Monday, August 20, 2012

എ ഗ്രേവ് മിസ്സ്റ്റേക്ക്!!!!കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പ്രസിദ്ധ എഴുത്തുകാരി,  Enid Blyton ന്‍റെ സാഹസീക പരമ്പരകളില്‍ ഒന്നായ,  'The Valley of Adventure'   എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട്‌ അതായിരുന്നു,   'A Grave Mistake'.  ഒരു അവധിക്കാലം ചെലവഴിക്കാന്‍ യാത്ര പോകുന്ന കുട്ടികള്‍, തങ്ങള്‍ കയറേണ്ട വിമാനത്തിനരുകില്‍ തന്നെ, പുറപ്പെടാന്‍ തയ്യാറായി കിടന്നിരുന്ന മറ്റൊരു വിമാനത്തില്‍  അറിയാതെ കയറുന്നതും,  തുടര്‍ന്ന് നടക്കുന്ന സാഹസീക സംഭവങ്ങളുമായിരുന്നു അതിന്റെ കഥക്കൂട്ട്.  അത്രയൊന്നും സാഹസീകവും സംഭവബഹുലവും ഒന്നുമായിരുന്നില്ല എങ്കിലും,  ഒരു വിമാനയാത്രക്കിടയില്‍ തന്നെ ഉണ്ടായ  വലിയ ഒരു പിഴവിന്റെ കഥ,  എന്‍റെ ജീവിതത്തിലും ഉണ്ടായി,  അതെ,  A Grave Mistake!!

ഓണ്‍ലൈന്‍ ബുക്കിംഗിന്റെ കാലമായതിനാല്‍,  ആ തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റിനായി,  ഞാന്‍ വീട്ടിലെ കമ്പ്യുട്ടറിനു മുന്‍പില്‍ ഇരുന്നു,  എയര്‍ അറേബിയയുടെ നിരക്കുകള്‍ നോക്കുകയായിരുന്നു. എയര്‍ അറേബിയ കൊച്ചിയിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചതുമുതല്‍,  കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കുള്ള എല്ലാ യാത്രകളും, അതില്‍ത്തന്നെ ആയിരുന്നു. നല്ല കൃത്യനിഷ്ടയും, സേവനമികവും, ഒപ്പം മിതമായ നിരക്കുകളുംകൂടി ചേര്‍ന്നപ്പോള്‍,  ഭക്ഷണം മാത്രം വിലകൊടുത്തു വാങ്ങണം എന്നുള്ള കാര്യം, വലിയ ഒരു കുറവായി ഞങ്ങള്‍ക്കാര്‍ക്കും തന്നെ തോന്നിയിരുന്നില്ല.

ദിവസേന രണ്ടു ഫ്ലൈറ്റ്കള്‍ ഉള്ളതില്‍ രണ്ടാമതായി പുറപ്പെടുന്ന വിമാനത്തിലാണ് ഞങ്ങള്‍ സാധാരണ ബുക്ക്‌ ചെയ്യാറുള്ളത്. അതിനൊരു കാരണം രണ്ടാമത്തെ ഫ്ലൈറ്റ് ലാന്‍ഡ്‌ ചെയ്തു, നടപടികളൊക്കെ പൂര്‍ത്തിയാക്കി നമ്മള്‍ വെളിയില്‍ വരുമ്പോഴേക്കും, ഏറെക്കുറെ നേരവും പുലരുന്നുണ്ടാവും, എന്നുള്ളതുതന്നെ!!

ഷാര്‍ജായില്‍നിന്നും പുറപ്പെടുന്ന ഫ്ലൈറ്റ് ടിക്ക്‌ ചെയ്തുകഴിഞ്ഞു, ഒരു മാസം കഴിഞ്ഞുള്ള തീയതി നോക്കി, മടക്ക യാത്രയും  ടിക്ക്‌ ചെയ്യാന്‍ തുടങ്ങുമ്പോഴാണ്, ഞാന്‍ ആ ദിവസത്തെ നിരക്കുകളിലേക്കൊന്നു കൂടി ശ്രദ്ധിച്ചത്. ആദ്യത്തെ ഫ്ലൈറ്റിനു ബുക്ക് ചെയ്‌താല്‍, നിരക്കില്‍ ഗണ്യമായൊരു കുറവ് കാണുന്നുണ്ട്!  അതിലായാലോ എന്ന് വിചാരിക്കുമ്പോഴാണു, ആരോ കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ടത്.

ഡോര്‍ തുറന്നപ്പോള്‍ അലക്കിയ തുണികളുമായി ലോണ്‍ഡ്രിയില്‍ നിന്നുള്ള ആളായിരുന്നു. ഭാര്യ അടുക്കളയില്‍ തിരക്കിലായിരുന്നതിനാല്‍, ഞാന്‍ തന്നെ തുണികള്‍ വാങ്ങി വച്ചതിനുശേഷം, അലക്കാനുള്ളതും കൂടി എടുത്തു കൊടുത്തു.

തിരികെ വന്നിരുന്നു  വേഗം തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കി പ്രിന്റ്‌ കീ അമര്‍ത്തി. അടുത്തുണ്ടായിരുന്ന ചെറിയ പ്രിന്‍റര്‍ നീട്ടിത്തന്ന കടലാസു കഷണം വലിച്ചെടുത്തു, ഞാന്‍ അത് പാസ്പോര്‍ട്ടിനൊപ്പം വച്ചു. അങ്ങനെ ആ പണി ഒരുവിധം കഴിഞ്ഞുകിട്ടി.

ഷാര്‍ജായില്‍ നിന്നുള്ള യാത്ര സുഖമുള്ളതായിരുന്നു. നാട്ടില്‍ പല ജോലികളും അത്യാവശ്യമായി ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നതിനാല്‍, ഒരു മാസം കടന്നു പോയത് അറിഞ്ഞില്ല! തിരികെ പോരുന്നതിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോഴാണ് ആ വിചിത്രമായ സ്വപ്നം ഞാന്‍ കാണുന്നത്!

ചെക്ക്‌ ഇന്‍ ചെയ്തു, ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍, ഞാനും കുടുംബവും, മറ്റു യാത്രക്കാരോടൊപ്പം  ഇരിക്കയായിരുന്നു.  പെട്ടെന്നാണ് അത് ഞാന്‍ കാണുന്നത്! ഞങ്ങള്‍ ഇരുന്നിരുന്ന ഭാഗം മാത്രം ഒഴിച്ചു, ബാക്കി ഇരുന്ന ആളുകള്‍ ഉള്‍പ്പെടെ, ഇരിപ്പിടങ്ങളോടൊപ്പം മുകളിലേക്ക് പറന്നു പൊങ്ങുന്നു!!!  അവരൊക്കെ റണ്‍വേയ്ക്ക് മുകളിലൂടെ ഉയരങ്ങളിലേക്ക് പോയി മറയുന്നു!!! ഞാന്‍ സ്തബ്ദനായി തരിച്ചു നിന്നുപോയി!!!

ഞെട്ടി ഉണര്‍ന്ന എനിക്ക്, കണ്ടതൊരു സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാന്‍ അല്‍പ നിമിഷങ്ങള്‍ വേണ്ടി വന്നു!!! ഭാര്യ അടുത്തു സുഖസുഷുപ്തിലാണെന്ന് ,താളനിബധമായ അവളുടെ ശ്വാസഗതി, വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..അവളെ ഉണര്‍ത്തി, അവളുടെ ഉറക്കം കൂടി കളയേണ്ട എന്ന് കരുതി, ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചുകൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു...

രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും, ഓവറായി പ്രതികരിക്കുന്ന ഭാര്യയോട്, തലേ ദിവസത്തെ സ്വപ്നത്തെപ്പറ്റി, ഒന്നുംതന്നെ പറയേണ്ടാ എന്ന് തീരുമാനിച്ചു. എങ്കിലും യാത്ര പോകേണ്ട തീയതി, ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്, വേണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ തന്നെ, എയര്‍പോര്‍ട്ടില്‍ എത്താനായിട്ടുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനും, തീരുമാനിച്ചു. അപ്പോള്‍ പിന്നെ ഫ്ലൈറ്റ് മിസ്സ്‌ ആകുന്ന പ്രശ്നവും ഉദിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.

പുറപ്പെടേണ്ട അന്ന് ഏതായാലും വളരെ നേരത്തെതന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ടിക്കെറ്റുകളുടെ കടലാസുകള്‍ പരിശോധിച്ച് സെക്യൂരിറ്റിക്കാര്‍ ഞങ്ങളെ അകത്തേക്ക് വേഗം തന്നെ കടത്തി വിട്ടു. അവിടെയുള്ള സീറ്റുകളില്‍ ഇരുപ്പുറപ്പിച്ചു, ചെക്ക്‌ഇന്‍ കൌണ്ടറുകള്‍ തുറക്കാനായി കാത്തിരുന്നു.

ഏകദേശം രണ്ടു  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും, എയര്‍ അറേബിയയുടെ കൌണ്ടറുകള്‍ തുറക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അതുവഴി കടന്നുപോയ ഒരു ട്രാഫിക്‌ അസിസ്റ്റന്റിനെ സമീപിച്ചു, ഞാന്‍ അതേപ്പറ്റി തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അവരൊക്കെ വരാന്‍ ഇനിയും കുറച്ചു സമയം കൂടിയാകും അതിനാല്‍ വെയിറ്റ് ചെയ്യൂ എന്ന്.

പിന്നെയും സമയം കടന്നുപോയിക്കൊണ്ടിരുന്നു.  അപ്പോഴാണ്‌ വെള്ളിടി പോലെ ഒരു ചിന്ത, എന്റെ മനസ്സിലൂടെ പാഞ്ഞത്!!ഞാന്‍ അന്ന് ബുക്ക്‌ ചെയ്തത് ഏതു ഫ്ലൈറ്റിനായിരുന്നു? പെട്ടെന്ന് ടിക്കറ്റിന്റെ കടലാസു വലിച്ചെടുത്തു, ഡിപാര്‍ച്ചര്‍ സമയത്തിലേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുചെന്നു! ഉച്ചി മുതല്‍ ഒരു മരവിപ്പ് എന്നെ തഴുകി താഴേക്കു പ്രവഹിക്കുന്നത് ഞാന്‍ അറിഞ്ഞു
.
ടിക്കറ്റില്‍ കുറിച്ചിരുന്ന സമയം എപ്പോഴേ കഴിഞ്ഞുപോയിരിക്കുന്നു!!! ഞങ്ങള്‍ ഇല്ലാതെ ആ ഫ്ലൈറ്റ് മൂന്ന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പുറപ്പെട്ടു പോയിരിക്കുന്നു..

അസ്തപ്രജ്ഞനായിരുന്ന എന്റെ അടുത്തേക്ക്‌ ഭാര്യ തിടുക്കത്തില്‍ എത്തി ചോദിച്ചു..

'എന്തെങ്കിലും പ്രശ്നം ഉണ്ടോ?'

'എല്ലാം പ്രശ്നം തന്നെയാണ്, നമ്മുടെ ഫ്ലൈറ്റ് പോയിക്കഴിഞ്ഞിരിക്കുന്നു..'   എന്‍റെ വാക്കുകള്‍ എനിക്ക് തന്നെ കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു!!!

അവളുടെ ഞെട്ടല്‍ ഏതാണ്ട് പൂര്‍ണമായിരുന്നു.  ഇനി നമ്മള്‍ എന്ത് ചെയ്യും എന്നുള്ള ആ ചോദ്യം അവളില്‍നിന്നും പുറപ്പെടുന്നതിനു മുന്‍പുതന്നെ ഞാന്‍ സംയമനം വീണ്ടെടുത്തു കഴിഞ്ഞിരുന്നു.

അല്ലെങ്കിലും ഞാന്‍ എപ്പോഴും, അങ്ങനെതന്നെ ആയിരുന്നു. ആംഗലേയ പഴമൊഴി കടമെടുത്തു പറഞ്ഞാല്‍  ‘തൂവിപ്പോയ പാലിനെ ചൊല്ലി കരയാത്തവന്‍!!’  ഞാന്‍ വേഗം ഒരു ട്രാഫിക്‌ അസ്സിസ്ടന്റിനെനെ നോക്കി നടന്നു..

ഞാന്‍ സമീപിച്ച ട്രാഫിക്‌ അസിസ്ടെന്റിനു പറയാനായി, ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ടിക്കറ്റ്‌ എടുത്തു ഏറ്റവും അടുത്തുതന്നെ പുറപ്പെടുന്ന, ഏതെങ്കിലും ഒരു വിമാനത്തില്‍ കയറിപ്പോവുക!! അതനുസരിച്ച് അടുത്തു തന്നെ പുറപ്പെടുന്ന, എയര്‍ ഇന്ത്യ എക്പ്രസ്സിലും, ജെറ്റ്‌ ഐയര്‍വേസിലും ശ്രമിച്ചുനോക്കിയെങ്കിലും, സീറ്റുകള്‍ ഒഴിവില്ലാതിരുന്നതിനാല്‍, വീണ്ടും എപ്പോഴും ഞങ്ങള്‍ പോയികൊണ്ടിരുന്ന അടുത്ത എയര്‍ അറേബിയയേ തന്നെ ശരണം പ്രാപിക്കുകയേ, നിവൃത്തിയുണ്ടായിരുന്നുള്ളൂ!!

സീറ്റുകള്‍ തരമായതോടെ, ശ്വാസം ഒന്ന് നേരെ വീണു!! തിരികെ വീട്ടിലെക്കുപോകാതെ കഴിഞ്ഞല്ലോ, എന്നോര്‍ത്തപ്പോള്‍ ആശ്വാസവും! അങ്ങനെ കുറച്ചുനേരത്തെകൂടി കാത്തിരിപ്പിന് ശേഷം, ഷാര്‍ജായിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു.

വിമാനത്തിലിരിക്കുമ്പോഴാണു, എന്‍റെ മനസ്സില്‍ (ഒരു പക്ഷെ നിങ്ങളുടേയും!)ആ ‘മില്ലിയന്‍ ഡോളര്‍ ചോദ്യം’ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്..

ആരായിരിക്കും, അല്ലെങ്കില്‍ ഏതു ശക്തിയുടെ അദൃശ്യകരങ്ങളാവും, ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ, എന്റെ മനസിന്റെ തിരശീലയില്‍, ആ മിസ്സിങ്ങിന്‍റെ ചിത്രം പ്രദര്‍ശിപ്പിക്കാനായി, വിരലുകള്‍ ചലിപ്പിച്ചത്? ആവോ, ഇന്നും അറിയില്ല, എനിക്കതിന്‍റെ ഉത്തരം!!!!! 
8 comments:

 1. അതിശയം തന്നെ

  വിശദീകരിക്കാനാവാത്ത ചില പ്രതിഭാസങ്ങള്‍

  (എന്തായാലും വിഘ്നമില്ലാതെ എത്തിയല്ലോ)

  ReplyDelete
  Replies
  1. അതിഭാവുകത്വം ലവലേശമില്ലാത്ത പച്ചയായ അനുഭവങ്ങളാണ് അജിത്ത് മാഷേ, ഇവയൊക്കെ!
   പതിവായി കടന്നുവരുന്നതിലും മനസ്സില്‍ തോന്നുന്നത് ഇവിടെ കുറിക്കുന്നതിലുമുള്ള ആത്മാര്‍ഥതക്കും ഒത്തിരി നന്ദി...

   Delete
 2. നന്നായി ... ആശംസകള്‍...
  ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete
  Replies
  1. പ്രതീഷേ ഒത്തിരി സന്തോഷമായി, കടന്നു വന്നതിനും, ഒരു അഭിപ്രായം എഴുതുവാന്‍ സന്മനസ്സ് കാട്ടിയതിനും!!
   പിന്നെ ക്ഷണിക്കേണ്ട ആവശ്യം ഒന്നുമില്ല സുഹൃത്തേ, ദേ ഞാന്‍ എപ്പോഴേ വന്നു കഴിഞ്ഞു!!!!!

   Delete
 3. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

  ReplyDelete
  Replies
  1. മാഷിന്റെ വരവിനു ഹാര്‍ദ്ദമായ സ്വാഗതം. മാഷിന്റെ ബ്ലോഗ്ഗുകളുടെ ഒരു അഞ്ജാത വായനക്കാരനായിരുന്നു ഇതുവരെ...
   ഓണാശംസകള്‍ നേരട്ടെ!!!!

   Delete
 4. എ ഗ്രേവ് മിസ്സ്റ്റേക്ക്!
  വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ അങ്ങിനെ പലതും ജീവിതത്തില്‍ ഉണ്ടാവുന്നു.

  ReplyDelete
 5. പ്രിയമുള്ള ഡോക്ടര്‍,

  ഇങ്ങനെയുള്ള സംഭവങ്ങള്‍ മിക്കവരുടെയും ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ടാവും!!വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങളായി അവ ജീവിതകാലം മുഴുവനും നമ്മുടെ ഓര്‍മ്മകളിലുണ്ടാവും!!

  ReplyDelete