത്തിലുള്ളതായിരുന്നതിനാലും, രക്തം അധികമായി വാര്‍ന്നു നഷ്ടപ്പെട്ടിരുന്നതിനാലും വളരെയധികം കുത്തിക്കെട്ടുകളും ബാന്‍ഡേജുകളും ആ മുഖത്തു വേണ്ടിവന്നിരുന്നു എന്ന് പിന്നീടുള്ള ദിവസങ്ങളില്‍ ഐസീയുവില്‍ ആയിരുന്ന അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്ന ഞങ്ങള്‍ക്ക് മനസ്സിലായി.

പഠനത്തിന്റേയും പരീക്ഷയുടേയും തിരക്കുകള്‍ കാരണം പിന്നീടൊരു സന്ദര്‍ശനത്തിന് അവസരം ലഭിച്ചില്ലെങ്കിലും, മാസങ്ങളുടെ ചികില്‍സ വേണ്ടിവന്നു അദ്ദേഹത്തിനു ആശുപത്രി വിടുവാന്‍ എന്ന്, അറിയാന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള നാളുകളില്‍ ഏതൊരു ബസ്സില്‍ കയറിയാലും, ആദ്യം എന്റെ കണ്ണുകള്‍  നീളുന്നത് കണ്ടക്ടര്‍ സീറ്റിലേ

ക്കായിരിക്കും!! നിര്‍ഭാഗ്യമെന്നു പറയട്ടെ, അവിടെയുണ്ടായിരുന്ന എന്റെ ശേഷിച്ച പഠന കാലത്തിനിടയില്‍ ഒരിക്കല്‍ പോലും, ആ മുഖം ഒന്നുകൂടി കാണുവാന്‍ എനിക്ക് സാധിച്ചിട്ടില്ല!! ഒന്നു മാത്രം എനിക്കറിയാമായിരുന്നു, അപൂര്‍വമായി, ആദ്യ കാഴ്ച്ചയില്‍ത്തന്നെ എന്റെ മനസ്സില്‍ ഇടം നേടിയിരുന്ന ആ ചെറുപ്പക്കാരനെ  ഒരാവര്‍ത്തികൂടെ  കണ്ടുമുട്ടാനായി, വെറുതെയെങ്കിലും എന്റെ മനസ്സ് അക്കാലങ്ങളില്‍ തീവ്രമായി മോഹിച്ചിരുന്നു.........