Saturday, August 11, 2012

ഇറ്റ്സ് ആള്‍ ഇന്‍ യുവര്‍ മൈന്‍ഡ്…..



AL Koran ന്‍റെ Bring Out The Magic In Your Mind  എന്ന ലോകപ്രസിദ്ധ കൃതി,  നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാകും. മനുഷ്യ മനസ്സുകളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന , അതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ശക്തികളെ,  വെളിച്ചത്തിലേക്ക് കൊണ്ടുവരാനുതകുന്ന നിര്‍ദ്ദേശങ്ങള്‍  അടങ്ങുന്ന,  ഒരു പുസ്തകമാണത്. മനുഷ്യ മനസ്സിനുള്ളിലെ,  സമാനമായ  ശക്തിവിശേഷത്തെക്കുറിച്ചുള്ള ഒരു അനുഭവം,  എന്‍റെ ജീവിതത്തിലും   ഉണ്ടായത്,  ഞാന്‍  ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കട്ടെ.

ദുബൈയില്‍ ഞാന്‍ ആദ്യമായി ജോലിക്ക് ചേര്‍ന്ന സ്ഥാപനത്തില്‍  വന്നു ചേരുന്ന ജോലികളുടെ വൈവിധ്യം,  എന്നെ പലപ്പോഴും അമ്പരപ്പിക്കുകയും,  അതിലുപരി സമ്മര്‍ദത്തിലാക്കുകയും ചെയ്തിട്ടുണ്ട്.   ഇക്കൂട്ടത്തില്‍,  ചെറിയ ചെറിയ  ഏസി യൂണിറ്റുകള്‍ക്ക് ആവശ്യമായ ബ്രാക്കെറ്റുകള്‍  മുതല്‍,  വലിയ വലിയ ഷെഡ്കള്‍വരെ,  ഡിസൈന്‍  ചെയ്തു നിര്‍മ്മിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്.

തലേ ദിവസം തുടങ്ങിവച്ച ഒരു വരയുടെ പണിയിലായിരുന്നു അന്ന്  ഞാന്‍.  അപ്പോഴാണ്‌ ഫോണ്‍ബെല്ല് തുടര്‍ച്ചയായി മുഴങ്ങാന്‍ തുടങ്ങിയത്.  മറു തലക്കല്‍,  ഒരു കൂറ്റന്‍  ബോട്ടിന്റെ ഉടമസ്ഥനായ ഒരു അറബി ആയിരുന്നു.  അദ്ദേഹത്തിനു അത്യാവശ്യമായി ബോട്ടിനുള്ളിലുള്ള ചില അറ്റകുറ്റപ്പണികള്‍  എത്രയും വേഗത്തില്‍  ചെയ്തുകൊടുക്കണം.  ആദ്യമായി അതെല്ലാം കൂടി ഒന്ന് പരിശോധിച്ചു ഒരു എസ്റിമേറ്റ് തയ്യാറാക്കി കൊടുത്ത്, അദ്ദേഹത്തിന്റെ അപ്രൂവല്‍  വാങ്ങണം.. ഉല്ലാസ യാത്രക്കായി,  എല്ലാവിധ  സൌകര്യങ്ങളോടുംകൂടി ഉണ്ടാക്കിയ,  ഒരു ആഡംബര നൌക ആയിരുന്നു അത്.

ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനും കൂടി അല്‍പ സമയത്തിനുള്ളില്‍,  ഷാര്‍ജയില്‍  ബോട്ട് കിടന്നിരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.  പൊതുവേ ഷാര്‍ജയിലെ റോഡുകള്‍  എനിക്ക് അത്ര പരിചിതമല്ലായിരുന്നതിനാല്‍,  കുറെ ചുറ്റിത്തിരിഞ്ഞാണ് അവിടെ എത്തിച്ചേര്‍ന്നത്.  വലിയ ബോട്ടായിരുന്നതിനാല്‍,  കടല്‍വെള്ളത്തിന്റെ ഇളക്കത്തിനനുസരിച്ചു മെല്ലെ മെല്ലെ  ചാഞ്ചാടിക്കൊണ്ടിരുന്ന അത്,  ദൂരെവച്ചുതന്നെ ഞങ്ങളുടെ  ദൃഷ്ടിയില്‍  പെടുകയുണ്ടായി.  കരയില്‍  ഇറങ്ങി നിന്നിരുന്ന ബോട്ടിന്‍റെ വിദേശിയായ  ക്യാപ്റ്റന്‍,  ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അടുത്തുവന്നു,  ചെയ്തു തീര്‍ക്കേണ്ടതായ പണികളെപ്പറ്റിയുള്ള  ഒരു ഏകദേശരൂപം തന്നു.  ഇനി ബോട്ടിനുള്ളില്‍കടന്നു നോക്കേണ്ട ജോലിയാണ് ബാക്കി  ചെയ്യാനുള്ളത്.

സാധാരണയായി കരയോടു ചേര്‍ത്താണ് ഈ ബോട്ടുകള്‍ നങ്കൂരമിട്ടു കിടക്കുന്നതെങ്കിലും പലപ്പോഴും കരയും ബോട്ടുമായി ഒരു രണ്ടു മൂന്ന് അടി ഗ്യാപ്പ് എങ്കിലും ഉണ്ടാകും.  സഞ്ചാരികള്‍ക്ക്  സുഗമമായി ബോട്ടിനുള്ളിലേക്ക് കയറുന്നതിനായി,  ഒരു മരപ്പാലം ഇട്ടു കൊടുക്കാറുണ്ട്.  ഞങ്ങള്‍ ചെല്ലുന്ന സമയം ബോട്ട് സഞ്ചാരയോഗ്യമല്ലായിരുന്നതിനാല്‍,  ഈ പാലമൊന്നും ഇല്ലായിരുന്നു. ബോട്ടിനുള്ളില്‍ കടക്കണമെങ്കില്‍, ഈ ഗ്യാപ്പ് നാം ചാടിക്കടന്നേ മതിയാവൂ. എന്റെ സഹപ്രവര്‍ത്തകന്‍,  ഒന്ന് മടിച്ചു നിന്നതിനുശേഷം,  ഒറ്റ ചാട്ടത്തിനു ബോട്ടിന്‍റെ സൈഡ്ബാറില്‍  കൈകള്‍നീട്ടി പിടിച്ചു സുരക്ഷിതനായി,  ഉള്ളില്‍കടന്നു.

അടുത്തതായി എന്‍റെ ഊഴമാണ്. എന്തോ,  അങ്ങനെ ഒരു സാഹസത്തിനു എന്‍റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല.   സാധാരണനിലയില്‍,  വെറും നിലത്തില്‍,  ഒരു മൂന്ന് നാലടി ചാടി കടക്കുന്നത്,   അത്ര വലിയ ഒരു കാര്യമല്ലെങ്കില്‍കൂടി,  ആഴമുള്ള ആ വെള്ളത്തിന്റെ സാന്നിധ്യത്തില്‍,  മെല്ലെ ഇളകിക്കൊണ്ടിരിക്കുന്ന ബാറിലേക്ക് ചാടിപിടിച്ചു കയറുക എന്നുള്ളത്,  സര്‍ക്കസിലെ വിഷമംപിടിച്ച ഒരു അഭ്യാസം പോലെ, കഠിനമായിഎനിക്ക് അപ്പോള്‍ തോന്നി.

അപ്പോഴാണ്‌ ഒരു അശരീരി പോലെ എന്‍റെ പിന്നില്‍നിന്നും ആ ശബ്ദം മുഴങ്ങിയത്!!

"It’s all in your mind, Sir!!"

ഞാന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.  അതാ എന്‍റെ തൊട്ടു പിറകില്‍ പുഞ്ചിരി തൂകികൊണ്ട് ആ ക്യാപ്ടന്‍  നില്‍ക്കുന്നു.  അദ്ദേഹം സ്വന്തം തലയിലേക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു..

"നോക്കൂ,  നിങ്ങളുടെ മനസ്സിനുള്ളിലെ ഒരു മാജിക്‌ ആണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്.  നിങ്ങള്‍  മനസ്സുകൊണ്ട് ഈ ദൂരംചാടി കടക്കാം എന്ന്ഉറപ്പിക്കുകയാണെങ്കില്‍പ്പിന്നെ നിങ്ങളുടെ ശരീരത്തിന് അതുപോലെതന്നെ പ്രവര്‍ത്തിക്കാതെ തരമില്ല!! അത് നിങ്ങളുടെ മനസ്സിനൊപ്പം കൂടെത്തന്നെ വരും,  സംശയിക്കുകയേ വേണ്ടാ.."

അദ്ദേഹം ഈ വാക്കുകള്‍പറഞ്ഞു നിര്‍ത്തിയതും, മടിച്ചുനില്‍ക്കാതെ  മനസ്സിനെ ദൃഢമാക്കിക്കൊണ്ട്, ഞാന്‍  ഒന്ന് മുമ്പോട്ടാഞ്ഞു.  ഹാവൂ!   ഒരു കുതിപ്പിന് ബാറില്‍പിടിച്ചു ഞാനും ഉള്ളിലേക്ക് കടന്നു!!!!

മനുഷ്യ മനസ്സുകളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ തത്വമാണ് അദ്ദേഹം ആ ചെറിയ വാക്കുകളിലൂടെ എനിക്ക് ഉപദേശിച്ചു തന്നത് എന്ന്, പിന്നീട് ചിന്തിച്ചപ്പോള്‍  എനിക്ക് മനസ്സിലായി.   Android  ഫോണുകളില്‍  ലഭ്യമായ Talking Tom  എന്ന ഒരു applicationനിലെ പൂച്ച,  നമ്മള്‍  ഒരു ബട്ടന്‍  അമര്‍ത്തുമ്പോള്‍,  അതിന്റെ കൈയ്യിലെ നഖങ്ങള്‍കൊണ്ട്,  ഫോണിന്റെ ഹാര്‍ഡ്‌സ്ക്രീനില്‍  വരഞ്ഞിടുന്നതുപോലെ,   ഈ വാക്കുകള്‍,  എന്‍റെയും മനസ്സിന്റെ സ്ക്രീനില്‍,  രജതരേഖകള്‍പോലെ ഇപ്പോഴും,  മായാതെ കോറിക്കിടക്കുന്നു,    എന്‍റെ ചാഞ്ചാടുന്ന  മനസ്സിന് പലപ്പോഴും ഞാനറിയാതെ,  ധൈര്യം പകര്‍ന്നുകൊണ്ട്.....



6 comments:

  1. ശരിയാണ്..........
    മനസ്സിന്റെ അപരിമേയശക്തി ആര്‍ക്കും ഗ്രഹിച്ചുകൂടാ

    ReplyDelete
  2. ചില പ്രതിസന്ധിഘട്ടങ്ങളില്‍, ഉറങ്ങിക്കിടക്കുന്ന ഈ ശക്തി, നമ്മുടെ സഹായത്തിനെത്തുന്നത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്!!!

    ReplyDelete
  3. Exactly Its in every Ones Mind Mohan Chetta, But Every One need a Push from Behind Like that of the CAPTAIN'S in your case.

    ReplyDelete
    Replies
    1. Thanks again for your visit Udayashankar!
      Hope you also must have experienced this 'untapped power' during times of extreme necessacity in your past!!!

      Delete
  4. വര്‍ഷങ്ങള്‍ക്കു മുമ്പ്, രാത്രി വളരെ വൈകി കിടക്കുന്ന ജോലി ആയതിനാല്‍, ഉച്ചക്ക് ആഹാരം കഴിഞ്ഞു ഒരു കൊച്ചു ഉറക്കം പതിവായിരുന്നു. ഉറക്കത്തില്‍ പെട്ട് ഉച്ചക്ക് ശേഷമുള്ള ജോലിക്ക് പോകാന്‍ വൈകാതിരിക്കാന്‍ ഞാന്‍ അലാറം വെച്ചിരുന്നു. അപ്പോള്‍, മുതിര്‍ന്ന ഒരു സുഹൃത്ത് പറഞ്ഞു: യു ഹാവ് ടു സെറ്റ് ദി അലാം ഇന്‍ യുവര്‍ മൈന്‍ഡ്. നോ നീഡ്‌ ഓഫ് ദിസ്‌ വാച്! ശരിയാണല്ലോ. ഉറങ്ങുന്നതിനു മുമ്പ് നിശ്ചിത സമയത്ത് ഉണരണം എന്ന് മനസ്സിനോട് ഗൌരവമായി പറയുക. അതെ, അതിനു ശേഷം ഞാന്‍ ഉച്ചക്ക് അലാം വെച്ച് ഉറങ്ങില്ല. നാം പലപ്പോഴും നമ്മുടെ മനസ്സിനോട് ഗൌരവത്തില്‍, ശാസിച്ചുകൊണ്ട് പറയേണ്ടിയിരിക്കുന്നു. അതിന്റെ ഫലം വിപരീതം ആവാന്‍ വഴിയില്ല. ഈ കാര്യമാണ് മോഹന് ഈ ബ്ലോഗ്‌ വഴി എന്നെ ഓര്‍മ്മിപ്പിച്ചത്. ഗുഡ് ജോബ്‌. കീപ്‌ ഇറ്റ്‌ അപ്പ്‌.
    http://drpmalankot0.blogspot.com

    http://drpmalankot2000.blogspot.com

    ReplyDelete
  5. പ്രിയ ഡോക്ടര്‍,

    ഇതേ പോലെ തന്നെയുള്ള മറ്റൊരു രീതി ഞാനും ചിലപ്പോഴൊക്കെ പ്രാവര്‍ത്തീകമാക്കാറുണ്ട്. അതായത് ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് എത്ര മണിക്കാണോ എണീക്കേണ്ടത് എന്ന്, ഒരു ക്ളോക്കിലെ സൂചികളുടെ സ്ഥാനം മനസ്സില്‍ വിഷ്വലൈസു ചെയ്തിട്ടു, ഉറങ്ങാന്‍ ആരംഭിക്കുക. അത്ഭുതം എന്ന് തന്നെ പറയാം, ക്ളോക്കിലെ സൂചികള്‍ കൃത്യം ആ പൊസിഷനില്‍ എത്തുമ്പോള്‍, നമ്മള്‍ തനിയെ ഉണരുന്നത് കാണാം!!
    മനുഷ്യമനസ്സുകളിലെ അത്ഭുതങ്ങള്‍ക്ക് പരിധിയില്ലല്ലോ!!!

    ReplyDelete