Tuesday, June 26, 2012

എന്റെ പ്രിയപ്പെട്ട കുഞ്ഞേ .......



ഒടുവില്‍ ആ കുരുന്നിന്റെ ജീവനും ഏതോ ഒരു കുഴല്‍ക്കിണറിന്റെ തന്നെ  അഗാധതയില്‍ അസ്തമിച്ചു. ആ വാര്‍ത്ത അറിഞ്ഞപ്പോള്‍മുതല്‍,  അനേകായിരങ്ങള്‍ക്കൊപ്പം ഞാനും ദൈവങ്ങളോട് അപേക്ഷിക്കയും, നേര്‍ച്ചകള്‍ നേരുകയുമായിരുന്നു.അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാതെ, ആ കുരുന്നു ജീവന്‍ പറന്നു പോയി. കുഴല്‍ക്കിണറില്‍ വീണ നിമിഷം മുതല്‍ അവസാനം വരെ ആ കുരുന്നു അനുഭവിച്ച യാതനകള്‍ ഓര്‍ക്കുംപോള്‍തന്നെ എന്റെ മനസ്സ് കിടിലം 
കൊള്ളുന്നു. കിണറിന്റെ അഗാധതയില്‍ ആരോരും അടുത്തില്ലാതെ കൂരിരുട്ടില്‍ 
ആ കുഞ്ഞു ഒറ്റക്കിരുന്നു എന്തുമാത്രം പേടിച്ചു കരഞ്ഞിട്ടുണ്ടാവും. വീഴ്ച്ച്ചയില്‍ നിന്നുണ്ടായ പരിക്കുകളില്‍ നിന്നുള്ള വേദന വേറെ. അതിന്റെ 'അമ്മാ, അപ്പായെ എന്നെ  രക്ഷിക്കണേ' എന്നുള്ള നിസ്സഹായതയില്‍ നിന്നുള്ള ആ നിലവിളി
ആരെങ്കിലും കേട്ടിട്ടുണ്ടാവുമോ? ഒരു തുള്ളി വെള്ളം പോലും കിട്ടാനാവാതെ
ദാഹവും വിശപ്പും അതിലുപരി ഭയവും കൊണ്ട് വിറച്ചു, ആ കുഞ്ഞു
ശരീരം ഒടുവില്‍ നിശ്ച്ചലമായിട്ടുണ്ടാവും.  ഗദ്ഗദം വിതുമ്പുന്ന എന്റെ മനസ്സ് 
എന്നെ തുടരാന്‍ അനുവദിക്കുന്നില്ല. എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീ ഇപ്പോള്‍ 
ദൈവത്തിന്റെ സ്നേഹമുള്ള കരങ്ങളില്‍ വിശ്രമിക്കുന്നുണ്ടാവും എന്ന് ഞാനെന്റെ മനസ്സിനെ ഒന്ന് സമാധാനിപ്പിച്ചോട്ടെ..    


ആരാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദികള്‍? സര്‍ക്കാരാണോ, അതോ 
കുഴല്‍ക്കിണര്‍ കുഴിച്ചു, വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കാതെ അലക്ഷ്യമായി 
വിട്ടിട്ട് പോയവരാണോ? ആരും ഒന്നും പറയുന്നുമില്ല,ആര്‍ക്കും ഒന്നും 
പറയാനുമില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം ശ്രദ്ധിച്ചാല്‍, ഈ ദുരന്തവും 
അതിനിരയായ കുഞ്ഞും എല്ലാം, വിസ്മ്രിതിയിലാണ്ട് പോയിട്ടുണ്ടാവും! 
എങ്ങിനീയറിങ്ങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ
കിണറുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഭൂനിരപ്പില്‍ നിന്നും അതിന്റെ വായവട്ടം
കുറച്ചു മുകളിലേക്കുയര്‍ത്തി, ഒരു സെയ്ഫ്ടി ക്യാപ്പ് ഉറപ്പിക്കുക എന്നുള്ളത്
അത്ര ദുഷ്ക്കരമായ ഒരു കാര്യമായി എനിക്ക് തോന്നിയിട്ടില്ല.പക്ഷെ ആരാണ്
ഇവരെക്കൊണ്ട് ഇതൊക്കെ പറഞ്ഞു ചെയ്യിക്കേണ്ടത്?


ഈ വൈകിയ വേളയിലെങ്കിലും ഇതുപോലെയുള്ള പിഞ്ചു കുഞ്ഞുങ്ങളെ
ബലിയാടാക്കാതെ  എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവര്‍ ഒരു പരിഹാരം കാണട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു!! 

Saturday, June 23, 2012

എങ്കിലും റ്റോമെ ,ഇത്ര നല്ലവനാവാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു?...



 "എങ്കിലും റ്റോമെ, ഇത്ര നല്ലവനാവാന്‍ നിനക്ക് എങ്ങിനെ കഴിഞ്ഞു?" ബെക്കി താച്ചറുടെ ഈ ചോദ്യം വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ മനസ്സിന്റെ അടിത്തട്ടില്‍നിന്നും വല്ലപ്പോഴെങ്കിലും ഞാന്‍ ഒരു ഉണര്തുപാട്ടിന്റെ ഈണത്തില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്!


 സ്കൂള്‍ അവധിക്കാലം, എപ്പോഴും ഞങ്ങള്‍ക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദിവസങ്ങളായിരുന്നു. പ്രത്യേകിച്ച് ഗ്രാമത്തില്‍ വസിച്ചിരുന്ന ഞങ്ങള്‍ക്ക്, തിരുവനന്തപുരത്തുകാരിയായ അമ്മയുടെ വീട്ടിലേക്കുള്ള യാത്രയും, അവിടുത്തെ രണ്ടാഴ്ച്ച നീളുന്ന  താമസവും, എക്കാലവും മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു. മിക്കവാറും ദിവസങ്ങളില്‍, രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെ, അമ്മയോടൊപ്പം ഞങ്ങളെ മ്യുസിയത്തിനു മുന്‍പിലുള്ള വാതിലിനു
മുന്‍പില്‍ ഡ്രോപ്പ് ചെയ്തിട്ട് അങ്കിള്‍ യാത്രയാവും പിന്നെ ഞങ്ങളെ വിളിക്കാന്‍ വരുന്നത്, ഉച്ചയൂണിന്റെ സമയത്ത് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാനാണ്. മോഡല്‍ സ്കൂളില്‍ പഠിച്ചിരുന്ന അമ്മ, കുട്ടിക്കാലത്ത് സ്കൂളില്‍ പോയിരുന്നത്  മ്യുസിയത്തിനകത്തുകൂടിയായിരുന്നതിനാല്‍, അവിടുത്തെ വഴികളൊക്കെ അമ്മയ്ക്ക് സുപരിചിതമായിരുന്നു. ഞങ്ങളെയെല്ലാം നയിച്ചുകൊണ്ട്, അമ്മ ഒരു ഗൈഡിനെപ്പോലെ അവിടെയെല്ലാം ഞങ്ങളുമൊത്തു ചുറ്റിത്തിരിയും. അടുത്ത ദിവസം
കോട്ടയ്ക്കകത്തെ കാഴ്ച്ച്ചകളായിരിക്കും, കാണിച്ചു തരുക. ഇത് കൂടാതെ വാരാന്ത്യങ്ങളില്‍, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്ക്, അങ്കിളും കുടുംബവുമൊത്തു ദൂരയാത്രകളും പോകാറുണ്ടായിരുന്നു.

 
 എങ്കിലും എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല. അങ്കിള്‍ ഒരു പരന്ന വായനക്കാരനായിരുന്നതിനാല്‍ ആ വീട്ടില്‍ ഒരു വലിയ പുസ്തക ശേഖരം തന്നെയുണ്ടായിരുന്നു. കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുള്ള മാസികകള്‍ ഉള്‍പ്പെടെ പല ആനുകാലിക  പ്രസിദ്ധീകരണങ്ങളും. അങ്ങിനെ അവിടെ വെച്ചാണ് ഞാന്‍ വിശ്വ പ്രസിദ്ധ സാഹിത്യകാരനായ Mark Twain ന്റെ ആരാധകനായിത്തീരുന്നത് .അദ്ദേഹത്തിന്റെ ' The Advenctures of Tom Sawyer'എന്ന
കൃതിയുടെ പരിഭാഷ ഒരു ബാല മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. അതിലെ മുഖ്യ കഥാപാത്രമായ റ്റോമിന്റെ വികൃതികള്‍ എന്നെ വളരെയധികം രസിപ്പിക്കുകയും ആനന്ദിപ്പിക്കയും ചെയ്തിരുന്നു! എങ്കിലും റ്റോമിന്റെ എല്ലാ കുസൃതികള്‍ക്കുമുപരി , റ്റോമിന്റെ മനസ്സ് കവര്‍ന്ന ബെക്കി എന്ന പെണ്‍കുട്ടിക്കുവേണ്ടി ചെയ്യുന്ന ത്യാഗത്തിന്റെ ചിത്രമാണ്, എന്റെ ബാലമനസ്സിനെ അന്നൊക്കെ ഏറ്റവും അധികം കവര്‍ന്നിരുന്നത്! അധ്യാപകന്റെ പുസ്തകതാള്‍
അബധ്ധത്തില്‍ കീറിയ ബെക്കിക്ക്, അധ്യാപകന്റെ ചോദ്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല .കുറ്റം ഏറ്റു പറയാനായി എഴുന്നേറ്റു നിന്ന ബെക്കിയുടെ വിളറിയ മുഖം, റ്റോമിന്റെ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കി. അവന്‍ ചാടി എഴുന്നേറ്റുകൊണ്ട്, താനാണത് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ താന്‍ അതുവരെ വെറുക്കുകയും ശല്യക്കാരന്‍ എന്ന് മുദ്രയിടുകയും ചെയ്തിരുന്ന റ്റോമിന്റെ നന്മയുടെ മറ്റൊരു മുഖമാണ് അവള്‍ക്ക് മുന്‍പില്‍ അവന്‍ തുറന്നു കാട്ടിയത്.

 
അധ്യാപകന്റെ ചൂരല്‍ പ്രയോഗമോ സ്കൂള്‍ വിട്ടതിനുശേഷം രണ്ടു മണിക്കൂര്‍ ക്ലാസ്സില്‍ തന്നെ നില്‍ക്കണം എന്നുള്ള ശിക്ഷയോ ഒന്നും റ്റോമിന് പ്രയാസമുള്ളതായി തോന്നിയിരുന്നില്ല. അവന്റെ മനസ്സ് മുഴുവനും താന്‍ ഇഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുടെ മനസ്സ് കീഴടക്കിയതിന്റെ സന്തോഷമായിരുന്നു!


 
 ശിക്ഷ കഴിഞ്ഞു പുറത്തു വന്ന റ്റോമിനെ കാത്തു വാതിലിനപ്പുറത്തു നിറകണ്ണുകളോടെ അവള്‍ നില്‍ക്കുന്നുണ്ടായിരുന്നു, ബെക്കി! തന്നോടുള്ള നന്ദിയും സ്നേഹവും ആരാധനയും ഒക്കെ ആ വിടര്‍ന്ന കണ്ണുകളില്‍ നിന്നവന്‍ വായിച്ചെടുത്തു! നിമിഷങ്ങളുടെ നിശബ്ധതയ്ക്ക് ശേഷം അവള്‍ അവനോടു ചോദിച്ചു.."എങ്കിലും റ്റോമെ, ഇത്ര നല്ലവനാവാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു?'

 
 വര്‍ഷങ്ങള്‍ക്കുശേഷം, അതേ നഗരത്തില്‍, അതേ വീട്ടില്‍ എന്ചിനീയറിങ്ങിനു പഠിക്കാനായി ഞാന്‍ താമസം തുടങ്ങിയപ്പോള്‍, ആദ്യം കിട്ടിയ അവസരത്തില്‍ത്തന്നെ അവിടുത്തെ അമേരിക്കന്‍ ലൈബ്രറിയില്‍ അംഗത്വത്തിനപേക്ഷിച്ചതും,അംഗത്വം കിട്ടിയ അന്ന് തന്നെ ലൈബ്രറിയില്‍ കയറി ആദ്യം ചെന്ന് ആ പുസ്തകം വച്ചിരുന്ന റാക്കിന്റെ മുന്‍പില്‍ നിന്നതുമൊക്കെ, ഇന്നെന്നപോലെ ഞാന്‍ ഓര്‍ക്കുന്നു! ആ കൌമാരക്കാരിയുടെ ഹൃദയത്തിനുള്ളില്‍ നിന്നും ഉതിര്‍ന്നു വീണ ആവാക്കുകള്‍, അപ്പോഴും, എന്നിലെയും, നന്മയുടെ നേര്‍ത്ത തന്ത്രികളെ തൊട്ടുണര്‍ത്തുന്നത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു! ബെക്കിയുടെ, എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ആ ചോദ്യം, ആ ആംഗലേയ എഴുത്തുകാരന്റെ തൂലിക എങ്ങിനെയായിരിക്കും
അവിടെ വരച്ചിട്ടിരിക്കുന്നത് എന്ന് അറിയാനുള്ള, വര്‍ഷങ്ങളായിട്ടുള്ള എന്റെ വ്യഗ്രതയായിരുന്നു, തിടുക്കത്തില്‍ എന്റെ കാലുകളെ, അവിടേക്ക് നയിച്ചത്. ഉദ്വേഗമുണര്‍ത്തുന്ന മനസ്സുമായി എന്റെ വിരലുകള്‍ ആ പുസ്തകത്തിന്റെ താളുകളെ തിടുക്കത്തില്‍ മറിച്ചുകൊണ്ടിരുന്നു.. ഒടുവില്‍ അതാ ഞാന്‍ പ്രതീക്ഷിച്ച ആ വാചകം അവിടെ "Tom, how could you be so noble?" എന്റെ കണ്ണുകള്‍ ഞാനറിയാതെ ഈറനണിഞ്ഞു...

 
 Mark Twainന്റെ ഉദാത്തവും വശൃസുന്ദരവുമായ ആ വാക്കുകളോളം ഭംഗി, ആ മലയാള പദങ്ങള്‍ക്ക് ഇല്ലായിരുന്നെന്നു എനിക്കപ്പോള്‍ മനസ്സിലായെങ്കിലും , എന്തോ ഇന്നും എന്റെ മനസ്സില്‍, മായാതെ ജ്വലിക്കുന്നത് ആ പരിഭാഷകന്റെ
ലാളിത്യം നിറഞ്ഞ വാക്കുകള്‍ തന്നെയായിരുന്നു ! .അതെ, ഇപ്പോഴും ഞാന്‍, അങ്ങിനെത്തന്നെ വിശ്വസിക്കുന്നു, മാറ്റമില്ലാതെ......


Monday, June 18, 2012

ഒരു യാത്രയുടെ നനുത്ത ഓര്‍മയിലൂടെ!!!!!!!!





ഒരു മധ്യവേനല്‍ അവധിക്കാലം. ഞാന്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍നിന്നും നാട്ടിലേക്ക് തീവണ്ടിയില്‍ പോവുകയായിരുന്നു. രാത്രി യാത്രയായതിനാല്‍ ഭക്ഷണം കഴിച്ചതിനുശേഷം മുകളിലെ ബെര്തിലേക്ക് ഞാന്‍ കയറി. നടുവിലത്തെയും താഴത്തെയും ബെര്തുകളില്‍ മകനും  ഭാര്യയും കിടന്നു കഴിഞ്ഞു.ഞാന്‍ ഷീറ്റും തലയിണയും വിരിച്ചുകഴിഞ്ഞപ്പോഴേക്കും രണ്ടു  കുഞ്ഞു കണ്ണുകള്‍ അഴികള്‍ക്കിടയിലൂടെ അപ്പുറത്തെ മുകളിലുള്ള ബെര്‍ത്തില്‍നിന്നും എന്നെത്തന്നെ ശ്രദ്ധിക്കുന്നു! ഞാന്‍ കൌതുകത്തോടെ ആ കുരുന്നിനെ നോക്കി. കഷ്ട്ടിച്ചു ഒരു മൂന്നു വയസ്സ് വരും ആ കൊച്ചു പെണ്‍കുട്ടിക്ക്.ആരും ഇഷ്ടപ്പെടുന്ന ഓമനത്തമുള്ള മുഖവും തിളക്കമാര്‍ന്ന കണ്ണുകളും.ചിരിച്ച മുഖത്തോടെ അവള്‍ എന്നോട് ചോദിക്കുകയാണ്

'അങ്കിളും ചേച്ചിയുടെ കല്യാണത്തിന് വരുകയാണോ?'

ഞാന്‍ അതിന്‍റെ ഉത്തരം പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേതന്നെ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി

‘അങ്കിള്‍ ഞാന്‍ എല്കെജിയിലാ പഠിക്കുന്നത്  എന്റെ മിസ്സ് പറഞ്ഞു രണ്ടു ദിവസത്തെ ലീവ് മാത്രമേ തന്നിട്ടുള്ളൂ എന്നും അതിനാല്‍ മറ്റെന്നാള്‍ തന്നെ ക്ലാസ്സില്‍വരണമെന്നും.എന്റെ മിസ്സ്‌ നല്ല മിസ്സാ അങ്കിള്‍ മോളെ ഒത്തിരി ഇഷ്ടമാ അങ്കിള്‍ അറിയുമോ  മോളുടെ മിസ്സിനെ നല്ല വെളുത്ത ഒരു സുന്ദരി മിസ്സാ..’

അവള്‍ അങ്ങനെ  തുടര്‍ന്നുകൊണ്ടിരുന്നു. മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു  ചിരിച്ചുകൊണ്ടുള്ള അവളുടെ സംസാരം കേള്‍ക്കാന്‍ വളരെ കൌതുകമായിരുന്നു. ഞാന്‍ എല്ലാം  മറന്നു അവളുടെ വര്‍ത്തമാനം കേട്ടുകൊണ്ടുതന്നെ നിന്ന് പോയി ഓരോ കാര്യങ്ങള്‍പറഞ്ഞു കേള്പ്പിക്കുംപോഴും അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ ഒരു സിനിമാനടിയുടെ അഭിനയത്തെ വെല്ലുന്നതായിരുന്നു!

‘മോളൂ അങ്കിളിനെ ശല്യപ്പെടുതാതെ .ഉറങ്ങാന്‍നോക്കൂ'

അപ്പുറത്തുനിന്നും അവളുടെ അമ്മയായിരിക്കും അവളെ താക്കീത് ചെയ്യുന്നത് ഞാന്‍ കേട്ടു

അവള്‍ എന്നെ  പതുക്കെ ഒന്ന്   കണ്ണടച്ച് കാണിച്ചിട്ടു വീണ്ടും സംസാരം തുടര്‍ന്നു.. ഇത്തിരി കഴിഞ്ഞപ്പോള്‍ അവള്‍ സംസാരം നിറുത്തി എന്നോട് ചോദിച്ചു

‘അങ്കിള്‍ എനിക്ക്  ഉറക്കം വരുന്നു,അങ്കിള്‍ എന്റെ  ഈ കൈയ്യില്‍ഒന്ന് മുറുക്കെ പിടിക്കുമോ ഉറങ്ങുമ്പോഴേ മോള്‍ക്ക്‌ പേടിയാ  അങ്കിള്‍'

അവളുടെ വെള്ളാരം കണ്ണുകള്‍ എന്നില്‍ത്തന്നെ  ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് ചോദ്യം.ഞാന്‍ ആ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ഇതാ ആ കണ്ണുകളില്‍ അവള്‍ക്ക്  എന്നോടുള്ള സ്നേഹവും അതിലുമുപരി വിശ്വാസവും എല്ലാം തെളിഞ്ഞു കാണാം.അവള്‍ ആദ്യമായി കാണുന്ന എന്റെ കൈകളില്‍ അവളുടെ സുരക്ഷിതത്വം ഉറച്ച വിശ്വാസത്തില്‍ സമര്‍പ്പിക്കുകയാണ്. ആ കുരുന്നിനോട് എനിക്ക് എന്റെ ഉള്ളില്‍ ‍എന്തെന്നില്ലാത്ത സ്നേഹവും ഇഷ്ടവും വാല്‍സല്യവും ഒക്കെ തോന്നി. അവളുടെ കുഞ്ഞി കയ്യിനെ എന്‍റെ കൈകൊണ്ടു പൊതിഞ്ഞു പിടിച്ചു കൊണ്ട് ഞാന്‍പറഞ്ഞു

‘മോള് ഒന്നും പേടിക്കേണ്ട  അങ്കിള്‍ മുറുകെ  പിടിച്ചിട്ടുണ്ട് കേട്ടോ മോള് ധൈര്യമായി  ഉറങ്ങിക്കോ..’ ഞാന്‍  അവള്‍ക്കു ഉറപ്പു കൊടുത്തു

‘ഉഊം’ അവളുടെ ശബ്ദത്തില്‍ ഉറക്കം  കലര്‍ന്ന് തുടങ്ങിയിരുന്നു

അടുത്ത നാലഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ  കൈവിരലുകള്‍ എന്‍റെ കൈയ്യില്‍നിന്നും ഊര്‍ന്നിറങ്ങിപ്പോയതും അവള്‍ ‍ഉറങ്ങിക്കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മെല്ലെ  എന്‍റെ  കൈയ്യു വലിച്ചെടുത്തു.....

ട്രെയിനിന്‍റെ താളനിബന്ധമായ    ചലനങ്ങള്‍ എന്നെയും  ഉറക്കത്തിലേക്ക് നയിക്കുമ്പോഴും എന്‍റെ ചിന്തകള്‍ ആ കുരുന്നിനെക്കുറിച്ചായിരുന്നു വെറും പത്തു നിമിഷങ്ങളിലെ പരിചയത്തിലൂടെ ആ കൊച്ചു മാലാഖ എന്നെ അവളുടെ വിശ്വാസത്തില്‍ എടുത്തിരിക്കുന്നു! പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സിലെ നിഷ്കളങ്കത എന്നെ സന്തോഷിപ്പിക്കുകയും അതിലുമുപരി എന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. നാളെ രാവിലെതന്നെ അപ്പുറത്ത് പോയി ആ കുടുംബത്തെ പരിചയപ്പെടണം എന്നും, ആ കുരുന്നിനെ ഒന്ന് കൂടി കണ്ണ് നിറയെ കാണണമെന്നും അവളെ അടുത്തിരുത്തി ഓമനിക്കണമെന്നും ഞാന്‍  മനസ്സില്‍ ഉറപ്പിച്ചു...

രാത്രിയിലെപ്പോഴോക്കെയോ ട്രെയിന്‍ വലിയ സ്റേഷനുകളില്‍   നിറുത്തുന്നതും  ആള്‍ക്കാര്‍   വലിയ ശബ്ധകോലാഹലങ്ങളോടെ ഇറങ്ങുന്നതും കയറുന്നതും  ഒക്കെ       ഉറക്കത്തിന്‍റെ         ആലസ്യത്തില്‍   ഞാന്‍ അറിയുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ  ഞാന്‍  തലവഴി പുതപ്പ് ഒന്നുകൂടി വലിച്ചിട്ട് ഫാന്‍   തരുന്ന കുളിര്‍മയിലേക്ക് ഊളിയിട്ടു

‘എന്താ എഴുന്നെല്‍ക്കുന്നില്ലേ?'

ഭാര്യയുടെ സ്നേഹപൂര്‍വമുള്ള  വിളി കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി നേരം നന്നേ വെളുത്തിരിക്കുന്നു. ഞാന്‍ വേഗംതന്നെ  താഴെ  ഇറങ്ങി ബാത് റൂമിലേക്ക് നടന്നു

തിരികെ വരുന്ന വഴിയില്‍തന്നെ അപ്പുറത്തെ കംപാര്‍ട്മെന്റിലേക്കൊന്നു എത്തി നോക്കി. എന്‍റെ കണ്ണുകള്‍ അവള്‍ കിടന്നിരുന്ന മുകളിലെ 
ബെര്‍ത്തിലേക്ക് നീണ്ടു. മനസ്സൊരു നിമിഷം  തുടിച്ചു... ഇല്ല ആ കുരുന്നു അവിടെ ഇല്ല.. അവിടെ അങ്ങനെ ഒരു ഫാമിലിയേ കാണുന്നില്ല..രാത്രിയുടെ ഏതോ യാമത്തില്‍ ആ അജ്ഞാത കുടുംബത്തോടൊപ്പം എന്‍റെ മനസ്സിനെ കീഴടക്കിയ ആ കുരുന്നും  ഇറങ്ങി പോയിരിക്കും എന്ന് ഞാന്  ‍സങ്കടത്തോടെ ഓര്‍ത്തു.

നഷ്ടബോധം വിങ്ങുന്ന മനസ്സുമായി എന്‍റെ എട്ടു വയസുകാരന്‍ മകനെ ചേര്‍ത്തുപിടിച്ചു അവന്‍റെ  അരികിലിരിക്കുമ്പോഴും ഒരിക്കലും മറക്കാനാവാത്ത   ആ ഓമനത്തം തുളുമ്പുന്ന മുഖവും  പ്രകാശം വിതറുന്ന കണ്ണുകളും എന്‍റെ ഓര്‍മ്മകളില്‍  മായിക്കാനാവാത്ത ഒരു മഴവില്ലായി  തിളങ്ങി  നിന്നിരുന്നു!!!!!!