Sunday, June 30, 2013

ഒരു പീഡന കഥയുടെ പിന്നാമ്പുറങ്ങളിലൂടെ........



ഗള്‍ഫില്‍ വന്നതിനുശേഷമുള്ള മറ്റൊരു അവധിക്കു നാട്ടില്‍ പോകാനായി എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഞാന്‍.  ഇങ്ങോട്ടുള്ള വരവിന്‍റെ സമയത്ത് മറ്റു വിമാന കമ്പനികളെപ്പറ്റി വലിയ അറിവൊന്നുമില്ലാതിരുന്നതിനാല്‍ എയര്‍ഇന്ത്യയില്‍ തന്നെയായിരുന്നു വരവ്. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍, എനിക്ക് മറ്റുള്ള വളരെ നല്ല എയര്‍ലൈനുകളെപ്പറ്റിയും, എയര്‍ഇന്ത്യയുട മോശം സേവനരീതികളെപ്പറ്റിയുമൊക്കെ ഒത്തിരി കേട്ടറിവുകള്‍ പകര്‍ന്നു തന്നിരുന്നതിനാല്‍, പിന്നീട് നാളിന്നുവരെയുള്ള ഒരു യാത്രയിലും, എയര്‍ഇന്ത്യയെ ആശ്രയിക്കാന്‍ പോയിട്ടില്ല. തന്നെയുമല്ല, ഓരോ യാത്രയിലും, പുതിയ എയര്‍ലൈനുകള്‍ പരീക്ഷിച്ചു നോക്കുക എന്നുള്ളതും, എനിക്ക് ഹരമുള്ള ഒന്നായി മാറി!!

ഇക്കുറി നറുക്ക് വീണത്‌ ഗള്‍ഫ്‌ എയറിനായിരുന്നു. ചെന്നൈയിലേക്ക് (അന്നു ഞങ്ങള്‍ ചെന്നൈയിലായിരുന്നു താമസം) ദിവസേന സര്‍വീസ് ഉണ്ടായിരുന്ന അതില്‍, ദുബായില്‍നിന്നും കയറിയാല്‍ മസ്ക്കറ്റില്‍ ചിലപ്പോള്‍ ഒരു ട്രാന്‍സിറ്റ്‌ കാണും, എന്നുള്ള ഒരു അസൌകര്യമൊഴിച്ചാല്‍, യാത്രയുടെ കാര്യത്തില്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.

നാട്ടിലേക്കുള്ള  യാത്രയായിരുന്നതിനാല്‍, ഞാന്‍ പതിവ് പോലെ, നേരത്തേ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഉറ്റവരെയും ഉടയവരെയും കാണാനുള്ള ആവേശം, ചലനങ്ങള്‍ക്ക് മൊത്തം  ഒരു പുത്തന്‍ ഉണര്‍വ് പകരുന്നുണ്ടായിരുന്നു!!

 മസ്കറ്റില്‍ ഇറങ്ങി, ട്രാന്‍സിറ്റിന്‍റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി ചെന്നൈയിലേക്കുള്ള  പ്ലെയിനില്‍ കയറി ഇരുന്നപ്പോഴേക്കും, സമാധാനമായി. ഈ യാത്രയുടെ ഒരുക്കങ്ങള്‍ക്കായി, കഴിഞ്ഞ ഒരാഴ്ച മുഴുവനും ശരിക്കും അലച്ചില്‍ തന്നെയായിരുന്നു. ഇനിയുള്ള നാല് മണിക്കൂറുകള്‍ ഒന്ന് വിശ്രമിക്കാം. ഞാന്‍ അവിടെയിരുന്നുകൊണ്ട് അടുത്തൊക്കെയുള്ള സീറ്റുകളില്‍ ആരൊക്കെയാണ് ഇരിക്കുന്നതെന്ന് ശ്രദ്ധിച്ചു. തൊട്ടു അടുത്തുള്ള സീറ്റില്‍ ഇതുവരെ ആളെത്തിയിട്ടില്ല. അതിനപ്പുറത്തെ സീറ്റില്‍  ഏതോ ഒരു കമ്പനിയുടെ ഫോര്‍മാനേപ്പോലെയുള്ള ഒരു മദ്ധ്യവയസ്കനാണ്. ഞാന്‍ നോട്ടം പിന്‍വലിച്ചു മുന്‍പിലുള്ള സ്ക്രീനില്‍ കണ്ണ് നട്ടിരുന്നു.


അപ്പോഴാണ്‌ ഇരുനിറത്തില്‍, ഭംഗിയുള്ള മുഖത്തിനു ഒട്ടും യോജിക്കാത്ത വിധം, തീരെ പകിട്ടില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച്, തല സാരിയാല്‍ മൂടിയ  ഒരു സ്ത്രീ, എന്‍റെ അടുത്ത സീറ്റില്‍ വന്നു ഇരുന്നത്.  മുപ്പതുകളുടെ ആദ്യ പകുതിയിലെവിടെയോ പ്രായം. ഒരു ആശുപത്രി ജീവനക്കാരിയോ, ഒരു സ്കൂളിലെ ആയയോ, അതുമല്ലെങ്കില്‍ ഒരു വീട്ടു ജോലിക്കാരിയോ ആവാനാണ് സാദ്ധ്യത. യാത്ര ചെയ്തു അധികം പരിചയം ഇല്ലെന്നു തോന്നിപ്പിക്കുന്ന വിധം,  കയ്യിലുള്ള ഒരു  ഇടത്തരം  ബാഗ്, മുകളിലൊന്നും വയ്ക്കാതെ മടിയില്‍തന്നെ വച്ചു മുറുക്കെ പിടിച്ചിരിക്കയാണ്. സഹായാത്രീകയായതിനാലും, ഒരു സാധു സ്ത്രീ എന്ന് തോന്നിയതിനാലും, ഞാന്‍ തന്നെ അവരുടെ അനുവാദത്തോടെ,  ആ ബാഗ് വാങ്ങി മുകളിലുള്ള റാക്കില്‍ വച്ചു. നന്ദി പറഞ്ഞുകൊണ്ടുള്ള അവരുടെ വാക്കുകളില്‍ നിന്നും, അവര്‍ തമിഴ് നാടിന്‍റെ ഏതോ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന്, എനിക്ക് മനസ്സിലായി.

പ്ലെയിന്‍ അപ്പോഴേക്കും മെല്ലെ ഉരുളാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ അവര്‍ ഇതുവരെയും സീറ്റ്‌ ബെല്‍റ്റുകൂടി ഇട്ടിരുന്നില്ലെന്നു ഞാന്‍ കണ്ടത്. എയര്‍ഹോസ്റ്റെസ് ചെക്ക് ചെയ്തു വരുന്നത് കണ്ട ഞാന്‍ തന്നെ അവരെ അത് കെട്ടുവാനും സഹായിച്ചു.

വിമാന യാത്രകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ്, ടേക്ക് ഓഫിനു മുന്നോടിയായി, റണ്‍വേയുടെ  ഒരു അറ്റം വരെ വിമാനം മെല്ലെ ഉരുണ്ടു നീങ്ങുന്ന സമയം. എത്ര വലിപ്പമുള്ള വിമാനമായാല്‍പ്പോലും, ചെറിയ ചക്രങ്ങളില്‍  ഉരുളുന്ന, അല്‍പ്പം ഉലച്ചിലോടെയുള്ള അതിന്റെ അപ്പോഴത്തെ സഞ്ചാരത്തില്‍, ഒരു പക്ഷെ  മറ്റാര്‍ക്കും, അത്രയൊന്നും പ്രത്യേകതകള്‍  തോന്നുകില്ലായിരിക്കാം. എന്നാല്‍  ഒപ്പം അകന്നകന്നു പോകുന്ന വിളക്കുകാലുകളും, വാഹനങ്ങളും, മനുഷ്യരുമൊക്കെയായി, എന്നിലെ യാത്രീകന്‍റെ മനസ്സില്‍, അപ്പോഴൊക്കെ പ്രിയപ്പെട്ടതെന്തോക്കെയോ  ഉപേക്ഷിച്ചിട്ട് പോവുന്ന ഒരു തോന്നല്‍ ശക്തമാവാറുണ്ട്!!! അതുപോലെ തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരു സന്ദര്‍ഭമാണ്, ലാന്‍ഡു ചെയ്യുന്നതിന് തൊട്ടു മുന്‍പുള്ള  നിമിഷങ്ങളും. വിളക്കുകളെല്ലാം അണച്ചു,  കാബിന്‍ക്രൂവെല്ലാം ലാന്‍ഡിങ്ങിനു തയ്യാറായി, സീറ്റുകളില്‍ ഇരിക്കാനുള്ള അറിയിപ്പ് കേട്ടു കഴിഞ്ഞുള്ള നിശബ്ദത, അതാണ്‌ അക്ഷരാര്‍ഥത്തില്‍ എന്നെ ടെന്‍ഷനാക്കുന്നത്!! എവിടേയും അനക്കവും ഒച്ചയുമൊന്നുമില്ലാതെ, ഏതോ വിപത്ത് സംഭവിച്ചേക്കാം എന്ന മട്ടിലുള്ള , കാത്തിരിപ്പ് ശരിക്കും ഭയം ജനിപ്പിക്കുന്നു.... നിമിഷങ്ങളുടെ മാത്രം ദൈര്‍ഘൃമുള്ള ഈ സമയം, വിമാനയാത്രകളിലെ ഏറ്റവും അപകടം പതിയിരിക്കുന്ന നിമിഷങ്ങളുടെ മുന്നോടിയാകാം, എന്നു  പലയിടങ്ങളിലും വായിച്ചിട്ടുള്ളത്, അപ്പോള്‍ വേണ്ടായെങ്കിലും, ഓര്‍മ്മയില്‍ വരും. എന്നാല്‍ വിമാനം ഭൂമിയെ തൊടുന്നതോടെ, ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട്, നാടിന്‍റെ മണ്ണിലെത്തിയതിന്‍റെ  ആഹ്ലാദത്തില്‍, മനസ്സ്  ആശ്വസിക്കയാവും!!

വിമാനം പറന്നുയര്‍ന്നു ലെവലിലുള്ള യാത്ര തുടങ്ങിയപ്പോഴാണ്, ഞാന്‍ അത് ശ്രദ്ധിച്ചത്. അടുത്തിരിക്കുന്ന സ്ത്രീയുടെ മനസ്സിനെ കാര്യമായി എന്തോ അലട്ടുന്നുണ്ട്. ഏതോ വലിയ ഒരു സങ്കടം ആ മുഖത്തു ശരിക്കും നിഴലിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട മട്ടില്‍ തളര്‍ന്നുള്ള അവരുടെ ആ ഇരിപ്പ് എന്റെ മനസ്സിനെ  അസ്വസ്ഥമാക്കാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു. പൊതുവേ ഇങ്ങനെയുള്ള യാത്രകളില്‍, ഞാന്‍ അടുത്തിരിക്കുന്നവരെ ഒരിക്കലും ശല്യപ്പെടുത്താറില്ല. നമ്മള്‍ മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് എന്തിനു ക്ഷണിക്കാതെ കടന്നു ചെല്ലണം? ഇതാണ്  അപ്പോഴൊക്കെ എന്‍റെ മനസ്സില്‍ വരുന്ന ചിന്ത. എന്നാല്‍ ഇവിടെ, എന്റെയുള്ളിലെ സഹതാപവും ജിജ്ഞാസയും ഒന്നിച്ചപ്പോള്‍, അവരോടു ആ ദുഖത്തിന്റെ കാരണം ആരായണം എന്നുള്ള ഒരു നിര്‍ബന്ധം, എന്‍റെ ഉള്ളില്‍ ശക്തമായിക്കൊണ്ടിരുന്നു. ഒടുവില്‍ അങ്ങനെയാണ് രണ്ടും കല്‍പ്പിച്ചു ഞാന്‍ അവരോടു, എങ്ങോട്ടാണ് യാത്രയെന്നും, എവിടെ നിന്നാണ് വരുന്നത് എന്നും മറ്റുമുള്ള വിവരങ്ങള്‍, അവരുടെ തന്നെ ഭാഷയില്‍ ചോദിക്കാന്‍ ഒരുങ്ങിയത്.

ആദ്യം ഒരു അപരിചിതനായ എന്നോട് മനസ്സ് തുറക്കാന്‍ മടിച്ചെങ്കിലും,  വിശ്വാസത്തിലെടുക്കാം എന്ന് തോന്നിയതിനു ശേഷമുള്ള അവരുടെ വാക്കുകള്‍, അനര്‍ഗ്ഗളമായ ഒരു പ്രവാഹമായി മാറുന്നത്, ഞാന്‍ തെല്ല് അമ്പരപ്പോടെയാണ് നോക്കിയിരുന്നത്!! അതുവരെ അനുഭവിച്ച സ്വകാര്യ ദുഃഖങ്ങള്‍ മനസ്സ് തുറന്നു ആരുമായെങ്കിലുമായൊന്നു പങ്കു വയ്ക്കണം, എന്ന് വിചാരിച്ചിരുന്ന പോലെ, അവര്‍ പിന്നീട് പറഞ്ഞ കഥകള്‍, എന്നില്‍ ശരിക്കും നടുക്കമുളവാക്കാന്‍ പോന്നവയായിരുന്നു!!

ഒരു സ്കൂളിലെ ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞാണ്, അവരെ തമിഴ്നാട്ടിലുള്ള ഒരു റിക്രൂട്ടിംഗ് ഏജന്‍റ്, ഗള്‍ഫിലേക്ക് കയറ്റി വിട്ടത്. അതിനായി അവര്‍ക്ക് പണയപ്പെടുത്തേണ്ടി വന്നതോ, അവരുടെ കിടപ്പാടവും കെട്ടുതാലി ഒഴിച്ചുണ്ടായിരുന്ന സകല ആഭരണങ്ങളും!! എന്നാല്‍ കൂലി വേലക്കാരനും, രോഗിയുമായ ഭര്‍ത്താവിനേയും, മൂന്നും അഞ്ചും വയസ്സ് മാത്രം പ്രായമുള്ള രണ്ടു ചെറിയ കുട്ടികളേയും, ഭര്‍ത്തൃ  മാതാവിനൊപ്പം വിട്ടു വന്ന അവര്‍ക്ക്, അവിടെ ലഭിച്ച ജോലിയോ, തുശ്ചമായ ശമ്പളമുള്ള  ഒരു അറബി വീട്ടിലെ ജോലിക്കാരിയുടേതും!! രാവിലെ നാലു മണിക്കെഴുന്നേറ്റു തുടങ്ങുന്ന വീട്ടുജോലികള്‍ തീര്‍ന്നു, നടുവ് ഒന്ന് ചായിക്കാറാകുമ്പോഴേക്കും രാത്രി പതിനൊന്നു മണിയെങ്കിലുമാകും!! വാരത്തില്‍ ഒരു ദിവസം പോലും അവധിയില്ലാത്ത, വിശ്രമമില്ലാത്ത ജോലികള്‍!!

ആ വീട്ടിലെ ഗൃഹനായിക, ഒരു സ്കൂള്‍ അധ്യാപികയായിരുന്നു. കുട്ടികളുമൊത്ത് രാവിലെ ഏഴു മണിക്ക് സ്കൂളിലേക്ക് പുറപ്പെടുന്ന അവര്‍, മടങ്ങിയെത്തുന്നത് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് . അതുവരെ  ജോലിക്കൊന്നും പോകാതെ വീട്ടില്‍ തന്നെയിരിക്കുന്ന ഗൃഹനാഥനും, അയാളുടെ കണ്ണ് കാണാന്‍ വയ്യാത്ത വൃദ്ധയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടാവുക!! വീടിനുള്ളിലെ ഈ പ്രത്യേക സാഹചര്യങ്ങളാണ്, ഈ സ്ത്രീയുടെ പീഢനങ്ങളുടെ തുടക്കങ്ങള്‍ക്ക് വഴി തുറന്നത്!!

ഭാര്യ കുട്ടികളുമൊത്ത് സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍പ്പിന്നെ, വീട്ടുകാരന്‍  തരം കിട്ടുമ്പോഴെല്ലാം ജോലിക്കാരിയുടെ അടുത്തെത്തും. കണ്ണ് കാണാന്‍ പാടില്ലാത്ത അയാളുടെ വൃദ്ധ മാതാവ്, അവരുടെ കിടക്കയില്‍ തന്നെയായിരിക്കുന്നത് അയാള്‍ക്കൊരു സൌകര്യമായി. ആദ്യമൊക്കെ വെറും നിര്‍ദോഷമായ സംഭാഷണങ്ങളില്‍ തുടങ്ങിയായിരിക്കും, ജോലിക്കാരിയോടുള്ള ഇയാളുടെ സമീപനം. ദിവസങ്ങള്‍ കഴിയുന്നതോടെ സംഭാഷണങ്ങളും പ്രവൃത്തികളും, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു തുടങ്ങുന്നു. അറിയാതെ ജോലിയില്‍ മുഴുകി നില്‍ക്കുമ്പോള്‍, പുറകില്‍കൂടി വന്നു കെട്ടിപ്പിടിച്ച് ഉപദ്രവിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ തീരെ ചെറുത്തു നില്‍ക്കാന്‍  കഴിയാതെ വന്നപ്പോള്‍, ഭാര്യയെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നോക്കി. എന്നാല്‍ അതും ഫലം  കണ്ടില്ല. കാരണം സ്വതവേ ദീനക്കാരിയായ ഭാര്യക്ക്, ഭര്‍ത്താവ് അടുത്തു വരുന്നതേ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അയാളുടെ ഈ മാതിരി ചാപല്യങ്ങള്‍ക്ക് നേരെ, അവരും മനപ്പൂര്‍വ്വം കണ്ണടയ്ക്കുകയാണ് പതിവെന്നു, പോകെ പോകെ മനസ്സിലായി. ജോലിക്കാരികളെ സ്പോണ്സര്‍ ചെയ്തു നിര്‍ത്തുന്നതിന്‍റെ ഉദ്ദേശം തന്നെ ഇതൊക്കെയാണെന്നു, അയല്‍പക്കത്തുള്ളവരും കൂടി പറഞ്ഞതോടെ, ജോലികള്‍ വേഗത്തില്‍ തീര്‍ത്തു, ഉച്ചയ്ക്ക് ഭാര്യ ജോലി കഴിഞ്ഞെത്തുന്നതുവരെയുള്ള സമയം, സ്വയ രക്ഷക്കായി, അവര്‍ വീടിനു പുറത്തെവിടെയെങ്കിലും പോയി ഇരിക്കാന്‍ തുടങ്ങി.

ഒന്ന് ഒന്നര മാസം ഇങ്ങനെയുള്ള ദുരിതങ്ങളിലൂടെ എങ്ങനെ തള്ളി നീക്കി എന്നറിയില്ല. മാസം തികഞ്ഞപ്പോള്‍ ശമ്പളം കിട്ടുമല്ലോ എന്നുള്ള ഒരു ആശ്വാസം ഉണ്ടായിരുന്നതും, വൃഥാവിലായി. ശമ്പളം ചോദിക്കുമ്പോഴൊക്കെ, അടുത്ത മാസം ഒന്നിച്ചു തരാം, എന്നായി ഉത്തരം!! എങ്കിലും സാരമില്ല, രണ്ടു മാസത്തെ തുക ഒന്നിച്ചു കിട്ടുമല്ലോ എന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ്, വഴിത്തിരിവുണ്ടാക്കിയ ആ സംഭവം അരങ്ങേറിയത്!!

അന്നും പതിവുപോലെ അതിരാവിലെ തന്നെ, ഭാര്യ കുട്ടികളുമായി സ്കൂളില്‍പോയിരുന്നു. ഏകദേശം പത്തു മണിയായപ്പോള്‍ അയാള്‍ പാചകം ചെയ്തുകൊണ്ടിരുന്ന ഇവരുടെ പുറകിലെത്തി അവരെ തൂക്കിയെടുത്തുകൊണ്ട് ബെഡ് റൂമിലേക്ക്‌ നടന്നു. അലമുറയിട്ടുകൊണ്ട് ചെറുത്തുനിന്ന ഇവര്‍ക്ക്, അയാളുടെ പിടിയില്‍നിന്നും കുതറി മാറാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും, സാധിച്ചില്ല. ഇതിനകം ബെഡ് റൂമിലെത്തിയിരുന്ന അയാള്‍ ഇവരെ കിടക്കയിലേക്ക് മറിച്ചിടാന്‍ ശ്രമിച്ചു.. ഈ സമയത്താണ് ഇവര്‍ രണ്ടും കല്‍പ്പിച്ചു അയാളുടെ കയ്യില്‍ കടന്നു പിടിച്ചതും കടിച്ചു മുറിവേല്‍പ്പിച്ചതും!! പല്ല് കൊണ്ടുള്ള സാമാന്യം ആഴത്തിലുള്ള മുറിവായിരുന്നതിനാല്‍, രക്തം ധാരാളമായി ഒഴുകാന്‍ തുടങ്ങിയിരുന്നു. അത് വക വയ്ക്കാതെ  അയാള്‍ വര്‍ദ്ധിച്ച കോപത്തോടെ അവരുടെ നേര്‍ക്ക്‌ ശരിക്കും മര്‍ദ്ദനമുറകള്‍ അഴിച്ചു വിടാന്‍ തുടങ്ങി. ഒടുവില്‍ അവശയായ, അവരെ ആ മുറിയില്‍തന്നെ പൂട്ടിയിട്ടതിനു ശേഷം,  രക്തം വാര്‍ന്നൊഴുകുന്ന കയ്യുമായി,അയാള്‍ വണ്ടിയെടുത്തു വെളിയിലേക്ക് പോയി. അവരാകട്ടെ, ഇനിയെന്ത് സംഭവിക്കും എന്നുള്ള ആശങ്കയോടെ, ആ മുറിയുടെ മൂലയില്‍ ഭയന്ന് വിറച്ചിരുന്നു....

രണ്ടു മണിക്കൂറിനു ശേഷം അയാള്‍ തിരിച്ചെത്തിയപ്പോള്‍, കയ്യിലെ മുറിവ് ബാന്‍ഡേജു ചെയ്തിരുന്നു. തന്നെയുമല്ല,  ഇവരെ ക്യാന്‍സല്‍ ചെയ്യാനുള്ള പേപ്പറുകളും ഒപ്പം കൊണ്ടുവന്നിരുന്നു. അതിലൊക്കെ ഭയപ്പെടുത്തി ഒപ്പ് വയ്പ്പിച്ച ശേഷം, ഇവരോട് ഉടന്‍തന്നെ നാട്ടില്‍പോകാന്‍ തയ്യാറാവാനും പറഞ്ഞു. തന്നെ ഒന്ന് സഹായിക്കാനോ, തന്‍റെ നിസ്സഹായാവസ്ഥ ഒന്ന് വെളിപ്പെടുത്താനോ, ആരും തന്നെ തുണയില്ലാത്ത ആ അവസ്ഥയില്‍, ഇവര്‍ക്ക്  അയാളെ അനുസരിക്കയല്ലാതെ, വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, ഇമ്മിഗ്രേഷന്‍ ഓഫീസില്‍ നിന്നും ക്യാന്‍സല്‍ പേപ്പറുകള്‍ എല്ലാം ധൃതിയില്‍ ശരിയാക്കി, അയാള്‍ അന്നത്തെ ഫ്ലൈറ്റിനു തന്നെ ഇവരെ നാട്ടിലേക്ക് കയറ്റിവിട്ടു!! ശമ്പള ഇനത്തില്‍ കിട്ടാനുള്ള ഒന്നും തന്നെ കൊടുത്തതുമില്ല. നോക്കണേ, ഇവരുടെ ഒരു കഷ്ടകാലം!! കൊടിയ മര്‍ദ്ദനമുറകള്‍ ഏറ്റുവാങ്ങിയിട്ടും, മാനം കാത്തു സൂക്ഷിക്കാനായി ഈ സ്ത്രീ കാണിച്ച ധൈര്യത്തെ, എത്ര കണ്ടു പ്രശംസിച്ചാലാണ് മതിയാവുക?? എനിക്ക് അവരോടുള്ള ബഹുമാനം ഇരട്ടിക്കുകയായിരുന്നു....

ഇത്രയൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍, അവരുടെ കയ്യില്‍ ഇപ്പോള്‍ എത്ര രൂപ ഉണ്ടെന്നോ, കുഞ്ഞുങ്ങള്‍ക്കായി എന്തെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നൊക്കെ, ചോദിക്കാതിരിക്കാന്‍, ഒരു അച്ഛന്‍ കൂടിയായ എന്‍റെ മനസ്സ് അനുവദിച്ചില്ല. സത്യത്തില്‍ അവര്‍ എന്നോട് അത് പറഞ്ഞില്ലെങ്കില്‍കൂടി, ഞാന്‍ മനസ്സിലാക്കിയതനുസരിച്ചു, അവരുടെ കയ്യില്‍ ഇപ്പോള്‍ ആ ചെറിയ ബാഗില്‍ ഉള്ളതല്ലാതെ ഒന്നും തന്നെ ഇല്ല. ഇല്ലാത്ത ഒരു വലിയ തുക ചിലവാക്കിയായിരുന്നല്ലോ, ഇവരുടെ ജോലിക്കായുള്ള വരവ് തന്നെ!! തിരിച്ചു ചെല്ലുന്നതോ, ഒന്നും തന്നെ കയ്യിലില്ലാത്ത അവസ്ഥയിലും!! ഞാന്‍ ചിന്തയിലാണ്ടിരുന്നു....

യാത്ര അവസാനിക്കാറായിരുന്നു. സമയം കടന്നു പോയത് അറിഞ്ഞിരുന്നില്ല. ഇടയ്ക്കെപ്പോഴോ കാബിന്‍ക്രൂ കൊണ്ട് തന്നിരുന്ന ഭക്ഷണം, കഴിച്ചെന്നു വരുത്തി, എന്ന് മാത്രം. ആ സ്ത്രീയാണെങ്കില്‍ ഒന്നും തന്നെ കഴിക്കുന്നുമുണ്ടായിരുന്നില്ല!!

ഇക്കുറി ലാന്‍ഡിങ്ങിന്‍റെ സങ്കീര്‍ണ്ണതകളില്‍ നിന്നും എന്തോ, മനസ്സ് മുക്തമായിരുന്നു. കാരണം അവിടെ മറ്റെന്തൊക്കെയോ ചിന്തകള്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇമ്മിഗ്രേഷന്‍ നൂലാമാലകള്‍ കഴിഞ്ഞതോടെ ഇനി എനിക്ക്, ബാഗ്ഗേജുകള്‍ ശേഖരിച്ചു പുറത്തേക്ക് കടന്നാല്‍ മതി. ഞാന്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ സ്ത്രീയെ നോക്കി. ആകെ ഉള്ള ആ ചെറിയ ബാഗ്, അവര്‍ ഇപ്പോഴും മുറുകെ പിടിച്ചിരിക്കയാണ്. വേറെ ബാഗേജുകള്‍ ഒന്നും അവര്‍ക്ക് ശേഖരിക്കാനായി ഇല്ല. വെളിയില്‍ എന്നെ സ്വീകരിച്ചു, വെറും പത്തു മിനിട്ടുകളുടെ മാത്രം ദൂരത്തായുള്ള എന്‍റെ വീട്ടിലേക്കു കൊണ്ടുപോകാന്‍, മകനും ഭാര്യയും, അക്ഷമയോടെ കാത്തു നില്‍ക്കുന്നുണ്ടാവും. ഈ സ്ത്രീക്കായി അങ്ങനെ ആരും തന്നെ ഉണ്ടാവില്ല, എന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നതു ഞാന്‍ ഓര്‍ത്തു. പുറത്തിറങ്ങി ഏതെങ്കിലും ദീര്‍ഘദൂര ബസ്സ് പിടിച്ചു, അവര്‍ക്ക് സ്വന്ത ഊരിലെക്കുള്ള യാത്ര തുടരേണ്ടി വരും....

ഞാന്‍ അവരോടു അവിടെ തന്നെ നില്‍ക്കാനായി പറഞ്ഞിട്ട്, വേഗം ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്ക് കയറിച്ചെന്നു. കൊച്ചു കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കുറെ മിട്ടായികളും, അവിടെ കിട്ടുന്ന, അവര്‍ക്ക് വേണ്ടുന്ന മറ്റു കുറച്ചു സാധനങ്ങളും വാങ്ങി പാക്ക്‌ചെയ്തു അവരുടെ അടുത്തെത്തി, അത് അവരെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

“നോക്കൂ, ഇതില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കാനുള്ള, അവര്‍ ഇഷ്ടപ്പെടുന്ന കുറച്ചു സാധനങ്ങളാണ്. തന്നെയുമല്ല, നിങ്ങളുടെ കയ്യില്‍, വഴിച്ചെലവിനുള്ള നിസ്സാര തുകയേ ഉള്ളൂ എന്നും, എനിക്കറിയാം. ഞാനും  വലിയ ധനികനൊന്നുമല്ല എങ്കിലും, നിങ്ങളുടെ ദയനീയാവസ്ഥ മുഴുവനും അറിഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കും വളരെ വിഷമം തോന്നുന്നു. പണം ഇന്ന് ചിലപ്പോള്‍ ഉണ്ടെന്നിരിക്കും, നാളെ ചിലപ്പോള്‍ അത്, എന്‍റെ കയ്യിലും ഇല്ലാതെ വരാം!! അതുകൊണ്ട്  ഇപ്പോള്‍ കുറച്ചു പണം ഞാന്‍ നിങ്ങള്‍ക്ക് തന്നാല്‍,  ഒരു സഹോദരന്‍ തരുന്നതായി കണക്കാക്കി, നിങ്ങള്‍ അത് വാങ്ങുമെങ്കില്‍, എനിക്കും സന്തോഷമായി..."

പറഞ്ഞു നിറുത്തിയതിനു ശേഷം, വിമാനമിറങ്ങിയാലുടന്‍ ഉണ്ടായേക്കാവുന്ന ചിലവിലേക്കായി, ദുബായില്‍ നിന്നുതന്നെ മാറ്റിക്കൊണ്ടു വന്നിരുന്ന കുറച്ച് ഇന്ത്യന്‍രൂപാ അടങ്ങിയ ഒരു കവര്‍, ഞാന്‍ അവര്‍ക്ക് നേരെ നീട്ടി.

സാധുവായിരുന്നെങ്കിലും, അഭിമാനമുള്ള സ്ത്രീ തന്നെയായിരുന്നു അവര്‍!! ആദ്യമൊന്നും അത് വാങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ലെങ്കിലും, എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി,  പിന്നീട് അവര്‍ അത് എന്‍റെ കയ്യില്‍ നിന്നും വാങ്ങി. ആ സമയം നിറഞ്ഞു വന്നിരുന്ന അവരുടെ കണ്ണുകള്‍, ഞാന്‍ കണ്ടില്ലെന്നു നടിക്കുമ്പോഴും, ഇനി വീട്ടിലെത്തിയാലുള്ള അവരുടെ അവസ്ഥ  എന്തായിരിക്കും എന്നുള്ളതായിരുന്നു എന്റെ ചിന്തകള്‍. കടം കൊടുത്തവര്‍ ഒരു വശത്ത് അവരെ ഞെരുക്കുമ്പോള്‍, ഉപജീവനത്തിന്‍റെ പ്രശ്നം വലിയ ഒരു ചോദ്യചിഹ്നമായി മറുവശത്ത്!! എല്ലാ പ്രതീക്ഷകള്‍ക്കും വിരാമമിട്ടുകൊണ്ടാണല്ലോ  അകാലത്തിലുള്ള അവരുടെ ഈ തിരിച്ചു വരവ്!! അവരുടെ അഡ്രസ്‌ വാങ്ങുന്നതിലൊന്നും കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ഞാന്‍ വിചാരിച്ചാല്‍ അവര്‍ക്ക് മറ്റൊരു ജോലി വാങ്ങി കൊടുക്കാനോ ഒന്നും, സാധിക്കുമായിരുന്നില്ല. പിന്നെ വെറുതെ വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് എന്ത് നേടാന്‍?

പുറത്തേക്കുള്ള വഴി അവര്‍ക്ക് കാണിച്ചു കൊടുത്തതിനുശേഷം,  ബാഗ്ഗേജുകള്‍ ശേഖരിക്കാനായി, ഞാന്‍ കണ്‍വയര്‍ ബെല്‍റ്റിന് അരികിലേക്ക് മെല്ലെ നീങ്ങി......

വര്‍ഷങ്ങള്‍ക്ക് ശേഷവും, ആ ചെറിയ ബാഗും, ഞാന്‍ കൊടുത്ത പാക്കറ്റുകളും, ഒരു നിധി പോലെ മുറുകെ പിടിച്ചു, കൂടെക്കൂടെ എന്നെ തിരിഞ്ഞു നോക്കി അകലങ്ങളിലേക്ക് മറയുന്ന ആ രൂപം, എന്റെ മനസ്സിന്റെ കോണുകളിലെവിടെയോ, നൊമ്പരമുണര്‍ത്തുന്ന ഒരു ഓര്‍മ്മയായി ഇന്നും അവശേഷിക്കുന്നു........