Monday, February 11, 2013

അതിര്‍ത്തി ലംഘിച്ചൊരു നുഴഞ്ഞുകയറ്റം!!!!"നാളെ ഉച്ച കഴിഞ്ഞു നമ്മള്‍ രണ്ടാളും അല്‍ഐന്‍ വരെ പോകുന്നു, വൈകുന്നേരം തന്നെ തിരികെയും വരുന്നു"

മുമ്പില്‍ തുറന്നു വച്ചിരുന്ന പിരിഞ്ഞു കിട്ടാനുള്ള തുകകളുടെ ലിസ്റ്റിലേക്ക് നോക്കി ബോസ്സ് എന്നോട് അത് പറഞ്ഞപ്പോള്‍, അതില്‍ അസ്വാഭാവികമായി ഒന്നും തന്നെ എനിക്ക് തോന്നിയില്ല. യുഎഇയുടെ പൂന്തോട്ട നഗരം എന്ന് പ്രസിദ്ധിയാര്‍ജിച്ച അലൈനിലേക്കുള്ള യാത്രകള്‍, എനിക്ക് എന്നും ഒരു ഹരമായിരുന്നു!! പച്ചപ്പിന്‍റെ ധാരാളിത്തം വിളിച്ചോതുന്ന തെരുവോര വൃക്ഷലതാദികളും, നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന മലര്‍വാടികളും, തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ഒക്കെ ചേര്‍ന്ന അല്‍ഐന്‍, സഞ്ചാരികളുടെ മനം കവര്‍ന്ന നഗരമായതില്‍, ഒട്ടും തന്നെ അതിശയോക്തി ഇല്ല.!! അതുകൊണ്ട് തന്നെ ദുബായിയുടെ മനം മടുപ്പിക്കുന്ന കൃത്രിമ ദൃശ്യങ്ങളില്‍ നിന്ന് ഒരു മോചനം, അത് ഏതാനും മണിക്കൂറുകളുടെ മാത്രം ദൈര്‍ഘൃമുള്ളതായിരുന്നാല്‍ പോലും, എന്നെ സംബന്ധിച്ചടത്തോളം ഹൃദ്യമായ ഒരു അനുഭവമായിരുന്നു!!

ദുബായിലുള്ള ഞങ്ങളുടെ സ്ഥാപനം ഉത്പാദിപ്പിക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍, അല്‍ഐനിലുള്ള കുറച്ചു ഉപഭോക്താക്കള്‍ സ്ഥിരമായി വാങ്ങാറുണ്ടായിരുന്നു സാധനങ്ങള്‍ വാങ്ങുന്നതല്ലാതെ അവരില്‍ നീന്നും ഇതിന്‍റെ പേയ്മെന്റ് വാങ്ങി എടുക്കുക എന്നുള്ളത് ഒരു ഭഗീരഥ പ്രയഗ്നം തന്നെയാണ്. അതിനായി മിക്കവാറും മാസത്തില്‍ ഒരു തവണ എങ്കിലും അല്‍ഐനില്‍ പോകേണ്ടി വരും. അത്തരം ഒരു യാത്രയുടെ കാര്യമാണ് ബോസ്സ് എന്നോട് സൂചിപ്പിച്ചത്. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടേക്കാവുന്ന എന്തെങ്കിലും നിര്‍മ്മാണ വൈകല്യങ്ങളെപ്പറ്റി മനസ്സിലാക്കുകയും, തിരികെ വന്നു ആ ഫീഡ്ബാക്ക് നിര്‍മ്മാണ യൂണിറ്റിനു കൈമാറുകയും ചെയ്യുക എന്നുള്ളതാണ്, എന്നെയും ഈ യാത്രകളില്‍ കൂടെ കൂട്ടുന്നതിന്‍റെ ഗൂഢ ലക്ഷ്യം!!

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ സമയത്തായിരുന്നു ഞങ്ങളുടെ യാത്ര എന്നതിനാല്‍ അല്‍ഐനില്‍ നിന്നും ദുബായില്‍ വാരാന്ത്യം ആഘോഷിക്കാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ ഞങ്ങള്‍ക്കെതിരെ ചീറിപാഞ്ഞു വരുന്ന കാഴ്ച, ഉള്‍ക്കിടിലമുണര്‍ത്തുന്നതായിരുന്നു!! ഇടയ്ക്കൊരു ചായകുടിയ്ക്കുള്ള സമയം നഷ്ടപ്പെടുത്തിയതൊഴിച്ചാല്‍, ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിച്ചേര്‍ന്നു.

പേയ്മെന്റ് കളക്ഷന്‍ ഒക്കെ ഒന്ന് രണ്ടു മണിക്കൂറിനകം കഴിഞ്ഞു കിട്ടി. അതുകൊണ്ടുതന്നെ അധികം വൈകുന്നതിനു മുമ്പായി ഞങ്ങള്‍ക്ക് മടക്ക യാത്ര ആരംഭിക്കാനും കഴിഞ്ഞു.

നഗരത്തില്‍ നിന്നും പുറത്തേക്കുള്ള വഴിയില്‍ ഏതാണ്ട് പതിനഞ്ചില്‍ കൂടുതല്‍ റൌണ്ട്എബൌട്ടുകള്‍ നിശ്ചിത വേഗതയ്ക്കുള്ളില്‍ മാത്രമായി കടക്കേണ്ടതുണ്ട്. ഏതാനും റൌണ്ട്എബൌട്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് വണ്ടി ഓടിച്ചുകൊണ്ടിരുന്ന ബോസ്സില്‍ നിന്നും ആ ചോദ്യം ഉയര്‍ന്നത്.

"താങ്കള്‍ ഇതുവരെ അല്‍ഐന്‍ നഗരം മുഴുവനായും കണ്ടു കാണാന്‍ സാധ്യത ഇല്ലല്ലൊ. അതുകൊണ്ട് നമുക്ക് ഇന്ന് നഗരം മുഴുവനും ഒന്ന് ചുറ്റിയടിച്ചിട്ടു തിരികെ പോയാലോ??"

മറുപടി പറയുന്നതിന് മുമ്പ് ഞാന്‍ ഒന്ന് ആലോചിച്ചു. ഇന്ന് ഇനി നേരെ വീട്ടിലേക്കു പോയാല്‍ മതിയല്ലോ. ഭാര്യയെ വിളിച്ചു അല്പ്പം ലേറ്റാകും എന്നു പറഞ്ഞാല്‍ മാത്രം മതി, പിന്നെ പ്രശ്നമൊന്നുമില്ല.

എന്‍റെ മൌനം സമ്മതം എന്ന് കരുതിയാവണം, അപ്പോഴേക്കും വണ്ടി ഗതി മാറ്റി അറിയാത്ത വഴികളിലൂടെയൊക്കെ മറ്റു വണ്ടികള്‍ക്ക് പുറകെയുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞിരുന്നു!! ഇംഗ്ലീഷുകാരൊക്കെ ഈ സമയത്തുപയോഗിക്കുന്ന ആ പ്രയോഗം മനസ്സിലേക്കോടിയെത്തി, അതെ, 'വി സ്റ്റാര്‍ട്ടഡ് പെയ്ന്റിംഗ് ദി സിറ്റി റെഡ്'
നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നഗരദൃശ്യങ്ങള്‍ മനസ്സിന് കുളിര്‍മ്മ പകരുന്നതായിരുന്നു. ഉത്സവകാലമായതിനാലാവാം, മരച്ചില്ലകളൊക്കെ വര്‍ണ ദീപപ്രഭയില്‍ ചെറുകാറ്റിനൊപ്പം മെല്ലെ ഇളകുന്ന കാഴ്ച മനസ്സിന്‍റെയുള്ളിലും പുത്തനുണര്‍വ് പകരുന്നുണ്ടായിരുന്നു!!

കുറെയേറെ നേരം കാഴ്ചകള്‍ കണ്ടു നീങ്ങിയ ഞങ്ങള്‍, ഇരുവശങ്ങളിലും കാബിനുകളും ഗേറ്റുകളുമുള്ള ഒരു വഴിയെ അകത്തേക്ക് കടന്നതും, മുമ്പേ പോയ വാഹനങ്ങള്‍ക്കു പിറകെ തന്നെയായിരുന്നു. വശങ്ങളിലുള്ള കടകളില്‍ കണ്ണുകളോടിച്ച് നീങ്ങുന്ന ഞങ്ങള്‍ അല്‍പ്പം മുമ്പിലായി പതിയിരിക്കുന്ന വലിയൊരു വിപത്തിനെപ്പറ്റി അപ്പോഴും തീര്‍ത്തും അഞ്ജരായിരുന്നു!!

കുറച്ചു ദൂരം കൂടി മുമ്പോട്ടു പോയിക്കാണും, അപ്പോഴാണ് ഞങ്ങള്‍ക്ക് മുമ്പിലായി പോയിക്കൊണ്ടിരുന്ന വാഹനങ്ങളൊക്കെ മൂന്നുനാല് ലൈനുകളിലായുള്ള ഒരു ക്യൂ സിസ്റ്റത്തിന്‍റെ ഭാഗമാകുന്നത് അല്‍പ്പം ആശങ്കയോടെ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്!!

"വല്ല വാഹന ചെക്കിംഗുമായിരിക്കും, ഏതായാലും വണ്ടിയുടെ പേപ്പറുകളും നമ്മുടെയൊക്കെ തിരിച്ചറിയല്‍ കാര്‍ഡുകളുമൊക്കെ പുറത്തെടുത്തു വച്ചേക്കാം" അവയൊക്കെ പുറത്തേക്കെടുത്തുകൊണ്ട് ബോസ്സ് എന്നോടായി പറഞ്ഞു.

രേഖകളൊക്കെ റെഡിയാക്കിവച്ചുകൊണ്ട്, മുമ്പിലുള്ള കാറിനെ പിന്തുടര്‍ന്ന് ഞങ്ങള്‍ ചെക്ക്പോയിന്റിലേക്ക്, സാവധാനം നീങ്ങികൊണ്ടിരുന്നു. തൊട്ടു മുമ്പിലുണ്ടായിരുന്ന വണ്ടി ചെക്കിംഗ് കഴിഞ്ഞു കടന്നു പോയി. അടുത്തത് ഞങ്ങളുടെ ഊഴമാണ്.

ഗ്ലാസ്സുകളൊക്കെ താഴ്ത്തി വച്ചിരുന്നതിനാല്‍ വണ്ടി നിന്നതും സൈഡിലുള്ള കാബിനുള്ളില്‍ നിന്നും ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു. ഒപ്പം ഒരു ചോദ്യവും “പാസ്പോര്‍ട്സ് പ്ലീസ്”

ഞങ്ങള്‍ക്കുണ്ടായ ഞെട്ടലില്‍ നിന്നും ഉണര്‍ന്നു വന്നപ്പോഴേക്കും, അടുത്ത ഓര്‍ഡറും വന്നു കഴിഞ്ഞു, "വേഗം, വേഗം" ഞങ്ങളുടെ കയ്യില്‍ എവിടെനിന്ന് പാസ്പോര്‍ട് ഉണ്ടാവാന്‍?? ഉണ്ടായിരുന്ന ഐഡി കാര്‍ഡുകളുമൊക്കെ കാണിച്ചു ഒരു വിശദീകരണം നല്‍കാന്‍ അറിയാവുന്ന അറബിയില്‍ ബോസ്സും ആംഗലേയത്തില്‍ ഞാനും ഒരു ശ്രമം നടത്തി നോക്കി. ങ്ങൂഹും....ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല!! “പാസ്പോര്‍ട് ഇല്ലാതെ നിങ്ങള്‍ എങ്ങനെ ഒമാനിലേക്ക് കടന്നു??” ഇതാണ് അദ്ദേഹം ഞങ്ങളോട് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നത്.

കാര്യങ്ങള്‍ ഒരിടത്തും എത്തുന്നില്ല എന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ വണ്ടി സൈഡിലേക്ക് മാറ്റി ഇട്ടിട്ടു അകത്തേക്ക് വരാന്‍ പറഞ്ഞിട്ട് അദ്ദേഹം അടുത്ത വണ്ടി ചെക്ക് ചെയ്യാനായി തുടങ്ങി.

വണ്ടി ഒതുക്കിയിട്ടിട്ടു അകത്തേക്ക് ചെന്ന ഞങ്ങളെ എതിരേറ്റത് വളരെ ചെറുപ്പക്കാരനായ ഒരു പോലീസ് ഓഫീസറായിരുന്നു. വളരെ ശാന്തമായി സംസാരം തുടങ്ങിയ ആ ചെറുപ്പക്കാരന്‍റെ പ്രകൃതം ഞങ്ങളുടെ പരിഭ്രമത്തിനു അല്‍പ്പമൊരു അയവു വരുത്തി എന്ന് വേണമെങ്കില്‍ പറയാം!! അദ്ദേഹത്തില്‍ നിന്നുമാണ് യുഎഇയുടെ ഭാഗമായ അല്‍ഐനില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടന്നു ഞങ്ങള്‍ ഇപ്പോള്‍ ഒമാന്‍റെ ഭാഗമായ ബുറൈമിയിലാണ് നില്‍ക്കുന്നത് എന്നുള്ള സത്യം, മനസ്സിലാക്കുന്നത്!! തുടര്‍ന്ന് അദ്ദേഹം പറഞ്ഞു തന്നത് പ്രകാരം, ഈ ചെക്ക്പോസ്റ്റ്കടന്നു ദുബായിലേക്ക് പോകണമെങ്കില്‍, കൈവശം പാസ്പോര്‍ട്ടുകള്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അനധികൃത നുഴഞ്ഞുകയറ്റത്തിനു ജെയിലില്‍ കിടക്കേണ്ടി വരും!!

സംഗതികളുടെ പൂര്‍ണ ഗൌരവം ബോദ്ധ്യമായതോടെ രക്ഷപെടാനായുള്ള പഴുതുകള്‍ തേടി മനസ്സ് ജാഗരൂഗമായി!! ആരറിഞ്ഞു, ഒമാന്‍റെ ഭാഗമായ ബുറൈമിയുടെ ഒരു ഭാഗം അല്‍ഐന്‍ നഗരത്തിന്‍റെ ഉള്ളിലേക്കായി കയറി കിടക്കുന്നുണ്ടെന്ന്?? അതുകൊണ്ടുതന്നെ ഞങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഈ വിദേശഭൂമിയിലേക്ക് കാലുകുത്താനുണ്ടായ കാര്യകാരണങ്ങള്‍ പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ, ഉള്ളത് ഉള്ളതുപോലെ, സാവധാനം ഞങ്ങള്‍ മാറിമാറി അദ്ദേഹത്തോട് പറഞ്ഞു കേള്‍പ്പിച്ചു.

ഒടുവില്‍ ഞങ്ങളുടെ ദയനീയാവസ്ഥ ബോദ്ധ്യമായതിനാലാണോ എന്നറിയില്ല, അദ്ദേഹം ഒരു പോംവഴി നിര്‍ദ്ദേശിച്ചു. അതായത്, ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങള്‍ വന്ന വഴിയെ തന്നെ തിരികെ പോകാം. അടുത്തു തന്നെയുള്ള ഒരു ഇടുങ്ങിയ യൂറ്റേണ്‍പാത ചൂണ്ടി കാണിച്ചുകൊണ്ട് അത് വഴിയെ പോയിക്കൊള്ളാന്‍ അദ്ദേഹം ഒടുവില്‍ ഞങ്ങള്‍ക്ക് അനുമതി തന്നു.

ഹാവൂ! സമാധാനമായി! ഞങ്ങള്‍ അദ്ദേഹം കാണിച്ചുതന്ന വഴിയെ മടക്ക യാത്ര ആരംഭിച്ചു. എന്നാല്‍ ഈ സമാധാനത്തിനു അല്‍പ്പ നിമിഷങ്ങളുടെ മാത്രം ആയുസ്സായിരുന്നു ഉണ്ടായിരുന്നത് എന്ന് ഞങ്ങള്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല!!

അല്‍പ്പ ദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യം അറിയാതെ കയറിവന്ന ചെക്ക്പോസ്റ്റില്‍ എത്തിച്ചേര്‍ന്നു. ഈ തവണയും സൈഡിലുള്ള കാബിനില്‍ ആളനക്കം ഒന്നും പുറമേ നിന്നും കണ്ടില്ല. ഗേറ്റും തുറന്നിട്ടിരിക്കയായിരുന്നതിനാല്‍ ഞങ്ങള്‍ ഗേറ്റ് കടന്നു പുറത്തിറങ്ങി ദുബായിലേക്കുള്ള റോഡു കണ്ടെത്തി വേഗത്തില്‍ യാത്ര തുടര്‍ന്നു.

കഷ്ടിച്ച് ഒരു റൌണ്ട്എബൌട്ട് പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ രണ്ടാളും ഒരു നേര്‍ത്ത സൈറണിന്‍റെ ശബ്ദം അകലെയെവിടെനിന്നോ കേള്‍ക്കാന്‍ തുടങ്ങിയത്. ക്രമേണ വര്‍ദ്ധിച്ചുവരുന്ന ശബ്ദത്തിന്‍റെ ഉറവിടം തേടി റിയര്‍വ്യൂ മിററില്‍ നോക്കിയ എനിക്ക്, രണ്ടു പോലീസ് വണ്ടികള്‍ ബീക്കണ്‍ ലൈറ്റുകള്‍ ഇട്ടുകൊണ്ട് പുറകില്‍, ദൂരത്തുനിന്നും പാഞ്ഞു വരുന്നത് കാണാന്‍ കഴിയുന്നുണ്ടായിരുന്നു.

“പോലീസായിരിക്കും, കഷ്ടം തന്നെ, ഏതോ ഒരു ഹതഭാഗ്യന്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാവും!!” ബോസ്സിന്‍റെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി.

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ ആ രണ്ടു വണ്ടികളും ഇടിമുഴക്കം പോലെ സൈറണ്‍ മുഴക്കിക്കൊണ്ട് ഞങ്ങളുടെ ലെയ്നിലേക്ക് വെട്ടിച്ചുകയറി ഞങ്ങള്‍ക്ക് മുമ്പിലായി വഴിവിലങ്ങി കിതച്ചും കൊണ്ട് ബ്രേയ്ക്കിട്ടു നിന്നു!!

സ്തബ്ദരായി ഇരുന്നു പോയ ഞങ്ങളുടെ വണ്ടി ആ വണ്ടികളിലൊന്നിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഉലഞ്ഞു നിന്നതു അതിന്‍റെ ബ്രേക്കിന്‍റെ പ്രവര്‍ത്തനക്ഷമതയേക്കാള്‍ ഞങ്ങളുടെയാരുടെയോ ഭാഗ്യം കൊണ്ടാണെന്നാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്!!! മിന്നല് വേഗത്തില്‍ മുമ്പിലുള്ള വണ്ടികളില്‍ നിന്നും രണ്ടു യൂണിഫോറംധാരികള്‍ ചാടിയിറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഇരുവശങ്ങളിലായി നിലയുറപ്പിച്ചു!!

കാറിന്‍റെ ചില്ലുകളില്‍ ഉറക്കെ തട്ടിക്കൊണ്ടു അവര്‍ ഞങ്ങളുടെ ഐഡി കാര്ഡുകള്‍ ചോദിച്ചു വാങ്ങി. തുടര്‍ന്ന് അവരുടെ വണ്ടികള്‍ക്ക് പുറകെ വേഗം വരാനും പറഞ്ഞു.

അവരോടൊപ്പം വീണ്ടും ഞങ്ങളാ ചെക്ക്പോസ്റ്റിലൂടെ ബുറൈമിയില്‍ എത്തിച്ചേര്‍ന്നു. വണ്ടി പാര്‍ക്ക് ചെയ്തതിനുശേഷം അകത്തേക്ക് ചെന്ന ഞങ്ങളോട് നേരത്തെ ചോദിച്ചിരുന്ന അതെ ചോദ്യങ്ങള്‍ തന്നെ വീണ്ടും ചോദിക്കാന്‍ തുടങ്ങി.!! ഇപ്പോഴത്തെ കുറ്റം, ഒമാനില്‍ നിന്നും അനധികൃതമായി യുഎഇയിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ഞങ്ങള്‍ ഇതേ ചെക്ക്പോസ്റ്റില്‍ കൂടി തന്നെയാണ് ആദ്യം കടന്നു വന്നത് എന്ന് പറഞ്ഞിട്ട് അവര്‍ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ആളുകള്‍ കാവല്‍ നില്ക്കുന്ന ഗേറ്റ് കടന്നു ഒരിക്കലും നിങ്ങള്‍ക്ക് അകത്തേക്ക് കടക്കാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് അവരുടെ ഭാഷ്യം!! ഞങ്ങള്‍ വരുമ്പോള്‍ അവിടെ ആരും ചെക്കിംഗിനായി ഇല്ലായിരുന്നു എന്ന് പറഞ്ഞിട്ട് അവര്‍ സമ്മതിക്കുന്നില്ല. കുറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം മുമ്പ് ഞങ്ങള്‍ ദുബായിക്ക് പോകാനായി ശ്രമിച്ച അതെ ചെക്ക്പോസ്റ്റുവഴി പോകാന്‍ പറഞ്ഞു അവര്‍ ഞങ്ങളെ അങ്ങോട്ടുതന്നെ വിട്ടു!!

കുറച്ചു ദൂരം മുമ്പോട്ടു പോയതിനുശേഷം ഞങ്ങള്‍ വണ്ടി നിറുത്തി ആലോചിച്ചു. തിരികെ അതെ ചെക്ക്പോയിന്റിലേക്ക് ചെന്നിട്ട് കാര്യമില്ല. അവിടെ നിന്നാണല്ലോ നല്ല വാക്ക് പറഞ്ഞു ഞങ്ങളെ ഇങ്ങോട്ട് വിട്ടത്. അതിനാല്‍ ഇനിയും എങ്ങനെ അങ്ങോട്ടുതന്നെ ചെല്ലും?? ആകെ പ്രതിസന്ധിയിലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!!

ഇരുവശത്തുമുള്ള കടകള്‍ കണ്ട ഞങ്ങള്‍ അതിലൊന്നിലേക്ക് കയറി ചെന്ന് പാകിസ്ഥാനിയായ കടക്കാരനോട് കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ചെയ്തത് വലിയ ഒരു മണ്ടത്തരമായിപ്പോയി എന്ന് അയാളും പറഞ്ഞു. ഏക പോംവഴി തിരികെ ചെന്ന് അവരുടെതന്നെ കൈയ്യോ കാലോ പിടിച്ചു ദുബായിലേക്ക് പോവുകയാണെന്ന് അയാളും അഭിപ്രായപ്പെട്ടതോടെ, ആകെ  ആശയക്കുഴപ്പത്തിലായി !!

വീണ്ടും അതേ ചെക്ക്പോസ്റിലേക്ക് ഭയാശങ്കകളോടെ ഞങ്ങള്‍ നീങ്ങി. വണ്ടി പാര്‍ക്ക് ചെയ്തു അകത്തേക്ക് ചെന്ന ഞങ്ങളോട് ആ കര്‍ക്കശക്കാരനായ ഓഫീസര്‍ നിങ്ങള്‍ ഇനിയും പോയില്ലേ എന്നൊരു ചോദ്യം! ഞങ്ങള്‍ക്കുള്ളത് ഒരേ ഉത്തരങ്ങള്‍! ഒരു രക്ഷയുമില്ല. ഞങ്ങളോട് അങ്ങോട്ട്മാറി നില്ക്കാന്‍ പറഞ്ഞിട്ട് അയാള്‍ അയാളുടെ മറ്റു ജോലികളിലേക്ക് കടന്നു.

ഞങ്ങള്‍ കെട്ടിടത്തിനു വെളിയിലേക്കിറങ്ങി. ഇരുട്ട് നന്നേ വ്യാപിച്ചു കഴിഞ്ഞിരുന്നു. വിശപ്പും ദാഹവും ഒരുവശത്ത്, എങ്ങനെ തിരികെ പോകും എന്ന ആധി മറ്റൊരു വശത്ത്!! ഒടുവില്‍ ഇനി ഒമാനിലെ ഏതെങ്കിലും ജെയിലിലായിരിക്കുമോ ഇന്നത്തെ അന്തിയുറക്കം? ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.

അപ്പോഴാണ് ഭാര്യയേയും മകനെയും പറ്റി ഓര്‍മ്മ വന്നത്. വേഗം മൊബൈല്‍ എടുത്ത് ഭാര്യയെ വിളിച്ചു ചുരുക്കമായി സംഗതികളുടെ കിടപ്പുവശം അവളെ അറിയിച്ചു. ഒപ്പം ഭാഗ്യം തുണച്ചാല്‍ വീണ്ടും കാണാം എന്നും!! അവള്‍ കരഞ്ഞു തുടങ്ങുന്നതിനു മുമ്പ് 'വിഷമിക്കാനൊന്നുമില്ല, വീണ്ടും വിളിക്കാം ' എന്നു  മാത്രം പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു!!

അപ്പോഴാണ് കാവല്‍ക്കാരുടെ ഷിഫ്റ്റ് ചേഞ്ച് ചെയ്യുന്നതിനുള്ള ചില നീക്കങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്! ഉള്ളിലുണ്ടായിരുന്ന ഏതാനും പോലീസുകാരൊക്കെ വെളിയില്‍ വന്നു നിന്ന ഒരു വണ്ടിയില്‍ കയറുന്നതും വേറെ കുറച്ചു പേര്‍ അകത്തേക്ക് പോകുന്നതും ഞങ്ങള്‍ കണ്ടു. പോയവരുടെ കൂട്ടത്തില്‍ ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തിയ ഓഫീസറും ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങള്‍ തെല്ല് ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്!! പോകുന്നതിനുമുമ്പ് അയാള്‍ ഞങ്ങളെ നോക്കി അകത്തേക്ക് ചെല്ലാനായി ഒരു ആംഗ്യവും കാണിച്ചിരുന്നു.

പുതിയതായി എത്തിയ ഓഫീസര്‍ക്ക് ഒന്ന് സെറ്റില്‍ ചെയ്യാനുള്ള സമയം കൊടുത്തതിനു ശേഷം, ഞങ്ങള്‍ മെല്ലെ അകത്തേക്ക് ചെന്നു. പ്രസന്നത ഒട്ടും കൈവിടാത്ത മുഖഭാവവുമായി ഒരു ചെറുപ്പക്കാരന്‍!! ചോദ്യങ്ങളെല്ലാം അദ്ദേഹവും ഒന്നുകൂടി ആവര്‍ത്തിക്കുകയും മുമ്പ് പറഞ്ഞ അതെ ഉത്തരങ്ങള്‍ ഞങ്ങള്‍ പറയുകയും ചെയ്തു. പക്ഷെ എന്തോ, പുതിയ ആള്‍ക്കു ഞങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള ക്ഷമ ഉണ്ടായിരുന്നത്, ഞങ്ങളുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍? കൂടാതെ അദ്ദേഹത്തിനു അല്‍പ്പസ്വല്‍പ്പ ഉറുദുവും മനസ്സിലാകുന്നുണ്ടായിരുന്നു എന്നുള്ളത് ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്!! കാര്യങ്ങള്‍ ഏകദേശം ബോധ്യപ്പെട്ടതിനുശേഷം, അറിവില്ലായ്മ നിമിത്തം എത്ര വലിയ ഒരു പ്രശ്നത്തിലേക്കാണ് ഞങ്ങള്‍ വന്നു പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു. നുഴഞ്ഞു കയറ്റം തടയാനായി നേരത്തെ അടച്ചിട്ടിരുന്ന ഈ ചെക്ക്പോസ്റ്റ്‌  ഇരു വശത്തുമുള്ള താമസക്കാരുടെ അപേക്ഷപ്രകാരം, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും തുറന്നു കൊടുത്തത്. അതുകൊണ്ടുതന്നെ ചെക്കിംഗും വളരെ കര്‍ശനമാണ്. ഒടുവില്‍, ഇനിമേല്‍ ഇത് ആവര്‍ത്തിക്കരുത് എന്നുള്ള ഒരു താക്കീതോടെ വന്ന വഴിയേ തന്നെ പോയിക്കൊള്ളാന്‍ അദ്ദേഹം അനുമതി തന്നപ്പോള്‍, എല്ലാ ദൈവങ്ങള്‍ക്കുമൊപ്പം, അറിയാവുന്ന ഭാഷകളിലെല്ലാം തന്നെ ഞങ്ങള്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞു!!!

വീണ്ടും ദുബായിലേക്കുള്ള വഴികളിലൂടെ വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍, ഞങ്ങള്‍ രണ്ടാളും തികച്ചും നിശ്ശബ്ദരായിരുന്നു!! ഒരു പക്ഷെ കഴിഞ്ഞ രണ്ടു മൂന്നു മണിക്കൂറിനുള്ളിലെ സംഭവവികാസങ്ങളെല്ലാം മനസ്സിന്‍റെ തിരശ്ശീലയില്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞും

മറഞ്ഞും വന്നു കൊണ്ടിരുന്നതിനാലാവാം, മറവിയുടെ ആഴങ്ങളിലേക്ക് മറയാന്‍  മടിച്ചുനില്‍ക്കുന്ന  ഒരു  പേടി സ്വപ്നമായി.....


18 comments:

 1. വളരെ ആകാംക്ഷയോടെ വായിച്ചു. പരിഭ്രമം മനസ്സിലാക്കാവുന്നതെ ഉള്ളൂ. ഏതായാലും മുള്മുനയിലാക്കിയ ഏതാനും സമയത്തിന് ശേഷം സമാധാനം ആയല്ലോ. ഇനി ആര്‍ക്കും അങ്ങിനെ പറ്റാതിരിക്കട്ടെ. ഇനിയും എഴുതുക. ഭാവുകങ്ങള്‍.
  Updated blogs:
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
  Replies
  1. പ്രിയ ഡോക്ടര്‍,
   നന്ദി ഡോക്ടര്‍. ആര്‍ക്കും ഇതുമാതിരി അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കട്ടെ എന്ന് കരുതിയാണ് ഇതിവിടെ എഴുതിയത്. അറിയാതെ പറ്റിയ തെറ്റായിരുന്നു എങ്കിലും, അല്‍പ്പ നേരത്തേക്ക് മനസ്സ് ശരിക്കും വിഷമിച്ച നിമിഷങ്ങളായിരുന്നു അവ!!!

   Delete
 2. അതിക്രമിച്ച് കയറി എന്ന കുറ്റത്തിന്ന് ശിക്ഷ കിട്ടാവുന്ന സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെട്ടല്ലോ. ഭാഗ്യം തന്നെ.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ഈ രക്ഷപെടല്‍ ഭാഗ്യം കൊണ്ട് തന്നെയായിരുന്നു എന്ന് ഉണ്ണിമാഷ് പറഞ്ഞത് സത്യം തന്നെ!!
   ഇനിയെങ്കിലും ആര്‍ക്കും ഇതുമാതിരി ഒന്നും സംഭവിക്കാതിരിക്കട്ടെ!!
   നന്ദി മാഷേ, വന്നതിനും അഭിപ്രായം പങ്കു വച്ചതിനും...

   Delete
 3. ഭയങ്കരം തന്നെ
  ആ സമയത്ത് അനുഭവിച്ച സംഘര്‍ഷം വാക്കുകൊണ്ട് പറയാനാവില്ല അല്ലേ?

  ReplyDelete
  Replies
  1. അജിത്‌ മാഷേ, ശരിക്കും ഒരുപാട് വിഷമിപ്പിച്ച ഒരു അനുഭവമായിരുന്നു അത്. അതിന്റെ തീവ്രത വായിക്കുന്നവരില്‍ക്കൂടി എത്തിക്കാനുള്ള ആവേശത്തില്‍ പോസ്റ്റ്‌ ഒത്തിരി നീണ്ടു പോയി എന്ന് അറിയാം!!എങ്കിലും ക്ഷമയോടെ വായിക്കാനെത്തിയത്തിനു നന്ദി!!

   Delete
 4. അനുഭവങ്ങള്‍ പാഠങ്ങളാകുന്നു, പിന്നെ കഥകളും ...... നന്നായി വിവരിച്ചു. ആശംസകള്‍ ....

  ReplyDelete
 5. ee post enikkum ishtamaayi.aa tension vaayichappol enikkum undaayi ketto.pinne de ee gazal kelkkunnathu kond korachu samaadhaanam.

  sukhalle mohanettaa???????????

  ReplyDelete
  Replies
  1. പ്രിയമുള്ള ഉമാ,
   പോസ്റ്റ്‌ വായിച്ചുനോക്കി ഇഷ്ടമായി എന്ന് പറഞ്ഞതില്‍ സന്തോഷം!!
   പിന്നെ ഗസലുകള്‍! ആരാണ് അവ ഇഷ്ടപ്പെടാത്തതായി?? മനസ്സ് എത്ര പ്രക്ഷുബ്ദമായാല്‍പ്പോലും, ഒരു ഗസല്‍ കേള്‍ക്കുമ്പോള്‍ അത് തനിയെ ശാന്തമാകുന്നത് കാണാം...
   ഓ, ഈ വരവിനൊരു നന്ദി കൂടി....

   Delete
 6. വിനോദ്മാഷേ, ജീവിതത്തിലെ ചില അനുഭവങ്ങള്‍ സന്തോഷത്തിന്റേതാവുമ്പോള്‍, മറ്റു ചിലതൊക്കെ വിഷമിപ്പിക്കുന്നവയായിരിക്കും!!
  ഇങ്ങനെയും ഒരു അനുഭവം ഉണ്ടായപ്പോള്‍ അതും നിങ്ങളൊക്കെയുമായി പങ്കു വയ്ക്കണം എന്ന് മനസ്സില്‍ തോന്നി.
  വരവിനു നന്ദി!!

  ReplyDelete
 7. പ്രിയപ്പെട്ട മോഹന്‍,


  മനോഹരമായൊരു കുംഭ മാസം ആശംസിക്കുന്നു.

  ഇവിടെ വരുമ്പോള്‍, ആകെ വൃത്തിയും വെടിപ്പും ഭംഗിയും അനുഭവിക്കുന്നു.വരികളൊക്കെ എത്ര ചിട്ടയിലാണ് എഴുതിയിട്ടുള്ളത്.ഇപ്പോഴും ആദ്യം ശ്രദ്ധിക്കുന്നത് ഇതാണ്.

  പ്രതിസന്ധികളില്‍ തളരാതിരിക്കാന്‍ മനസ്സിന് ശക്തി വേണം.നമ്മള്‍ ചെയ്ത പുണ്യ കര്‍മങ്ങളും,പ്രിയപ്പെട്ടവരുടെ സ്നേഹവും ഈശ്വരന്റെ കരുണയും ജീവിതത്തില്‍ എപ്പോഴും ഉണ്ടാകട്ടെ.

  ഈ പോസ്റ്റ്‌ മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും.
  ശുഭസായാഹ്നം !

  സസ്നേഹം,
  അനു

  ReplyDelete
  Replies
  1. പ്രിയമുള്ള അനൂ,
   ആദ്യം തന്നെ കുംഭമാസ ആശംസകള്‍ക്ക് നന്ദി പറഞ്ഞോട്ടെ.
   പിന്നെ, ബ്ലോഗിന്റെ ലേഔട്ടിനെപ്പറ്റി ആദ്യമായാണ്‌ ഒരാള്‍ ഇത്രയും നല്ല വാക്കുകള്‍ പറയുന്നത്!! ഒരുപാട് സന്തോഷം തോന്നുന്നു അനൂ!!
   ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നിട്ടുള്ളപ്പോഴൊക്കെ ഈശ്വരന്‍ ദയ കാട്ടിയിരുന്നു!!
   ഇപ്പോഴാണെങ്കില്‍ നിങ്ങളുമൊത്തു ഈ അനുഭവങ്ങളൊക്കെ പങ്കു വയ്ക്കുമ്പോഴും, സ്നേഹം നിറഞ്ഞ വാക്കുകളിലൂടെ നിങ്ങളൊക്കെ സ്വാന്തനപ്പെടുത്തുംപോഴും, മനസ്സ് നന്ദിയും സ്നേഹവും കൊണ്ട് അറിയാതെ നിറഞ്ഞുപോകുന്നു!!!
   സ്നേഹത്തോടെ,

   Delete
 8. Replies
  1. Thank you so much for that one little inspiring word, "nice", which tells a world about your views on this post!!
   Even though I started following you a long time back,sorry, I've made it official only today!!
   Of late, I'm missing your posts!!
   Do come back soon...

   Delete
 9. പ്രിയ ഏട്ടാ,
  ഇത്തിരി വിഷമിപ്പിച്ചു കേട്ടോ... അറിയാതെ പറ്റിപ്പോയതാണെങ്കിലും അവിടത്തെ നിയമം ഒക്കെ വളരെ കര്‍ശനമാണെന്നല്ലേ കേട്ടിരിക്കുന്നത്!!!
  എന്തായാലും അവസാനം സമാധാനമായി....അല്ലേലും അറിഞ്ഞുകൊണ്ട് ആര്‍ക്കും ദോഷം ചെയ്യാത്തവരെ ഒന്ന് പേടിപ്പിക്കുകയെ ദൈവം ചെയ്യൂ...
  പാവം ഏടത്തി!!! എത്ര നേര്‍ച്ച നേര്‍ന്നുകാണും ആ ചുരുങ്ങിയ സമയത്തിനുള്ളില്‍!!!
  സ്നേഹപൂര്‍വ്വം
  അശ്വതി

  ReplyDelete
  Replies
  1. പ്രിയമുള്ള അശ്വതി,
   വിഷമിപ്പിച്ചു,ഇല്ലേ? സാരമില്ല, ജീവിതത്തില്‍ സന്തോഷം മാത്രം ഉണ്ടാവണം എന്ന് ആഗ്രഹിച്ചിട്ടും കാര്യമില്ലല്ലോ!!
   സത്യത്തില്‍ അശ്വതിയെപ്പോലെ ആത്മാര്‍ത്ഥതയുള്ളവരുടെ നല്ല വാക്കുകള്‍, മനസ്സിനെപ്പോഴും കരുത്തും ആശ്വാസവും പകരുന്നവയാണ്!!
   അശ്വതിയുടെ നിഗമനം ശരിയായിരുന്നു!! നേര്‍ച്ചകള്‍ നിറയെ നേര്‍ന്നിരുന്നു!! ഫലം കിട്ടിയതില്‍ സന്തോഷവും!!
   സ്നേഹത്തോടെ,

   Delete
 10. അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായെങ്കിലും ഇതൊക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെയല്ലേ ....

  ReplyDelete
 11. വരവിനും വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി നിധീഷേ, പിന്നെ ഫോളോവര്‍ ആയതിനും!!
  നിധീഷ്‌ പറഞ്ഞത് ശരി തന്നെയാണ്, ഇതൊക്കെ ഒരു കാലത്തും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെയാണ്!!

  ReplyDelete