Saturday, June 23, 2012

എങ്കിലും റ്റോമെ ,ഇത്ര നല്ലവനാവാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു?... "എങ്കിലും റ്റോമെ, ഇത്ര നല്ലവനാവാന്‍ നിനക്ക് എങ്ങിനെ കഴിഞ്ഞു?" ബെക്കി താച്ചറുടെ ഈ ചോദ്യം വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ മനസ്സിന്റെ അടിത്തട്ടില്‍നിന്നും വല്ലപ്പോഴെങ്കിലും ഞാന്‍ ഒരു ഉണര്തുപാട്ടിന്റെ ഈണത്തില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്!


 സ്കൂള്‍ അവധിക്കാലം, എപ്പോഴും ഞങ്ങള്‍ക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദിവസങ്ങളായിരുന്നു. പ്രത്യേകിച്ച് ഗ്രാമത്തില്‍ വസിച്ചിരുന്ന ഞങ്ങള്‍ക്ക്, തിരുവനന്തപുരത്തുകാരിയായ അമ്മയുടെ വീട്ടിലേക്കുള്ള യാത്രയും, അവിടുത്തെ രണ്ടാഴ്ച്ച നീളുന്ന  താമസവും, എക്കാലവും മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു. മിക്കവാറും ദിവസങ്ങളില്‍, രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടെ, അമ്മയോടൊപ്പം ഞങ്ങളെ മ്യുസിയത്തിനു മുന്‍പിലുള്ള വാതിലിനു
മുന്‍പില്‍ ഡ്രോപ്പ് ചെയ്തിട്ട് അങ്കിള്‍ യാത്രയാവും പിന്നെ ഞങ്ങളെ വിളിക്കാന്‍ വരുന്നത്, ഉച്ചയൂണിന്റെ സമയത്ത് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാനാണ്. മോഡല്‍ സ്കൂളില്‍ പഠിച്ചിരുന്ന അമ്മ, കുട്ടിക്കാലത്ത് സ്കൂളില്‍ പോയിരുന്നത്  മ്യുസിയത്തിനകത്തുകൂടിയായിരുന്നതിനാല്‍, അവിടുത്തെ വഴികളൊക്കെ അമ്മയ്ക്ക് സുപരിചിതമായിരുന്നു. ഞങ്ങളെയെല്ലാം നയിച്ചുകൊണ്ട്, അമ്മ ഒരു ഗൈഡിനെപ്പോലെ അവിടെയെല്ലാം ഞങ്ങളുമൊത്തു ചുറ്റിത്തിരിയും. അടുത്ത ദിവസം
കോട്ടയ്ക്കകത്തെ കാഴ്ച്ച്ചകളായിരിക്കും, കാണിച്ചു തരുക. ഇത് കൂടാതെ വാരാന്ത്യങ്ങളില്‍, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്ക്, അങ്കിളും കുടുംബവുമൊത്തു ദൂരയാത്രകളും പോകാറുണ്ടായിരുന്നു.

 
 എങ്കിലും എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല. അങ്കിള്‍ ഒരു പരന്ന വായനക്കാരനായിരുന്നതിനാല്‍ ആ വീട്ടില്‍ ഒരു വലിയ പുസ്തക ശേഖരം തന്നെയുണ്ടായിരുന്നു. കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുള്ള മാസികകള്‍ ഉള്‍പ്പെടെ പല ആനുകാലിക  പ്രസിദ്ധീകരണങ്ങളും. അങ്ങിനെ അവിടെ വെച്ചാണ് ഞാന്‍ വിശ്വ പ്രസിദ്ധ സാഹിത്യകാരനായ Mark Twain ന്റെ ആരാധകനായിത്തീരുന്നത് .അദ്ദേഹത്തിന്റെ ' The Advenctures of Tom Sawyer'എന്ന
കൃതിയുടെ പരിഭാഷ ഒരു ബാല മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. അതിലെ മുഖ്യ കഥാപാത്രമായ റ്റോമിന്റെ വികൃതികള്‍ എന്നെ വളരെയധികം രസിപ്പിക്കുകയും ആനന്ദിപ്പിക്കയും ചെയ്തിരുന്നു! എങ്കിലും റ്റോമിന്റെ എല്ലാ കുസൃതികള്‍ക്കുമുപരി , റ്റോമിന്റെ മനസ്സ് കവര്‍ന്ന ബെക്കി എന്ന പെണ്‍കുട്ടിക്കുവേണ്ടി ചെയ്യുന്ന ത്യാഗത്തിന്റെ ചിത്രമാണ്, എന്റെ ബാലമനസ്സിനെ അന്നൊക്കെ ഏറ്റവും അധികം കവര്‍ന്നിരുന്നത്! അധ്യാപകന്റെ പുസ്തകതാള്‍
അബധ്ധത്തില്‍ കീറിയ ബെക്കിക്ക്, അധ്യാപകന്റെ ചോദ്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാനായില്ല .കുറ്റം ഏറ്റു പറയാനായി എഴുന്നേറ്റു നിന്ന ബെക്കിയുടെ വിളറിയ മുഖം, റ്റോമിന്റെ മനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കി. അവന്‍ ചാടി എഴുന്നേറ്റുകൊണ്ട്, താനാണത് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ താന്‍ അതുവരെ വെറുക്കുകയും ശല്യക്കാരന്‍ എന്ന് മുദ്രയിടുകയും ചെയ്തിരുന്ന റ്റോമിന്റെ നന്മയുടെ മറ്റൊരു മുഖമാണ് അവള്‍ക്ക് മുന്‍പില്‍ അവന്‍ തുറന്നു കാട്ടിയത്.

 
അധ്യാപകന്റെ ചൂരല്‍ പ്രയോഗമോ സ്കൂള്‍ വിട്ടതിനുശേഷം രണ്ടു മണിക്കൂര്‍ ക്ലാസ്സില്‍ തന്നെ നില്‍ക്കണം എന്നുള്ള ശിക്ഷയോ ഒന്നും റ്റോമിന് പ്രയാസമുള്ളതായി തോന്നിയിരുന്നില്ല. അവന്റെ മനസ്സ് മുഴുവനും താന്‍ ഇഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുടെ മനസ്സ് കീഴടക്കിയതിന്റെ സന്തോഷമായിരുന്നു!


 
 ശിക്ഷ കഴിഞ്ഞു പുറത്തു വന്ന റ്റോമിനെ കാത്തു വാതിലിനപ്പുറത്തു നിറകണ്ണുകളോടെ അവള്‍ നില്‍ക്കുന്നുണ്ടായിരുന്നു, ബെക്കി! തന്നോടുള്ള നന്ദിയും സ്നേഹവും ആരാധനയും ഒക്കെ ആ വിടര്‍ന്ന കണ്ണുകളില്‍ നിന്നവന്‍ വായിച്ചെടുത്തു! നിമിഷങ്ങളുടെ നിശബ്ധതയ്ക്ക് ശേഷം അവള്‍ അവനോടു ചോദിച്ചു.."എങ്കിലും റ്റോമെ, ഇത്ര നല്ലവനാവാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു?'

 
 വര്‍ഷങ്ങള്‍ക്കുശേഷം, അതേ നഗരത്തില്‍, അതേ വീട്ടില്‍ എന്ചിനീയറിങ്ങിനു പഠിക്കാനായി ഞാന്‍ താമസം തുടങ്ങിയപ്പോള്‍, ആദ്യം കിട്ടിയ അവസരത്തില്‍ത്തന്നെ അവിടുത്തെ അമേരിക്കന്‍ ലൈബ്രറിയില്‍ അംഗത്വത്തിനപേക്ഷിച്ചതും,അംഗത്വം കിട്ടിയ അന്ന് തന്നെ ലൈബ്രറിയില്‍ കയറി ആദ്യം ചെന്ന് ആ പുസ്തകം വച്ചിരുന്ന റാക്കിന്റെ മുന്‍പില്‍ നിന്നതുമൊക്കെ, ഇന്നെന്നപോലെ ഞാന്‍ ഓര്‍ക്കുന്നു! ആ കൌമാരക്കാരിയുടെ ഹൃദയത്തിനുള്ളില്‍ നിന്നും ഉതിര്‍ന്നു വീണ ആവാക്കുകള്‍, അപ്പോഴും, എന്നിലെയും, നന്മയുടെ നേര്‍ത്ത തന്ത്രികളെ തൊട്ടുണര്‍ത്തുന്നത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു! ബെക്കിയുടെ, എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ആ ചോദ്യം, ആ ആംഗലേയ എഴുത്തുകാരന്റെ തൂലിക എങ്ങിനെയായിരിക്കും
അവിടെ വരച്ചിട്ടിരിക്കുന്നത് എന്ന് അറിയാനുള്ള, വര്‍ഷങ്ങളായിട്ടുള്ള എന്റെ വ്യഗ്രതയായിരുന്നു, തിടുക്കത്തില്‍ എന്റെ കാലുകളെ, അവിടേക്ക് നയിച്ചത്. ഉദ്വേഗമുണര്‍ത്തുന്ന മനസ്സുമായി എന്റെ വിരലുകള്‍ ആ പുസ്തകത്തിന്റെ താളുകളെ തിടുക്കത്തില്‍ മറിച്ചുകൊണ്ടിരുന്നു.. ഒടുവില്‍ അതാ ഞാന്‍ പ്രതീക്ഷിച്ച ആ വാചകം അവിടെ "Tom, how could you be so noble?" എന്റെ കണ്ണുകള്‍ ഞാനറിയാതെ ഈറനണിഞ്ഞു...

 
 Mark Twainന്റെ ഉദാത്തവും വശൃസുന്ദരവുമായ ആ വാക്കുകളോളം ഭംഗി, ആ മലയാള പദങ്ങള്‍ക്ക് ഇല്ലായിരുന്നെന്നു എനിക്കപ്പോള്‍ മനസ്സിലായെങ്കിലും , എന്തോ ഇന്നും എന്റെ മനസ്സില്‍, മായാതെ ജ്വലിക്കുന്നത് ആ പരിഭാഷകന്റെ
ലാളിത്യം നിറഞ്ഞ വാക്കുകള്‍ തന്നെയായിരുന്നു ! .അതെ, ഇപ്പോഴും ഞാന്‍, അങ്ങിനെത്തന്നെ വിശ്വസിക്കുന്നു, മാറ്റമില്ലാതെ......


4 comments:

 1. നല്ല ഓര്‍മ്മകള്‍. നല്ല എഴുത്തു തുടരൂ. ആശംസകള്‍

  1) Please disable word verification
  2) Open "follower" option

  ReplyDelete
  Replies
  1. വീണ്ടും നന്ദി മാഷേ. കടന്നു വന്ന വഴികളില്‍ അവിടവിടെയായി ചിതറി കിടന്നിരുന്ന നണുങ്ങുകളെ പെറുക്കിയെടുത്തു നിരത്തിവയ്ക്കുന്നതാണ് മാഷേ ഈ ചിന്തകളോരോന്നും.നിങ്ങളുടെയൊക്കെ പ്രോത്സാഹനമാണ് തുടര്‍ന്ന് കുത്തിക്കുറിക്കാനുള്ള പ്രചോദനം...

   Delete
 2. നല്ല ഓര്‍മ്മകള്‍. ഇത് എന്നെയും എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. എനിക്ക് വായനയില്‍ താല്‍പ്പര്യമുണ്ട് എന്ന് മനസ്സിലാക്കി, അച്ഛന്‍ ഓരോ കാര്യങ്ങള്‍ പറയുന്നത്, അതിനനുസരിച്ച് ഓരോ എഴുത്ത്കാരെ പറ്റിയും പുസ്തകങ്ങളെ പറ്റിയും സംസാരിക്കുന്നത്, സ്കൂള്‍ ലൈബ്രറി, ഗ്രാമീണ ലൈബ്രറി എന്നിവയിലെ വായിച്ച പുസ്തകങ്ങള്‍........ വര്‍ഷങ്ങള്‍ക്കു ശേഷം രാമചന്ദ്രന്‍ അയ്യെങ്കാര്‍ എന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ഒരിക്കല്‍ പറഞ്ഞത് - സംസ്കൃത ഭാഷയോട് കിടപിടിക്കാന്‍ യോഗ്യതയുള്ള ഒരേ ഒരു ഭാഷയെ ലോകത്തുള്ളൂ (ഇംഗ്ലീഷ്) എന്ന് പറഞ്ഞത്, ഇംഗ്ലീഷിലെ കവികള്‍, എഴുത്തുകാര്‍.......
  ഞാന്‍ ഇവിടെ നിര്‍ത്തട്ടെ. ഭാവുകങ്ങള്‍.

  ReplyDelete
 3. പ്രിയ ഡോക്ടര്‍,
  വായനയുടെ വിഷയത്തില്‍ ചെറുപ്പത്തില്‍ താങ്കള്‍ക്കു അച്ഛനില്‍ നിന്നും ലഭിച്ച പ്രോത്സാഹനത്തില്‍ ഒത്തിരി സന്തോഷം തോന്നുന്നു. എന്നെയും അച്ഛന്‍ ലൈബ്രറിയിലൊക്കെ കൊണ്ടുപോകുമായിരുന്നു!!വായനയുടെ ലോകം അന്നും ഇന്നും ഇഷ്ടപ്പെട്ടിരുന്നു!!ഒരു പക്ഷെ അതിന്റെയൊക്കെ ബാക്കിപത്രമാകും ഈ എഴുതാനുള്ള താത്പര്യമൊക്കെ.
  സ്നേഹത്തോടെ,

  ReplyDelete