Wednesday, October 30, 2013

ഒരു ഗന്ധര്‍വ സംഗീതത്തിന്റെ ഉറവിടങ്ങള്‍ തേടി....

ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്ന യന്ത്രങ്ങളുടെ ആരവം കാതുകളെ അലോരസപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ ക്ലോക്കിലേക്ക് നീണ്ടു. ഷിഫ്റ്റ്‌ അവസാനിക്കാന്‍ ഇനി കഷ്ടിച്ചു പത്തു നിമിഷങ്ങള്‍ മാത്രം.  അടുത്ത ഷിഫ്റ്റില്‍ വരുന്ന എഞ്ചിനീയര്‍ക്കു ഡ്യൂട്ടി ഹാന്‍ഡ്‌ഓവര്‍ ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. അപ്പോഴാണ്‌ ആ വലിയ മെഷീനിന്റെ തമിഴനായ ഓപ്പറേറ്റര്‍ വിഷമിച്ച മുഖത്തോടെ എന്റെ അടുത്തെത്തിയത്.

"എന്ത് പറ്റി, എന്തെങ്കിലും പ്രശ്നം?" 
 
ഉദ്വേഗം മറച്ചുവച്ചുകൊണ്ട് ഞാന്‍ ആരാഞ്ഞു.

"ഒന്നുമില്ല സാര്‍ആ മെഷീന്‍ വീണ്ടും പണി മുടക്കി..."

അവന്‍ വിക്കി വിക്കി അത് പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും, എന്റെ മനസ്സ് വരാന്‍പോകുന്ന ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരുന്നു. നാളെ അത്യാവശ്യമായി ഒരു വലിയ കമ്പനിയിലേക്ക് എത്തിച്ചു കൊടുക്കേണ്ടിയിരുന്ന ചില യന്ത്ര ഭാഗങ്ങളായിരുന്നു ആ ആറു മെഷീനുകളിലും, ഓടിക്കൊണ്ടിരുന്നത്. ഇന്ന് രാത്രി കൂടി നിര്‍ത്താതെ ഓടിയെങ്കില്‍ മാത്രമേ, അവര്‍ ആവശ്യപ്പെട്ട എണ്ണം തികച്ചു കൊടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

ഞാന്‍ വേഗം ബോസ്സിനെ വിളിച്ചു കാര്യം അവതരിപ്പിച്ചു. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തു മെഷീന്‍ പ്രവര്‍ത്തന ക്ഷമമാക്കിയതിനു ശേഷം മാത്രം പോയാല്‍ മതിയെന്നൊരു നിര്‍ദേശം ലഭിച്ചതോടെ ഇന്നു സമയത്ത് വീടെത്തുന്ന കാര്യം  മറക്കുന്നത് തന്നെ നല്ലത്  എന്ന് ഞാന്‍ ഉറപ്പിച്ചു. ഷര്‍ട്ടിന്റെ കൈകള്‍ കയറ്റിവച്ച്, ഓപ്പറേറ്ററും മറ്റൊരു സഹായിയുമായി ഞാന്‍ വേഗം മെഷീനടുത്തേക്ക് നടന്നു.

ഭാഗ്യം!! പത്തു മിനിട്ടുകള്‍കൊണ്ട് എവിടെയാണ് പ്രോബ്ളം എന്നുള്ളത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. എങ്കിലും അത് പരിഹരിക്കണമെങ്കില്‍ ഇനിയും ഒരു മണിക്കൂര്‍നേരത്തെ ശ്രമം  വേണ്ടി വന്നേക്കും. അപ്പോഴേക്കും അടുത്ത ഷിഫ്ടിലേക്കുള്ള എന്റെ സഹപ്രവര്‍ത്തകനും എത്തിച്ചേര്‍ന്നതോടെ, കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി.

യന്ത്രം വീണ്ടും ചലിച്ചു തുടങ്ങിയപ്പോഴേക്കും, പതിനൊന്നര മണി കഴിഞ്ഞിരുന്നു. ഡ്രസ്സ്‌ ചേഞ്ച്‌ചെയ്തു ഞാന്‍ വേഗം പുറത്തിറങ്ങി. പന്ത്രണ്ട്മണിക്ക് മുന്‍പായി സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍ അവസാനത്തെ ട്രെയിനും പോയതുതന്നെ. ഞാന്‍ കാലുകള്‍ വലിച്ചുവച്ചു വേഗം നടക്കാന്‍ തുടങ്ങി...


പാര്‍ക്ക് സ്റ്റേഷനില്‍ ട്രെയിനില്‍നിന്നും ഇറങ്ങുമ്പോള്‍ പന്ത്രണ്ടര മണി കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം നടക്കാനുണ്ട്, താമസ സ്ഥലമായ തിരുവെല്ലിക്കേണിയിലേക്ക്. കൂവം ആറില്‍നിന്നും അസുഖകരമായുള്ള ഗന്ധം വഹിച്ചുകൊണ്ടൊരു കാറ്റ് മെല്ലെ വീശുന്നതൊഴിച്ചാല്‍, പരിസരം പൊതുവേ മൂകമായിരുന്നു.

പാലം കയറി നേരെയുള്ള റോഡിലൂടെ നടക്കുമ്പോഴെല്ലാം എന്റെ ചിന്ത ഇനിയും എത്ര നാള്‍ കൂടി ഒരു നല്ല ജോലിക്കായുള്ള ഈ കാത്തിരിപ്പ് തുടരണം, എന്നതിനേപ്പറ്റിയായിരുന്നു. പഠനം കഴിഞ്ഞു  നാട്ടില്‍ത്തന്നെ തരപ്പെട്ട ഒരു വര്‍ഷത്തെ ഒരു ട്രെയിനിങ്ങിനു ശേഷം  ചെന്നൈയിലേക്ക് വണ്ടി കയറിയ എനിക്ക്, ആദ്യമായി കിട്ടിയ ജോലിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമൊക്കെ തുലോം തുഛമായിരുന്നു. വീട്ടിലേക്കു ഒന്നും തന്നെ അയച്ചു കൊടുക്കെണ്ടതില്ല, എന്നുള്ളതു മാത്രമായിരുന്നു, വലിയ ഒരു ആശ്വാസം. മാത്രവുമല്ല, സ്വന്തമായി ഒരു വാഹനം എന്നുള്ള കാര്യം, സ്വപ്നം പോലും  കാണാന്‍ കഴിയാതിരുന്ന കാലം!!! കഴിയുന്നതും നടന്നും ട്രെയിനിലും ബസ്സിലുമൊക്കെയായി, ബുദ്ധിമുട്ടി സഞ്ചരിച്ചിരുന്ന കുറെയേറെ  നാളുകള്‍!!! എങ്കിലും പലതിലും വ്യത്യസ്തത പുലര്‍ത്തുന്ന  ഒരു അന്യ സംസ്കാരത്തെ അടുത്തുനിന്നു മനസ്സിലാക്കുന്നതിനും, അതിലുള്ള നന്മതിന്മകളെ ആവുന്നവിധത്തിലൊക്കെ  തിരിച്ചറിയുന്നതിനും, ഈ പതിവു യാത്രകള്‍ ഒരു നിമിത്തമാകുന്നതില്‍,  ഞാനും വളരെയധികം സന്തുഷ്ടനായിരുന്നു!!!

വാര്‍ മെമ്മോറിയല്‍ സെമിത്തേരിയുടെ അരികിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ കാറ്റിനു അല്‍പ്പം ശക്തി കൂടി വരുന്നതായി എനിക്ക് തോന്നി. അപ്പോഴാണ്‌ ഞാന്‍ പരിസരം ഒന്ന് ശ്രദ്ധിച്ചത്. റോഡിലൊന്നും ഒറ്റ ആളു പോലുമില്ല. വല്ലപ്പോഴും കടന്നു പോകുന്ന ചില വാഹനങ്ങള്‍ ഒഴിച്ചാല്‍, വഴി തീര്‍ത്തും വിജനമായിരിക്കുന്നു!! മുന്‍പൊരിക്കലും  ഇത്രയും താമസിച്ചു ഇതുവഴി വന്നിട്ടില്ലെന്ന്  ഞാന്‍ അപ്പോഴാണ് ഓര്‍മ്മിച്ചത്. ദുര്‍ബല മനസ്സുകളില്‍ ഭയമുളവാക്കുന്ന തരത്തിലൊരു    നിശബ്ദത, അവിടെയൊക്കെ തളം കെട്ടി നില്‍ക്കുന്നതുപോലെ!!

പെട്ടെന്ന് വീശിയ അടുത്ത കാറ്റിനോടൊപ്പം വൈദ്യുത ബന്ധവും വിഛേദിക്കപ്പെട്ടപ്പോള്‍, മുമ്പോട്ടുള്ള വഴി കാണാന്‍ അല്‍പ്പം ബുദ്ധിമുട്ടായിത്തുടങ്ങി. ഏതാനും അടികള്‍ വച്ചതും, എന്റെ കാലുകള്‍ താനേ നിശ്ചലങ്ങളായി. കാറ്റിനൊപ്പം കാതുകളിലേക്ക്  ഒഴുകിയെത്തിയ ഒരു ഗന്ധര്‍വ സംഗീതത്തിന്റെ അലകളാണ് എന്നെ അവിടെത്തന്നെ പിടിച്ചു നിര്‍ത്തിയത്!! ഒരായിരം സംഗീതജ്ഞന്മാരുടെ വാദ്യോപകരണങ്ങളില്‍ നിന്നും തരംഗങ്ങളായി അലയടിച്ചെത്തുന്ന ആ അഭൌമ സംഗീതത്തിന്റെ മാസ്മരീകതയില്‍ ലയിച്ചു, സര്‍വവും മറന്നു ഞാന്‍ അവിടെത്തന്നെ നിന്നുപോയി. ചെറുപ്പം മുതലേ സംഗീതം കേള്‍ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരുന്നു എങ്കിലും,  മനസ്സിന്റെ ആഴങ്ങളിലെവിടെയൊക്കെയോ  ചലനങ്ങള്‍ ഉളവാക്കുന്ന തരത്തിലുള്ള എന്തോ ഒരു വശ്യത, ഈ ഗാനത്തിന്  ഉള്ളതായി എനിക്ക്   അനുഭവപ്പെടാന്‍ തുടങ്ങി. സ്ഥലകാല ബോധമില്ലാതെ ആ വൈകിയ ഇരുട്ടിലും അത്  ആസ്വദിക്കാനായി എന്നെ അവിടെത്തന്നെ തറച്ചു നില്ക്കാന്‍ പ്രേരിപ്പിച്ചതും, മറ്റൊന്നുമായിരുന്നില്ല!!  എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ആ അലൌകീക സംഗീതം പൊടുന്നനവേ നിലച്ചതും, അല്‍പ്പം മുന്‍പ്  പോയിരുന്ന വൈദ്യുതി തിരികെ എത്തിയതും, ഒരുമിച്ചായിരുന്നു എന്ന് ഞാന്‍ കണ്ടു!! ഞാന്‍ വീണ്ടും മുമ്പോട്ട്  നടത്തം തുടര്‍ന്നു....


അപ്പോഴാണ്‌ യുക്തിചിന്തകളുടെ ഒരു നീണ്ട നിര തന്നെ, ഒന്നിനുപിറകെ ഒന്നായി, എന്റെ മനസ്സിലേക്ക് ഊളിയിട്ടു ഇറങ്ങാന്‍ തുടങ്ങിയത്. ഈ പാതിരാത്രി കഴിഞ്ഞ വിജനമായ സ്ഥലത്ത്, ഇത്ര ഇമ്പകരമായ ഒരു ഗാനം വാദ്യഘോഷങ്ങള്‍ക്കൊപ്പം ഒരുക്കി ആലപിച്ചത്, ആരായിരിക്കും?? അതുമല്ലെങ്കില്‍ എന്തിനുവേണ്ടി ആയിരിക്കും?? ഉത്തരം അന്വേഷിച്ച്  ചുറ്റും പരതാന്‍ തുടങ്ങിയ എന്റെ ദൃഷ്ടികള്‍ പതിഞ്ഞത്,  ഒരു വശത്ത് നിഴലുകള്‍ പാകിയ  വിജനമായ റോഡിലും, മറുവശത്ത്  ഭയമുളവാക്കി  മണ്ണിനു മുകളില്‍ നിരനിരയായി  ഉയര്‍ന്നു നില്‍ക്കുന്ന കല്ലറകളിലും!! ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളില്‍ വീരമൃത്യു വരിച്ച ഒരു സംഘം സൈനീകരുടെ ഭൌതീകാവശിഷ്ടങ്ങള്‍, അവയ്ക്കുള്ളില്‍ നിതാന്ത നിദ്രയില്‍ ആണ്ട് കിടക്കുന്നുണ്ടാവും!! മനസ്സിനുള്ളില്‍  ഭയം അരിച്ചിറങ്ങിയ ആ നിമിഷങ്ങളില്‍ തന്നെയായിരുന്നു, അവിടെ നിന്നും അകലുവാനുള്ള വ്യഗ്രതയില്‍,  കാലുകളുടെ വേഗത ഞാന്‍ അറിയാതെ തന്നെ വര്‍ദ്ധിച്ചതും!!

മൌണ്ട് റോഡു കടന്നതും, എല്ലിസ് റോഡിലേക്ക് പ്രവേശിച്ചതുമൊന്നും ഞാന്‍ അപ്പോള്‍ അറിയുന്നുണ്ടായിരുന്നില്ല.   ശവക്കല്ലറകളില്‍ നിന്നുയര്‍ന്ന ആ മാസ്മര സംഗീതത്തിന്റെ മാറ്റൊലികള്‍ എന്റെ മനസ്സിന്റെ സമനിലയെ, അത്രമാത്രം പിടിച്ചുലച്ചുകൊണ്ടിരുന്നു!!  എല്ലിസ് റോഡിന്‍റെ അങ്ങേ തലക്കലുള്ള ഹബീബുള്ള തെരുവിലെ എന്റെ താമസ സ്ഥലത്തെത്തി, വേഷം പോലും മാറാതെ കിടക്കയിലേക്ക് വീണത്‌ മാത്രമേ പിന്നീട്  എനിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ...

പിറ്റേദിവസം ഉണര്‍ന്നപ്പോഴേക്കും, നേരം നന്നേ വൈകിയിരുന്നു. തലേ ദിവസം നടന്നതൊക്കെ ഒരു സ്വപ്നമായിരുന്നോ എന്ന മനസ്സിന്റെ തോന്നല്‍ ശക്തമായതോടെ, ഉച്ചകഴിഞ്ഞ സമയം ഞാന്‍ വീണ്ടും ആ വഴിയേതന്നെ ഒന്നുകൂടി പോയി നോക്കാന്‍ തീരുമാനിച്ചു. പകലിലെ ഗതാഗത ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, ഒരു ഉത്തരത്തിനായി എന്റെ കണ്ണുകളും കാതുകളും ജാഗരൂഗമായിരുന്നെങ്കിലും, ഫലം നിരാശയായിരുന്നു. ആ പരിസരത്തൊന്നും തന്നെ, അസമയത്ത് അങ്ങനെ ഒരു ഗാനാലാപനത്തിനുള്ള സാദ്ധ്യതകളോ, സൌകര്യങ്ങളോ,  എവിടെയും എനിക്ക് കാണാന്‍  കഴിഞ്ഞില്ല!!

തീര്‍ത്തും  നിരാശയില്‍ തിരികെ നടക്കുമ്പോള്‍, ഇനിയുള്ള രാതികളിലും അതേ വഴികളിലൂടെതന്നെ വീണ്ടും വരേണ്ടി വരുന്നത് എങ്ങനെ ഒഴിവാക്കാം,  എന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു, തുലോം ദുര്‍ബലമായ എന്റെ മനസ്സ്!!

രണ്ടാഴ്ചകള്‍ക്കുശേഷമുള്ള ഒരു അവധി ദിവസം!!  ആ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായ മാര്‍ച്ച് പാസ്റ്റും പരേഡും, മരീനാ ബീച്ചില്‍ വച്ച് നടക്കുന്നത് കാണുവാനായി, അതിനടുത്തായിത്തന്നെ താമസിച്ചിരുന്ന ഞാന്‍ കൂട്ടുകാരനൊപ്പം   ഇറങ്ങിത്തിരിച്ചതും, തികച്ചും യാദൃശ്ചീകമായായിരുന്നു!! റോഡിനിരുവശവും നിറഞ്ഞു നിന്നിരുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ നിലയുറപ്പിച്ച ഞങ്ങളുടെ കണ്ണുകള്‍, വര്‍ണ്ണപ്പകിട്ടുള്ള വേഷങ്ങളണിഞ്ഞ് ഞങ്ങള്‍ക്ക് മുന്‍പിലൂടെ നൃത്തവും പാട്ടുമായി നീങ്ങുന്ന കുട്ടികളിലും, ചാരുതയാര്‍ന്ന തമിഴ് ഗ്രാമീണ കലാദൃശ്യങ്ങളിലും, ഉടക്കി നിന്നു. ഓരോ ജില്ലകളേയും ഗവണ്മെന്‍റ് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു, മന്ദം മന്ദം ചലിക്കുന്ന അലങ്കാര ഫ്ളോട്ടുകള്‍ കടന്നു വരുമ്പോഴെല്ലാം, കരഘോഷങ്ങളോടെ വരവേല്‍ക്കുന്ന തമിഴ് ജനതയുടെ ആവേശമുണര്‍ത്തുന്ന ആഹ്ളാദാരവങ്ങള്‍, ഞങ്ങളുടെ മനസ്സുകളിലും ശരിക്കും ഒരു ഉത്സവ ലഹരി തന്നെ പകര്‍ന്നു കൊണ്ടിരുന്നു!!

പെട്ടെന്നാണ് പരിചിതത്വം തോന്നിപ്പിക്കുന്ന ഒരു സംഗീതത്തിന്റെ മൃദു മന്ത്രണങ്ങള്‍, ഓര്‍മ്മകളുടെ പുറന്തോടുകളെ ഭേദിച്ചുകൊണ്ട് ഒരായിരം തിരയിളക്കങ്ങളായി എന്റെ കര്‍ണ്ണങ്ങളിലേക്ക് ആര്‍ത്തലച്ചെത്തിയത്!! ദൈവമേ!! ഇത് അന്ന് രാത്രി കല്ലറകളില്‍ നിന്നുയര്‍ന്നു കേട്ട അതേ ഗാനം തന്നെയല്ലേ??? വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ, അതിലും വിഹ്വലമായ മനസ്സോടെ, ആ ആലാപനത്തിന്റെ ഉറവിടം തേടി ആള്‍ക്കൂട്ടത്തിനു മുകളിലൂടെ എത്തിക്കുത്തി നോക്കിയ ഞാന്‍, ആ ദൃശ്യം കണ്ടതും, ഒരു നിമിഷം സ്തബ്ദനായി നിന്നുപോയി!!  ഇതാ മിലിട്ടറി യൂണിഫോമണിഞ്ഞ ഒരു സംഘം ഗായകര്‍, ചിട്ടപ്പെടുത്തിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, അതേ ഗാനം ആലപിച്ചുകൊണ്ട്,  ചടുലമായ കാല്‍ വയ്പ്പുകളോടെ, എന്റെ മുന്‍പിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു!! സര്‍വവും മറന്നു ശ്വാസം അടക്കിപ്പിടിച്ച്, ആ കാഴ്ചയില്‍  ലയിച്ചു ഞാന്‍ അത്ഭുതപരതന്ത്രനായി നിന്നു...... നേരെ മുന്നോട്ടുതന്നെ നോക്കി മാര്‍ച്ച് ചെയ്തിരുന്ന ആ ഓരോ സൈനികന്‍റെയും കണ്ണുകള്‍,എന്നെ കടന്നു പോകുന്നതിനു തൊട്ടു മുമ്പ്, ഒരു മാത്ര നേരത്തേക്കെങ്കിലും, എന്റെ കണ്ണുകളുമായി ഇടഞ്ഞിരുന്നു എന്നുള്ളത്, എന്റെ ഉള്ളിലെ   വെറുമൊരു തോന്നല്‍ മാത്രമായിരുന്നുവോ?? ഭയത്തിന്റെ ഒരായിരം ചെറു കമ്പനങ്ങള്‍, വിറങ്ങലിച്ചു നിന്ന എന്റെ നട്ടെല്ലിലൂടെ തരംഗങ്ങളായി മെല്ലെ അരിച്ചിറങ്ങാന്‍ തുടങ്ങിയത്, എന്റെ  അസ്വസ്ഥത അനുനിമിഷം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നു.....തല ചുറ്റുന്നതു പോലെയും, കാഴ്ചയ്ക്ക്  മങ്ങലേല്‍ക്കുന്നതുപോലെയും, എനിക്ക് തോന്നിത്തുടങ്ങി.....

“എന്ത് പറ്റി, മുഖമാകെ വിളറിയിരിക്കുന്നല്ലോ, സുഖം തോന്നുന്നില്ലേ?? വേണമെങ്കില്‍ നമുക്ക് റൂമിലേക്ക്‌ പോകാം..”

എന്റെ മുഖത്തിലെ ഭാവമാറ്റം കണ്ടിട്ടാവണം, സുഹൃത്തിനു അപ്പോള്‍ അങ്ങനെ ചോദിക്കണമെന്ന് തോന്നിയത്..

ഒന്നും പറയാതെ, അവനോടൊപ്പം ധൃതിയില്‍ റൂമിലേക്ക്‌ നടക്കുമ്പോഴും, അകന്നു പോയിക്കൊണ്ടിരുന്ന ആ ഗാനവീചികള്‍,  എന്റെ കര്‍ണ്ണങ്ങളില്‍ ഒരു ഇരമ്പലായി മുഴങ്ങിക്കൊണ്ടിരുന്നു, ഉത്തരങ്ങളില്ലാത്ത ഒരായിരം സമസ്യകളുമായി....... 

10 comments:

 1. ഇത് സത്യമോ മിഥ്യയോ ? നന്നായി എഴുതി ..

  ReplyDelete
  Replies
  1. ഇവിടേയ്ക് വന്നതിലുള്ള സന്തോഷം അറിയിക്കുന്നതിനോടൊപ്പം, ദേ ആദ്യത്തെ അഭിപ്രായത്തിനുള്ള നന്ദിയും പറഞ്ഞോട്ടെ!!
   പിന്നെ ഈ സംഭവം സത്യമായും അനുഭവത്തില്‍ നിന്നും പകര്‍ത്തിയതാണ്. ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങള്‍ക്കൊരു വിശദീകരണം, പലപ്പോഴും മാനുഷീക ചിന്തകളുടെ യുക്തിക്കുമപ്പുറത്തായിരിക്കും എന്നുള്ളത് ഒരു പരമാര്‍ത്ഥം തന്നെയല്ലേ???

   Delete
 2. മുമ്പ് വായിച്ചതായി ഒരോര്മ്മ. നന്നായിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ.

  ReplyDelete
  Replies
  1. പ്രിയ ഡോക്ടര്‍,

   വായിക്കാനെത്തിയത്തില്‍ സന്തോഷം!! സമാനമായ ഒന്ന് രണ്ടു അനുഭവങ്ങള്‍ നേരത്തേ ഇവിടെത്തന്നെ കുറിച്ചിട്ടുന്ടെന്കിലും, ഈ അനുഭവം എഴുതുന്നത്‌ ആദ്യമായാണ്!!
   വിശദീകരിക്കാനാവാത്ത അനുഭവങ്ങളുടെ പട്ടികയില്‍ മറ്റൊരെണ്ണം കൂടി!!!

   Delete
 3. പ്രിയ ഏട്ടാ ..

  ആദ്യമേ ഏട്ടന്റെ എഴുത്ത് വായിക്കാൻ പറ്റിയതിലുള്ള സന്തോഷം അറിയിക്കട്ടെ ..

  ജീവിതത്തിൽ ഇതുപോലെയുള്ള അനുഭവങ്ങൾ പേടിയും അത്ഭുതവും ഒരുപോലെ സൃഷ്ടിക്കും ..ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്നൊക്കെ പറയുമ്പോലെ അല്ലേ ..

  നന്നായി എഴുതി ...ആശംസകളോടെ ..

  ReplyDelete
  Replies
  1. പ്രി അശ്വതി,
   പതിവായി വായിക്കാനെത്തുന്നതിലുള്ള സന്തോഷവും നന്ദിയും അറിയിക്കട്ടെ!!
   ഇന്നും അറിയില്ല അശ്വതി, ദിവസങ്ങള്‍ക്ക് മുന്‍പേതന്നെ എന്നെ ആ പാട്ട് കേള്‍പ്പിച്ചത് ആരാണെന്നോ, അല്ലെങ്കില്‍ എന്തിനായിരുന്നെന്നോ എന്ന്.
   ജീവിതത്തില്‍ വിരളമായി സംഭവിക്കുന്ന ചില കാര്യങ്ങളെങ്കിലും, എത്രതന്നെ തേടിയാലും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിത്തന്നെ അവശേഷിക്കാറുണ്ട്.!! അക്കൂട്ടത്തില്‍ ഇതും ഒന്ന്!!

   സ്നേഹപൂര്‍വ്വം,

   Delete
 4. വായിച്ചു മോഹന്‍ ചേട്ടാ, ഇത് മുന്പ് എവിടെയോ വായിച്ചപോലെ, നന്നായിരിക്കുന്നു, ആശംസകള്‍ !

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍ !!
   പിന്നെ ഒരാളുടെ അനുഭവം തന്നെ മറ്റു പലര്ക്കും അനുഭവപ്പെടാൻ സാധ്യത ഉണ്ടല്ലോ!! വായിച്ചതിന്റെ ലിങ്ക് ഉണ്ടെങ്കിൽ അയച്ചു തരുമല്ലോ !!
   കഴിഞ്ഞ ഒരു മാസമായി നാട്ടിലുള്ള ഞാൻ കഴിഞ്ഞ വാരം ഒരു ആവശ്യം പ്രമാണിച്ചു ചെന്നൈയ്ക്ക് പോയിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ
   സ്ഥാനത്തു ഇപ്പോൾ കാണാൻ കഴിയുന്നത്‌ ഒരു ബഹുനില ഷോപ്പിംഗ്‌ സമുച്ചയമാണ്‌!!
   എങ്കിലും അന്ന് ഞാൻ നടന്നു വന്നിരുന്ന നെൽസണ്‍ മാണിക്കമുതലിയാർ റോഡൊക്കെ ഇപ്പോഴും അവിടെത്തന്നെയുണ്ട്‌, ഈ ഓർമ്മകളെയൊക്കെ പുനർജ്ജീവിപ്പിച്ചുകൊണ്ട് !!

   സ്നേഹപൂർവ്വം,

   Delete
 5. ഗംഭീരം.... അനുഭവം മാത്രമല്ല, അതെഴുതിയ ശൈലിയും.

  ReplyDelete
  Replies
  1. പ്രിയ ഹരിനാഥ്,

   ഈ ആദ്യ വരവിലുള്ള സന്തോഷവുംഅഭിപ്രായം രേഖപ്പെടുത്തിയതിലുള്ള നന്ദിയും
   അറിയിക്കട്ടെ!!
   ഒപ്പംഅറിവിന്റെ വേറിട്ട വഴികളിലൂടെയുള്ള താങ്കളുടെ ബ്ലോഗിലേക്കൊരു വഴിയും!!

   Delete