Monday, April 15, 2013

ഹബീബുള്ള തെരുവിലെ പ്രണയ നാളുകള്‍!!!!



ട്രാന്‍സിറ്റ്‌ ലോഞ്ചിലെ സ്പീക്കറുകളില്‍നിന്നും,  വിമാനം പുറപ്പെടാന്‍ അല്‍പ്പം വൈകും എന്ന അറിയിപ്പ് വന്നപ്പോള്‍,  കാത്തിരുന്ന മുഖങ്ങളിലെല്ലാം അസ്വസ്ഥത നിഴലിക്കുന്നത്,  ഞാന്‍ കാണുണ്ടായിരുന്നു!! എന്‍റെ അടുത്തിരുന്ന സ്ത്രീയുടെ മടിയില്‍ ഉറങ്ങുന്ന കുഞ്ഞിന്‍റെ മുഖത്ത്,  ഉറക്കത്തിനിടയില്‍ മിന്നി മറയുന്ന പുഞ്ചിരി,  കാണാന്‍ ശേലുള്ളതായിരുന്നു..

അടുത്തെവിടെയോ ഒരു ഒച്ചയും ബഹളവും കേട്ടപ്പോള്‍, ഞാന്‍ തല പൊക്കി നോക്കി. അപ്പോള്‍ വന്നിറങ്ങിയ ഏതോ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ യാത്രക്കാര്‍, ഗ്ലാസ് ചുവരിനപ്പുറമുള്ള ഇടനാഴിയിലൂടെ അകത്തേക്ക് പോകുന്നതു കാണാമായിരുന്നു.

കടന്നു പോകുന്നവരെ അലസമായി നോക്കിക്കൊണ്ടിരുന്ന എന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം  ഒന്ന് താളം തെറ്റിയതുപോലെ... ഞാന്‍ വീണ്ടും വീണ്ടും നോക്കി. ദൈവമേ!!! ഇത് അവള്‍ തന്നെയല്ലേ?? ഒരു മഴവില്ലിന്റെ ചാരുതയോടെ, ഒരിക്കല്‍ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന എന്‍റെ പ്രിയപ്പെട്ടവള്‍?? കാലത്തിന്റെ കരങ്ങള്‍ എത്ര തന്നെ മായ്ക്കാന്‍ ശ്രമിച്ചിട്ടും, ഒളി മങ്ങാതെ എന്റെ മനസ്സിന്റെ ക്യാന്‍വാസില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നവള്‍?? ഗ്ലാസ് ചുവരിനപ്പുറത്തായി,  തോളില്‍ ഒരു കുട്ടിയേയും വഹിച്ച് സാവധാനം നടന്നുവരുന്ന അവളെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നു.  ഭര്‍ത്താവായിരിക്കും, കറുത്ത് തടിച്ച ഒരു കഷണ്ടിക്കാരന്‍ കുറച്ചു മുന്‍പിലായി ഭാരമുള്ള രണ്ടു ബാഗുകളും തൂക്കി,  നടക്കുന്നുണ്ട്. 

ഞാന്‍ വേഗം എഴുന്നേറ്റു ബാഗും ലാപ്ടോപ്പും സീറ്റില്‍ തന്നെ വച്ചിട്ട്,  ഗ്ലാസ് ചുമരിനരുകിലേക്ക് നടന്നു. അവള്‍ കടന്നു പോകുമ്പോള്‍ അവളെ ഒന്നുകൂടി അടുത്തു കാണാനായി മനസ്സ് വല്ലാതെ തുടിക്കുന്നു. ഗ്ലാസ്സില്‍ മുഖം ചേര്‍ത്തു വച്ചിരുന്ന എന്നെ കടന്നുപോകുമ്പോള്‍,  എന്‍റെ വശത്തേക്ക് പെട്ടെന്ന് നോക്കിയ അവളുടെ കാലുകള്‍ ഒരു നിമിഷം നിശ്ചലമായി. ആ മിഴികളില്‍  ഒരു തിരയിളക്കം ഞാന്‍ കണ്ടുവോ?? അവിശ്വസനീയമായത് ഏതോ കാണുന്നതുപോലുള്ള ഒരു ഭാവത്തോടെ, മടിച്ചു മടിച്ചു മുന്‍പോട്ടു നടന്നു തുടങ്ങിയ അവള്‍,  മെല്ലെ ഒന്ന് തിരിഞ്ഞു  നോക്കിയതോടെ എനിക്ക് ഉറപ്പായി, അവളും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു!! അകലെ വേഗത്തില്‍ നീങ്ങുന്ന ഭര്‍ത്താവിന്‍റെ അരുകിലെത്തിപ്പെടാന്‍ കാലുകള്‍ വലിച്ചു വച്ചു നടക്കുമ്പോഴും,  ദൃഷ്ടിയില്‍ നിന്നും മറയുന്നതിനു മുന്‍പായി ഒന്നു കൂടി തിരിഞ്ഞു നോക്കാനും, അധരങ്ങളില്‍, ഒളിപ്പിച്ചു വച്ച ഒരു മന്ദഹാസം എനിക്ക് സമ്മാനിക്കാനും അവള്‍ മറന്നില്ല!! 


എന്‍റെ ഉള്ളം മധുരമുള്ള  ഒരായിരം ഓര്‍മ്മകളുടെ പൂന്തോട്ടമായി  മാറിക്കഴിഞ്ഞിരുന്നു!!  തിരികെ നടന്നു സീറ്റില്‍ ഇരിക്കുമ്പോള്‍,  മനസ്സെന്ന നൂലുപൊട്ടിയ പട്ടം, ഒരു കൌമാരക്കാരി തെലുങ്ക് പെണ്‍കുട്ടിയുടെ അരുകിലേക്ക്‌ പറക്കുകയായിരുന്നു!!

എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി, ജോലിക്കായുള്ള തിരച്ചിലിന്‍റെ സമയം.  ഗ്രാമത്തിലെ വസതിയിലിരുന്നു ശ്രമിച്ചാല്‍ മാത്രം ജോലി തരപ്പെടുകയില്ലെന്ന സത്യം,  അധികം വൈകാതെ തന്നെ അറിഞ്ഞു തുടങ്ങി. ചെന്നൈയിലുള്ള ഒരു ബന്ധുവിന്‍റെ നിര്‍ദ്ദേശപ്രകാരം,  സമയം പാഴാക്കാതെ ഞാന്‍ അങ്ങോട്ടേക്കുതന്നെ വണ്ടി കയറിയതും,  അതുകൊണ്ട് തന്നെയായിരുന്നു!!

അങ്ങനെയാണ് ചെന്നൈയിലെ തിരുവല്ലിക്കേണിയിലുള്ള,  മാര്‍ക്കെറ്റിനു പുറകിലെ ഹബീബുള്ള തെരുവില്‍,  ഒരു അന്തേവാസിയായി ഞാന്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്!! വൃത്തിഹീനമായ ഇടുങ്ങിയ തെരുവിന്‍റെ ഇരുവശങ്ങളിലും,  പഴയ രീതിയില്‍ ഉയര്‍ന്ന മതില്‍ക്കെട്ടുകളുള്ള ഇരുനില വീടുകള്‍!! പടിപ്പുര വാതില്‍ തുറക്കുമ്പോള്‍ മാത്രം ദൃശ്യമാവുന്ന അകത്ത് മൂന്നു വശങ്ങളിലായി,  ഇടുങ്ങിയ മുറികളുള്ള വാസ സ്ഥലങ്ങള്‍!!  അതിനുള്ളിലെ പരിമിതികള്‍ക്കുള്ളില്‍, പരിഭവമില്ലാതെ  കഴിഞ്ഞു കൂടുന്ന തെലുങ്കരുടേയും,  കന്നടക്കാരുടേയും,  തമിഴരുടേയും ഇടത്തരം കുടുംബങ്ങള്‍!!

ഇത്തരമൊരു പടിപ്പുര വാതിലിനു നേരെ എതിര്‍ വശത്തുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയിലായിരുന്നു, എന്‍റെ താമസം. എന്‍റെ റൂമിനു തൊട്ടു മുന്‍പിലായുള്ള ബാല്‍ക്കണിയിലെ അരഭിത്തിയില്‍ കയറി ഇരുന്നാല്‍, താഴെ തെരുവിലെ ജീവിതം പച്ചയായി തന്നെ കണ്ടുകൊണ്ടിരിക്കാം. ആ ദിവസങ്ങളില്‍ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലായിരുന്നതിനാല്‍,  ഭക്ഷണവും ഉറക്കവും ഒഴികെയുള്ള സമയങ്ങളില്‍,  എന്‍റെ ഇരിപ്പിടം മിക്കവാറും ഒരു പിടി പത്രങ്ങള്‍ക്കൊപ്പം,  ഈ ബാല്‍ക്കണി തന്നെയായി!!

തലയുയര്‍ത്തി നേരെ നോക്കിയാല്‍, എതിര്‍ വശത്തെ വീടിനുള്ളിലെ നടുത്തളത്തില്‍ തുണിയലക്കുന്ന, അല്ലെങ്കില്‍ ബോര്‍വെല്‍ പൈപ്പില്‍നിന്നും വെള്ളം അടിച്ചെടുക്കുന്ന,  മൂക്കുത്തിയും, വലിയ പൊട്ടുകളുമണിഞ്ഞ തെലുങ്കത്തികളെയോ,  തമിഴത്തികളെയോ ഒക്കെ കാണാം. അവരുടെയൊക്കെ മുക്കാലും നഗ്നരായ ചെറു കുട്ടികള്‍,  ശബ്ദമുണ്ടാക്കിക്കൊണ്ട് അവിടെയൊക്കെ ഓടിക്കളിക്കുന്നുണ്ടാവും!! തെരുവിലാകട്ടെ ഐസ്ക്രീംകാരനോ,  പച്ചക്കറിക്കാരനോ,  അല്ലെങ്കില്‍ പഴവണ്ടിക്കാരനോ ഒക്കെ,  മണിയടിച്ചുകൊണ്ട് പോകുന്നുണ്ടാവും. അപ്പോഴൊക്കെ പടിപ്പുരവാതില്‍ തുറന്നു പുറത്തേക്ക് എത്തിനോക്കുന്ന അമ്മമാരുടെ ചേലത്തുമ്പുകളില്‍ പിടിച്ചുകൊണ്ടു,  ആ കുഞ്ഞുങ്ങളും വിസ്മയം വിടരുന്ന കണ്ണുകളുമായി,  ഒപ്പമുണ്ടാവും!!

ജോലിയില്ല എന്നൊരു വിഷമമൊഴിച്ചാല്‍,  തെരുവിലേക്ക് നോക്കിയിരുന്നാല്‍ സമയം പോകുന്നത് തീരെ അറിയില്ല. ജീവിതവും മരണവുമൊക്കെ,  നമുക്കിവിടെ പച്ചയായിതന്നെ കാണാം. ചിലപ്പോള്‍ അത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ,  നൃത്തം ചെയ്തു നീങ്ങുന്ന ശവ ഘോഷയാത്രയുടെ രൂപത്തില്‍!! മറ്റു ചിലപ്പോള്‍ പുതിയതും പഴയതുമായ രാഗങ്ങളിലുള്ള സിനിമാപാട്ടുകളുടെ അകമ്പടിയോടെ,  ബാന്‍ഡ് മേളക്കാര്‍  നയിക്കുന്ന വിവാഹ ഘോഷയാത്രകളായി!!

എതിര്‍ വശത്തെ കോമ്പൌണ്ടില്‍,  ഏറ്റവും വലതുവശത്തുള്ള വീട്ടില്‍ താമസിക്കുന്നത്, ഒരു തെലുങ്ക് കുടുംബമായിരുന്നു. ഭര്‍ത്താവും ഭാര്യയും ഒരു കൈക്കുഞ്ഞും അടങ്ങുന്ന,  ചെറു കുടുംബം. ഭര്‍ത്താവ് രാവിലെ സൈക്കിളില്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍,  ആ സ്ത്രീയെ കുഞ്ഞുമായി തുണി നനക്കുന്നിടത്തും, വെള്ളം കുടങ്ങളില്‍ നിറയ്ക്കുന്നിടത്തുമൊക്കെ കാണാം. അധികം ആരോടും അടുപ്പമില്ലാത്ത ഒരു പ്രകൃതമായിരുന്നു ആ കുടുംബത്തിന്റേതെന്നു,  കുറച്ചു നാളുകളില്‍ തന്നെ എനിക്ക് ബോദ്ധ്യമായി.

നാലുമണിക്കുള്ള ഒരു ചായ കുടിച്ചുകൊണ്ട് ബാല്‍ക്കണിയില്‍ ഇരിക്കുമ്പോഴാണ്,  അതിഥികളായി അവര്‍ എത്തുന്നത്!!  പടിപ്പുരയ്ക്ക് മുന്‍പിലായി നിര്‍ത്തിയ സൈക്കിള്‍ റിക്ഷയില്‍ നിന്നും ആദ്യം ഇറങ്ങിയത്,  അവളായിരുന്നു.  പതിനേഴിന്‍റെ പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന,  ഇരുനിറത്തില്‍, വടിവൊത്ത ശരീരപ്രകൃതിയോടുകൂടിയ, പ്രസരിപ്പുള്ള ഒരു ദാവണിക്കാരി !!  വിടര്‍ന്ന വലിയ കണ്ണുകളും, ചെറിയ വായും,  ഉയര്‍ന്ന പുരികങ്ങളുമുള്ള, മൂക്കുത്തിയണിഞ്ഞ ആ  തെലുങ്കു സുന്ദരിയെ,  ഒറ്റ നോട്ടത്തില്‍ തന്നെ ആരും ഇഷ്ടപ്പെട്ടുപോകും!!  പിന്നെയുള്ളത് പത്തു വയസ്സുള്ള ഒരു ആണ്‍കുട്ടിയും, ഇവരുടെ അമ്മയാകാന്‍ സാധ്യതയുള്ള ഒരു തടിച്ച സ്ത്രീയും.  ഇതിനകം പടിപ്പുരവാതില്‍ തുറന്നെത്തിയ ഗൃഹനായികയോടൊപ്പം, കലപില സംസാരിച്ചുകൊണ്ട് അവരെല്ലാം അകത്തേക്ക് പോകുന്നത്, ഞാന്‍ കൌതുകത്തോടെ നോക്കിയിരുന്നു.

ഏതാണ്ട് അഞ്ചു മിനിട്ടുകള്‍ കഴിഞ്ഞു കാണും,  ഒരു വീഴ്ചയുടെ ശബ്ദം കേട്ടാണ്,  ഞാന്‍ വീണ്ടും അങ്ങോട്ട്‌ നോക്കിയത്. ആ ബാലന്‍റെ പുറകെ, അവന്‍റെ കൈയിലുള്ള ഏതോ വാങ്ങിയെടുക്കാനായി പുറത്തേക്ക് ഓടി വന്ന സ്പീഡില്‍,  ആ മഞ്ഞ ദാവണിക്കാരി ആ പടിക്കെട്ടു കണ്ടില്ലെന്നു തോന്നുന്നു. ദാ കിടക്കുന്നു അവള്‍,  താഴെ, കമിഴ്ന്നടിച്ച്!! ആ കിടപ്പില്‍ നിന്ന് തല ഉയര്‍ത്തി നോക്കിയതോ,  എന്‍റെ മുഖത്തേക്കും!! ലജ്ജകൊണ്ട് ചുവന്നു തുടുത്ത മുഖവുമായി, അകത്തേക്ക് ഓടുന്ന അവളെ കാണാന്‍ അപ്പോള്‍ നല്ല ശേലായിരുന്നു!! എന്നെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ടായിരിക്കും, അന്ന് പിന്നെ അവളെ പുറത്തേക്കൊന്നും കണ്ടില്ല.

അടുത്ത ദിവസം തുടങ്ങി,  ബാല്‍ക്കണിയിലെ എന്‍റെ ഇരിപ്പിന്‍റെ ദൈര്‍ഘ്യം കൂടി കൂടി വന്നു. കാരണം ആ സുന്ദരി തന്നെ!!  ആ വീട്ടിലെ ഗൃഹനാഥന്‍ രാവിലെ ജോലിക്കായി പോയിക്കഴിഞ്ഞാല്‍,  അവിടുത്തെ കുഞ്ഞിനേയും ഒക്കത്ത് വച്ചുകൊണ്ട് ആ തളത്തിലൊക്കെ ചുറ്റി നടക്കലാണ്,  അവളുടെ പണി. കൃത്യമായ ഇടവേളകളില്‍,  ആ ഭംഗിയുള്ള കണ്ണിണകള്‍ എന്നെ തേടിയെത്തുന്നത് ഒട്ടൊരു കൌതുകത്തോടെയാണ്, ആദ്യമൊക്കെ ഞാന്‍ നോക്കി നിന്നത്!! അവളെ പ്രകോപിപ്പിക്കാനായി മുഖം കൊണ്ട് ഞാന്‍ എന്തെങ്കിലും ഗോഷ്ടി കാണിച്ചാല്‍,  നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരിയോടെ അവള്‍ ഓടി അകത്തേക്ക് കയറും!! പിന്നെ കുറെയേറെ നേരത്തേക്ക് അവള്‍ പുറത്ത് ഇറങ്ങുകയില്ല.

ദിവസം തോറുമുള്ള ഈ സന്തോഷാനുഭവങ്ങള്‍ക്കൊരു ഒരു ചെറു തടസ്സം സൃഷ്ടിച്ചു കൊണ്ട്,  എനിക്ക് ഒരു ജോലി ലഭിച്ചതും,  ഈ സമയത്ത് തന്നെയായിരുന്നു!! അവിടെയും അല്‍പ്പം ഭാഗ്യം,  എന്നോടൊപ്പം ഉണ്ടായിരുന്നു. എനിക്ക് ലഭിച്ച ജോലി,  ഷിഫ്റ്റ്‌ സംവിധാനത്തിലുള്ള ഒന്നായിരുന്നു.  അതുകാരണം അതിരാവിലെ പോയാല്‍, ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരികെ എത്താം. ഇനി ഉച്ച കഴിഞ്ഞുള്ള ഡ്യൂട്ടി ആണെങ്കില്‍,  രാത്രി പത്തു മണിക്ക് തിരികെ വന്നാലും, പിറ്റേ ദിവസം ഉച്ചക്ക് ഒരു മണി വരെയുള്ള സമയം ഫ്രീ ആയിരിക്കും!!   ഈ ഒഴിവു സമയങ്ങളില്‍,  മറ്റെല്ലാവരും ജോലിക്ക് പോയിരിക്കും എന്നുള്ളതിനാല്‍,  ഞങ്ങളുടെ ഈ സല്ലാപം ആരുമറിയാതെ തുടരാന്‍ എളുപ്പമായിരുന്നു!! . നമ്മളെ ഇഷ്ടപ്പെടുന്ന, നമ്മുടെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടി,  ഇനി അവള്‍ ഏതു ഭാഷക്കാരിയോ, ജാതിക്കാരിയോ തന്നെ ആകട്ടെ, തൊട്ട് അപ്പുറത്തെ ചുമരിനുള്ളില്‍ ഉണ്ട് എന്നുള്ള ചിന്ത തന്നെ മതിയല്ലോ,  ആ പ്രായത്തിലുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍റെ ദിവസങ്ങളെ വര്‍ണ്ണാഭമാക്കാന്‍!!  ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം സന്തോഷിച്ചിരുന്ന നാളുകളായിരുന്നു അവ!!

'കമലു ', അതായിരുന്നു അവളുടെ പേരെന്നു ഞാന്‍ ഇതിനോടകം മനസ്സിലാക്കിയിരുന്നു!!   പരസ്പരമുള്ള നോട്ടങ്ങളും,  അംഗവിക്ഷേപങ്ങളും, മന്ദഹാസങ്ങളുമൊഴിച്ചാല്‍,  ഞങ്ങളുടെ സൗഹൃദം തുലോം ശുഷ്ക്കമായിരുന്നു.  കാരണം, ആ വലിയ തളത്തിനുള്ളില്‍ നിന്നും,  അവള്‍ തനിയെ ഒരിക്കല്‍ പോലും തെരുവിലേക്ക് വന്നിട്ടില്ല. അഥവാ വന്നാല്‍ തന്നെ,  കൂടെ ആരെങ്കിലും വലിയവര്‍,  ഒപ്പമുണ്ടാവും. ഇനി അതുമല്ല,  ഈ കടമ്പകള്‍ എല്ലാം കടന്നു ഒന്നു കണ്ടുമുട്ടിയാല്‍ തന്നെ,  അവളുടെ തെലുങ്ക് ഭാഷ, വില്ലന്‍റെ രൂപത്തില്‍ ഞങ്ങള്‍ക്കിടയില്‍ മൌനരാഗം മൂളുന്നുണ്ടാവും!!!!


എങ്കിലും ഈവക നൂലാമാലകളൊന്നും തന്നെ, അവള്‍ക്കു എന്നോടും എനിക്ക് തിരിച്ചവളോടുമുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിന് ഒരിക്കലും, തടസ്സം സൃഷ്ടിച്ചിരുന്നില്ല. ഞാന്‍ ജോലി കഴിഞ്ഞു എത്തുന്ന സമയം,  കുട്ടിയേയും ഒക്കത്ത് വച്ചുകൊണ്ടുള്ള പടിവാതുക്കലെ അവളുടെ കാത്തു നില്‍പ്പ് തന്നെ,  അക്ഷരാര്‍ഥത്തില്‍ എന്‍റെ മനസ്സിനെ കോരിത്തരിപ്പിച്ചിരുന്നു!!  ഇതാ, എവിടെ നിന്നോ, എന്തിനായോ, എപ്പോഴോ കടന്നു വന്ന ഒരു പെണ്‍കുട്ടി!! അതും ഒരു അന്യ ഭാഷക്കാരി!! ആകസ്മീകമായി കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനെ,  ജാതിയുടെയും, മതത്തിന്‍റെയും, ഭാഷയുടെയും അതിരുകളൊന്നും തന്നെ വക വയ്ക്കാതെ,  എന്തുകൊണ്ടോ  ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു!! പക്വതയില്ലാത്ത കൌമാരത്തിന്‍റെ വികൃതിയാകാം ഇതൊക്കെ, എന്ന് പറഞ്ഞു, വേണമെങ്കില്‍  മുഖം തിരിച്ചു നില്‍ക്കാം. ഇവളിലും അഴകേറിയ എത്രയോ കുട്ടികളെ, ദിവസവും കാണാറുണ്ട്‌?? പിന്നെ ഇവളോട് മാത്രം എന്തുകൊണ്ട്, മറ്റാരോടും തോന്നാത്ത ഈ ഇഷ്ടം??  ഇവളെ കാണുമ്പോള്‍ മാത്രം എന്തേ മനസ്സും ശരീരവും സന്തോഷത്തിന്‍റെ പെരുമ്പറ മുഴക്കാന്‍ വെമ്പുന്നു??  ഏറെ നേരം അവളെ കാണാതിരിക്കുമ്പോള്‍,  മനസ്സ് എന്തേ ആധിയിലും ഉദ്വേഗത്തിലും വിങ്ങാന്‍ തുടങ്ങുന്നു?? എന്തോ,  ഇവയ്ക്കൊന്നും ശരിയായ ഒരു ഉത്തരം അന്നൊന്നും എനിക്കും ഇല്ലായിരുന്നു എങ്കിലും, വെറുമൊരു കൌതുകത്തിനുമപ്പുറം, എപ്പോഴോ മുതല്‍,  ഞാനും അവളെ ആത്മാര്‍ഥമായി സ്നേഹിച്ചു തുടങ്ങി, എന്നുള്ളത്, നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ത്യമായിക്കഴിഞ്ഞു എന്ന് എനിക്കും ബോദ്ധ്യമായി!!

രണ്ടു മാസങ്ങള്‍ കടന്നു പോയത് എത്ര വേഗത്തിലായിരുന്നു!!  ഒപ്പം ആ സന്തോഷാനുഭവങ്ങളുടെ മുഹൂര്‍ത്തങ്ങളും!!  ഞങ്ങളുടെ ഇടയില്‍ വളര്‍ന്നു വന്ന ഇഷ്ടം, ഒരു നേരം പോലും അന്യോന്യം കാണാതിരിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് കടന്നിരുന്നു!!  ഈ നിരുപദ്രവങ്ങളായ ഇഷ്ടം പങ്കു വയ്ക്കലുകള്‍, മറ്റാരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുന്നുണ്ടോ എന്ന് പോലും, ശ്രദ്ധിക്കാതെ  കടന്നു പോയ നാളുകള്‍!!


 അന്ന് എനിക്ക് രാവിലെയുള്ള ഷിഫ്റ്റായിരുന്നതിനാല്‍,  വെളുപ്പിനെ അഞ്ചുമണിക്ക് തന്നെ ഞാന്‍ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. തിരികെ രണ്ടു മണിയോടെ വീട്ടിലെത്തുമ്പോള്‍,  പതിവ് പോലെ അവളെയും കുഞ്ഞിനേയും അന്ന് പടിവാതിക്കല്‍ കാണാനില്ലായിരുന്നു. മുകളില്‍ കയറി ബാല്‍ക്കണിയില്‍ നിന്നും അവളുടെ വീട്ടിലേക്കു നോക്കിയപ്പോള്‍, കതകും ജനലുമൊക്കെ അടഞ്ഞു കിടക്കുന്നു.  എന്‍റെ ഉള്ളൊന്നു കാളി. പെട്ടെന്ന് തന്നെ ഞാന്‍ ആശ്വസിച്ചു, വല്ല ഷോപ്പിങ്ങിനും എല്ലാവര്‍ക്കുമൊപ്പം അവളും പോയിക്കാണും!! നല്ല ക്ഷീണം ഉണ്ടായിരുന്നതിനാല്‍,  ഒന്ന് മയങ്ങാനായി ഞാന്‍ റൂമിലേക്ക്‌ നടന്നു.

അഞ്ചു മണിക്ക് എഴുന്നേറ്റ ഞാന്‍, ചായക്കാരന്‍ പയ്യന്‍ പതിവായി ആ സമയത്ത് കൊണ്ടുതരുന്ന ചായയുമായി, ബാല്‍ക്കണിയില്‍ ഇരുപ്പുറപ്പിച്ചു. ആവൂ, ഇപ്പോള്‍ കതകും ജനലുമൊക്കെ തുറന്നു കിടപ്പുണ്ട്. ആശ്വാസമായി! ഞാന്‍ ചായ മെല്ലെ കുടിച്ചുകൊണ്ട് അവള്‍ക്കായി കാത്തിരുന്നു. അര മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനൊടുവിലും, അവിടുത്തെ സ്ത്രീയെയും കുട്ടിയേയും പല തവണ കണ്ടെങ്കിലും, അവളെ മാത്രം കാണാതായപ്പോള്‍, മനസ്സില്‍ വീണ്ടും ആപല്‍ശങ്കകള്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി!!

മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിയത് അപ്പോഴാണ്‌. കൂടെ ഇടിവെട്ട് പോലെ ആ യാഥാര്‍ത്യവും!! അവധിക്കാലം കഴിഞ്ഞതോടെ അവള്‍ തിരികെ അവളുടെ സ്വന്ത നാട്ടിലേക്ക് പോയിക്കാണുമോ??  മനസ്സിനെ തളര്‍ത്തിയ ആ ചിന്തയോടൊപ്പം പേരറിയാത്തൊരു നൊമ്പരം ഉള്ളിലെവിടെയോ ശക്തമാകാന്‍ തുടങ്ങിയതും,  അപ്പോഴായിരുന്നു!!

"എന്‍റെ സാറേ, അപ്പുറത്തുണ്ടായിരുന്ന ആ വിരുന്നുകാരൊക്കെ,  ഇന്ന് രാവിലെ തന്നെ കെട്ടിപ്പെറുക്കി പോയല്ലോ. പോകുന്ന സമയം വരെ ആ പെണ്ണ് ഇങ്ങോട്ട് തന്നെ നോക്കി അവിടെയെല്ലാം നടക്കുന്നതു ഞാന്‍ കണ്ടിരുന്നു."

ചായക്കാരന്‍ പയ്യന്‍ അടുത്തു വന്നതും പറഞ്ഞതും ഒന്നും,  ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.  എന്‍റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് വീണ്ടും അവന്‍ അത് പറയുമ്പോള്‍,  അവന്‍റെ ദൃഷ്ടികളെ നേരിടാനാവാതെ, ഞാന്‍ വേറെ എവിടെയോ നോക്കുന്നതായി ഭാവിച്ചു.

"സാറിനവളെ ഇഷ്ടമായിരുന്നു, ഒരുപാട്,  ഇല്ലേ സാര്‍? അവള്‍ക്കു സാറിനോടും അങ്ങനെ തന്നെയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു..."

അവന്‍റെ പതിഞ്ഞ ശബ്ദത്തില്‍ സങ്കടം നിറഞ്ഞു നിന്നിരുന്നു.  ഒന്നും പറയാനാവാതെ,  അവനു മുഖം കൊടുക്കാതെ,  ഞാന്‍ മെല്ലെ എഴുന്നേറ്റു പോയി എന്‍റെ കിടക്കയിലേക്ക് വീണു.....ആ കുറഞ്ഞ സമയം കൊണ്ട് തന്നെ അവള്‍ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവളായി തീര്‍ന്നിരുന്നു എന്ന്,  എനിക്ക് അപ്പോഴാണ്‌ തികച്ചും ബോധ്യമായത്!! ഇത്ര വേഗത്തില്‍ ഈ വേര്‍പാട് സംഭവിക്കുമെന്ന്, ഞങ്ങള്‍ രണ്ടാളും ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍, എന്റെ സങ്കടം ഇരട്ടിയായി. ഉറക്കം അരികില്‍ എത്താന്‍ മടിച്ചുനിന്ന ആ രാത്രിയും തുടര്‍ന്നുള്ള രാത്രികളും, എന്‍റെ വിങ്ങുന്ന  മനസ്സ് അവളുടെ സാമീപ്യത്തിനു വേണ്ടി, നിശബ്ദമായി കേണുകൊണ്ടിരുന്നു.....

ഞാന്‍ പിന്നെ  അധികകാലം ആ വീട്ടില്‍ തുടര്‍ന്നില്ല. തുടരാന്‍ എനിക്ക് സാധിച്ചില്ല എന്ന് പറയുന്നതു തന്നെയായിരുന്നു സത്യം. കമലുവിന്റെ പാദസരങ്ങളുടെ കിലുക്കങ്ങളില്ലാത്ത,  നിശ്ശബ്ദത തളംകെട്ടി നിന്നിരുന്ന ആ നടുത്തളം കാണുന്നതുതന്നെ,  പിന്നെ പിന്നെ എനിക്ക് വിഷമമായി.  അത്ര മാത്രം ആ പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍, എന്‍റെ മനസ്സിന്  താങ്ങാവുന്നതിലും അധികം നൊമ്പരം, ആ നാളുകളില്‍ തന്നുകൊണ്ടിരുന്നു!! അണ്ണാനഗറിലുള്ള കമ്പനിയുടെ താമസ സ്ഥലത്തേക്ക് വൈകാതെ ഞാന്‍ പടിയിറങ്ങുമ്പോഴും, എതിര്‍വശത്തെ പടിവാതിക്കല്‍ കുട്ടിയേയും ഒക്കത്ത് വച്ചു എന്നെ കാത്തു നിന്നിരുന്ന എന്‍റെ കമലുവിന്റെ മുഖമായിരുന്നു, മനസ്സ് മുഴുവനും.... സ്വപ്നങ്ങള്‍ ഉറങ്ങുന്ന  കണ്ണുകളില്‍, ഒരു കടലോളം സ്നേഹം ഒളിപ്പിച്ചു വച്ചിരുന്ന, ഗ്രാമീണ നിഷ്കളങ്കതയുടെ  മുഖം........ 

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്........,  ഒമാന്‍ എയറിന്‍റെ വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെടാനുള്ള യാത്രക്കാര്‍,  ദയവായി ബോര്‍ഡിംഗ് പാസ്സുകളുമായി, വിമാനത്തിനകത്തേക്ക് പ്രവേശിക്കാന്‍ തയ്യാറാവുക......."

ഉച്ചഭാഷിണിയില്‍ നിന്നുയര്‍ന്ന ശബ്ദം,  ചിന്തകളുടെ ലോകത്തുനിന്നും നിന്നും ഒരു ഞെട്ടലോടെ എന്നെ  ഉണര്‍ത്തി.  ഞാന്‍ സാവധാനം ലാപ്ടോപും ബാഗും എടുത്തു,  ഇതിനോടകം രൂപം കൊണ്ടിരുന്ന നീളമേറിയ ക്യുവിന്‍റെ ഒരറ്റത്തേക്ക്, മെല്ലെ നടക്കാന്‍ തുടങ്ങിയിരുന്നു.......

11 comments:

  1. ഇവിടെയൊരു നിശ്ശബ്ദ പ്രണയത്തിന്റെ കഥ പറയാന്‍ ശ്രമിക്കുകയായിരുന്നു. ജാതി മത ദേശ ഭാഷകളുടെ അതിരുകള്‍ വക വയ്ക്കാതെ, പരസ്പരം പ്രണയം പങ്കു വച്ചിരുന്ന രണ്ടു മനസ്സുകളുടെ കഥ.
    ഒരു പക്ഷെ, വിധിയെന്ന വില്ലന്, ഇവര്‍ക്ക് കുറച്ചു സമയം കൂടി കൊടുക്കാമായിരുന്നു..
    അങ്ങനെയാവാതിരുന്നതും നന്നായി!! എങ്കില്‍ ഇത് വെറുമൊരു കഥ മാത്രമായിപ്പോകുമായിരുന്നല്ലോ!!!

    ReplyDelete
  2. അല്പ്പം നീളം കൂടിയെങ്കിലും മുഴുവനും വായിച്ചു .

    വായിക്കാൻ സുഖമുള്ള ശൈലി ... നന്നായി

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തെ,

      നിധീഷിന്റെ ഈ നല്ല വാക്കുകള്‍ നല്‍കുന്ന സന്തോഷത്തിനും, പ്രോത്സാഹനത്തിനും എത്രമാത്രം നന്ദി പറഞ്ഞാലാണ് മതിയാവുക!!!
      ശരിയാണ്, കുറച്ചേറെ നീണ്ടു പോയി. എങ്കിലും മുഴുവനും വായിക്കാനുള്ള ക്ഷമയുണ്ടായല്ലോ...

      Delete
  3. പതിവുപോലെ, നന്നായിരിക്കുന്നു. ഇത്തവണ പ്രണയം!
    വീണ്ടും എഴുതുക.
    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. പ്രിയ ഡോക്ടര്‍,
      നന്നായിരിക്കുന്നു എന്ന് പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം തോന്നിയത്, മറച്ചു വയ്ക്കാനാവില്ലല്ലോ!!
      ഇത് എഴുതുവാനുള്ള കാരണം താഴെയുണ്ട്!!
      നന്ദി ഡോക്ടര്‍...

      Delete
  4. ഏട്ടാ ... മനസ്സിനുള്ളില്‍ ഒളിപ്പിച്ചുവയ്ക്കാന്‍ എങ്കിലും, ഇത്തരം അനുഭവമില്ലാത്തവര്‍ ഉണ്ടാവുമോ എന്തോ ?
    ഒരു നഷ്ട പ്രണയത്തിന്റെ ചെറു നൊമ്പരം...........
    നന്നായി എഴുതി...

    സ്നേഹപൂര്‍വ്വം

    ReplyDelete
    Replies
    1. പ്രിയമുള്ള അശ്വതി,
      ഇതെഴുതിക്കഴിഞ്ഞപ്പോള്‍ അശ്വതി എന്ത് പറയും എന്ന് അറിയാനുള്ള ഒരാകാംക്ഷ
      ഉണ്ടായിരുന്നു!! കാരണം മറ്റൊന്നുമല്ല, അശ്വതിയുടെ കഴിഞ്ഞ പോസ്റ്റ്‌ വായിച്ചുകഴിഞ്ഞപ്പോഴാണ് 'ഒളിച്ചോട്ടം' വരെയൊന്നും എത്തിയില്ലെങ്കിലും,എനിക്കും ഒരു നിശ്ശബ്ദ പ്രണയത്തിന്റെ കഥ പറയാനുണ്ടല്ലോ എന്ന്, ഓര്‍മ്മ വന്നത്!! അത് ദേ എഴുതി വന്നപ്പോള്‍, ഇത്രയുമങ്ങു നീണ്ടും പോയി!!
      ഒരുപാട് നന്ദി അശ്വതി, നല്ല വാക്കുകള്‍ക്കും, പ്രചോദനമായതിനും!!

      Delete
  5. ഈയിടെ വായിച്ചതില്‍ ഏറ്റവും മനസ്സില്‍തൊട്ട പ്രണയകഥ ഇതാണെന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കുന്നില്ല

    ReplyDelete
    Replies
    1. എന്റെ പ്രിയ അജിത്‌ മാഷേ,
      ഞാന്‍ ഇതുവരെ എഴുതിയിട്ടുള്ള പോസ്ടുകള്‍ക്കൊക്കെ, മാഷ്‌ ഇട്ടിരുന്ന കമന്റുകളില്‍
      വച്ച്, എനിക്ക് ഏറ്റവുമധികം സന്തോഷം തന്ന വാക്കുകള്‍!!
      പ്രത്യേകിച്ചും, മിക്കവാറും എല്ലാവരുടെയും പോസ്റ്റുകള്‍ വായിച്ചു, കൃത്യമായി വിലയിരുത്തുന്ന മാഷിനേപ്പോലെയുള്ള ഒരാളില്‍ നിന്നും ലഭിച്ച ഈ വിലയുള്ള അംഗീകാരത്തിന്, ഹൃദയം നിറഞ്ഞ നന്ദി!!!

      Delete
  6. സുഖമുള്ള ആ നൊമ്പരത്തിന്റെ കഥ ഞങ്ങളുമായി പങ്കുവച്ചതിന് നന്ദി പറയട്ടെ. വളരെ ഹൃദ്യമായിരിയ്ക്കുന്നു. ആശംസകള്‍ ....

    ReplyDelete
  7. പ്രിയ വിനോദ മാഷേ,

    നല്ല നല്ല കഥകള്‍ ഞങ്ങള്‍ക്ക് എപ്പോഴും നല്‍കിയിട്ടുള്ള മാഷിനും, ഈ പ്രണയ കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം!!
    മാഷിന്റെ പ്രോല്സാഹനത്തിനു നന്ദി....

    ReplyDelete