Wednesday, December 5, 2012

ക്ഷണഭംഗുരമീ ജീവിതം.................





ഞാന്‍ ചെന്നൈയില്‍ താമസിച്ചിരുന്ന കാലം! ചെറുകിട തൊഴില്‍സ്ഥാപനങ്ങള്‍   നടത്തിക്കൊണ്ടിരുന്ന ഒരുപിടി ആളുകള്‍, അന്ന് എനിക്കവിടെ സുഹൃത്തുക്കളായി  ഉണ്ടായിരുന്നു.
ചെയ്തുകൊണ്ടിരുന്ന ജോലിയുടെ ഭാഗമായി, എനിക്ക്
പലപ്പോഴും ഇവരുടെയൊക്കെ സ്ഥാപനങ്ങള്‍ 
സന്ദര്‍ശിക്കേണ്ട  ആവശ്യവും അടിക്കടി ഉണ്ടാകുമായിരുന്നു.


ഈ സ്നേഹിതരുടെ ഗണത്തില്‍, തികച്ചും വ്യത്യസ്ഥത പുലര്‍ത്തിയിരുന്ന ഒരാളുണ്ടായിരുന്നു!! ഞങ്ങളൊക്കെ സ്നേഹപൂര്‍വ്വം ചന്ദ്രേട്ടന്‍ എന്ന് വിളിച്ചിരുന്ന അദ്ദേഹം, ശുഭാക്തി വിശ്വാസത്തിന്‍റെ അവസാന വാക്കായിരുന്നു എന്ന് തന്നെ പറയാം..


എന്‍റെ അഭിപ്രായത്തില്‍ മനുഷ്യരെ, അവരുടെ ഉള്ളിലെ 
എനര്‍ജി ലെവലിന്‍റെ അടിസ്ഥാനത്തില്‍, മൂന്നായി തരം തിരിക്കാം എന്ന് തോന്നുന്നു. ഒന്നാമത്, എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുകയും, ആ രീതിയിലുള്ള ഊര്‍ജം പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടര്‍. രണ്ടാമത്, ഇതിനു  നേരെ വിപരീതമായി, എപ്പോഴും തടസ്സങ്ങളെപ്പറ്റി 
ചിന്തിക്കുകയും, ആ രീതിയില്‍ പ്രതികരിച്ച് നെഗറ്റീവ് ഊര്‍ജം പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. ഇനി മൂന്നാമത്, ന്യുട്രല്‍ എനര്‍ജിയുമായി  ജീവിക്കുന്ന മറ്റൊരു കൂട്ടര്‍!  ഇവരാകട്ടെ, ഒന്നിനോടും അമിത പ്രതിപത്തിയൊന്നുമില്ലാതെ, വരുന്നിടത്തുവച്ച് കാണാം, എന്ന രീതിയില്‍, ജീവിതം കഴിച്ചു കൂട്ടുന്നു!! ഇതില്‍ ആദ്യം പറഞ്ഞ കൂട്ടത്തിലായിരുന്നു, എന്‍റെ സുഹൃത്തായ ചന്ദ്രേട്ടന്‍!


ചന്ദ്രേട്ടന്‍റെ ഒരു പ്രത്യേകത ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്, അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒടുങ്ങാത്ത ആത്മവിശ്വാസമാണ്! അദ്ദേഹത്തിന്റെ അടുത്തെത്തി  ഒരു അഞ്ചു മിനിട്ട് സംസാരിക്കുന്നതിനകം തന്നെ, അദ്ദേഹത്തില്‍നിന്നും ഒരു ഊര്‍ജപ്രവാഹം നമ്മളിലേക്കു പകരുന്നതായി നമുക്ക്  അനുഭവപ്പെടും!.  അതുവരെ ഒരു പക്ഷെ വിവിധ സമ്മര്‍ദ്ദങ്ങളാല്‍ നമ്മുടെ മനസ്സ്  പ്രക്ഷുബ്ദ്രമായിരുന്നാല്‍പോലും,  ആ അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍, എല്ലാം മറന്നു നമ്മളും ഉന്മേഷഭരിതരാകും, തീര്‍ച്ച! അത്രയ്ക്കുണ്ട് അദ്ദേഹത്തിന്‍റെ ആ വ്യക്തിപ്രഭാവം!!! (ഇങ്ങനെ പ്രകാശം പരത്തുന്ന വ്യക്തിത്വമുള്ള ചിലരെയെങ്കിലും, നിത്യജീവിതത്തില്‍ ഒരുപക്ഷെ നിങ്ങളും കണ്ടിട്ടുണ്ടാവും!!) 


ഇതിനൊക്കെ പുറമെ ചന്ദ്രേട്ടന്‍ വളരെ പ്ലാനിംഗ് ഉള്ള ഒരു വ്യക്തി കൂടിയായിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ 
ദീര്‍ഘവീക്ഷണത്തില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്!! അന്നുള്ള അദ്ദേഹത്തിന്‍റെ ആസ്തിയെപ്പറ്റി അദ്ദേഹം പലപ്പോഴും എന്നോട് വാചാലനാവുമായിരുന്നു!! ഒരിക്കല്‍  അദ്ദേഹം എന്നോട് പറയുകയായിരുന്നു, ഇപ്പോള്‍ എനിക്കുള്ള ഒരു കോടിയുടെ സമ്പത്ത്, അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍, രണ്ടു കോടിയില്‍  കൂടുതലായിരിക്കണം!! അതിനായി ഞാന്‍  ചെയ്യാന്‍പോകുന്നത് ഇതൊക്കെയാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കുറെയേറെ പ്രൊജക്റ്റ്കളെപ്പറ്റി എന്നോട് വിശദമായിത്തന്നെ പറയും.എല്ലാം വളരെ കൃത്യതയോടെ തന്നെ
ചെയ്തുതീര്‍ക്കും എന്നുള്ളഉറച്ച ആത്മവിശ്വാസവും, അതോടൊപ്പം പ്രകടിപ്പിക്കുകയും ചെയ്യും!! എന്തിനേറെ, ഇതെല്ലാം കേട്ട്, അദ്ദേഹത്തിന്‍റെ അടുക്കല്‍നിന്നും  മടങ്ങുമ്പോള്‍, നമുക്കും ജീവിതത്തില്‍ ഇതുപോലെ, എന്തെങ്കിലുമൊക്കെ ചെയ്‌താല്‍കൊള്ളാം എന്നുള്ള ശക്തമായ ഒരു തോന്നല്‍ ഉള്ളിലുളവാക്കാനും, ആ വാക്കുകള്‍ പ്രചോദനമാകുമായിരുന്നു!!!!


വര്‍ഷങ്ങള്‍  എത്ര വേഗമാണ് കടന്നു പോയത്! ഒടുവില്‍  ഒരു സുപ്രഭാതത്തില്‍ ബിസിനസ്സ് ലോകത്തോട് താത്ക്കാലിക വിട ചൊല്ലി, ഞാന്‍ ദുബായിലേക്ക് യാത്രയായപ്പോഴും, ചന്ദ്രേട്ടന്‍  അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ധതികളുമായി നന്നേ തിരക്കിലായിരുന്നു!!!


മനുഷ്യജീവിതത്തിന്‍റെ ക്ഷണികതയെപ്പറ്റി  ഓര്‍ക്കാനുള്ള ഒരു ചുറ്റുപാടിലായിരുന്നില്ല, ഞാനും ആ സമയമൊക്കെ! ജീവിതസാഹചര്യങ്ങളില്‍  വന്നു ചേര്‍ന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍  ശ്രമിക്കുന്നതിനിടെ, നാട്ടിലായിരുന്ന ഉറ്റവരെത്തന്നെ ഓര്‍ക്കുന്നത് ആ ദിനങ്ങളില്‍  തുലോം വിരളമായിരുന്നു! അത്രയ്ക്കുണ്ടായിരുന്നു ഗള്‍ഫ്‌ജോലിയില്‍ നടാടെ പ്രവേശിച്ച ഒരു തുടക്കക്കാരന്‍റെ ബുദ്ധിമുട്ടുകളും, കുടുംബത്തെ വിട്ടു നില്‍ക്കേണ്ടിവന്നപ്പോഴുള്ള മാനസീക സംഘര്‍ഷങ്ങളും!


അതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് ഒരു ദിവസം, അശനിപാതം  പോലെ ആ നടുക്കുന്ന വാര്‍ത്ത എന്നെ തേടി എത്തിയത്!! ചന്ദ്രേട്ടന്‍  ഒരു കാര്‍  ആക്സിഡെന്റില്‍ ഈ ലോകത്തോട് വിട പറഞ്ഞു ഓര്‍മ്മയായിത്തീര്‍ന്നിരിക്കുന്നു!!!


കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം അസ്ഥപ്രജ്ഞനായി ഞാന്‍ നിന്നു പോയി! ഇതാ കിറു കൃത്യമായ പ്ലാനിംഗുകളും, അതിനെ വെല്ലുന്ന ആത്മവിശ്വാസവുമായി, അടിവച്ചു അടിവച്ചു ഉയരങ്ങള്‍  കീഴടക്കിയിരുന്ന ഒരാള്‍! എവിടെയാണ് അദ്ദേഹത്തിനു പിഴവ് പറ്റിയത്? തന്‍റെ അണുവിട തെറ്റാതുള്ള, നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാസ്റ്റര്‍ പ്ലാനിന്‍റെ പണിപ്പുരകള്‍, എങ്ങനെ ഇത്രവേഗം  നിശ്ചലമായി? ഒരു ബ്രാഹ്മണനായി ജനിച്ചു , പൂജാദികര്‍മ്മങ്ങള്‍ എല്ലാംതന്നെ വിധിപ്രകാരം 
മുറപോലെ ദിവസവും കഴിച്ചിരുന്ന  തനിക്ക്, സംഭവിക്കാന്‍    പോകുന്ന വിപത്തിനെപ്പറ്റി ഒരു നേരിയ സൂചന, സ്വപ്നങ്ങളിലൂടെ പോലും 
ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഉത്തരങ്ങള്‍  ഇല്ലാതെ നീണ്ടു നീണ്ടു പോകുന്ന ഒരു പാട് ചോദ്യങ്ങള്‍, ആ ദിവസങ്ങളിലെ എന്‍റെ രാത്രികളെ 
അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു!!! അത്രമാത്രം ചന്ദ്രേട്ടന്‍ എന്ന വ്യക്തിയെ ഞാന്‍  ഇഷ്പ്പെടുകയും, ആ വ്യക്തിത്വം ഞാന്‍  പോലുമറിയാതെ എന്നെ സ്വാധീനിക്കുകയും ചെയ്തിരുന്നു!!!! ചെയ്തുതീര്‍ക്കാനും  വെട്ടിപ്പിടിക്കാനുമായി ഒരുപാട് ടാര്‍ജെറ്റുകള്‍  ബാക്കിവച്ച്, ആരോടും യാത്രാമൊഴി ചൊല്ലാതെ, അദ്ദേഹം ഇത്രവേഗം  മറ്റൊരു ലോകത്തേക്ക് എന്തിന് യാത്രയായി????


ഒരു പക്ഷെ അവിടെയും, പൂര്‍ത്തിയാക്കാനുള്ള ഒരുകൂന ടാര്‍ജെറ്റുകളുടെ നടുത്തളത്തിലാവും അദ്ദേഹം ഇപ്പോഴും
എന്ന്, വിശ്വസിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു!!അപ്പോഴും മനുഷ്യജീവിതത്തിന്‍റെ ക്ഷണികതയെപ്പറ്റി അദ്ദേഹം അവശേഷിപ്പിച്ചിട്ടുപോയ ചിന്തകള്‍,
ഒരു ജീവിതകാലം മുഴുവനും ഓര്‍മ്മിക്കാനുള്ള പ്രഹേളികയായിത്തന്നെ  ബാക്കിയാകുന്നു!!!   

6 comments:

 1. പ്രിയ ഏട്ടാ,
  നാളെ എന്തെന്നറിയാതെ ജീവിക്കുന്നു നമ്മളെല്ലാം അല്ലേ... ഒരുപാട് പ്രതീക്ഷകളും...മോഹങ്ങളുമായി...
  ചന്ദ്രേട്ടന്‍ ഏട്ടന്റെ വാക്കുകളിലൂടെ എനിക്കും ഒരു പോസിറ്റീവ് എനര്‍ജി തരും പോലെ....
  അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്...
  സ്നേഹത്തോടെ
  അശ്വതി

  ReplyDelete
  Replies
  1. പ്രിയ അശ്വതി,

   ആദ്യമേ തന്നെ എത്തി മനസ്സ് തുറന്നതിനൊരു നന്ദി പറഞ്ഞോട്ടെ അശ്വതി!
   പിന്നെ ഈ പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുന്നവരുടെ സാന്നിദ്ധ്യം
   എനിക്കും ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്!ഒരു പക്ഷെ സുഹൃത്തിനെ നഷ്ടപ്പെട്ടതിനൊപ്പം
   ഈ ഒരു സന്തോഷവും അണഞ്ഞു പോയല്ലോ എന്നുള്ള ദുഃഖം ഇപ്പോഴും മനസ്സിനെ നൊമ്പരപ്പെടുത്തുന്നു!!!

   സ്നേഹത്തോടെ,

   Delete
 2. ക്ഷണികം തന്നെ ജീവിതം, പക്ഷേ നമ്മള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍തന്നെ അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നുണ്ടോ? നമ്മള്‍ ഇതിനൊക്കെ അതീതരാണെന്ന് ഉപബോധമനസ്സില്‍ ഉറപ്പിക്കുന്നു. ഒരുപക്ഷേ, അതായിരിക്കും ഈ പോസിറ്റീവ് എനര്‍ജി എന്ന് പറയുന്നത്. അതില്ലെങ്കില്‍ എല്ലാം വിരസമായിപ്പോകില്ലേ!!! നന്നായി ചിന്തകള്‍ .....

  ReplyDelete
  Replies
  1. മാഷ്‌ പറഞ്ഞതിനെപ്പറ്റി ചിന്തിച്ചു നോക്കിയപ്പോള്‍ ശരിയായിരിക്കും എന്ന് എനിക്കും തോന്നി.കാരണം ഇതൊക്കെ
   മറ്റുള്ളവര്‍ക്ക് സംഭവിക്കുമ്പോഴും നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന്
   വിശ്വസിക്കാനാണ് നമുക്കിഷ്ടം!!ആ വിശ്വാസം തന്നെയായിരിക്കും നമ്മുടെയൊക്കെ എനര്‍ജി ലെവലിനെ കുറച്ചെങ്കിലും
   പോസിറ്റീവ് തലത്തിലേക്കുയര്‍ത്തുന്നതും!!

   Delete
 3. ഒരു നല്ല ബ്ലോഗ്‌ വായിച്ച പ്രതീതി തോന്നി. ചന്ദ്രേട്ടന്‍ എന്ന വ്യക്തിയും, അനുഭവവും മനസ്സില്‍ തട്ടി. താങ്കള്‍ എഴുതിയ ആ മൂന്നു തലങ്ങള്‍ ശരിതന്നെയാണ്. ഞങ്ങള്‍ ചികിത്സകര്‍ (ഹോളിസ്റിക്) ഇതൊക്കെ നോക്കിയാണ് ചികിത്സിക്കുക. ഉദാ: അമിതഗതി, മിതഗതി, മന്ദഗതി ഇതെല്ലാം ഒരാളുമായി സംസാരിക്കുമ്പോള്‍ തന്നെ (ഏതു തരത്തില്‍ എന്ന്) മനസ്സിലാകും. പിന്നെ, ജീവിതം - അത് ക്ഷണികം തന്നെയാണ്. നിര്‌വചനാതീതം. ആ നല്ല വ്യക്തിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെ.

  ReplyDelete
 4. പ്രിയമുള്ള ഡോക്ടര്‍,
  ഇവിടം സന്ദര്‍ശിച്ചതിനും, വായിച്ച് ഒരു അഭിപ്രായം എഴുതാന്‍ കാണിച്ച സന്മനസ്സിനും ആദ്യംതന്നെ നന്ദി പറഞ്ഞോട്ടെ!!
  ഹോളിസ്റിക് ചികിത്സാരീതിയിലെ ആ മൂന്നു തലങ്ങളെപ്പറ്റി ഇവിടെ പരാമര്‍ശിച്ചതില്‍
  വളരെ സന്തോഷം തോന്നി.പ്രത്യേകിച്ചും "അമിതഗതി,മിതഗതി,മന്ദഗതി" എന്ന ഭംഗിയും അര്‍ത്ഥസംപുഷ്ടവുമായ മലയാള പദങ്ങളിലൂടെ അവയെ മനസ്സിലാക്കിത്തന്നത് ഒരുപാട് ഇഷ്ടമായി!!
  എല്ലാ ഭാവുകങ്ങളും നന്മകളും ആശംസിക്കുന്നു!!
  സ്നേഹപൂര്‍വ്വം,
  മോഹന്‍.

  ReplyDelete