Monday, March 17, 2014

ഒരു ബസ്സ്‌ യാത്രയുടെ നടുക്കുന്ന ഓര്‍മ്മകളിലൂടെ.....




എഞ്ചിനീയറിംഗ് കോളേജിലെ ആരംഭ ദിനങ്ങള്‍ ഏറെ കൌതുകം നിറഞ്ഞവയായിരുന്നു!! തികഞ്ഞ അപരിചിതത്വം തുടിച്ചു നിന്നിരുന്ന അന്തരീക്ഷവും ചുറ്റുപാടുകളും!! തൊട്ടു തലേ വര്‍ഷം വരെ  ബിരുദത്തിന് പഠിച്ചിരുന്ന  യൂണിവേഴ്സിറ്റി കോളേജില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു ക്ലാസ്സുകളായിരുന്നെങ്കില്‍  ഇവിടെ അത് സ്കൂള്‍ പഠനത്തിന്‍റെ പ്രതീതി ജനിപ്പിച്ചുകൊണ്ടുള്ള, ദൈര്‍ഘ്യം കുറഞ്ഞ ഏഴു ക്ലാസ്സുകളായിരുന്നു!! മാത്രവുമല്ല,  ഈ ഏഴു ക്ലാസ്സുകളില്‍ ഒരെണ്ണമെങ്കിലും, അദ്ധ്യാപകരുടെ അഭാവത്തില്‍ മിക്കവാറും ദിവസങ്ങളില്‍  ഫ്രീയും ആയിരുന്നു!! ക്ലാസ്സിലെ ലീഡര്‍ ആയി നിയമിക്കപ്പെടുന്ന ആളിന്റെ പ്രധാന ജോലി തന്നെ, ഇങ്ങനെ ഫ്രീ ആകുന്ന ക്ലാസ്സുകളിലേക്ക് രാവിലത്തെയോ വൈകുന്നേരത്തെയോ അവസാന ക്ലാസ്സ് എടുക്കാന്‍ വരുന്ന അധ്യാപകനെ കണ്ടെത്തി, അദ്ദേഹത്തെക്കൊണ്ട് ആ ക്ലാസ്സുകള്‍ നേരത്തേ എടുപ്പിച്ചു തീര്‍ക്കുക എന്നുള്ളതായിരുന്നു!!  അങ്ങനെയാകുമ്പോള്‍ രാവിലെയോ വൈകുന്നേരമോ, ആ ഒരു പിരീയേഡ്‌ നേരത്തെ തന്നെ,  കോളേജില്‍നിന്ന് മടങ്ങാമല്ലോ!!

അങ്ങനെ ഫ്രീ ലഭിച്ച ഒരു വൈകുന്നേരമായിരുന്നു, വീട്ടിലേക്കു പോകാനുള്ള തിടുക്കത്തില്‍ തൊട്ടു താഴത്തായുള്ള ബസ്‌ സ്റ്റോപ്പില്‍  ഞാന്‍ കൂട്ടുകാരുമായി എത്തിച്ചേര്‍ന്നത്. അധികസമയം കാത്തു നില്‍ക്കേണ്ടി വന്നില്ല, ആളുകളെ കുത്തി നിറച്ച ഒരു ബസ്സ് വേഗത്തില്‍ വരുന്നത്, ദൂരത്തു നിന്നുതന്നെ ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. പതിവുപോലെ നിര്‍ത്താതെ പോയെങ്കിലോ എന്നുള്ള ശങ്ക കാരണം,  എല്ലാവരും റോഡിന്‍റെ നടുവിലേക്ക് തന്നെ കയറി നിന്നു. വണ്ടി ഒരു ഇരമ്പലോടെ ഞങ്ങളെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നിന്നതും, എല്ലാവരും കൂടെ അതിനുള്ളിലേക്ക് ഇരച്ചു കയറിയതും ഒന്നിച്ചായിരുന്നു. ഡബിള്‍ ബെല്ല് കൊടുക്കുന്നതിന് മുന്‍പുതന്നെ വണ്ടി വീണ്ടും പാച്ചില്‍ തുടങ്ങിയിരുന്നു!!

മുന്‍പിലെ തിരക്കിലൂടെ ഊളിയിട്ട് ടിക്കെറ്റ് കൊടുത്തുകൊണ്ട് എന്റെ അടുത്തേക്ക്‌ വന്ന കണ്ടെക്ടര്‍ ഞാന്‍ അന്നുവരെ ആ ബസ്സുകളിലൊന്നും കണ്ടിട്ടില്ലാത്ത സൌമ്യനും സുമുഖനുമായ ഒരു പുതുമുഖമായിരുന്നു.  പുതിയ നിയമനമായിരിക്കണം, പ്രവൃത്തി പരിചയത്തിന്റെ പോരായ്മ ചലനങ്ങളിലുടനീളം പ്രകടമായിരുന്നു!! ടിക്കെറ്റ് റാക്കും ബാഗും ഇരുകൈകളിലുമായി ബാലന്‍സ് ചെയ്തു തിരക്കിലൂടെ നീങ്ങാനുള്ള കഷ്ടപ്പാട്  കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നി. അല്ലെങ്കിലും ഡ്രൈവറുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കണ്ടെക്ടറുടെ ജോലി തന്നെയാണ് ഭാരിച്ചത് എന്ന്  പലപ്പോഴും എനിക്ക് തോന്നിയിട്ടുമുണ്ട്!!  പഞ്ച് ചെയ്യാനായി ഞാന്‍ നീട്ടിയ കാര്‍ഡിലൊന്നു നോക്കി തികഞ്ഞ സൌഹൃദത്തില്‍  സ്വയം പഞ്ച് ചെയ്തോളാന്‍ പറഞ്ഞിട്ട് പിന്നോട്ടു നീങ്ങുമ്പോള്‍ എന്തുകൊണ്ടോ അദ്ദേഹത്തോടു തോന്നിയ  സഹതാപം ഒരു ചെറിയ ഇഷ്ടത്തിനു വഴി മാറുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു!! വിദ്യാര്‍ഥികളെ സദാ ബദ്ധശതൃക്കളായി കാണുകയും അവരോട്‌ എപ്പോഴും പരുഷമായി പെരുമാറുകയും ചെയ്തിരുന്ന ഒരു ന്യൂനപക്ഷം ബസ്സ് ജീവനക്കാരില്‍നിന്നും തികച്ചും വ്യത്യസ്തന്‍ , എന്‍റെ മനസ്സില്‍ കടന്നു വന്ന ചിന്ത, അങ്ങനെതന്നെയായിരുന്നു. അതുകൊണ്ട് തന്നെ എന്നെ കടന്നുപോയ ആ ചെറുപ്പക്കാരന്റെ ചലനങ്ങളെ, തികഞ്ഞ കൌതുകത്തോടെ വീണ്ടും എന്റെ കണ്ണുകള്‍ പിന്തുടര്‍ന്നുകൊണ്ടിരുന്നു!!

അപ്പോഴാണ്‌ ഓര്‍ക്കാപ്പുറത്ത് എന്നവണ്ണം അത് സംഭവിക്കുന്നത്!! ഒരു ഗട്ടറില്‍ വീണുപോയ കുലുക്കത്തില്‍ ബസ്സ് ഒന്ന് ആടിയുലഞ്ഞതും, എവിടെയെങ്കിലും ഒന്നെത്തിപ്പിടിക്കുവാന്‍ കഴിയുന്നതിനു മുന്‍പേ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ പാവം ചെറുപ്പക്കാരന്‍ ഒരു നിലവിളിയോടെ ബസ്സിനു പുറത്തേക്ക് തെറിച്ചു വീണതും  നൊടി നേരത്തിനുള്ളിലായിരുന്നു!!

എല്ലാ മുഖങ്ങളിലും പരിഭ്രാന്തി പടര്‍ന്ന നിമിഷങ്ങള്‍ !!  ഡ്രൈവര്‍ ഇതൊന്നും അറിയാതെ വണ്ടി പായിക്കുന്നു. എങ്ങനെയെങ്കിലും ബസ്സൊന്നു നിര്‍ത്തിക്കിട്ടാനുള്ള പരവേശത്തില്‍ ഞങ്ങളോരുത്തരും തുടര്‍ച്ചയായി മണിയടിച്ചു തുടങ്ങിയതോടെ, നിര്‍ത്തണോ വേണ്ടായോ എന്നുള്ള ശങ്കയിലായി ഡ്രൈവര്‍ !! പിന്നീടുയര്‍ന്ന കൂട്ട നിലവിളിക്കൊടുവില്‍ ബസ്സ് പൂര്‍ണ്ണമായി നിര്‍ത്തുന്നതിനു മുന്‍പുതന്നെ  ചാടിയിറങ്ങിയ ഞങ്ങള്‍  ആ ഹതഭാഗ്യനെ തിരക്കി പുറകിലേക്കോടാന്‍ തുടങ്ങി!!

അര മൈലോളം ദൂരത്തില്‍ റോഡ്‌ നന്നാക്കാന്‍ കൊണ്ടുവന്നിട്ടിരുന്ന  മെറ്റല്‍ കൂനയ്ക്കരുകിലായി ഞങ്ങളെ കാത്തിരുന്ന  ദൃശ്യം, തീര്‍ത്തും ഭയാനകമായിരുന്നു!! മെറ്റല്‍ കൂനയിലേക്ക് മുഖമടിച്ചു വീണുരുണ്ടതിനാലാവണം, ഒരിഞ്ചു പോലുമില്ലാതെ മുഖമാസകലം ആഴത്തിലുള്ള മുറിവുകളുടെ ഒരു ചോരക്കളം!! റാക്കില്‍ നിന്നും ഇളകിത്തെറിച്ച്  മണ്ണിലും പൊടിയിലുമായി വിവിധ വര്‍ണ്ണങ്ങളില്‍ ചോര പുരണ്ടു ചിതറിക്കിടന്നിരുന്ന ടിക്കറ്റുകളും  ചില്ലറകള്‍ക്കൊപ്പം കാറ്റില്‍ ഇളകിക്കൊണ്ടിരുന്ന ഒരു പിടി  നോട്ടുകളും !! അവയുടെ  മദ്ധ്യത്തില്‍ അങ്ങിങ്ങു കീറിയ യൂണിഫോറത്തിനുള്ളില്‍ ശരീരമെമ്പാടും പരുക്കുകളേറ്റ നിലയില്‍  അബോധാവസ്ഥയിലാണ്ടുകിടന്നിരുന്ന ഒരു രൂപം!! അല്‍പ്പം മാറി കിടന്നിരുന്ന വള്ളി പൊട്ടിയ ഒരു ജോഡി ചെരുപ്പുകളും ഒരു ബാഗും!! ഇന്നും മനസ്സിന്‍റെ ക്യാന്‍വാസില്‍ മായിക്കാനാവാത്ത ഓര്‍മ്മകളുണര്‍ത്തി  മരവിച്ചു കിടക്കുന്ന ഒരു ചിത്രം!!

 അതുവഴി വന്ന ഒരു കാര്‍ കൈ കാണിച്ചു നിര്‍ത്തി, അദ്ദേഹത്തെ വേഗം തന്നെ ഞങ്ങള്‍ മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ സാമാന്യം ആഴത്തിലുള്ളതായിരുന്നതിനാലും, രക്തം അധികമായി വാര്‍ന്നു നഷ്ടപ്പെട്ടിരുന്നതിനാലും വളരെയധികം കുത്തിക്കെട്ടുകളും ബാന്‍ഡേജുകളും ആ മുഖത്തു വേണ്ടിവന്നിരുന്നു എന്ന് പിന്നീടുള്ള ദിവസങ്ങളില്‍ ഐസീയുവില്‍ ആയിരുന്ന അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്ന ഞങ്ങള്‍ക്ക് മനസ്സിലായി.

പഠനത്തിന്റേയും പരീക്ഷയുടേയും തിരക്കുകള്‍ കാരണം പിന്നീടൊരു സന്ദര്‍ശനത്തിന് അവസരം ലഭിച്ചില്ലെങ്കിലും, മാസങ്ങളുടെ ചികില്‍സ വേണ്ടിവന്നു അദ്ദേഹത്തിനു ആശുപത്രി വിടുവാന്‍ എന്ന്, അറിയാന്‍ കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള നാളുകളില്‍ ഏതൊരു ബസ്സില്‍ കയറിയാലും, ആദ്യം എന്റെ കണ്ണുകള്‍  നീളുന്നത് കണ്ടക്ടര്‍ സീറ്റിലേ

ക്കായിരിക്കും!! നിര്‍ഭാഗ്യമെന്നു പറയട്ടെ, അവിടെയുണ്ടായിരുന്ന എന്റെ ശേഷിച്ച പഠന കാലത്തിനിടയില്‍ ഒരിക്കല്‍ പോലും, ആ മുഖം ഒന്നുകൂടി കാണുവാന്‍ എനിക്ക് സാധിച്ചിട്ടില്ല!! ഒന്നു മാത്രം എനിക്കറിയാമായിരുന്നു, അപൂര്‍വമായി, ആദ്യ കാഴ്ച്ചയില്‍ത്തന്നെ എന്റെ മനസ്സില്‍ ഇടം നേടിയിരുന്ന ആ ചെറുപ്പക്കാരനെ  ഒരാവര്‍ത്തികൂടെ  കണ്ടുമുട്ടാനായി, വെറുതെയെങ്കിലും എന്റെ മനസ്സ് അക്കാലങ്ങളില്‍ തീവ്രമായി മോഹിച്ചിരുന്നു.........

 

5 comments:

  1. ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് തുറന്ന വാതിലുകളുള്ള അത്തരമൊരു ബസ്സ് എന്റെ ശ്രദ്ധയില്‍ പെട്ടത്!! ഒപ്പം നടുക്കുന്ന ഈ ഓര്‍മ്മകളും!! ഇപ്പോഴുള്ള ബസ്സുകള്‍ക്കെല്ലാം അടയ്ക്കാവുന്ന വാതിലുകള്‍ ഉള്ളത് എത്ര നല്ലതാണ്!! വേഗപ്പൂട്ടിനൊപ്പം ഇമ്മാതിരി ഓടുന്ന ബസ്സുകളിലും അധികൃതരുടെ ശ്രദ്ധ പതിഞ്ഞിരുന്നെങ്കില്‍ .....

    ReplyDelete
  2. ബസ്സുകളിലെ വാതിലുകൾ അടച്ചതിന്നു ശേഷം മാത്രമേ വാഹനം ഓടിക്കാവൂ എന്ന നിയമം അവഗണിച്ചുകൊണ്ടാണ് മിക്ക ബസ്സുകളും ഓടുന്നത്. വളരെ അപൂർവ്വമായി കേസെടുക്കും. ചെറിയൊരു പിഴശിക്ഷ. കഴിഞ്ഞു. അതാണ് സംഭവിക്കുന്നത്. ആ പാവം ചെറുപ്പക്കരന്ന് എന്തുപറ്റിയോ.

    ReplyDelete
    Replies
    1. ഇതുവഴി വന്നുനോക്കിയതിലും വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയതിലും
      ഒരുപാട് സന്തോഷം!!.നന്ദി,
      സ്നേഹപൂര്‍വ്വം,

      Delete
  3. Manassil thattunna kurippu.
    Paavam aa cheruppakkaaran.

    ReplyDelete
    Replies
    1. പ്രിയ ഡോക്ടര്‍,

      വായിക്കാനെത്തിയത്തില്‍ വളരെ സന്തോഷം!! അഭിപ്രായത്തിനും നന്ദി.
      സ്നേഹപൂര്‍വ്വം,

      Delete