Monday, July 23, 2012

ഓര്‍മയില്‍ നിന്നും ഒരു പെണ്‍കുട്ടി




വര്‍ഷങ്ങള്‍ക്കു  മുന്‍പാണ്,  അധികം തിരക്കില്ലാത്ത  ഒരു  ദിവസം. ഓഫീസിലിരുന്നു  തലേ ദിവസം  വന്ന സാധനങ്ങളുടെ  ബില്ലുകള്‍, ഒന്നുകൂടി ചെക്ക് ചെയ്തു നോക്കുകയായിരുന്നു. അപ്പോഴാണ്‌ വാച്ച്മാന്‍ വന്നു പറഞ്ഞത്


'സാര്‍,  ഒരു  അമ്മയും  മകളും  സാറിനെ കാണാന്‍ കാത്തു നില്‍ക്കുന്നു..'


'വരാന്‍ പറയൂ'   ഞാന്‍ പറഞ്ഞു.


വാതില്‍ തുറന്നു  അവര്‍ അകത്തേക്ക്  കടന്നു വന്നു. ഒരു  നാല്‍പ്പതു വയസ്സ് തോന്നിക്കുന്ന ഒരു  അമ്മയും,  കൌമാരം  വിട  പറയാന്‍ വെമ്പുന്ന കണ്ണുകളോടുകൂടിയ,  ഒരു ഹാഫ്സാരിക്കാരി  പെണ്‍കുട്ടിയും...


'ഇരിക്കൂ'  ഞാന്‍  അവരോടു പറഞ്ഞു.


ആ അമ്മ മടിച്ചു മടിച്ചു, കസേരയുടെ വക്കില്‍  ഇരുപ്പുറപ്പിച്ച്കൊണ്ട് എന്നെ ഉറ്റുനോക്കി . പെണ്‍കുട്ടി ഇരിക്കാതെ അമ്മയുടെ പുറകില്‍  കസേരയില്‍  പിടിച്ചു നിന്നതേ ഉള്ളു.


'സാറേ ഞങ്ങള്‍  സാ റിനെ കാണാന്‍  വന്നത് ഇവള്‍ക്ക് ഒരു ജോലിക്ക് വേണ്ടിയാണ്.  മല്ലിക്കട നടത്തുന്ന ചെട്ടിയാര്‍  പറഞ്ഞിട്ട് വന്നതാണ് സാര്‍.' അവര്‍  പതിഞ്ഞ ശബ്ദത്തില്‍ പറയാന്‍ തുടങ്ങി..


ചെട്ടിയാരെ എനിക്ക് നേരത്തെതന്നെ അറിയാം. ചെട്ടിയാരുടെ അനുജന്റെ മകന്‍  എന്റെ സ്ഥാപനത്തില്‍ കുറേ നാള്‍ മുന്‍പ് ജോലി ചെയ്തിരുന്നു.


'അതിനു ഇവള്‍ക്ക് എന്ത് ജോലി അറിയാം?'  ഞാന്‍  ചോദിച്ചു.


'ഒന്നും അറിഞ്ഞുകൂടാ സാര്‍,  ചോല്ലിക്കൊടുത്താല്‍  എല്ലാം നന്നായി തന്നെ ചെയ്യും സാര്‍.'


അമ്മ പറഞ്ഞത് സമ്മതിക്കുന്ന ഭാവത്തില്‍  അവളും മെല്ലെ  തല കുലുക്കി.


പക്ഷെ അവരുടെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കാന്‍ എനിക്ക് അപ്പോള്‍  സാധിക്കുമായിരുന്നില്ല. കാരണം ആ സ്ഥാപനത്തില്‍  അതുവരെ ഒരു പെണ്‍കുട്ടി പോലും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല.

എന്റെ മുഖഭാവത്തില്‍നിന്നും, അവരും അതുതന്നെ ഊഹിച്ചെടുത്തു എന്ന് എനിക്ക് തോന്നി.


ആ അമ്മ അതോടെ കൂടുതല്‍  വാചാലയായി.  വിധവയായ അവര്‍  പല വീടുകളില്‍ പാത്രം കഴുകിയും, തുണികള്‍ നനച്ച്ചുകൊടുത്തും, അടിച്ചുതളിച്ചും ഒക്കെയാണ് കുടുംബം പോററുന്നത്. ഈ പെണ്‍കുട്ടിക്കെന്തെന്കിലും ഒരു ജോലിയായാല്‍  ആ കുടുംബം രക്ഷപെടുമെന്നും, കിട്ടുന്ന കാശ് ചേര്‍ത്ത് വച്ചു അവളെ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ അയക്കാമായിരുന്നെന്നും, അവര്‍ സങ്കടത്തോടെ എന്നോടു പറഞ്ഞു.


അവരുടെ സങ്കടം കണ്ടപ്പോള്‍  എനിക്കും വിഷമമായി .ഞാന്‍  ഒന്ന് ആലോചിച്ചു .പെണ്‍കുട്ടികള്‍  വര്‍ക്ക്‌ചെയ്യുന്ന സ്ഥാപനങ്ങള്‍  നടത്തുന്ന ഒന്നുരണ്ടു സുഹൃത്തുക്കളെ എനിക്ക് അറിയാം. അവരോടൊക്കെ ഒന്ന് ചോദിച്ചു നോക്കാം , ഞാന്‍  മനസ്സില്‍  ഉറപ്പിച്ചു കൊണ്ട് അവരോടു പറഞ്ഞു..


‘നിങ്ങള്‍  വിഷമിക്കാതെ, എനിക്ക് ഒരു  രണ്ടു ദിവസം സമയം  തരൂ, ഞാന്‍  വിവരം ചെട്ടിയാരെ വിളിച്ചു  അറിയിക്കാം. എല്ലാം ശരിയാകും. ഇപ്പോള്‍  പൊക്കോളൂ’ ഞാന്‍  പറഞ്ഞു നിര്‍ത്തി.


പ്രതീക്ഷ നിറഞ്ഞ മനസ്സുകളോടെ, ആ അമ്മയും മകളും പോകുന്നത്, ഞാന്‍  നോക്കി നിന്നു. തീര്‍ച്ചയായും, ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. ഞാന്  മനസ്സിലുറപ്പിച്ചു. അന്ന്
വൈകുന്നേരം തന്നെ ഞാന്‍  സ്നേഹിതരെ വിളിച്ചു കാര്യം അവതരിപ്പിച്ചു. പക്ഷെ നിര്‍ഭാഗ്യവശാല്‍,അവരുടെ കമ്പനികളിലും തല്‍ക്കാലം ഒഴിവൊന്നുമില്ലെന്നു പറഞ്ഞപ്പോള്‍  എനിക്ക് നിരാശയായി. അപ്പോഴാണ്‌, മറ്റൊരു സുഹൃത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന, ഒരു ചേച്ചിയെപ്പറ്റി ഓര്‍ത്തത്. ഒരു പക്ഷെ അവരോടു പറഞ്ഞാല്‍,  വേറെ എവിടെയെങ്കിലും, ഒന്ന്
തരപ്പെടുത്തിയാലോ?  എന്റെ ആലോചന, ആ വഴിക്കായി..


പിറ്റേ ദിവസം രാവിലെ തന്നെ, ഞാന്‍  അവരെ കണ്ടു വിഷയം സൂചിപ്പിച്ചു. ഭാഗ്യം തുണച്ചെന്നു  പറഞ്ഞാല്‍  മതിയല്ലോ, അവരുടെ അടുത്തു തന്നെയുള്ള ഒരു കമ്പനിയില്‍, ഒരു ജോലി ശരിയാക്കി കിട്ടി. മല്‍സ്യ ബന്ധനത്തിനുള്ള നൈലോണ്‍  വലകള്‍  ഉണ്ടാക്കുന്ന, ഒരു സ്ഥാപനമാണ് അത്. വലകള്‍  മെഷീനുകളിലാണു നെയ്തെടുക്കുന്നതെന്കിലും, നെയ്ത്തിനിടയില്‍,  ഇഴകള്‍  പൊട്ടിപ്പോകുമ്പോള്‍,  അവ കൂട്ടി യോജിപ്പിക്കുന്ന ജോലി ചെയ്യുന്നത്, കുറച്ചു പെണ്‍കുട്ടികളാണ്. അവരുടെ കൂട്ടത്തില്‍, ഇവള്ക്കും ജോലി ചെയ്യാം.

ഞാന്‍  അവര്‍ക്ക് നന്ദി പറഞ്ഞു,
ഉടന്‍തന്നെ ചെട്ടിയാരെ വിളിച്ചു വിവരം പറഞ്ഞു. നാളെത്തന്നെ ആ പെണ്‍കുട്ടിയോട്,  ജോലിയില്‍  പ്രവേശിക്കാനും പറഞ്ഞു. എന്റെ മനസ്സും ശാന്തമായി. പാവങ്ങള്‍! എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ!  അങ്ങനെയെങ്കിലും, എന്നെ തേടി വന്ന അവരെ സഹായിക്കാന്‍  കഴിഞ്ഞതില്‍, സന്തോഷവും തോന്നി..


ദിവസങ്ങള്‍  കഴിഞ്ഞതോടെ ആ സംഭവും, വിസ്മൃതിയിലാണ്ടു. ഞാന്‍  പിന്നെ അവരെപ്പറ്റി, ഓര്‍ത്തതേ ഇല്ല.


ആഴ്ച്ച്ചകള്‍ക്കു ശേഷം,നന്നേ തിരക്കുണ്ടായിരുന്ന ഒരു ദിനാന്ത്യത്തില്‍, തികച്ചും ക്ഷീണിതനായി, ഒടുവില്‍,  ‘കോള്‍  ഇറ്റ്‌ എ ഡേ’ എന്ന് പിറുപിറുത്തുകൊണ്ട്,  ഞാന്‍ ഓഫീസില്‍നിന്നും, വെളിയിലേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴാണ്‌ ഗേറ്റിനു വെളിയിലായി കാത്തു നിന്നിരുന്ന അവളെ, ഞാന്‍ കണ്ടത്. . അന്ന് ഞാന്‍  ജോലി വാങ്ങി കൊടുത്ത, ആ പെണ്‍കുട്ടി! അന്ന് കണ്ടതിലും, ഭംഗിയും തിളക്കവും ആ മുഖത്തിനുള്ളതായി, എനിക്ക് തോന്നി. അവള്‍  എന്നെ കാണാന്‍വേണ്ടി, കാത്തു നില്‍ക്കുകയായിരുന്നെന്നു എനിക്ക് മനസ്സിലായി.


‘എന്താ ഇവിടെ?’ ഞാന്‍  ചോദിച്ചു.


‘ഒന്നുമേ ഇല്ല സാര്‍, സാറേ കൊഞ്ചം പാര്‍ത്തിട്ടു പോകലാം എന്റു നിനൈത്തു    വന്തേന്‍ ’ അത് പറഞ്ഞുകൊണ്ട്, ഒരു കവര്‍  അവള്‍  എന്റെ നേര്‍ക്ക്  നീട്ടി.


‘എന്താ ഇത്?’ കവര്‍ കയ്യില്‍ വാങ്ങിക്കൊണ്ടു ഞാന്‍  ചോദിച്ചു.


‘നീങ്കളേ തിറന്തു പാരുങ്കോ സാര്‍’ അവള്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.


ഞാന്‍  ആ കവര്‍  സൂക്ഷിച്ചു നോക്കി. അവള്‍  ജോലി ചെയ്യുന്ന വല കമ്പനിയുടെ പേര് പ്രിന്റ് ചെയ്ത കവര്‍  ആയിരുന്നു അത്. കവര്‍  ഒട്ടിച്ചിരുന്നു. ഞാന്‍  അത് തുറന്നു നോക്കി. ഒരുപിടി നോട്ടുകള്‍! അധികം തുക
ഒന്നും ഇല്ലായിരുന്നു അത്. ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു..


‘എന്തിനാ ഇത് എന്റെ കയ്യില്‍ തന്നത്?’


മറുപടി പറയുമ്പോള്‍, അവളുടെ തിളക്കമാര്‍ന്ന  കണ്ണുകളില്‍  എന്നോടുള്ള സ്നേഹമോ, നന്ദിയോ, ബഹുമാനമോ ഒക്കെ എനിക്ക് വായിച്ചെടുക്കാമായിരുന്നു!!


‘എന്നുടൈയ മുതലാവത് ശമ്പളം താന്‍ സാര്‍ ഇതുക്കുള്ളൈ. ഇന്നൈക്ക് താന്‍ കിടൈച്ചത്. ഇത് സാറോടു  കയ്യിലെ താന്‍ കൊടുക്കണം എന്റ് എനക്ക് റൊമ്പ ആശൈയായിരുന്തേന്‍. ഇതുക്കുള്ളെ,  എവ്വളവ് പൈസ ഇരുക്കിറത് എന്റ് കൂടെ, എനക്ക് തെരിയലൈ, സാര്‍. ഇത് എപ്പടിയാവത്, സാറുക്കിട്ടെ കൊണ്ട് വന്ത് തരവേണ്ടും എന്റ്, എന്നുടൈയ ചിന്ന മനസ്സ് ചൊന്നതു. അതുക്ക് താന്‍ ഓടി വന്തേന്‍ ...’  അവള്‍  ഒറ്റ ശ്വാസത്തില്‍  പറഞ്ഞു നിര്‍ത്തി.


എനിക്ക് ആ പഠിപ്പും പത്രാസും ഒന്നുമില്ലാത്ത, നിഷ്കളങ്കയായ,  ആ സാധു തമിഴ്കുട്ടിയോട് ഒരുപാട്  ബഹുമാനം തോന്നി.
അവളുടെ ആത്മാര്‍ഥത നിറഞ്ഞ  ആ പ്രവര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വളരെ അപൂര്‍വമായി മാത്രം കാണുന്ന നന്മയുടെ മറ്റൊരു മുഖം!  ഞാന്‍വേഗം തന്നെ എന്റെ പെഴ്സ് തുറന്നു കുറച്ചു നോട്ടുകള്‍  വലിച്ചെടുത്തു ആ കവറിലുള്ള നോട്ടുകള്‍ക്കൊപ്പം വച്ചിട്ട് അവളോട്‌ പറഞ്ഞു.


‘നോക്കൂ, ഈ കിട്ടിയ തുക, നിന്റെ അമ്മയുടെ കയ്യില്‍  കൊണ്ടുപോയി കൊടുത്ത്, അവരുടെ ആശീര്‍വാദം വാങ്ങണം. പിന്നെ, ഞാന്‍  തന്ന രൂപ കൊണ്ട്,  നിനക്കു കുറച്ചു നല്ല വസ്ത്രങ്ങള്‍ വാങ്ങണം .നിനക്ക് ദിവസവും ജോലിക്ക്  പോകുന്നതിനും ഒക്കെ കുറച്ചു നല്ല വേഷങ്ങളൊക്കെ വേണ്ടേ?’


അവള്‍ ലജ്ജ കലര്‍ന്ന ചിരിയോടെ  തല കുലുക്കുമ്പോള്‍,രണ്ടായി പിന്നി മുന്പിലേക്കായി ഇട്ടിരുന്ന അവളുടെ മുടിപ്പിന്നലുകളും , ഒപ്പം ഇളകുന്നത് കൌതുകത്തോടെ ഞാന്‍  നോക്കി നിന്നു !!


അവളെ യാത്രയാക്കി, വീട്ടിലേക്കു പോകുന്ന വഴിയിലുടനീളം, എന്റെ മനസ്സില്‍, ആ സാധു പെണ്‍കുട്ടിയുടെ സന്തോഷം തുളുമ്പുന്ന മുഖമായിരുന്നു. ഒപ്പം ഇതുപോലെ ദിവസവും, ആര്‍ക്കെങ്കിലുമൊക്കെ കൊച്ചു കൊച്ചു  സന്തോഷങ്ങള്‍, പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, നമ്മുടെയൊക്കെ ജീവിതങ്ങള്‍ എത്ര മനോഹരവും സുന്ദരവുമാകുമായിരുന്നു എന്ന്, വെറുതെ എങ്കിലും ഞാന്‍  ഓര്‍ത്തുപോയി!!!       

6 comments:

  1. ഇതുപോലെ ദിവസവും, ആര്‍ക്കെങ്കിലുമൊക്കെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, നമ്മുടെയൊക്കെ ജീവിതങ്ങള്‍ എത്ര മനോഹരവും സുന്ദരവുമാകുമായിരുന്നു.............

    സത്യം

    Even a smile is a charity

    ReplyDelete
    Replies
    1. നന്ദി മാഷേ, സമാനമോ അതിലധികമോ ആയ ഒരു വലിയ മനസ്സാനുള്ളതെന്നു മാഷിന്റെ ബ്ലോഗുകളില്‍ നിന്ന് മനസിലാക്കുന്നു...

      Delete
  2. ആ പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കത, ഇത് എഴുതിയ ആളുടെ നല്ല മനസ്സ് എല്ലാം ക്ഷണനേരം മനസ്സില്‍ കണ്ടു. മനസ്സില്‍ നന്മയുള്ളവര്‍............. എല്ലാം ഇതിലുണ്ട്. ഒന്ന് വിപരീതമായി ചിന്തിച്ചു നോക്കിയാല്‍.... ഇങ്ങിനെ അല്ലാത്തവര്‍ ഈ ജീവിതം പാഴാക്കിക്കളയുകയല്ലേ?
    http://drpmalankot0.blogspot.com

    ReplyDelete
  3. പ്രിയമുള്ള ഡോക്ടര്‍,
    ഒരുപാട് പഴയതാണെങ്കിലും ഈ പോസ്റ്റ്‌ വായിക്കാനും ഒത്തിരി നല്ല വാക്കുകള്‍ ഇവിടെ എഴുതാനും കാണിക്കുന്ന ഈ വലിയ മനസ്സിന് നന്ദി! എഴുതാനിരിക്കുമ്പോള്‍, ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഈ മാതിരി സംഭവങ്ങളൊക്കെ മനസ്സില്‍ കടന്നു വരും. വായിക്കുന്നവര്‍ ചുരുക്കം പേരാണെങ്കിലും, അവ ഇവിടെ പകര്‍ത്തി വയ്ക്കുമ്പോള്‍, മനസ്സില്‍ വലിയ സന്തോഷം തോന്നും!!
    (ഒരു സത്യം പറഞ്ഞോട്ടെ ഡോക്ടര്‍, നിങ്ങളുടെയൊക്കെ ഈ പ്രോല്‍സാഹനമാണ് എന്നെ ഈ എഴുത്തുകള്‍ തുടരാന്‍ നിര്‍ബന്ധിതനാക്കുന്നതും......)

    ReplyDelete
  4. അതുതന്നെയാണ് എന്റെയും കാര്യം, മോഹന്‍. മനസ്സിലുള്ളത് കുറിച്ചിടും. പലരും പലതും വായിക്കും, പലതും ഇല്ല. എന്നിരിക്കിലും, നാം നമ്മുടെ മനസ്സ് പറയുന്നത് പ്രകാരം ചെയ്യുന്നു. വായിക്കാന്‍ എത്തുന്നവര്‍ ''അത് വേണ്ട'' എന്ന് വിചാരിച്ചിട്ടാവില്ല - സമയവും സൌകര്യവും എല്ലാം എല്ലാവര്ക്കും ഒത്തുകിട്ടുകയും വേണമല്ലോ എന്ന് വിചാരിച്ചാല്‍ മതി.

    ReplyDelete
  5. താങ്കളുടെ ആത്മാര്‍ഥമായ അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി ഡോക്ടര്‍.

    മോഹന്‍

    ReplyDelete