Tuesday, September 18, 2012

അദ്ധ്യയനാനുഭവങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ...



എഞ്ചിനീയറിംഗിന്റെ ആദ്യവര്‍ഷ പഠന വിഷയങ്ങളില്‍, ഇഗ്ലീഷ് ഭാഷയും ഉള്‍പ്പെടുത്തിയിരുന്നത് എനിക്ക് ഒട്ടേറെ സന്തോഷം തന്നിരുന്ന ഒരു കാര്യമായിരുന്നു! ചെറുപ്പം മുതല്‍ക്കുതന്നെ ഭാഷാപഠനത്തെ, അത് ഏതു ഭാഷയായാല്‍പ്പോലും, ഞാന്‍ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ഇതുകൂടാതെ ഇതുവരെ പഠിച്ചതിന്‍റെ തുടര്‍ച്ചയായ കണക്കും മറ്റൊരു വിഷയമായിരുന്നു. പിന്നെ ഉണ്ടായിരുന്നത് സാങ്കേതികത്വത്തിന്‍റെതായ കൂറ്റന്‍ അറിവുകള്‍ പകര്‍ന്നു നല്‍കാനായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന നിരവധി വാതായനങ്ങളായിരുന്നു! അവകളിലൂടെ കടന്നുപോകുമ്പോഴൊക്കെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബൃഹത്തായ പഠനത്തിനുള്ള അടിസ്ഥാനതത്വങ്ങള്‍ കുഞ്ഞു കുഞ്ഞു അറിവുകളായി ഞങ്ങളുടെയൊക്കെ ബുദ്ധിയുടെ ഉള്ളറകളെ മെല്ലെ മെല്ലെ  നിറച്ചുകൊണ്ടിരുന്നു!!!!

ഇതില്‍ ആദ്യം പറഞ്ഞ ഇംഗ്ലീഷും കണക്കും പഠിപ്പിച്ചിരുന്നത്, മറ്റു സാധാരണ arts/science കോളേജുകളില്‍ നിന്നും വന്നിരുന്ന പ്രഗല്‍ഭരായ അദ്ധ്യാപകരായിരുന്നു. അതിലൊരു ഇംഗ്ലീഷ് അദ്ധ്യാപകന്റെ ക്ലാസ്സുകള്‍ അതീവ ഹൃദ്യങ്ങളായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു!!!

കണക്ക് പഠിപ്പിക്കാനായി വന്നിരുന്നത് മദ്ധ്യവയസ്കനായ ഒരു മാന്യ ദേഹമായിരുന്നു. ജോമെട്രിയും അതിന്റെ പിന്‍ഗാമിയുമായ ട്രിഗോണോമെട്രിയും പഠിപ്പിക്കാന്‍ ഇത്രയും സമര്‍ഥനായ ഒരു അദ്ധ്യാപകന്‍ അന്ന് വേറെ ഉണ്ടായിരുന്നില്ല എന്ന് നിസ്സംശയം പറയാം!!

ഈ അദ്ധ്യാപകന്റെ പഠിപ്പിക്കലിന്റെ രീതി തന്നെ ഒന്ന് വേറെയായിരുന്നു. ഒരു കൈയ്യില്‍ നിറയെ ചോക്കുകഷണങ്ങളുമായി അതിവേഗം ക്ലാസിലേക്ക് കടന്നുവരുന്ന ഇദ്ദേഹം, ആരെയും ഗൌനിക്കാതെ നേരെ ബോര്‍ഡിന്റെ അടുത്തു ചെന്ന് ഒരു പ്രോബ്ലം മുഴുവനായും അതില്‍ എഴുതി വയ്ക്കുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തനതായ അദ്ധ്യാപനശൈലി പുറത്തു വരുന്നത്!

ക്ലാസ്സ് ആകമാനം ഒന്ന് വീക്ഷിച്ചതിനുശേഷം അദ്ദേഹം ഏതെങ്കിലും ഒരു കുട്ടിയുടെ നേര്‍ക്ക്‌ കൈ ചൂണ്ടുന്നു!

'യൂ സ്റ്റാന്റ്അപ്പ്‌ ആന്‍ഡ്‌ റീഡ്‌ ദി ക്യൊസ്ററൃന്‍'

ആ ഹതഭാഗ്യന്‍ വേഗം എഴുന്നേറ്റുനിന്നു. തപ്പിയും തടഞ്ഞും ബോര്‍ഡിലുള്ള പ്രോബ്ലം വായിക്കുന്ന അവന്റെ മനസ്സിലുള്ളത് ഞങ്ങളും വായിക്കുന്നുണ്ടായിരുന്നു പത്തുമുപ്പതുപേര്‍ നിരന്നു ഇരിക്കുന്ന ഈ ക്ലാസില്‍ ഈ കുന്തമോക്കെ വായിച്ചുകേള്‍പ്പിക്കാന്‍ ഈയുള്ളവനെ മാത്രമേ കിട്ടിയുള്ളോ എന്നതാണ് അവന്‍റെ സംശയം! കാലത്തെ കണി കണ്ടവനെ ശപിച്ചുംകൊണ്ട് അവന്‍ വായന പൂര്‍ത്തിയാക്കുമ്പോഴേക്കും, അടുത്ത ഇരയ്ക്കുള്ള ചോദ്യവുമായി അദ്ദേഹം റെഡിയായിക്കഴിഞ്ഞിരിക്കും! വേറെ ഒരുവന് നേര്‍ക്ക്‌ വിരല്‍ ചൂണ്ടി അടുത്ത ചോദ്യം ഇതാ..

'ഹിയര്‍, വാട്ട്‌ ആര്‍ ഗിവണ്‍?'

രണ്ടാമത്തെ ഈ ഹതഭാഗ്യന്റെ വിധി കുറച്ചുകൂടി കഠിനമാണ്. 'ഇവിടെ എന്ത് തന്നിരുന്നാലും എനിക്കൊന്നുമില്ല, എന്നെ വെറുതേ വിട്ടുകൂടേ' എന്നമട്ടിലുള്ള അവന്റെ നില്പ് കാണുമ്പോള്‍തന്നെ ഞങ്ങള്‍ ചിരിയമര്‍ത്താന്‍ പാടുപെടുകയായിരിക്കും!! ഇത് അവനു കുരിശായെന്നു കണ്ടതും, സാറ് തന്നെ ഒടുവില്‍ അവന്‍റെ രക്ഷക്കെത്തുകയായി! ഈ ചോദ്യത്തില്‍ ഇവിടെ എന്തെല്ലാം തന്നിരിക്കുന്നു എന്ന് കണ്ടുപിടിച്ചു, ക്ലാസ്സിനെ അറിയിക്കാന്‍ സാറും അവനെ ഹെല്‍പ്‌ ചെയ്യുന്നു. അങ്ങനെ ആ കുരുക്കും അഴിച്ചെടുത്തു എന്ന് ഞങ്ങളൊക്കെ ആശ്വസിച്ചിരിക്കുമ്പോഴാണ് അശനിപാതം പോലെയുള്ള അടുത്ത ചോദ്യത്തിന്റെ വരവ്.

'ഹിയര്‍, വാട്ട്‌ ഈസ്‌ ടു ബി ഫൌണ്ട് ഔട്ട്‌?'

വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ ഒന്നു പാളി നോക്കി . എലിക്കുഞ്ഞു പോലെയുള്ള ഒരു അപ്പാവിയാണ് അവിടെ ഇത്തവണ എഴുന്നേല്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്നത്!!!

'ഇത് ഇന്ന് എന്നെയും കൊണ്ടേ പോവുകയുള്ളൂ എന്ന് തോന്നുന്നു, വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങുകയില്ലല്ലോ ദൈവമേ..!'

അവന്റെ ആത്മഗതം പിറുപിറുപ്പായി പുറത്തുവന്നത്, അല്പം അകലെ ഇരുന്നിരുന്ന ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു!!!

ബുദ്ധിമാനായ സാറിന് മനസ്സിലായി, ഈ ജന്മം മുഴുവനും തീരുന്ന സമയം വരെ കാത്തിരുന്നാലും ഇതിന്റെ ഉത്തരം ഇവന്‍റെ വായില്‍ നിന്നും കിട്ടുകയില്ല എന്ന്! വീണ്ടും ഹെല്‍പ്‌ ചെയ്യാന്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം തയ്യാറാകുന്നു. പാവം ഞങ്ങളുടെ സാറിന്‍റെ ഒരു വിധി നോക്കണേ...

അങ്ങനെ ആ കടമ്പയും കടന്നു കിട്ടി! ഇനി ഞങ്ങള്‍ക്ക് എല്ലാവര്ക്കുംതന്നെ ഒന്ന് വിശ്രമിക്കാം. കാരണം, ഇനിയത്തെ അഭ്യാസം സാറിനുമാത്രമുള്ള ഒരു കിടിലന്‍, സോളോ പെര്‍ഫോര്‍മെന്‍സാണ്. അതില്‍ മാത്രം ഞങ്ങള്‍ക്കാര്‍ക്കും യാതൊരു പങ്കുമില്ല!!!

ധൃതിയില്‍ വീണ്ടും ബോര്‍ഡിനടുത്തേക്ക് നീങ്ങുന്ന അദ്ദേഹം, ഇത്തവണ യുദ്ധം വിജയിച്ചതിനുശേഷമേ തിരിഞ്ഞുനോക്കൂ എന്ന വാശിയിലാണെന്നു ഞങ്ങള്‍ക്ക് അനുഭവത്തില്‍ നിന്നും അറിയാം. മുഴുവന്‍ ഉത്തരവും ബോര്‍ഡില്‍ എഴുതിയിട്ടതിനുശേഷം, വിജയശ്രീലാളിതനായി അദ്ദേഹം ഞങ്ങളെ എല്ലാം ഒന്ന് ഇരുത്തി നോക്കും. 'കണ്ടോടെ, നീയൊക്കെ, എങ്ങനുണ്ട് എന്‍റെ ബുത്തി' എന്ന് പറയുന്നത് പോലെ...

ഇപ്പോള്‍ വീണ്ടും ബോള്‍ ഞങ്ങളുടെ കോര്‍ട്ടിലാണ്. വേണ്ടിയവനൊക്കെ ബോര്‍ഡിലുള്ള ഉത്തരം നോക്കി മായിക്കുന്നതിനുമുമ്പ് വേഗം പകര്‍ത്തിക്കോണം. പിന്നെ വിലപിച്ചിട്ട് കാര്യമില്ല ഇവിടെ ഞങ്ങള്‍ വേഗം കര്‍മനിരതരാവുന്നു!!

എന്തൊക്കെപ്പറഞ്ഞാലും ഈ ഒരു രീതിയില്‍, ഒട്ടുവളരെ പ്രോബ്ലംസ് സ്വയം ചോദിക്കുന്ന ലളിതമായ ചോദ്യങ്ങളിലൂടെ, ഞങ്ങള്‍ക്കെല്ലാം സോള്‍വ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുളളതാണ് സാറിന്‍റെ പഠിപ്പിക്കലിന്‍റെ വിജയ രഹസ്യം!!!!

വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മനസ്സ് നിറയുന്നതു ഞാന്‍ അറിയുന്നു. തീര്‍ന്നിട്ടില്ല, ഇനിയും പറയാനുണ്ട് ഇതുപോലെ നല്ലവരായ ചില ഗുരുക്കന്മാരെപ്പറ്റിയും അവരുടെ തനതു അദ്ധ്യയന ശൈലികളെപ്പറ്റിയും. അതൊക്കെ പിന്നൊരിക്കലാവാം എന്ന് വിചാരിക്കുന്നു!!!!

ഇനി പറയൂ, ഇത്രയും നല്ല ഗുരുക്കന്മാരെ ലഭിച്ച ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു എന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?????

12 comments:

  1. വളരെ രസകരമായി അവതരിപ്പിച്ചു. തീര്‍ച്ചയായും നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ ആണ്. പഴയ ക്ലാസ്സ്‌ മുറിയിലേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടുപോയി ഈ എഴുത്ത്. നന്ദി.

    ReplyDelete
    Replies
    1. വായിച്ച് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം.
      വാസ്തവം പറഞ്ഞാല്‍ അശ്വതിയുടെ ചില പോസ്റ്റുകള്‍ വായിച്ചപ്പോഴേ മനസ്സില്‍ വിചാരിച്ചിരുന്നു സ്കൂള്‍,കോളേജ് ദിനങ്ങളെപ്പറ്റി എന്തെങ്കിലും ഒക്കെ എഴുതണം
      എന്ന്.പ്രചോദനത്തിന് നന്ദി....

      Delete
    2. എന്റെ പോസ്റ്റ്‌ ആണിതിന് കാരണം എന്നറിഞ്ഞു, അമ്മുവിനെ പോലെ ഇത്തിരി ഗമ എനിക്കും വന്നു. എന്റെ പോസ്റ്റിനെക്കാള്‍ ഒരുപാടു ഉയര്‍ന്നതാണ് ഏട്ടന്റെ പോസ്റ്റ്‌, ഇനിയും ഒരുപാടു എഴുതുക

      Delete
    3. നല്ല വാക്കുകളുമായി അശ്വതി വീണ്ടും എത്തിയല്ലോ!! ഒത്തിരി സന്തോഷമായി!
      അല്ലെങ്കിലും ജീവിതാനുഭവങ്ങള്‍ ഇവിടെ പകര്‍ത്തുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി
      സാങ്കല്‍പ്പിക കഥകളുടെ രചനയില്‍നിന്നും ഉണ്ടാകുന്നില്ല എന്ന് വിശ്വസിക്കാനാണ്
      എനിക്കേറെയിഷ്ടം!
      അശ്വതി ഇനിയും എഴുത്ത് തുടരൂ..ആ കുഞ്ഞു കുഞ്ഞു പോസ്റ്റുകള്‍ ഇനിയും പലര്‍ക്കും
      പ്രചോദനമാകട്ടെ!!!!
      എല്ലാ ഭാവുകങ്ങളും!!!

      Delete
  2. ഒരു നിമിഷം രാമയ്യര്‍ എന്നാ എന്റെ ഒരു ഗുരുവിനെ ഓര്‍ത്ത് പോയി!

    ReplyDelete
    Replies
    1. വന്നു നോക്കിയതിനും അഭിപ്രായം എഴുതിയതിനും നന്ദി ദീപൂട്ടാ.
      രാമയ്യര്‍ മാഷും കണക്ക് തന്നെയായിരുന്നോ പഠിപ്പിച്ചിരുന്നത്?

      Delete
  3. എനിക്ക് ഇഷ്ട്ടയിട്ടോ ..ഇനിയും ഇതുപോലത്തെ പോസ്റ്റുകള്‍ ഇടുക

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനു നന്ദി എബി, ഇഷ്ടമായി എന്ന് അറിയിച്ചതില്‍ സന്തോഷം!!

      Delete
  4. പ്രിയപ്പെട്ട മോഹന്‍,

    വളരെ മനോഹരമായി ഗുരുക്കന്മാരെ വര്‍ണിച്ച ഈ പോസ്റ്റ്‌ അധ്യാപക ദിനത്തില്‍ ഗുരുദക്ഷിണയായി കാണിക്ക വെക്കാമായിരുന്നു. സാരമില്ല.ഈ മാസം കഴിയുന്നതിനു മുന്‍പ് തന്നെ പ്രസിദ്ധീകരിച്ചല്ലോ.

    ഈ പോസ്റ്റ്‌ വളരെ ഹൃദ്യം !

    നല്ല ഗുരുക്കന്മാരുടെ പേരും കഴിവും ശിഷ്യര്‍ നില നിര്‍ത്താന്‍ ശ്രമിക്കുക.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  5. പ്രിയമുള്ള അനുവിന്,

    അനു പറഞ്ഞത് എത്ര വാസ്തവം!!ഈ ഓര്‍മ്മക്കുറിപ്പുകള്‍ അദ്ധ്യാപകദിനത്തില്‍തന്നെ
    പ്രസിദ്ധീകരിക്കണം എന്ന് വിചാരിച്ചതാണ്.ചില തിരക്കുകള്‍ കാരണം പൂര്‍ത്തിയാക്കാന്‍
    താമസിച്ചുപോയി.
    എങ്കിലും അനുവിന് ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു!!
    അനുവിന്റെ കാവ്യഭംഗി തുളുമ്പിനില്‍ക്കുന്ന രചനകള്‍ എല്ലാം തന്നെ വായിക്കാറുണ്ട്!പലതിന്റെയും
    ചുവട്ടില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാറുമുണ്ട്!
    എങ്കിലും ചില പോസ്റ്റുകളുടെ മേന്മ കാണുമ്പോള്‍ ചുവട്ടില്‍ ഒന്നും എഴുതി അതിന്റെ ഭംഗി ചോര്‍ത്താന്‍ മനസ്സനുവദിക്കുന്നില്ല! ക്ഷമിക്കണേ...

    സ്നേഹത്തോടെ,

    മോഹന്‍

    ReplyDelete
  6. വളരെ താല്‍പ്പര്യത്തോടെ വായിച്ചു. തീര്‍ച്ചയായും ഇതുപോലുള്ള അനുഭവങ്ങള്‍ ഒരുവിധം എല്ലാവര്ക്കും ഉണ്ടാകും. നല്ല അധ്യാപകരെ കിട്ടുക എന്നത് ഭാഗ്യം തന്നെയാണ്. ഞാന്‍, ഇതുപോലെ താഴെ കൊടുക്കുന്ന ലിങ്കില്‍ ഒരദ്ധ്യായത്തില്‍ എഴുതിയിട്ടുണ്ട്:
    എന്റെ ഗ്രാമവും മരിക്കാത്ത സ്മരണകളും:
    http://pmalankot0.blogspot.com
    അദ്ധ്യായം - 4

    ReplyDelete
  7. പ്രിയ ഡോക്ടര്‍,

    സ്കൂള്‍,കോളേജ് പഠന കാലങ്ങളിലുള്ള ഓര്‍മ്മകള്‍ക്ക് മാധുര്യമേറും! എഴുതാനിരിക്കുമ്പോള്‍ രസകരമായ പല പല സംഭവങ്ങള്‍ ഓര്‍മ്മയിലോടിയെത്തും!!അവയിലൊന്നിനെ ഇവിടെ പകര്‍ത്തിയെന്നെ ഉള്ളൂ. താത്പര്യത്തോടെ വായിച്ചു എന്നറിയുന്നതില്‍ ഒത്തിരി സന്തോഷം!!

    ReplyDelete