Tuesday, March 26, 2013

സുകുമാരിയമ്മ...ഓര്‍മ്മകളിലൂടെ....വര്‍ഷങ്ങള്‍ക്കു മുന്‍പ്,  ചെന്നൈ വിമാനത്താവളത്തിനടുത്തുള്ള നങ്കനല്ലൂര്‍ എന്ന ചെറിയൊരു പ്രാന്ത പ്രദേശം!! അവിടെ ഞങ്ങള്‍ ഒരു ചെറിയ മലയാളീ സമാജം ഉണ്ടാക്കിയെടുത്തപ്പോള്‍, അതിന്റെ ഉല്‍ഘാടനത്തിനായി ക്ഷണിച്ചു കൊണ്ടുവന്നത്, അന്ന് സിനിമയില്‍ തിളങ്ങി നിന്നിരുന്ന സുകുമാരിയമ്മയെയും,  ടി.കെ. ബാലചന്രന്‍ മാഷിനേയുമായിരുന്നു.  ഇവരേ വിളിച്ചുകൊണ്ടുവരാനായി വേറൊരു ഭാരവാഹിയാണ് പോയിരുന്നത് എങ്കിലും, പരിപാടി കഴിഞ്ഞു ഇവരേ രണ്ടുപേരെയും തിരികെ അവരവരുടെ വീടുകളില്‍ എത്തിക്കേണ്ട ദൌത്യം, എനിക്കായിരുന്നു.

പരിപാടി വന്‍ വിജയമായിരുന്നു. ബാലചന്ദ്രന്‍ മാഷിന്റെതായിരുന്നു ഉല്‍ഘാടന പ്രസംഗം. സുകുമാരിയമ്മ നാട മുറിക്കുക മാത്രമായിരുന്നു ചെയ്തത് എങ്കിലും, ആ ഹൃസ്വനിമിഷങ്ങള്‍ കൊണ്ടു തന്നെ അവര്‍ ഞങ്ങളുടെ എല്ലാവരുടെയും ഹൃദയം കവര്‍ന്നു. അതുവരെ സിനിമാക്കാരെപ്പറ്റിയുണ്ടായിരുന്ന എന്‍റെ മനോഭാവത്തിലും വലിയ മാറ്റം ഉണ്ടായി!!

തിരികെ കാറില്‍ ഞാന്‍ ഇരുവരുമായി പോകുമ്പോള്‍, സുകുമാരിയമ്മ എന്നോട് വളരെ കാര്യമായി എന്നെയും കുടുംബത്തെയുമൊക്കെപ്പറ്റി ചോദിച്ചത്, ഇന്നും ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. ഒരു ജാടകളുമില്ലാത്ത ആ വലിയ കലാകാരിയുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി!! പുറകില്‍ ഇരുന്നുള്ള അവരുടെ സിനിമ സംബന്ധിയായ സംഭാഷണങ്ങളില്‍ അന്യനായ എന്നെയും,  അവര്‍ പങ്കാളിയാക്കിയിരുന്നു. അന്നുമുതല്‍ എനിക്ക് അവരോടുണ്ടായിരുന്ന ആദരവ്, ഇന്നും ഞാന്‍ അതുപോലെ കാത്തു സൂക്ഷിക്കുന്നു.

അതിനു ശേഷം എത്രയെത്ര സിനിമകളില്‍,  എത്രയെത്ര ഭാഷകളില്‍,  വൈവിധ്യമുള്ള വേഷങ്ങള്‍!! മലയാള സിനിമയുടെ ചരിത്രത്തില്‍,  സുവര്‍ണ രേഖകളില്‍ എഴുതി ചേര്‍ക്കേണ്ടതായ ഒരു വ്യക്തിത്വം!!

മലയാള സിനിമ എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാനൊരുങ്ങുന്ന ആ വലിയ കലാകാരിക്ക്, ആദരാഞ്ജലികള്‍ നേരട്ടെ.....

10 comments:

 1. നല്ല ഓർമ്മക്കുറിപ്പ്‌. അതെ, എനിക്കോര്മ്മയുള്ള കാലം മുതൽ ഈ അതുല്യകലാകാരിയുടെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ആദരാഞ്ജലികൾ.

  അതുപോലെ ടി.കെ. ബാലചന്ദ്രൻ എന്ന പ്രതിഭയുടെ മുഖവും ഞാൻ ഇന്നെന്നപോലെ ഓര്ക്കുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നാരദൻ കഥാപാത്രം അക്കാലത്ത് വളരെ പേരുകേട്ടതായിരുന്നു.

  ReplyDelete
  Replies
  1. പ്രിയമുള്ള ഡോക്ടര്‍,

   TVയില്‍ ഈ വിയോഗ വാര്‍ത്ത കണ്ടപ്പോള്‍, പെട്ടെന്ന് മനസ്സിലോടിയെത്തിയത് ഈ സംഭവമായിരുന്നു!!(അതിനു ഇനിയും ഒരു കാരണം കൂടി ഉണ്ടായിരുന്നു.അന്ന് ഞാന്‍ ഇരുവരെയും തിരികെ കൊണ്ടുപോയത്, ഏതു നിമിഷവും breakdown ആയേക്കാവുന്ന എന്റെ ഒരു പഴയ കാറിലായിരുന്നു.അവരുടെ സംഭാഷണങ്ങളില്‍ പങ്കു ചേരുന്നുണ്ടായിരുന്നെന്കിലും, ആ യാത്രയിലുടനീളം എന്റെയുള്ളില്‍ ആധിയായിരുന്നു!!എന്റെ ആ പഴയ കാറ് വഴിയിലെങ്ങാനും വച്ച് പണി മുടക്കിയിരുന്നെന്കില്‍, അന്ന് സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന ഇവരെ നടു റോഡില്‍ ഇറക്കി നിര്‍ത്തേണ്ടി വരുന്ന എന്റെ സ്ഥിതി എന്താകുമായിരുന്നു???

   ദൈവാധീനം! ഒന്നും സംഭവിച്ചില്ല.രണ്ടാളെയും സുരക്ഷിതരായി അവരവരുടെ വീടുകളില്‍ എത്തിക്കാന്‍, എനിക്കും എന്റെ പഴയ വണ്ടിക്കും കഴിഞ്ഞു!!)

   വരവിനും, അഭിപ്രായം പങ്കു വച്ചതിലും സന്തോഷം ഡോക്ടര്‍...

   Delete
 2. Replies
  1. പ്രിയ നിധീഷ്‌,
   മറക്കാതെയുള്ള താങ്കളുടെ ഈ സന്ദര്‍ശനങ്ങള്‍ക്ക്, ഞാന്‍ എങ്ങനെയാണ് സുഹൃത്തെ നന്ദിയെങ്കിലും പറയാതിരിക്കുക???
   സ്നേഹപൂര്‍വ്വം,

   Delete
 3. ആദരാഞ്ജലികള്‍

  ReplyDelete
  Replies
  1. പ്രിയ അജിത്‌ മാഷേ,

   ആരോടും വിദ്വേഷം കാട്ടാതെ, എല്ലാവരോടും സ്നേഹം മാത്രം പങ്കു വച്ചിരുന്ന
   ഈ വലിയ കലാകാരിയെ, നമുക്കെങ്ങിനെ മറക്കാന്‍ കഴിയും!!!

   വരവിനു നന്ദി മാഷേ...

   Delete
 4. സുകുമാരി അമ്മയുടെ എളിമയും സ്നേഹവും നേരിട്ട് അനുഭവിക്കാനുള്ള അവസരം ലഭിച്ച ഏട്ടന്‍ ഭാഗ്യവാനാണ്...
  അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു...

  ReplyDelete
 5. പ്രിയമുള്ള അശ്വതി,

  വരവിനും നല്ല വാക്കുകള്‍ക്കും നന്ദി.
  പിന്നെ,അശ്വതിയുടെ പുതിയ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ!!
  (എന്നേപ്പോലെ മടി പിടിച്ചോ ആവോ....)

  ReplyDelete
 6. വലിയ ആ കലാകാരിക്കു പ്രണാമം. ഈ ഓർമ്മക്കുറിപ്പിന്‌ നന്ദി.
  അഭിനന്ദനങ്ങളും.

  ReplyDelete
  Replies
  1. പ്രിയ മാഷേ,

   കവിതകളുടെ ലോകത്തിലെ വേറിട്ട ശബ്ദമായി ശ്രദ്ധിക്കപ്പെടുന്ന മാഷിനെ, ഞാന്‍ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല!!
   സുകുമാരിയമ്മയുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ, എനിക്കൊരു നല്ല സുഹൃത്തിനെ ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും അറിയിച്ചോട്ടെ...

   Delete