Wednesday, July 31, 2013

എന്റെ തീവണ്ടി യാത്രകളിലെ വേറിട്ട കാഴ്ചകളിലൂടെ....



യാത്രകള്‍ എന്നും ഒരു ഹരമായിരുന്ന എനിക്ക്, കാറിലോ, ബസ്സിലോ, വിമാനത്തിലോ അതുമല്ലെങ്കില്‍ കപ്പലിലോ ഉള്ള യാത്രകളേക്കാളും മനസ്സുകൊണ്ട് ഇഷ്ടമായിരുന്നത്, തീവണ്ടിയിലുള്ള യാത്രകളായിരുന്നു. ചെന്നൈയിലായിരുന്ന വര്‍ഷങ്ങളില്‍, മദ്ധ്യ വേനല്‍ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രകള്‍, അതുകൊണ്ട് തന്നെ എപ്പോഴും തീവണ്ടി മാര്‍ഗ്ഗമായിരുന്നു. ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിക്കാലമാകയാല്‍, കുടുംബമായി നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നതും, അപ്പോഴാണ്‌. കാലേകൂട്ടി റിസേര്‍വ് ചെയ്തില്ലെങ്കില്‍ സീറ്റുകള്‍ ലഭിക്കാനും ബുദ്ധിമുട്ടായിരിക്കും എന്നുള്ളതിനാല്‍, എല്ലാവരും നേരത്തെ തന്നെ ടിക്കെറ്റുകള്‍ എടുത്തു വയ്ക്കുാന്‍ ശ്രമിച്ചിരുന്നു.

ചെന്നൈയില്‍ നിന്നും നാട്ടിലേക്കുള്ള ഈ യാത്രകള്‍ക്ക്, രണ്ടു മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാമായിരുന്നു. ഏറ്റവും എളുപ്പവും സൗകര്യപ്രദവും, സേലം കോയമ്പത്തൂര്‍ വഴി നാട്ടിലേക്കുള്ളതായിരുന്നു. വൈകുന്നേരം ട്രെയിനില്‍ കയറിയാല്‍, പിറ്റേ ദിവസം രാവിലെ തന്നെ നാട്ടിലെത്തിച്ചേരാം. ഇനി എഗ്മോറില്‍ നിന്നും തിരുച്ചി  മധുര വഴി നാട്ടിലേക്കുള്ള ഒരു മാര്‍ഗം കൂടിയുണ്ട് എങ്കിലും, കൂടുതല്‍ ആളുകളും ആദ്യത്തെ മാര്‍ഗ്ഗമാണ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്.എന്നാല്‍ ഞങ്ങളുടെ കാര്യത്തിലും ഒന്ന് രണ്ടു തവണ, ഈ പതിവ് തെറ്റിക്കേണ്ടതായി വന്നു. കാരണം തിരക്ക് മൂലം മറ്റേ മാര്‍ഗ്ഗത്തില്‍ സീറ്റുകള്‍ ലഭ്യമല്ലായിരുന്നു എന്നുള്ളത് തന്നെ. യാത്രാ സമയം അല്‍പ്പം കൂടും എന്നുള്ളതിനാല്‍  ആദ്യം കുറച്ചു വിഷമം തോന്നിയെങ്കിലും, വൈവിധ്യമാര്‍ന്ന  വേറിട്ടൊരു അനുഭവമായി പിന്നീട് ആ യാത്രകള്‍ മാറിയത്, എന്നെ കുറച്ചൊന്നുമല്ല  അതിശയിപ്പിച്ചതും സന്തോഷിപ്പിച്ചതും!!

ഒരു അവധിക്കാല സ്പെഷ്യല്‍ ട്രെയിന്‍ ആയിരുന്നു അതെന്നുള്ളതിനാല്‍, യാത്ര തുടങ്ങിയതും, രാവിലെ സമയത്തായിരുന്നു. നഗരം വിട്ടു കഴിഞ്ഞതും, അറിയപ്പെടാത്ത ഗ്രാമപ്രദേശങ്ങളുടെ നടുവിലൂടെയുള്ള സഞ്ചാരം, മനസിന് കുളുര്‍മ്മ നല്‍കിത്തുടങ്ങിയത് എത്ര വേഗമായിരുന്നു!! ഇരുവശങ്ങളിലും സമൃദ്ധിയായി തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കൃഷിത്തോട്ടങ്ങള്‍ക്കിടയിലൂടെ താളത്തില്‍  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍!! കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഏക്കറുകള്‍ വ്യാപ്തിയുള്ള കൃഷി ഭൂമി!! കണ്ണുകള്‍ക്കും മനസ്സിനും ഒരുപോലെ ആനന്ദം പകര്‍ന്നു നല്‍കുന്ന ഹരിത ഭംഗിയുടെ ഹരം പകരുന്ന കാഴ്ചകള്‍!!

ഇടയില്‍ തീവണ്ടി എപ്പോഴെങ്കിലും സിഗ്നല്‍ കാത്തു ഏതെങ്കിലും ചെറിയ സ്റ്റേഷനില്‍ കിടക്കേണ്ടി വരുമ്പോഴായിരിക്കും, ആ തമിഴ്‌ കുട്ടികളുടെ പഴങ്ങളുമേന്തിയുള്ള വരവ്!! ഇരു വശങ്ങളിലുമുള്ള പഴത്തോട്ടങ്ങളില്‍ നിന്നും അപ്പോള്‍ പറിച്ചെടുത്ത ഫ്രഷ്‌ പഴങ്ങള്‍ നിറച്ച കുട്ടകളുമായി, രണ്ടായി പിന്നിയിട്ട മുടിയും പാകമാകാത്ത ഉടുപ്പുകളുമണിഞ്ഞ ആ കുട്ടികള്‍ ട്രെയിനിനു പുറത്തു നമ്മളെ തേടിയെത്തുന്നു. ഇത് വഴിയുള്ള ഈ യാത്രകളെ ഏറ്റവും മാധുര്യമുള്ളതാക്കുന്നത്, വൈവിധ്യമുള്ള ഈ പഴങ്ങളുടെ സാന്നിദ്ധ്യമാണ്. ഓറഞ്ചും മുന്തിരിയും ആപ്പിളും മാങ്ങയും സപ്പോര്‍ട്ടയുമൊക്കെ ഫ്രഷ്‌ ആയിത്തന്നെ നിങ്ങള്ക്ക് മുമ്പില്‍ ഇതാ...ഞാന്‍ കൂടെയുള്ള കുടുംബങ്ങളെ ശ്രദ്ധിച്ചു. ഒരു പിക്നിക്കിനു പോകുന്ന പ്രതീതിയില്‍, എല്ലാവരും പഴങ്ങള്‍ വാങ്ങി കഴിക്കാന്‍  തയ്യാറായി കത്തികളുമൊക്കെയായാണ് വന്നിരിക്കുന്നത്!! ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള പഴങ്ങള്‍ വില പേശി വാങ്ങുന്നു!! ഇത് കൂടാതെ വില്‍പ്പനക്കാരുടെ കൂട്ടത്തില്‍, വിവിധയിനം പച്ചക്കറികളുടെ ഫ്രഷ്‌ ശേഖരവുമായി എത്തുന്നുന്നവരുമുണ്ട്!!

ഉച്ചയൂണ് പൊതിച്ചോറായി കൊണ്ടുവന്നിട്ടുള്ളതിനാല്‍, അത് വേറെ ഓര്‍ഡര്‍ ചെയ്യേണ്ട കാര്യമില്ല. അല്ലെങ്കിലും ട്രെയിന്‍ യാത്രയിലെ ഏറെ ആസ്വദിച്ചു കഴിക്കുന്നൊരു ആഹാരമാണ് ഈ ഭക്ഷണം!! വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞെടുക്കുന്ന ഈ ചോറിന്റെയും കൂട്ടാനുകളുടെയും രുചി, അതു ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവര്‍ക്ക് മറക്കാനാവില്ല!! അത്രയ്ക്കും സ്വാദിഷ്ടമായ ആഹാരമാണ് അത്!! എല്ലാവരും കൂടി പങ്കു വച്ചു  ആസ്വദിച്ചു കഴിക്കുന്ന ഈ ആഹാരത്തിനു ശേഷം ഒരു ചെറിയ മയക്കവും കൂടിയാകുമ്പോള്‍, മനസ്സിനും ശരീരത്തിനും വേണ്ടത്ര വിശ്രമവുമായി!!

ഉച്ച മയക്കത്തിനുശേഷം വീണ്ടും ഒരു കാപ്പിയുമായി പുറത്തുള്ള കാഴ്ചകളിലേക്ക്. വെയില്‍ മങ്ങി തുടങ്ങിയിരിക്കുന്നു. റെയില്‍വേ ലൈനുകള്‍ക്കപ്പുറത്തുള്ള തെരുവോരങ്ങളില്‍ നിര നിരയായുള്ള ചെറിയ ചെറിയ വീടുകള്‍. വീടിനു മുന്‍പിലായുള്ള ചെറു മുറ്റത്ത് കളം വരച്ചു അതിനുള്ളില്‍ കളിക്കുന്ന പെണ്‍കുട്ടികള്‍!! വാതിലിനു മുന്‍പിലെ പടിക്കെട്ടുകളില്‍ ഏറ്റവും മുകളിലുള്ളതില്‍ ഗൃഹനാഥന്‍ ഒരു പത്രവുമായി ഇരിക്കുന്നുണ്ടാവും. അതിനു ഒരു പടിയെങ്കിലും താഴെ ഒരു ചെറിയ കുട്ടിയുമായി ഇരിക്കുന്ന വീട്ടമ്മ. കുഞ്ഞിനു പാല്‍ കൊടുക്കുകയോ മറ്റോ ആവും. പാല്‍ കുടിച്ചു കഴിഞ്ഞ കുഞ്ഞിനെ അമ്മ,  ചേച്ചിമാര്‍ക്കൊപ്പം കളിക്കാന്‍ മെല്ലെ ഇറക്കി വിടുന്നു. പിച്ച വച്ച് തന്റെ നേര്‍ക്ക്‌ നടന്നടുക്കുന്ന കുഞ്ഞു വാവയെ കളിക്കിടയിലും  ഓടി വന്നു എടുത്തു ഉമ്മ വച്ചുകൊണ്ട് തിരികെ അമ്മയുടെ കൈകളിലേക്ക് തന്നെ കൊടുക്കുന്ന ചേച്ചി. സമീപത്തായുള്ള ചെറു മൈതാനത്തില്‍ കൂട്ടുകാരുമൊത്ത് പന്തോ ക്രിക്കറ്റോ കളിക്കുന്ന ആണ്‍കുട്ടികള്‍. മണ്ണു റോഡിലൂടെ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്ന അനുജത്തിയെ സഹായിക്കുന്ന ചേട്ടന്‍!! എല്ലാം മനസ്സിന് ഒരുപാട് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ പകര്‍ന്നു തരുന്ന കാഴ്ചകള്‍!! (പലപ്പോഴും ഈ കാഴ്ചകളില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ ടെന്‍ഷനും തിരക്കുകളുമുള്ള ജീവിതമൊക്കെ മതിയാക്കി, ഇതുപോലെയുള്ള  ഒരു കൊച്ചു വീടിന്റെ ഉമ്മറത്ത് ആ ഗൃഹനാഥനെപ്പോലെ ഇരിക്കാന്‍, കൊതി തോന്നാറുണ്ട്!!)

നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. വെളിയിലെ കാഴ്ചകള്‍ക്കും മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു!! വീണ്ടും ശ്രദ്ധ അകത്ത് ചുറ്റുമുള്ളവരിലേക്കായി. അവര്‍ക്കൊപ്പം സൌഹൃദം പങ്കിട്ടു നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും  ഒക്കെ ചര്‍ച്ച ചെയ്യുമ്പോള്‍, സമയം പോകുന്നത് അറിയില്ല. പിന്നീട്  ചെറിയ ഒരു ഭക്ഷണത്തിനു ശേഷം എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക്... തലയിണകളും ഷീറ്റുകളുമൊക്കെയായി ഓരോരുത്തരും അവരവരുടെ ബെര്‍ത്തുകളിലേക്ക്, ഇനി രാവിലെ കാണാമെന്നുള്ള വിശ്വാസത്തില്‍.....

ഇടയ്ക്കെപ്പോഴോ ഉണരുമ്പോള്‍, ട്രെയിന്‍ അതിവേഗം പാഞ്ഞു കൊണ്ടിരിക്കുന്നു. കൂടെയുള്ളവരെല്ലാം സുഖ നിദ്രയില്‍. താഴെ ഇറങ്ങി സീറ്റിലിരുന്ന്  വെറുതെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. സ്റോപ്പുകളില്ലാത്ത ചെറിയ സ്റ്റേഷനുകളിലെ  സിമെന്റ്ബെഞ്ചുകളില്‍, ഏതോ പാസഞ്ചര്‍ ട്രെയിനുകള്‍ക്കായി കാത്തിരിക്കുന്ന, ചെറു തമിഴ് കുടുംബങ്ങള്‍. സിഗ്നല്‍ കിട്ടിയതിനാലാവണം,നിര്‍ത്താതെ വേഗത കൂട്ടി വലിയ ശബ്ദത്തില്‍  പായുന്ന തീവണ്ടിയെ, അല്ഭുതത്തോടും ഉദ്വേഗത്തോടും കൂടി എഴുന്നേറ്റുനിന്നു നോക്കുന്ന അവരുടെ കുട്ടികള്‍!! അവരുടെ ചീകി വയ്ക്കാത്ത മുടിയിഴകള്‍,  ട്രെയിന്‍ അതിവേഗം കടന്നു പോകുമ്പോഴുള്ള  കാറ്റിലുലയുന്നത്, ആ മങ്ങിയ വെളിച്ചത്തിലും കൌതുകമുള്ള കാഴ്ച്ച്ചയായി!!

വീണ്ടും മുകളിലേക്ക്... എന്തോ അറിയില്ല, മനസ്സാകെ സന്തോഷവും സമാധാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു!! ട്രെയിനിന്റെ താളനിബദ്ധതയോടെയുള്ള, സുഖമുള്ള ഉലച്ചിലില്‍, തൊട്ടിലിലാടുന്ന ഒരു  ഇളം പൈതലിന്റെ നിറഞ്ഞ  മനസ്സായിരുന്നു എനിക്ക് അപ്പോള്‍. സുഷുപ്തിയുടെ ആഴങ്ങളിലേക്ക് ഒരിക്കല്‍ കൂടി മുങ്ങിത്താഴുവാന്‍ എനിക്കത് ധാരാളമായിരുന്നു....

20 comments:

  1. വല്ലാതെ കൊതിപ്പിച്ചൊരു വായന.ഒരി സിനിമയില്‍ എന്ന പോലെ ആ ദൃശ്യങ്ങള്‍ ഒക്കെയും കാണുന്നു.ഏറ്റവും സുന്ദരമായ യാത്ര തീവണ്ടി യാത്ര തന്നെയാണ്.കഴിയുന്നതും താണ ക്ലാസ്സില്‍ ലോക്കല്‍ ട്രെയിനില്‍.അവിടെ ജീവിതമുണ്ട്.

    ReplyDelete
    Replies
    1. നജീബ് മാഷ്‌ പറഞ്ഞത് എത്രയോ ശരി, തീര്‍ച്ചയായും ട്രെയിന്‍ യാത്രകള്‍ തന്നെയാണ് ജീവിതം അടുത്തു നിന്ന് കാണുവാനുള്ള അവസരം തരുന്നത്!!
      വരവിനും, വായനയ്ക്കും നന്ദി പറയട്ടെ...

      Delete
  2. നല്ല രസകരമായ ഗ്രാമക്കാഴ്ചകൾ

    ReplyDelete
    Replies
    1. പ്രിയ നിധീഷേ,
      ഗ്രാമക്കാഴ്ചകള്‍ എത്ര പറഞ്ഞാലും കേട്ടാലും മതിവരാത്ത ഒരാളാണ് ഞാന്‍. ഈ കാഴ്ചകളൊക്കെ കാലത്തെ അതിജീവിച്ചു്, മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കുന്നവയാണ്. മാഞ്ഞു പോകാതെ പ്രകാശം പരത്തിക്കൊണ്ട് എന്നുമുണ്ടാകും അവ അവിടെ...
      വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി!!

      Delete
  3. വായിച്ചു മതിയായില്ല,
    അൽപം കൂടിയാവാമായിരുന്നു.

    ReplyDelete
    Replies
    1. പോസ്റ്റ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ മുതല്‍ എനിക്കും തോന്നിയ ഒരു കാര്യം!! മനസ്സില്‍ പതിഞ്ഞ കാഴ്ചകള്‍ ഇനിയുമുണ്ട് ഏറെ, അല്‍പ്പം തിരക്കിലായിരുന്നു..
      ഇവിടെ ആദ്യമായി എത്തിയത്തിലുള്ള സന്തോഷം പങ്കു വയ്ക്കട്ടെ!!!നന്ദിയും...

      Delete
  4. നല്ല ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. പ്രിയ അജിത്‌ മാഷേ,
      സുഖമല്ലേ??
      ഈ ഓര്‍മ്മകള്‍ വായിക്കാന്‍ ഓടിയെത്തിയത്തില്‍ സന്തോഷം!!
      സ്നേഹത്തോടെ..

      Delete
  5. നല്ല കുളിര്മയുള്ള വിവരണം

    ReplyDelete
    Replies
    1. വിവരണം ഇഷ്ടമായി എന്ന് പറഞ്ഞതിലുള്ള സന്തോഷം അറിയിക്കട്ടെ!!!!
      സമയം കിട്ടുമ്പോള്‍ വീണ്ടും വരിക...

      Delete
  6. നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളു, നിങ്ങളെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തിക്കാമെന്ന് ഞാന്‍ ഉറപ്പു തരുന്നു എന്ന് പറയുന്ന ഒരു റെയില്‍വേ ഡ്രൈവര്‍ ആണ് ഞാന്‍.
    നല്ല പോസ്റ്റ്‌.

    ReplyDelete
    Replies
    1. മാഷിനു ഓര്‍മയുണ്ടോ എന്നറിയില്ല, ഒരിക്കല്‍ എന്റെ ഒരു പോസ്റ്റിനു ഒരു കമന്റുമായി മാഷ്‌ എത്തിയിരുന്നു!! അന്ന് ആ വാക്കുകള്‍ക്കൊപ്പം ഈ പേരിന്റെ സൌന്ദര്യവും എന്നെ വളരെ ആകര്‍ഷിച്ചിരുന്നു!! ഇപ്പോള്‍ ഇതാ വീണ്ടും, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുകയും ബഹുമാനിക്കയും ചെയ്യുന്ന ഒരു പ്രൊഫഷനിലാണ് മാഷ്‌, എന്നുമറിയുന്നു!! (എത്രയെത്ര വൈവിധ്യമുള്ള അനുഭവങ്ങളില്‍ കൂടിയായിരിക്കും, മാഷിന്റെ ഓരോ ദിവസവും കടന്നു പോകുന്നത്!!!)
      തീര്‍ച്ചയായും ഞങ്ങളുടെ സുഖ നിദ്രയ്ക്കു പിന്നില്‍ മാഷിനേപ്പോലെയുള്ളവരുടെ ജാഗ്രതയും, കഠിന പ്രയഗ്നവും ഉണ്ടെന്നുള്ളത് ഒരിക്കലും വിസ്മരിക്കാനാവില്ല...
      വരവിനും, വായനയ്ക്കും ഒരിക്കല്‍ കൂടി നന്ദി!!!

      Delete
  7. മനോഹരമായ ഈ യാത്രയിൽ ഞാനും ഒപ്പമുണ്ടായിരുന്നത് പോലെ... താംബരം കടന്ന് വണ്ടല്ലൂർ വരെ പണ്ടൊരിക്കൽ പോയതോർമ്മ വരുന്നു... ആ റൂട്ടിലെ യാത്ര എന്റെയും ഒരാഗ്രഹമാണ്...

    ReplyDelete
  8. പ്രിയ വിനു മാഷേ,
    യാത്രയില്‍ മനസ്സുകൊണ്ടെങ്കിലും ഒപ്പം കൂടിയതിനു നന്ദി!! തീര്‍ച്ചയായും ഈ റൂട്ടില്‍ ഒന്ന് യാത്ര ചെയ്യുന്നത് മനസ്സിനും ശരീരത്തിനും കുളുര്‍മയും ഉന്മേഷവും നല്‍കും എന്നുള്ളതിന് സംശയമേ വേണ്ടാ...
    ആസംസകളോടെ.....

    ReplyDelete
  9. സുഖമുള്ള അനുഭവങ്ങൾ - ഓർമ്മകൾ. അതെല്ലാം പകര്ത്തിയ രീതി ഹൃദ്യമായി, വായിച്ചവര്ക്കും അത് അനുഭവിച്ച സംതൃപ്തി.

    ReplyDelete
  10. പ്രിയമുള്ള ഡോക്ടര്‍,
    ഈ നല്ല വാക്കുകള്‍ തരുന്ന പ്രോല്‍സാഹനം വളരെ വിലപ്പെട്ടതാണ്.
    ഒരുപാട് നന്ദി!!!
    സ്നേഹത്തോടെ,

    ReplyDelete
  11. പ്രിയ ഏട്ടാ,

    വൈകി എത്തിയതിൽ ക്ഷമിക്കുമല്ലോ ... ട്രെയിൻ യാത്ര നന്നായി എഴുതി .. അമ്മുവിൻറെ ആദ്യ ട്രെയിൻ യാത്ര എഴുതാൻ പ്രചോദനമായി ..

    സ്നേഹപൂർവ്വം

    ReplyDelete
  12. പ്രിയ അശ്വതി,

    വൈകിയാണെങ്കിലും വായിക്കാനെത്തിയത്തില്‍ ഒരുപാട് സന്തോഷം!!
    അമ്മുവിന്റെ യാത്രയെപ്പറ്റി എഴുതാന്‍ പ്രചോദനമായി എന്ന് കേട്ടതില്‍, അതിലും സന്തോഷം!! തുടര്‍ന്നും ധാരാളം എഴുതൂ...
    സ്നേഹപൂര്‍വ്വം,

    ReplyDelete
  13. ചെറുപ്പം മുതലേ തീവണ്ടി യാത്രയേക്കാള്‍ എനിക്കിഷ്ടം ബസ് യാത്രയാണ്...അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല താനും... പക്ഷേ 'ഈ തീവണ്ടി യാത്ര' എനിക്കൊരുപാട് ഇഷ്ടമായി...യാത്രാനുഭവങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...ആശംസകള്‍...

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ,
      ആദ്യമായാണെങ്കിലും ഈ വരവിനും വായനയ്ക്കും ആശംസകള്‍ക്കും നന്ദി!!
      ബസ്സിലുള്ള യാത്രകളും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. ആള്‍ക്കൂട്ടത്തില്‍ നിന്നും അല്പം മാറി നിന്ന് ചുറ്റുമുള്ള ജീവിതം നോക്കി കാണുന്നത് പണ്ട് മുതലേ ഒത്തിരി ഇഷ്ടമായിരുന്നു. ഈ എഴുത്തുകളിലൊക്കെ പ്രതിഫലിക്കുന്നതും അതൊക്കെത്തന്നെയാണ്....
      സംഗീതിന്റെ എഴുത്തിന്റെ ശൈലി എനിക്ക് ഒരുപാട് ഇഷ്ടമായി, നേരത്തെ തന്നെ കണ്ടെത്താന്‍ സാധിച്ചില്ല, ഇനിയും കാണാം....

      Delete