Monday, June 18, 2012

ഒരു യാത്രയുടെ നനുത്ത ഓര്‍മയിലൂടെ!!!!!!!!





ഒരു മധ്യവേനല്‍ അവധിക്കാലം. ഞാന്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍നിന്നും നാട്ടിലേക്ക് തീവണ്ടിയില്‍ പോവുകയായിരുന്നു. രാത്രി യാത്രയായതിനാല്‍ ഭക്ഷണം കഴിച്ചതിനുശേഷം മുകളിലെ ബെര്തിലേക്ക് ഞാന്‍ കയറി. നടുവിലത്തെയും താഴത്തെയും ബെര്തുകളില്‍ മകനും  ഭാര്യയും കിടന്നു കഴിഞ്ഞു.ഞാന്‍ ഷീറ്റും തലയിണയും വിരിച്ചുകഴിഞ്ഞപ്പോഴേക്കും രണ്ടു  കുഞ്ഞു കണ്ണുകള്‍ അഴികള്‍ക്കിടയിലൂടെ അപ്പുറത്തെ മുകളിലുള്ള ബെര്‍ത്തില്‍നിന്നും എന്നെത്തന്നെ ശ്രദ്ധിക്കുന്നു! ഞാന്‍ കൌതുകത്തോടെ ആ കുരുന്നിനെ നോക്കി. കഷ്ട്ടിച്ചു ഒരു മൂന്നു വയസ്സ് വരും ആ കൊച്ചു പെണ്‍കുട്ടിക്ക്.ആരും ഇഷ്ടപ്പെടുന്ന ഓമനത്തമുള്ള മുഖവും തിളക്കമാര്‍ന്ന കണ്ണുകളും.ചിരിച്ച മുഖത്തോടെ അവള്‍ എന്നോട് ചോദിക്കുകയാണ്

'അങ്കിളും ചേച്ചിയുടെ കല്യാണത്തിന് വരുകയാണോ?'

ഞാന്‍ അതിന്‍റെ ഉത്തരം പറഞ്ഞു തുടങ്ങുന്നതിനു മുന്‍പേതന്നെ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി

‘അങ്കിള്‍ ഞാന്‍ എല്കെജിയിലാ പഠിക്കുന്നത്  എന്റെ മിസ്സ് പറഞ്ഞു രണ്ടു ദിവസത്തെ ലീവ് മാത്രമേ തന്നിട്ടുള്ളൂ എന്നും അതിനാല്‍ മറ്റെന്നാള്‍ തന്നെ ക്ലാസ്സില്‍വരണമെന്നും.എന്റെ മിസ്സ്‌ നല്ല മിസ്സാ അങ്കിള്‍ മോളെ ഒത്തിരി ഇഷ്ടമാ അങ്കിള്‍ അറിയുമോ  മോളുടെ മിസ്സിനെ നല്ല വെളുത്ത ഒരു സുന്ദരി മിസ്സാ..’

അവള്‍ അങ്ങനെ  തുടര്‍ന്നുകൊണ്ടിരുന്നു. മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു  ചിരിച്ചുകൊണ്ടുള്ള അവളുടെ സംസാരം കേള്‍ക്കാന്‍ വളരെ കൌതുകമായിരുന്നു. ഞാന്‍ എല്ലാം  മറന്നു അവളുടെ വര്‍ത്തമാനം കേട്ടുകൊണ്ടുതന്നെ നിന്ന് പോയി ഓരോ കാര്യങ്ങള്‍പറഞ്ഞു കേള്പ്പിക്കുംപോഴും അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ ഒരു സിനിമാനടിയുടെ അഭിനയത്തെ വെല്ലുന്നതായിരുന്നു!

‘മോളൂ അങ്കിളിനെ ശല്യപ്പെടുതാതെ .ഉറങ്ങാന്‍നോക്കൂ'

അപ്പുറത്തുനിന്നും അവളുടെ അമ്മയായിരിക്കും അവളെ താക്കീത് ചെയ്യുന്നത് ഞാന്‍ കേട്ടു

അവള്‍ എന്നെ  പതുക്കെ ഒന്ന്   കണ്ണടച്ച് കാണിച്ചിട്ടു വീണ്ടും സംസാരം തുടര്‍ന്നു.. ഇത്തിരി കഴിഞ്ഞപ്പോള്‍ അവള്‍ സംസാരം നിറുത്തി എന്നോട് ചോദിച്ചു

‘അങ്കിള്‍ എനിക്ക്  ഉറക്കം വരുന്നു,അങ്കിള്‍ എന്റെ  ഈ കൈയ്യില്‍ഒന്ന് മുറുക്കെ പിടിക്കുമോ ഉറങ്ങുമ്പോഴേ മോള്‍ക്ക്‌ പേടിയാ  അങ്കിള്‍'

അവളുടെ വെള്ളാരം കണ്ണുകള്‍ എന്നില്‍ത്തന്നെ  ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് ചോദ്യം.ഞാന്‍ ആ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി. ഇതാ ആ കണ്ണുകളില്‍ അവള്‍ക്ക്  എന്നോടുള്ള സ്നേഹവും അതിലുമുപരി വിശ്വാസവും എല്ലാം തെളിഞ്ഞു കാണാം.അവള്‍ ആദ്യമായി കാണുന്ന എന്റെ കൈകളില്‍ അവളുടെ സുരക്ഷിതത്വം ഉറച്ച വിശ്വാസത്തില്‍ സമര്‍പ്പിക്കുകയാണ്. ആ കുരുന്നിനോട് എനിക്ക് എന്റെ ഉള്ളില്‍ ‍എന്തെന്നില്ലാത്ത സ്നേഹവും ഇഷ്ടവും വാല്‍സല്യവും ഒക്കെ തോന്നി. അവളുടെ കുഞ്ഞി കയ്യിനെ എന്‍റെ കൈകൊണ്ടു പൊതിഞ്ഞു പിടിച്ചു കൊണ്ട് ഞാന്‍പറഞ്ഞു

‘മോള് ഒന്നും പേടിക്കേണ്ട  അങ്കിള്‍ മുറുകെ  പിടിച്ചിട്ടുണ്ട് കേട്ടോ മോള് ധൈര്യമായി  ഉറങ്ങിക്കോ..’ ഞാന്‍  അവള്‍ക്കു ഉറപ്പു കൊടുത്തു

‘ഉഊം’ അവളുടെ ശബ്ദത്തില്‍ ഉറക്കം  കലര്‍ന്ന് തുടങ്ങിയിരുന്നു

അടുത്ത നാലഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ  കൈവിരലുകള്‍ എന്‍റെ കൈയ്യില്‍നിന്നും ഊര്‍ന്നിറങ്ങിപ്പോയതും അവള്‍ ‍ഉറങ്ങിക്കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മെല്ലെ  എന്‍റെ  കൈയ്യു വലിച്ചെടുത്തു.....

ട്രെയിനിന്‍റെ താളനിബന്ധമായ    ചലനങ്ങള്‍ എന്നെയും  ഉറക്കത്തിലേക്ക് നയിക്കുമ്പോഴും എന്‍റെ ചിന്തകള്‍ ആ കുരുന്നിനെക്കുറിച്ചായിരുന്നു വെറും പത്തു നിമിഷങ്ങളിലെ പരിചയത്തിലൂടെ ആ കൊച്ചു മാലാഖ എന്നെ അവളുടെ വിശ്വാസത്തില്‍ എടുത്തിരിക്കുന്നു! പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സിലെ നിഷ്കളങ്കത എന്നെ സന്തോഷിപ്പിക്കുകയും അതിലുമുപരി എന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. നാളെ രാവിലെതന്നെ അപ്പുറത്ത് പോയി ആ കുടുംബത്തെ പരിചയപ്പെടണം എന്നും, ആ കുരുന്നിനെ ഒന്ന് കൂടി കണ്ണ് നിറയെ കാണണമെന്നും അവളെ അടുത്തിരുത്തി ഓമനിക്കണമെന്നും ഞാന്‍  മനസ്സില്‍ ഉറപ്പിച്ചു...

രാത്രിയിലെപ്പോഴോക്കെയോ ട്രെയിന്‍ വലിയ സ്റേഷനുകളില്‍   നിറുത്തുന്നതും  ആള്‍ക്കാര്‍   വലിയ ശബ്ധകോലാഹലങ്ങളോടെ ഇറങ്ങുന്നതും കയറുന്നതും  ഒക്കെ       ഉറക്കത്തിന്‍റെ         ആലസ്യത്തില്‍   ഞാന്‍ അറിയുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ  ഞാന്‍  തലവഴി പുതപ്പ് ഒന്നുകൂടി വലിച്ചിട്ട് ഫാന്‍   തരുന്ന കുളിര്‍മയിലേക്ക് ഊളിയിട്ടു

‘എന്താ എഴുന്നെല്‍ക്കുന്നില്ലേ?'

ഭാര്യയുടെ സ്നേഹപൂര്‍വമുള്ള  വിളി കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി നേരം നന്നേ വെളുത്തിരിക്കുന്നു. ഞാന്‍ വേഗംതന്നെ  താഴെ  ഇറങ്ങി ബാത് റൂമിലേക്ക് നടന്നു

തിരികെ വരുന്ന വഴിയില്‍തന്നെ അപ്പുറത്തെ കംപാര്‍ട്മെന്റിലേക്കൊന്നു എത്തി നോക്കി. എന്‍റെ കണ്ണുകള്‍ അവള്‍ കിടന്നിരുന്ന മുകളിലെ 
ബെര്‍ത്തിലേക്ക് നീണ്ടു. മനസ്സൊരു നിമിഷം  തുടിച്ചു... ഇല്ല ആ കുരുന്നു അവിടെ ഇല്ല.. അവിടെ അങ്ങനെ ഒരു ഫാമിലിയേ കാണുന്നില്ല..രാത്രിയുടെ ഏതോ യാമത്തില്‍ ആ അജ്ഞാത കുടുംബത്തോടൊപ്പം എന്‍റെ മനസ്സിനെ കീഴടക്കിയ ആ കുരുന്നും  ഇറങ്ങി പോയിരിക്കും എന്ന് ഞാന്  ‍സങ്കടത്തോടെ ഓര്‍ത്തു.

നഷ്ടബോധം വിങ്ങുന്ന മനസ്സുമായി എന്‍റെ എട്ടു വയസുകാരന്‍ മകനെ ചേര്‍ത്തുപിടിച്ചു അവന്‍റെ  അരികിലിരിക്കുമ്പോഴും ഒരിക്കലും മറക്കാനാവാത്ത   ആ ഓമനത്തം തുളുമ്പുന്ന മുഖവും  പ്രകാശം വിതറുന്ന കണ്ണുകളും എന്‍റെ ഓര്‍മ്മകളില്‍  മായിക്കാനാവാത്ത ഒരു മഴവില്ലായി  തിളങ്ങി  നിന്നിരുന്നു!!!!!!    



12 comments:

  1. നല്ല ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല

    ReplyDelete
    Replies
    1. വന്നു നോക്കിയതിനും അഭിപ്രായം എഴുതിയതിനും നന്ദി Raihana ഒത്തിരി സന്തോഷമായി..

      Delete
  2. നന്നായിട്ടുണ്ട്.പക്ഷെ ഫോണ്ട് സൈസ് ദയവ് ചെയ്ത് വലുതാക്കൂ...

    ReplyDelete
    Replies
    1. വളരെ നന്ദി മാഷേ ഫോണ്ട് പ്രശ്നം പരിഹരിക്കാം. പിന്നെ വല്ലപ്പോഴും ഈ കൂടാരത്തിലും
      ഒന്ന് കയറി നോക്കണേ..

      Delete
  3. ഫോണ്ട് സൈസ് വലുതാക്കൂ...

    ReplyDelete
  4. മുല്ല, കയറി നോക്കിയതിനു വളരെ നന്ദി. ഫോണ്ട് പ്രോബ്ലം ശരിയാക്കുന്നുണ്ട്.വായിക്കാന്‍
    പ്രയാസമായോ?

    ReplyDelete
  5. ചെറുസംഭവത്തെ നന്നായി വിവരിച്ചു. വായിക്കാന്‍ രസമുണ്ടായിരുന്നു.

    @@Krishnakumar & Mulla

    കണ്ട്രോള്‍ പ്രസ് ചെയ്തുകൊണ്ട് + കീ അടിച്ചാല്‍ സ്ക്രീന്‍ സൂം ഇന്‍ ചെയ്യാം. ഫോണ്ട് ചെറുതായാലും അങ്ങിനെ വായിക്കാം. (ഇന്നു കിട്ടിയ അറിവാണ് കേട്ടോ. ഇതുവരെ ഞാനും പല ബ്ലോഗിലും ഫോണ്ട് സൈസിനെപ്പറ്റി കമ്പ്ലെയിന്റ് പറഞ്ഞിരുന്നു.)

    ReplyDelete
    Replies
    1. നന്ദി മാഷേ,കയറി നോക്കിയതിനും അഭിപ്രായം എഴുതിയതിനും...

      Delete
  6. കുറച്ചു വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  7. നന്ദി ശ്രീ! വന്നു നോക്കിയതിലുള്ള സന്തോഷം അറിയിക്കട്ടെ!!!!

    ReplyDelete
  8. ഒരു കൊച്ചു കാര്യം. എന്നാല്‍, അത് നമ്മുടെ മനസ്സില്‍ നല്ല നിലക്കും, അല്ലാത്ത നിലക്കും ഒക്കെ പതിയുമ്പോള്‍, ആജീവനാന്തം അവിടെ കിടക്കും. ഇവിടെ ഒരു നല്ല സന്ദര്‍ഭം, ഒരു കൊച്ചുകുഞ്ഞുമായി കഴിഞ്ഞ സ്നേഹത്തില്‍ കുളിച്ച അവസരം, അത് കഴിഞ്ഞു അതിന്റെ ഒരു നഷ്ടബോധം - ഇതൊക്കെ ഒരു നല്ല മനസ്സിന്റെ ഉടമക്കേ ഓര്‍ക്കാനും അതേപടി പകര്‍ത്തി മറ്റുള്ളവരില്‍ അത് തോന്നിപ്പിക്കാനും കഴിയൂ. ഇത്രയും ഞാന്‍ ഈ ബ്ലോഗില്‍ നിന്ന് മനസ്സിലാക്കി. ഭാവുകങ്ങള്‍.
    http://drpmalankot0.blogspot.com

    ReplyDelete
  9. പ്രിയമുള്ള ഡോക്ടര്‍,
    ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ആദ്യമായി എഴുതിയ പോസ്റ്റ്‌ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം!!
    ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ആ കുരുന്നിന്റെ ഓമനത്തം തുളുമ്പുന്ന മുഖം എന്റെ കണ്മുന്‍പിലുണ്ട്!! നാളിതുവരെ നടത്തിയിട്ടുള്ള അനേകം ട്രെയിന്‍ യാത്രകളില്‍ ഞാന്‍ എന്നും നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്ന ഒരു അനുഭവം!! ഒരു മുന്പരിചയവും ഇല്ലാതിരുന്നിട്ടും ആ കുഞ്ഞ് എന്നോട് കാണിച്ച സ്നേഹവും വിശ്വാസവും, ചെറിയ കുഞ്ഞുങ്ങളെ പുതിയ ഒരു കാഴ്ചപ്പാടിലൂടെ കാണുവാന്‍ അവള്‍ എന്നെ പഠിപ്പിച്ചു!!! അതുകൊണ്ടുതന്നെ ഇന്നും കൊച്ചുകുഞ്ഞുങ്ങള്‍ എന്റെ ഒരു വലിയ ദൌര്‍ബല്യമായി തുടരുന്നു!!

    മറുപടി നീണ്ടു പോയി, നന്ദി ഡോക്ടര്‍....

    ReplyDelete