Saturday, November 17, 2012

ഒരു അമ്മമനസ്സിന്‍റെ വിങ്ങലുകള്‍!!!!അടുക്കളയിലെ പണികള്‍ ഏതാണ്ട് ഒന്ന് തീര്‍ന്നുകഴിഞ്ഞപ്പോഴാണ് മോനെ ഒന്ന് പോയി നോക്കണം എന്ന തോന്നല്‍ എന്നില്‍ ശക്തമായത്. ഞാന്‍ വേഗം ബെഡ്റൂമിന്‍റെ വാതില്‍ തുറന്നു അവനെ നോക്കി. 
അവന്‍ സുഖമായ ഉറക്കം തന്നെയാണ്. നീങ്ങികിടന്ന പുതപ്പ് ഒന്നുകൂടി വലിച്ചു അവനെ പുതപ്പിച്ചു ഞാന്‍ അവന്‍റെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ട് അവന്‍റെ അരികിലായി ഇരുന്നു. പാവം അവന്‍ അറിയുന്നില്ല ഇന്നത്തെ ദിവസം അവന്‍റെ ജീവിതത്തിലെ ഏത്രയോ പ്രാധാന്യമുള്ള ഒന്നാണെന്ന്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു വലിയ സപര്യയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ന് മുതലാണ് അവന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങുന്നത്. എന്‍റെ മനസ്സിന്‍റെ ഒരു പകുതി, സന്തോഷിക്കയായിരുന്നെങ്കിലും, മറ്റേ പകുതി ഉള്ളില്‍ കരയുകയായിരുന്നു. പാവം എന്‍റെ കുഞ്ഞു അറിയുന്നില്ലല്ലോ എത്ര വലിയ ഒരു ഭാരമാണ് അവന്‍റെ കുഞ്ഞു തോളുകളില്‍ ഇന്നു മുതല്‍ അവന്‍ ചുമക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നതെന്ന്!!

ഏട്ടനെ രാവിലെ ഓഫീസിലേക്ക് യാത്രയയക്കാന്‍ എന്നും ഞാനും മോനും കൂടിയാണ് വാതില്‍വരെ ചെല്ലുന്നത്. അഛനു ടാറ്റാ പറഞ്ഞു കഴിഞ്ഞാല്‍പിന്നെ ആ ലോകത്തില്‍ ഞങ്ങള്‍ രണ്ടാളും മാത്രമേ ഉള്ളൂ. ഞാനും എന്റെ ഉണ്ണിക്കുട്ടനും മാത്രം!! അവന്‍റെ കളിയും ചിരിയും കൊഞ്ചലും ചിണുങ്ങലുമൊക്കെയുള്ള ആ ലോകത്തില്‍ ഞങ്ങള്‍ രണ്ടാളും ഒരുപാട് സന്തോഷിച്ചിരുന്നു. അവന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും അവനു എന്നെ വേണം!  അവനോടൊപ്പം കളികളിലേര്‍പ്പെടുന്നതും, അവനെ കുളിപ്പിക്കുന്നതും, അവനു ചോറുവാരിക്കൊടുത്തു അവനെ ഊട്ടുന്നതും, അവനു ഉറക്കം വരുന്നു എന്ന് തോന്നുമ്പോള്‍  അവനെ താരാട്ട് പാടി ഉറക്കുന്നതുമൊക്കെയായി എന്‍റെ സമയം പോകുന്നത് ഞാന്‍പോലും അറിയുന്നുണ്ടാവില്ല. അവനോടൊപ്പം ചിലവഴിക്കുന്ന ആ ഓരോ നിമിഷങ്ങളും എനിക്ക് എത്ര മാത്രം സന്തോഷം തരുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ഒടുവില്‍ വൈകിട്ട് എട്ടനെത്തുമ്പോഴാണു, അവന്‍ എന്‍റെ കൈയ്യില്‍നിന്ന് അല്‍പ്പ നേരത്തേക്കെങ്കിലും വിട്ടു നില്‍ക്കുന്നത്!! അത് വരെയുള്ള ആ സമയത്തിനുള്ളില്‍ വേറെ ആരുംതന്നെ ആ ലോകത്തേക്ക് കടന്നു വരുന്നത് പോലും ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവന്‍റെ കളിയും ചിരിയുമൊക്കെ എന്നോട് മാത്രമേ ആകാവൂ. ഒരു പക്ഷെ അവന്‍റെ കാര്യത്തില്‍ ഞാന്‍ അത്രമാത്രം സ്വാര്‍ത്ഥയായിരുന്നിരിക്കും!! എന്തോ ആ സ്വാര്‍ത്ഥതയാണ് എന്നിലെ മാതൃത്വത്തിന്‍റെ സന്തോഷം എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു!!

എന്നാല്‍ ഇന്നു മുതല്‍ ഈ രീതികള്‍ക്കൊക്കെ ഒരു മാറ്റം വരാന്‍ പോവുകയാണെന്നോര്‍ത്തപ്പോള്‍ എന്‍റെ കണ്ണുകള്‍ വീണ്ടും നിറയാന്‍ തുടങ്ങി.  അവന്‍റെ തലമുടിക്കുള്ളിലൂടെ എന്റെ വിരലുകള്‍
മൃദുവായി ഇഴഞ്ഞു നടന്നു.

"നീ അവനെ ഇതുവരെ ഉണര്‍ത്തിയില്ലേ?"

ബാത്ത് റൂമില്‍നിന്നും ഇറങ്ങി വന്ന ഏട്ടന്‍റെ ചോദ്യം എന്നെ കര്‍മമനിരതയാക്കി. ഞാന്‍ കുനിഞ്ഞു അവന്‍റെ ചെവിയില്‍ മന്ത്രിച്ചു.

"മോനേ, കുട്ടാ, എണീക്കടാ"

അവന് ‍ഒന്ന് അനങ്ങിയതിനുശേഷം വീണ്ടും ഉറങ്ങാനുള്ള പുറപ്പാടാണ്.

"മോനേ, എണീക്കെടാ കുട്ടാ"

ഞാന്‍ വീണ്ടും അവനെ വിളിച്ചു. ഇത്തവണ അവന്‍ കണ്ണുകള്‍ മെല്ലെ തുറന്നു എന്നെ നോക്കി. അവന്‍റെ കുഞ്ഞു മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാന്‍ കണ്ടു അവന്‍റെ കുഞ്ഞിക്കൈകള്‍ മുകളിലേക്കുയര്‍ത്തി 
എന്‍റെ കഴുത്തിലൂടെ കോര്‍ത്തുപിടിച്ചു എന്‍റെ മുഖം അവന്‍റെ മുഖത്തോട് അടുപ്പിച്ചു. അവന്‍റെ കുഞ്ഞു മുഖം മുഴുവനും ഞാന്‍  മ്മകളാല്‍ ‍മൂടി. കഴുത്തിനടിയില്‍ ഉമ്മ വയ്ക്കുമ്പോള്‍, എപ്പോഴത്തെയും പോലെ അവന്‍ ശബ്ദമുണ്ടാക്കി ചിരിക്കാന്‍ തുടങ്ങി. അവന്‍റെ ആ ചിരിക്കുന്ന മുഖത്തേക്ക് നോക്കുമ്പോള്‍, ദൈവമേ, ഈ കുരുന്നിനെയാണല്ലോ ഇനി ഞാന്‍ മണിക്കൂറുകളോളം  വിട്ടു നിക്കാന്‍ പോകുന്നത് എന്ന് ഓര്‍ത്തപ്പോഴേക്കും വീണ്ടും എന്‍റെ മനസ്സ് വിങ്ങാന്‍ തുടങ്ങി
.
ഞാന്‍ അവനെ വാരി എടുത്തുകൊണ്ട് ബാത്ത് റൂമിലേക്ക്‌ നടന്നു. ബാത്ത് റൂമില്‍നിന്നും തിരികെ ഇറങ്ങുമ്പോള്‍ അവനു തന്നെ തോന്നിക്കാണും ‘ഈ അമ്മയ്ക്കിതെന്താ ഇന്ന് പററിയെ’ എന്ന്.‘ഇത്ര നേരത്തെ എന്നെ എന്തിനാ വിളിച്ചെഴുന്നെല്‍പ്പിച്ചത്?അവനെ ഞാന്‍ മടിയിലിരുത്തി, രാവിലത്തെ 
ഭക്ഷണം ധൃതിയില്‍ കഴിപ്പിക്കാന്‍ തുടങ്ങി. എന്നത്തെക്കാള്‍ 
നേരത്തെ ആയതിനാലായിരിക്കും, അവന്‍ കാര്യമായൊന്നും കഴിക്കുന്നുണ്ടായിരുന്നില്ലെന്നു ഞാന്‍ കണ്ടു. പാവം, ഇനി അവനു എപ്പോഴാണ് വയര്‍ നിറയെ അവന്‍റെ ഇഷ്ടാഹാരങ്ങള്‍ കിട്ടുക?

പുതിയ ഡ്രസ്സുകള്‍ ധരിപ്പിക്കുമ്പോഴും, വെളിയിലെവിടെയോ പോകുന്നു എന്നല്ലാതെ സ്കൂളിന്‍റെ വിലക്കുകളുടെ ലോകത്തേക്കാണ് ഈ യാത്രയുടെ ലക്ഷ്യം എന്ന് അവന്‍ അറിയുന്നില്ലല്ലോ!! സ്കൂളിന്‍റെ കാര്യം പറയുന്നത് അവനു ഒരിക്കല്‍പോലും  ഷ്ടമായിരുന്നില്ലല്ലോ!!  ഇന്നു മുതല്‍ അവന്‍റെ മുന്‍പില്‍ ‍വിലക്കുകളുടെ ഒരു പുതിയ ലോകം തുറക്കുന്നു. ഒരു കുന്നോളം ‘നോ’കളുടെ ലോകം!! എന്തിനും ഏതിനും അവിടെ   വിലക്കായിരിക്കും. അവനു ഇഷ്ടമുള്ള ഇടത്തേക്ക് പോകാനോ, ഇഷ്ടമുള്ള കളികളില്‍ ഏര്‍പ്പെടാനോ ഉള്ള സ്വാതന്ത്ര്യം അവനില്ല. കൈകളും  കാലുകളുമൊക്കെ അവര്‍ പറയുന്നതുപോലെ മാത്രമേ അവനു ചലിപ്പിക്കാനാവൂ. അവര്‍ പറയുന്ന ഇടത്തില്‍ മാത്രമേ ഇരിക്കാവൂ, അവര്‍ പറയുമ്പോള്‍ ‍മാത്രമേ അവിടെനിന്നും ചലിക്കാവൂ. അവര്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടില്ലെങ്കില്‍, അവര്‍ അവനെ ഉച്ചത്തില്‍  ശാസിച്ചെന്നിരിക്കും! അവന്‍ കരഞ്ഞാല്‍ പോലും  ആ കരച്ചില്‍ കേള്‍ക്കാന്‍ അവര്‍ക്ക് സമയമുണ്ടാവില്ല! ആ സമയങ്ങളിലൊക്കെ അവന്‍റെ കുഞ്ഞിക്കണ്ണുകള്‍ എന്നെ അവിടെയൊക്കെ തേടുന്നുണ്ടാവും!! അവന്‍ തനിയെ ഒരിടത്തിരുന്ന് വിങ്ങിവിങ്ങി കരയുന്ന കാഴ്ച, എന്‍റെ കണ്ണുകളെ വീണ്ടും ഈറനാക്കുന്നു!!

അമ്മയെക്കൂടാതെയുള്ള ആ പകലുകളുടെ സിംഹഭാഗവും ഇന്ന് മുതല്‍ അവന്‍ ആ ‘നോ’ കളുടെ ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു!!! ആകെ മൊത്തം അവന്‍റെ സ്വതന്ത്ര ലോകത്തിന്‍റ പരിധി ഇനിമുതല്‍ വീട്ടിലുള്ള സമയത്തേക്ക് മാത്രമായി ചുരുങ്ങുന്നു. ഇന്ന് മുതല്‍ തിരികെ വീട്ടിലെത്തുമ്പോള്‍ അവനു എന്നോട് പറയാന്‍ നൂറു നൂറു പരാതികളും പരിഭവങ്ങളും ഉണ്ടായിരിക്കും!! “അമ്മെ ആ കുട്ടി എന്നെ അടിച്ചു, അമ്മെ ആ മിസ്സ്‌ ഇന്ന് എന്നെ  വഴക്ക് പറഞ്ഞു, അമ്മ എന്തേ എന്‍റെ അടുത്തു വരാതെയിരുന്നത്? ഞാന്‍ അമ്മയെ
കാണാന്‍ എത്ര  നേരംകൊണ്ട് നോക്കിയിരിക്കുന്നു?" എന്നൊക്കെ നിറകണ്ണുകളോടെ വിതുമ്പുന്ന സ്വരത്തില്‍ ഇനി അവന്‍ എന്നോട് പറയുവാന്‍ തുടങ്ങും!!അപ്പോഴൊക്കെ അവനെ അണച്ചുപിടിച്ചു ആശ്വസിപ്പിച്ചുകൊണ്ട്‌ ഉമ്മകളാല്‍ അവനെ പൊതിയുമ്പോള്‍, എനിക്കും കരച്ചില്‍ വരും!! ഇന്നുവരെ ഒരു നോട്ടം കൊണ്ട് പോലും അവനെ   വേദനിപ്പിച്ചിട്ടില്ലാത്ത എനിക്ക് അതൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സ്  വീണ്ടും  സങ്കട കടലായി മാറുന്നു!!! 

ഞാന്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്?ഒരു പക്ഷെ
ഇതൊക്കെ  അവനോടുള്ള എന്‍റെ അമിതവാത്സല്യത്തിന്‍റെ ഫലമായുള്ള, മനസ്സിന്‍റെ ഒരു കോംപ്ലെക്സ്  ആയിരിക്കുമോ?? അവന്‍റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്ന എന്നിലെ മറ്റേ പകുതിയെ തന്നെയല്ലേ എല്ലാവരെയുംപോലെ 
ഞാനുംപ്രോത്സാഹിപ്പിക്കേണ്ടത്?എങ്കിലും അവിടെയെവിടെയോ,എന്നെപ്പോലെ 
ചിന്തിക്കുന്ന അമ്മമാര്‍ ഈ ലോകത്തില്‍  വേറെയും  ഉണ്ടായിരിക്കില്ലേ?? ഉണ്ടായിരിക്കും എന്നു തന്നെ വിശ്വസിച്ച് ഞാന്‍  എന്‍റെ വിങ്ങുന്ന മനസ്സിനെ ഒന്ന് ആശ്വസിപ്പിച്ചോട്ടെ!!

നിറഞ്ഞുവരുന്ന നീര്‍ത്തുള്ളികള്‍ മനസ്സിന്‍റെ തേങ്ങലുകള്‍ക്ക് മറയിടാനെന്നോണം  കാഴ്ച്ചയെ മൂടികൊണ്ടിരുന്നു!!
അവനു മുഖം കൊടുക്കാതെ ഞാന്‍ സാവധാനം കുനിഞ്ഞു, അവന്‍റെ കുഞ്ഞു 
പാദങ്ങളില്‍ പുതിയ  ഷൂസുകള്‍ അണിയിക്കാന്‍ തുടങ്ങി.......16 comments:

 1. അമ്മ മനസ്സ്‌!!......! വളരെ നന്നായി ചിത്രീകരിച്ചു.

  പക്ഷേ, സ്നേഹം സ്വാര്‍ത്ഥതയിലേക്ക് ചായുകയാണോ?

  ഇപ്പഴത്തെ വിദ്യാഭ്യാസം ശരിക്കും "നോ"കളുടെ ഒരു കൂട്ടം തന്നെ. ഇംഗ്ലീഷ് മീഡിയത്തിന്‍റെ പിറകെ പോകുന്നതുകൊണ്ടാണ്, മലയാളം മീഡിയത്തില്‍ അത്ര "നോ"കള്‍ കാണാന്‍ സാധ്യതയില്ല. വാസ്തവത്തില്‍ നമ്മള്‍ നമ്മുടെ കുട്ടികളെ സ്നേഹിക്കുന്നുണ്ടോ? യഥാര്‍ത്ഥ സ്നേഹം നമ്മള്‍ എവിടെയാണ് കാണിക്കേണ്ടത്?

  ReplyDelete
 2. അമ്മയ്ക്ക് മാത്രമല്ല മാഷേ, ഒരു അച്ഛനായ എനിക്കും, മകന്‍
  ഒറ്റയ്ക്ക്സ്ളിലായാലും വേറെ എവിടെയായാലും
  അവനെ പിരിഞ്ഞു
  ഇരിക്കേണ്ടിവന്നിട്ടുള്ളപ്പോഴൊക്കെ ഈ ദുഃഖം ഞാനും അനുഭവിച്ചിട്ടുണ്ട്!!ഒരു പക്ഷെ മാഷ്‌
  പറഞ്ഞതുപോലെ സ്വാര്‍ത്ഥതകൊണ്ടായിരിക്കാം!!
  വരവിനും അഭിപ്രായത്തിനും നന്ദി!!!

  ReplyDelete
 3. ഞാന്‍ ഒരാളുടെ മാത്രം സ്വാര്‍ത്ഥതയെക്കുറിച്ച് പറഞ്ഞതല്ല കേട്ടോ, ഞാനടക്കമുള്ള ഈ സമൂഹത്തിന്‍റെ.
  "എത്ര വലിയ ഒരു ഭാരമാണ് അവന്‍റെ കുഞ്ഞു തോളുകളില്‍ ഇന്നു മുതല്‍ അവന്‍ ചുമക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നതെന്ന്!!"
  താങ്കളുടെ ഈ വരികള്‍ എന്നെ ചിന്തിപ്പിക്കുന്നു. നമ്മുടെ അച്ഛനും അമ്മയും നമ്മള്‍ക്ക് തരാത്തത്ര ഭാരം നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക്‌ കൊടുക്കുന്നില്ലേ, അതിനും കാരണം സ്നേഹം തന്നെ.
  താങ്കളുടെ കുഞ്ഞിനോടുള്ള സ്നേഹം ശരിക്കും ഫീല്‍ ചെയ്യുന്നുണ്ട്.
  അഭിനന്ദനങ്ങള്‍ ..........വീണ്ടും വന്നതില്‍ ക്ഷമിക്കുമല്ലോ!

  ReplyDelete
 4. മാഷേ,വീണ്ടും കടന്നുവന്നു വ്യക്തതയോടെ ചിന്തകളെ ഇവിടെ ഒരിക്കല്‍ കൂടി പകര്‍ത്തുവാന്‍ കാണിച്ച സന്മനസ്സിനു നന്ദി.
  ഒരു കാര്യം കൂടി പറഞ്ഞോട്ടെ, മാഷിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥതയും ആര്‍ജവവും മാഷിനോടുള്ള എന്റെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നു!!ഒപ്പം അവ‍ എന്നിലെ എളിയ എഴുത്തുകാരന് നല്‍കുന്ന പ്രചോദനവും പ്രോത്സാഹനവും വിലമതിക്കാനാവാത്തതും!!!
  സ്നേഹത്തോടെ,

  ReplyDelete
 5. അനിവാര്യമായ സങ്കടങ്ങള്‍

  ReplyDelete
 6. തീര്‍ച്ചയായും മാതാപിതാക്കളുടെ ജീവിതത്തിലെ
  അനിവാര്യമായ സങ്കടങ്ങളില്‍ ഒന്ന് തന്നെയല്ലേ ഇതും?
  വരവിനും അഭിപ്രായത്തിനും നന്ദി!!

  ReplyDelete
 7. പ്രിയ ഏട്ടാ,
  എല്ലാ അമ്മമാരുടേയും ( പ്രത്യേകിച്ച് പുറം നാടുകളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന) വേവലാതി തന്നെ ഇത്.ഏട്ടന്‍ ഭംഗിയായി അവതരിപ്പിച്ചു.
  സ്നേഹത്തോടെ
  അശ്വതി

  ReplyDelete
 8. പ്രിയ അശ്വതി,
  നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി!!
  നിങ്ങളെപ്പോലെ ഉള്ളവരുടെ ഈ പ്രോത്സാഹനമാണ് വീണ്ടും എഴുതാനുള്ള പ്രചോദനം!!
  അപ്പുവും അമ്മുവും എന്തിയേ? അന്വേഷിച്ചതായി പറയണേ...
  സ്നേഹത്തോടെ,

  ReplyDelete
  Replies
  1. അപ്പുവും അമ്മുവും സുഖമായിരിക്കുന്നു ഏട്ടാ.

   Delete
 9. കുട്ടിയുടെ വിഹ്വലതകളാണ് സാധാരണ വായിക്കാറുള്ളത്.ഇത് അമ്മ.ആ അമ്മയോട് പറയണം,അവനെ മാറോടടുക്കിപ്പിടിച്ചു നശിപ്പിക്കരുതെന്ന്.ഈ വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു.

  ReplyDelete
 10. സന്ദര്‍ശനത്തിനും അഭിപ്രായം എഴുതാന്‍ കാണിച്ച സന്മനസ്സിനും നന്ദി മാഷേ!
  ചില അമ്മമാരിലെങ്കിലും ഈ over possesiveness നാം കാണാറില്ലേ മാഷേ???

  ReplyDelete
 11. അമ്മ മനസ്സിന്റെ വിങ്ങലുകള്‍ വളരെ സ്വാഭാവികം. നല്ല അവതരണം.
  നന്നേ ചെറുപ്പത്തില്‍, ഒരു ദിവസം സ്കൂളില്‍ പോകുന്നത്നു മുമ്പ്, പതിവില്ലാത്ത വിധം വികൃതി കാണിച്ചപ്പോള്‍, എന്റെ അമ്മ എന്നെ ശാസിച്ചു. ക്ലാസ്സ്‌ തുടങ്ങി അധികനേരം ആയില്ല -വീട്ടില്‍ നിന്നും ആള്‍ വന്നു, കൂടെ ചെല്ലാന്‍ അമ്മ പറഞ്ഞതായി ടീച്ചറോട് പറഞ്ഞു! വീട്ടിലെത്തിയ ഉടന്‍ അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു വിങ്ങിപ്പൊട്ടുന്നു! ഒരു മിട്ടായിയും തന്നു - കാലത്ത് വഴക്ക് പറഞ്ഞതിന് ''വയറു കത്തി'' യതിന്റെ ഫലം!

  ReplyDelete
 12. എന്റെ മോള്‍ കെ ജിയില്‍ പഠിച്ചിരുന്ന കാലത്ത് ഞാനെന്നും വിചാരിക്കാറുണ്ടായിരുന്നു 'ഇന്ന് ഹോളി ഡേ ആയിരുന്നെങ്കില്‍' എന്ന് !!
  ഹൃദ്യമായ ആവിഷ്കരണം.

  ReplyDelete
  Replies
  1. ശരിയാണ് പറഞ്ഞത്! മോന് ലീവ് കിട്ടുമ്പോള്‍ അവനേക്കാള്‍ സന്തോഷം ഞങ്ങള്‍ക്കായിരുന്നു അന്നൊക്കെ!
   ഇവിടെ വന്നു നോക്കിയതിലും അഭിപ്രായം പങ്കു വച്ചതിലും ഒരുപാട് നന്ദി!
   കുഞ്ഞുങ്ങളുടെ കാര്യം പറയുമ്പോള്‍ മനസ്സിലാകെ സന്തോഷം നിറയുന്നു!!
   ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ഇനിയും വരണേ..

   Delete
 13. പ്രിയ ഡോക്ടര്‍,

  അമ്മമാരുടെ മനസ്സ് അങ്ങനെയാണ്, ആ സ്നേഹമയിയായ അമ്മയെപ്പറ്റി ഇവിടെ
  എഴുതിയത് വായിച്ചപ്പോള്‍ കണ്ണുകളില്‍ ഒരു നനവ് അനുഭവപ്പെട്ടോ??
  മകന്‍ ആദ്യമായി സ്കൂളില്‍ പോയ ദിവസം ആ കുഞ്ഞിനെ അവനു തീര്‍ത്തും അപരിചിതമായ സാഹചര്യത്തില്‍ തനിയെ വിട്ടു വന്നപ്പോഴുണ്ടായ മാനസീക സംഘര്‍ഷത്തിന്റെ ഒരു നേര്‍ ചിത്രം ഇവിടെ പകര്‍ത്താന്‍ ശ്രമിച്ചു എന്നേയുള്ളൂ...
  വന്നതിനും, വായിച്ചു നല്ല വാക്കുകള്‍ രേഖപ്പെടുത്തിയതിനും,ബ്ലോഗില്‍ അംഗമായതിനും നന്ദി പറഞ്ഞോട്ടെ.
  ഡോക്ടറുടെ മലയാളം ബ്ലോഗില്‍ ഫോളോവര്‍ വിഡ്ജെറ്റ് ചേര്‍ക്കാത്തതെന്തേ?
  പിന്നെ ഒരു കാര്യം കൂടി, മുകളില്‍ വിവരിച്ച സംഭവം ഒരു കുഞ്ഞു പോസ്റ്റ്‌ ആക്കി ബ്ലോഗില്‍ ഇട്ടിരുന്നെങ്കില്‍, ആ നല്ല അമ്മമനസ്സിന്റെ വിങ്ങലുകള്‍ ഒരുപാട് വായനക്കാര്‍ക്ക് ഹൃദ്യമായ ഒന്നായി അനുഭവപ്പെടുമായിരുന്നു!!!
  കുറിപ്പ് നീണ്ടു പോയി, നിര്‍ത്തട്ടെ!!

  ReplyDelete
 14. സുഹൃത്തേ, എന്റെ കമെന്റ്സിനുള്ള മറുപടി വായിച്ചു. ഫോളോ വിട്ജെട്സ് വഴിയെ ചേര്‍ക്കുന്നുണ്ട്. താങ്കളുടെ സജെഷന്‍ ഇഷ്ടമായി. ഒരുപാട് എഴുതി വെച്ചിട്ടുണ്ട്. അതൊക്കെ സമയം കിട്ടുന്നതിനു അനുസരിച്ച് ബ്ലോഗ്സ് ആയി ഇടുന്നുണ്ട്. നന്ദി.

  ReplyDelete