Saturday, December 29, 2012

പുഴയോരത്തില്‍ ഇനി തോണി എത്തില്ല.........


പരമുനായരുടെ ചായക്കടയില്‍ പതിവുപോലെ ചായ
കുടിച്ചും നാട്ടുകാര്യം പറഞ്ഞും  രിക്കുകയായിരുന്നു അവരൊക്കെ. അപ്പോഴാണ്‌ പോക്കരുടെ മകന്‍ മണ്ടന്‍ സലിം ഓടി വന്നു ആ
വാര്‍ത്ത അവിടെ വിളമ്പിയത്.


"നിങ്ങള്‍  അറിഞ്ഞോ,  നമ്മുടെ  കടവില്‍ ദേ പാലം പണി
തുടങ്ങാന്‍  പോണു!!"


ചായ കുടിച്ചുകൊണ്ടിരുന്നവരുടെയൊക്കെ ശ്രദ്ധ അവനിലേക്കായി.


"എന്താ,  എന്താ നീ പറഞ്ഞത്??"


അനേകം കണ്ഠങ്ങളില്‍നിന്നും ആ ചോദ്യം ഉയര്‍ന്നു വന്നതോടെ മണ്ടന്‍  ലിം ഒന്ന് പരുങ്ങി,  എല്ലാവരെയും ഒന്ന് നോക്കിയിട്ട് അവന്‍ തുടര്‍ന്നു....


"ദേ വിശ്വാസമില്ലെങ്കില്‍ല്ലാവരും പുറത്തോട്ടു ഒന്നിറങ്ങി നോക്കിക്കേ.മൂന്നു ലോറികള്‍  വിടെ സാധനം ഇറക്കുന്നത് കണ്ടോ?"


പറഞ്ഞു തീരും മുന്‍പേ എല്ലാവരും പുറത്തിറങ്ങി അവന്‍
റഞ്ഞ ഇടത്തേക്ക് നോക്കി. ശരിയാണല്ലോ! അല്‍പ്പം അകലെയായിരുന്നെങ്കിലും ലോറികളില്‍നിന്നും
ഇറക്കിക്കൊണ്ടിരുന്ന കമ്പിയും കോണ്‍ക്രീറ്റ് ജെല്ലിയുമൊക്കെ
അവരും കാണുന്നുണ്ടായിരുന്നു!!


"അപ്പോള്‍ പാലം പണി ഇനി ഉടനെ തന്നെ ആരംഭിക്കുമല്ലോ!!"


ആള്‍ക്കൂട്ടത്തില്‍നിന്നും ആരോ പറഞ്ഞു.


"ആരംഭിക്കട്ടെ പിള്ളേച്ചാ, എത്ര നാളുകൊണ്ട്   നമ്മളൊക്കെ 
കാത്തിരിക്കുകയാ, ഇനിയെങ്കിലും ഇത് ഒന്ന് തുടങ്ങി പൂര്‍ത്തിയാക്കിയാല്‍,ആ ഒടിഞ്ഞു പറിഞ്ഞ വള്ളത്തിലെ   പ്പാടോടെയുള്ള യാത്ര ഒഴിവാക്കാമല്ലോ!!" പരമുനായര്‍  റഞ്ഞു നിര്‍ത്തി.


ആ പറഞ്ഞതിനോട് എല്ലാവര്‍ക്കും യോജിപ്പായിരുന്നു,  ഒരാളൊഴിച്ച്,  രാമന്‍കുട്ടി!!! കാരണവും ചെറുതൊന്നുമല്ലായിരുന്നു!! രാമന്‍കുട്ടിയായിരുന്നു ആ കടവിലെ കടത്തുകാരന്‍!! തലമുറകളായി ആ കടവിലെ വള്ളക്കടത്തിന്‍റെ ചുമതല ഒരു അവകാശമായി ലഭിച്ചതായിരുന്നു രാമന്‍കുട്ടിക്ക്. അച്ഛന്‍റെ മരണശേഷം കടത്തുകാരന്‍റെ ജോലി സ്വാഭാവീകമായി മകനില്‍ തന്നെ  ന്നുചേര്‍ന്നു..മകനാകട്ടെ,
താന്‍  റ്റെടുത്ത ചുമതല  മഴയെന്നോ, വെയിലെന്നോ ഉള്ള വ്യത്യാസമൊന്നുമില്ലാതെ, വളരെ സന്തോഷത്തോടെയും
കൃത്യനിഷ്ട്ടയോടെയും ചെയ്തും വന്നിരുന്നു.


വള്ളത്തിന്‍റെ അമരപ്പടിയിലിരുന്നു നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നത്, രാമന്‍കുട്ടിയും കാണുന്നുണ്ടായിരുന്നു! വേനല്‍  കടുത്തിരുന്നതിനാല്‍ പുഴ തീരെ വറ്റിയിരുന്ന സമയമായിരുന്നു. ഈ സമയം കടവ് കടക്കുന്നതിനു വള്ളത്തിന്‍റെ ആവശ്യം ഇല്ലാതിരുന്നതിനാല്‍, വര്‍ഷം തോറും വള്ളത്തിന്‍റെ അറ്റകുറ്റപ്പണികളൊക്കെ ചെയ്തിരുന്നത് ഈ സമയത്തായിരുന്നു. പാലം പണി ഏതാണ്ട് ഉറപ്പായതോടെ ഇനിയിപ്പോള്‍ ഇതൊന്നും ചെയ്തിട്ടും  ‍ കാര്യമില്ല എന്ന് രാമന്‍കുട്ടിയും തീരുമാനിച്ചു..ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാലം പണി പൂര്‍ത്തിയാകുന്നതോടെ ഈ വള്ളക്കാരനേയും അയാളുടെ വള്ളത്തിനേയും ആര്‍ക്കും ആവശ്യം ഉണ്ടാവുകയില്ല എന്ന് അയാള്‍ സങ്കടത്തോടെ ഓര്‍ത്തു.അതുകൊണ്ടുതന്നെ ആ നിര്‍മാണസാമഗ്രികളൊക്കെ
ന്‍റെ നെഞ്ചത്തേക്ക് തന്നെയാണ് ഇറക്കുന്നത് എന്ന് അയാള്‍ക്ക്‌ അപ്പോള്‍
തോന്നിപ്പോയി!!


കഴിഞ്ഞുപോയ ആ നല്ല നാളുകളെയോര്‍ത്തപ്പോള്‍ രാമന്‍കുട്ടിയുടെ കണ്ണുകള്‍  റിയാതെ നിറഞ്ഞുവന്നു!! മഴക്കാലമാകുമ്പോള്‍  നിറഞ്ഞു ഇരു കരകളിലേക്കും കവിഞ്ഞൊഴുകുന്നപുഴ!! അക്കരെ ഭാഗത്തുള്ള സ്കൂളിലേക്കും ചന്തയിലേക്കും പോകാനായി രാവിലെ ഏഴു മണിയോടെ തന്നെ കടവില്‍ എത്തുന്ന  കുട്ടികളുടേയും മുതിര്‍ന്നവരുടേയും തിരക്ക്! പിന്നീടങ്ങോട്ടുള്ള വിശ്രമമില്ലാത്ത മണിക്കൂറുകള്‍!! എല്ലാവരേയും കുഴപ്പമൊന്നുമില്ലാതെ  അക്കരെ എത്തിച്ചുകഴിയുമ്പോഴേക്കും തളര്‍ന്നു അവശനായിട്ടുണ്ടാവും! എങ്കിലും ആ സമയത്തൊക്കെ എല്ലാവരില്‍നിന്നും ലഭിച്ചിരുന്ന ബഹുമാനവും സ്നേഹവുമൊക്കെ എന്തോരു ഹരമായിരുന്നു തനിക്ക്!! ആ കുട്ടികളുടെ മുമ്പിലൊക്കെ തനിക്കൊരു ഹീറോയുടെ പരിവേഷമാണുണ്ടായിരുന്നത്!


ഓരോ വള്ളവും  ഒന്നിടവിട്ടു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും
കൊണ്ടാണ്  അക്കരയ്ക്കു പോയിരുന്നത്.
കിഴക്കന്മലകളില്‍നിന്നും ഉരുള്‍പൊട്ടല്‍  മൂലമോ മറ്റോ ആറ്റിലൂടെ മലവെള്ളം വന്നു കരകവിഞ്ഞു ഒഴുകുമ്പോള്‍, അക്കരയ്ക്ക് വള്ളം വയ്ക്കാനായി കൂട്ടത്തിലുള്ള ബലവാന്മാരായ ആണ്‍കുട്ടികളുടെ കയ്യിലും ഓരോ തുഴയും കൊടുത്തു ഒരു സഹായത്തിനായി തലപ്പത്ത് ഇരുത്തുമായിരുന്നു! അന്നൊക്കെ തനിക്കും എന്തൊരു ഉശിരായിരുന്നു!! ഒരു വള്ളം അക്കരെ പോയിവരുന്നതിനു അപ്പോഴൊക്കെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമാകും. വള്ളത്തില്‍   യറിക്കഴിഞ്ഞാലോ, ല്ലാവരും താഴെ കുത്തിയിരിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമാണ്. ഇല്ലെങ്കില്‍  ബാലന്‍സ് കിട്ടാതെ വള്ളം വല്ലാതെ കിടന്നു ഉരുളാനും ഉലയാനും തുടങ്ങും! മഴ പെയ്തുകൊണ്ടിരുന്നാല്‍പോലും കുട തുറന്നു വള്ളത്തില്‍  രിക്കാന്‍ ആരെയും താന്‍  നുവദിക്കാറില്ല. അതുകൊണ്ടൊക്കെ തന്നെ  തന്‍റെ  ജീവിതകാലത്ത് ഒരു ചെറിയ അപകടം പോലും ഉണ്ടായിട്ടില്ലെന്ന് അയാള്‍ അഭിമാനത്തോടെ ഓര്‍ത്തു!! ഒടുവിലിതാ ഈ ജോലിയുടെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു!! അക്കരെ ആളുകള്‍ കാത്തുനില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു നെടുവീര്‍പ്പോടെ ചിന്തകളില്‍നിന്നുണര്‍ന്നു അയാള്‍ തുഴ കയ്യിലെടുത്തു..


പാലം പണി പറഞ്ഞതുപോലെ ദ്രുത ഗതിയില്‍തന്നെ നടക്കുന്നുണ്ടായിരുന്നു


ഒടുവില്‍ സകല പണികളും പൂര്‍ത്തിയാക്കിയ പാലം ല്‍ഘാടനത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി. അപ്പോഴും രാമന്‍കുട്ടിയുടെ വള്ളത്തില്‍ നല്ല തിരക്കായിരുന്നു. കാരണം ഉല്‍ഘാടനത്തിനു മുന്‍പുള്ള ഉപയോഗം തടയാനായി, പാലത്തിലേക്കുള്ള രണ്ടു പ്രവേശനമാര്‍ഗവും താത്കാലികമായി അടച്ചുവച്ചിരിക്കയായിരുന്നു.


അതിനിടെ മഴക്കാലം ശക്തിയോടെ തിരിച്ചെത്തിയിരുന്നു. പുഴയിലെ ജലനിരപ്പ്‌ അനുദിനം ഉയരുന്നത് അയാളും 
കാണുന്നുണ്ടായിരുന്നു. ഉല്‍ഘാടനത്തിനു തലേദിവസം 
രാമന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം പിടിച്ച ഒന്നായിരുന്നു. കടവില്‍ കാത്തുനിന്ന അവസാനത്തെ ആളിനെയും കരയില്‍ എത്തിച്ചപ്പോഴേക്കും, നേരം നന്നേ ഇരുട്ടിയിരുന്നു.അതിനോടൊപ്പം  ആളുകളെ അക്കരെയിക്കരെ എത്തിക്കുമ്പോഴൊക്കെ ഓരോരുത്തരില്‍നിന്നും
"നാളെ മുതല്‍ എന്താ പണി?" എന്നുള്ള ചോദ്യങ്ങളും അയാളെ കുഴക്കിയിരുന്നു!! താന്‍ തന്നെ ഈ ചോദ്യം എത്രയോ തവണ തന്‍റെ
മനസ്സിന്‍റെ കണക്കുപുസ്തകത്തില്‍ ഒരു ഉത്തരത്തിനായി കൂട്ടിയും കിഴിച്ചും നോക്കിയിരിക്കുന്നു!! ഒരിക്കല്‍ തന്‍റെ സാമ്രാജ്യമായിരുന്ന ഈ കടവിലെ രാജ്യമില്ലാ രാജാവായി നാളെ മുതല്‍ മറ്റുള്ളവരുടെ നിന്ദയും പരിഹാസവും സഹിച്ചു ജീവിക്കുന്നതില്‍ ഭേദം, ഇവിടം വിട്ടു വേറെ എങ്ങോട്ടെങ്കിലും പോകുന്നതാണ് നല്ലതെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയത് അങ്ങനെയായിരുന്നു! രാവിലേ മുതല്‍ തന്നെ ഈ ചിന്ത തെളിഞ്ഞും മറഞ്ഞും തന്‍റെ മനസ്സില്‍ ഊളിയിട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ അത് കുറെക്കൂടെ ശക്തമായിരിക്കുന്നു. അതെ, അത് 
തന്നെയാണ് തനിക്കുള്ള ശരിയായ വഴി! എത്രയും വേഗം, 
കഴിയുന്നതും നാളെ തന്നെ, നേരം വെളുക്കുന്നതിനു മുന്‍പ് ഇവിടം
വിട്ട് പോകണം. തീരുമാനം ഉറപ്പിച്ചതോടെ മനസ്സ് ഒരു നിമിഷം  ശാന്തമാകുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. 


ഇനി വല്ലതും കഴിച്ചു ഒന്ന് വിശ്രമിക്കണം. വെളുപ്പിനെ പോകാനുള്ളതല്ലേ. പതിവുപോലെ രാമന്‍കുട്ടി വള്ളവുമായി മുകളിലേക്ക് ധൃതിയില്‍ തുഴഞ്ഞു. ജലനിരപ്പ്‌ ഉയരുന്നതിനോടൊപ്പം, കാറ്റും മഴയും ശക്തമാകുന്നുമുണ്ട്. മുകളിലേക്കുള്ള പോക്ക് ദുഷ്ക്കരമാകുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. എങ്കിലും അല്‍പ്പം മുകളിലുള്ള കടവില്‍ എത്തി, വള്ളം കെട്ടിയിട്ട ശേഷം, അയാള്‍ കേളുണ്ണിയുടെ ഷാപ്പിലേക്ക് കയറിച്ചെന്നു.


ഇന്ന് ഒത്തിരി വൈകിപ്പോയല്ലോ രാമന്‍കുട്ടി! ഈ കാറ്റിലും മഴയിലും നീ ഇന്ന് വരുമെന്ന് ഞാനും ഓര്‍ത്തില്ല."  കേളുണ്ണി കുശലം പറഞ്ഞു..


"ഇന്ന് വരാതിരിക്കാന്‍ പറ്റുമായിരുന്നില്ല മുതലാളീ"  അയാള്‍ പിറുപിറുത്തു..


, ഇന്ന് നിന്‍റെ അവസാനത്തെ ദിവസമായിരുന്നല്ലോ, ഞാന്‍ അത് ഓര്‍ത്തില്ല. നാളെ മുതല്‍ ഇനി നിന്‍റെ വള്ളം ആര്‍ക്കും വേണ്ടാതാവുകയല്ലേ?”


രാമന്‍കുട്ടിയുടെ കനത്ത  മുഖഭാവം കേളുണ്ണിയെയും നിശബ്ധനാക്കി.
അയാള്‍ പിന്നീട് ഒന്നും ചോദിച്ചില്ല.


പതിവിനു വിരുദ്ധമായി രാമന്‍കുട്ടി അന്ന് ഇരട്ടിയിലധികം കുപ്പികള്‍ കാലിയാക്കി. ദുഖങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് തനിക്കിന്ന് സുഖമായിട്ടു ഒന്ന് ഉറങ്ങണം, നാളെ താന്‍ എവിടെയായിരിക്കും എന്ന് തനിക്ക് പോലും ഉറപ്പില്ലല്ലോ!! ഉറയ്ക്കാത്ത കാലുകളില്‍ ആടിയാടി അയാള്‍ പുറത്തേക്ക് പോകുന്നത്  കേളുണ്ണി സഹതാപത്തോടെ  നോക്കിനിന്നു.


തോരാത്ത മഴയെ വകവയ്ക്കാതെ വള്ളത്തില്‍ കയറിയിരുന്നു തുഴ കയ്യിലെടുത്തു രാമന്‍കുട്ടി താഴേക്കു തുഴയാനാരംഭിച്ചു. എത്രതന്നെ തുഴഞ്ഞിട്ടും വള്ളം നിന്നിടത്തുനിന്നും അനങ്ങുന്നില്ലെന്ന് അയാള്‍ കണ്ടു. , വള്ളത്തിന്‍റെ കെട്ട് അഴിച്ചുവിടാന്‍ കൂടി താന്‍  റന്നിരിക്കുന്നു! ഇത്രയും മറവി മുന്‍പൊരിക്കല്‍പോലും തനിക്ക് ഉണ്ടായിട്ടില്ലല്ലോ എന്ന് അയാള്‍ അപ്പോള്‍ ഓര്‍ത്തു!!


ശക്തമായ മഴയും കാറ്റും കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു. കിഴക്കന്‍  ലകളിലെവിടെയോ ഉരുള്‍പൊട്ടിയ കാര്യം ആരോ നേരത്തെ പറഞ്ഞിരുന്നത്, അയാളുടെ ഓര്‍മയില്‍ ഓടിയെത്തി. വള്ളത്തില്‍ മഴവെള്ളം കുറച്ചേറെ കയറിയിരിക്കുന്നു. കാറ്റിന്‍റെയും വെള്ളത്തിന്‍റെയും വേഗത കാരണം, വള്ളം ആടിയുലയുന്നത് നിയന്ത്രിക്കാന്‍  യാള്‍ക്ക്  നന്നേ പാടുപെടേണ്ടി വന്നു. ഇരുട്ടില്‍ വ്യക്തമായി  ഒന്നും തന്നെ  കാണുന്നുണ്ടായിരുന്നില്ല. കുടിച്ചത് കുറെയധികമായിപ്പോയിരിക്കുന്നു! തന്‍റെ തുഴച്ചിലിന് ഇപ്പോള്‍ പഴയ ശക്തിയില്ലെന്ന് അയാള്‍ ഒരു  നടുക്കത്തോടെ തിരിച്ചറിഞ്ഞു!!


ശക്തമായ ഒരു മിന്നലും കാതടപ്പിക്കുന്ന ഒരു ഇടിയും!! ഒപ്പം വലിയ ശക്തിയോടെ വള്ളത്തില്‍ ഭാരമേറിയ ന്തോ വന്നിടിച്ചെന്ന് അയാള്‍  റിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിന്‍റെ ഒരു വശം പൊളിഞ്ഞിളകുന്നതും, അതിലൂടെ മലവെള്ളം ഇരച്ചു കയറുന്നതും താന്‍ ആ വെള്ളത്തിലേക്ക് ചുഴറ്റി എറിയപ്പെടുന്നതും, അടുത്ത മിന്നല്‍ വെളിച്ചത്തില്‍ അയാള്‍ കണ്ടു! നിലയില്ലാ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുമ്പോഴും, ഒരു പിടിവള്ളിക്കായി അയാളുടെ ദുര്‍ബലമായ കൈകള്‍ വെള്ളത്തിനു മുകളില്‍ പരതിക്കൊണ്ടിരുന്നു. കടപുഴകി,പുഴയിലൂടെ ഒഴുകിവന്നു, ശക്തിയില്‍ വള്ളത്തിലിടിച്ച മരത്തടിക്കൊപ്പം ഒഴുകിക്കൊണ്ടിരുന്ന ശരീരം, പുതിയ പാലത്തിന്‍റെ കോണ്‍ക്രീറ്റ്‌ തൂണുകളില്‍ തടിയോടുചേര്‍ന്ന് ഇടിച്ചു നിന്നപ്പോഴേക്കും പ്രജ്ഞയറ്റിരുന്നു.


നേരം പരപരാ വെളുക്കും മുന്‍പേ മലവെള്ളപ്പാച്ചില്‍
കാണാനോടിയെത്തിയ നാട്ടുകാര്‍ക്ക്  കണിയായത്, പാലത്തിന്‍റെ തൂണുകള്‍ക്കിടയിലായി ജലപ്പരപ്പില്‍  പൊന്തി നിന്നിരുന്ന ഒരു കൂറ്റന്‍ വൃക്ഷക്കൊമ്പും, അതിന്‍റെ ചില്ലകളിലൊന്നില്‍  മുറുകെ പിടിച്ചിരുന്ന തണുത്തു മരവിച്ച ഒരു കൈപ്പത്തിയുമായിരുന്നു!!! 

15 comments:

 1. പ്രിയമുള്ളവരേ,
  2012ലെ എന്‍റെ അവസാന പോസ്റ്റ്!സങ്കല്‍പ്പത്തില്‍നിന്നും ഉരുവായ വെറുമൊരു കഥ മാത്രമല്ല ഇത്.ഇവിടെ യാഥാര്‍ത്ഥ്യങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നു!ഇതില്‍ എന്റെ ഗ്രാമമുണ്ട്,അതിലൂടോഴുകുന്ന ഒരുപുഴയുണ്ട്,കടവുണ്ട്,പിന്നീടെപ്പോഴോ അതിനു മുകളില്‍ ഉയര്‍ന്നുവന്നൊരു പാലവുമുണ്ട്!ഗതകാലസ്മരണകളുടെ തുയിലുണര്‍ത്തി, ഇവയൊക്കെ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്!
  ഏതാണ്ട് മൂന്നുനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറുതെ ഒരു പോസ്റ്റുമായി ഞാനും ഈ ബ്ലോഗുലകിലേക്ക് കടന്നുവന്നിരുന്നു! എങ്കിലും ധൈര്യക്കുറവുകാരണം അപ്പോള്‍ത്തന്നെ മടങ്ങിപ്പോയിരുന്നു!
  ഇത് എന്റെ രണ്ടാമൂഴം!ഇക്കുറി നേട്ടമായി നെഞ്ചോടുചെര്‍ത്തുപിടിക്കാന്‍ കൂടെ കൂടിയ ഒരു പിടി ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍! ഇവരുടെ സൌഹൃദമഴയില്‍ നനഞ്ഞു ഞാന്‍ ഇതാ ഇവിടെവരെയെത്തി നില്‍ക്കുന്നു!
  2013 പടിവാതിക്കലെത്തിനില്‍ക്കുന്ന ഈ വേളയില്‍, നിങ്ങളുമുണ്ടാവില്ലേ തുടര്‍ന്നും എന്‍റെയൊപ്പം??
  എല്ലാവര്ക്കും സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയുമായ നല്ല ഒരു പുതുവത്സരം ആശംസിച്ചുകൊണ്ട്,
  സ്നേഹപൂര്‍വം നിങ്ങളുടെ,
  മോഹന്‍ കരയത്ത്

  ReplyDelete
 2. ഹൃദയ സ്പര്‍ശിയായ രചന. നല്ല അവതരണം. വീണ്ടും എഴുതുക സുഹൃത്തേ. ഭാവുകങ്ങള്‍.
  http://drpmalankot0.blogspot.com

  ReplyDelete
  Replies
  1. പ്രിയ ഡോക്ടര്‍,
   ആദ്യംതന്നെ എത്തി നല്ല വാക്കുകള്‍ പറഞ്ഞു ഈ കഥയില്ലാത്ത എഴുത്തുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നന്ദിയും സന്തോഷവും അറിയിക്കട്ടെ!!
   (കൂട്ടത്തില്‍ പറയട്ടെ,ഡോക്ടറിലെ ബഹുമുഖപ്രതിഭയെ മനസ്സാലെ നമിക്കുന്നു!!
   രചനകളിലെ വൈവിധ്യം എന്നെ ആശ്ചര്യപ്പെടുത്തുന്നു!!
   കവിതയും, കഥയും, നാടകവും, നര്‍മ്മവും എല്ലാം വഴങ്ങുന്ന താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കട്ടെ!!)

   Delete
  2. നന്ദി, മോഹന്‍. ഈ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. ഞാന്‍ ഒരു നല്ല എഴുത്തുകാരന്‍ ആണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. എങ്കിലും നാല് പതിറ്റാണ്ടുകളില്‍ ഏറെയായി മറുനാട്ടില്‍ കഴിഞ്ഞു വരുന്ന എനിക്ക് മലയാളം എന്നും പ്രിയപ്പെട്ടതാണ്. ആവും വിധം അത് പല രൂപത്തില്‍ വരുന്നു എന്ന് മാത്രം. താങ്കള്‍ക്കു തോന്നിയ അഭിപ്രായം താങ്കള്‍ തുറന്നു പറഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്, നന്ദിയുണ്ട്. സമയം കിട്ടുമ്പോള്‍ ഞാന്‍ കുത്തിക്കുറിക്കുന്നത് നോക്കുന്നതോടൊപ്പം മനസ്സില്‍ തോന്നിയ അഭിപ്രായങ്ങളും എഴുതുമല്ലോ.

   Delete
  3. പ്രിയ ഡോക്ടര്‍,
   വീണ്ടും വന്നു ഇല്ലേ? സന്തോഷം!
   ഡോക്ടറുടെ എഴുത്തുകള്‍ക്ക് എന്റെ പിന്തുണയും പ്രോത്സാഹനവും
   എപ്പോഴും ഉണ്ടാവും!എഴുത്ത് തുടരൂ,
   ആശംസകളോടെ,

   Delete
 3. 2013 ല്‍ കൂടുതല്‍ പോസ്റ്റുകളുമായി എത്തുക. ആശംസകള്‍ 

  ReplyDelete
  Replies
  1. മാഷേ, ഇവിടെ കടന്നു വന്നു, ആശംസകള്‍ നേരാന്‍ കാണിച്ച സന്മ്നസ്സിനു നന്ദി!!!മാഷിന്റെ പോസ്റ്റുകള്‍ എല്ലാം തന്നെ വായിക്കാറുണ്ട്!!
   സമയം കിട്ടുമ്പോള്‍ ഇനിയും വരണേ...

   Delete
 4. മോഹന്‍ജിയുടെ കഥകള്‍ പലപ്പോഴും അനുഭവക്കുറിപ്പുകളായാണ് തോന്നാറ്. എന്തോ ഒരു വശ്യത അവയ്ക്കുണ്ട്. നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു, കൂടുതല്‍ നല്ല നല്ല രചനകള്‍ ഈ തൂലികയീല്‍ നിന്നും ഉതിരട്ടെ....

  ReplyDelete
  Replies
  1. പ്രിയ വിനോദ് മാഷെ,
   ഒരു പിടി അനുഭവങ്ങള്‍ കനല്‍ക്കട്ടകളായി ചാരം മൂടി ഉള്ളിലെവിടെയോ കിടക്കുന്നു!ഒരു ചെറിയ കാറ്റ് മതി, അവ വീണ്ടും ജ്വലിച്ചു തുടങ്ങാന്‍! ആ ജ്വാലകളില്‍ നിന്നും പിറവിയെടുക്കുന്നു ഈ എഴുത്തുകള്‍!! അതുകൊണ്ട് തന്നെ ഇവയിലെല്ലാം ഞാനുണ്ടാവും,ചിലപ്പോള്‍ തെളിഞ്ഞും,മറ്റു ചിലപ്പോള്‍ മറഞ്ഞും!!
   മാഷിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിനു നന്ദി!!ആശംസകള്‍ക്കും!!!

   Delete
 5. പാലങ്ങളും റോഡുകളും ഫാക്റ്ററികളുമെല്ലാം നല്ലതുതന്നെ
  എന്നാല്‍ അവയൊക്കെ ചില നിസ്സഹായ ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാവുമെന്നത് വിധിവൈപരീത്യം മാത്രം.

  കഥാന്ത്യത്തില്‍ കാണപ്പെടുന്ന ആ മരവിച്ച കൈപ്പത്തി നമ്മളോട് അനേകവേദനകള്‍ പങ്കുവയ്ക്കുന്നു.
  കഥ നന്നായി

  ReplyDelete
 6. പ്രിയമുള്ള അജിത്‌ മാഷേ,
  എല്ലാവരും സന്തോഷത്തിലായിരുന്നു.പാവം,അന്നുവരെ എല്ലാവര്ക്കും വേണ്ടി വിയര്‍പ്പോഴുക്കിയിരുന്ന ആ സാധുമനുഷ്യന്‍റെ ഭാവിയെപ്പറ്റി ചിന്തിക്കാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല!!
  കഥ ഇഷ്ടപ്പെട്ടു എന്ന് മാഷ്‌ പറഞ്ഞപ്പോള്‍ തോന്നിയ സന്തോഷം മറച്ചു വയ്ക്കുന്നില്ല!!
  ഇവിടെ ഒന്നുകൂടി പറഞ്ഞോട്ടെ,എന്‍റെ ഈ രണ്ടാം വരവില്‍ ആദ്യത്തെ പോസ്റ്റു മുതല്‍ പതിവായി വന്നു അഭിപ്രായം എഴുതാനും, 'No Followers' എന്നു കാണുമ്പോള്‍ ഒരു സാധാരണ ബ്ലോഗ്ഗര്‍ക്കുണ്ടാവുന്ന സങ്കടം അറിഞ്ഞു അത് പരിഹരിച്ചുതന്നു എന്നെ പ്രോത്സാഹിപ്പിക്കാനും, മാഷ്‌ കാണിച്ച സന്മനസ്സിനു ഞാന്‍ എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക???
  സ്നേഹത്തോടെ,

  ReplyDelete
 7. new year wishes to you and your family

  ReplyDelete
 8. Thank you so much for your new year wishes Uma!!
  May this new year bring you,your lit'le one & hus'
  lots an' lots of happiness,prosperity an' sweet surprises!!!

  ReplyDelete
 9. പ്രിയ ഏട്ടാ,
  എത്താന്‍ വൈകി അല്ലെ. സ്ഥലത്തുണ്ടായിരുന്നില്ല. എഴുത്ത് നന്നായി.2013ലും ഏട്ടന് ഒരു പാട് നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ!!! ഏട്ടനും കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
  സ്നേഹപൂര്‍വം
  അശ്വതി

  ReplyDelete
 10. പ്രിയ അശ്വതി,
  വൈകി എത്തിയത് സാരമില്ലെന്നേയ്, എത്തിയല്ലോ, അത് മതി!!
  ആശംസകള്‍ക്ക് നന്ദി പറയുന്നതിനൊപ്പം ഞാനും ആശംസിച്ചോട്ടെ, അശ്വതിക്കും കുടുംബത്തിനും ഞങ്ങളുടെ എല്ലാവരുടെയും ആത്മാര്‍ഥമായ, ഹൃദയം നിറഞ്ഞ നവവല്‍സരാശംസകള്‍!!!പുതുവത്സരം ഒരുപാട് സന്തോഷവും, സമൃദ്ധിയും,ഐശ്വര്യവും
  കൊണ്ട് നിറയട്ടെ!!!
  സ്നേഹത്തോടെ,

  ReplyDelete