Sunday, July 13, 2014

ഒരു വേളാങ്കണ്ണി യാത്രയും ചില വേറിട്ട കാഴ്ചകളും...




"യേശുദേവന്‍ ദേവാലയത്തിലെ ശ്രീഭണ്ടാരത്തിനു നേരെ ഇരിക്കുമ്പോള്‍ പുരുഷാരം  ഭണ്ടാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു. ധനവാന്മാര്‍ പലരും വളരെ ഇട്ടു. ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസയ്ക്ക് ശരിയായ  രണ്ടു കാശ് ഇട്ടു. അപ്പോള്‍ അവന്‍  ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു, 'ഭണ്ടാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്ന് ഞാന്‍ സത്യമായിട്ടു നിങ്ങളോട് പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നും ഇട്ടു. ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്ന് തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു ' എന്ന് അവരോടു പറഞ്ഞു" 
                                                                                                        - ബൈബിളില്‍ നിന്ന്                 
                                                                                           
                                                                       
അടുത്ത ചില ബന്ധുക്കള്‍ക്കൊപ്പമൊരു ചെന്നൈ സന്ദര്‍ശനത്തിനു  ശേഷം നാട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു,  ഞാനും കുടുംബവും. ചെന്നൈ നഗരക്കാഴ്ചകള്‍ ഒരു ഓട്ട പ്രദക്ഷിണത്തില്‍ ഒതുക്കാനുള്ള സമയമേ ലഭിച്ചിരുന്നുള്ളു എന്നതിനാല്‍,  മടക്ക യാത്രയെങ്കിലും  ഒരു  തീര്‍ഥാടന കേന്ദ്രം വഴിയായാല്‍ നന്ന് എന്ന് മനസ്സ് തീവ്രമായി  ആഗ്രഹിച്ചിരുന്നു.

അങ്ങനെയാണ് അത് വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്രയായി മാറിയത്!!  സുനാമി തിരമാലകളുടെ താണ്ഡവത്തിനു  തൊട്ടു മുമ്പുള്ള  വര്‍ഷങ്ങളിലൊന്നിലായിരുന്നു അങ്ങോട്ടേക്കുള്ള എന്റെ കന്നി യാത്ര. അന്ന് ഞാന്‍ കണ്ട പരിമിതമായ ചുറ്റുപാടുകളില്‍  നിന്നും സുനാമിക്ക് ശേഷമുള്ള  പള്ളിയുടേയും  പരിസരപ്രദേശങ്ങളുടേയും,  വികസനത്തിന്റെ പാതയിലൂടെയുള്ള   മുന്നേറ്റം, എന്നെ അത്ഭുതപ്പെടുത്തി!!  തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങളും,  ജാതിമത ഭേദമന്യേ ഇടതടവില്ലാതെ ഒഴുകിയെത്തുന്ന ഭക്തജന പ്രവാഹവുമൊക്കെ ചേര്‍ന്ന്,  ഭക്തിയുടെ പരിവേഷത്തിനുമപ്പുറം,  തിരക്കേറിയ ഒരു കടലോര  പട്ടണത്തിന്റെ പ്രതിച്ഛായയും പ്രൌഡിയും  അതിനു ചാര്‍ത്തിക്കൊടുത്തിരിക്കുന്നു!!

എല്ലായിടവും ഒന്ന് എത്തി നോക്കി  ചുറ്റിത്തിരിഞ്ഞു   വന്ന ഞങ്ങളെ,  ഉച്ച വെയിലിന്റെ കാഠിന്യം,  ശരിക്കും തളര്ത്തിക്കഴിഞ്ഞിരുന്നു!!  ഒടുവിലായാണ് അല്‍പ്പമൊരു മനശാന്തിക്കും,  ചെറിയൊരു വിശ്രമത്തിനുമായി, ഞങ്ങളാ പ്രധാന ദേവാലയത്തിന്റെ പ്രവേശന കവാടത്തിലെത്തിയത്. കാലണികള്‍ പുറത്തഴിച്ചുവച്ചു ഉള്ളിലേക്ക് കടന്ന ഞങ്ങളുടെ കണ്ണുകള്‍ക്ക് അകത്തെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ അല്‍പം മടിയുള്ളതുപോലെ  തോന്നി!!  ഒടുവിലത്തെ നിരകളിലായി ഒഴിഞ്ഞു കിടന്നിരുന്ന ഇരിപ്പിടങ്ങളിലൊന്നില്‍ തിടുക്കത്തില്‍  ഞങ്ങളും ഉപവിഷ്ടരായി.

അള്‍ത്താരയ്ക്കു മുമ്പില്‍ വിശേഷ വസ്ത്രങ്ങളണിഞ്ഞ പ്രധാന പുരോഹിതനും,  വെള്ള വസ്ത്രങ്ങളണിഞ്ഞ സഹായിയായ യുവ വൈദികനും,  ഭക്തിനിര്‍ഭരമായ ഈണത്തില്‍  എപ്പോഴൊക്കെയോ പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ടിരുന്നു!!  സൌരഭ്യയാഗത്തിന്‍ ധൂമ സമമായ പവിത്ര  പശ്ചാത്തലവും, അതില്‍ ഒഴുകിയെത്തുന്ന  മൃദുമന്ത്രണങ്ങളുടെ  മാസ്മരീകതയുമൊക്കെ ചേര്‍ന്ന്,  ഹൃദയങ്ങളേയും  മനസ്സുകളേയും ഈശ്വര സന്നിധിയിലേക്കുയര്‍ത്തുന്ന  നിര്‍വൃതിയുടെ  ഒരുപിടി  നിമിഷങ്ങള്‍!!  കണ്ണുകള്‍ മെല്ലെ പൂട്ടി ധ്യാനനിരതരായി  ഞങ്ങളും,  അല്‍പസമയം ആ പ്രാര്‍ഥനയില്‍ പങ്കാളികളാകാനൊരു ശ്രമം നടത്തി....

വീണ്ടും എപ്പോഴോ കണ്ണുകള്‍ തുറന്നപ്പോഴാണ് ഞാനാ വൃദ്ധയായ അമ്മയെയും,  കൂടെയുണ്ടായിരുന്ന യുവാവായ മകനെയും കണ്ടത്. ബഞ്ചുകളുടെ ഓരം ചേര്‍ന്ന് അള്‍ത്താരയിലേക്കുള്ള  വഴിയെ സാവധാനം മുമ്പോട്ട്‌ നീങ്ങുകയായിരുന്നു ഇരുവരും!!   ഒരു അതിശയം കാണുന്നതുപോലെ എന്റെ കണ്ണുകള്‍ ആ ചെറുപ്പക്കാരന്റെ കയ്യില്‍ ഭദ്രമായി കടലാസില്‍ പൊതിഞ്ഞ്  പിടിച്ചിരുന്ന  തെങ്ങിന്‍  തയ്യില്‍  ഉടക്കി നിന്നു!! ഈ ആരാധനയുടെ മദ്ധ്യത്തിലേക്ക് ആ തെങ്ങിന്‍ തൈയ്യുമായുള്ള അവരുടെ വരവിന്റെ ഉദ്ദേശം എത്ര ആലോചിച്ചിട്ടും എനിക്ക് അപ്പോള്‍ മനസ്സിലാകുന്നില്ലായിരുന്നു!! എങ്കിലും,   അള്‍ത്താരയുടെ അരണ്ട വെളിച്ചത്തില്‍ ആ  മുഖങ്ങളില്‍  നിഴലിച്ചിരുന്ന ഭാവങ്ങളില്‍,  ഈശ്വരനോടുള്ള നന്ദിയും സ്നേഹവും  കടപ്പാടുമൊക്കെ  മാറി മാറി  പ്രതിഫലിക്കുന്നത് ഒരു  കണ്ണാടിയിലെന്നോണം  എനിക്ക് കാണാമായിരുന്നു!!

അള്‍ത്താരയ്കരികിലെത്തിയ അവരോട്  സഹ വൈദീകന്‍ ഏതോ നിര്‍ദേശങ്ങള്‍ നല്‍കുന്നതും,  അവര്‍ വശങ്ങളിലുള്ള ഒരു വാതില്‍ വഴി അകത്തേക്ക് പോകുന്നതും ഞാന്‍ കണ്ടു. അല്‍പസമയത്തിനകം തിരികെ വരുമ്പോള്‍ അവരുടെ കൈകളില്‍ ആ തെങ്ങിന്‍ തൈയ്യ്‌ ഉണ്ടായിരുന്നില്ല!!

കാര്യങ്ങള്‍ അപ്പോഴേക്കും  ഏറെക്കുറെ  ഞാന്‍ ഊഹിച്ചു കഴിഞ്ഞിരുന്നു.  തങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നും ഏറ്റവും വിശിഷ്ടമായതിനെ തിരഞ്ഞെടുത്തു, തങ്ങള്‍ വണങ്ങുന്ന ഈശ്വരസന്നിധിയില്‍ കാണിക്കയര്‍പ്പിക്കാനായി, ഏതോ ദൂരെയുള്ള  ഗ്രാമത്തില്‍ നിന്നും എത്തിയവരായിരുന്നു ആ സാധുക്കള്‍ എന്ന് മനസ്സിലാക്കാന്‍,  അവരുടെ  നിറം മങ്ങിയ  മുഷിഞ്ഞ  വേഷങ്ങള്‍തന്നെ ധാരാളമായിരുന്നു!!

തിരികെ നടന്നു വന്ന്, അള്‍ത്താരയ്ക്കു മുന്‍പില്‍ തൊഴുകൈകളോടെ മുട്ടുകുത്തിയിരുന്ന   അവരുടെ സംതൃപ്തി നിറഞ്ഞ മുഖങ്ങളിലേക്ക്, ഒരിക്കല്‍ കൂടി നോക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല!!  യഥാര്‍ത്ഥ ഭക്ത്തിയുടെ  ആ മുഖങ്ങള്‍ അത്രമാത്രം  എന്റെ മനസ്സിലും ചലനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു!!

അള്‍ത്താരയിലെ ചടങ്ങുകള്‍ ഏതാണ്ട്  അവസാനിക്കാറായിരുന്നു. തിരക്കൊഴിവാക്കാനായി ആദ്യം  പുറത്തേക്ക് നീങ്ങുന്നവര്‍ക്കൊപ്പം ഞങ്ങളും വാതില്‍ ലക്ഷ്യമാക്കി  നടന്നു. പാദരക്ഷകള്‍ അണിഞ്ഞു വെളിയിലേക്കിറങ്ങിയ ഞങ്ങളെ പ്രതീക്ഷിച്ചിട്ടെന്നപോലെ ,  ഇളം തെന്നലിനെ ആട്ടിയകറ്റിയ   വേനല്‍ച്ചൂട് അവിടെ  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു!!

മടക്കത്തിലാണ് സുനാമിത്തിരമാലകളില്‍ ജീവന്‍  ബലിയര്‍പ്പിച്ച ആയിരങ്ങളുടെ ഓര്‍മ്മകള്‍ നിദ്ര കൊള്ളുന്ന, സ്മ്രതി മണ്ടപത്തിനു  മുമ്പില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്!!  ഒരു നിമിഷം കണ്ണുകളടച്ചു അവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരുമ്പോഴും,  എന്റെ മനസ്സിന്റെ ഏതോ കോണുകളില്‍ യേശുദേവന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയ ആ അമ്മയും മകനും ഉണ്ടായിരുന്നു,  വേളാങ്കണ്ണിയിലെ വേറിട്ടൊരു കാഴ്ചയായി.........

6 comments:

  1. വിശ്വാസം. അതല്ലെ എല്ലാം!
    സുനാമിയുടെ സമയത്ത് ദൈവം എവിടെയായിരുന്നുവെന്ന ബന്ധുക്കളെ നഷ്ടപ്പെട്ട ചിലരുടെ ചോദ്യത്തിന് മറുപടിയില്ല.

    ReplyDelete
    Replies
    1. അതേ മാഷേ, വിശ്വാസം തന്നെയാണ് എല്ലാം!! അതിന്റെ അടിസ്ഥാനത്തിലല്ലേ സര്‍വ മതങ്ങളുടെയും നിലനില്‍പ്പ്‌ തന്നെ!!
      വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി....

      Delete
  2. സുദര്‍ശന്‍,കാവാലം.July 16, 2014 at 7:37 PM

    എല്ലാ വര്‍ഷവും അവധിക്കാലങ്ങളില്‍ കുടുംബമായി തമിഴ്നാട്ടിലുള്ള പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ വേളാങ്കണ്ണിയിലും പോകാറുണ്ട്. താങ്കള്‍ സൂചിപ്പിച്ചതുപോലെ നാനാജാതി ഭക്ത ജനങ്ങള്‍ പലതരം കാണിക്കകളുമായി അവിടെ വരുന്നതും കാണാറുണ്ട്‌. കാര്‍ഷീക വിളകളും വളര്‍ത്തു പക്ഷി മൃഗാദികളുമൊക്കെ അവയില്‍ പെടുന്നു.മുകളില്‍ പറഞ്ഞതുപോലെ തന്നെ 'വിശ്വാസം' അതല്ലേ എല്ലാം!!

    ReplyDelete
    Replies
    1. വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി!!

      Delete
  3. നല്ല പോസ്റ്റ്‌..
    ആശംസകൾ

    ReplyDelete
    Replies
    1. വായിക്കാനെത്തിയതില്‍ സന്തോഷം ഡോക്ടര്‍!!

      Delete