Wednesday, January 7, 2015

കൊച്ചു കൊച്ചു സങ്കടങ്ങള്‍.....



വീട്ടിലുള്ള മൂന്നു വയസ്സുകാരനുവേണ്ടി ഒരു കളിപ്പാട്ടം വാങ്ങാനായാനാണ്, ഞാന്‍ ആ ഹൈപ്പര്‍ മാര്‍ക്കെറ്റിലെ ടോയ്സിന്റെ വിഭാഗത്തിലെത്തിയത്. വാരാന്ത്യദിനമായ വ്യാഴാഴ്ച്ചകളില്‍ ഈയൊരു സമ്മാനത്തിനായി കാത്തിരിക്കുന്ന ആ കുരുന്നിനെ നിരാശപ്പെടുത്താനിഷ്ടമില്ലാത്തതിനാല്‍, വലിയ വിലയൊന്നുമില്ലാത്ത എന്തെങ്കിലുമൊന്നു വാങ്ങിക്കൊണ്ടു പോകുന്നത്, ഇതിനോടകം എന്റെയൊരു  പതിവായിക്കഴിഞ്ഞിരുന്നു!!!


നിര നിരയായി അടുക്കി വച്ചിരിക്കുന്ന, ചെറിയ വിലയില്‍ വാങ്ങാന്‍ പറ്റുന്ന  കളിപ്പാട്ടങ്ങളെ ശ്രദ്ധിച്ചുകൊണ്ട്, മുന്‍പോട്ടു നീങ്ങുകയായിരുന്നു ഞാന്‍. അല്‍പ്പം നടന്നപ്പോഴേക്കും  ഒരു കാര്യം എനിക്ക് വ്യക്തമായി. അവിടെ വച്ചിരിക്കുന്ന  കളിപ്പാട്ടങ്ങളില്‍ ഒട്ടുമുക്കാലും, ഞാന്‍ തന്നെ പലപ്പോഴായി വാങ്ങിയിട്ടുള്ളവ തന്നെയാണ്!!! അതുകൊണ്ടുതന്നെ പുതുതായി എന്തെങ്കിലും കണ്ണില്‍പ്പെടുന്നുണ്ടോ എന്ന് നോക്കി ഞാന്‍ വീണ്ടും നടത്തം തുടര്‍ന്നു.


പെട്ടെന്നാണ് വളവുതിരിഞ്ഞു അപ്പുറത്തെ റാക്കുകള്‍ക്കിടയില്‍ നിന്നും  നീല കണ്ണുകളും ചെമ്പന്‍ മുടിയുമുള്ള ഒരു കൊച്ചു സുന്ദരിക്കുട്ടി, എന്‍റെ മുന്‍പിലേക്ക് ഓടി എത്തിയത്!!! ഞാന്‍ അവളെ ഉറ്റു നോക്കി. കഷ്ടിച്ചു  ഒരു മൂന്നു വയസ്സുണ്ടാകും അവള്‍ക്ക്.  ഉച്ചിയില്‍ അലസമായി കെട്ടിവച്ചിരിക്കുന്ന സമൃദ്ധമായ  മുടിയിഴകള്‍, ഓട്ടത്തിനൊപ്പം ചാഞ്ചാടുന്നത്, ഓമനത്തമുള്ള ആ മുഖത്തിന്റെ അഴക്‌ വര്‍ദ്ധിപ്പിക്കുന്ന, കൌതുകമുണര്‍ത്തുന്ന  ഒരു കാഴ്ചയായിരുന്നു !!! ഒറ്റ നോട്ടത്തില്‍ത്തന്നെ ആര്‍ക്കും ഇഷ്ടം തോന്നിപ്പോകുന്ന അവളാകട്ടെ, പെട്ടെന്ന് ഇടിച്ചു, ഇടിച്ചില്ല,  എന്ന മട്ടില്‍ എന്നെ  മുന്‍പിലായി   കണ്ട പരിഭ്രമത്തില്‍ ഓട്ടം  നിര്‍ത്തി, നാണിച്ചു എന്‍റെ മുഖത്തേക്ക് നോക്കി ഒരു ചെറു  മന്ദഹാസത്തോടെ   ധൃതിയില്‍ എന്നെ  കടന്നു പോയി.


അവള്‍ പോകുന്നതിനു തൊട്ടു മുന്‍പാണ്,  കയ്യില്‍ മുറുകെ പിടിച്ചിരുന്ന ആ കളിപ്പാട്ടത്തില്‍ എന്‍റെ കണ്ണുകള്‍ ഉടക്കിയത്." കൊള്ളാമല്ലോ!!!  ഇതുവരെ വാങ്ങാത്ത തരത്തിലുള്ള ഒന്നാണല്ലോ ഇത്!!!" ഞാന്‍ മനസ്സില്‍ പറഞ്ഞു.


ചെറിയ കുട്ടികളുമായി ബീച്ചിലൊക്കെ പോകുമ്പോള്‍, കുട്ടികള്‍ക്ക് കളിക്കാനായി നിര്‍മ്മിച്ച ഒരു ബീച്ച് പ്ലേ കിറ്റായിരുന്നു അത്. ഒരു ചെറിയ പ്ലാസ്റിക് ബക്കറ്റിനുള്ളില്‍ നിറച്ചു വച്ചിരിക്കുന്ന മണ്ണ് കോരുന്ന ഷവലും, ഒരു മണ്ണ് മാന്തിയും, പിന്നെ ഒരു  ബോളും. ഒപ്പം   മണ്ണുകൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കാനുള്ള  കുറച്ചു പ്ലാസ്റിക് മോള്‍ഡുകളും!!! ഇവയെല്ലാംകൂടി ചേര്‍ത്തു  ഒരു വലക്കുള്ളിലാക്കി ഭംഗിയായി കെട്ടിവച്ചിരിക്കുന്നു!!! അധികം തേടി അലയാതെ ഇത്തരമൊരു നല്ല കളിപ്പാട്ടം കാണിച്ചുതന്ന ആ കുഞ്ഞിനു മനസ്സാ നന്ദി പറഞ്ഞുകൊണ്ട്,  അത്തരമൊരെണ്ണം വാങ്ങാം എന്ന് കരുതി അതിന്‍റെ  ഉറവിടം തേടി  ഞാനും അപ്പുറത്തേക്ക് നടന്നു.


ഒരു സെറ്റ് കയ്യിലെടുത്തുകൊണ്ട്‌ മറ്റു ചില സാധനങ്ങള്‍ കൂടി വാങ്ങാനുണ്ടായിരുന്നതിനാല്‍  അവ വച്ചിരിക്കുന്ന ഷെല്‍ഫുകള്‍ തേടി  ഞാന്‍ ആ മാര്‍ക്കെറ്റിന്‍റെ അകത്തളങ്ങളിലേക്ക്  കടന്നു.


ഒരു അര മണിക്കൂറിനകം എനിക്കാവശ്യമുള്ള  സാധനങ്ങളൊക്കെ തപ്പിപ്പെറുക്കി  അവയുമായി ഞാന്‍ ചെക്ക് ഔട്ട്‌ കൌണ്ടറിലേക്ക് നീങ്ങി.അപ്പോഴാണ്‌ ഞാന്‍ മുന്പുകണ്ട ആ  കുട്ടിയേയും അവളുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു പര്‍ദ്ദാധാരിയെയും  ആ ക്യൂവിന്റെ അങ്ങേ തലക്കലായി കണ്ടത്. അമ്മയുടെ പര്‍ദ്ദായില്‍ ഉരുമ്മി നിന്നിരുന്ന അവളുടെ കയ്യില്‍ ആ ബീച്ച് സെറ്റിന്റെ കളിപ്പാട്ടം അപ്പോഴും ഒരു നിധി പോലെ ഭദ്രമായി പിടിച്ചിരിക്കുന്നതും എനിക്ക് കാണാമായിരുന്നു!!!


ലെബനീസ് വംശജ എന്ന് തോന്നിപ്പിക്കുന്ന ആ സ്ത്രീയുടെ മുന്‍പിലുള്ള ട്രോളി  അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്!!  നിറഞ്ഞു കവിയുന്ന തരത്തില്‍ കോസ്മെറ്റിക്ക് വസ്തുക്കള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി സാധനങ്ങള്‍ വാരി നിറച്ചിട്ടുണ്ടായിരുന്നു അതിനുള്ളില്‍!!  അവരാകട്ടെ മറ്റൊന്നും ശ്രദ്ധിക്കാതെ അവയോരോന്നായി കൌണ്ടറിനു മുകളിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിലാണ്. കൌണ്ടറിലിരിക്കുന്ന ഫിലിപ്പീനി  പെണ്‍കുട്ടി, ചടുലമായ കരവിരുതോടെ അവയൊക്കെ മെഷീനില്‍ റീഡ് ചെയ്തതിനുശേഷം, കാരി ബാഗുകളിലാക്കുന്നു. ക്യൂവിലുള്ള ഞാനുള്‍പ്പെടെയുള്ളവര്‍, ഇതൊക്കെ വീക്ഷിച്ചുകൊണ്ട്‌ ക്ഷമയോടെ അവരവരുടെ ഊഴത്തിനായി, കാത്തുനില്‍ക്കുന്നു

അവസാനത്തെ പാക്കെറ്റും കൌണ്ടറില്‍ വച്ചതിനുശേഷമാണ് അവര്‍, കുട്ടിയുടെ കയ്യിലിരിക്കുന്ന ആ കളിപ്പാട്ടം കണ്ടത്!!!. പെട്ടെന്നാണ് അവരുടെ മുഖഭാവം മാറിയത്!!! ഇരച്ചുവന്ന  കോപത്തില്‍ അതിന്‍റെ  തലയില്‍ത്തന്നെ സാമാന്യം ശക്തമായ ഒരടിയും കൊടുത്ത്, എന്തൊക്കെയോ ആക്രോശിച്ചുകൊണ്ട്, അവളുടെ കയ്യിലിരുന്ന ആ കളിപ്പാട്ടം ഒരു വാശിയിലെന്നവണ്ണം തട്ടിപ്പറിച്ചു അടുത്തുകണ്ട ഒരു ഷെല്‍ഫിന്റെ മുകളിലേക്ക് എടുത്തിട്ടു!!! താന്‍ ആശയോടെ ചേര്‍ത്തു  പിടിച്ചിരുന്ന കളിപ്പാട്ടം കൈവിട്ടുപോയതിലുള്ള സങ്കടം സഹിക്കാനാവാതെയുള്ള ആ കുഞ്ഞിന്റെ വായ്‌വിട്ടുള്ള  കരച്ചില്‍, ആ ക്യൂവില്‍ നിന്നിരുന്ന എല്ലാവരേയും സങ്കടപ്പെടുത്തി. ചെറിയൊരു ബാഗില്‍ നിന്നും ക്രെഡിറ്റ്‌ കാര്‍ഡ് എടുത്തു സാധനങ്ങളുടെ വിലയും കൊടുത്ത്,  ആ കളിപ്പാട്ടത്തിലേക്കു  തന്നെ തിരിഞ്ഞു നോക്കി കരഞ്ഞുകൊണ്ടിരുന്ന  ആ കുഞ്ഞിനേയും വലിച്ചുകൊണ്ട്, ട്രോളിയുമുന്തി അവര്‍ നീങ്ങുന്നത്‌,  ഞാനും വിഷമത്തോടെ നോക്കി നിന്നു.

എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമല്ലെങ്കില്‍ കൂടി, ആ സ്ത്രീയുടെ  അപ്പോഴത്തെ  പ്രവൃര്‍ത്തി, എത്ര ആലോചിച്ചിട്ടും ന്യായമാണെന്ന് കണ്ടെത്താന്‍, എനിക്ക് കഴിഞ്ഞില്ല. എന്തുതന്നെ ആകട്ടെ, ആയിരമോ അല്ലെങ്കില്‍ അതില്‍ കൂടുതലുമോ വിലയുള്ള, ഒരു ട്രോളി നിറയേ സാധനങ്ങള്‍ വാങ്ങാന്‍ കഴിവുള്ള, സമ്പന്നയായ ആ സ്ത്രീക്ക്, അവരുടെതന്നെ ആ കൊച്ചുകുഞ്ഞിന്‍റെ സന്തോഷത്തിനായി, നിസ്സാര വിലയുള്ള ഒരു കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്നതിലെ വൈമനസ്യം, അതേ പ്രായത്തില്‍ വീട്ടിലൊരു കുഞ്ഞുള്ള  എന്നിലെ  സാധാരണക്കാരന്‍റെ  മനസ്സിന്, ദുരൂഹമായ  ഒന്ന് തന്നെയായിരുന്നു!!! ഇവിടെ നടന്നത് ഒരു നിസ്സാര സംഭവമാണെന്ന് കരുതിയാല്‍ക്കൂടി, ശിക്ഷണമെന്ന ഓമനപ്പേരില്‍, തങ്ങളുടെ തന്നെ പിഞ്ചുകുഞ്ഞുങ്ങളുടെമേല്‍ കൊടും ക്രൂരതകള്‍ അഴിച്ചുവിടുന്ന  എത്രയോ മാതാപിതാക്കളേപ്പറ്റിയുള്ള  വാര്‍ത്തകള്‍, ദിനം തോറും നമ്മള്‍ കേള്‍ക്കുന്നു!!! എനിക്ക് മാത്രമല്ല, അവിടെ നിന്നിരുന്ന എല്ലാവരുടെ മനസ്സുകളിലൂടെയും  ഇതേ ചിന്തകള്‍ തന്നെയായിരിക്കും  കടന്നു പോയിരിക്കുക  എന്നുള്ളതില്‍,  എനിക്ക് ശരിക്കും ഉറപ്പുണ്ടായിരുന്നു!!!

പായ്ക്ക് ചെയ്ത സാധനങ്ങളുമായി പാര്‍ക്കിംഗ് ഏരിയായിലുള്ള എന്‍റെ കാറിനടുത്തെത്തിയപ്പോള്‍, ഞാന്‍ ഒരിക്കല്‍ക്കൂടി  അവരെ കണ്ടു. യാദൃശ്ചികമായിരിക്കാം, എന്‍റെ കാറിന്‍റെ തൊട്ടു അടുത്ത ലെയ്നില്‍ തന്നെയായിരുന്നു അവരുടെ ആ വലിയ കാറും പാര്‍ക്ക് ചെയ്തിരുന്നത്!!! അതിന്റെ തുറന്നുവച്ച ഡിക്കിക്കുള്ളിലേക്ക്, ഡ്രൈവറെന്നു തോന്നിപ്പിക്കുന്ന , ഒരു മദ്ധ്യവയസ്കന്‍, ട്രോളിയില്‍ നിന്നും സാധനങ്ങള്‍ എടുത്തു വയ്ക്കുന്നു. എന്‍റെ കണ്ണുകള്‍ വീണ്ടും   ആ  കുരുന്നിനെ തേടുകയായിരുന്നു. അപ്പോഴും ഉരുണ്ടു കൂടുന്ന കണ്ണുനീര്‍ത്തുള്ളികള്‍ കുഞ്ഞിക്കൈകളാല്‍  തുടച്ചുകൊണ്ട്, അമ്മയെ തൊട്ടുരുമ്മി നില്‍ക്കുന്നുണ്ടായിരുന്നു, അവളവിടെ.. ഞാന്‍ വേഗം തന്നെ അവളില്‍ നിന്നും  ദൃഷ്ടികള്‍ പിന്‍വലിച്ചു,  ആ സ്ത്രീയുടെ  കലുഷമായ മുഖത്തേക്ക് ഒന്നുകൂടി നോക്കി....

ഷോപ്പിംഗ്‌ ബാഗിനുള്ളില്‍ എന്‍റെ വിരലുകള്‍ ആ കുഞ്ഞ് ആഗ്രഹിച്ച കളിപ്പാട്ടത്തില്‍ ശക്തിയില്‍ അമരുന്നത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു. തുറന്നു കിടന്നിരുന്ന ആ വലിയ കാറിന്‍റെ ജനാലയിലൂടെ, ആരുടേയും ദൃഷ്ടിയില്‍ പെടാതെ,  അതെടുത്തു  ഉള്ളിലെ സീറ്റില്‍ വച്ചിട്ട് പോകാനായുള്ള എന്‍റെ മനസ്സിന്‍റെ  ആവേശത്തെ, ഭവിഷ്യത്തുകളെ ഭയന്ന് ഉള്ളില്‍ തന്നെയടക്കി, ഞാന്‍ പതിയേ കാര്‍ മുമ്പോട്ടെടുക്കാന്‍ തുടങ്ങി.......

15 comments:

  1. Replies
    1. പ്രിയമുള്ള ഡോക്ടര്‍,

      വന്നു വായിച്ച് ഒരു അഭിപ്രായം എഴുതാന്‍ കാണിച്ച സന്മനസ്സിന് നന്ദി. ഡോക്ടറുടെ ഫേസ്ബുക്കിലെ രചനകള്‍ എല്ലാം തന്നെ വായിക്കാറുണ്ട് !!! വ്യത്യസ്തത പുലര്‍ത്തുന്ന ആ എഴുത്തുകളില്‍ പലതും ഹൃദ്യമായി തോന്നാറുണ്ട്!!! എഴുത്ത് തുടരാന്‍ എല്ലാവിധ ആശംസകളും ....

      ഈ അനുഭവം എഴുതിയതിനു ശേഷം മൂന്നു നാല് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും, ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്റെ ഒപ്പം അദ്ദേഹത്തിനാവശ്യമായ ചില സാധനങ്ങള്‍ വാങ്ങുന്നതിനായി, അതേ ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ വീണ്ടും പോയിരുന്നു. മാളിനുള്ളിലേക്ക് കടക്കുമ്പോഴാണ് തികച്ചും അപ്പ്രതീക്ഷിതമായി അവളുടെ അച്ഛനായിരിക്കാന്‍ സാധ്യതയുള്ള ഒരു ചെറുപ്പക്കാരന്‍ ആ കുട്ടിയേയും എടുത്തുകൊണ്ടു പുറത്തേക്ക് വരുന്നത് കാണാനിടയായത്!!! ആ കുട്ടിയും അവളുടെ അച്ഛനും വളരെ സന്തോഷത്തിലായിരുന്നു എന്ന്, അവരുടെ ചലനങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായി. അന്ന് കണ്ടതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രം!!!

      ആ കുരുന്നിന്‍റെ ആഹ്ലാദത്തിനൊപ്പം എന്‍റെ മനസ്സും സന്തോഷിച്ച നിമിഷങ്ങളായിരുന്നു അപ്പോള്‍, കാരണം, അവളുടെ കുഞ്ഞു കൈകളില്‍ ഭദ്രമായി മുറുകെ പിടിച്ചമാതിരി ഒരു കൂട്ടമുണ്ടായിരുന്നു,,...... അന്നത്തെ ആ ബീച്ച് കളിപ്പാട്ടത്തിന്‍റെ പുതിയൊരു സെറ്റ്!!!

      Delete
  2. Dear friend,
    A warm welcome to my world of small things and thank you for your nice words!!!

    ReplyDelete
  3. പാവം കുട്ടി ....നന്നായി എഴുതി ഏട്ടാ...

    ReplyDelete
    Replies
    1. വന്നു വായിച്ചു, രണ്ടു വരികള്‍ ഇവിടെ എഴുതിയതിലുള്ള സന്തോഷം അറിയിക്കട്ടെ അശ്വതി......

      Delete
  4. സങ്കടമായിപ്പോയി...

    ReplyDelete
    Replies
    1. ഇവിടെയെത്തി ആ കുഞ്ഞിന്റെ സങ്കടത്തില്‍ പങ്കാളിയായതില്‍ സന്തോഷം!!!
      മനസ്സിലിത്തിരി നന്മയുള്ളവര്‍ക്ക് മാത്രം തോന്നുന്ന ഒന്നെന്നുകൂടി പറഞ്ഞോട്ടേ???

      Delete
  5. ഹോ.
    അവസാനം ആ കുട്ടിയ്ക്ക്‌ ആ കളിപ്പാട്ടം വാങ്ങിക്കൊടുക്കാൻ കഴിയണേ എന്ന് ഞാനാശിച്ച്‌ പോയി.അല്ല നമുക്കങ്ങനെ ചെയ്യാൻ കഴിയില്ലല്ലോ!

    വായിക്കാൻ വൈകി.

    എഴുത്തിൽ ഇടവേള വരാതെ എഴുതൂ ചേട്ടാ.

    നന്ദി!!!

    ReplyDelete
    Replies
    1. പ്രിയമുള്ള സുധി,
      കുറഞ്ഞൊരു ഇടവേളയ്ക്കു ശേഷം ഒരാള്‍ ഇവിടേയ്ക്ക് കടന്നുവന്നപ്പോള്‍ തോന്നിയ അത്ഭുദം മറച്ചു വയ്ക്കുന്നില്ല!!!
      എനിക്കുണ്ടായ അതേ വികാരം ആ മനസ്സിനുള്ളിലും തോന്നിയതില്‍ സന്തോഷം!!!
      വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി...
      താങ്കളുടെ ഈ നല്ല വാക്കുകളില്‍ തന്നെ
      തുടര്‍ന്നെഴുതാനുള്ള ഊര്‍ജം ധാരാളമുണ്ടല്ലോ.... നന്ദി.

      Delete
  6. കമന്റ്‌ അപ്രൂവൽ ബ്ലോഗിന്റെ ഏറ്റവും പുഷ്കലകാലത്തെ അനിവാര്യതയായിരുന്നു.ഇനി അതിന്റെ ആവശ്യമില്ല.ഞാനതെല്ലാവരോടും നിർബന്ധിക്കാറുണ്ട്‌.
    ഭാവുകങ്ങൾ!!!!

    ReplyDelete
    Replies
    1. മുറിവേല്‍പ്പിക്കുന്ന കമന്റുകാരെ ഒഴിവാക്കാനുള്ള ഒരു ചെറിയ മുന്‍കരുതല്‍, അത്രയേ ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ...നിര്‍ദ്ദേശത്തിനു നന്ദി...

      Delete
  7. കമന്റ്‌ അപ്രൂവൽ ബ്ലോഗിന്റെ ഏറ്റവും പുഷ്കലകാലത്തെ അനിവാര്യതയായിരുന്നു.ഇനി അതിന്റെ ആവശ്യമില്ല.ഞാനതെല്ലാവരോടും നിർബന്ധിക്കാറുണ്ട്‌.
    ഭാവുകങ്ങൾ!!!!

    ReplyDelete