Saturday, July 28, 2012

ഒരു നഷ്ടബാല്യത്തിന്റെ വിലാപങ്ങളിലൂടെ..



ഗള്‍ഫില്‍  ഞാന്‍ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍, ഒന്നോ രണ്ടോ ഇന്ത്യാക്കാരും പാകിസ്ഥാനികളുമൊഴികെ,  ബാക്കി വരുന്ന ഭൂരിഭാഗം തൊഴിലാളികളും, ബംഗ്ലാദേശ് സ്വദേശികളായിരുന്നു. ജോലിയുടെ സ്വഭാവമനുസരിച്ച് ഇവരില്‍ പലരുമായും, മിക്ക സമയങ്ങളിലും വളരെ അടുത്തു ഇടപഴകേണ്ടിയും വന്നിട്ടുണ്ട്.  അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഒട്ടു മിക്ക ഗള്‍ഫ്‌ജോലിക്കാരേപ്പോലെ , തങ്ങളുടെ വീടിനെപ്പറ്റിയും, വീട്ടിലുള്ളവരെപ്പറ്റിയും ചിന്തിച്ചു, വളരെ ഭാരത്തോടെയാണ് ഓരോ ദിവസവും ഇവരില്‍പലരും തള്ളിനീക്കുന്നത്, എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. പ്രത്യേകിച്ചു അവരുടെയൊക്കെ സ്വകാര്യ ദുഃഖങ്ങള്‍ക്ക്, എപ്പോഴും കാതു കൊടുക്കാനുള്ള ഒരു മനസ്സുള്ളതുകൊണ്ട്,  ഇവരുടെ വീട്ടിലുണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഒഴിവു സമയങ്ങളില്‍  എന്റെ അടുത്തു വന്നു പറഞ്ഞു ആശ്വസിക്കുന്നവരും ഏറെ ഉണ്ടായിരുന്നു.

ഇവരുടെ കൂട്ടത്തിലായിരുന്നു അരുണ്‍ എന്ന പേരുള്ള ആ ചെറുപ്പക്കാരനും.  ജോലിയില്‍ വളരെ സമര്‍ത്ഥനായ ഒരു ബംഗാളിയായിരുന്നു അരുണ്‍.  ഞാന്‍  വരച്ചു,  ഡിസൈന്‍ചെയ്തു കൊടുക്കുന്ന ഏതു പ്രയാസമുള്ള പ്രോജക്റ്റും,  ഞാന്‍  ഉദ്ദേശിച്ചതിലും ഭംഗിയായി നിര്‍മ്മിച്ചെടുക്കുന്നതില്‍  അപാര കഴിവായിരുന്നു,  അരുണിന്.  അതുകൊണ്ടുതന്നെ ഒരു എന്‍ജിനീയര്‍-  ഫാബ്രിക്കേറ്റര്‍  ബന്ധത്തിന്നുപരി ഞങ്ങള്‍ക്കിടയില്‍  ഒരു നല്ല വ്യക്തിഗത ബന്ധം തന്നെ വളര്‍ന്നു വന്നിരുന്നു.  എന്തിനേറെ പറയുന്നു,  അവന്റെ ആദ്യത്തെ കുഞ്ഞിന്റെ നാമകരണം വരെ, അവന്റെ ആവശ്യപ്രകാരം, ഞാന്‍  നിര്‍ദേശിച്ച ഒരു പേരിട്ടുകൊണ്ടായിരുന്നു!!

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ നിലവരെ എത്തിച്ചേരുന്നതിനുള്ളില്‍ അവന്‍അനുഭവിച്ചു തീര്‍ത്ത കഷ്ടതകളും പ്രയാസങ്ങളും, ഒരിക്കലും അവനു മറക്കാന്‍ പറ്റുന്നവയായിരുന്നില്ല. സാമാന്യം സമ്പത്തുള്ള, ഒരു ഇടത്തരം കുടുംബത്തില്‍ജനിച്ചു വളര്‍ന്ന എനിക്ക്, ബാല്യത്തില്‍ എന്റെ പ്രായത്തില്‍ അവന്‍  അനുഭവിച്ച അപമാനങ്ങളും  വിഷമങ്ങളും കേട്ടറിഞ്ഞപ്പോള്‍, എന്റെ  മനസ്സിന് അത് വളരെ പ്രയാസം ഉണ്ടാക്കി..  

അരുണിന്റെ ബാപ്പ അവന്റെ ഉമ്മയെയും കുഞ്ഞനുജനെയും ഉപേക്ഷിച്ചു  മറ്റൊരുത്തിയോടൊപ്പം എന്നേക്കുമായി പടിയിറങ്ങിയപ്പോള്‍,  അവന്‍  രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.  ബാപ്പയുടെ വീടിനു അവകാശം പറഞ്ഞു ബന്ധുക്കള്‍ എത്തിയപ്പോള്‍,  കയ്യില്‍ വച്ചുകൊടുത്ത ഒരു പിടി നോട്ടുകളുമായി,  രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ കൈക്ക് പിടിച്ചു ആ ഉമ്മയ്ക് വീടുപേക്ഷിച്ച് തന്റെ സഹോദരങ്ങളുടെ അടുത്തേക്ക്‌ അഭയം തേടി  ചെല്ലേണ്ടിവന്നു.  കല്യാണം കഴിപ്പിച്ചു വിട്ട സഹോദരി പ്രാരാബ്ദങ്ങളുമായി വീണ്ടും വീട്ടില്‍കയറി വന്നത് സഹോദരങ്ങളുടെ ഭാര്യമാര്‍ക്ക് പിടിച്ചില്ല. അവരുടെ ശക്തമായ എതിര്‍പ്പ് കാരണം ഒടുവില്‍ അടുത്തു തന്നെ ഒരു വാടക വീട്ടില്‍ അവര്‍ക്ക് ജീവിതം ആരംഭിക്കേണ്ടി വന്നു.

കൈയ്യിലുള്ള കാശൊക്കെ തീര്ന്നുതുടങ്ങിയപ്പോഴാണ്, ജീവിതത്തിന്റെ പരുക്കന്‍ യാധാര്ത്യങ്ങള്‍ ഇത്രമാത്രം രൂക്ഷമാണെന്നവര്‍ക്ക് മനസ്സിലായത്‌. സഹായിക്കാനാരുമില്ലാത്ത ആ അവസ്ഥയില്‍, ആ ഉമ്മ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണത്തിനു പോലും നിവൃത്തിയില്ലാതെ പകച്ചു നിന്നു. ഇരന്നു ഭക്ഷിപ്പാന്‍ ആത്മാഭിമാനം സമ്മതിക്കാത്തതിനാല്‍  ഒരു ജീവിതമാര്‍ഗം തേടി ആ ഉമ്മ ഒരുപാട് അലഞ്ഞു.

ഒടുവിലാണ്, ചാണകവും വൈക്കോലും കൂടി കുഴച്ചു, ഒരു തരം എരിപൊരുള്‍ (ക്ഷമിക്കണം, ഈ വാക്കിന്റെ മലയാള പദം എനിക്ക് അറിഞ്ഞുകൂടാ) ഉണ്ടാക്കി വില്‍ക്കാനുള്ള ശ്രമത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. റാട്ടി എന്ന പേരില്‍അറിയപ്പെടുന്ന ഈ സാധനം ഞാന്‍  തമിഴ്നാട്ടില്‍  താമസിച്ചപ്പോഴെല്ലാം അവിടെയുള്ള പാവങ്ങള്‍  ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്. അതോടുകൂടി പഠനം നിര്‍ത്തിയ ആ ചെറിയ ബാലന്റെ തലയില്‍ ഒരു കൂന ചുമതലകള്‍ കൂടി വന്നു വീണു. അതിരാവിലെ തന്നെ ഒരു കുട്ടയുമെടുത്തു, വീട് വീടായി കയറി ഇറങ്ങി, പശുവുള്ള വീടുകളില്‍നിന്നൊക്കെ, ചാണകം ശേഖരിക്കുക. കുട്ട നിറഞ്ഞു കഴിഞ്ഞാല്‍ അവനു തിരികെ കുടിലിലേക്ക് വരാം. ഉമ്മ അപ്പോള്‍ കൊടുക്കുന്ന കഞ്ഞിവെള്ളത്തില്‍  ഏതാനും വറ്റുകള്‍കൂടിയുണ്ടെങ്കില്‍  അവനു നല്ല സന്തോഷമാവും. അത് കഴിച്ചാലുടനെ, അവനു ഉമ്മയെ സഹായിക്കാന്‍ വീണ്ടും ഇറങ്ങണം.. വൈക്കോല്‍ ചേര്‍ത്തു കുഴച്ച ചാണകം ഉരുളകളാക്കി, ചുവരില്‍ വൃത്താകൃതിയില്‍ പരത്തി ഒട്ടിക്കണം. അത് ഉണങ്ങിയ ശേഷം ഇളക്കി എടുത്താല്‍, ഒന്നാം തരം ഒരു വിറകുപോരുളായി! .

ഉമ്മ, അടുക്കി കുട്ടയിലാക്കി വച്ചു കൊടുക്കുന്ന ഈ വിറകുപോരുള്‍, കടകളില്‍കൊണ്ട് വില്‍ക്കുന്ന ചുമതലയും, ആ ബാലന്‍ തന്നെ ചെയ്യണം. ഇങ്ങനെ ചാണകം ശേഖരിച്ചു കൊണ്ടുവരുന്ന യാത്രകളിലാണ് എന്നെ ഒത്തിരി വേദനിപ്പിച്ച ആ അനുഭവം അവന്‍ ഏന്നോട് പറഞ്ഞത്.

തലയില്‍ ഭാരമുള്ള ചുമടുമായി, ആ എട്ടുവയസ്സുകാരന്‍ നടന്നു പോയിരുന്നത് ഒരു സ്കൂളിന്റെ മൈതാനത്തില്‍ കൂടിയാണ്. അവിടെയെത്തിയാല്‍  അവന്‍  ആ കുട്ട തലയില്‍നിന്നും താഴത്തിറക്കി വെക്കും. അവന്റെ ദൃഷ്ടികള്‍, മൈതാനത്തില്‍ കളിക്കുന്ന അവന്റെ സമപ്രായക്കാരായ കുട്ടികളിലാണ്. എന്ത് ഭാഗ്യം ചെയ്ത കുട്ടികള്‍! നല്ല നല്ല വേഷങ്ങള്‍ധരിച്ചു, ഭംഗിയുള്ള ഷൂസുകളണിഞ്ഞ അവര്‍, പന്തിനു പുറകെ ഓടുന്നത്, അവന്‍ ആര്‍ത്തിയോടെ നോക്കി നില്കും. അവന്റെ അടുത്തുകൂടിയെങ്ങാനും ആ പന്ത് ഉരുണ്ടു വന്നാല്‍പോലും, കീറിയ ഉടുപ്പുമിട്ടു ചാണക കുട്ടയുമേന്തി നില്‍ക്കുന്ന ആ ബാലനെ, അവരൊന്നും കണ്ടില്ലെന്നു നടിക്കും. അഥവാ ശ്രദ്ധിച്ചാല്‍തന്നെ, അറപ്പോടുകൂടി അവന്റെ അടുത്തു നിന്നും ഓടി അകലാന്‍, അവര്‍ തിടുക്കം കാട്ടും. അപ്പോഴോക്കെ  കണ്‍കോണുകളില്‍ ഊറിക്കൂടുന്ന നനവിനെ വകവയ്ക്കാതെ, അവര്‍ അടിക്കുന്ന ഗോളിനോപ്പം, അവനും കൈകൊട്ടി, അവര്‍ക്കൊപ്പം സന്തോഷിക്കും. (നിര്‍വികാരനായി, അവന്‍ എന്നോട് ഇത് പറയുമ്പോള്‍, സത്യത്തില്‍ എന്റെ ഹൃദയം വിങ്ങുകയായിരുന്നു!)

പെട്ടെന്ന് ഓര്‍മ്മ വന്നിട്ടെന്നവണ്ണം, അവന്‍ ആ കുട്ട വീണ്ടും തലയില്‍ തന്നെ വച്ചു കര്മനിരതനാകുന്നു. കുട്ടയും തലയിലേന്തി, അടുത്ത വീട്ടിലേക്ക്, അവന്‍  ആ കുട്ടികളെ,
തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി നടക്കുമ്പോള്‍, തനിക്ക് നഷ്ടപ്പെട്ടു പോകുന്ന തന്റെ ബാല്യത്തെപ്പറ്റി ചിന്തിക്കാന്‍, അവന്റെ കുഞ്ഞു മനസ്സിന് കഴിഞ്ഞിട്ടുണ്ടാവുമോ?.....     


                                                                                                                                                          




2 comments:

  1. ബാല്യത്തില്‍ തന്നെ നുകം ചുമന്നു തുടങ്ങിയവന്‍.
    എത്രയെത്ര ബാല്യങ്ങള്‍...ഇങ്ങനെ

    ReplyDelete
    Replies
    1. നാട്ടിലെ സ്ഥിതി എത്രയോ ഭേദം, ഇല്ലേ മാഷേ...

      Delete