Wednesday, August 1, 2012

ഒരു തിരിച്ചു വരവിന്റെ കഥവളരെ ചെറുപ്പം മുതലേ വളര്‍ത്തു മൃഗങ്ങളോടും പക്ഷികളോടും, എനിക്ക് പ്രത്യേകമായ ഒരു ഇഷ്ടം തോന്നിയിരുന്നു.  ഓര്‍മ്മ വച്ച നാള്‍മുതല്‍, വീട്ടില്‍ ഇവയൊക്കെ എപ്പോഴും ഉണ്ടായിരുന്നു എന്നുള്ളതും, ഇതിനൊരു കാരണം ആകാം. എന്നിരുന്നാലുംഇവറ്റകളെ അകാരണമായി ഉപദ്രവിക്കുന്നവരോടും, കൊല്ലുന്നവരോടുമൊക്കെ, എനിക്ക് അന്നൊക്കെ തീര്‍ത്താല്‍തീരാത്ത ദേഷ്യം തോന്നുമായിരുന്നു.  ഭക്ഷണാവശ്യത്തിനുള്ള ഇറച്ചിക്ക് വേണ്ടി, വളര്‍ത്തുന്ന ഒരു കോഴിയെ കൊല്ലുന്നിടത്തു പോലും, സമപ്രായക്കാരായ കുട്ടികളോടൊപ്പം, അതു കണ്ടു നില്‍ക്കുവാന് ‍ഞാന് ‍ഉണ്ടാവില്ല എന്നുള്ളതായിരുന്നു സത്യം! 

വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായി,  സ്കൂളില്‍പോയി തുടങ്ങിയ ഒരു മകനുമായപ്പോഴാണു,  വീണ്ടും, ഒരു പട്ടിയെയോ പൂച്ചയെയോ വളര്‍ത്തിയാല്‍കൊള്ളാം എന്നുള്ള ആഗ്രഹം, കലശലായി എനിക്ക്  തോന്നിത്തുടങ്ങിയത്.  അതുവരെ ഇതൊന്നും നടക്കാതിരുന്നത്, ഭാര്യയ്ക്ക് ഇതിനോടൊന്നും ഒട്ടും താത്പര്യം ഇല്ലായിരുന്നു, എന്നുള്ള ഒരു കാരണം കൊണ്ടു കൂടിയായിരുന്നു.  'നിങ്ങള്‍  ഇവിടെ ഉള്ളപ്പോള്‍  ഒരു പട്ടിയുടെ ആവശ്യം നമുക്കുണ്ടോ?'   എന്നുള്ള അവളുടെ ആ ചോദ്യം, എന്നെ ഒന്ന് ആക്കിയതാണെന്നു മനസ്സിലാക്കികൊണ്ട് തന്നെ ഒട്ടും വിട്ടുകൊടുക്കാതെ ഞാനും പറയുമായിരുന്നു, 'നിന്‍റെ സ്വന്തം ആള്‍ക്കാരുടെ കൂടെ താമസിക്കുന്നതു, നിനക്കും വളരെ സന്തോഷമാണെന്ന്, നീ തന്നെയല്ലേ എപ്പോഴും എന്നോട് പറഞ്ഞുകൊണ്ടിരുന്നത്'  എന്ന്. മുഖം കൊണ്ട് എന്നെ ഒരു ഗോഷ്ടി കാണിച്ചിട്ട്, ചെറു ചിരിയോടെ അടുക്കളയിലേക്കു വലിയുന്ന അവളുടെ സമ്മതം ഏതാണ്ട് ഉറപ്പായി എന്ന് എനിക്കും അപ്പോള് ‍മനസ്സിലായിക്കഴിഞ്ഞിരുന്നു!!!. 

അങ്ങനെ, ഒരു പട്ടിക്കുഞ്ഞിനെ വിലകൊടുത്തു വാങ്ങാം എന്നുള്ള തീരുമാനം എടുത്ത അന്ന് സന്ധ്യക്ക്തന്നെ മറ്റൊരു അത്ഭുതം സംഭവിച്ചു! ഞാന് ‍രാത്രി ഗെയ്റ്റ് പൂട്ടാനായി വെളിയിലേക്കിറങ്ങിയതായിരുന്നു. അപ്പോഴാണ്‌ ഗെയ്റ്റിനു വെളിയിലായി ഒരു നേര്‍ത്ത കരച്ചില്‍ശബ്ദം കേട്ടത്. ഞാന്‍  ഗേയ്റ്റ് മെല്ലെ തുറന്നു നോക്കുമ്പോള്‍, ഒരു കുഞ്ഞു പൂച്ചക്കുഞ്ഞ്, വളരെ നേര്‍ത്ത ശബ്ദത്തില്‍, എന്റെ മുഖത്തേക്ക് നോക്കി കരയുന്നതാണ് കണ്ടത്. . പ്രസവിച്ചു അഞ്ചോ ആറോ ദിവസമായി കാണും എന്ന് എനിക്ക് തോന്നി. വെളുപ്പും കറുപ്പും കലര്‍ന്ന നിറമുള്ള അതിന്റെ കരച്ചിലിനു കാരണം വിശപ്പാണെന്നും, ആരോ രാത്രിയുടെ മറവില്‍  അതിനെ അവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്നും, എനിക്ക് മനസ്സിലായി. അതിന്റെ അപ്പോഴത്തെ നിസ്സഹായവസ്ഥ, എന്നില്‍  വളരെ സങ്കടം ഉണ്ടാക്കി. ആ തണുപ്പിലും ഇരുട്ടിലും, അതിനെ അങ്ങനെ ഉപേക്ഷിച്ചു പോരാന്‍, എന്നിലെ മൃഗസ്നേഹി കൂട്ടാക്കാഞ്ഞതിനാല്‍, എന്തും വരട്ടെ എന്ന് കരുതി, ഞാന്‍ അതിനെ രണ്ടു കൈകളാലും വാരിയെടുത്തു, വീട്ടിനകത്തേക്ക് കൊണ്ടുവന്നു. 

പൂച്ചക്കുഞ്ഞിനെ കണ്ടപ്പോള്‍  മകന്‍റെ മുഖത്തുണ്ടായ സന്തോഷം, ഭാര്യയുടെ മുഖത്തില്‍  കാണാനുണ്ടായിരുന്നില്ല എന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു!!

'എടീ സന്ധ്യക്ക് പൂച്ച വീട്ടില്‍ കയറി വരുന്നത് ഐശ്വര്യത്തിന്‍റെ ലക്ഷണമാണെന്ന്, പണ്ടുള്ളവര്‍  പറയുന്നത്, നീ കേട്ടിട്ടില്ലേ?
'
ഞാന്‍ മുഖത്ത്  ഒരു വലിയ ചിരി വരുത്തിക്കൊണ്ട്, വെറുതെ ഒരു തട്ട് തട്ടിവിട്ടു!. ഒത്താല്‍  ഒക്കട്ടെ! പണ്ട് ആരാ എന്താ, പറഞ്ഞതെന്നൊക്കെ ആര്‍ക്കറിയാം!

അവളുടെ മുഖഭാവത്തില്‍നിന്നും ആ തട്ട് ഏറ്റിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. പണ്ട് ആര് എന്ത് പറഞ്ഞിരുന്നാലും, ആ പറഞ്ഞവനെ ഞാന്‍  മനസ്സാ നമിച്ചു!

പിന്നെ എല്ലാം എളുപ്പമായിരുന്നു. ദിവസങ്ങള്‍ക്കകം മകന്‍ ‍റ്റോമി  എന്ന് പേരിട്ട ആ പൂച്ചക്കുഞ്ഞ്, എല്ലാവരുടെയും ഓമനയായി.  ഞാന്‍ ‍ഓഫീസില്‍നിന്നും വരുമ്പോള്‍, എന്നെ സ്വീകരിക്കാനുള്ളവരുടെ കൂട്ടത്തില്‍, റ്റോമിയും  മുന്‍പന്തിയില്‍തന്നെ ഉണ്ടാവും! 

മാസങ്ങള്‍  കടന്നുപോയിക്കൊണ്ടിരുന്നു.  ആദ്യമൊക്കെ ശാന്തനായിരുന്ന റ്റോമി, പിന്നെ  പിന്നെ  വെളിയിലോക്കെ  പോയി, വേലിയില്‍ ഇരിക്കുന്ന ഓന്തിനേയും  കിളികളേയുമൊക്കെ, പകുതി ചത്ത  നിലയില്‍, വീട്ടിനുള്ളിലെ കട്ടിലിന്റെ ചുവട്ടിലുമൊക്കെ, കൊണ്ടുവന്നിടാന്‍  തുടങ്ങി. ഇത് ഒരു ശല്യമായി  കരുതിയ  ഭാര്യ, ഇതിനെ  എവിടെയെങ്കിലും കൊണ്ടുപോയി കളയണം  എന്നുള്ള പല്ലവി  ആവര്‍ത്തിക്കാന്‍തുടങ്ങിയതോടെ, ഞാനും വിഷമവൃത്തത്തിലായി. തള്ളാനും കൊള്ളാനും വയ്യാത്ത ഒരു അവസ്ഥ! 

ഒടുവില്‍ഒരു ദിവസം കാര്‍സ്റ്റാര്‍ട്ട്‌ചെയ്തു നീങ്ങാന്‍തുടങ്ങുമ്പോള്‍  ആണ് ഭാര്യ പറയുന്നത്..

'ദേ ഞാനാ പൂച്ചയെ ഒരു ചാക്കിലാക്കി  ഡിക്കിയില്‍  വച്ചിട്ടുണ്ട്. ഓഫീസില്‍പോകുന്ന പോക്കില്‍  അതിനെ  ആ റെയില്‍വേ ലൈനിന്റെ  അപ്പുറത്തെ മൈതാനത്ത് എങ്ങാനും ഇറക്കി വിട്ടേര്'

ഭാര്യയുടെ കര്‍ശന ഉത്തരവ് കേട്ടതും ഞാനൊന്ന് ഞെട്ടി. ഒപ്പം, ഞാനറിയാതെ, അതിനെ നേരത്തെതന്നെ ഡിക്കിക്കുള്ളിലാക്കിയ അവളുടെ ബുദ്ധിയെപ്പറ്റി, മതിപ്പും തോന്നി.  ആ സാധു ജീവിയെ, ഇത്ര വേഗം ഉപേക്ഷിക്കേണ്ടിവരുമെന്നു ഞാനും പ്രതീക്ഷിച്ചില്ല . ഉപേക്ഷിക്കാതെ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍, അറിയാതെ കാല്‍  ആക്സലറേറ്ററില്‍  വേഗത്തില്‍  അമര്‍ന്നു!

ഈ പറഞ്ഞ റെയില്‍വേ ഗേറ്റിലേക്ക്, ദൂരം കുറേ ഉണ്ട്. അത് കടന്നുള്ള മൈതാനമെത്തിയപ്പോള്‍ ഞാന് ‍വണ്ടി നിര്‍ത്തി, ഇറങ്ങി ഡിക്കി തുറന്നു ചാക്ക്  വെളിയില്‍  എടുത്തു.  അങ്ങും ഇങ്ങും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി, മനസ്സില്ലാമനസ്സോടെ, ആ പൂച്ചയെ തുറന്നു വിട്ടു.  തുറന്നു വിട്ടതും, പൂച്ച ഒറ്റ കുതിപ്പിന് അടുത്തു കണ്ട ഒരു കുറ്റിക്കാട്ടിനുള്ളില്‍കയറിപ്പറ്റി.  അവിടെ ഇരുന്നു അത് എന്നെ നോക്കിയ നോട്ടം, ഇന്നും ഞാന്‍  മറന്നിട്ടില്ല! 

'അധികം സെന്റിമെന്റ്സ് ഒന്നും പാടില്ല',  ഞാന്‍എന്നോടുതന്നെ പറഞ്ഞുകൊണ്ട് വേഗം കാറില്‍കയറി, അവിടെ നിന്നും നീങ്ങി. അപ്പോഴും റ്റോമിയുടെ കണ്ണുകള്‍, രണ്ടു  വജ്രസൂചികള്‍പോലെ എന്നെ പിന്തുടരുന്നത്, എനിക്ക് സൈഡ്മിററില്‍കൂടി കാണാമായിരുന്നു!

രണ്ടാഴ്ച്ചകള്‍കടന്നുപോയത് എത്ര വേഗത്തിലായിരുന്നു!!  എങ്കിലും റ്റോമിയെപ്പറ്റിയുള്ള നല്ല ഓര്‍മ്മകള്‍,  എന്റെയും മകന്റെയും മനസ്സുകളില്‍നിന്നും, അത്ര എളുപ്പത്തിലൊന്നും  മാഞ്ഞുപോകുന്നതായിരുന്നില്ല..

പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നതിനാല്‍, നന്നേ താമസിച്ചാണ് ഞാന്‍ ‍എഴുന്നേറ്റത്. പത്രവുമെടുത്തു,  ഭാര്യ തന്ന കാപ്പിയുമായി,  ഞാന്‍ വരാന്തയിലുള്ള പതിവ് ഇരിപ്പിടത്തില്‍   ‍ഇരുന്നതേയുള്ളൂ,  ഒരു പരിചയമുള്ള കരച്ചില്‍   ഗേറ്റിനപ്പുറത്തായി  കേള്‍ക്കുന്നതായി എനിക്ക്  തോന്നി! ഞാന്‍  ചാടിയെഴുന്നേറ്റു ഗേറ്റ് തുറന്നു നോക്കി.  അതാ അവിടെ,  മെലിഞ്ഞുണങ്ങിയ കോലത്തില്‍,  ഒരിക്കല്‍ഞങ്ങളുടെയൊക്കെ അരുമയായിരുന്ന,  ഞാന്‍എന്നെന്നേക്കുമായി ഉപേക്ഷിച്ചു കളഞ്ഞ, ഞങ്ങളുടെ റ്റോമി!  അതിന്റെ പുറത്തൊക്കെ ആരോ ഉപദ്രവിച്ചതിന്റെ കുറെയേറെ പാടുകള്‍!  പാവം!  കഴിഞ്ഞ രണ്ടാഴ്ചകള്‍കൊണ്ട് അത് എന്തുമാത്രം കഷ്ടതകള്‍    അനുഭവിച്ചു കാണും!   ഒടുവില്‍റെയിവേലൈനുകളും  റോഡുകളുമൊക്കെ,  സുരക്ഷിതമായി തന്നെ ക്രോസ്സ് ചെയ്തു,  ഇത്രയും ദൂരം താണ്ടി, അതിനെ ഒരിക്കല്‍  സ്നേഹിച്ചിരുന്ന ആളുകള്‍   ‍താമസിച്ചിരുന്ന വീട് തേടി,  അത് കണ്ടുപിടിച്ചിരിക്കുന്നു!  അതിന്റെ ബുദ്ധിയും മനസ്സിനുള്ളിലെ  തളരാത്ത നിശ്ചയദാര്‍ടൃവും  എന്നിലെ മനുഷ്യമനസ്സിന്റെ ശക്തി കേന്ദ്രങ്ങളെപ്പോലും   ചെറുതാക്കിക്കളഞ്ഞതുപോലെ, എനിക്ക് അപ്പോള്‍   ‍തോന്നി.

ഇരുകൈകളാലും, വീണ്ടും ഒരിക്കല്‍ക്കൂടി അതിനെ വാരിയെടുത്തു വീട്ടിലേക്കു നടക്കുമ്പോള്‍,  എല്ലാ പകയും വിദ്വേഷവും മറന്നു,  പര്‍ര്‍ര്‍.. എന്നുള്ള അതിന്റെ കുറുകുറു ശബ്ദത്തോടൊപ്പം, തല കൊണ്ട് അത് എന്റെ മുഖം മുഴുവനും ഉരുമ്മാനും തുടങ്ങിയിരുന്നു!! ഒപ്പം ഇനിയൊരിക്കലും എന്നെ ഉപേക്ഷിക്കരുതേ, എന്നുള്ള അപേക്ഷകൂടി, ആ സാധുജീവി മൂകമായി ,എന്റെ ചെവികളില്‍  മന്ത്രിക്കുന്നുണ്ടായിരുന്നോ????    

4 comments:

  1. ഇന്‍ക്രെഡിബിള്‍ ജേര്‍ണി എന്നൊരു സിനിമ പോലെ...

    ReplyDelete
    Replies
    1. true,an incredible journey indeed, but with the most happiest ending!!!

      Delete