Thursday, September 6, 2012

ആതിരപ്പള്ളിയിലെ വേറിട്ട കാഴ്ച്ചകള്‍!!!



യാത്രകള്‍ എന്നും എനിക്ക് ഹരമായിരുന്നു.  ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും, ഓര്‍മയില്‍ സൂക്ഷിക്കാനും പങ്കിടുവാനും, ഒരു പിടി വര്‍ണ്ണാഭമാര്‍ന്ന അനുഭവങ്ങള്‍ കൂടെയുണ്ടാവും.

ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു ഞാനും കുടുംബവും.  കുറച്ചേറെ അത്യാവശ്യകാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാന്‍ ഉണ്ടായിരുന്നതുകൊണ്ട്,  മൂന്നാഴ്ചകള്‍ കടന്നു പോയത് അറിഞ്ഞില്ല! അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും എവിടെയെങ്കിലും ഒരു ഔട്ടിംഗിന് പോകണമെന്ന് ഭാര്യയും വാശി പിടിക്കാന്‍ തുടങ്ങിയതോടെ,  ഞാനും മനസ്സുകൊണ്ട് ഒരു യാത്രയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.  അടുത്തു തന്നെ താമസിക്കുന്ന ഒന്ന് രണ്ടു ഫാമിലികള്‍ ഉറ്റ സുഹൃത്തുക്കളായി ഉണ്ടായിരുന്നതിനാല്‍, അവരോടു സംസാരിച്ചപ്പോള്‍ അവര്‍ക്കും താത്പര്യമാണെന്നു അറിയാന്‍ സാധിച്ചു.  ഇനിയുള്ള പ്രശ്നം എങ്ങോട്ട് പോകണം എന്നുള്ളതായിരുന്നു.  അതിനും പെട്ടെന്ന് തന്നെ തീരുമാനമായി.  പല തവണ പോയിട്ടുള്ള സ്ഥലമാണെങ്കില്‍ കൂടി, ആതിരപ്പള്ളിയിലേക്കുതന്നെ ഒരിക്കല്‍ കൂടി പോകാം എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞതിനാല്‍,  അതും തീരുമാനമായി.  ഇനി എല്ലാവര്ക്കും കൂടി ഒരേ വണ്ടിയില്‍ തന്നെ പോകാന്‍ സാധിച്ചാല്‍ വളരെ നന്നായിരിക്കും എന്നുള്ള അഭിപ്രായം കൂടി കണക്കിലെടുത്ത്,  ഒരു വലിയ വണ്ടി തന്നെ ട്രാവല്‍സില്‍ വിളിച്ചു ഏര്‍പ്പാടുമാക്കി.  അങ്ങനെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി  ഞങ്ങള്‍ മൂന്നു കുടുംബങ്ങളും കൂടി ഒരു പ്രഭാതത്തില്‍, ആ യാത്ര ആരംഭിച്ചു...

ആതിരപ്പള്ളി വരെയുള്ള യാത്ര ആടിയും പാടിയും തമാശകള്‍ പൊട്ടിച്ചും
ലൈവ് ആക്കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ആതിരപ്പള്ളി എത്തിയപ്പോള്‍,  ഏകദേശം പതിനൊന്നു മണിയായിരുന്നു.  ഒരു ചെറിയ തീറ്റിയും കുടിയും കൂടി  കഴിഞ്ഞപ്പോള്‍,  യാത്രാക്ഷീണത്തിനു വിട പറഞ്ഞു വനഭംഗിയുടെ നിബിഡതകളിലേക്ക് ഊളിയിട്ടിറങ്ങാന്‍ എല്ലാവരും റെഡിയായി.

ചുറ്റുമുള്ള പച്ചപ്പിന്റെ കുളുര്‍മ്മ ആവോളം ആസ്വദിച്ചുകൊണ്ട്
ഒടുവില്‍  ഞങ്ങള്‍ വെള്ളച്ചാട്ടത്തിനരുകിലെത്തി. ആ സമയത്ത് വെള്ളം വളരെ കുറവായിരുന്നതിനാല്‍ ചെറുതും വലുതുമായ പാറക്കെട്ടുകള്‍ ജലപ്പരപ്പിനു മുകളിലായി തലയുയര്‍ത്തി നില്ക്കുന്നത് കാണാമായിരുന്നു. പാറകളില്‍ നിന്നും പാറകളിലേക്ക് ചാടി കയറി ഞങ്ങള്‍ ഒടുവില്‍ മുകളിലെത്തി.

അപ്പോഴാണ്‌ ഞങ്ങള്‍ അത് ശ്രദ്ധിച്ചത്‌!  അവിടെ ഒരു സിനിമയുടെ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍, ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഒരു ഉത്സവത്തിനുള്ള ആളുകള്‍ ഇപ്പോഴേ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.  ഏല്ലാവര്‍ക്കും വെള്ളച്ചാട്ടം കാണുന്നതിലും കൌതുകം, നടീനടന്മാരെയൊക്കെ ഒന്ന് അടുത്ത് കാണുന്നതിനാണ്. അടുത്തു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചതില്‍ അത് ഒരു  തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണമാണെന്നും,  ഹീറോയിന് പകരം വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന രംഗം ചിത്രീകരിക്കാന്‍,  ഒരു ഡ്യുപ്പിനെയാണ് ഒരുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു.

ഞങ്ങളുടെയും കൌതുകം കൂടികൂടി വന്നു.  എന്നിലെ ടെക്നിക്കല്‍ മൈന്‍ഡ്‌ മറ നീക്കി പുറത്തു വന്നതും അപ്പോള്‍ തന്നെയായിരുന്നു!! ഇത്രയും താഴ്ചയിലേക്ക് ഒരുമനുഷ്യജീവിയെ ഷൂട്ടിങ്ങിനാണെങ്കില്‍കൂടി
തള്ളിയിടുന്നതെങ്ങിനെയാണെന്നു ഒന്ന് കാണുക തന്നെ. ഇതൊന്നും കാണാന്‍ താത്പര്യം കാണിക്കാതിരുന്ന ഞങ്ങളുടെ സ്ത്രീജനങ്ങള്‍ അപ്പോഴേക്കും,  ചെറിയ പാറകള്‍ക്ക് മുകളിലായി ഇരുപ്പുറപ്പിച്ചു  കാലുകള്‍ വെള്ളത്തിലേക്ക് ഇറക്കിവച്ചുകൊണ്ടു പരദൂഷണത്തിന്‍റെ കെട്ടഴിക്കാന്‍ തുടങ്ങിയിരുന്നു!!!!!

ഒരു നാല്‍പ്പത്തിഅഞ്ചു ഡിഗ്രിയില്‍,  ചുവട്ടില്‍  ബലമായി ഉറപ്പിച്ചിരിക്കുന്ന ഒരു സ്റ്റീല്‍പൈപ്പ്!  അതിന്റെ മുകളറ്റത്ത് ഒരു കപ്പി ഘടിപ്പിച്ചിരിക്കുന്നു.  കപ്പിയിലൂടെ ഒരു സ്റ്റീല്‍ വടം കോര്‍ത്തിട്ടിരിക്കുന്നു. നമ്മള്‍ പണ്ടൊക്കെ നമ്മുടെ വീട്ടിലെ കിണറുകളില്‍നിന്നും വെള്ളം കോരിയെടുക്കാനായി ഉപയോഗിച്ചിരുന്ന, അതേ സെറ്റപ്പ് തന്നെ!!!

എന്റെ ദൃഷ്ടികള്‍ പെട്ടെന്ന് ആള്‍ക്കൂട്ടത്തിനു നടുക്കുകൂടി, പൈപ്പിന്റെ ചുവട്ടിലേക്ക് നടന്നടുക്കുന്ന, ഒരു പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞു.   ഇരുനിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയോടുകൂടിയ, അത്രയൊന്നും സൌന്ദര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടി!!! ഏറിയാല്‍ ഒരു പതിനാറോ പതിനേഴോ വയസ്സ് പ്രായം വരും. കൂടിനില്‍ക്കുന്ന എല്ലാവരുടെയും ദൃഷ്ടികള്‍, അവളുടെ മുഖത്താണ്. ആ മുഖത്താവട്ടെ
ഒരു ചിരിയോ, സന്തോഷമോ, അല്ലെങ്കില്‍ ഒരു ഉദ്വേഗമോ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി!!! അവള്‍ ഒരു ഹാഫ്‌സാരിയും അതിനു മാച്ചു ചെയ്യുന്ന ബ്ലൌസും പാവാടയും അണിഞ്ഞിരിക്കുന്നു.

രണ്ടു സഹായികള്‍ അപ്പോഴേക്കും അവളെ പൈപ്പിന്റെ ചുവട്ടിലേക്ക് കുറച്ചുകൂടി നീക്കി നിര്‍ത്തി,  കപ്പിയില്‍നിന്നും തൂങ്ങിക്കിടന്നിരുന്ന റോപ്പിന്റെ അറ്റം അവളുടെ അരക്കെട്ടില്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

അപ്പോഴും ഞാന്‍ അവളുടെ മുഖം ഒന്നുകൂടി ശ്രദ്ധയോടെ ഉറ്റു നോക്കുകയായിരുന്നു. ആ മേക്കപ്പ് ചെയ്ത മുഖത്തില്‍,  താന്‍ ഇത്രയും സാഹസീകമായ ഒരു കര്‍മമാണ് ചെയ്യാന്‍ പോകുന്നത് എന്നുള്ളതിന്റെ, യാതൊരു ഭാവവും കാണുന്നുണ്ടായിരുന്നില്ല.  ആകെ കാണുന്നത് ഒരുതരം നിര്‍വികാരത മാത്രം!!

അനേകമടിതാഴ്ചയിലേക്ക്,  മുകളില്‍നിന്നും കുതിച്ചുചാടി പതഞ്ഞുപൊങ്ങുന്ന  വെള്ളത്തിന്റെ ഹൂംകാരശബ്ദം, ഞങ്ങളുടെയൊക്കെ കാതുകളില്‍ അലയടിച്ചെത്തുന്നുണ്ടായിരുന്നു. ദൈവമേ, ഈ ഭയാനകതയിലെക്കാണല്ലോ, ഈ നരുന്തു പെണ്‍കുട്ടിക്ക് വെറുമൊരു റോപ്പിന്റെ ബലത്തില്‍ ചാടേണ്ടത് എന്നോര്‍ത്തുനോക്കിയപ്പോള്‍, എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് എനിക്കറിയാമായിരുന്നു. സാധാരണയായി ഉയരങ്ങള്‍ ഒരു പരിധിക്കപ്പുറം കൂടിക്കഴിഞ്ഞാല്‍, എനിക്ക് താഴോട്ടു നോക്കുമ്പോള്‍ തല ചുറ്റും!  പലപ്പോഴും ഉയരമുള്ള കെട്ടിടങ്ങളുടെ റൂഫിലുള്ള ചില വര്‍ക്കുകള്‍ നോക്കാന്‍ പോകുമ്പോള്‍, ഈ പ്രയാസം ഞാന്‍ ഒരുപാട് തവണ അനുഭവിചിട്ടുള്ളയാളാണ്! അതുകൊണ്ടുതന്നെ ആ മാതിരി ജോലികളുടെ ചുമതലകളൊക്കെ ഞാന്‍ കഴിയുന്നതും, വേറെ ആരെയെങ്കിലും ഏല്പ്പിക്കുകയാണ് പതിവ്!!!

ഞാന്‍ വീണ്ടും രംഗം വീക്ഷിച്ചു.  ഇപ്പോള്‍ റോപ്പ് കെട്ടുന്ന ജോലി ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു..  കഴുത്തിനു പുറകിലൂടെ  മുകളിലേക്ക് പോകുന്ന വിധത്തില്‍, ശരീരത്തില്‍  ഉറപ്പിച്ചിരിക്കുന്ന  റോപ്പില്‍  വലിച്ച്  ഉയര്‍ത്തിയാല്‍, ഒരു  പാവക്കുട്ടിയെപ്പോലെ  അവള്‍ നെടുനീളത്തില്‍ വായുവില്‍ കുത്തനെ ഉയരും. ഇപ്പോഴും  അവളുടെ  മുഖം വളരെ ശാന്തമാണെന്നു ഞാന്‍ കണ്ടു. അതേ നിസ്സംഗതയോടെ, മരവിച്ചമുഖഭാവത്തോടെ ,ആരെയും
ശ്രദ്ധിക്കാതെ അവളവിടെ നില്‍ക്കുന്നു. ആ  നിസ്സംഗതക്കുള്ളിലെ  ദയനീയത, പലരിലും അവളോട്‌  ഒരു  അനുകമ്പ ഉണര്‍ത്തുന്നത്  ഞങ്ങള്‍ക്ക്  
കാണാമായിരുന്നു!!!

പെട്ടെന്നാണ് വെള്ളച്ചാട്ടത്തിന്റെ  ആരവങ്ങള്‍ക്കിടയിലൂടെയാണെങ്കിലും, ഞങ്ങള്‍, സംവിധായകന്‍റെ ആ ആഞ്ജാശബ്ദം, കേട്ടത്..റെഡി, സ്റ്റാര്‍ട്ട്‌ ക്യാമറ, ആക്ഷന്‍, ജംപ്.....ഒരു നിമിഷം!!!. ഞങ്ങളുടെ കണ്‍മുന്‍പിലൂടെ അവള്‍ ഒറ്റ കുതിപ്പിന് താഴോട്ടു ചാടുന്നത്, കൂടിനിന്നവരുടെ സീല്‍ക്കാരങ്ങള്‍ക്കിടയിലൂടെ, ഞങ്ങള്‍ ഉള്‍ക്കിടിലത്തോടെ നോക്കിക്കൊണ്ടു നിന്നു!!! വേഗം തന്നെ കൈവരികള്‍ ഉറപ്പിച്ചിരുന്ന  ഭാഗത്തേക്ക്  ഞങ്ങള്‍  നീങ്ങി. എങ്കില്‍  മാത്രമേ  താഴെ  ആ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ, അറിയാന്‍ പറ്റുമായിരുന്നുളളു.  റോപ്പിന്റെ മറ്റേയറ്റം  അയച്ചുവിട്ടുകൊണ്ടിരുന്ന  സഹായികളുടെ  കൈകള്‍ നിശ്ചലമായപ്പോഴും,  മറ്റെയററത്തു  ആ പെണ്‍കുട്ടി  റോപ്പില്‍  തൂങ്ങിയാടുന്ന ഭയാനകകാഴ്ച,  കൂടിനിന്നിരുന്ന  കുറച്ചെങ്കിലും ദുര്‍ബലമനസ്സുകള്‍ക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു!!!  ഇതേസമയം 
ഏറ്റവും താഴെനിന്നും, ഒരു  സംഘം  ആളുകള്‍  മറ്റൊരു  ക്യാമറയില്‍, ഈദൃശ്യങ്ങളും  പകര്‍ത്തുന്നുണ്ടായിരുന്നു!

പിന്നീടെല്ലാം പെട്ടെന്നായിരുന്നു.  സഹായികള്‍, അവളെ കപ്പിയിലൂടെ തന്നെ വശങ്ങളിലെവിടെയും തട്ടാതെ, ശ്രദ്ധയോടെ സാവധാനം മുകളിലേക്ക്, നമ്മള്‍ കിണറ്റില്‍നിന്നും തൊട്ടിയില്‍ വെള്ളം വലിച്ചെടുക്കുന്നതുപോലെ, വലിച്ചെടുത്തു കരയ്ക്ക് നിര്‍ത്തി. ശരീരം ആസകലം വെള്ളത്തില്‍ നനഞ്ഞു നില്‍ക്കുന്ന അവളുടെ മുഖത്തിന്റെ ഭാവം അപ്പോഴും ആ ശൂന്യതയില്‍ ഒളിപ്പിച്ചതു തന്നെയായിരുന്നു!! ആ പടം ഷൂട്ടിംഗ് തീര്‍ത്ത്‌ തീയേറ്ററുകളില് എത്തുമ്പോഴും, പ്രശസ്തിയും പണവും, ഹീറോയിന് മാത്രം സ്വന്തം! ഇത്രയും സാഹസീകമായി ഈ രംഗം അഭിനയിച്ച
പാവം പെണ്‍കുട്ടിയേ ആരോര്‍ക്കാന്‍?  വയറ്പിഴപ്പിനു വേണ്ടി, കിട്ടുന്ന നിസ്സാര പ്രതിഫലം വാങ്ങി, ജീവിതം ഹോമം ചെയ്യാന്‍ വിധിക്കപ്പെടുന്ന കുറച്ചു ജന്മ്മങ്ങള്‍! അവരുടെ സങ്കടങ്ങള്‍,  ബുദ്ധിമുട്ടുകള്‍, ഭയാശങ്കകള്‍, ഇവയൊക്കെ ആര് ശ്രദ്ധിക്കുന്നു??? വേണമെങ്കില്‍ ആ സംവിധായകന്, ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത്, ഒരു ഡമ്മിയെ വച്ചിട്ടായാലും, ഈ രംഗം ഷൂട്ട്‌ ചെയ്യാമായിരുന്നു, എന്ന് ഞങ്ങളോടോപ്പമുണ്ടായിരുന്നവരില്‍ പലരും  അപ്പോള്‍ അമര്‍ഷത്തോടെ  പിറുപിറുക്കുന്നതു  കേള്‍ക്കാമായിരുന്നു!!!

യാത്ര പൂര്‍ത്തിയാക്കി വീടുകളിലേക്കു മടങ്ങുമ്പോള്‍, ഞങ്ങള്‍
സുഹൃത്തുക്കള്‍ മൂന്നുപേരും, നിശബ്ദരായിരുന്നു! സമാന സ്വഭാവമുള്ളവരായിരുന്നതിനാല്,എന്നെപ്പോലെതന്നെ അവരുടെയും
മനസ്സുകളില്‍  ആ  പെണ്‍കുട്ടിയുടെ  ദയനീയ  മുഖം  തന്നെ  ആയിരുന്നിരിക്കും, എന്നുള്ള കാര്യത്തില്‍  എനിക്ക് യാതൊരു  സംശയവും  ഇല്ലായിരുന്നു!!!!!!! 



9 comments:

  1. നല്ല യാത്രാവിവരണം.

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭന്‍, ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം..

      Delete
  2. വായനാ സുഖം തരുന്ന നല്ല എഴുത്ത്

    ReplyDelete
  3. നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി സുഹൃത്തേ.....

    ReplyDelete
  4. മോഹനേട്ടാ............
    കണ്ടോ ഞാന്‍ ഇനീം പോയില്ല അതിരപ്പിള്ളി കാണാന്‍.
    അതിന്റെ സങ്കടം ഇനീംണ്ട്.
    ഈ പോസ്റ്റും.
    ആ കുട്ടിയെ ഞാനും കാണുന്നു.
    പാവം.
    ജീവിതം എന്തൊക്കെയാണ് എങ്ങനെ ഒക്കെയാണ് ഓരോരുത്തരെയും,ഓരോരുത്തര്‍ക്കും ......
    അല്ലെ?
    നല്ല ഭാഷ,
    പതിഞ്ഞ, മൃദുവായ കുഞ്ഞു കമ്മല്‍ പൂവ് പോലെ സുന്ദരം.
    ഇഷ്ടായി.

    ReplyDelete
    Replies
    1. ഉമക്കുട്ടീ,

      ഒടുവില്‍ ഈ ഏട്ടന്റെ കുഞ്ഞു കമ്മല്‍ പൂവും (ഇതെനിക്ക് ഇഷ്ടായിട്ടോ..)കാണാന്‍ എത്തീലോ..ഒരുപാട് സന്തോഷയീട്ടോ...

      Delete
  5. ആശംസകള്‍ക്ക് നന്ദി മാഷേ..
    പുതിയ പോസ്റ്റ്‌ നോക്കാന്‍ ദേ പോയിക്കഴിഞ്ഞു....

    ReplyDelete
  6. നല്ല ഓര്‍മ്മക്കുറിപ്പ്‌. അതിരപ്പള്ളിയുടെ പശ്ചാത്തലം ആയിരിക്കും അവസാനം എന്റെ മനസ്സില്‍ വരിക എന്നാണു വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത്. എന്നാല്‍ ആ ഷൂട്ടിങ്ങും പെണ്‍കുട്ടിയും ആയി. ശരിയാണ് സര്‍ക്കസ് താരങ്ങളെപ്പോലെ ജീവിതത്തില്‍ സാഹസികതയുമായി മല്ലിടുന്നവര്‍!

    ReplyDelete
  7. പ്രിയ ഡോക്ടര്‍,
    പറഞ്ഞത് ശരിയാണ്, ഞാനും ആതിരപ്പള്ളി കാണാന്‍ തന്നെയാണ് പോയത്!
    പക്ഷെ അവിടെ എത്തിയപ്പോള്‍ മുതല്‍ കാഴ്ചയുടെ പ്രഭവകേന്ദ്രം ആ പെണ്‍കുട്ടിയായി
    മാറുകയായിരുന്നു!!മനസ്സിലൊരു വിങ്ങലുണര്‍ത്തി ഇന്നും മനസ്സിലുണ്ട് ആ പെണ്‍കുട്ടി!!!
    മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ എഴുതിയ ഈ അനുഭവം വായിക്കാനെത്തിയത്തിലുള്ള സന്തോഷം അറിയിക്കട്ടെ!!!

    ReplyDelete