Monday, September 24, 2012

അമ്മയല്ലാതൊരു ദൈവമുണ്ടോ..........



"അമ്മയല്ലാതൊരു ദൈവമുണ്ടോ,
അതിലും വലിയൊരു കോവിലുണ്ടോ"
പുറത്ത് വെയില്‍ കത്തിക്കാളുകയായിരുന്നു. കാറിനുള്ളിലെ ശിതീകരിച്ച അന്തരീക്ഷത്തില്‍, ഒരു സ്നേഹിതന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ടു, നേരം കുറേയേറെയായി!! റേഡിയോയില്‍ നിന്നും ഒഴുകിയെത്തിയ ഗാനത്തിന്റെ ഈരടികള്‍ പാതി മയക്കത്തിലായിരുന്ന മനസ്സിന്റെ പൂമുറ്റത്ത്, അമ്മയെക്കുറിച്ചുള്ള ഒരായിരം വര്‍ണ്ണക്കുടകള്‍ നിവര്‍ത്തി വച്ചു!!!

അമ്മ ഞങ്ങളെയൊക്കെ വിട്ടു കണ്‍മുമ്പില്‍നിന്നും മറഞ്ഞിട്ട്, ഒരു വ്യാഴവട്ടം കഴിഞ്ഞിരിക്കുന്നു! എങ്കിലും തറവാടിന്‍റെ മുമ്പിലെ വരാന്തയുടെ പടികളിലൊന്നില്‍, ഇപ്പോഴും എനിക്കായി കാത്തിരിക്കുന്ന മുഖമാണ് ഓര്‍മ്മകളില്‍ നിറയെ.

അമ്മയെപ്പറ്റി പറയുമ്പോഴല്ലേ എല്ലാവര്‍ക്കും നൂറു നൂറു നാവുകള്‍! വിശന്നു കരയുന്നതിനുമുന്പേ, വയറുനിറയുവോളം പാലൂട്ടുന്ന, പിച്ചവച്ചു നടക്കുമ്പോള്‍, വീഴുന്നതിന് മുന്‍പേതന്നെ, പിന്നില്‍നിന്നും സ്നേഹ കരങ്ങളാല്‍ താങ്ങുന്ന, വികൃതികള്‍ കാട്ടുമ്പോഴും, മറ്റുള്ളവരില്‍നിന്നും ശകാരമോ ശിക്ഷയോ ഏറ്റുവാങ്ങുവാന്‍ സമ്മതിക്കാതെ, പുറകില്‍ ഒളിപ്പിച്ചുപിടിക്കുന്ന, ചെറിയ ക്ലാസ്സുകളിലെ പാഠങ്ങളൊക്കെ എനിക്ക് മുന്‍പേതന്നെ പഠിച്ചു, എന്നെ എപ്പോഴും തയ്യാറാക്കി സ്കൂളിലേക്ക് അയച്ചിരുന്ന, എന്തിനേറെ, കോളേജ് പഠനത്തിനായി ദൂരെയുള്ള അമ്മയുടെ വീട്ടിലേക്കു പോകുന്നതിനു തലേ രാത്രിയില്‍, ആരും കാണാതെ, കുഞ്ഞു കുഞ്ഞു നാണയങ്ങളും നോട്ടുകളും ചേര്‍ത്തു വച്ച സമ്പാദ്യം മുഴുവനും, നിറഞ്ഞ മനസ്സോടെ എന്നെ ഏല്പ്പിക്കുന്ന ആ സ്നേഹനിധിയെ, ഞാന്‍ എങ്ങനെ ഓര്‍ക്കാതിരിക്കും!!! ഇത്രമാത്രം എന്നെ സ്നേഹിച്ചിരുന്ന വേറെയാരും തന്നെ, ഈ ലോകത്തില്‍ ഉണ്ടായിരുന്നില്ല എന്നുള്ള സത്യം മനസ്സിലാക്കാന്‍, ഞാനെന്തേ ഇത്ര വൈകിപ്പോയി???????

അമ്മയുടെ ബാല്യം സന്തോഷഭരിതമായിരുന്നു എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്.തലസ്ഥാന നഗരിയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന അമ്മ പഠിചിരുന്നതും അക്കാലത്തെ നല്ലൊരു  സ്കൂള്‍ ആയ മോഡല്‍ സ്കൂളില്‍ തന്നെയായിരുന്നു. കൂട്ടുകാരികളുമോത്തു, മ്യുസിയത്തിനകത്തുകൂടിയുള്ള എളുപ്പവഴിയേ നടന്നാണ് അമ്മ സ്കൂളില്‍ പോയിരുന്നത്. പഠിക്കാന്‍ സമര്‍ഥയായിരുന്ന അമ്മയെ, അദ്ധ്യാപികമാര്‍ക്കും ഇഷ്ടമായിരുന്നു! നര്‍മ്മബോധം വേണ്ടുവോളം ഉണ്ടായിരുന്ന അമ്മയുടെ ചെറിയ ചെറിയ വികൃതികളൊക്കെ, അതുകൊണ്ടുതന്നെ അവരൊക്കെ കണ്ടില്ലെന്നു നടിച്ചിരുന്നു. എങ്കിലും ഒരിക്കല്‍ മാത്രം അവര്‍ അമ്മയെ കൈയ്യോടെ പിടികൂടി!

അമ്മയ്ക്ക് ആള്‍ജിബ്ര വളരെ പ്രയാസമുള്ള ഒരു വിഷയമായിരുന്നു. ഒരു ദിവസം ആള്‍ജിബ്ര മിസ്സ്‌ വരുന്നതിനുമുമ്പ് അമ്മ ഒരു ചോക്ക് പീസെടുത്തു ബോര്‍ഡില്‍ ഇങ്ങനെ എഴുതി വച്ചു! "ALGEBRA IS A ZEBRA, WHICH IS LIKE A COBRA" ഒറ്റനോട്ടത്തില്‍ അര്‍ഥമില്ലാത്ത കുറെ വാക്കുകള്‍!എങ്കിലും അതിലെ പ്രാസം ഉള്ള പ്രയോഗം വായിച്ചു കുട്ടികളെല്ലാം ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! ഈ സമയത്തായിരുന്നു ആള്‍ജിബ്ര മിസ്സിന്റെ വരവ്! പോരേ പൂരം! എന്നാല്‍ അവിടെയും അമ്മ കഠിനശിക്ഷകളൊന്നുമില്ലാതെ രക്ഷപെട്ടു! നൂറു തവണ ബോര്‍ഡില്‍ എഴുതിവച്ചിരുന്ന വാക്യം തന്നെ അടുത്ത ദിവസം വരുമ്പോള്‍ എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു!! അത്ര തന്നെ!! പിന്നീട് തരം കിട്ടുമ്പോഴൊക്കെ അമ്മാവന്‍മാരോട് ചേര്‍ന്ന് ഞങ്ങളും ഈ വാചകം പറഞ്ഞു അമ്മയെ കളിയാക്കുമായിരുന്നു!!!!

വിവാഹം ഒക്കെ കഴിഞ്ഞു ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവുമൊത്ത്, പല സ്ഥലങ്ങളിലും അമ്മ താമസിച്ചിരുന്നു. തമിഴ്‌ സംസാരിക്കുന്ന കന്യാകുമാരി ജില്ലയില്‍ താമസിച്ചിരുന്ന കാലത്ത്, തമിഴ്‌ ഭാഷയും അമ്മ, സ്വായത്തമാക്കിയിരുന്നു! പില്‍ക്കാലത്തില്‍, തമിഴിലെ പ്രസിദ്ധമായ 'ആനന്ദവികടന്‍' മാസികയിലെ കുട്ടിക്കഥകളൊക്കെ ഞങ്ങള്‍ കുട്ടികളെ ചുറ്റുമിരുത്തി വായിച്ചു, മലയാളത്തിലാക്കി കേള്‍പ്പിക്കുമായിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു!!!

ആ നല്ല ദിനങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ഒടുവില്‍ അമ്മ കിടപ്പിലായി. പിന്നീട് അവധിക്കു പോകുമ്പോഴൊക്കെ അടുത്തിരുന്നു ഇഷ്ടമുളള പാട്ടുകള്‍ കേള്‍പ്പിച്ചുമൊക്കെ അമ്മയ്ക്ക് പരമാവധി സന്തോഷം കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു! എങ്കിലും അവസാനമായി ആ മിഴികളടയുന്ന സമയത്ത് എനിക്ക് ആ അരികിലുണ്ടാവാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് ഇന്നും ഒരു തീരാ ദുഃഖമായി അവശേഷിക്കുന്നു!! അബോധാവസ്ഥയില്‍ ആയിരുന്നിട്ടുകൂടി ഇടയ്ക്കെപ്പോഴോ ബോധം തെളിയുമ്പോഴൊക്കെ അമ്മയുടെ ചുണ്ടുകള്‍ "എന്റെ മോന്‍ വന്നോ?" എന്ന വാക്കുകള്‍ അസ്പഷ്ടമായി ഉരുവിടുന്നുണ്ടായിരുന്നത്രെ!!

ഗാനം എപ്പോഴേ നിലച്ചിരുന്നു! നിരനിരയായുള്ള പരസ്യങ്ങളുടെ വരവ് തുടങ്ങിക്കഴിഞ്ഞിരുന്നു! കണ്ണുകളില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളികള്‍ ഒരുനിമിഷം കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് കവിളുകളെ ഈറനാക്കാന്‍ തുടങ്ങിയിരുന്നു!! ! തപ്പിത്തടയുന്ന വിരലുകള്‍ യാന്ത്രീകമായി റേഡിയോയുടെ ഓഫ്‌ ബട്ടണിലേക്ക് നീങ്ങുമ്പോഴും, മനസ്സിന്റെ ഉള്ളറകളിലെവിടെയോ ഒരു വിങ്ങലുണര്‍ത്തി  ആ നേര്‍ത്ത ശബ്ദം അലയടിച്ചുകൊണ്ടിരുന്നു..... "എന്റെ മോന്‍ വന്നോ???"

19 comments:

  1. നല്ല ഒഴുക്കുള്ള അവതരണം.... ആശംസകള്‍ ...

    ReplyDelete
    Replies
    1. നല്ല വാക്കുകളുമായി ആദ്യമായെത്തിയ പ്രിയ സുഹൃത്തെ,ആശംസകള്‍ക്ക് നന്ദി പറഞ്ഞോട്ടെ!!!

      Delete
  2. സങ്കടമായി കേട്ടോ വായിച്ചു തീര്‍ന്നപ്പോഴേക്കും...ഞാനും കരഞ്ഞു. അമ്മയുടെ ആത്മ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. ഇതുവഴി കടന്നുവന്നു എന്റെ സങ്കടത്തില്‍ പങ്കു ചേരാനോടിയെത്തിയ പ്രിയപ്പെട്ട അനുജത്തീ,അമ്മയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആ നന്മ നിറഞ്ഞ മനസ്സിന്, ഒരായിരം നന്ദി!!!!

      Delete
  3. നല്ല ഓര്‍മ്മകള്‍ മോഹനേട്ടാ.....
    സങ്കടായി.
    "അമ്മ " ഏറ്റവും വിശുദ്ധമായ വാക്ക്.
    എന്നോ നഷ്ടമായ പുണ്യം എനിക്ക്.

    ReplyDelete
    Replies
    1. എന്നോ നഷ്ടമായതിനെ ഓര്‍മ്മപ്പെടുത്തി ഉമയെ ഞാന്‍ സങ്കടപ്പെടുത്തിയോ??
      ക്ഷമിക്കണേ, ഇപ്പോഴൊക്കെ അമ്മയെപ്പറ്റി ഓര്‍ക്കുമ്പോഴേക്കും കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകുന്നു!!!!

      Delete
  4. അമ്മയുടെ മോന്‍... ഓര്‍മ്മകള്‍ നന്നായി എഴുതി...ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ രഘുനാഥന്‍റെ ഈ വാക്കുകള്‍ വായിച്ചു അമ്മയ്ക്ക് ഒത്തിരി സന്തോഷമായിക്കാണും!!കൂടെ ഈ മോനും!!!നന്ദി സുഹൃത്തേ...

      Delete
  5. അമ്മക്ക് പകരം വെക്കാന്‍ എന്തുണ്ട് ഭൂമിയില്‍

    ReplyDelete
    Replies
    1. അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളു മാഷേ!! വരവിനും,വായനയ്ക്കും, അഭിപ്രായം പങ്കു വയ്ക്കാന്‍ കാണിച്ച സന്മനസ്സിനും നന്ദി!!!

      Delete
  6. really touching,മോഹനേട്ടാ,its true that life's greatest gifts are recognized when they are lost!

    ReplyDelete
    Replies
    1. Thank you so much for your nice words Deeputtan!!
      Also I feel that,Mothers are the greatest gifts we receive, on our arrival on this Earth!!!

      Delete
  7. ഹൃദയത്തില്‍ ചെറിയ നീറ്റല്‍ ഉണ്ടാക്കിയ പോസ്റ്റ്‌..വളരെ നന്നായിരിക്കുന്നു.

    ReplyDelete
  8. ഹാസ്യം വഴിഞ്ഞൊഴുകുന്ന ആ മനസ്സിനുള്ളില്‍ ചെറുതെങ്കിലും,ഒരു നീറ്റല്‍ ഉളവാക്കാന്‍ കഴിഞ്ഞതില്‍,ഞാന്‍ സന്തുഷ്ടനാണ് സുഹൃത്തെ...
    സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി!!!

    ReplyDelete
  9. അമ്മയെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നും മനസ്സില്‍ നില നില്‍ക്കട്ടെ, മാഷേ.

    ReplyDelete
    Replies
    1. ആശംസകൾക്കു നന്ദി പറഞ്ഞോട്ടെ ശ്രീ! വന്നുനോക്കിയതിലും അഭിപ്രായം
      പങ്കുവച്ചതിലും സന്തോഷം!!!





      Delete
  10. ബ്ലോഗ്‌ നന്നായി. ''ഏതു തെറ്റിനും മാപ്പ് കൊടുക്കുന്ന ഒരു കോടതി ഉണ്ട്. അതാണ്‌ മാതൃഹൃദയം.'' - പി. കേശവ ദേവ് (ഓടയില്‍ നിന്ന്)

    http://drpmalankot0.blogspot.com/2012/12/blog-post_25.html

    ReplyDelete
  11. പ്രിയമുള്ള ഡോക്ടര്‍,
    പഴയ പോസ്റ്റുകള്‍ തിരഞ്ഞു കണ്ടെത്തി വായിക്കാനുള്ള താങ്കളുടെ താല്‍പ്പര്യം എന്നെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും!!
    അമ്മയെക്കുറിച്ച്ചുള്ള പോസ്റ്റ്‌ നന്നായി എന്ന് പറഞ്ഞതിന് നന്ദി.
    ഇനി പറയട്ടെ, എന്റെ ഈ ബ്ലോഗെഴുത്ത് തുടങ്ങാനുള്ള ഒരു പ്രധാന കാരണം തന്നെ ഞാന്‍ ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന എന്റെ ആ നല്ല അമ്മയെക്കുറിച്ച് ആരോടെങ്കിലുമൊക്കെ പറയണം എന്നുള്ള എന്‍റെ ഒരു ഒടുങ്ങാത്ത ആഗ്രഹമായിരുന്നു!!!

    തിരിഞ്ഞു നോക്കുമ്പോള്‍, എഴുതാനുള്ള ഒരു ചെറിയ കഴിവ് ദൈവം തന്നിട്ടുള്ളതുകൊണ്ട് , അമ്മയ്ക്ക് വേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നുള്ള വിചാരത്തില്‍,, മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു!!

    സ്നേഹത്തോടെ,

    ReplyDelete

  12. Thanks. Pls go thru:

    http://drpmalankot0.blogspot.com/2012/12/blog-post_25.html

    (Translation by me myself from the original)

    ReplyDelete