Wednesday, October 30, 2013

ഒരു ഗന്ധര്‍വ സംഗീതത്തിന്റെ ഉറവിടങ്ങള്‍ തേടി....

ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്ന യന്ത്രങ്ങളുടെ ആരവം കാതുകളെ അലോരസപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ ക്ലോക്കിലേക്ക് നീണ്ടു. ഷിഫ്റ്റ്‌ അവസാനിക്കാന്‍ ഇനി കഷ്ടിച്ചു പത്തു നിമിഷങ്ങള്‍ മാത്രം.  അടുത്ത ഷിഫ്റ്റില്‍ വരുന്ന എഞ്ചിനീയര്‍ക്കു ഡ്യൂട്ടി ഹാന്‍ഡ്‌ഓവര്‍ ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. അപ്പോഴാണ്‌ ആ വലിയ മെഷീനിന്റെ തമിഴനായ ഓപ്പറേറ്റര്‍ വിഷമിച്ച മുഖത്തോടെ എന്റെ അടുത്തെത്തിയത്.

"എന്ത് പറ്റി, എന്തെങ്കിലും പ്രശ്നം?" 
 
ഉദ്വേഗം മറച്ചുവച്ചുകൊണ്ട് ഞാന്‍ ആരാഞ്ഞു.

"ഒന്നുമില്ല സാര്‍ആ മെഷീന്‍ വീണ്ടും പണി മുടക്കി..."

അവന്‍ വിക്കി വിക്കി അത് പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും, എന്റെ മനസ്സ് വരാന്‍പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു. നാളെ അത്യാവശ്യമായി ഒരു വലിയ കമ്പനിയിലേക്ക് എത്തിച്ചു കൊടുക്കേണ്ടിയിരുന്ന ചില യന്ത്ര ഭാഗങ്ങളായിരുന്നു ആ ആറു മെഷീനുകളിലും, ഓടിക്കൊണ്ടിരുന്നത്. ഇന്ന് രാത്രി കൂടി നിര്‍ത്താതെ ഓടിയെങ്കില്‍ മാത്രമേ, അവര്‍ ആവശ്യപ്പെട്ട എണ്ണം തികച്ചു കൊടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

ഞാന്‍ വേഗം ബോസ്സിനെ വിളിച്ചു കാര്യം അവതരിപ്പിച്ചു. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തു മെഷീന്‍ പ്രവര്‍ത്തന ക്ഷമമാക്കിയതിനു ശേഷം മാത്രം പോയാല്‍ മതിയെന്നൊരു നിര്‍ദേശം ലഭിച്ചതോടെ ഇന്നു സമയത്ത് വീടെത്തുന്ന കാര്യം  മറക്കുന്നത് തന്നെ നല്ലത്  എന്ന് ഞാന്‍ ഉറപ്പിച്ചു. ഷര്‍ട്ടിന്റെ കൈകള്‍ കയറ്റിവച്ച്, ഓപ്പറേറ്ററും മറ്റൊരു സഹായിയുമായി ഞാന്‍ വേഗം മെഷീനടുത്തേക്ക് നടന്നു.

ഭാഗ്യം!! പത്തു മിനിട്ടുകള്‍കൊണ്ട് എവിടെയാണ് പ്രോബ്ളം എന്നുള്ളത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. എങ്കിലും അത് പരിഹരിക്കണമെങ്കില്‍ ഇനിയും ഒരു മണിക്കൂര്‍നേരത്തെ ശ്രമം  വേണ്ടി വന്നേക്കും. അപ്പോഴേക്കും അടുത്ത ഷിഫ്ടിലേക്കുള്ള എന്റെ സഹപ്രവര്‍ത്തകനും എത്തിച്ചേര്‍ന്നതോടെ, കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

യന്ത്രം വീണ്ടും ചലിച്ചു തുടങ്ങിയപ്പോഴേക്കും, പതിനൊന്നര മണി കഴിഞ്ഞിരുന്നു. ഡ്രസ്സ്‌ ചേഞ്ച്‌ചെയ്തു ഞാന്‍ വേഗം പുറത്തിറങ്ങി. പന്ത്രണ്ട്മണിക്ക് മുന്‍പായി സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍ അവസാനത്തെ ട്രെയിനും പോയതുതന്നെ. ഞാന്‍ കാലുകള്‍ വലിച്ചുവച്ചു വേഗം നടക്കാന്‍ തുടങ്ങി...


പാര്‍ക്ക് സ്റ്റേഷനില്‍ ട്രെയിനില്‍നിന്നും ഇറങ്ങുമ്പോള്‍ പന്ത്രണ്ടര മണി കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം നടക്കാനുണ്ട്, താമസ സ്ഥലമായ തിരുവെല്ലിക്കേണിയിലേക്ക്. കൂവം ആറില്‍നിന്നും അസുഖകരമായുള്ള ഗന്ധം വഹിച്ചുകൊണ്ടൊരു കാറ്റ് മെല്ലെ വീശുന്നതൊഴിച്ചാല്‍, പരിസരം പൊതുവേ മൂകമായിരുന്നു.

പാലം കയറി നേരെയുള്ള റോഡിലൂടെ നടക്കുമ്പോഴെല്ലാം എന്റെ ചിന്ത ഇനിയും എത്ര നാള്‍ കൂടി ഒരു നല്ല ജോലിക്കായുള്ള ഈ കാത്തിരിപ്പ് തുടരണം, എന്നതിനേപ്പറ്റിയായിരുന്നു. പഠനം കഴിഞ്ഞു  നാട്ടില്‍ത്തന്നെ തരപ്പെട്ട ഒരു വര്‍ഷത്തെ ഒരു ട്രെയിനിങ്ങിനു ശേഷം  ചെന്നൈയിലേക്ക് വണ്ടി കയറിയ എനിക്ക്, ആദ്യമായി കിട്ടിയ ജോലിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമൊക്കെ തുലോം തുഛമായിരുന്നു. വീട്ടിലേക്കു ഒന്നും തന്നെ അയച്ചു കൊടുക്കെണ്ടതില്ല, എന്നുള്ളതു മാത്രമായിരുന്നു, വലിയ ഒരു ആശ്വാസം. മാത്രവുമല്ല, സ്വന്തമായി ഒരു വാഹനം എന്നുള്ള കാര്യം, സ്വപ്നം പോലും  കാണാന്‍ കഴിയാതിരുന്ന കാലം!!! കഴിയുന്നതും നടന്നും ട്രെയിനിലും ബസ്സിലുമൊക്കെയായി, ബുദ്ധിമുട്ടി സഞ്ചരിച്ചിരുന്ന കുറെയേറെ  നാളുകള്‍!!! എങ്കിലും പലതിലും വ്യത്യസ്തത പുലര്‍ത്തുന്ന  ഒരു അന്യ സംസ്കാരത്തെ അടുത്തുനിന്നു മനസ്സിലാക്കുന്നതിനും, അതിലുള്ള നന്മതിന്മകളെ ആവുന്നവിധത്തിലൊക്കെ  തിരിച്ചറിയുന്നതിനും, ഈ പതിവു യാത്രകള്‍ ഒരു നിമിത്തമാകുന്നതില്‍,  ഞാനും വളരെയധികം സന്തുഷ്ടനായിരുന്നു!!!

വാര്‍ മെമ്മോറിയല്‍ സെമിത്തേരിയുടെ അരികിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ കാറ്റിനു അല്‍പ്പം ശക്തി കൂടി വരുന്നതായി എനിക്ക് തോന്നി. അപ്പോഴാണ്‌ ഞാന്‍ പരിസരം ഒന്ന് ശ്രദ്ധിച്ചത്. റോഡിലൊന്നും ഒറ്റ ആളു പോലുമില്ല. വല്ലപ്പോഴും കടന്നു പോകുന്ന ചില വാഹനങ്ങള്‍ ഒഴിച്ചാല്‍, വഴി തീര്‍ത്തും വിജനമായിരിക്കുന്നു!! മുന്‍പൊരിക്കലും  ഇത്രയും താമസിച്ചു ഇതുവഴി വന്നിട്ടില്ലെന്ന്  ഞാന്‍ അപ്പോഴാണ് ഓര്‍മ്മിച്ചത്. ദുര്‍ബല മനസ്സുകളില്‍ ഭയമുളവാക്കുന്ന തരത്തിലൊരു    നിശബ്ദത, അവിടെയൊക്കെ തളം കെട്ടി നില്‍ക്കുന്നതുപോലെ!!

പെട്ടെന്ന് വീശിയ അടുത്ത കാറ്റിനോടൊപ്പം വൈദ്യുത ബന്ധവും വിഛേദിക്കപ്പെട്ടപ്പോള്‍, മുമ്പോട്ടുള്ള വഴി കാണാന്‍ അല്‍പ്പം ബുദ്ധിമുട്ടായിത്തുടങ്ങി. ഏതാനും അടികള്‍ വച്ചതും, എന്റെ കാലുകള്‍ താനേ നിശ്ചലങ്ങളായി. കാറ്റിനൊപ്പം കാതുകളിലേക്ക്  ഒഴുകിയെത്തിയ ഒരു ഗന്ധര്‍വ സംഗീതത്തിന്റെ അലകളാണ് എന്നെ അവിടെത്തന്നെ പിടിച്ചു നിര്‍ത്തിയത്!! ഒരായിരം സംഗീതജ്ഞന്മാരുടെ വാദ്യോപകരണങ്ങളില്‍ നിന്നും തരംഗങ്ങളായി അലയടിച്ചെത്തുന്ന ആ അഭൌമ സംഗീതത്തിന്റെ മാസ്മരീകതയില്‍ ലയിച്ചു, സര്‍വവും മറന്നു ഞാന്‍ അവിടെത്തന്നെ നിന്നുപോയി. ചെറുപ്പം മുതലേ സംഗീതം കേള്‍ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു എങ്കിലും,  മനസ്സിന്റെ ആഴങ്ങളിലെവിടെയൊക്കെയോ  ചലനങ്ങള്‍ ഉളവാക്കുന്ന തരത്തിലുള്ള എന്തോ ഒരു വശ്യത, ഈ ഗാനത്തിന്  ഉള്ളതായി എനിക്ക്   അനുഭവപ്പെടാന്‍ തുടങ്ങി. സ്ഥലകാല ബോധമില്ലാതെ ആ വൈകിയ ഇരുട്ടിലും അത്  ആസ്വദിക്കാനായി എന്നെ അവിടെത്തന്നെ തറച്ചു നില്ക്കാന്‍ പ്രേരിപ്പിച്ചതും, മറ്റൊന്നുമായിരുന്നില്ല!!  എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ആ അലൌകീക സംഗീതം പൊടുന്നനവേ നിലച്ചതും, അല്‍പ്പം മുന്‍പ്  പോയിരുന്ന വൈദ്യുതി തിരികെ എത്തിയതും, ഒരുമിച്ചായിരുന്നു എന്ന് ഞാന്‍ കണ്ടു!! ഞാന്‍ വീണ്ടും മുമ്പോട്ട്  നടത്തം തുടര്‍ന്നു....


അപ്പോഴാണ്‌ യുക്തിചിന്തകളുടെ ഒരു നീണ്ട നിര തന്നെ, ഒന്നിനുപിറകെ ഒന്നായി, എന്റെ മനസ്സിലേക്ക് ഊളിയിട്ടു ഇറങ്ങാന്‍ തുടങ്ങിയത്. ഈ പാതിരാത്രി കഴിഞ്ഞ വിജനമായ സ്ഥലത്ത്, ഇത്ര ഇമ്പകരമായ ഒരു ഗാനം വാദ്യഘോഷങ്ങള്‍ക്കൊപ്പം ഒരുക്കി ആലപിച്ചത്, ആരായിരിക്കും?? അതുമല്ലെങ്കില്‍ എന്തിനുവേണ്ടി ആയിരിക്കും?? ഉത്തരം അന്വേഷിച്ച്  ചുറ്റും പരതാന്‍ തുടങ്ങിയ എന്റെ ദൃഷ്ടികള്‍ പതിഞ്ഞത്,  ഒരു വശത്ത് നിഴലുകള്‍ പാകിയ  വിജനമായ റോഡിലും, മറുവശത്ത്  ഭയമുളവാക്കി  മണ്ണിനു മുകളില്‍ നിരനിരയായി  ഉയര്‍ന്നു നില്‍ക്കുന്ന കല്ലറകളിലും!! ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ വീരമൃത്യു വരിച്ച ഒരു സംഘം സൈനീകരുടെ ഭൌതീകാവശിഷ്ടങ്ങള്‍, അവയ്ക്കുള്ളില്‍ നിതാന്ത നിദ്രയില്‍ ആണ്ട് കിടക്കുന്നുണ്ടാവും!! മനസ്സിനുള്ളില്‍  ഭയം അരിച്ചിറങ്ങിയ ആ നിമിഷങ്ങളില്‍ തന്നെയായിരുന്നു, അവിടെ നിന്നും അകലുവാനുള്ള വ്യഗ്രതയില്‍,  കാലുകളുടെ വേഗത ഞാന്‍ അറിയാതെ തന്നെ വര്‍ദ്ധിച്ചതും!!

മൌണ്ട് റോഡു കടന്നതും, എല്ലിസ് റോഡിലേക്ക് പ്രവേശിച്ചതുമൊന്നും ഞാന്‍ അപ്പോള്‍ അറിയുന്നുണ്ടായിരുന്നില്ല.   ശവക്കല്ലറകളില്‍ നിന്നുയര്‍ന്ന ആ മാസ്മര സംഗീതത്തിന്റെ മാറ്റൊലികള്‍ എന്റെ മനസ്സിന്റെ സമനിലയെ, അത്രമാത്രം പിടിച്ചുലച്ചുകൊണ്ടിരുന്നു!!  എല്ലിസ് റോഡിന്‍റെ അങ്ങേ തലക്കലുള്ള ഹബീബുള്ള തെരുവിലെ എന്റെ താമസ സ്ഥലത്തെത്തി, വേഷം പോലും മാറാതെ കിടക്കയിലേക്ക് വീണത്‌ മാത്രമേ പിന്നീട്  എനിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ...

പിറ്റേദിവസം ഉണര്‍ന്നപ്പോഴേക്കും, നേരം നന്നേ വൈകിയിരുന്നു. തലേ ദിവസം നടന്നതൊക്കെ ഒരു സ്വപ്നമായിരുന്നോ എന്ന മനസ്സിന്റെ തോന്നല്‍ ശക്തമായതോടെ, ഉച്ചകഴിഞ്ഞ സമയം ഞാന്‍ വീണ്ടും ആ വഴിയേതന്നെ ഒന്നുകൂടി പോയി നോക്കാന്‍ തീരുമാനിച്ചു. പകലിലെ ഗതാഗത ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, ഒരു ഉത്തരത്തിനായി എന്റെ കണ്ണുകളും കാതുകളും ജാഗരൂഗമായിരുന്നെങ്കിലും, ഫലം നിരാശയായിരുന്നു. ആ പരിസരത്തൊന്നും തന്നെ, അസമയത്ത് അങ്ങനെ ഒരു ഗാനാലാപനത്തിനുള്ള സാദ്ധ്യതകളോ, സൌകര്യങ്ങളോ,  എവിടെയും എനിക്ക് കാണാന്‍  കഴിഞ്ഞില്ല!!

തീര്‍ത്തും  നിരാശയില്‍ തിരികെ നടക്കുമ്പോള്‍, ഇനിയുള്ള രാതികളിലും അതേ വഴികളിലൂടെതന്നെ വീണ്ടും വരേണ്ടി വരുന്നത് എങ്ങനെ ഒഴിവാക്കാം,  എന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു, തുലോം ദുര്‍ബലമായ എന്റെ മനസ്സ്!!

രണ്ടാഴ്ചകള്‍ക്കുശേഷമുള്ള ഒരു അവധി ദിവസം!!  ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായ മാര്‍ച്ച് പാസ്റ്റും പരേഡും, മരീനാ ബീച്ചില്‍ വച്ച് നടക്കുന്നത് കാണുവാനായി, അതിനടുത്തായിത്തന്നെ താമസിച്ചിരുന്ന ഞാന്‍ കൂട്ടുകാരനൊപ്പം   ഇറങ്ങിത്തിരിച്ചതും, തികച്ചും യാദൃശ്ചീകമായായിരുന്നു!! റോഡിനിരുവശവും നിറഞ്ഞു നിന്നിരുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ച ഞങ്ങളുടെ കണ്ണുകള്‍, വര്‍ണ്ണപ്പകിട്ടുള്ള വേഷങ്ങളണിഞ്ഞ് ഞങ്ങള്‍ക്ക് മുന്‍പിലൂടെ നൃത്തവും പാട്ടുമായി നീങ്ങുന്ന കുട്ടികളിലും, ചാരുതയാര്‍ന്ന തമിഴ് ഗ്രാമീണ കലാദൃശ്യങ്ങളിലും, ഉടക്കി നിന്നു. ഓരോ ജില്ലകളേയും ഗവണ്മെന്‍റ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു, മന്ദം മന്ദം ചലിക്കുന്ന അലങ്കാര ഫ്ളോട്ടുകള്‍ കടന്നു വരുമ്പോഴെല്ലാം, കരഘോഷങ്ങളോടെ വരവേല്‍ക്കുന്ന തമിഴ് ജനതയുടെ ആവേശമുണര്‍ത്തുന്ന ആഹ്ളാദാരവങ്ങള്‍, ഞങ്ങളുടെ മനസ്സുകളിലും ശരിക്കും ഒരു ഉത്സവ ലഹരി തന്നെ പകര്‍ന്നു കൊണ്ടിരുന്നു!!

പെട്ടെന്നാണ് പരിചിതത്വം തോന്നിപ്പിക്കുന്ന ഒരു സംഗീതത്തിന്റെ മൃദു മന്ത്രണങ്ങള്‍, ഓര്‍മ്മകളുടെ പുറന്തോടുകളെ ഭേദിച്ചുകൊണ്ട് ഒരായിരം തിരയിളക്കങ്ങളായി എന്റെ കര്‍ണ്ണങ്ങളിലേക്ക് ആര്‍ത്തലച്ചെത്തിയത്!! ദൈവമേ!! ഇത് അന്ന് രാത്രി കല്ലറകളില്‍ നിന്നുയര്‍ന്നു കേട്ട അതേ ഗാനം തന്നെയല്ലേ??? വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ, അതിലും വിഹ്വലമായ മനസ്സോടെ, ആ ആലാപനത്തിന്റെ ഉറവിടം തേടി ആള്‍ക്കൂട്ടത്തിനു മുകളിലൂടെ എത്തിക്കുത്തി നോക്കിയ ഞാന്‍, ആ ദൃശ്യം കണ്ടതും, ഒരു നിമിഷം സ്തബ്ദനായി നിന്നുപോയി!!  ഇതാ മിലിട്ടറി യൂണിഫോമണിഞ്ഞ ഒരു സംഘം ഗായകര്‍, ചിട്ടപ്പെടുത്തിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, അതേ ഗാനം ആലപിച്ചുകൊണ്ട്,  ചടുലമായ കാല്‍ വയ്പ്പുകളോടെ, എന്റെ മുന്‍പിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു!! സര്‍വവും മറന്നു ശ്വാസം അടക്കിപ്പിടിച്ച്, ആ കാഴ്ചയില്‍  ലയിച്ചു ഞാന്‍ അത്ഭുതപരതന്ത്രനായി നിന്നു...... നേരെ മുന്നോട്ടുതന്നെ നോക്കി മാര്‍ച്ച് ചെയ്തിരുന്ന ആ ഓരോ സൈനികന്‍റെയും കണ്ണുകള്‍,എന്നെ കടന്നു പോകുന്നതിനു തൊട്ടു മുമ്പ്, ഒരു മാത്ര നേരത്തേക്കെങ്കിലും, എന്റെ കണ്ണുകളുമായി ഇടഞ്ഞിരുന്നു എന്നുള്ളത്, എന്റെ ഉള്ളിലെ   വെറുമൊരു തോന്നല്‍ മാത്രമായിരുന്നുവോ?? ഭയത്തിന്റെ ഒരായിരം ചെറു കമ്പനങ്ങള്‍, വിറങ്ങലിച്ചു നിന്ന എന്റെ നട്ടെല്ലിലൂടെ തരംഗങ്ങളായി മെല്ലെ അരിച്ചിറങ്ങാന്‍ തുടങ്ങിയത്, എന്റെ  അസ്വസ്ഥത അനുനിമിഷം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു.....തല ചുറ്റുന്നതു പോലെയും, കാഴ്ചയ്ക്ക്  മങ്ങലേല്‍ക്കുന്നതുപോലെയും, എനിക്ക് തോന്നിത്തുടങ്ങി.....

“എന്ത് പറ്റി, മുഖമാകെ വിളറിയിരിക്കുന്നല്ലോ, സുഖം തോന്നുന്നില്ലേ?? വേണമെങ്കില്‍ നമുക്ക് റൂമിലേക്ക്‌ പോകാം..”

എന്റെ മുഖത്തിലെ ഭാവമാറ്റം കണ്ടിട്ടാവണം, സുഹൃത്തിനു അപ്പോള്‍ അങ്ങനെ ചോദിക്കണമെന്ന് തോന്നിയത്..

ഒന്നും പറയാതെ, അവനോടൊപ്പം ധൃതിയില്‍ റൂമിലേക്ക്‌ നടക്കുമ്പോഴും, അകന്നു പോയിക്കൊണ്ടിരുന്ന ആ ഗാനവീചികള്‍,  എന്റെ കര്‍ണ്ണങ്ങളില്‍ ഒരു ഇരമ്പലായി മുഴങ്ങിക്കൊണ്ടിരുന്നു, ഉത്തരങ്ങളില്ലാത്ത ഒരായിരം സമസ്യകളുമായി....... 

Wednesday, July 31, 2013

എന്റെ തീവണ്ടി യാത്രകളിലെ വേറിട്ട കാഴ്ചകളിലൂടെ....യാത്രകള്‍ എന്നും ഒരു ഹരമായിരുന്ന എനിക്ക്, കാറിലോ, ബസ്സിലോ, വിമാനത്തിലോ അതുമല്ലെങ്കില്‍ കപ്പലിലോ ഉള്ള യാത്രകളേക്കാളും മനസ്സുകൊണ്ട് ഇഷ്ടമായിരുന്നത്, തീവണ്ടിയിലുള്ള യാത്രകളായിരുന്നു. ചെന്നൈയിലായിരുന്ന വര്‍ഷങ്ങളില്‍, മദ്ധ്യ വേനല്‍ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രകള്‍, അതുകൊണ്ട് തന്നെ എപ്പോഴും തീവണ്ടി മാര്‍ഗ്ഗമായിരുന്നു. ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിക്കാലമാകയാല്‍, കുടുംബമായി നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നതും, അപ്പോഴാണ്‌. കാലേകൂട്ടി റിസേര്‍വ് ചെയ്തില്ലെങ്കില്‍ സീറ്റുകള്‍ ലഭിക്കാനും ബുദ്ധിമുട്ടായിരിക്കും എന്നുള്ളതിനാല്‍, എല്ലാവരും നേരത്തെ തന്നെ ടിക്കെറ്റുകള്‍ എടുത്തു വയ്ക്കുാന്‍ ശ്രമിച്ചിരുന്നു.

ചെന്നൈയില്‍ നിന്നും നാട്ടിലേക്കുള്ള ഈ യാത്രകള്‍ക്ക്, രണ്ടു മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാമായിരുന്നു. ഏറ്റവും എളുപ്പവും സൗകര്യപ്രദവും, സേലം കോയമ്പത്തൂര്‍ വഴി നാട്ടിലേക്കുള്ളതായിരുന്നു. വൈകുന്നേരം ട്രെയിനില്‍ കയറിയാല്‍, പിറ്റേ ദിവസം രാവിലെ തന്നെ നാട്ടിലെത്തിച്ചേരാം. ഇനി എഗ്മോറില്‍ നിന്നും തിരുച്ചി  മധുര വഴി നാട്ടിലേക്കുള്ള ഒരു മാര്‍ഗം കൂടിയുണ്ട് എങ്കിലും, കൂടുതല്‍ ആളുകളും ആദ്യത്തെ മാര്‍ഗ്ഗമാണ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്.എന്നാല്‍ ഞങ്ങളുടെ കാര്യത്തിലും ഒന്ന് രണ്ടു തവണ, ഈ പതിവ് തെറ്റിക്കേണ്ടതായി വന്നു. കാരണം തിരക്ക് മൂലം മറ്റേ മാര്‍ഗ്ഗത്തില്‍ സീറ്റുകള്‍ ലഭ്യമല്ലായിരുന്നു എന്നുള്ളത് തന്നെ. യാത്രാ സമയം അല്‍പ്പം കൂടും എന്നുള്ളതിനാല്‍  ആദ്യം കുറച്ചു വിഷമം തോന്നിയെങ്കിലും, വൈവിധ്യമാര്‍ന്ന  വേറിട്ടൊരു അനുഭവമായി പിന്നീട് ആ യാത്രകള്‍ മാറിയത്, എന്നെ കുറച്ചൊന്നുമല്ല  അതിശയിപ്പിച്ചതും സന്തോഷിപ്പിച്ചതും!!

ഒരു അവധിക്കാല സ്പെഷ്യല്‍ ട്രെയിന്‍ ആയിരുന്നു അതെന്നുള്ളതിനാല്‍, യാത്ര തുടങ്ങിയതും, രാവിലെ സമയത്തായിരുന്നു. നഗരം വിട്ടു കഴിഞ്ഞതും, അറിയപ്പെടാത്ത ഗ്രാമപ്രദേശങ്ങളുടെ നടുവിലൂടെയുള്ള സഞ്ചാരം, മനസിന് കുളുര്‍മ്മ നല്‍കിത്തുടങ്ങിയത് എത്ര വേഗമായിരുന്നു!! ഇരുവശങ്ങളിലും സമൃദ്ധിയായി തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കൃഷിത്തോട്ടങ്ങള്‍ക്കിടയിലൂടെ താളത്തില്‍  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍!! കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഏക്കറുകള്‍ വ്യാപ്തിയുള്ള കൃഷി ഭൂമി!! കണ്ണുകള്‍ക്കും മനസ്സിനും ഒരുപോലെ ആനന്ദം പകര്‍ന്നു നല്‍കുന്ന ഹരിത ഭംഗിയുടെ ഹരം പകരുന്ന കാഴ്ചകള്‍!!

ഇടയില്‍ തീവണ്ടി എപ്പോഴെങ്കിലും സിഗ്നല്‍ കാത്തു ഏതെങ്കിലും ചെറിയ സ്റ്റേഷനില്‍ കിടക്കേണ്ടി വരുമ്പോഴായിരിക്കും, ആ തമിഴ്‌ കുട്ടികളുടെ പഴങ്ങളുമേന്തിയുള്ള വരവ്!! ഇരു വശങ്ങളിലുമുള്ള പഴത്തോട്ടങ്ങളില്‍ നിന്നും അപ്പോള്‍ പറിച്ചെടുത്ത ഫ്രഷ്‌ പഴങ്ങള്‍ നിറച്ച കുട്ടകളുമായി, രണ്ടായി പിന്നിയിട്ട മുടിയും പാകമാകാത്ത ഉടുപ്പുകളുമണിഞ്ഞ ആ കുട്ടികള്‍ ട്രെയിനിനു പുറത്തു നമ്മളെ തേടിയെത്തുന്നു. ഇത് വഴിയുള്ള ഈ യാത്രകളെ ഏറ്റവും മാധുര്യമുള്ളതാക്കുന്നത്, വൈവിധ്യമുള്ള ഈ പഴങ്ങളുടെ സാന്നിദ്ധ്യമാണ്. ഓറഞ്ചും മുന്തിരിയും ആപ്പിളും മാങ്ങയും സപ്പോര്‍ട്ടയുമൊക്കെ ഫ്രഷ്‌ ആയിത്തന്നെ നിങ്ങള്ക്ക് മുമ്പില്‍ ഇതാ...ഞാന്‍ കൂടെയുള്ള കുടുംബങ്ങളെ ശ്രദ്ധിച്ചു. ഒരു പിക്നിക്കിനു പോകുന്ന പ്രതീതിയില്‍, എല്ലാവരും പഴങ്ങള്‍ വാങ്ങി കഴിക്കാന്‍  തയ്യാറായി കത്തികളുമൊക്കെയായാണ് വന്നിരിക്കുന്നത്!! ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള പഴങ്ങള്‍ വില പേശി വാങ്ങുന്നു!! ഇത് കൂടാതെ വില്‍പ്പനക്കാരുടെ കൂട്ടത്തില്‍, വിവിധയിനം പച്ചക്കറികളുടെ ഫ്രഷ്‌ ശേഖരവുമായി എത്തുന്നുന്നവരുമുണ്ട്!!

ഉച്ചയൂണ് പൊതിച്ചോറായി കൊണ്ടുവന്നിട്ടുള്ളതിനാല്‍, അത് വേറെ ഓര്‍ഡര്‍ ചെയ്യേണ്ട കാര്യമില്ല. അല്ലെങ്കിലും ട്രെയിന്‍ യാത്രയിലെ ഏറെ ആസ്വദിച്ചു കഴിക്കുന്നൊരു ആഹാരമാണ് ഈ ഭക്ഷണം!! വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞെടുക്കുന്ന ഈ ചോറിന്റെയും കൂട്ടാനുകളുടെയും രുചി, അതു ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവര്‍ക്ക് മറക്കാനാവില്ല!! അത്രയ്ക്കും സ്വാദിഷ്ടമായ ആഹാരമാണ് അത്!! എല്ലാവരും കൂടി പങ്കു വച്ചു  ആസ്വദിച്ചു കഴിക്കുന്ന ഈ ആഹാരത്തിനു ശേഷം ഒരു ചെറിയ മയക്കവും കൂടിയാകുമ്പോള്‍, മനസ്സിനും ശരീരത്തിനും വേണ്ടത്ര വിശ്രമവുമായി!!

ഉച്ച മയക്കത്തിനുശേഷം വീണ്ടും ഒരു കാപ്പിയുമായി പുറത്തുള്ള കാഴ്ചകളിലേക്ക്. വെയില്‍ മങ്ങി തുടങ്ങിയിരിക്കുന്നു. റെയില്‍വേ ലൈനുകള്‍ക്കപ്പുറത്തുള്ള തെരുവോരങ്ങളില്‍ നിര നിരയായുള്ള ചെറിയ ചെറിയ വീടുകള്‍. വീടിനു മുന്‍പിലായുള്ള ചെറു മുറ്റത്ത് കളം വരച്ചു അതിനുള്ളില്‍ കളിക്കുന്ന പെണ്‍കുട്ടികള്‍!! വാതിലിനു മുന്‍പിലെ പടിക്കെട്ടുകളില്‍ ഏറ്റവും മുകളിലുള്ളതില്‍ ഗൃഹനാഥന്‍ ഒരു പത്രവുമായി ഇരിക്കുന്നുണ്ടാവും. അതിനു ഒരു പടിയെങ്കിലും താഴെ ഒരു ചെറിയ കുട്ടിയുമായി ഇരിക്കുന്ന വീട്ടമ്മ. കുഞ്ഞിനു പാല്‍ കൊടുക്കുകയോ മറ്റോ ആവും. പാല്‍ കുടിച്ചു കഴിഞ്ഞ കുഞ്ഞിനെ അമ്മ,  ചേച്ചിമാര്‍ക്കൊപ്പം കളിക്കാന്‍ മെല്ലെ ഇറക്കി വിടുന്നു. പിച്ച വച്ച് തന്റെ നേര്‍ക്ക്‌ നടന്നടുക്കുന്ന കുഞ്ഞു വാവയെ കളിക്കിടയിലും  ഓടി വന്നു എടുത്തു ഉമ്മ വച്ചുകൊണ്ട് തിരികെ അമ്മയുടെ കൈകളിലേക്ക് തന്നെ കൊടുക്കുന്ന ചേച്ചി. സമീപത്തായുള്ള ചെറു മൈതാനത്തില്‍ കൂട്ടുകാരുമൊത്ത് പന്തോ ക്രിക്കറ്റോ കളിക്കുന്ന ആണ്‍കുട്ടികള്‍. മണ്ണു റോഡിലൂടെ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന അനുജത്തിയെ സഹായിക്കുന്ന ചേട്ടന്‍!! എല്ലാം മനസ്സിന് ഒരുപാട് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ പകര്‍ന്നു തരുന്ന കാഴ്ചകള്‍!! (പലപ്പോഴും ഈ കാഴ്ചകളില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ ടെന്‍ഷനും തിരക്കുകളുമുള്ള ജീവിതമൊക്കെ മതിയാക്കി, ഇതുപോലെയുള്ള  ഒരു കൊച്ചു വീടിന്റെ ഉമ്മറത്ത് ആ ഗൃഹനാഥനെപ്പോലെ ഇരിക്കാന്‍, കൊതി തോന്നാറുണ്ട്!!)

നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. വെളിയിലെ കാഴ്ചകള്‍ക്കും മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു!! വീണ്ടും ശ്രദ്ധ അകത്ത് ചുറ്റുമുള്ളവരിലേക്കായി. അവര്‍ക്കൊപ്പം സൌഹൃദം പങ്കിട്ടു നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും  ഒക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, സമയം പോകുന്നത് അറിയില്ല. പിന്നീട്  ചെറിയ ഒരു ഭക്ഷണത്തിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക്... തലയിണകളും ഷീറ്റുകളുമൊക്കെയായി ഓരോരുത്തരും അവരവരുടെ ബെര്‍ത്തുകളിലേക്ക്, ഇനി രാവിലെ കാണാമെന്നുള്ള വിശ്വാസത്തില്‍.....

ഇടയ്ക്കെപ്പോഴോ ഉണരുമ്പോള്‍, ട്രെയിന്‍ അതിവേഗം പാഞ്ഞു കൊണ്ടിരിക്കുന്നു. കൂടെയുള്ളവരെല്ലാം സുഖ നിദ്രയില്‍. താഴെ ഇറങ്ങി സീറ്റിലിരുന്ന്  വെറുതെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. സ്റോപ്പുകളില്ലാത്ത ചെറിയ സ്റ്റേഷനുകളിലെ  സിമെന്റ്ബെഞ്ചുകളില്‍, ഏതോ പാസഞ്ചര്‍ ട്രെയിനുകള്‍ക്കായി കാത്തിരിക്കുന്ന, ചെറു തമിഴ് കുടുംബങ്ങള്‍. സിഗ്നല്‍ കിട്ടിയതിനാലാവണം,നിര്‍ത്താതെ വേഗത കൂട്ടി വലിയ ശബ്ദത്തില്‍  പായുന്ന തീവണ്ടിയെ, അല്ഭുതത്തോടും ഉദ്വേഗത്തോടും കൂടി എഴുന്നേറ്റുനിന്നു നോക്കുന്ന അവരുടെ കുട്ടികള്‍!! അവരുടെ ചീകി വയ്ക്കാത്ത മുടിയിഴകള്‍,  ട്രെയിന്‍ അതിവേഗം കടന്നു പോകുമ്പോഴുള്ള  കാറ്റിലുലയുന്നത്, ആ മങ്ങിയ വെളിച്ചത്തിലും കൌതുകമുള്ള കാഴ്ച്ച്ചയായി!!

വീണ്ടും മുകളിലേക്ക്... എന്തോ അറിയില്ല, മനസ്സാകെ സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു!! ട്രെയിനിന്റെ താളനിബദ്ധതയോടെയുള്ള, സുഖമുള്ള ഉലച്ചിലില്‍, തൊട്ടിലിലാടുന്ന ഒരു  ഇളം പൈതലിന്റെ നിറഞ്ഞ  മനസ്സായിരുന്നു എനിക്ക് അപ്പോള്‍. സുഷുപ്തിയുടെ ആഴങ്ങളിലേക്ക് ഒരിക്കല്‍ കൂടി മുങ്ങിത്താഴുവാന്‍ എനിക്കത് ധാരാളമായിരുന്നു....

Sunday, June 30, 2013

ഒരു പീഡന കഥയുടെ പിന്നാമ്പുറങ്ങളിലൂടെ........ഗള്‍ഫില്‍ വന്നതിനുശേഷമുള്ള മറ്റൊരു അവധിക്കു നാട്ടില്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഞാന്‍.  ഇങ്ങോട്ടുള്ള വരവിന്‍റെ സമയത്ത് മറ്റു വിമാന കമ്പനികളെപ്പറ്റി വലിയ അറിവൊന്നുമില്ലാതിരുന്നതിനാല്‍ എയര്‍ഇന്ത്യയില്‍ തന്നെയായിരുന്നു വരവ്. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍, എനിക്ക് മറ്റുള്ള വളരെ നല്ല എയര്‍ലൈനുകളെപ്പറ്റിയും, എയര്‍ഇന്ത്യയുട മോശം സേവനരീതികളെപ്പറ്റിയുമൊക്കെ ഒത്തിരി കേട്ടറിവുകള്‍ പകര്‍ന്നു തന്നിരുന്നതിനാല്‍, പിന്നീട് നാളിന്നുവരെയുള്ള ഒരു യാത്രയിലും, എയര്‍ഇന്ത്യയെ ആശ്രയിക്കാന്‍ പോയിട്ടില്ല. തന്നെയുമല്ല, ഓരോ യാത്രയിലും, പുതിയ എയര്‍ലൈനുകള്‍ പരീക്ഷിച്ചു നോക്കുക എന്നുള്ളതും, എനിക്ക് ഹരമുള്ള ഒന്നായി മാറി!!

ഇക്കുറി നറുക്ക് വീണത്‌ ഗള്‍ഫ്‌ എയറിനായിരുന്നു. ചെന്നൈയിലേക്ക് (അന്നു ഞങ്ങള്‍ ചെന്നൈയിലായിരുന്നു താമസം) ദിവസേന സര്‍വീസ് ഉണ്ടായിരുന്ന അതില്‍, ദുബായില്‍നിന്നും കയറിയാല്‍ മസ്ക്കറ്റില്‍ ചിലപ്പോള്‍ ഒരു ട്രാന്‍സിറ്റ്‌ കാണും, എന്നുള്ള ഒരു അസൌകര്യമൊഴിച്ചാല്‍, യാത്രയുടെ കാര്യത്തില്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

നാട്ടിലേക്കുള്ള  യാത്രയായിരുന്നതിനാല്‍, ഞാന്‍ പതിവ് പോലെ, നേരത്തേ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഉറ്റവരെയും ഉടയവരെയും കാണാനുള്ള ആവേശം, ചലനങ്ങള്‍ക്ക് മൊത്തം  ഒരു പുത്തന്‍ ഉണര്‍വ് പകരുന്നുണ്ടായിരുന്നു!!

 മസ്കറ്റില്‍ ഇറങ്ങി, ട്രാന്‍സിറ്റിന്‍റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ചെന്നൈയിലേക്കുള്ള  പ്ലെയിനില്‍ കയറി ഇരുന്നപ്പോഴേക്കും, സമാധാനമായി. ഈ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി, കഴിഞ്ഞ ഒരാഴ്ച മുഴുവനും ശരിക്കും അലച്ചില്‍ തന്നെയായിരുന്നു. ഇനിയുള്ള നാല് മണിക്കൂറുകള്‍ ഒന്ന് വിശ്രമിക്കാം. ഞാന്‍ അവിടെയിരുന്നുകൊണ്ട് അടുത്തൊക്കെയുള്ള സീറ്റുകളില്‍ ആരൊക്കെയാണ് ഇരിക്കുന്നതെന്ന് ശ്രദ്ധിച്ചു. തൊട്ടു അടുത്തുള്ള സീറ്റില്‍ ഇതുവരെ ആളെത്തിയിട്ടില്ല. അതിനപ്പുറത്തെ സീറ്റില്‍  ഏതോ ഒരു കമ്പനിയുടെ ഫോര്‍മാനേപ്പോലെയുള്ള ഒരു മദ്ധ്യവയസ്കനാണ്. ഞാന്‍ നോട്ടം പിന്‍വലിച്ചു മുന്‍പിലുള്ള സ്ക്രീനില്‍ കണ്ണ് നട്ടിരുന്നു.


അപ്പോഴാണ്‌ ഇരുനിറത്തില്‍, ഭംഗിയുള്ള മുഖത്തിനു ഒട്ടും യോജിക്കാത്ത വിധം, തീരെ പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച്, തല സാരിയാല്‍ മൂടിയ  ഒരു സ്ത്രീ, എന്‍റെ അടുത്ത സീറ്റില്‍ വന്നു ഇരുന്നത്.  മുപ്പതുകളുടെ ആദ്യ പകുതിയിലെവിടെയോ പ്രായം. ഒരു ആശുപത്രി ജീവനക്കാരിയോ, ഒരു സ്കൂളിലെ ആയയോ, അതുമല്ലെങ്കില്‍ ഒരു വീട്ടു ജോലിക്കാരിയോ ആവാനാണ് സാദ്ധ്യത. യാത്ര ചെയ്തു അധികം പരിചയം ഇല്ലെന്നു തോന്നിപ്പിക്കുന്ന വിധം,  കയ്യിലുള്ള ഒരു  ഇടത്തരം  ബാഗ്, മുകളിലൊന്നും വയ്ക്കാതെ മടിയില്‍തന്നെ വച്ചു മുറുക്കെ പിടിച്ചിരിക്കയാണ്. സഹായാത്രീകയായതിനാലും, ഒരു സാധു സ്ത്രീ എന്ന് തോന്നിയതിനാലും, ഞാന്‍ തന്നെ അവരുടെ അനുവാദത്തോടെ,  ആ ബാഗ് വാങ്ങി മുകളിലുള്ള റാക്കില്‍ വച്ചു. നന്ദി പറഞ്ഞുകൊണ്ടുള്ള അവരുടെ വാക്കുകളില്‍ നിന്നും, അവര്‍ തമിഴ് നാടിന്‍റെ ഏതോ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന്, എനിക്ക് മനസ്സിലായി.

പ്ലെയിന്‍ അപ്പോഴേക്കും മെല്ലെ ഉരുളാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ അവര്‍ ഇതുവരെയും സീറ്റ്‌ ബെല്‍റ്റുകൂടി ഇട്ടിരുന്നില്ലെന്നു ഞാന്‍ കണ്ടത്. എയര്‍ഹോസ്റ്റെസ് ചെക്ക് ചെയ്തു വരുന്നത് കണ്ട ഞാന്‍ തന്നെ അവരെ അത് കെട്ടുവാനും സഹായിച്ചു.

വിമാന യാത്രകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ്, ടേക്ക് ഓഫിനു മുന്നോടിയായി, റണ്‍വേയുടെ  ഒരു അറ്റം വരെ വിമാനം മെല്ലെ ഉരുണ്ടു നീങ്ങുന്ന സമയം. എത്ര വലിപ്പമുള്ള വിമാനമായാല്‍പ്പോലും, ചെറിയ ചക്രങ്ങളില്‍  ഉരുളുന്ന, അല്‍പ്പം ഉലച്ചിലോടെയുള്ള അതിന്റെ അപ്പോഴത്തെ സഞ്ചാരത്തില്‍, ഒരു പക്ഷെ  മറ്റാര്‍ക്കും, അത്രയൊന്നും പ്രത്യേകതകള്‍  തോന്നുകില്ലായിരിക്കാം. എന്നാല്‍  ഒപ്പം അകന്നകന്നു പോകുന്ന വിളക്കുകാലുകളും, വാഹനങ്ങളും, മനുഷ്യരുമൊക്കെയായി, എന്നിലെ യാത്രീകന്‍റെ മനസ്സില്‍, അപ്പോഴൊക്കെ പ്രിയപ്പെട്ടതെന്തോക്കെയോ  ഉപേക്ഷിച്ചിട്ട് പോവുന്ന ഒരു തോന്നല്‍ ശക്തമാവാറുണ്ട്!!! അതുപോലെ തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരു സന്ദര്‍ഭമാണ്, ലാന്‍ഡു ചെയ്യുന്നതിന് തൊട്ടു മുന്‍പുള്ള  നിമിഷങ്ങളും. വിളക്കുകളെല്ലാം അണച്ചു,  കാബിന്‍ക്രൂവെല്ലാം ലാന്‍ഡിങ്ങിനു തയ്യാറായി, സീറ്റുകളില്‍ ഇരിക്കാനുള്ള അറിയിപ്പ് കേട്ടു കഴിഞ്ഞുള്ള നിശബ്ദത, അതാണ്‌ അക്ഷരാര്‍ഥത്തില്‍ എന്നെ ടെന്‍ഷനാക്കുന്നത്!! എവിടേയും അനക്കവും ഒച്ചയുമൊന്നുമില്ലാതെ, ഏതോ വിപത്ത് സംഭവിച്ചേക്കാം എന്ന മട്ടിലുള്ള , കാത്തിരിപ്പ് ശരിക്കും ഭയം ജനിപ്പിക്കുന്നു.... നിമിഷങ്ങളുടെ മാത്രം ദൈര്‍ഘൃമുള്ള ഈ സമയം, വിമാനയാത്രകളിലെ ഏറ്റവും അപകടം പതിയിരിക്കുന്ന നിമിഷങ്ങളുടെ മുന്നോടിയാകാം, എന്നു  പലയിടങ്ങളിലും വായിച്ചിട്ടുള്ളത്, അപ്പോള്‍ വേണ്ടായെങ്കിലും, ഓര്‍മ്മയില്‍ വരും. എന്നാല്‍ വിമാനം ഭൂമിയെ തൊടുന്നതോടെ, ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട്, നാടിന്‍റെ മണ്ണിലെത്തിയതിന്‍റെ  ആഹ്ലാദത്തില്‍, മനസ്സ്  ആശ്വസിക്കയാവും!!

വിമാനം പറന്നുയര്‍ന്നു ലെവലിലുള്ള യാത്ര തുടങ്ങിയപ്പോഴാണ്, ഞാന്‍ അത് ശ്രദ്ധിച്ചത്. അടുത്തിരിക്കുന്ന സ്ത്രീയുടെ മനസ്സിനെ കാര്യമായി എന്തോ അലട്ടുന്നുണ്ട്. ഏതോ വലിയ ഒരു സങ്കടം ആ മുഖത്തു ശരിക്കും നിഴലിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട മട്ടില്‍ തളര്‍ന്നുള്ള അവരുടെ ആ ഇരിപ്പ് എന്റെ മനസ്സിനെ  അസ്വസ്ഥമാക്കാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു. പൊതുവേ ഇങ്ങനെയുള്ള യാത്രകളില്‍, ഞാന്‍ അടുത്തിരിക്കുന്നവരെ ഒരിക്കലും ശല്യപ്പെടുത്താറില്ല. നമ്മള്‍ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എന്തിനു ക്ഷണിക്കാതെ കടന്നു ചെല്ലണം? ഇതാണ്  അപ്പോഴൊക്കെ എന്‍റെ മനസ്സില്‍ വരുന്ന ചിന്ത. എന്നാല്‍ ഇവിടെ, എന്റെയുള്ളിലെ സഹതാപവും ജിജ്ഞാസയും ഒന്നിച്ചപ്പോള്‍, അവരോടു ആ ദുഖത്തിന്റെ കാരണം ആരായണം എന്നുള്ള ഒരു നിര്‍ബന്ധം, എന്‍റെ ഉള്ളില്‍ ശക്തമായിക്കൊണ്ടിരുന്നു. ഒടുവില്‍ അങ്ങനെയാണ് രണ്ടും കല്‍പ്പിച്ചു ഞാന്‍ അവരോടു, എങ്ങോട്ടാണ് യാത്രയെന്നും, എവിടെ നിന്നാണ് വരുന്നത് എന്നും മറ്റുമുള്ള വിവരങ്ങള്‍, അവരുടെ തന്നെ ഭാഷയില്‍ ചോദിക്കാന്‍ ഒരുങ്ങിയത്.

ആദ്യം ഒരു അപരിചിതനായ എന്നോട് മനസ്സ് തുറക്കാന്‍ മടിച്ചെങ്കിലും,  വിശ്വാസത്തിലെടുക്കാം എന്ന് തോന്നിയതിനു ശേഷമുള്ള അവരുടെ വാക്കുകള്‍, അനര്‍ഗ്ഗളമായ ഒരു പ്രവാഹമായി മാറുന്നത്, ഞാന്‍ തെല്ല് അമ്പരപ്പോടെയാണ് നോക്കിയിരുന്നത്!! അതുവരെ അനുഭവിച്ച സ്വകാര്യ ദുഃഖങ്ങള്‍ മനസ്സ് തുറന്നു ആരുമായെങ്കിലുമായൊന്നു പങ്കു വയ്ക്കണം, എന്ന് വിചാരിച്ചിരുന്ന പോലെ, അവര്‍ പിന്നീട് പറഞ്ഞ കഥകള്‍, എന്നില്‍ ശരിക്കും നടുക്കമുളവാക്കാന്‍ പോന്നവയായിരുന്നു!!

ഒരു സ്കൂളിലെ ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞാണ്, അവരെ തമിഴ്നാട്ടിലുള്ള ഒരു റിക്രൂട്ടിംഗ് ഏജന്‍റ്, ഗള്‍ഫിലേക്ക് കയറ്റി വിട്ടത്. അതിനായി അവര്‍ക്ക് പണയപ്പെടുത്തേണ്ടി വന്നതോ, അവരുടെ കിടപ്പാടവും കെട്ടുതാലി ഒഴിച്ചുണ്ടായിരുന്ന സകല ആഭരണങ്ങളും!! എന്നാല്‍ കൂലി വേലക്കാരനും, രോഗിയുമായ ഭര്‍ത്താവിനേയും, മൂന്നും അഞ്ചും വയസ്സ് മാത്രം പ്രായമുള്ള രണ്ടു ചെറിയ കുട്ടികളേയും, ഭര്‍ത്തൃ  മാതാവിനൊപ്പം വിട്ടു വന്ന അവര്‍ക്ക്, അവിടെ ലഭിച്ച ജോലിയോ, തുശ്ചമായ ശമ്പളമുള്ള  ഒരു അറബി വീട്ടിലെ ജോലിക്കാരിയുടേതും!! രാവിലെ നാലു മണിക്കെഴുന്നേറ്റു തുടങ്ങുന്ന വീട്ടുജോലികള്‍ തീര്‍ന്നു, നടുവ് ഒന്ന് ചായിക്കാറാകുമ്പോഴേക്കും രാത്രി പതിനൊന്നു മണിയെങ്കിലുമാകും!! വാരത്തില്‍ ഒരു ദിവസം പോലും അവധിയില്ലാത്ത, വിശ്രമമില്ലാത്ത ജോലികള്‍!!

ആ വീട്ടിലെ ഗൃഹനായിക, ഒരു സ്കൂള്‍ അധ്യാപികയായിരുന്നു. കുട്ടികളുമൊത്ത് രാവിലെ ഏഴു മണിക്ക് സ്കൂളിലേക്ക് പുറപ്പെടുന്ന അവര്‍, മടങ്ങിയെത്തുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് . അതുവരെ  ജോലിക്കൊന്നും പോകാതെ വീട്ടില്‍ തന്നെയിരിക്കുന്ന ഗൃഹനാഥനും, അയാളുടെ കണ്ണ് കാണാന്‍ വയ്യാത്ത വൃദ്ധയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടാവുക!! വീടിനുള്ളിലെ ഈ പ്രത്യേക സാഹചര്യങ്ങളാണ്, ഈ സ്ത്രീയുടെ പീഢനങ്ങളുടെ തുടക്കങ്ങള്‍ക്ക് വഴി തുറന്നത്!!

ഭാര്യ കുട്ടികളുമൊത്ത് സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍പ്പിന്നെ, വീട്ടുകാരന്‍  തരം കിട്ടുമ്പോഴെല്ലാം ജോലിക്കാരിയുടെ അടുത്തെത്തും. കണ്ണ് കാണാന്‍ പാടില്ലാത്ത അയാളുടെ വൃദ്ധ മാതാവ്, അവരുടെ കിടക്കയില്‍ തന്നെയായിരിക്കുന്നത് അയാള്‍ക്കൊരു സൌകര്യമായി. ആദ്യമൊക്കെ വെറും നിര്‍ദോഷമായ സംഭാഷണങ്ങളില്‍ തുടങ്ങിയായിരിക്കും, ജോലിക്കാരിയോടുള്ള ഇയാളുടെ സമീപനം. ദിവസങ്ങള്‍ കഴിയുന്നതോടെ സംഭാഷണങ്ങളും പ്രവൃത്തികളും, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു തുടങ്ങുന്നു. അറിയാതെ ജോലിയില്‍ മുഴുകി നില്‍ക്കുമ്പോള്‍, പുറകില്‍കൂടി വന്നു കെട്ടിപ്പിടിച്ച് ഉപദ്രവിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തീരെ ചെറുത്തു നില്‍ക്കാന്‍  കഴിയാതെ വന്നപ്പോള്‍, ഭാര്യയെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നോക്കി. എന്നാല്‍ അതും ഫലം  കണ്ടില്ല. കാരണം സ്വതവേ ദീനക്കാരിയായ ഭാര്യക്ക്, ഭര്‍ത്താവ് അടുത്തു വരുന്നതേ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അയാളുടെ ഈ മാതിരി ചാപല്യങ്ങള്‍ക്ക് നേരെ, അവരും മനപ്പൂര്‍വ്വം കണ്ണടയ്ക്കുകയാണ് പതിവെന്നു, പോകെ പോകെ മനസ്സിലായി. ജോലിക്കാരികളെ സ്പോണ്സര്‍ ചെയ്തു നിര്‍ത്തുന്നതിന്‍റെ ഉദ്ദേശം തന്നെ ഇതൊക്കെയാണെന്നു, അയല്‍പക്കത്തുള്ളവരും കൂടി പറഞ്ഞതോടെ, ജോലികള്‍ വേഗത്തില്‍ തീര്‍ത്തു, ഉച്ചയ്ക്ക് ഭാര്യ ജോലി കഴിഞ്ഞെത്തുന്നതുവരെയുള്ള സമയം, സ്വയ രക്ഷക്കായി, അവര്‍ വീടിനു പുറത്തെവിടെയെങ്കിലും പോയി ഇരിക്കാന്‍ തുടങ്ങി.

ഒന്ന് ഒന്നര മാസം ഇങ്ങനെയുള്ള ദുരിതങ്ങളിലൂടെ എങ്ങനെ തള്ളി നീക്കി എന്നറിയില്ല. മാസം തികഞ്ഞപ്പോള്‍ ശമ്പളം കിട്ടുമല്ലോ എന്നുള്ള ഒരു ആശ്വാസം ഉണ്ടായിരുന്നതും, വൃഥാവിലായി. ശമ്പളം ചോദിക്കുമ്പോഴൊക്കെ, അടുത്ത മാസം ഒന്നിച്ചു തരാം, എന്നായി ഉത്തരം!! എങ്കിലും സാരമില്ല, രണ്ടു മാസത്തെ തുക ഒന്നിച്ചു കിട്ടുമല്ലോ എന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ്, വഴിത്തിരിവുണ്ടാക്കിയ ആ സംഭവം അരങ്ങേറിയത്!!

അന്നും പതിവുപോലെ അതിരാവിലെ തന്നെ, ഭാര്യ കുട്ടികളുമായി സ്കൂളില്‍പോയിരുന്നു. ഏകദേശം പത്തു മണിയായപ്പോള്‍ അയാള്‍ പാചകം ചെയ്തുകൊണ്ടിരുന്ന ഇവരുടെ പുറകിലെത്തി അവരെ തൂക്കിയെടുത്തുകൊണ്ട് ബെഡ് റൂമിലേക്ക്‌ നടന്നു. അലമുറയിട്ടുകൊണ്ട് ചെറുത്തുനിന്ന ഇവര്‍ക്ക്, അയാളുടെ പിടിയില്‍നിന്നും കുതറി മാറാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും, സാധിച്ചില്ല. ഇതിനകം ബെഡ് റൂമിലെത്തിയിരുന്ന അയാള്‍ ഇവരെ കിടക്കയിലേക്ക് മറിച്ചിടാന്‍ ശ്രമിച്ചു.. ഈ സമയത്താണ് ഇവര്‍ രണ്ടും കല്‍പ്പിച്ചു അയാളുടെ കയ്യില്‍ കടന്നു പിടിച്ചതും കടിച്ചു മുറിവേല്‍പ്പിച്ചതും!! പല്ല് കൊണ്ടുള്ള സാമാന്യം ആഴത്തിലുള്ള മുറിവായിരുന്നതിനാല്‍, രക്തം ധാരാളമായി ഒഴുകാന്‍ തുടങ്ങിയിരുന്നു. അത് വക വയ്ക്കാതെ  അയാള്‍ വര്‍ദ്ധിച്ച കോപത്തോടെ അവരുടെ നേര്‍ക്ക്‌ ശരിക്കും മര്‍ദ്ദനമുറകള്‍ അഴിച്ചു വിടാന്‍ തുടങ്ങി. ഒടുവില്‍ അവശയായ, അവരെ ആ മുറിയില്‍തന്നെ പൂട്ടിയിട്ടതിനു ശേഷം,  രക്തം വാര്‍ന്നൊഴുകുന്ന കയ്യുമായി,അയാള്‍ വണ്ടിയെടുത്തു വെളിയിലേക്ക് പോയി. അവരാകട്ടെ, ഇനിയെന്ത് സംഭവിക്കും എന്നുള്ള ആശങ്കയോടെ, ആ മുറിയുടെ മൂലയില്‍ ഭയന്ന് വിറച്ചിരുന്നു....

രണ്ടു മണിക്കൂറിനു ശേഷം അയാള്‍ തിരിച്ചെത്തിയപ്പോള്‍, കയ്യിലെ മുറിവ് ബാന്‍ഡേജു ചെയ്തിരുന്നു. തന്നെയുമല്ല,  ഇവരെ ക്യാന്‍സല്‍ ചെയ്യാനുള്ള പേപ്പറുകളും ഒപ്പം കൊണ്ടുവന്നിരുന്നു. അതിലൊക്കെ ഭയപ്പെടുത്തി ഒപ്പ് വയ്പ്പിച്ച ശേഷം, ഇവരോട് ഉടന്‍തന്നെ നാട്ടില്‍പോകാന്‍ തയ്യാറാവാനും പറഞ്ഞു. തന്നെ ഒന്ന് സഹായിക്കാനോ, തന്‍റെ നിസ്സഹായാവസ്ഥ ഒന്ന് വെളിപ്പെടുത്താനോ, ആരും തന്നെ തുണയില്ലാത്ത ആ അവസ്ഥയില്‍, ഇവര്‍ക്ക്  അയാളെ അനുസരിക്കയല്ലാതെ, വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, ഇമ്മിഗ്രേഷന്‍ ഓഫീസില്‍ നിന്നും ക്യാന്‍സല്‍ പേപ്പറുകള്‍ എല്ലാം ധൃതിയില്‍ ശരിയാക്കി, അയാള്‍ അന്നത്തെ ഫ്ലൈറ്റിനു തന്നെ ഇവരെ നാട്ടിലേക്ക് കയറ്റിവിട്ടു!! ശമ്പള ഇനത്തില്‍ കിട്ടാനുള്ള ഒന്നും തന്നെ കൊടുത്തതുമില്ല. നോക്കണേ, ഇവരുടെ ഒരു കഷ്ടകാലം!! കൊടിയ മര്‍ദ്ദനമുറകള്‍ ഏറ്റുവാങ്ങിയിട്ടും, മാനം കാത്തു സൂക്ഷിക്കാനായി ഈ സ്ത്രീ കാണിച്ച ധൈര്യത്തെ, എത്ര കണ്ടു പ്രശംസിച്ചാലാണ് മതിയാവുക?? എനിക്ക് അവരോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു....

ഇത്രയൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍, അവരുടെ കയ്യില്‍ ഇപ്പോള്‍ എത്ര രൂപ ഉണ്ടെന്നോ, കുഞ്ഞുങ്ങള്‍ക്കായി എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നൊക്കെ, ചോദിക്കാതിരിക്കാന്‍, ഒരു അച്ഛന്‍ കൂടിയായ എന്‍റെ മനസ്സ് അനുവദിച്ചില്ല. സത്യത്തില്‍ അവര്‍ എന്നോട് അത് പറഞ്ഞില്ലെങ്കില്‍കൂടി, ഞാന്‍ മനസ്സിലാക്കിയതനുസരിച്ചു, അവരുടെ കയ്യില്‍ ഇപ്പോള്‍ ആ ചെറിയ ബാഗില്‍ ഉള്ളതല്ലാതെ ഒന്നും തന്നെ ഇല്ല. ഇല്ലാത്ത ഒരു വലിയ തുക ചിലവാക്കിയായിരുന്നല്ലോ, ഇവരുടെ ജോലിക്കായുള്ള വരവ് തന്നെ!! തിരിച്ചു ചെല്ലുന്നതോ, ഒന്നും തന്നെ കയ്യിലില്ലാത്ത അവസ്ഥയിലും!! ഞാന്‍ ചിന്തയിലാണ്ടിരുന്നു....

യാത്ര അവസാനിക്കാറായിരുന്നു. സമയം കടന്നു പോയത് അറിഞ്ഞിരുന്നില്ല. ഇടയ്ക്കെപ്പോഴോ കാബിന്‍ക്രൂ കൊണ്ട് തന്നിരുന്ന ഭക്ഷണം, കഴിച്ചെന്നു വരുത്തി, എന്ന് മാത്രം. ആ സ്ത്രീയാണെങ്കില്‍ ഒന്നും തന്നെ കഴിക്കുന്നുമുണ്ടായിരുന്നില്ല!!

ഇക്കുറി ലാന്‍ഡിങ്ങിന്‍റെ സങ്കീര്‍ണ്ണതകളില്‍ നിന്നും എന്തോ, മനസ്സ് മുക്തമായിരുന്നു. കാരണം അവിടെ മറ്റെന്തൊക്കെയോ ചിന്തകള്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇമ്മിഗ്രേഷന്‍ നൂലാമാലകള്‍ കഴിഞ്ഞതോടെ ഇനി എനിക്ക്, ബാഗ്ഗേജുകള്‍ ശേഖരിച്ചു പുറത്തേക്ക് കടന്നാല്‍ മതി. ഞാന്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ സ്ത്രീയെ നോക്കി. ആകെ ഉള്ള ആ ചെറിയ ബാഗ്, അവര്‍ ഇപ്പോഴും മുറുകെ പിടിച്ചിരിക്കയാണ്. വേറെ ബാഗേജുകള്‍ ഒന്നും അവര്‍ക്ക് ശേഖരിക്കാനായി ഇല്ല. വെളിയില്‍ എന്നെ സ്വീകരിച്ചു, വെറും പത്തു മിനിട്ടുകളുടെ മാത്രം ദൂരത്തായുള്ള എന്‍റെ വീട്ടിലേക്കു കൊണ്ടുപോകാന്‍, മകനും ഭാര്യയും, അക്ഷമയോടെ കാത്തു നില്‍ക്കുന്നുണ്ടാവും. ഈ സ്ത്രീക്കായി അങ്ങനെ ആരും തന്നെ ഉണ്ടാവില്ല, എന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നതു ഞാന്‍ ഓര്‍ത്തു. പുറത്തിറങ്ങി ഏതെങ്കിലും ദീര്‍ഘദൂര ബസ്സ് പിടിച്ചു, അവര്‍ക്ക് സ്വന്ത ഊരിലെക്കുള്ള യാത്ര തുടരേണ്ടി വരും....

ഞാന്‍ അവരോടു അവിടെ തന്നെ നില്‍ക്കാനായി പറഞ്ഞിട്ട്, വേഗം ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്ക് കയറിച്ചെന്നു. കൊച്ചു കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കുറെ മിട്ടായികളും, അവിടെ കിട്ടുന്ന, അവര്‍ക്ക് വേണ്ടുന്ന മറ്റു കുറച്ചു സാധനങ്ങളും വാങ്ങി പാക്ക്‌ചെയ്തു അവരുടെ അടുത്തെത്തി, അത് അവരെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

“നോക്കൂ, ഇതില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാനുള്ള, അവര്‍ ഇഷ്ടപ്പെടുന്ന കുറച്ചു സാധനങ്ങളാണ്. തന്നെയുമല്ല, നിങ്ങളുടെ കയ്യില്‍, വഴിച്ചെലവിനുള്ള നിസ്സാര തുകയേ ഉള്ളൂ എന്നും, എനിക്കറിയാം. ഞാനും  വലിയ ധനികനൊന്നുമല്ല എങ്കിലും, നിങ്ങളുടെ ദയനീയാവസ്ഥ മുഴുവനും അറിഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കും വളരെ വിഷമം തോന്നുന്നു. പണം ഇന്ന് ചിലപ്പോള്‍ ഉണ്ടെന്നിരിക്കും, നാളെ ചിലപ്പോള്‍ അത്, എന്‍റെ കയ്യിലും ഇല്ലാതെ വരാം!! അതുകൊണ്ട്  ഇപ്പോള്‍ കുറച്ചു പണം ഞാന്‍ നിങ്ങള്‍ക്ക് തന്നാല്‍,  ഒരു സഹോദരന്‍ തരുന്നതായി കണക്കാക്കി, നിങ്ങള്‍ അത് വാങ്ങുമെങ്കില്‍, എനിക്കും സന്തോഷമായി..."

പറഞ്ഞു നിറുത്തിയതിനു ശേഷം, വിമാനമിറങ്ങിയാലുടന്‍ ഉണ്ടായേക്കാവുന്ന ചിലവിലേക്കായി, ദുബായില്‍ നിന്നുതന്നെ മാറ്റിക്കൊണ്ടു വന്നിരുന്ന കുറച്ച് ഇന്ത്യന്‍രൂപാ അടങ്ങിയ ഒരു കവര്‍, ഞാന്‍ അവര്‍ക്ക് നേരെ നീട്ടി.

സാധുവായിരുന്നെങ്കിലും, അഭിമാനമുള്ള സ്ത്രീ തന്നെയായിരുന്നു അവര്‍!! ആദ്യമൊന്നും അത് വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ലെങ്കിലും, എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി,  പിന്നീട് അവര്‍ അത് എന്‍റെ കയ്യില്‍ നിന്നും വാങ്ങി. ആ സമയം നിറഞ്ഞു വന്നിരുന്ന അവരുടെ കണ്ണുകള്‍, ഞാന്‍ കണ്ടില്ലെന്നു നടിക്കുമ്പോഴും, ഇനി വീട്ടിലെത്തിയാലുള്ള അവരുടെ അവസ്ഥ  എന്തായിരിക്കും എന്നുള്ളതായിരുന്നു എന്റെ ചിന്തകള്‍. കടം കൊടുത്തവര്‍ ഒരു വശത്ത് അവരെ ഞെരുക്കുമ്പോള്‍, ഉപജീവനത്തിന്‍റെ പ്രശ്നം വലിയ ഒരു ചോദ്യചിഹ്നമായി മറുവശത്ത്!! എല്ലാ പ്രതീക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ടാണല്ലോ  അകാലത്തിലുള്ള അവരുടെ ഈ തിരിച്ചു വരവ്!! അവരുടെ അഡ്രസ്‌ വാങ്ങുന്നതിലൊന്നും കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ഞാന്‍ വിചാരിച്ചാല്‍ അവര്‍ക്ക് മറ്റൊരു ജോലി വാങ്ങി കൊടുക്കാനോ ഒന്നും, സാധിക്കുമായിരുന്നില്ല. പിന്നെ വെറുതെ വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് എന്ത് നേടാന്‍?

പുറത്തേക്കുള്ള വഴി അവര്‍ക്ക് കാണിച്ചു കൊടുത്തതിനുശേഷം,  ബാഗ്ഗേജുകള്‍ ശേഖരിക്കാനായി, ഞാന്‍ കണ്‍വയര്‍ ബെല്‍റ്റിന് അരികിലേക്ക് മെല്ലെ നീങ്ങി......

വര്‍ഷങ്ങള്‍ക്ക് ശേഷവും, ആ ചെറിയ ബാഗും, ഞാന്‍ കൊടുത്ത പാക്കറ്റുകളും, ഒരു നിധി പോലെ മുറുകെ പിടിച്ചു, കൂടെക്കൂടെ എന്നെ തിരിഞ്ഞു നോക്കി അകലങ്ങളിലേക്ക് മറയുന്ന ആ രൂപം, എന്റെ മനസ്സിന്റെ കോണുകളിലെവിടെയോ, നൊമ്പരമുണര്‍ത്തുന്ന ഒരു ഓര്‍മ്മയായി ഇന്നും അവശേഷിക്കുന്നു........  

Monday, May 13, 2013

വേട്ടക്കാരന്‍....കയ്യിലുള്ള ഒഴിഞ്ഞ കൂട്ടിലേക്ക് നോക്കുമ്പോഴൊക്കെ പക്ഷി വേട്ടക്കാരന്‍റെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടായിരുന്നു. മൂന്നു ദിവസങ്ങളായി കുടിലില്‍ അടുപ്പ് പുകഞ്ഞിട്ട്. ഭാര്യയുടെയും, കരഞ്ഞു തളര്‍ന്ന കുഞ്ഞുങ്ങളുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍  കാലുകള്‍ക്ക് വേഗം പോരെന്നു തോന്നി. ഇന്നെങ്കിലും ഒരു ജോഡി തത്തകളെയോ, അല്ലെങ്കില്‍ മൈനകളെയോ കിട്ടിയില്ലെങ്കില്‍......

ദൂരത്തു നിന്ന് തന്നെ ആ തത്തയെ അയാള്‍ക്ക് കാണാമായിരുന്നു. വൃക്ഷത്തിന് മുകളിലുള്ള വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. ഇടയ്ക്കിടെ ചിറകുകള്‍ വിടര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്.  മരത്തിനു മുകളിലെത്തി സൂക്ഷമതയോടെ വലയില്‍ നിന്നും അതിനെ അയാള്‍ കൈകളില്‍ എടുത്തു. നല്ല ഭംഗിയും വലിപ്പവുമുണ്ട്!! അയാള്‍ക്ക് സന്തോഷമായി. അതിന്‍റെ ഇണയെ തേടി അയാളുടെ കണ്ണുകള്‍ ചുറ്റും പരതി. അതും ആ മരത്തിന്‍റെ തന്നെ മറ്റൊരു കൊമ്പില്‍ ഇരിപ്പുണ്ട്. ഇടയ്ക്കിടെ ഇണയെ നോക്കി അവ്യക്തമായി എന്തൊക്കെയോ ചിലയ്ക്കുന്നുമുണ്ട്. അതിനെ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു!! എങ്കിലും, അത് അത്ര എളുപ്പമുള്ള ഒന്നല്ല, എന്ന് അയാള്‍ക്കറിയാമായിരുന്നു.  താഴെ ഇറങ്ങി തത്തയെ കൂട്ടില്‍ അടച്ചതിനുശേഷം അതുമായി അയാള്‍  കവലയിലേക്ക് നടന്നു.

ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍, ആ ഇണ തത്തയും ചിലച്ചുകൊണ്ട് പുറകെ പറന്നു വരുന്നതു അയാള്‍ കണ്ടു.. ഇത് ജീവിതമാണ്. ഇവിടെ അനുകമ്പയ്ക്കൊന്നും ഒരു സ്ഥാനവുമില്ല. അയാള്‍ കാലുകള്‍ വലിച്ചുവച്ചു വേഗത്തില്‍ നടന്നു...

കവലയിലെത്തിയതും, എവിടെ നിന്നോ മുന്‍പിലായി ഓടിയെത്തിയ ബാലന്‍റെ കണ്ണില്‍ നിറയെ തത്തയോടുള്ള ആഗ്രഹം മുറ്റി നിന്നിരുന്നു.

"ഇതിനെ എനിക്ക് തരുമോ?"  അവന്‍റെ ചോദ്യത്തില്‍ അയാള്‍ക്ക്‌ അതിശയമൊന്നും തോന്നിയില്ല.

"ഇരുപത്തഞ്ചു രൂപ ഉണ്ടോ? എങ്കില്‍ എടുത്തോളൂ.."

അയാളുടെ സ്വരത്തില്‍ ഒട്ടും മാര്‍ദ്ദവം കലര്‍ന്നിരുന്നില്ല..

അവന്‍ വേഗം പോക്കറ്റില്‍ കയ്യിട്ടു ഒരു പത്തു രൂപയും ഏതാനും ചില്ലറയും എടുത്തു അയാള്‍ക്ക്‌ നേരെ നീട്ടി.

"ഇത്രയുമേ കയ്യിലുള്ളൂ", അവന്‍റെ സ്വരം താണിരുന്നു.

അവനെ ശ്രദ്ധിക്കാതെ, വളവു തിരിഞ്ഞു വരുന്ന സ്വാമിയിലും പരിവാരങ്ങളിലുമായി അയാളുടെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി നിന്നു. സ്വാമി തൊട്ടു മുന്‍പിലായി വന്നു നിന്നപ്പോള്‍, അയാള്‍ക്ക് ആദ്യമായി അമ്പരപ്പ് തോന്നി.

"ഇതിനെ എനിക്ക് തന്നേക്കൂ, എത്ര വേണം?" സ്വാമിയുടെ വാക്കുകള്‍ അയാളില്‍ അത്ഭുതമുണര്‍ത്തി.!!

"ഇരുപത്തഞ്ചു രൂപ സ്വാമി", വിനയം കലര്‍ത്തി അയാള്‍ പറഞ്ഞു.

"കൂടുതലാണല്ലോ, ഒരു പതിനഞ്ചാകാം, എന്താ?"

മറുപടിക്ക് മുന്‍പ്, അവര്‍ക്കരികിലായി നീക്കി നിര്‍ത്തിയ കാറില്‍ നിന്നും കൂളിംഗ് ഗ്ലാസ്സ് ധരിച്ച് പുറത്തിറങ്ങിയ സ്ത്രീയിലേക്ക് അയാളുടെ ദൃഷ്ടികള്‍ നീണ്ടു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ക്കരുകിലേക്ക്  നടന്നു വന്നു അവര്‍ ചോദിച്ചു.

"എനിക്ക് ഈ തത്തയെ ആവശ്യമുണ്ട്. എത്രയാ വില?"യാന്ത്രീകമെന്നോണം അയാളുടെ ചുണ്ടുകള്‍ ആവര്‍ത്തിച്ചു, "ഇരുപത്തഞ്ചു രൂപാ"

"ഇരുപതു പോരെ?" പറഞ്ഞുകൊണ്ട് തന്നെ ഹാന്‍ഡ്‌ ബാഗില്‍ നിന്നും ഒരു ഇരുപതിന്‍റെ നോട്ട് അവര്‍ വലിച്ചെടുത്തു.

അയാള്‍ക്ക്‌ പുറകില്‍ ആ ഇണക്കിളിയുടെ രോദനം നേര്‍ത്തിരുന്നു.

എല്ലാ കണ്ണുകളും അയാളിലായിരുന്നു!! അയാളുടെ കൈകള്‍ കൂടിന്‍റെ കൊളുത്ത് നീക്കി തത്തയെ പുറത്തെടുത്തു. ഇരുകൈകളാലും അതിനെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അതിന്‍റെ കണ്ണുകളിലേക്ക് ഒരു വട്ടം സൂക്ഷിച്ചു നോക്കി. പിന്നെ പെട്ടെന്ന് തിരിഞ്ഞു ഇണയെ നോക്കി കൈകള്‍ ആവേശത്തോടെ വായുവിലേക്കുയര്‍ത്തി, മുകളിലേക്ക് അതിനെ പറത്തി വിട്ടു.

"ശ്.. ശ്.. ശ്...." ആളുകളില്‍ നിന്നുയര്‍ന്ന സീല്‍ക്കാരങ്ങള്‍ക്കൊപ്പം ഒരുമിച്ചു പറന്നുയര്‍ന്ന പക്ഷികളില്‍ നിന്നുയര്‍ന്ന ആഹ്ലാദാരവങ്ങള്‍, അയാളുടെ മനസ്സിലൊരു ലഹരിയായി പടര്‍ന്നു....
 

പിന്നെ, കിളിക്കൂടിന്‍റെ വാതില്‍ അടച്ചു അതും കയ്യിലെടുത്തു അവര്‍ക്കിടയിലൂടെ അയാള്‍ മുമ്പോട്ട് ആഞ്ഞു നടന്നു....
 

Monday, April 15, 2013

ഹബീബുള്ള തെരുവിലെ പ്രണയ നാളുകള്‍!!!!ട്രാന്‍സിറ്റ്‌ ലോഞ്ചിലെ സ്പീക്കറുകളില്‍നിന്നും,  വിമാനം പുറപ്പെടാന്‍ അല്‍പ്പം വൈകും എന്ന അറിയിപ്പ് വന്നപ്പോള്‍,  കാത്തിരുന്ന മുഖങ്ങളിലെല്ലാം അസ്വസ്ഥത നിഴലിക്കുന്നത്,  ഞാന്‍ കാണുണ്ടായിരുന്നു!! എന്‍റെ അടുത്തിരുന്ന സ്ത്രീയുടെ മടിയില്‍ ഉറങ്ങുന്ന കുഞ്ഞിന്‍റെ മുഖത്ത്,  ഉറക്കത്തിനിടയില്‍ മിന്നി മറയുന്ന പുഞ്ചിരി,  കാണാന്‍ ശേലുള്ളതായിരുന്നു..

അടുത്തെവിടെയോ ഒരു ഒച്ചയും ബഹളവും കേട്ടപ്പോള്‍, ഞാന്‍ തല പൊക്കി നോക്കി. അപ്പോള്‍ വന്നിറങ്ങിയ ഏതോ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ യാത്രക്കാര്‍, ഗ്ലാസ് ചുവരിനപ്പുറമുള്ള ഇടനാഴിയിലൂടെ അകത്തേക്ക് പോകുന്നതു കാണാമായിരുന്നു.

കടന്നു പോകുന്നവരെ അലസമായി നോക്കിക്കൊണ്ടിരുന്ന എന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം  ഒന്ന് താളം തെറ്റിയതുപോലെ... ഞാന്‍ വീണ്ടും വീണ്ടും നോക്കി. ദൈവമേ!!! ഇത് അവള്‍ തന്നെയല്ലേ?? ഒരു മഴവില്ലിന്റെ ചാരുതയോടെ, ഒരിക്കല്‍ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന എന്‍റെ പ്രിയപ്പെട്ടവള്‍?? കാലത്തിന്റെ കരങ്ങള്‍ എത്ര തന്നെ മായ്ക്കാന്‍ ശ്രമിച്ചിട്ടും, ഒളി മങ്ങാതെ എന്റെ മനസ്സിന്റെ ക്യാന്‍വാസില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നവള്‍?? ഗ്ലാസ് ചുവരിനപ്പുറത്തായി,  തോളില്‍ ഒരു കുട്ടിയേയും വഹിച്ച് സാവധാനം നടന്നുവരുന്ന അവളെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു.  ഭര്‍ത്താവായിരിക്കും, കറുത്ത് തടിച്ച ഒരു കഷണ്ടിക്കാരന്‍ കുറച്ചു മുന്‍പിലായി ഭാരമുള്ള രണ്ടു ബാഗുകളും തൂക്കി,  നടക്കുന്നുണ്ട്. 

ഞാന്‍ വേഗം എഴുന്നേറ്റു ബാഗും ലാപ്ടോപ്പും സീറ്റില്‍ തന്നെ വച്ചിട്ട്,  ഗ്ലാസ് ചുമരിനരുകിലേക്ക് നടന്നു. അവള്‍ കടന്നു പോകുമ്പോള്‍ അവളെ ഒന്നുകൂടി അടുത്തു കാണാനായി മനസ്സ് വല്ലാതെ തുടിക്കുന്നു. ഗ്ലാസ്സില്‍ മുഖം ചേര്‍ത്തു വച്ചിരുന്ന എന്നെ കടന്നുപോകുമ്പോള്‍,  എന്‍റെ വശത്തേക്ക് പെട്ടെന്ന് നോക്കിയ അവളുടെ കാലുകള്‍ ഒരു നിമിഷം നിശ്ചലമായി. ആ മിഴികളില്‍  ഒരു തിരയിളക്കം ഞാന്‍ കണ്ടുവോ?? അവിശ്വസനീയമായത് ഏതോ കാണുന്നതുപോലുള്ള ഒരു ഭാവത്തോടെ, മടിച്ചു മടിച്ചു മുന്‍പോട്ടു നടന്നു തുടങ്ങിയ അവള്‍,  മെല്ലെ ഒന്ന് തിരിഞ്ഞു  നോക്കിയതോടെ എനിക്ക് ഉറപ്പായി, അവളും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു!! അകലെ വേഗത്തില്‍ നീങ്ങുന്ന ഭര്‍ത്താവിന്‍റെ അരുകിലെത്തിപ്പെടാന്‍ കാലുകള്‍ വലിച്ചു വച്ചു നടക്കുമ്പോഴും,  ദൃഷ്ടിയില്‍ നിന്നും മറയുന്നതിനു മുന്‍പായി ഒന്നു കൂടി തിരിഞ്ഞു നോക്കാനും, അധരങ്ങളില്‍, ഒളിപ്പിച്ചു വച്ച ഒരു മന്ദഹാസം എനിക്ക് സമ്മാനിക്കാനും അവള്‍ മറന്നില്ല!! 


എന്‍റെ ഉള്ളം മധുരമുള്ള  ഒരായിരം ഓര്‍മ്മകളുടെ പൂന്തോട്ടമായി  മാറിക്കഴിഞ്ഞിരുന്നു!!  തിരികെ നടന്നു സീറ്റില്‍ ഇരിക്കുമ്പോള്‍,  മനസ്സെന്ന നൂലുപൊട്ടിയ പട്ടം, ഒരു കൌമാരക്കാരി തെലുങ്ക് പെണ്‍കുട്ടിയുടെ അരുകിലേക്ക്‌ പറക്കുകയായിരുന്നു!!

എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി, ജോലിക്കായുള്ള തിരച്ചിലിന്‍റെ സമയം.  ഗ്രാമത്തിലെ വസതിയിലിരുന്നു ശ്രമിച്ചാല്‍ മാത്രം ജോലി തരപ്പെടുകയില്ലെന്ന സത്യം,  അധികം വൈകാതെ തന്നെ അറിഞ്ഞു തുടങ്ങി. ചെന്നൈയിലുള്ള ഒരു ബന്ധുവിന്‍റെ നിര്‍ദ്ദേശപ്രകാരം,  സമയം പാഴാക്കാതെ ഞാന്‍ അങ്ങോട്ടേക്കുതന്നെ വണ്ടി കയറിയതും,  അതുകൊണ്ട് തന്നെയായിരുന്നു!!

അങ്ങനെയാണ് ചെന്നൈയിലെ തിരുവല്ലിക്കേണിയിലുള്ള,  മാര്‍ക്കെറ്റിനു പുറകിലെ ഹബീബുള്ള തെരുവില്‍,  ഒരു അന്തേവാസിയായി ഞാന്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്!! വൃത്തിഹീനമായ ഇടുങ്ങിയ തെരുവിന്‍റെ ഇരുവശങ്ങളിലും,  പഴയ രീതിയില്‍ ഉയര്‍ന്ന മതില്‍ക്കെട്ടുകളുള്ള ഇരുനില വീടുകള്‍!! പടിപ്പുര വാതില്‍ തുറക്കുമ്പോള്‍ മാത്രം ദൃശ്യമാവുന്ന അകത്ത് മൂന്നു വശങ്ങളിലായി,  ഇടുങ്ങിയ മുറികളുള്ള വാസ സ്ഥലങ്ങള്‍!!  അതിനുള്ളിലെ പരിമിതികള്‍ക്കുള്ളില്‍, പരിഭവമില്ലാതെ  കഴിഞ്ഞു കൂടുന്ന തെലുങ്കരുടേയും,  കന്നടക്കാരുടേയും,  തമിഴരുടേയും ഇടത്തരം കുടുംബങ്ങള്‍!!

ഇത്തരമൊരു പടിപ്പുര വാതിലിനു നേരെ എതിര്‍ വശത്തുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയിലായിരുന്നു, എന്‍റെ താമസം. എന്‍റെ റൂമിനു തൊട്ടു മുന്‍പിലായുള്ള ബാല്‍ക്കണിയിലെ അരഭിത്തിയില്‍ കയറി ഇരുന്നാല്‍, താഴെ തെരുവിലെ ജീവിതം പച്ചയായി തന്നെ കണ്ടുകൊണ്ടിരിക്കാം. ആ ദിവസങ്ങളില്‍ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലായിരുന്നതിനാല്‍,  ഭക്ഷണവും ഉറക്കവും ഒഴികെയുള്ള സമയങ്ങളില്‍,  എന്‍റെ ഇരിപ്പിടം മിക്കവാറും ഒരു പിടി പത്രങ്ങള്‍ക്കൊപ്പം,  ഈ ബാല്‍ക്കണി തന്നെയായി!!

തലയുയര്‍ത്തി നേരെ നോക്കിയാല്‍, എതിര്‍ വശത്തെ വീടിനുള്ളിലെ നടുത്തളത്തില്‍ തുണിയലക്കുന്ന, അല്ലെങ്കില്‍ ബോര്‍വെല്‍ പൈപ്പില്‍നിന്നും വെള്ളം അടിച്ചെടുക്കുന്ന,  മൂക്കുത്തിയും, വലിയ പൊട്ടുകളുമണിഞ്ഞ തെലുങ്കത്തികളെയോ,  തമിഴത്തികളെയോ ഒക്കെ കാണാം. അവരുടെയൊക്കെ മുക്കാലും നഗ്നരായ ചെറു കുട്ടികള്‍,  ശബ്ദമുണ്ടാക്കിക്കൊണ്ട് അവിടെയൊക്കെ ഓടിക്കളിക്കുന്നുണ്ടാവും!! തെരുവിലാകട്ടെ ഐസ്ക്രീംകാരനോ,  പച്ചക്കറിക്കാരനോ,  അല്ലെങ്കില്‍ പഴവണ്ടിക്കാരനോ ഒക്കെ,  മണിയടിച്ചുകൊണ്ട് പോകുന്നുണ്ടാവും. അപ്പോഴൊക്കെ പടിപ്പുരവാതില്‍ തുറന്നു പുറത്തേക്ക് എത്തിനോക്കുന്ന അമ്മമാരുടെ ചേലത്തുമ്പുകളില്‍ പിടിച്ചുകൊണ്ടു,  ആ കുഞ്ഞുങ്ങളും വിസ്മയം വിടരുന്ന കണ്ണുകളുമായി,  ഒപ്പമുണ്ടാവും!!

ജോലിയില്ല എന്നൊരു വിഷമമൊഴിച്ചാല്‍,  തെരുവിലേക്ക് നോക്കിയിരുന്നാല്‍ സമയം പോകുന്നത് തീരെ അറിയില്ല. ജീവിതവും മരണവുമൊക്കെ,  നമുക്കിവിടെ പച്ചയായിതന്നെ കാണാം. ചിലപ്പോള്‍ അത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ,  നൃത്തം ചെയ്തു നീങ്ങുന്ന ശവ ഘോഷയാത്രയുടെ രൂപത്തില്‍!! മറ്റു ചിലപ്പോള്‍ പുതിയതും പഴയതുമായ രാഗങ്ങളിലുള്ള സിനിമാപാട്ടുകളുടെ അകമ്പടിയോടെ,  ബാന്‍ഡ് മേളക്കാര്‍  നയിക്കുന്ന വിവാഹ ഘോഷയാത്രകളായി!!

എതിര്‍ വശത്തെ കോമ്പൌണ്ടില്‍,  ഏറ്റവും വലതുവശത്തുള്ള വീട്ടില്‍ താമസിക്കുന്നത്, ഒരു തെലുങ്ക് കുടുംബമായിരുന്നു. ഭര്‍ത്താവും ഭാര്യയും ഒരു കൈക്കുഞ്ഞും അടങ്ങുന്ന,  ചെറു കുടുംബം. ഭര്‍ത്താവ് രാവിലെ സൈക്കിളില്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍,  ആ സ്ത്രീയെ കുഞ്ഞുമായി തുണി നനക്കുന്നിടത്തും, വെള്ളം കുടങ്ങളില്‍ നിറയ്ക്കുന്നിടത്തുമൊക്കെ കാണാം. അധികം ആരോടും അടുപ്പമില്ലാത്ത ഒരു പ്രകൃതമായിരുന്നു ആ കുടുംബത്തിന്റേതെന്നു,  കുറച്ചു നാളുകളില്‍ തന്നെ എനിക്ക് ബോദ്ധ്യമായി.

നാലുമണിക്കുള്ള ഒരു ചായ കുടിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ ഇരിക്കുമ്പോഴാണ്,  അതിഥികളായി അവര്‍ എത്തുന്നത്!!  പടിപ്പുരയ്ക്ക് മുന്‍പിലായി നിര്‍ത്തിയ സൈക്കിള്‍ റിക്ഷയില്‍ നിന്നും ആദ്യം ഇറങ്ങിയത്,  അവളായിരുന്നു.  പതിനേഴിന്‍റെ പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന,  ഇരുനിറത്തില്‍, വടിവൊത്ത ശരീരപ്രകൃതിയോടുകൂടിയ, പ്രസരിപ്പുള്ള ഒരു ദാവണിക്കാരി !!  വിടര്‍ന്ന വലിയ കണ്ണുകളും, ചെറിയ വായും,  ഉയര്‍ന്ന പുരികങ്ങളുമുള്ള, മൂക്കുത്തിയണിഞ്ഞ ആ  തെലുങ്കു സുന്ദരിയെ,  ഒറ്റ നോട്ടത്തില്‍ തന്നെ ആരും ഇഷ്ടപ്പെട്ടുപോകും!!  പിന്നെയുള്ളത് പത്തു വയസ്സുള്ള ഒരു ആണ്‍കുട്ടിയും, ഇവരുടെ അമ്മയാകാന്‍ സാധ്യതയുള്ള ഒരു തടിച്ച സ്ത്രീയും.  ഇതിനകം പടിപ്പുരവാതില്‍ തുറന്നെത്തിയ ഗൃഹനായികയോടൊപ്പം, കലപില സംസാരിച്ചുകൊണ്ട് അവരെല്ലാം അകത്തേക്ക് പോകുന്നത്, ഞാന്‍ കൌതുകത്തോടെ നോക്കിയിരുന്നു.

ഏതാണ്ട് അഞ്ചു മിനിട്ടുകള്‍ കഴിഞ്ഞു കാണും,  ഒരു വീഴ്ചയുടെ ശബ്ദം കേട്ടാണ്,  ഞാന്‍ വീണ്ടും അങ്ങോട്ട്‌ നോക്കിയത്. ആ ബാലന്‍റെ പുറകെ, അവന്‍റെ കൈയിലുള്ള ഏതോ വാങ്ങിയെടുക്കാനായി പുറത്തേക്ക് ഓടി വന്ന സ്പീഡില്‍,  ആ മഞ്ഞ ദാവണിക്കാരി ആ പടിക്കെട്ടു കണ്ടില്ലെന്നു തോന്നുന്നു. ദാ കിടക്കുന്നു അവള്‍,  താഴെ, കമിഴ്ന്നടിച്ച്!! ആ കിടപ്പില്‍ നിന്ന് തല ഉയര്‍ത്തി നോക്കിയതോ,  എന്‍റെ മുഖത്തേക്കും!! ലജ്ജകൊണ്ട് ചുവന്നു തുടുത്ത മുഖവുമായി, അകത്തേക്ക് ഓടുന്ന അവളെ കാണാന്‍ അപ്പോള്‍ നല്ല ശേലായിരുന്നു!! എന്നെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ടായിരിക്കും, അന്ന് പിന്നെ അവളെ പുറത്തേക്കൊന്നും കണ്ടില്ല.

അടുത്ത ദിവസം തുടങ്ങി,  ബാല്‍ക്കണിയിലെ എന്‍റെ ഇരിപ്പിന്‍റെ ദൈര്‍ഘ്യം കൂടി കൂടി വന്നു. കാരണം ആ സുന്ദരി തന്നെ!!  ആ വീട്ടിലെ ഗൃഹനാഥന്‍ രാവിലെ ജോലിക്കായി പോയിക്കഴിഞ്ഞാല്‍,  അവിടുത്തെ കുഞ്ഞിനേയും ഒക്കത്ത് വച്ചുകൊണ്ട് ആ തളത്തിലൊക്കെ ചുറ്റി നടക്കലാണ്,  അവളുടെ പണി. കൃത്യമായ ഇടവേളകളില്‍,  ആ ഭംഗിയുള്ള കണ്ണിണകള്‍ എന്നെ തേടിയെത്തുന്നത് ഒട്ടൊരു കൌതുകത്തോടെയാണ്, ആദ്യമൊക്കെ ഞാന്‍ നോക്കി നിന്നത്!! അവളെ പ്രകോപിപ്പിക്കാനായി മുഖം കൊണ്ട് ഞാന്‍ എന്തെങ്കിലും ഗോഷ്ടി കാണിച്ചാല്‍,  നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരിയോടെ അവള്‍ ഓടി അകത്തേക്ക് കയറും!! പിന്നെ കുറെയേറെ നേരത്തേക്ക് അവള്‍ പുറത്ത് ഇറങ്ങുകയില്ല.

ദിവസം തോറുമുള്ള ഈ സന്തോഷാനുഭവങ്ങള്‍ക്കൊരു ഒരു ചെറു തടസ്സം സൃഷ്ടിച്ചു കൊണ്ട്,  എനിക്ക് ഒരു ജോലി ലഭിച്ചതും,  ഈ സമയത്ത് തന്നെയായിരുന്നു!! അവിടെയും അല്‍പ്പം ഭാഗ്യം,  എന്നോടൊപ്പം ഉണ്ടായിരുന്നു. എനിക്ക് ലഭിച്ച ജോലി,  ഷിഫ്റ്റ്‌ സംവിധാനത്തിലുള്ള ഒന്നായിരുന്നു.  അതുകാരണം അതിരാവിലെ പോയാല്‍, ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരികെ എത്താം. ഇനി ഉച്ച കഴിഞ്ഞുള്ള ഡ്യൂട്ടി ആണെങ്കില്‍,  രാത്രി പത്തു മണിക്ക് തിരികെ വന്നാലും, പിറ്റേ ദിവസം ഉച്ചക്ക് ഒരു മണി വരെയുള്ള സമയം ഫ്രീ ആയിരിക്കും!!   ഈ ഒഴിവു സമയങ്ങളില്‍,  മറ്റെല്ലാവരും ജോലിക്ക് പോയിരിക്കും എന്നുള്ളതിനാല്‍,  ഞങ്ങളുടെ ഈ സല്ലാപം ആരുമറിയാതെ തുടരാന്‍ എളുപ്പമായിരുന്നു!! . നമ്മളെ ഇഷ്ടപ്പെടുന്ന, നമ്മുടെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടി,  ഇനി അവള്‍ ഏതു ഭാഷക്കാരിയോ, ജാതിക്കാരിയോ തന്നെ ആകട്ടെ, തൊട്ട് അപ്പുറത്തെ ചുമരിനുള്ളില്‍ ഉണ്ട് എന്നുള്ള ചിന്ത തന്നെ മതിയല്ലോ,  ആ പ്രായത്തിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍റെ ദിവസങ്ങളെ വര്‍ണ്ണാഭമാക്കാന്‍!!  ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ചിരുന്ന നാളുകളായിരുന്നു അവ!!

'കമലു ', അതായിരുന്നു അവളുടെ പേരെന്നു ഞാന്‍ ഇതിനോടകം മനസ്സിലാക്കിയിരുന്നു!!   പരസ്പരമുള്ള നോട്ടങ്ങളും,  അംഗവിക്ഷേപങ്ങളും, മന്ദഹാസങ്ങളുമൊഴിച്ചാല്‍,  ഞങ്ങളുടെ സൗഹൃദം തുലോം ശുഷ്ക്കമായിരുന്നു.  കാരണം, ആ വലിയ തളത്തിനുള്ളില്‍ നിന്നും,  അവള്‍ തനിയെ ഒരിക്കല്‍ പോലും തെരുവിലേക്ക് വന്നിട്ടില്ല. അഥവാ വന്നാല്‍ തന്നെ,  കൂടെ ആരെങ്കിലും വലിയവര്‍,  ഒപ്പമുണ്ടാവും. ഇനി അതുമല്ല,  ഈ കടമ്പകള്‍ എല്ലാം കടന്നു ഒന്നു കണ്ടുമുട്ടിയാല്‍ തന്നെ,  അവളുടെ തെലുങ്ക് ഭാഷ, വില്ലന്‍റെ രൂപത്തില്‍ ഞങ്ങള്‍ക്കിടയില്‍ മൌനരാഗം മൂളുന്നുണ്ടാവും!!!!


എങ്കിലും ഈവക നൂലാമാലകളൊന്നും തന്നെ, അവള്‍ക്കു എന്നോടും എനിക്ക് തിരിച്ചവളോടുമുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിന് ഒരിക്കലും, തടസ്സം സൃഷ്ടിച്ചിരുന്നില്ല. ഞാന്‍ ജോലി കഴിഞ്ഞു എത്തുന്ന സമയം,  കുട്ടിയേയും ഒക്കത്ത് വച്ചുകൊണ്ടുള്ള പടിവാതുക്കലെ അവളുടെ കാത്തു നില്‍പ്പ് തന്നെ,  അക്ഷരാര്‍ഥത്തില്‍ എന്‍റെ മനസ്സിനെ കോരിത്തരിപ്പിച്ചിരുന്നു!!  ഇതാ, എവിടെ നിന്നോ, എന്തിനായോ, എപ്പോഴോ കടന്നു വന്ന ഒരു പെണ്‍കുട്ടി!! അതും ഒരു അന്യ ഭാഷക്കാരി!! ആകസ്മീകമായി കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനെ,  ജാതിയുടെയും, മതത്തിന്‍റെയും, ഭാഷയുടെയും അതിരുകളൊന്നും തന്നെ വക വയ്ക്കാതെ,  എന്തുകൊണ്ടോ  ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു!! പക്വതയില്ലാത്ത കൌമാരത്തിന്‍റെ വികൃതിയാകാം ഇതൊക്കെ, എന്ന് പറഞ്ഞു, വേണമെങ്കില്‍  മുഖം തിരിച്ചു നില്‍ക്കാം. ഇവളിലും അഴകേറിയ എത്രയോ കുട്ടികളെ, ദിവസവും കാണാറുണ്ട്‌?? പിന്നെ ഇവളോട് മാത്രം എന്തുകൊണ്ട്, മറ്റാരോടും തോന്നാത്ത ഈ ഇഷ്ടം??  ഇവളെ കാണുമ്പോള്‍ മാത്രം എന്തേ മനസ്സും ശരീരവും സന്തോഷത്തിന്‍റെ പെരുമ്പറ മുഴക്കാന്‍ വെമ്പുന്നു??  ഏറെ നേരം അവളെ കാണാതിരിക്കുമ്പോള്‍,  മനസ്സ് എന്തേ ആധിയിലും ഉദ്വേഗത്തിലും വിങ്ങാന്‍ തുടങ്ങുന്നു?? എന്തോ,  ഇവയ്ക്കൊന്നും ശരിയായ ഒരു ഉത്തരം അന്നൊന്നും എനിക്കും ഇല്ലായിരുന്നു എങ്കിലും, വെറുമൊരു കൌതുകത്തിനുമപ്പുറം, എപ്പോഴോ മുതല്‍,  ഞാനും അവളെ ആത്മാര്‍ഥമായി സ്നേഹിച്ചു തുടങ്ങി, എന്നുള്ളത്, നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ത്യമായിക്കഴിഞ്ഞു എന്ന് എനിക്കും ബോദ്ധ്യമായി!!

രണ്ടു മാസങ്ങള്‍ കടന്നു പോയത് എത്ര വേഗത്തിലായിരുന്നു!!  ഒപ്പം ആ സന്തോഷാനുഭവങ്ങളുടെ മുഹൂര്‍ത്തങ്ങളും!!  ഞങ്ങളുടെ ഇടയില്‍ വളര്‍ന്നു വന്ന ഇഷ്ടം, ഒരു നേരം പോലും അന്യോന്യം കാണാതിരിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് കടന്നിരുന്നു!!  ഈ നിരുപദ്രവങ്ങളായ ഇഷ്ടം പങ്കു വയ്ക്കലുകള്‍, മറ്റാരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുന്നുണ്ടോ എന്ന് പോലും, ശ്രദ്ധിക്കാതെ  കടന്നു പോയ നാളുകള്‍!!


 അന്ന് എനിക്ക് രാവിലെയുള്ള ഷിഫ്റ്റായിരുന്നതിനാല്‍,  വെളുപ്പിനെ അഞ്ചുമണിക്ക് തന്നെ ഞാന്‍ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. തിരികെ രണ്ടു മണിയോടെ വീട്ടിലെത്തുമ്പോള്‍,  പതിവ് പോലെ അവളെയും കുഞ്ഞിനേയും അന്ന് പടിവാതിക്കല്‍ കാണാനില്ലായിരുന്നു. മുകളില്‍ കയറി ബാല്‍ക്കണിയില്‍ നിന്നും അവളുടെ വീട്ടിലേക്കു നോക്കിയപ്പോള്‍, കതകും ജനലുമൊക്കെ അടഞ്ഞു കിടക്കുന്നു.  എന്‍റെ ഉള്ളൊന്നു കാളി. പെട്ടെന്ന് തന്നെ ഞാന്‍ ആശ്വസിച്ചു, വല്ല ഷോപ്പിങ്ങിനും എല്ലാവര്‍ക്കുമൊപ്പം അവളും പോയിക്കാണും!! നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍,  ഒന്ന് മയങ്ങാനായി ഞാന്‍ റൂമിലേക്ക്‌ നടന്നു.

അഞ്ചു മണിക്ക് എഴുന്നേറ്റ ഞാന്‍, ചായക്കാരന്‍ പയ്യന്‍ പതിവായി ആ സമയത്ത് കൊണ്ടുതരുന്ന ചായയുമായി, ബാല്‍ക്കണിയില്‍ ഇരുപ്പുറപ്പിച്ചു. ആവൂ, ഇപ്പോള്‍ കതകും ജനലുമൊക്കെ തുറന്നു കിടപ്പുണ്ട്. ആശ്വാസമായി! ഞാന്‍ ചായ മെല്ലെ കുടിച്ചുകൊണ്ട് അവള്‍ക്കായി കാത്തിരുന്നു. അര മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനൊടുവിലും, അവിടുത്തെ സ്ത്രീയെയും കുട്ടിയേയും പല തവണ കണ്ടെങ്കിലും, അവളെ മാത്രം കാണാതായപ്പോള്‍, മനസ്സില്‍ വീണ്ടും ആപല്‍ശങ്കകള്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി!!

മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയത് അപ്പോഴാണ്‌. കൂടെ ഇടിവെട്ട് പോലെ ആ യാഥാര്‍ത്യവും!! അവധിക്കാലം കഴിഞ്ഞതോടെ അവള്‍ തിരികെ അവളുടെ സ്വന്ത നാട്ടിലേക്ക് പോയിക്കാണുമോ??  മനസ്സിനെ തളര്‍ത്തിയ ആ ചിന്തയോടൊപ്പം പേരറിയാത്തൊരു നൊമ്പരം ഉള്ളിലെവിടെയോ ശക്തമാകാന്‍ തുടങ്ങിയതും,  അപ്പോഴായിരുന്നു!!

"എന്‍റെ സാറേ, അപ്പുറത്തുണ്ടായിരുന്ന ആ വിരുന്നുകാരൊക്കെ,  ഇന്ന് രാവിലെ തന്നെ കെട്ടിപ്പെറുക്കി പോയല്ലോ. പോകുന്ന സമയം വരെ ആ പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കി അവിടെയെല്ലാം നടക്കുന്നതു ഞാന്‍ കണ്ടിരുന്നു."

ചായക്കാരന്‍ പയ്യന്‍ അടുത്തു വന്നതും പറഞ്ഞതും ഒന്നും,  ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.  എന്‍റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് വീണ്ടും അവന്‍ അത് പറയുമ്പോള്‍,  അവന്‍റെ ദൃഷ്ടികളെ നേരിടാനാവാതെ, ഞാന്‍ വേറെ എവിടെയോ നോക്കുന്നതായി ഭാവിച്ചു.

"സാറിനവളെ ഇഷ്ടമായിരുന്നു, ഒരുപാട്,  ഇല്ലേ സാര്‍? അവള്‍ക്കു സാറിനോടും അങ്ങനെ തന്നെയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു..."

അവന്‍റെ പതിഞ്ഞ ശബ്ദത്തില്‍ സങ്കടം നിറഞ്ഞു നിന്നിരുന്നു.  ഒന്നും പറയാനാവാതെ,  അവനു മുഖം കൊടുക്കാതെ,  ഞാന്‍ മെല്ലെ എഴുന്നേറ്റു പോയി എന്‍റെ കിടക്കയിലേക്ക് വീണു.....ആ കുറഞ്ഞ സമയം കൊണ്ട് തന്നെ അവള്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവളായി തീര്‍ന്നിരുന്നു എന്ന്,  എനിക്ക് അപ്പോഴാണ്‌ തികച്ചും ബോധ്യമായത്!! ഇത്ര വേഗത്തില്‍ ഈ വേര്‍പാട് സംഭവിക്കുമെന്ന്, ഞങ്ങള്‍ രണ്ടാളും ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍, എന്റെ സങ്കടം ഇരട്ടിയായി. ഉറക്കം അരികില്‍ എത്താന്‍ മടിച്ചുനിന്ന ആ രാത്രിയും തുടര്‍ന്നുള്ള രാത്രികളും, എന്‍റെ വിങ്ങുന്ന  മനസ്സ് അവളുടെ സാമീപ്യത്തിനു വേണ്ടി, നിശബ്ദമായി കേണുകൊണ്ടിരുന്നു.....

ഞാന്‍ പിന്നെ  അധികകാലം ആ വീട്ടില്‍ തുടര്‍ന്നില്ല. തുടരാന്‍ എനിക്ക് സാധിച്ചില്ല എന്ന് പറയുന്നതു തന്നെയായിരുന്നു സത്യം. കമലുവിന്റെ പാദസരങ്ങളുടെ കിലുക്കങ്ങളില്ലാത്ത,  നിശ്ശബ്ദത തളംകെട്ടി നിന്നിരുന്ന ആ നടുത്തളം കാണുന്നതുതന്നെ,  പിന്നെ പിന്നെ എനിക്ക് വിഷമമായി.  അത്ര മാത്രം ആ പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍, എന്‍റെ മനസ്സിന്  താങ്ങാവുന്നതിലും അധികം നൊമ്പരം, ആ നാളുകളില്‍ തന്നുകൊണ്ടിരുന്നു!! അണ്ണാനഗറിലുള്ള കമ്പനിയുടെ താമസ സ്ഥലത്തേക്ക് വൈകാതെ ഞാന്‍ പടിയിറങ്ങുമ്പോഴും, എതിര്‍വശത്തെ പടിവാതിക്കല്‍ കുട്ടിയേയും ഒക്കത്ത് വച്ചു എന്നെ കാത്തു നിന്നിരുന്ന എന്‍റെ കമലുവിന്റെ മുഖമായിരുന്നു, മനസ്സ് മുഴുവനും.... സ്വപ്നങ്ങള്‍ ഉറങ്ങുന്ന  കണ്ണുകളില്‍, ഒരു കടലോളം സ്നേഹം ഒളിപ്പിച്ചു വച്ചിരുന്ന, ഗ്രാമീണ നിഷ്കളങ്കതയുടെ  മുഖം........ 

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്........,  ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെടാനുള്ള യാത്രക്കാര്‍,  ദയവായി ബോര്‍ഡിംഗ് പാസ്സുകളുമായി, വിമാനത്തിനകത്തേക്ക് പ്രവേശിക്കാന്‍ തയ്യാറാവുക......."

ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന ശബ്ദം,  ചിന്തകളുടെ ലോകത്തുനിന്നും നിന്നും ഒരു ഞെട്ടലോടെ എന്നെ  ഉണര്‍ത്തി.  ഞാന്‍ സാവധാനം ലാപ്ടോപും ബാഗും എടുത്തു,  ഇതിനോടകം രൂപം കൊണ്ടിരുന്ന നീളമേറിയ ക്യുവിന്‍റെ ഒരറ്റത്തേക്ക്, മെല്ലെ നടക്കാന്‍ തുടങ്ങിയിരുന്നു.......

Tuesday, March 26, 2013

സുകുമാരിയമ്മ...ഓര്‍മ്മകളിലൂടെ....വര്‍ഷങ്ങള്‍ക്കു മുന്‍പ്,  ചെന്നൈ വിമാനത്താവളത്തിനടുത്തുള്ള നങ്കനല്ലൂര്‍ എന്ന ചെറിയൊരു പ്രാന്ത പ്രദേശം!! അവിടെ ഞങ്ങള്‍ ഒരു ചെറിയ മലയാളീ സമാജം ഉണ്ടാക്കിയെടുത്തപ്പോള്‍, അതിന്റെ ഉല്‍ഘാടനത്തിനായി ക്ഷണിച്ചു കൊണ്ടുവന്നത്, അന്ന് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സുകുമാരിയമ്മയെയും,  ടി.കെ. ബാലചന്രന്‍ മാഷിനേയുമായിരുന്നു.  ഇവരേ വിളിച്ചുകൊണ്ടുവരാനായി വേറൊരു ഭാരവാഹിയാണ് പോയിരുന്നത് എങ്കിലും, പരിപാടി കഴിഞ്ഞു ഇവരേ രണ്ടുപേരെയും തിരികെ അവരവരുടെ വീടുകളില്‍ എത്തിക്കേണ്ട ദൌത്യം, എനിക്കായിരുന്നു.

പരിപാടി വന്‍ വിജയമായിരുന്നു. ബാലചന്ദ്രന്‍ മാഷിന്റെതായിരുന്നു ഉല്‍ഘാടന പ്രസംഗം. സുകുമാരിയമ്മ നാട മുറിക്കുക മാത്രമായിരുന്നു ചെയ്തത് എങ്കിലും, ആ ഹൃസ്വനിമിഷങ്ങള്‍ കൊണ്ടു തന്നെ അവര്‍ ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം കവര്‍ന്നു. അതുവരെ സിനിമാക്കാരെപ്പറ്റിയുണ്ടായിരുന്ന എന്‍റെ മനോഭാവത്തിലും വലിയ മാറ്റം ഉണ്ടായി!!

തിരികെ കാറില്‍ ഞാന്‍ ഇരുവരുമായി പോകുമ്പോള്‍, സുകുമാരിയമ്മ എന്നോട് വളരെ കാര്യമായി എന്നെയും കുടുംബത്തെയുമൊക്കെപ്പറ്റി ചോദിച്ചത്, ഇന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. ഒരു ജാടകളുമില്ലാത്ത ആ വലിയ കലാകാരിയുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി!! പുറകില്‍ ഇരുന്നുള്ള അവരുടെ സിനിമ സംബന്ധിയായ സംഭാഷണങ്ങളില്‍ അന്യനായ എന്നെയും,  അവര്‍ പങ്കാളിയാക്കിയിരുന്നു. അന്നുമുതല്‍ എനിക്ക് അവരോടുണ്ടായിരുന്ന ആദരവ്, ഇന്നും ഞാന്‍ അതുപോലെ കാത്തു സൂക്ഷിക്കുന്നു.

അതിനു ശേഷം എത്രയെത്ര സിനിമകളില്‍,  എത്രയെത്ര ഭാഷകളില്‍,  വൈവിധ്യമുള്ള വേഷങ്ങള്‍!! മലയാള സിനിമയുടെ ചരിത്രത്തില്‍,  സുവര്‍ണ രേഖകളില്‍ എഴുതി ചേര്‍ക്കേണ്ടതായ ഒരു വ്യക്തിത്വം!!

മലയാള സിനിമ എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാനൊരുങ്ങുന്ന ആ വലിയ കലാകാരിക്ക്, ആദരാഞ്ജലികള്‍ നേരട്ടെ.....

Tuesday, March 5, 2013

സംഭ്രാന്തി പരത്തിയ ചില നിമിഷങ്ങളിലൂടെ.....വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഈദ് അവധിക്കാലം. നാലഞ്ചു ദിവസം ഒന്നിച്ച് അവധി കിട്ടിയപ്പോള്‍ ദോഹയിലുള്ള എന്റെ ഭാര്യയുടെ ഒരു ബന്ധുവും കുടുംബവും, ഞങ്ങളെ ദോഹ കാണാനായി അങ്ങോട്ടേക്ക് ക്ഷണിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി  ഒരു വ്യാഴാഴ്ച രാവിലെയാണ്, ഞാന്‍ ഭാര്യയും മകനുമൊത്ത് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചത്.

ദുബായ്  ദോഹ യാത്രയുടെ കൌതുകമുള്ള ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍, ദുബായ്‌ എയര്‍പോര്‍ട്ടില്‍  നിന്നും നമ്മള്‍ ഏതു സമയത്ത് യാത്ര തിരിച്ചാലും, ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍, അവിടുത്തെ സമയവും, നമ്മള്‍ യാത്ര തിരിച്ചപ്പോഴുള്ള  അതേ സമയം തന്നെ  ആയിരിക്കും!! അന്തര്‍ ദേശീയ സമയ മേഖലകളിലുള്ള സമയ വ്യത്യാസവും, ദുബായ് ദോഹ പറക്കലിനെടുക്കുന്ന സമയ ദൈര്‍ഘ്യവും കൂടി ചേരുമ്പോഴാണ്, ഈ അത്ഭുതം സംഭവിക്കുന്നത്!! എന്നാല്‍ മടക്ക യാത്രയിലാവട്ടെ, ദുബായില്‍ നമ്മള്‍ ഇറങ്ങുമ്പോഴേക്കും, ദുബായ് ഘടികാരങ്ങള്‍ രണ്ടു മണിക്കൂര്‍ മുന്‍പിലായി തന്നെ  ഓടുന്നുണ്ടാവും!!

വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഡോക്ടര്‍ കുടുംബത്തോടൊപ്പം, ഞങ്ങള്‍ അവരുടെ വീട്ടിലേക്കു പോയി.  ഊണിനും വിശ്രമത്തിനും ശേഷം,  ഡോക്ടര്‍ ഞങ്ങള്‍ എല്ലാവരേയും ദോഹാ നഗരത്തിന്‍റെ വിസ്മയ കാഴ്ച്ചകള്‍ക്ക് നടുവില്‍ വിട്ടിട്ട്, തന്‍റെ ക്ലിനിക്കിലേക്ക് യാത്രയായി. അവിടുത്തെ ഓരോ ദൃശ്യങ്ങള്‍ ആസ്വദിക്കുമ്പോഴും ഞങ്ങളിലെ ദുബായ് മനസ്സുകള്‍, ആ രണ്ടു നഗരങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യ പഠനത്തിലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം!! ഒന്‍പതു മണിക്ക് ശേഷമുള്ള നഗരക്കാഴ്ച്ചകളില്‍, ഡോക്ടറും ഞങ്ങളോടൊപ്പം പങ്കു ചേര്‍ന്നു.

അടുത്ത ദിവസത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള  ഉച്ച ഭക്ഷണം വര്‍ഷങ്ങളായി ദോഹാ നിവാസികളായ ഒരു പുരാതന  മലയാളി കുടുംബത്തോടൊപ്പം ആയിരുന്നു. ഡോക്ടറുടെ കുട്ടികളെ വീട്ടു കാവല്‍ ഏല്‍പ്പിച്ചതിനു ശേഷം, ഡോക്ടര്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ആ വീട്ടില്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്നു.  അന്യോന്യം വിശേഷങ്ങള്‍ പങ്കു വച്ചു, വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍, ഏകദേശം രണ്ടു രണ്ടര മണിയായിരുന്നു. മൂന്നാമത്തെ നിലയിലായിരുന്ന ആ പഴക്കമുള്ള വീടിന്റെ പ്രധാന വാതിലിനു മുന്‍പില്‍ തന്നെയായിരുന്നു ലിഫ്റ്റ്‌. അതുകൊണ്ട് തന്നെ ലിഫ്റ്റിന്റെ വാതില്‍ അടയുന്ന സമയം വരെയും, അവരെല്ലാവരും  ഞങ്ങളെ യാത്രയയക്കാനായി, വാതിലിനു മുമ്പിലുണ്ടായിരുന്നു.

പഴക്കം ചെന്ന ഇടുങ്ങിയ ആ ലിഫ്റ്റിന്‍റെ മരപ്പാളികള്‍ ഇരു വശങ്ങളില്‍ നിന്നും സാവധാനം ചേര്‍ന്നടയുന്നത് നോക്കി നിന്നിരുന്ന ഞങ്ങള്‍ അഞ്ചു പേരും,  സന്തോഷത്തിലായിരുന്നു.  ആഢൃത്തം നിറഞ്ഞു നിന്നിരുന്ന ആ കുടുംബത്തെ പരിചയപ്പെടാനും, അവര്‍ ഒരുക്കിത്തന്ന രുചികരമായ ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞതിലുമുള്ള സംതൃപ്തി ഞങ്ങള്‍ അന്യോന്യം പങ്കു വച്ചുകൊണ്ടിരുന്ന അതേ സന്ദര്‍ഭത്തിലാണ്,  ഒരു ഇരമ്പലോടെ ആ ലിഫ്റ്റിന്റെ താഴേക്കുള്ള ചലനം നിലച്ചത്!!

അതുവരെ ശബ്ദ മുഖരിതമായിരുന്ന ലിഫ്റ്റിനകം, മുകളിലുള്ള, കാലപ്പഴക്കത്താല്‍ ചലന ശേഷി തീരെ പരുങ്ങലിലായ ഒരു പങ്കയുടെ കരകര ശബ്ദമൊഴിച്ചാല്‍, പാടേ നിശബ്ദതയിലാണ്ടു. ലിഫ്റ്റിലെ പഴയ ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍, ഭിത്തിയില്‍ ചാരി നിന്നിരുന്ന  എല്ലാ മുഖങ്ങളിലും,  പരിഭ്രാന്തിയുടെ നേര്‍ത്ത ഭാവങ്ങള്‍ ഇഴഞ്ഞെത്തുന്നത് ഞാന്‍ ഒരല്‍പ്പം ആശങ്കയോടെയാണ് നോക്കി നിന്നത്!!

നിന്നിടത്തു നിന്നും ചലിക്കാന്‍ പോലും മറന്നു പോയ ഏതാനും നിമിഷങ്ങള്‍!! പിന്നെ പിന്നെ ആ യാഥാര്‍ത്ഥ്യം എല്ലാവരുടെയും മനസ്സുകള്‍ക്കുള്ളിലേക്ക് അരിച്ചിറങ്ങി,  അതേ, നമ്മളെല്ലാവരും ഇതിനകത്ത് കുടുങ്ങിയിരിക്കുന്നു!!  ഇതിനകം സമനില വീണ്ടെടുത്തിരുന്ന ഡോക്ടറുടെയും എന്റെയും കൈവിരലുകള്‍, ആ ലിഫ്റ്റിന്റെ സ്വിച്ച് ബോര്‍ഡിലെ എല്ലാ ബട്ടനുകളിലൂടെയും നിരവധി തവണ കയറി ഇറങ്ങിക്കഴിഞ്ഞിരുന്നു!! ഒരു ചലനവുമില്ലാതെ ലിഫ്റ്റ്‌ ഒരേ നില്‍പ്പാണ്!!

അപ്പോഴാണ്‌ മൊബൈല്‍ഫോണുകളെപ്പറ്റി ഓര്‍മ്മ വന്നത്.  എന്നാല്‍ ദുബായ് സിം കാര്‍ഡ് മാത്രം ഉണ്ടായിരുന്നതിനാല്‍, ദുബായില്‍ നിന്നുള്ള ഞങ്ങള്‍ ആരും തന്നെ ഫോണുകള്‍ കയ്യിലെടുത്തിരുന്നില്ല.  ഇനി ഒരേ ആശ്രയം ഡോക്ടറുടെ മൊബൈല്‍ ആണ്.  അപ്പോഴാണ്‌ ഡോക്ടര്‍ ആ ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത്. അദ്ദേഹം മൊബൈല്‍ താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളില്‍ തന്നെ വച്ചിട്ടാണ് വന്നിരിക്കുന്നതെന്ന്!!

സമയം കടന്നു പോയിക്കൊണ്ടിരുന്നു. ഞങ്ങള്‍ മാറി മാറി അലമുറയിട്ടു വെളിയിലുള്ള ആരുടെയെങ്കിലും ശ്രദ്ധ ആകര്‍ഷിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ലിഫ്റ്റിന്റെ കതകില്‍ ആഞ്ഞു ഇടിക്കുന്നുമുണ്ട്. എന്നാല്‍ എന്തുകൊണ്ടോ  ഈ ശബ്ദ കോലാഹലങ്ങളൊന്നും വെളിയിലുള്ള ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല!! ഒന്നാമത് അന്നൊരു വെള്ളിയാഴ്ച ദിവസം!!  അവധിയായതിനാല്‍ മിക്കവാറും എല്ലാവരും  ഉച്ചഊണ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം!!  താമസക്കാര്‍ അധികമില്ലാത്ത മൂന്നു നില ഫ്ലാറ്റ്‌ ആയതിനാല്‍ ആളുകളുടെ പോക്കുവരവും കുറവ്. അതിനാലൊക്കെ പുറത്തുനിന്നും സഹായം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് എനിക്ക് മനസ്സിലായി.

ലിഫ്റ്റിനകത്തെ കാഴ്ചകള്‍ ഇപ്പോള്‍ അത്ര സുഖമുള്ളതായിരുന്നില്ലെന്നു ഞാന്‍ കണ്ടു. ഡോക്ടറുടെ ഭാര്യ കുട്ടികളുടെ പേരുകള്‍ ഉച്ചരിച്ചുകൊണ്ട് കരയാന്‍ തുടങ്ങിയിരുന്നു. എന്റെ ഭാര്യയുടെ മുഖത്തിലും ഭീതി തളം കെട്ടി നില്‍ക്കുന്നു. കണ്ണുകള്‍ ഇപ്പോള്‍ തുളുമ്പി വീഴും എന്നുള്ള നിലയില്‍, എന്നെ നോക്കുന്നു. എന്റെ മകന്‍ തികച്ചും മൂകനായി ചലനമറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുന്നു. ഇതിനകം സ്വിച്ച് ബോര്‍ഡിലെ വിരലുകളുടെ അഭ്യാസം അവസാനിപ്പിച്ച ഡോക്ടറുടെ മുഖത്തിലും ഒരുതരം  നിരാശയും നിസ്സഹായതയും നിഴല്‍ വിരിച്ചിരിക്കുന്നു!!

പൊതുവേ  ഭയമുളവാക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണ് ജീവിതത്തില്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.  ഒന്ന് ഉയരങ്ങളെപ്പറ്റിയുള്ള ഭയം!! ജോലിയുടെ ഭാഗമായാല്‍ പോലും ഒരുപാട് ഉയരമുള്ള സ്ഥലങ്ങളിലെ ജോലികള്‍ ഞാന്‍ സാധാരണ ഒഴിവാക്കുകയാണ് പതിവ്!! ഇനി മറ്റൊന്ന്, ലിഫ്റ്റ്‌ പോലെയുള്ള ഇടുങ്ങിയ അടച്ചുപൂടിയ സ്ഥലങ്ങളില്‍ ഏറെ നേരം നില്‍ക്കേണ്ടി വരുന്നത്!! നഗര ജീവിതത്തില്‍ ഫ്ലാറ്റുകളിലെ ലിഫ്റ്റ്‌ യാത്രകള്‍, ഒഴിവാക്കാന്‍ പറ്റാത്തവയാണെങ്കിലും, കഴിയുന്നതും ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കാറുണ്ട്!! അതുകൊണ്ടുതന്നെ ഉള്ളില്‍ ഭയം ഉണ്ടെങ്കിലും, കൂടെ ഉള്ളവര്‍ക്ക് ധൈര്യം കൊടുക്കേണ്ടത് കൂട്ടത്തില്‍ സാങ്കേതീക വൈദഗ്ധ്യമുള്ള എന്റെ കടമയാണെന്ന വിശ്വാസത്തില്‍, ഞാന്‍ വേഗം കര്‍മ്മനിരതനായി.

പുറകിലേ ലിഫ്റ്റിന്‍റെ ചുവരില്‍ ശരീരം ഉറപ്പിച്ചുകൊണ്ട്, ഞാന്‍ കാലുയര്‍ത്തി ലിഫ്റ്റിന്റെ കതകില്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങിയത്, അപ്പോഴായിരുന്നു.  ആദ്യത്തെ ഏഴ് എട്ടു ചവിട്ടുകള്‍ കഴിഞ്ഞപ്പോള്‍,  മരത്തിലുള്ള പാളികളില്‍ ചെറിയ പൊട്ടലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.  ശ്രമം ഫലിക്കുന്നു എന്ന് കണ്ടപ്പോള്‍, ഡോക്ടറും മകനും കൂടി സഹായത്തിനെത്തി. കുറച്ചു നേരത്തെ ഞങ്ങളുടെ ശക്തിയായ  ചവിട്ടില്‍, രണ്ടു പാളികളും തമ്മില്‍ ഒരു കൈയ്യുടെ വിരലുകള്‍ കടത്താനായുള്ള വിടവ് ഉണ്ടായി വരുന്നത്, ഞങ്ങള്‍ വളരെ ആശ്വാസത്തോടെയാണ് കണ്ടത്!!. പിന്നെ എല്ലാം എളുപ്പമായിരുന്നു. ഇരു കൈകളാലും വാതില്‍പ്പാളികള്‍ ഇരുവശത്തേക്കുമായി വലിച്ചിളക്കി, ഒരാളിന് കടക്കാനുള്ള വിടവ് ഉണ്ടാക്കി. അതിനു പുറത്തായി ഉണ്ടായിരുന്ന ഇരുമ്പ് അഴിയുള്ള ഗേറ്റ് പെട്ടെന്ന് തന്നെ അകന്നു തന്നു. ലിഫ്റ്റ്‌ രണ്ടു നിലകളുടെ ഒത്ത നടുക്ക് വന്നാണ് നിന്നിരിക്കുന്നത്!! അതുകൊണ്ടുതന്നെ പുറത്തു കടക്കാന്‍ കാലുകള്‍ അരയാള്‍ പൊക്കത്തില്‍, പൊക്കി ചവിട്ടിയാല്‍ മാത്രമേ, വെളിയില്‍ ഇറങ്ങാന്‍ കഴിയൂ. ഞങ്ങള്‍ ആദ്യം സ്ത്രീകളെയെല്ലാം പൊക്കിയെടുത്തു വെളിയില്‍ ഇറക്കി. പിന്നെ ഞങ്ങളും കടന്നു.

കോണിപ്പടികളിലൂടെ താഴെ റോഡില്‍ എത്തിയപ്പോഴും, ഞങ്ങള്‍ ആരെയും കണ്ടിരുന്നില്ല!! താഴെയെത്തി കാര്‍ തുറന്നു  ഫോണ്‍ എടുത്തു ലിഫ്റ്റ്‌ പൊളിച്ചടുക്കിയ വിവരം, ഗൃഹനാഥനെ അല്‍പ്പം ചമ്മലോടെ അറിയിച്ച ശേഷം, ഞങ്ങള്‍ വേഗം തന്നെ വീട്ടിലേക്കു തിരിച്ചു. അന്നു മുഴുവനും, തിരികെ ദുബായിക്ക് പുറപ്പെടുന്ന പിറ്റേ ദിവസവുമൊക്കെ, ഞങ്ങള്‍ നടത്തിയ സാഹസീകമായ ആ ഉദ്യമത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മകളായിരുന്നു, ഞങ്ങള്‍ ഓരോരുത്തരുടെയും മനസ്സുകളില്‍!! ആ ലിഫ്റ്റ്‌ ചവിട്ടിപ്പൊളിക്കാന്‍ സാധിക്കാതിരിക്കുകയും, കൂടുതല്‍ നേരം അതിനുള്ളില്‍ തന്നെ കുടുങ്ങിപ്പോകയും ചെയ്തിരുന്നെങ്കില്‍!!

വര്‍ഷങ്ങള്‍ എത്ര വേഗത്തിlല്‍  കടന്നു പോയിരിക്കുന്നു!! അന്നത്തെ ആ വിപത്തിനു മുമ്പായി, ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ അതേ വീട്ടിലെ ഒരു പെണ്‍കുട്ടി, പിന്നീട്, ഞങ്ങളുടെ കുടുംബത്തിന്‍റെ വിളക്കായി കടന്നുവന്നതും, ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയതും എത്ര വേഗത്തിലായിരുന്നു!!
Monday, February 11, 2013

അതിര്‍ത്തി ലംഘിച്ചൊരു നുഴഞ്ഞുകയറ്റം!!!!"നാളെ ഉച്ച കഴിഞ്ഞു നമ്മള്‍ രണ്ടാളും അല്‍ഐന്‍ വരെ പോകുന്നു, വൈകുന്നേരം തന്നെ തിരികെയും വരുന്നു"

മുമ്പില്‍ തുറന്നു വച്ചിരുന്ന പിരിഞ്ഞു കിട്ടാനുള്ള തുകകളുടെ ലിസ്റ്റിലേക്ക് നോക്കി ബോസ്സ് എന്നോട് അത് പറഞ്ഞപ്പോള്‍, അതില്‍ അസ്വാഭാവികമായി ഒന്നും തന്നെ എനിക്ക് തോന്നിയില്ല. യുഎഇയുടെ പൂന്തോട്ട നഗരം എന്ന് പ്രസിദ്ധിയാര്‍ജിച്ച അലൈനിലേക്കുള്ള യാത്രകള്‍, എനിക്ക് എന്നും ഒരു ഹരമായിരുന്നു!! പച്ചപ്പിന്‍റെ ധാരാളിത്തം വിളിച്ചോതുന്ന തെരുവോര വൃക്ഷലതാദികളും, നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന മലര്‍വാടികളും, തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ഒക്കെ ചേര്‍ന്ന അല്‍ഐന്‍, സഞ്ചാരികളുടെ മനം കവര്‍ന്ന നഗരമായതില്‍, ഒട്ടും തന്നെ അതിശയോക്തി ഇല്ല.!! അതുകൊണ്ട് തന്നെ ദുബായിയുടെ മനം മടുപ്പിക്കുന്ന കൃത്രിമ ദൃശ്യങ്ങളില്‍ നിന്ന് ഒരു മോചനം, അത് ഏതാനും മണിക്കൂറുകളുടെ മാത്രം ദൈര്‍ഘൃമുള്ളതായിരുന്നാല്‍ പോലും, എന്നെ സംബന്ധിച്ചടത്തോളം ഹൃദ്യമായ ഒരു അനുഭവമായിരുന്നു!!

ദുബായിലുള്ള ഞങ്ങളുടെ സ്ഥാപനം ഉത്പാദിപ്പിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍, അല്‍ഐനിലുള്ള കുറച്ചു ഉപഭോക്താക്കള്‍ സ്ഥിരമായി വാങ്ങാറുണ്ടായിരുന്നു സാധനങ്ങള്‍ വാങ്ങുന്നതല്ലാതെ അവരില്‍ നീന്നും ഇതിന്‍റെ പേയ്മെന്റ് വാങ്ങി എടുക്കുക എന്നുള്ളത് ഒരു ഭഗീരഥ പ്രയഗ്നം തന്നെയാണ്. അതിനായി മിക്കവാറും മാസത്തില്‍ ഒരു തവണ എങ്കിലും അല്‍ഐനില്‍ പോകേണ്ടി വരും. അത്തരം ഒരു യാത്രയുടെ കാര്യമാണ് ബോസ്സ് എന്നോട് സൂചിപ്പിച്ചത്. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടേക്കാവുന്ന എന്തെങ്കിലും നിര്‍മ്മാണ വൈകല്യങ്ങളെപ്പറ്റി മനസ്സിലാക്കുകയും, തിരികെ വന്നു ആ ഫീഡ്ബാക്ക് നിര്‍മ്മാണ യൂണിറ്റിനു കൈമാറുകയും ചെയ്യുക എന്നുള്ളതാണ്, എന്നെയും ഈ യാത്രകളില്‍ കൂടെ കൂട്ടുന്നതിന്‍റെ ഗൂഢ ലക്ഷ്യം!!

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ സമയത്തായിരുന്നു ഞങ്ങളുടെ യാത്ര എന്നതിനാല്‍ അല്‍ഐനില്‍ നിന്നും ദുബായില്‍ വാരാന്ത്യം ആഘോഷിക്കാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഞങ്ങള്‍ക്കെതിരെ ചീറിപാഞ്ഞു വരുന്ന കാഴ്ച, ഉള്‍ക്കിടിലമുണര്‍ത്തുന്നതായിരുന്നു!! ഇടയ്ക്കൊരു ചായകുടിയ്ക്കുള്ള സമയം നഷ്ടപ്പെടുത്തിയതൊഴിച്ചാല്‍, ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചേര്‍ന്നു.

പേയ്മെന്റ് കളക്ഷന്‍ ഒക്കെ ഒന്ന് രണ്ടു മണിക്കൂറിനകം കഴിഞ്ഞു കിട്ടി. അതുകൊണ്ടുതന്നെ അധികം വൈകുന്നതിനു മുമ്പായി ഞങ്ങള്‍ക്ക് മടക്ക യാത്ര ആരംഭിക്കാനും കഴിഞ്ഞു.

നഗരത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയില്‍ ഏതാണ്ട് പതിനഞ്ചില്‍ കൂടുതല്‍ റൌണ്ട്എബൌട്ടുകള്‍ നിശ്ചിത വേഗതയ്ക്കുള്ളില്‍ മാത്രമായി കടക്കേണ്ടതുണ്ട്. ഏതാനും റൌണ്ട്എബൌട്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്ന ബോസ്സില്‍ നിന്നും ആ ചോദ്യം ഉയര്‍ന്നത്.

"താങ്കള്‍ ഇതുവരെ അല്‍ഐന്‍ നഗരം മുഴുവനായും കണ്ടു കാണാന്‍ സാധ്യത ഇല്ലല്ലൊ. അതുകൊണ്ട് നമുക്ക് ഇന്ന് നഗരം മുഴുവനും ഒന്ന് ചുറ്റിയടിച്ചിട്ടു തിരികെ പോയാലോ??"

മറുപടി പറയുന്നതിന് മുമ്പ് ഞാന്‍ ഒന്ന് ആലോചിച്ചു. ഇന്ന് ഇനി നേരെ വീട്ടിലേക്കു പോയാല്‍ മതിയല്ലോ. ഭാര്യയെ വിളിച്ചു അല്പ്പം ലേറ്റാകും എന്നു പറഞ്ഞാല്‍ മാത്രം മതി, പിന്നെ പ്രശ്നമൊന്നുമില്ല.

എന്‍റെ മൌനം സമ്മതം എന്ന് കരുതിയാവണം, അപ്പോഴേക്കും വണ്ടി ഗതി മാറ്റി അറിയാത്ത വഴികളിലൂടെയൊക്കെ മറ്റു വണ്ടികള്‍ക്ക് പുറകെയുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു!! ഇംഗ്ലീഷുകാരൊക്കെ ഈ സമയത്തുപയോഗിക്കുന്ന ആ പ്രയോഗം മനസ്സിലേക്കോടിയെത്തി, അതെ, 'വി സ്റ്റാര്‍ട്ടഡ് പെയ്ന്റിംഗ് ദി സിറ്റി റെഡ്'
നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നഗരദൃശ്യങ്ങള്‍ മനസ്സിന് കുളിര്‍മ്മ പകരുന്നതായിരുന്നു. ഉത്സവകാലമായതിനാലാവാം, മരച്ചില്ലകളൊക്കെ വര്‍ണ ദീപപ്രഭയില്‍ ചെറുകാറ്റിനൊപ്പം മെല്ലെ ഇളകുന്ന കാഴ്ച മനസ്സിന്‍റെയുള്ളിലും പുത്തനുണര്‍വ് പകരുന്നുണ്ടായിരുന്നു!!

കുറെയേറെ നേരം കാഴ്ചകള്‍ കണ്ടു നീങ്ങിയ ഞങ്ങള്‍, ഇരുവശങ്ങളിലും കാബിനുകളും ഗേറ്റുകളുമുള്ള ഒരു വഴിയെ അകത്തേക്ക് കടന്നതും, മുമ്പേ പോയ വാഹനങ്ങള്‍ക്കു പിറകെ തന്നെയായിരുന്നു. വശങ്ങളിലുള്ള കടകളില്‍ കണ്ണുകളോടിച്ച് നീങ്ങുന്ന ഞങ്ങള്‍ അല്‍പ്പം മുമ്പിലായി പതിയിരിക്കുന്ന വലിയൊരു വിപത്തിനെപ്പറ്റി അപ്പോഴും തീര്‍ത്തും അഞ്ജരായിരുന്നു!!

കുറച്ചു ദൂരം കൂടി മുമ്പോട്ടു പോയിക്കാണും, അപ്പോഴാണ് ഞങ്ങള്‍ക്ക് മുമ്പിലായി പോയിക്കൊണ്ടിരുന്ന വാഹനങ്ങളൊക്കെ മൂന്നുനാല് ലൈനുകളിലായുള്ള ഒരു ക്യൂ സിസ്റ്റത്തിന്‍റെ ഭാഗമാകുന്നത് അല്‍പ്പം ആശങ്കയോടെ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്!!

"വല്ല വാഹന ചെക്കിംഗുമായിരിക്കും, ഏതായാലും വണ്ടിയുടെ പേപ്പറുകളും നമ്മുടെയൊക്കെ തിരിച്ചറിയല്‍ കാര്‍ഡുകളുമൊക്കെ പുറത്തെടുത്തു വച്ചേക്കാം" അവയൊക്കെ പുറത്തേക്കെടുത്തുകൊണ്ട് ബോസ്സ് എന്നോടായി പറഞ്ഞു.

രേഖകളൊക്കെ റെഡിയാക്കിവച്ചുകൊണ്ട്, മുമ്പിലുള്ള കാറിനെ പിന്തുടര്‍ന്ന് ഞങ്ങള്‍ ചെക്ക്പോയിന്റിലേക്ക്, സാവധാനം നീങ്ങികൊണ്ടിരുന്നു. തൊട്ടു മുമ്പിലുണ്ടായിരുന്ന വണ്ടി ചെക്കിംഗ് കഴിഞ്ഞു കടന്നു പോയി. അടുത്തത് ഞങ്ങളുടെ ഊഴമാണ്.

ഗ്ലാസ്സുകളൊക്കെ താഴ്ത്തി വച്ചിരുന്നതിനാല്‍ വണ്ടി നിന്നതും സൈഡിലുള്ള കാബിനുള്ളില്‍ നിന്നും ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു. ഒപ്പം ഒരു ചോദ്യവും “പാസ്പോര്‍ട്സ് പ്ലീസ്”

ഞങ്ങള്‍ക്കുണ്ടായ ഞെട്ടലില്‍ നിന്നും ഉണര്‍ന്നു വന്നപ്പോഴേക്കും, അടുത്ത ഓര്‍ഡറും വന്നു കഴിഞ്ഞു, "വേഗം, വേഗം" ഞങ്ങളുടെ കയ്യില്‍ എവിടെനിന്ന് പാസ്പോര്‍ട് ഉണ്ടാവാന്‍?? ഉണ്ടായിരുന്ന ഐഡി കാര്‍ഡുകളുമൊക്കെ കാണിച്ചു ഒരു വിശദീകരണം നല്‍കാന്‍ അറിയാവുന്ന അറബിയില്‍ ബോസ്സും ആംഗലേയത്തില്‍ ഞാനും ഒരു ശ്രമം നടത്തി നോക്കി. ങ്ങൂഹും....ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല!! “പാസ്പോര്‍ട് ഇല്ലാതെ നിങ്ങള്‍ എങ്ങനെ ഒമാനിലേക്ക് കടന്നു??” ഇതാണ് അദ്ദേഹം ഞങ്ങളോട് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നത്.

കാര്യങ്ങള്‍ ഒരിടത്തും എത്തുന്നില്ല എന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ വണ്ടി സൈഡിലേക്ക് മാറ്റി ഇട്ടിട്ടു അകത്തേക്ക് വരാന്‍ പറഞ്ഞിട്ട് അദ്ദേഹം അടുത്ത വണ്ടി ചെക്ക് ചെയ്യാനായി തുടങ്ങി.

വണ്ടി ഒതുക്കിയിട്ടിട്ടു അകത്തേക്ക് ചെന്ന ഞങ്ങളെ എതിരേറ്റത് വളരെ ചെറുപ്പക്കാരനായ ഒരു പോലീസ് ഓഫീസറായിരുന്നു. വളരെ ശാന്തമായി സംസാരം തുടങ്ങിയ ആ ചെറുപ്പക്കാരന്‍റെ പ്രകൃതം ഞങ്ങളുടെ പരിഭ്രമത്തിനു അല്‍പ്പമൊരു അയവു വരുത്തി എന്ന് വേണമെങ്കില്‍ പറയാം!! അദ്ദേഹത്തില്‍ നിന്നുമാണ് യുഎഇയുടെ ഭാഗമായ അല്‍ഐനില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നു ഞങ്ങള്‍ ഇപ്പോള്‍ ഒമാന്‍റെ ഭാഗമായ ബുറൈമിയിലാണ് നില്‍ക്കുന്നത് എന്നുള്ള സത്യം, മനസ്സിലാക്കുന്നത്!! തുടര്‍ന്ന് അദ്ദേഹം പറഞ്ഞു തന്നത് പ്രകാരം, ഈ ചെക്ക്പോസ്റ്റ്കടന്നു ദുബായിലേക്ക് പോകണമെങ്കില്‍, കൈവശം പാസ്പോര്‍ട്ടുകള്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അനധികൃത നുഴഞ്ഞുകയറ്റത്തിനു ജെയിലില്‍ കിടക്കേണ്ടി വരും!!

സംഗതികളുടെ പൂര്‍ണ ഗൌരവം ബോദ്ധ്യമായതോടെ രക്ഷപെടാനായുള്ള പഴുതുകള്‍ തേടി മനസ്സ് ജാഗരൂഗമായി!! ആരറിഞ്ഞു, ഒമാന്‍റെ ഭാഗമായ ബുറൈമിയുടെ ഒരു ഭാഗം അല്‍ഐന്‍ നഗരത്തിന്‍റെ ഉള്ളിലേക്കായി കയറി കിടക്കുന്നുണ്ടെന്ന്?? അതുകൊണ്ടുതന്നെ ഞങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഈ വിദേശഭൂമിയിലേക്ക് കാലുകുത്താനുണ്ടായ കാര്യകാരണങ്ങള്‍ പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ, ഉള്ളത് ഉള്ളതുപോലെ, സാവധാനം ഞങ്ങള്‍ മാറിമാറി അദ്ദേഹത്തോട് പറഞ്ഞു കേള്‍പ്പിച്ചു.

ഒടുവില്‍ ഞങ്ങളുടെ ദയനീയാവസ്ഥ ബോദ്ധ്യമായതിനാലാണോ എന്നറിയില്ല, അദ്ദേഹം ഒരു പോംവഴി നിര്‍ദ്ദേശിച്ചു. അതായത്, ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങള്‍ വന്ന വഴിയെ തന്നെ തിരികെ പോകാം. അടുത്തു തന്നെയുള്ള ഒരു ഇടുങ്ങിയ യൂറ്റേണ്‍പാത ചൂണ്ടി കാണിച്ചുകൊണ്ട് അത് വഴിയെ പോയിക്കൊള്ളാന്‍ അദ്ദേഹം ഒടുവില്‍ ഞങ്ങള്‍ക്ക് അനുമതി തന്നു.

ഹാവൂ! സമാധാനമായി! ഞങ്ങള്‍ അദ്ദേഹം കാണിച്ചുതന്ന വഴിയെ മടക്ക യാത്ര ആരംഭിച്ചു. എന്നാല്‍ ഈ സമാധാനത്തിനു അല്‍പ്പ നിമിഷങ്ങളുടെ മാത്രം ആയുസ്സായിരുന്നു ഉണ്ടായിരുന്നത് എന്ന് ഞങ്ങള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല!!

അല്‍പ്പ ദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യം അറിയാതെ കയറിവന്ന ചെക്ക്പോസ്റ്റില്‍ എത്തിച്ചേര്‍ന്നു. ഈ തവണയും സൈഡിലുള്ള കാബിനില്‍ ആളനക്കം ഒന്നും പുറമേ നിന്നും കണ്ടില്ല. ഗേറ്റും തുറന്നിട്ടിരിക്കയായിരുന്നതിനാല്‍ ഞങ്ങള്‍ ഗേറ്റ് കടന്നു പുറത്തിറങ്ങി ദുബായിലേക്കുള്ള റോഡു കണ്ടെത്തി വേഗത്തില്‍ യാത്ര തുടര്‍ന്നു.

കഷ്ടിച്ച് ഒരു റൌണ്ട്എബൌട്ട് പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ രണ്ടാളും ഒരു നേര്‍ത്ത സൈറണിന്‍റെ ശബ്ദം അകലെയെവിടെനിന്നോ കേള്‍ക്കാന്‍ തുടങ്ങിയത്. ക്രമേണ വര്‍ദ്ധിച്ചുവരുന്ന ശബ്ദത്തിന്‍റെ ഉറവിടം തേടി റിയര്‍വ്യൂ മിററില്‍ നോക്കിയ എനിക്ക്, രണ്ടു പോലീസ് വണ്ടികള്‍ ബീക്കണ്‍ ലൈറ്റുകള്‍ ഇട്ടുകൊണ്ട് പുറകില്‍, ദൂരത്തുനിന്നും പാഞ്ഞു വരുന്നത് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.

“പോലീസായിരിക്കും, കഷ്ടം തന്നെ, ഏതോ ഒരു ഹതഭാഗ്യന്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാവും!!” ബോസ്സിന്‍റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി.

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ ആ രണ്ടു വണ്ടികളും ഇടിമുഴക്കം പോലെ സൈറണ്‍ മുഴക്കിക്കൊണ്ട് ഞങ്ങളുടെ ലെയ്നിലേക്ക് വെട്ടിച്ചുകയറി ഞങ്ങള്‍ക്ക് മുമ്പിലായി വഴിവിലങ്ങി കിതച്ചും കൊണ്ട് ബ്രേയ്ക്കിട്ടു നിന്നു!!

സ്തബ്ദരായി ഇരുന്നു പോയ ഞങ്ങളുടെ വണ്ടി ആ വണ്ടികളിലൊന്നിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഉലഞ്ഞു നിന്നതു അതിന്‍റെ ബ്രേക്കിന്‍റെ പ്രവര്‍ത്തനക്ഷമതയേക്കാള്‍ ഞങ്ങളുടെയാരുടെയോ ഭാഗ്യം കൊണ്ടാണെന്നാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്!!! മിന്നല് വേഗത്തില്‍ മുമ്പിലുള്ള വണ്ടികളില്‍ നിന്നും രണ്ടു യൂണിഫോറംധാരികള്‍ ചാടിയിറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഇരുവശങ്ങളിലായി നിലയുറപ്പിച്ചു!!

കാറിന്‍റെ ചില്ലുകളില്‍ ഉറക്കെ തട്ടിക്കൊണ്ടു അവര്‍ ഞങ്ങളുടെ ഐഡി കാര്ഡുകള്‍ ചോദിച്ചു വാങ്ങി. തുടര്‍ന്ന് അവരുടെ വണ്ടികള്‍ക്ക് പുറകെ വേഗം വരാനും പറഞ്ഞു.

അവരോടൊപ്പം വീണ്ടും ഞങ്ങളാ ചെക്ക്പോസ്റ്റിലൂടെ ബുറൈമിയില്‍ എത്തിച്ചേര്‍ന്നു. വണ്ടി പാര്‍ക്ക് ചെയ്തതിനുശേഷം അകത്തേക്ക് ചെന്ന ഞങ്ങളോട് നേരത്തെ ചോദിച്ചിരുന്ന അതെ ചോദ്യങ്ങള്‍ തന്നെ വീണ്ടും ചോദിക്കാന്‍ തുടങ്ങി.!! ഇപ്പോഴത്തെ കുറ്റം, ഒമാനില്‍ നിന്നും അനധികൃതമായി യുഎഇയിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ഞങ്ങള്‍ ഇതേ ചെക്ക്പോസ്റ്റില്‍ കൂടി തന്നെയാണ് ആദ്യം കടന്നു വന്നത് എന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആളുകള്‍ കാവല്‍ നില്ക്കുന്ന ഗേറ്റ് കടന്നു ഒരിക്കലും നിങ്ങള്‍ക്ക് അകത്തേക്ക് കടക്കാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് അവരുടെ ഭാഷ്യം!! ഞങ്ങള്‍ വരുമ്പോള്‍ അവിടെ ആരും ചെക്കിംഗിനായി ഇല്ലായിരുന്നു എന്ന് പറഞ്ഞിട്ട് അവര്‍ സമ്മതിക്കുന്നില്ല. കുറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം മുമ്പ് ഞങ്ങള്‍ ദുബായിക്ക് പോകാനായി ശ്രമിച്ച അതെ ചെക്ക്പോസ്റ്റുവഴി പോകാന്‍ പറഞ്ഞു അവര്‍ ഞങ്ങളെ അങ്ങോട്ടുതന്നെ വിട്ടു!!

കുറച്ചു ദൂരം മുമ്പോട്ടു പോയതിനുശേഷം ഞങ്ങള്‍ വണ്ടി നിറുത്തി ആലോചിച്ചു. തിരികെ അതെ ചെക്ക്പോയിന്റിലേക്ക് ചെന്നിട്ട് കാര്യമില്ല. അവിടെ നിന്നാണല്ലോ നല്ല വാക്ക് പറഞ്ഞു ഞങ്ങളെ ഇങ്ങോട്ട് വിട്ടത്. അതിനാല്‍ ഇനിയും എങ്ങനെ അങ്ങോട്ടുതന്നെ ചെല്ലും?? ആകെ പ്രതിസന്ധിയിലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!!

ഇരുവശത്തുമുള്ള കടകള്‍ കണ്ട ഞങ്ങള്‍ അതിലൊന്നിലേക്ക് കയറി ചെന്ന് പാകിസ്ഥാനിയായ കടക്കാരനോട് കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ചെയ്തത് വലിയ ഒരു മണ്ടത്തരമായിപ്പോയി എന്ന് അയാളും പറഞ്ഞു. ഏക പോംവഴി തിരികെ ചെന്ന് അവരുടെതന്നെ കൈയ്യോ കാലോ പിടിച്ചു ദുബായിലേക്ക് പോവുകയാണെന്ന് അയാളും അഭിപ്രായപ്പെട്ടതോടെ, ആകെ  ആശയക്കുഴപ്പത്തിലായി !!

വീണ്ടും അതേ ചെക്ക്പോസ്റിലേക്ക് ഭയാശങ്കകളോടെ ഞങ്ങള്‍ നീങ്ങി. വണ്ടി പാര്‍ക്ക് ചെയ്തു അകത്തേക്ക് ചെന്ന ഞങ്ങളോട് ആ കര്‍ക്കശക്കാരനായ ഓഫീസര്‍ നിങ്ങള്‍ ഇനിയും പോയില്ലേ എന്നൊരു ചോദ്യം! ഞങ്ങള്‍ക്കുള്ളത് ഒരേ ഉത്തരങ്ങള്‍! ഒരു രക്ഷയുമില്ല. ഞങ്ങളോട് അങ്ങോട്ട്മാറി നില്ക്കാന്‍ പറഞ്ഞിട്ട് അയാള്‍ അയാളുടെ മറ്റു ജോലികളിലേക്ക് കടന്നു.

ഞങ്ങള്‍ കെട്ടിടത്തിനു വെളിയിലേക്കിറങ്ങി. ഇരുട്ട് നന്നേ വ്യാപിച്ചു കഴിഞ്ഞിരുന്നു. വിശപ്പും ദാഹവും ഒരുവശത്ത്, എങ്ങനെ തിരികെ പോകും എന്ന ആധി മറ്റൊരു വശത്ത്!! ഒടുവില്‍ ഇനി ഒമാനിലെ ഏതെങ്കിലും ജെയിലിലായിരിക്കുമോ ഇന്നത്തെ അന്തിയുറക്കം? ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.

അപ്പോഴാണ് ഭാര്യയേയും മകനെയും പറ്റി ഓര്‍മ്മ വന്നത്. വേഗം മൊബൈല്‍ എടുത്ത് ഭാര്യയെ വിളിച്ചു ചുരുക്കമായി സംഗതികളുടെ കിടപ്പുവശം അവളെ അറിയിച്ചു. ഒപ്പം ഭാഗ്യം തുണച്ചാല്‍ വീണ്ടും കാണാം എന്നും!! അവള്‍ കരഞ്ഞു തുടങ്ങുന്നതിനു മുമ്പ് 'വിഷമിക്കാനൊന്നുമില്ല, വീണ്ടും വിളിക്കാം ' എന്നു  മാത്രം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു!!

അപ്പോഴാണ് കാവല്‍ക്കാരുടെ ഷിഫ്റ്റ് ചേഞ്ച് ചെയ്യുന്നതിനുള്ള ചില നീക്കങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്! ഉള്ളിലുണ്ടായിരുന്ന ഏതാനും പോലീസുകാരൊക്കെ വെളിയില്‍ വന്നു നിന്ന ഒരു വണ്ടിയില്‍ കയറുന്നതും വേറെ കുറച്ചു പേര്‍ അകത്തേക്ക് പോകുന്നതും ഞങ്ങള്‍ കണ്ടു. പോയവരുടെ കൂട്ടത്തില്‍ ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തിയ ഓഫീസറും ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങള്‍ തെല്ല് ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്!! പോകുന്നതിനുമുമ്പ് അയാള്‍ ഞങ്ങളെ നോക്കി അകത്തേക്ക് ചെല്ലാനായി ഒരു ആംഗ്യവും കാണിച്ചിരുന്നു.

പുതിയതായി എത്തിയ ഓഫീസര്‍ക്ക് ഒന്ന് സെറ്റില്‍ ചെയ്യാനുള്ള സമയം കൊടുത്തതിനു ശേഷം, ഞങ്ങള്‍ മെല്ലെ അകത്തേക്ക് ചെന്നു. പ്രസന്നത ഒട്ടും കൈവിടാത്ത മുഖഭാവവുമായി ഒരു ചെറുപ്പക്കാരന്‍!! ചോദ്യങ്ങളെല്ലാം അദ്ദേഹവും ഒന്നുകൂടി ആവര്‍ത്തിക്കുകയും മുമ്പ് പറഞ്ഞ അതെ ഉത്തരങ്ങള്‍ ഞങ്ങള്‍ പറയുകയും ചെയ്തു. പക്ഷെ എന്തോ, പുതിയ ആള്‍ക്കു ഞങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള ക്ഷമ ഉണ്ടായിരുന്നത്, ഞങ്ങളുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍? കൂടാതെ അദ്ദേഹത്തിനു അല്‍പ്പസ്വല്‍പ്പ ഉറുദുവും മനസ്സിലാകുന്നുണ്ടായിരുന്നു എന്നുള്ളത് ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്!! കാര്യങ്ങള്‍ ഏകദേശം ബോധ്യപ്പെട്ടതിനുശേഷം, അറിവില്ലായ്മ നിമിത്തം എത്ര വലിയ ഒരു പ്രശ്നത്തിലേക്കാണ് ഞങ്ങള്‍ വന്നു പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു. നുഴഞ്ഞു കയറ്റം തടയാനായി നേരത്തെ അടച്ചിട്ടിരുന്ന ഈ ചെക്ക്പോസ്റ്റ്‌  ഇരു വശത്തുമുള്ള താമസക്കാരുടെ അപേക്ഷപ്രകാരം, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും തുറന്നു കൊടുത്തത്. അതുകൊണ്ടുതന്നെ ചെക്കിംഗും വളരെ കര്‍ശനമാണ്. ഒടുവില്‍, ഇനിമേല്‍ ഇത് ആവര്‍ത്തിക്കരുത് എന്നുള്ള ഒരു താക്കീതോടെ വന്ന വഴിയേ തന്നെ പോയിക്കൊള്ളാന്‍ അദ്ദേഹം അനുമതി തന്നപ്പോള്‍, എല്ലാ ദൈവങ്ങള്‍ക്കുമൊപ്പം, അറിയാവുന്ന ഭാഷകളിലെല്ലാം തന്നെ ഞങ്ങള്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞു!!!

വീണ്ടും ദുബായിലേക്കുള്ള വഴികളിലൂടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍, ഞങ്ങള്‍ രണ്ടാളും തികച്ചും നിശ്ശബ്ദരായിരുന്നു!! ഒരു പക്ഷെ കഴിഞ്ഞ രണ്ടു മൂന്നു മണിക്കൂറിനുള്ളിലെ സംഭവവികാസങ്ങളെല്ലാം മനസ്സിന്‍റെ തിരശ്ശീലയില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞും

മറഞ്ഞും വന്നു കൊണ്ടിരുന്നതിനാലാവാം, മറവിയുടെ ആഴങ്ങളിലേക്ക് മറയാന്‍  മടിച്ചുനില്‍ക്കുന്ന  ഒരു  പേടി സ്വപ്നമായി.....