Sunday, October 21, 2012

പകച്ചുനില്‍ക്കാതെ മുന്‍പോട്ട്!!!ഡിപ്പാര്‍ച്ചര്‍ കാര്‍ഡു പൂരിപ്പിച്ചുകൊണ്ടിരുന്ന എന്‍റെ അരികിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു പെണ്‍കുട്ടി നടന്നുവരുന്നത്, ഞാന്‍ കാണുന്നുണ്ടായിരുന്നു. ഏറിയാല്‍ ഒരു ഇരുപത്തിയാറു അല്ലെങ്കില്‍ ഒരു ഇരുപത്തിഎഴു വയസ്സ് തോന്നിക്കും. വിടര്‍ന്നു  ഭംഗിയുള്ള ജീവന്‍ തുടിക്കുന്ന കണ്ണുകള്‍ സമ്മാനിക്കുന്ന  ഒരു പ്രത്യേക അഴക്‌, ആ മുഖത്തിന് ഉണ്ടായിരുന്നു എങ്കിലും, ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് കാണുന്ന ആര്‍ക്കും അവളോട് ഒരു അനുകമ്പ തോന്നുമായിരുന്നു!.


എന്‍റെ അടുത്തു വന്നതും പാസ്പോര്‍ട്ടും അതില്‍ നിന്നും ഒരു ഫോറവും എന്‍റെ നേരെ നീട്ടിക്കൊണ്ടു അവള്‍ മെല്ലെ ചോദിച്ചു..


“ചേട്ടാ ഈ ഫോറം ഒന്ന് ഫില്ലപ്പു ചെയ്തുതരുമോ?"


അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കാണുന്ന ഒരാള്‍ക്കും ആ അപേക്ഷ നിരസിക്കാന്‍ ബുദ്ധിമുട്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.


ഞാന്‍ വേഗം തന്നെ അവളുടെ ഫോറം ഫില്ലപ്പ് ചെയ്യാന്‍ തുടങ്ങി. പൂര്‍ത്തിയാക്കിയ ഫോറത്തില്‍ അവള്‍ ഒപ്പിടേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ മെല്ലെ അവളോട്‌ അവളുടെ സങ്കടത്തിന്‍റെ കാരണം ആരാഞ്ഞു.


ഗദ്ഗദം ഇറ്റു വീഴുന്ന അവളുടെ വാക്കുകളിലൂടെ, ഞാന്‍ ആ ദയനീയ സത്യം മനസ്സിലാക്കി. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് അവളുടെ ഭര്‍ത്താവ് ആകസ്മീകമായി മരണപ്പെട്ടിരിക്കുന്നു!! കൂടുതലായൊന്നും ചോദിക്കാതെതന്നെ അവള്‍ ആ സംഭവം, എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.


സന്തോഷകരമായ ഒരു കുടുംബജീവിതമായിരുന്നു അവരുടേത്. അബുദാബിയില്‍ ഒരു ആശുപത്രിയില്‍ ജോലി നോക്കുന്ന അവളുടെ, ഭര്‍ത്താവ് വടക്കേ ഇന്ത്യയിലെ ഒരു നഗരത്തില്‍ ജോലിയിലായിരുന്നു. പെട്ടെന്നൊരു ദിവസമായിരുന്നു ശരീരത്തിനു അസ്വാസ്ഥ്യം അനുഭവപ്പെട്ടതും, നാട്ടിലേക്ക് ചികിത്സക്കായി വണ്ടി കയറുകയാണെന്നുമുള്ള ഫോണ്‍ സന്ദേശം അവള്‍ക്കു ലഭിക്കുന്നതും!. കാര്യമായ അസുഖമൊന്നും ആരോഗ്യവാനായിരുന്ന ഭര്‍ത്താവിനുണ്ടാകാന്‍  സാധ്യത ഇല്ലെന്നു കരുതിയ അവളും, ആ സന്ദേശം അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ച വിവരം, അക്ഷരാര്‍ത്ഥത്തില്‍ അവളെ ഞെട്ടിക്കുന്നതായിരുന്നു!! ഗുരുതരമായ  കരള്‍രോഗം ബാധിച്ച വിവരം വൈകിയറിഞ്ഞ ഒരു യാഥാര്‍ത്ഥ്യമായപ്പോള്‍, അദ്ദേഹത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ ഒരു വഴിയും
വൈദ്യശാസ്ത്രത്തിന്‍റെ മുമ്പില്‍ ഇല്ലായിരുന്നത്രേ! വേഗത്തില്‍ തരപ്പെടുത്തിയ അവധിയില്‍, വീട്ടിലെത്തിയ അവള്‍ക്ക്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവനറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്!


അവര്‍ക്കുണ്ടായിരുന്ന ഒരു കുട്ടിയുടെ കാര്യമായിരുന്നു അതിലൊക്കെ സങ്കടകരമായുണ്ടായിരുന്നത്. രണ്ടു വയസ്സുള്ള  കുട്ടിയെ ജനിച്ചനാള്‍ മുതല്‍  ഭര്‍ത്താവിന്റെ വീട്ടില്‍ അദ്ദേഹത്തിന്‍റെ അമ്മയായിരുന്നു വളര്‍ത്തിയിരുന്നത്. അവധിക്കു രണ്ടുപേരും നാട്ടിലെത്തുമ്പോഴായിരുന്നു, കുട്ടിക്ക് അഛനമ്മമാരോടോത്തു അല്‍പ്പദിവസങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയിരുന്നത്. ലീവ് നീട്ടിയെടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍, അവള്‍ ജോലിക്കുവേണ്ടി വേഗംതന്നെ മടങ്ങിവന്നിരിക്കയാണ്. എങ്ങനെയെങ്കിലും മോനെ നല്ല രീതിയില്‍ അച്ഛനില്ലാത്ത  കുറവ് അറിയിക്കാതെ വളര്‍ത്തണം,  അതുമാത്രമാണ്‌ ഇനിയവളുടെ ഏക ലക്‌ഷ്യം!


അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എനിക്ക് ആ ചെറിയ പ്രായത്തിലേ വിധവയാകാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയോട്, ഉള്ളില്‍ ഒരുപാട് സഹതാപം തോന്നി. ജീവിക്കാനുള്ള ബദ്ധപ്പാടിനൊടുവില്‍ ജീവിതം തന്നെ കൈവിട്ടു പോയ അവസ്ഥയിലല്ലേ അവളിപ്പോള്‍? ഒരു പക്ഷെ ഒന്നിച്ചുള്ള ഒരു ജീവിതമായിരുന്നെങ്കില്‍, ഇത്ര വേഗം അദ്ദേഹം അവളെ വിട്ടു പോകുമായിരുന്നില്ല എന്ന് അവള്‍ പറയുമ്പോള്‍, അവളുടെ കണ്ണുകള്‍ വീണ്ടും നിറയുന്നുണ്ടായിരുന്നു. എന്തുമാത്രം  പ്രതീക്ഷകളോടെ ജീവിതം ആരംഭിച്ചവരാവും അവര്‍! പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്ത ദാമ്പത്യവല്ലരിയില്‍ ജനിച്ച കുഞ്ഞിന്‍റെ ഭാവി ഭദ്രമാക്കാന്‍ അമ്മയും അഛനും, വെവ്വേറെ രാജ്യങ്ങളില്‍ ജോലിയില്‍! എപ്പോഴോ വീണുകിട്ടുന്ന ഏതാനും  അവധിക്കാലദിനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്ന അവരുടെ ദാമ്പത്യ ജീവിതം! അതുകഴിഞ്ഞാല്‍ വീണ്ടും ഒറ്റപ്പെട്ട അവസ്ഥകളിലേക്ക് മടങ്ങുന്ന അമ്മയും അച്ഛനും മകനും!! ഇതേമാതിരിയുള്ള എത്രയോ കുടുംബങ്ങളെ കാണാം ഇന്ന് നമുക്ക് ചുറ്റും!!


ജീവിതത്തിന്‍റെ ക്ഷണീകതയെപ്പറ്റി ഇതുമാതിരി സന്ദര്‍ഭങ്ങളിലാണ് നമ്മള്‍ പലപ്പോഴും ചിന്തിച്ചുപോകുന്നത്! വളരെ പ്രതീക്ഷകളുമായി ഒരു ജീവിതം തുടങ്ങി ആ ദാമ്പത്യ വല്ലരിയില്‍ ഒരു കുഞ്ഞുമായിക്കഴിയുമ്പോള്‍, പെട്ടെന്ന് ഒരു ദിവസം കൂടെയുള്ള സഹയാത്രികന്‍ വിടപറഞ്ഞു മറയുമ്പോഴുള്ള  ആ ദുഃഖം, ഏതൊരാള്‍ക്ക് സമചിത്തതയോടെ നോക്കിനില്‍ക്കാനാവും? അതും ജീവിച്ചിരിക്കുന്നവരുടെ മുന്‍പില്‍ ഒരു ജീവിതം, ഒട്ടുമുക്കാലും ബാക്കിനില്‍ക്കുമ്പോള്‍! അധികാരദുര്‍മോഹത്തിന്‍റെ സാക്ഷാത്‌ക്കാരത്തിനായി, നിഷ്കളങ്കരായ മനുഷ്യരെ നിഷ്ക്കരുണം ഇല്ലാതാക്കുന്ന ഭരണാധികാരികളുള്ള രാജ്യങ്ങളിലും,ഇത് തന്നെ മറ്റൊരു രൂപത്തില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നു! പട്ടാളത്തിന്‍റെയും ഭീകരവാദികളുടെയും കൊടും ക്രൂരതകള്‍, ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ന് എത്രയോ കുടുംബങ്ങളെ അനാഥത്വത്തിലേക്ക് 
തള്ളിവിടുന്നു!!  എത്രയോ  സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഓരോ ദിവസവും നിരാലംബരാവുന്നു! പത്രമാധ്യമങ്ങളിലൊക്കെ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളില്‍ വീണുകിടന്നു വാവിട്ടു നിലവിളിക്കുന്ന ഓരോ മുഖങ്ങളും, മനസാക്ഷിക്കൊരു വെല്ലുവിളിയായി ദിവസവും കാഴ്ചയ്ക്കു മുന്‍പില്‍ അണിനിരക്കുന്നു! വിധിയുടെ ക്രൂരവിനോദത്തിനിരയാകുന്ന ഈ ഹതഭാഗ്യര്‍ക്ക്, അവരുടെ ശേഷിച്ച ജീവിതത്തിന്‍റെ അനിശ്ചിതത്വത്തിനു  മുന്‍പില്‍, എത്രനാള്‍ വെറുതേ പകച്ചുനില്‍ക്കാനാവും?


അപ്പോഴാണ്‌  ഒടുവിലായെങ്കിലും,  നമ്മളൊക്കെ ആ പരമസത്യത്തിലേക്ക് യാന്ത്രികമായി എത്തിച്ചേരുന്നത്! മരണം ബാക്കിവച്ചിട്ടു പോകുന്നവര്‍ക്ക് ജീവിതം മറ്റേതെങ്കിലും വഴികളിലൂടെയെങ്കിലും, തുടരാതിരിക്കാനാവില്ല! കുറഞ്ഞപക്ഷം നമ്മളെ ആശ്രയിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടിയെങ്കിലും, നമ്മള്‍ ഈ യാത്ര തുടര്‍ന്നേ മതിയാവൂ. ജീവിതം നമ്മളെയൊക്കെ പഠിപ്പിക്കുന്ന ഒരു വലിയ പാഠവും  ഇത് തന്നെയല്ലേ?


ദുബായില്‍ വിമാനമിറങ്ങി അവളോട്‌ യാത്ര പറയുമ്പോഴും, ഇണയെ നഷ്ടപ്പെട്ടു ജീവിതത്തില്‍  താത്കാലികമായെങ്കിലും ഒറ്റയ്ക്കായിപ്പോയ ആ പാവം  പെണ്‍കുട്ടിയുടെ ദുഃഖം നിഴലിക്കുന്ന മുഖം, എന്‍റെ മനസ്സിനുള്ളില്‍ ഒരു വിങ്ങലായി നിറഞ്ഞുനിന്നിരുന്നു!!!! 


22 comments:

 1. ജീവിതം പലപ്പോഴും പൊരുതാന്‍ ഉള്ളതാണ്. ആകസ്മികമായി നമ്മെ പിരിഞ്ഞു പോകുന്ന പ്രിയരുടെ അഭാവത്തിലും. അനുഭവക്കുറിപ്പ് ഹൃദ്യമായി

  ReplyDelete
  Replies
  1. ശരിയാണ് മാഷേ,അനുഭവങ്ങളില്‍നിന്നുമാണ് പലപ്പോഴും പൊരുതി മുമ്പോട്ട് പോകുവാനുള്ള ശക്തി ആര്ജിക്കുന്നത്!
   വരവിനും, വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

   Delete
 2. ഒരു ഓര്‍മ്മക്കുറിപ്പ്‌ അല്ലെ മാഷേ......... ജീവിതത്തിന്റെ കുത്തൊഴുക്കില്‍ ഇങ്ങനെ പലതും കാണും കേള്‍ക്കും..... അതും വേണം അനുഭവ സാക്ഷ്യത്തിനായി...


  എനിക്കുമുണ്ടൊരു ബ്ലോഗ്‌.. വരുമെന്നും ചങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു...

  ReplyDelete
  Replies
  1. ഈ അനുഭവസാക്ഷ്യങ്ങള്‍ ജീവിതം എന്താണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു പലപ്പോഴും, വിനീത്.
   വിനീതിന്റെ സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി!
   പിന്നെ,വിനീതിന്റെ ബ്ലോഗിന്റെ url അയച്ചുതരാമോ?
   Profile Pageല്‍ അത് കാണുന്നില്ല!

   Delete
 3. അടുത്തറിയുമ്പോഴാണ് ഉള്ളിലലയടിക്കുന്ന ദുഃഖസാഗരങ്ങള്‍ കാണപ്പെടുന്നത്

  ReplyDelete
  Replies
  1. ഓ മാഷേ, തിരിച്ചെത്തി ഇല്ലേ? മാഷിനെ ഈ ദിവസങ്ങളിലോക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു!!
   തിരിച്ചുവരവിന് ഹാര്‍ദ്ദവമായ സ്വാഗതം!
   പിന്നെ പലരുടെയും ഉള്ളില്‍ അലയടിക്കുന്ന ദുഃഖം പലപ്പോഴും നാം കാണാതെ പോകുന്നുണ്ട് മാഷേ..
   വരവിനു നന്ദി!!!

   Delete
 4. പകച്ചു നിൽക്കാതെ ആ പെൺകുട്ടി ജീവിത വിജയം കൊയ്യട്ടെ. എഴുത്ത് ഹൃദയത്തിൽ തൊട്ടു.

  ReplyDelete
 5. ലതിക മാഡം, തിരക്കുകള്‍ക്കിടയിലും ഈ ബ്ലോഗിലേക്ക് കടന്നു വരാന്‍ കാണിച്ച ഈ സന്മനസ്സിനു ഒരുപാട് നന്ദി!! വായിച്ചിട്ടു പറഞ്ഞ നല്ല വാക്കുകള്‍, ഒത്തിരി സന്തോഷവും പ്രോത്സാഹനവും തരുന്നു!!!
  മാഡത്തിന്റെ എല്ലാ പോസ്റ്റുകളും താത്പര്യത്തോടെ വായിക്കാറുണ്ട്!
  എഴുത്ത് തുടരുമല്ലോ!,നന്മകള്‍ നേരുന്നു...

  ReplyDelete
 6. കണ്ണനും തോന്നി, ഇല്ലേ? നേരിട്ട് കണ്ടിരുന്നെങ്കില്‍ ഒരുപാട് ഫീല്‍ ചെയ്യുമായിരുന്നു!!മനസ്സില്‍ തട്ടിയതുകൊണ്ടാണ് എനിക്ക് അതിനെപ്പറ്റി എഴുതണം എന്ന് തന്നെ തോന്നിയത്!!
  വന്നു അഭിപ്രായം എഴുതിയതിനൊരു നന്ദി'ട്ടോ...

  ReplyDelete
 7. എഴുത്തിനോടും വായനയോടും ആഭിമുഖ്യള്ളവരുടെ മനസ്സ് ആര്‍ദ്രമായിരിക്കും. ചുറ്റുംകാണുന്ന നൊമ്പരങ്ങളെല്ലാം പകര്‍ച്ചവ്യാധികളെപ്പോലെ അവരെ പിടികൂടുന്നു. മോഹന്‍ കരയത്ത് ഭിന്നനല്ലെന്ന്‍ തെളിയിക്കുന്നു. ഉള്ളില്‍ തൊട്ട എഴുത്ത്. നന്നായി.

  ReplyDelete
 8. വിനോദ് പറഞ്ഞത് എത്രയോ ശരി!ചുറ്റും നോക്കുമ്പോള്‍ കാണുന്ന സങ്കടങ്ങളും പ്രയാസങ്ങളും
  മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ മനസ്സ് ഒട്ടൊക്കെ സ്വതന്ത്രമാകുന്നു.പിന്നെ,നിങ്ങളുടെ ഒക്കെ പ്രോത്സാഹനമാന് അതൊക്കെ ഇവിടെ പകര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്!
  വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി!
  ഓ,ഒരുകാര്യം കൂടി മാഷേ,എന്നെ മോഹന്‍ എന്ന് മാത്രം വിളിച്ചാല്‍ മതി എന്ന് സ്നേഹപൂര്‍വ്വം പറഞ്ഞോട്ടെ!!!

  ReplyDelete
 9. വിധി നമുക്കായി എന്ത് കരുതിയിരിക്കുന്നു എന്നറിയില്ല..... ആ കുട്ടിക്ക് ഈ വിധി നേരിടാനുള്ള കരുത്തുണ്ടാകട്ടെ.... അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു....

  സങ്കടങ്ങളില്‍ ആര്ദ്രമാകുന്ന ഏട്ടന്റെ ഈ മനസിന്‌ പ്രണാമം!!!!

  ReplyDelete
 10. അശ്വതിയുടെ പ്രാര്‍ത്ഥന ആ കുട്ടിക്ക് കരുത്ത് പകരട്ടെ എന്ന് ഞാനും ആശിക്കുന്നു!!
  മറ്റുള്ളവരുടെ ദുഃഖങ്ങള്‍ കാണാതിരിക്കാനോ,മുഖം തിരിച്ചു നില്‍ക്കാനോ എനിക്ക് കഴിയുന്നില്ല അശ്വതി.....എന്തോ ചെറുപ്പം മുതലേ ഞാന്‍ അങ്ങനെയൊക്കെയാണ്!!!
  അശ്വതിയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു!!
  വന്നുവല്ലോ, സന്തോഷമായി...

  ReplyDelete
 11. മധുരനൊമ്പരം ഉണര്‍ത്തുന്ന പോസ്റ്റ്‌!,!

  ReplyDelete
 12. പ്രിയ കണ്ണൂരാനെ,
  വായിക്കാനെത്തിയത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി പറയട്ടെ!!!

  ReplyDelete
 13. ജീവിതം ചിലര്‍ക്ക് ദു:ഖം മാത്രം കൊടുക്കുന്നു.നന്നായി പറഞ്ഞു.

  ReplyDelete
 14. നല്ല വാക്കുകള്‍ക്കു നന്ദി വെട്ടത്താന്‍ മാഷേ!
  മാഷിന്റെ രചനാ ശൈലി ഒരുപാട് ഇഷടമുള്ള ഒരാളാണ് ഞാന്‍.
  ഇവിടെ വന്നു നോക്കിയതിലുള്ള സന്തോഷം അറിയിക്കട്ടെ!!!

  ReplyDelete
 15. നന്നായിട്ടുണ്ട് എഴുതാനുള്ള ആവേശത്തില്‍ ഒന്ന് കൂടെ വായിച്ചു എഡിറ്റ്‌ ചെയ്യാന്‍ മറന്നു എന്ന് തോന്നുന്നു

  ReplyDelete
 16. വന്നു വായിച്ച് അഭിപ്രായം എഴുതാന്‍ കാണിച്ച സന്മ്നസ്സിനു നന്ദി.
  എഴുതുമ്പോള്‍ അക്ഷരത്തെറ്റുകള്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നതല്ലാതെ
  എഡിറ്റിംഗ് വിഷയം അത്ര ഗൌരവമായി എടുത്തിട്ടില്ലായിരുന്നു!
  ചൂണ്ടിക്കാണിച്ചതിനു നന്ദി! ഇനി മുതല്‍ ശ്രദ്ധിക്കാം...

  ReplyDelete
 17. അനുഭവക്കുറിപ്പ് വായിച്ചു. Man proposes, God disposes എന്നല്ലേ. പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ പലര്‍ക്കും വരുന്നു. അത് നമുക്കാണെങ്കിലോ എന്ന് സജ്ജനങ്ങള്‍ ചിന്തിക്കുന്നു. അങ്ങിനെയാവണം സഹജീവികളോടുള്ള കൂറ്, നമുക്കൊന്നും ചെയ്യാനില്ലെങ്കിലും. അല്ലാത്തവര്‍ അവര്‍ക്ക് അനുഭവപ്പെടുമ്പോള്‍ മാത്രം മനസ്സിലാക്കുന്നു.
  വീണ്ടും എഴുതുക.

  ReplyDelete
 18. പ്രിയ ഡോക്ടര്‍,
  വന്നതിനും വായിച്ചതിനും നല്ല വാക്കുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിലുമുള്ള സന്തോഷവും നന്ദിയും അറിയിക്കട്ടെ.
  ഓരോ യാത്രയിലും നാം കണ്ടുമുട്ടുന്ന ആളുകളില്‍ ചിലരൊക്കെ യാത്ര അവസാനിച്ചുകഴിഞ്ഞാലും മനസ്സില്‍ നിന്നും പോകാന്‍ മടിച്ചു അവിടെത്തന്നെ കാണും!!
  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ അടുത്ത സീറ്റില്‍ ഇരുന്നിരുന്ന ആ പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സില്‍ ഒരു നൊമ്പരമായി നിറഞ്ഞു നില്‍ക്കുന്നു!!!

  ReplyDelete