Monday, April 14, 2014

ഒരു ട്രാഫിക്‌ ബ്ളോക്കും വെറുതേ ചില ചിന്തകളും......."പാദങ്ങളേ ഇല്ലാതിരുന്ന ഒരുവനെ കണ്ടുമുട്ടുന്നതുവരെ, പാദരക്ഷകള്‍  ഇല്ലാത്തതില്‍  ഞാന്‍ ദുഖിതനായിരുന്നു"

 അമേരിക്കന്‍ കൊമേഡിയനും അഭിനേതാവും എഴുത്തുകാരനുമായ സ്റ്റീവന്‍ റൈറ്റിന്റെ  വാക്കുകള്‍ ( I was sad because I had no shoes until  I met a man who had no feet ) ഞാനൊന്ന് മലയാളത്തില്‍
എഴുതാന്‍ ശ്രമിക്കുകയായിരുന്നു. സമീപ കാലത്ത് എന്നെ ഒരുപാട്
ആകര്‍ഷിച്ചിട്ടുള്ള ഉദ്ധരിണികളില്‍ ഒന്നായ ഇതിന്‍റെ മൂലഭാഷ്യം,
പേര്‍ഷ്യന്‍ കവിയായിരുന്ന ഷേക്ക്‌ സാദിന്റെ Gulistan അഥവാ Rose Garden എന്ന കഥാകവിതാ സമാഹാരത്തില്‍ നിന്നുള്ള ഒന്ന് രണ്ടു വരികളായിരുന്നു!! എത്രയോ അര്‍ത്ഥസംപുഷ്ടി നിറഞ്ഞു തുളുമ്പുന്ന വാക്കുകള്‍!!

ജീവിതം സുഗമവും സ്വച്ഛന്ദവുമായി, അല്ലലില്ലാതെ മുമ്പോട്ടു പോകുമ്പോള്‍ അവിചാരിതമായി കടന്നുവരുന്ന ബുദ്ധിമുട്ടുകളിലും പ്രശ്നങ്ങളിലും പതറിപ്പോകുന്നവരാണ് നാമെല്ലാം. മനുഷ്യ  മനസ്സുകളില്‍  'എന്തേ എനിക്ക് മാത്രം ഇങ്ങനെ?' എന്നുള്ള ചോദ്യങ്ങള്‍ ഒരുത്തരത്തിനായി വെമ്പല്‍ കൊള്ളുന്ന ഈ മാതിരി സന്ദര്‍ഭങ്ങളിലാണ്  നാം നമ്മുക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങള്‍ കൂടി ഒന്ന് ശ്രദ്ധിക്കേണ്ടതിന്റെ  ആവശ്യം അനിവാര്യമാകുന്നത്!! അപ്പോഴാണ്‌  ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നമുക്കുണ്ടായതിലുമൊക്കെ എത്രയോ മടങ്ങ്‌ വലുതാണെന്നും, അതിനുമുമ്പില്‍ നമ്മുടെ പ്രശ്നങ്ങളൊക്ക എത്രയോ  
നിസ്സാരങ്ങളാണെന്നും, നമ്മള്‍ തിരിച്ചറിഞ്ഞു തുടങ്ങുക!!

രണ്ടു മാസത്തെ അവധിക്കാലം നാട്ടില്‍ ചിലവഴിച്ചു വീണ്ടും ദുബായില്‍ എത്തിയപ്പോഴാണ് പതിവിലും കൂടുതലായ ട്രാഫിക്‌ തിരക്ക് അനുഭവപ്പെട്ടു  തുടങ്ങിയത്. സ്കൂളുകള്‍ തുറന്നതും, ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ആരംഭിച്ചതും, വാഹന റെജിസ്ട്രേഷന്‍  ഇംഗ്ളീഷ് അക്ഷരമാലയിലെ "O"യിലേക്ക് കടന്നതുമൊക്കെ  കാരണങ്ങളായി  ചൂണ്ടി കാണിക്കാമെങ്കിലും, നിരത്തുകളിലെ ഈ വാഹന പെരുപ്പം, രാവിലെയും വൈകുന്നേരങ്ങളിലും ഉള്ള  പോക്കുവരവു തീര്‍ത്തും ദുസ്സഹമാക്കിത്തീര്‍ത്തിരുന്നു!!

പതിവായി ഞാന്‍ പോകുന്നതും വരുന്നതും, എയര്‍പോര്‍ട്ടിന് മുന്‍പിലുള്ള പ്രധാന പാത വഴിയാണ്. രാവിലത്തെ സമയം, എങ്ങനെയെങ്കിലും ഈ തിരക്കിലൂടെതന്നെ  ഓഫിസില്‍ ഒരുവിധത്തില്‍ എത്തിച്ചേര്‍ന്നാല്‍ത്തന്നെ, വൈകുന്നേരം ആറുമണിക്ക് വീട്ടിലേക്കു പുറപ്പെടുന്ന ഞാന്‍, മുന്‍പൊക്കെ ഇരുപത്തഞ്ചു മിനിട്ട് കൊണ്ട് എത്തിയിരുന്ന വീടണയണമെങ്കില്‍, ഇപ്പോള്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വേണ്ടിവരുന്നു! വൈകുന്നേരം വീട്ടുകാര്‍ക്കൊപ്പം രസകരമായി ചിലവഴിച്ചിരുന്ന പ്രൈം ടൈമിലുള്ള ഗണ്യമായ കുറവ്, എന്നെ കുറച്ചൊന്നുമല്ല അലോരസപ്പെടുത്തിയിരുന്നത്!! ഇതിനൊരു പരിഹാരം ഉടനെതന്നെ കണ്ടേതീരൂ എന്ന് ചിന്തിക്കാന്‍ എനിക്കതൊരു കനത്ത പ്രേരണയാവുകയും ചെയ്തു.

പിറ്റെ ദിവസം ആറു മണിയാകാന്‍  കാത്തിരിക്കയായിരുന്നു ഞാന്‍. വീട്ടിലേക്ക് അല്പം ദൂരക്കൂടുതല്‍ ഉണ്ടെങ്കിലും, വലിയ ബ്ലോക്കുകള്‍ ഒന്നും ഉണ്ടാവാനിടയില്ലാത്ത പുതിയൊരു വഴി, എന്റെ മനസ്സില്‍ അപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ആവേശത്തോടെ തുടക്കം കുറിച്ച യാത്രയില്‍ ആദ്യ സിഗ്നലില്‍ത്തന്നെ അല്പസമയം കാത്തിരിക്കേണ്ടിവന്നു എങ്കിലും, ഇനി അങ്ങോട്ട്‌ തടസ്സങ്ങള്‍ ഇല്ലാതെ തന്നെ മുന്‍പോട്ടു പോകാം എന്നുള്ള ശുഭാപ്തി വിശ്വാസം, എന്റെ ഉള്ളിലെ ഉത്സാഹത്തെ ഊട്ടി ഉറപ്പിക്കാന്‍ ധാരാളമായിരുന്നു!!

ക്ലോക്ക്ടവര്‍ വരെ അമിതാഹ്ലാദത്തിനു വകയൊന്നും ഇല്ലാതിരുന്നത്, എന്നെ തെല്ല് നിരാശപ്പെടുത്തിയെങ്കിലും, അവിടെയെത്തിയപ്പോഴാണ് സത്യത്തില്‍, എത്രമാത്രം വലിയ ഒരു വിഡ്ഢിത്തത്തിലേക്കാണ് വീണ്ടുവിചാരമില്ലാതെ ഞാന്‍ എടുത്തു ചാടിയത് എന്ന് എനിക്ക്  ബോദ്ധ്യപ്പെട്ടു തുടങ്ങിയത്!! ശരിക്കും ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ട പ്രതീതിയുണര്‍ത്തി  മുന്‍പിലും പിറകിലും സൈഡിലുമായി, എണ്ണിയാലൊടുങ്ങാത്ത  വിവിധയിനം വാഹനങ്ങളുടെ  പടുകൂറ്റന്‍ നിരകള്‍ !! അവ ചലിക്കുന്നതാകട്ടെ, ഒച്ചിഴയുന്ന വേഗത്തിലും!! ഇരുപതു മിനിട്ടുകളെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം, മുന്പിലെവിടെയോ ട്രാഫിക്‌ നിയന്ത്രണത്തിന് എത്തിയ പോലീസ് കാറുകളുടെ സൈറണ്‍ ശബ്ദവും, ബീക്കണ്‍ ലൈറ്റുകളുടെ വെളിച്ചവും ശ്രദ്ധയില്‍ പെട്ടതോടെ, ഒന്നുറപ്പിക്കാന്‍ കഴിഞ്ഞു, ഇന്നിനി ഉടനെയൊന്നും വീട്ടിലെത്തുന്ന  പ്രശ്നമേയില്ല!!

എനിക്ക്  എന്നേത്തന്നെ ശപിക്കാന്‍ തോന്നിയ നിമിഷങ്ങളായിരുന്നു അവ!! അല്ലെങ്കിലും ഈ പ്രതിസന്ധി ഞാനായിത്തന്നെ തുടങ്ങി വച്ചതാണല്ലൊ!! ഒരു അര മണിക്കൂര്‍ നേരം കൂടി അതേ ഇരുപ്പ് തുടരേണ്ടി വന്നു. പിന്നീട് മുന്‍പിലുള്ള വണ്ടികള്‍ മെല്ലെ ഒന്ന് ചലിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടുമൊരു ഉണര്‍വ് തോന്നിയത്. പത്തടിയില്‍ കൂടുതല്‍ പക്ഷെ ആ നീക്കത്തിനും, ആയുസ്സുണ്ടായിരുന്നില്ല. അടുത്ത പതിനഞ്ച്‌ നിമിഷങ്ങളും, ഒന്നും സംഭവിക്കാതെതന്നെ കടന്നു പോയി. ഒടുവില്‍ ഒത്തിരി വൈകിയാണെങ്കിലും, പോലീസിന്‍റെ നിയന്ത്രണത്തില്‍ വല്ലവിധേനയും അവിടെനിന്നു നീങ്ങാന്‍ സാധിച്ചെങ്കിലും, വഴി നീളെ തുടര്‍ന്നും പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ നിരവധിയായിരുന്നു!! എന്തിനേറെ വിസ്തരിക്കുന്നു, അന്ന് ഞാന്‍ കറങ്ങിത്തിരിഞ്ഞു വീടെത്തിയപ്പോഴേക്കും, ഘടികാരസൂചികള്‍ ഒമ്പതുമണിയുടെ പടിവാതിലും താണ്ടി ബഹുദൂരം മുമ്പോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു!!

വീട് അടുക്കാറായപ്പോഴാണ് എന്റെയുള്ളിലങ്ങനെയൊരു ചിന്ത ശക്തമാകാന്‍ തുടങ്ങിയത്. മര്യാദയ്ക്ക്  നല്ല ഒരു വഴിയേ ദിവസേന വന്നുകൊണ്ടിരുന്ന എനിക്ക്, അതവഗണിച്ചിട്ടു മറ്റു എളുപ്പ വഴികള്‍ തേടിയിറങ്ങിയതു കാരണം, ഇത്രമാത്രം ബുദ്ധിമുട്ട്  അനുഭവപ്പെട്ടെങ്കില്‍, നിത്യേന അതേവഴിയിലുള്ള ബ്ലോക്കുകള്‍ ക്ഷമയോടെ താണ്ടി  വീടെത്താന്‍ വിധിക്കപ്പെട്ടിരിക്കുന്നവരെല്ലാം, എത്രമാത്രം കാത്തിരിപ്പും കഷ്ടതകളും  അനുഭവിക്കുന്നുണ്ടാവണം!! അങ്ങനെ നോക്കുമ്പോള്‍
ഞാന്‍ പതിവായി ഉപയോഗിച്ചിരുന്ന വഴികള്‍, എത്രയോ ഭേദപ്പെപ്പെട്ടവ തന്നെയായിരുന്നു!! നിസ്സാരമെന്നു തോന്നാമെങ്കിലും, വലിയൊരു  സത്യം ഈ അനുഭവത്തിലൂടെ ഞാന്‍ അപ്പോള്‍ മനസ്സിലാക്കുകയായിരുന്നു!!
അതോടെ  ഇനിമേല്‍ എത്ര തന്നെ പ്രലോഭനങ്ങള്‍ ഉണ്ടായാലും എളുപ്പവഴികള്‍ തേടിയുള്ള മനസ്സിന്‍റെ ഈ പ്രയാണങ്ങള്‍ക്ക് ഒരു നിയന്ത്രണം ആവശ്യമാണെന്ന് മനസ്സില്‍  അടിവരയിട്ടുറപ്പിക്കയും ചെയ്തു. 

പിറ്റേ ദിവസം പഴയ വഴിയിലൂടെത്തന്നെയുള്ള യാത്രയിലുടനീളം, പുതിയൊരു മനുഷ്യനിലേക്കുള്ള മാറ്റം ഞാന്‍ അറിയുന്നുണ്ടായിരുന്നു!!  പരാതിയോ പിറുപിറുപ്പുകളോ ഇല്ലാതെ, സന്തോഷവും ശാന്തതയും  മാത്രമുള്ള മനസ്സുമായി ഒരു യാത്രീകന്‍!! വഴിയില്‍ എപ്പോഴോ അനുഭവപ്പെട്ട ചെറിയ തടസ്സങ്ങള്‍ പോലും, എന്നെ അപ്പോള്‍ ഒട്ടും അലോരസപ്പെടുത്തുന്നില്ലായിരുന്നു!! കാരണം,  തികഞ്ഞ  സമചിത്തതയോടെ, അതിലും നിറഞ്ഞ സംതൃപ്തിയോടെ, അവയെല്ലാം തരണം ചെയ്തു മുമ്പോട്ട്‌ പോകുവാന്‍ എന്റെ മനസ്സും അതിന്റെ നിയന്ത്രണത്തിലുള്ള വാഹനവും എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു!!!

9 comments:

 1. 1184-1291 കാലയളവില്‍ ഇറാനിലെ ഷിറാസ്‌ പ്രവിശ്യയില്‍ ജീവിച്ചിരുന്ന ഷേക്ക്‌ സാദി മഹാനായ ഒരു പേര്‍ഷ്യന്‍ കവിയായിരുന്നു. ഭാഷാ സൌകുമാര്യം കൊണ്ടും, മനശാസ്ത്രപരമായ ഉള്‍ക്കാഴ്ചകൊണ്ടും, ഭരണാധികാരികല്ള്‍ക്കുവരെ പ്രിയങ്കരങ്ങളായിരുന്നു, അദ്ദേഹത്തിന്റെ കഥകളും കവിതകളും !! എന്തിനേറെ, അദ്ദേഹത്തിന്റെ ഓരോ വാക്കുകള്‍ക്കും, എഴുപത്തിരണ്ട് അര്‍ത്ഥങ്ങള്‍ വരെ കാണും, എന്നൊരു ചൊല്ല് കൂടി പാര്‍സി ഭാഷയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു......

  ReplyDelete
 2. എളുപ്പവഴിയുടെ പ്രലോഭനം അതിശക്തമാണ്!

  ReplyDelete
  Replies
  1. പ്രിയ മാഷേ,

   വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

   Delete
 3. എല്ലാവര്‍ക്കും കാറോടിച്ച് കളിക്കാനുള്ള വിഭവങ്ങള്‍ ഭൂമിയില്‍ ഇല്ല. അതുപോലെ താങ്കള്‍ പറഞ്ഞ ഗതാഗത കുരുക്ക് എന്ന പ്രശ്നവുമുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ കാറില്ലാത്ത ജീവിതം തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ ഇവിടെ: http://mljagadees.wordpress.com/category/%E0%B4%97%E0%B4%A4%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/

  ReplyDelete
  Replies
  1. ബ്ലോഗിലേക്കുള്ള ഈ ആദ്യ വരവിലെ സന്തോഷം അറിയിക്കട്ടെ!! അഭിപ്രായത്തിനും നന്ദി. അറിവിലേക്ക് വെളിച്ചം വീശുന്ന താങ്കളുടെ ആഴത്തിലുള്ള ലേഖനങ്ങള്‍ എല്ലാം തന്നെ വായിക്കാറുണ്ട്...

   Delete
 4. പല ചിന്തകളിലേയ്ക്കും വായനക്കാരെ നയിയ്ക്കുന്ന താങ്കളുടെ അനുഭവക്കുറിപ്പ് നന്നായിരിയ്ക്കുന്നു. മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളും പ്രത്യക്ഷത്തില്‍ വളരെ സൌകര്യപ്രദങ്ങളും സുഖദായകങ്ങളുമെങ്കിലും പിറകേ വരുന്ന പല നൂലാമാലകള്‍ക്ക് മുന്നോടിയത്രേ അവയെല്ലാം. പക്ഷേ എല്ലാം അനിവാര്യം തന്നെ. അഭിനന്ദനങ്ങള്‍......

  ReplyDelete
  Replies
  1. പ്രിയ വിനോദ മാഷേ,
   സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷം മാത്രമുള്ള മാഷുടെ അഭിപ്രായങ്ങള്‍, എനിക്കെപ്പോഴും തുടര്‍ന്നെഴുതാനുള്ള പ്രചോദനമാകാറുണ്ട്.
   വരവിനും ആശംസകള്‍ക്കും നന്ദി...

   Delete
 5. തികഞ്ഞ സമചിത്തതയോടെ, അതിലും നിറഞ്ഞ സംതൃപ്തിയോടെ, അവയെല്ലാം തരണം ചെയ്തു മുമ്പോട്ട്‌ പോകുവാന്‍ എന്റെ മനസ്സും അതിന്റെ നിയന്ത്രണത്തിലുള്ള വാഹനവും എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു!!! Good.

  ReplyDelete
  Replies
  1. പ്രിയ ഡോക്ടര്‍,
   വരവിനും, വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി...
   സ്നേഹപൂര്‍വ്വം,

   Delete