Sunday, October 7, 2012

പ്രതിസന്ധികളില്‍ തളരാതെ.....അബുദാബിയിലുള്ള ഒരു ദേശീയ സ്ഥാപനത്തിന്‍റെ, ബഹുനില ഓഫീസ് മന്ദിരത്തിന്‍റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായ സമയത്താണ്, ദുബായിലുള്ള ഞങ്ങളുടെ കമ്പനിക്ക്‌, അവിടെനിന്നും ഒരു വര്‍ക്കിനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. അല്‍പ്പം സാങ്കേതികത ഇതില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍, ഇവിടെ അതേപ്പറ്റി അല്‍പ്പമെങ്കിലും വിവരിക്കാതെ മുന്‍പോട്ടു  പോകുന്നത്  ശരിയല്ല  എന്ന് തോന്നുന്നു!

ഈ ബഹുനിലക്കെട്ടിടത്തിന്‍റെ രണ്ടാമത്തെയും

ഇരുപത്തിമൂന്നാമത്തെയും, നിലകളിലാണ്, കെട്ടിടത്തിനുള്‍വശം ശിതീകരിക്കാനായുള്ള ഏസി പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണം തടയാന്‍ വേണ്ടി, യന്ത്രങ്ങളുടെ മുന്‍ഭാഗത്ത്‌ അക്കോസ്റ്റിക് പാനലുകള്‍ സ്ഥാപിക്കുന്നു. ഈ പാനലുകള്‍ ശബ്ദത്തെ അബ്സോര്‍ബു ചെയ്യാന്‍ പറ്റിയ വസ്തുക്കളെക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഇവകള്‍ സ്ഥാപിച്ചതിനുശേഷം ഒട്ടും തന്നെ ശബ്ദം
പുറത്തേക്ക് വരുകയില്ല. ഈ പാനലുകള്‍ 
ഉറപ്പിക്കാനായുള്ള ഫ്രെയിംവര്‍ക്ക് ചെയ്തു, അത് 
ഈ ഫ്ലോറുകളില്‍ സ്ഥാപിക്കുക എന്നുള്ളതാണ്,  
ഞങ്ങളുടെ ജോലി. അതിനായുള്ള ഇരുമ്പ് ബീമുകള്‍ ഇരുപതടി നീളത്തിലുള്ളത്, താഴെ കൊണ്ടുവന്നു വച്ചിട്ടുണ്ട്. അതെടുത്ത് അളവിനനുസരിച്ചു മുറിച്ചു, കുറുകെയും നെടുകെയുമായി വെല്‍ഡു ചെയ്തു ഫ്രെയിം ഉണ്ടാക്കി, ഫ്ലോറുകളില്‍ ഉറപ്പിക്കണം. രണ്ടാമത്തെ നിലയിലേക്ക് വേണ്ട ബീമുകള്‍, ജോലിക്കാര്‍ ചുമന്നുകൊണ്ട്തന്നെ പടിക്കെട്ടുകള്‍ കയറി, അകത്ത് എത്തിച്ചു. അങ്ങനെ ഏതാനും ദിവസങ്ങള്‍കൊണ്ട് ആ ഫ്ലോറിലെ പണി പൂര്‍ത്തിയായി.

ഇതിനിടയില്‍ ഈ പണിക്കായി ഇത്രയും ആളുകളെ, ദിവസവും വെളുപ്പിനെ ദുബായില്‍നിന്നും

അബുദാബിക്ക് കൊണ്ടുപോയി, തിരികെ വൈകുന്നേരം കൊണ്ടുവരുന്നത്‌, അത്ര പ്രായോഗികമായി തോന്നാത്തതിനാല്‍, അബുദാബിയില്‍ തന്നെയുള്ള ഒരു സ്നേഹിതന്റെ ഫ്ലാറ്റില്‍ രണ്ടു മൂന്ന് റൂമുകള്‍ വാടകയ്ക്ക് എടുത്തിരുന്നു.. സ്നേഹിതന്റെ ഫാമിലി അവധിക്കു നാട്ടില്‍ പോയയത് ഞങ്ങള്‍ക്ക് ഉപകാരമായി!!! ഈ നല്ല സ്നേഹിതന്‍ അതിരാവിലെ എഴുന്നേറ്റു ഞങ്ങള്‍ക്കായി ചൂട് ചായ ഉണ്ടാക്കി, ഓരോരുത്തരും കിടന്നിരുന്ന സ്ഥലത്ത്
കൊണ്ടുവന്നു  തന്നിരുന്നത്, ഇപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു!! ഇത് ഓര്‍ത്ത്‌  ഇവിടെ പറയാന്‍ മറ്റൊരു കാര്യവും ഉണ്ട്. ഈ സ്നേഹിതന്‍ ഇതുകഴിഞ്ഞ് ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ ലോകം വിട്ടു പോയി!!!

ഞങ്ങള്‍ പണി തുടര്‍ന്നുകൊണ്ടിരുന്നു. ഇനിയുള്ളത് ഇരുപത്തിമൂന്നാമത്തെ ഫ്ലോറിലെ പണിക്കായി

ബീമുകള്‍, അവിടേക്ക് എത്തിക്കേണ്ട ജോലിയാണ്.. കെട്ടിടത്തിന്റെ മറ്റു പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍, മുകളില്‍ സാധനങ്ങള്‍ ഓരോ ഫ്ലോറിലേക്കും എത്തിച്ചുകൊണ്ടിരുന്ന ക്രെയിനുകളൊക്കെ, പ്രവര്‍ത്തനം നിര്‍ത്തി അഴിച്ചു
മാറ്റിക്കഴിഞ്ഞിരുന്നു! അതിനാല്‍ ഈ ബീമുകള്‍ 
മുകളിലെത്തിക്കാനുള്ള മാര്‍ഗ്ഗം തേടി, ഞാന്‍ ഈ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന വെള്ളക്കാരന്‍ എന്‍ജിനീയറെ, കാണാന്‍ ചെന്നു. ലിഫ്റ്റുകളുടെ ഉയരം കുറവായതിനാല്‍, ബീമുകള്‍ അതുപയോഗിച്ച് മുകളിലേക്ക് കൊണ്ടുപോകാന്‍ സാദ്ധ്യമായിരുന്നില്ല.

ഒടുവില്‍ അദ്ദേഹം ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. കെട്ടിടത്തിന്റെ പുറത്തെ ചുമരില്‍ പതിക്കാനായുള്ള കണ്ണാടി പാനലുകള്‍ മുകളിലേക്ക് കൊണ്ടുപോകാനും ഉറപ്പിക്കാനുമുള്ള ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ഒരു തൊട്ടില്‍, പുറത്തുണ്ടായിരുന്നു. അതിനുള്ളില്‍ രണ്ടു പേര്‍ കയറി നിന്നതിനുശേഷം, അഞ്ചോ ആറോ ബീമുകള്‍ കുത്തനെ പിടിച്ചുകൊണ്ടു, ഉള്ളില്‍ത്തന്നെയുള്ള സ്വിച്ച് പ്രവര്‍ത്തിപ്പിച്ചു മുകളില്‍ ചെന്ന്, ജനാല വഴി ഉള്ളിലേക്ക് ബീമുകള്‍ ഇറക്കുക. വേറെ വഴികള്‍ ഒന്നും ഇല്ലായിരുന്നതിനാല്‍,

റിസ്ക്‌ എടുത്തായാലും അങ്ങനെ തന്നെചെയ്യാം
എന്ന് ഞാനും  ഉറപ്പിച്ചു.  അടുത്ത ദിവസം വെള്ളിയാഴ്ചയായതിനാല്‍ അന്ന് ക്രേഡിലും ഫ്രീയായിരിക്കും.രാവിലേതന്നെ രണ്ടു മൂന്നു പേരുമായിവന്നാല്‍ ബീമുകളെല്ലാം രണ്ടു മണിക്കൂറുകള്‍ കൊണ്ട് മുകളിലെത്തിച്ചിട്ടു അടുത്ത ദിവസം വന്നു പണി തുടങ്ങാം എന്ന് ഞാന്‍ തീരുമാനിച്ചു!!

ഈ തൊട്ടിലുകള്‍ നിങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും, 

അതിന്‍റെപ്രവര്‍ത്തനത്തെപ്പറ്റി ഇവിടെഅല്‍പ്പം
പറയേണ്ടിയിരിക്കുന്നു!   കോയിലുകളായി  
ചുറ്റി വച്ചിരിക്കുന്ന വൈദ്യുതി  കേബിളിന്‍റെ
താഴെയുള്ള അറ്റം, താഴെത്തന്നെയുള്ള ഏതെങ്കിലും പവര്‍ ലൈനില്‍ ഘടിപ്പിക്കുന്നു. തൊട്ടിലിനകത്ത് നില്‍ക്കുന്ന ആള്‍ അതില്‍തന്നെയുള്ളസ്വിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍,മുകളിലേക്കോ താഴേക്കോ തൊട്ടിലുമായി നീങ്ങാം. ആവശ്യമുള്ള സ്ഥലത്തെത്തിയാല്‍ ബട്ടണ്‍ അമര്‍ത്തി ക്രേഡില്‍ നിര്‍ത്തുകയും ചെയ്യാം.കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി ഉറപ്പിച്ചിരിക്കുന്ന ഉരുക്ക് റോപ്പുകളാണ്,ഈ    തൊട്ടിലിനെ  താങ്ങി  നിര്‍ത്തുന്നത്!!

വെള്ളിയാഴ്ച രാവിലെ തന്നെ, ‍ഉയരങ്ങളെ 
ഭയമില്ലാത്ത രണ്ടു ജോലിക്കാരേയും കൂട്ടി ഞാന്‍ സൈറ്റിലെത്തി. അവധിദിവസമായിരുന്നതിനാല്‍ സൈറ്റ് തീര്‍ത്തും വിജനമായിരുന്നു!! അഞ്ചു ബീമുകള്‍ കയറ്റിയപ്പോഴേക്കും,  രണ്ടു സ്റ്റീല്‍ റോപ്പുകളില്‍തൂങ്ങി നില്‍ക്കുന്ന   തൊട്ടിലിന്‍റെ  ബാലന്‍സിംഗിനു ആട്ടം തുടങ്ങിയതിനാല്‍, കൂടുതല്‍ കയറ്റാന്‍ നില്‍ക്കാതെ സ്വിച്ച് പ്രവര്‍ത്തിപ്പിച്ചു മുകളിലേക്ക് പോകാന്‍ ഞാന്‍ അവരോടു പറഞ്ഞു.

ആടിആടിയുള്ള തൊട്ടിലിന്റെ പോക്ക്, താഴെനിന്നു അവരെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എനിക്കത്ര പന്തിയായി തോന്നിയിരുന്നില്ല. കൂടാതെ ശക്തമായ കാറ്റും ഇടയ്ക്കിടെ വീശാന്‍ തുടങ്ങിയിരുന്നു!!എന്‍റെ ഉള്ളില്‍ നേരിയ ഒരു ഭയം അരിച്ചുകയറാന്‍ തുടങ്ങിയത്, ഞാന്‍ അറിയുന്നുണ്ടായിരുന്നു!! തൊട്ടിലിനു വല്ലതും സംഭവിച്ചാല്‍, രണ്ടു ചെറുപ്പക്കാരുടെ ജീവനുകള്‍ക്ക് ഞാന്‍ ഉത്തരം പറയേണ്ടതോടൊപ്പം,ശിഷ്ടകാലം അറബി ജെയിലിലും കഴിച്ചുകൂട്ടാം!! ഈ ഒരു ഐഡിയാ പറഞ്ഞുതന്ന സായിപ്പിന്റെ ബുദ്ധിയില്‍, എനിക്ക് ആദ്യമായി സംശയം തോന്നിത്തുടങ്ങി!! "ദൈവമേ, ഈ ഒരു ട്രിപ്പ്‌,ഈ, ഒരേ ഒരെണ്ണം മാത്രം, കഴിഞ്ഞു കിട്ടിയാല്‍ പിന്നെ, ഞാന്‍

തന്നെ വേറെ ഏതെങ്കിലും ഒരു വഴിയില്‍ സകല ബീമുകളും എത്തിച്ചോളാമേ" എന്ന് ഞാന്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു.

എന്തോ എന്ന്അറിയില്ല,ആപ്രാര്‍ത്ഥനയുടെ പകുതി മാത്രമേ ദൈവങ്ങള്‍ അപ്പോള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നുള്ളൂ എന്ന്, അടുത്ത നിമിഷങ്ങളില്‍ എനിക്ക് മനസ്സിലായി!! വലിയ ഒരു  മുരള്‍ച്ചയോടെ   തൊട്ടിയുടെ മുകളിലേക്കുള്ളചലനം നിലച്ചതും, വൈദ്യുതി താഴെനിന്നും കൊടുത്തുകൊണ്ടിരുന്ന കേബിള്‍ ‍തൊട്ടിലിനടിഭാഗത്തുനിന്നും   പൊട്ടി 

താഴേക്ക് പതിച്ചതും ഒപ്പമായിരുന്നു!!

ഞാന്‍ സ്തബ്ധനായി നിന്നുകൊണ്ട് ആ കാഴ്ച കണ്ടു!! കാറ്റിലുലയുന്ന തൊട്ടിലിനുള്ളില്‍ ബീമുകള്‍ വീഴാതെ താങ്ങിപ്പിടിച്ചുകൊണ്ട്, രണ്ടു സാധു ജോലിക്കാര്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍, തൃശങ്കുവിലെന്നോണം നില്‍ക്കുകയാണ്! ജീവന് അപകടമൊന്നും തത്ക്കാലം ഇല്ലെങ്കിലും, എത്ര നേരം ആ പൊരിഞ്ഞ വെയിലില്‍ ഭയപ്പാടോടെ മുന്നൂറടിയോളം ഉയരത്തില്‍, അവര്‍ നില്‍ക്കേണ്ടിവരും, എന്ന് എനിക്കും, നിശ്ചയമില്ല. കാറ്റിന്‍റെ ശക്തി കൂടുകയോ, അതുമല്ലെങ്കില്‍ കുത്തനേ പിടിച്ചുകൊണ്ടുനില്‍ക്കുന്ന

ബീമുകളിലേതെങ്കിലും വഴുതി കൈയില്‍നിന്നും  
വീഴുകയോ ചെയ്‌താല്‍ , തൊട്ടിലിന്‍റെ  ബാലന്‍സ്
തെറ്റി അത്  മൊത്തമായി ഒരു  വശത്തേക്ക്
ചരിയും എന്നുള്ള   കാര്യം    ഉറപ്പാണ്!!!  
അതോടെ സര്‍വവും അവിടെ അവസാനിക്കും!!!വെള്ളിയാഴ്ചയായതിനാല്‍എല്ലാവര്‍ക്കും അവധിദിവസമാണ്! ഒറ്റ കുഞ്ഞിനെപ്പോഴും ഒരു സഹായത്തിനു വിളിക്കാനായി ആ പരിസരത്തെങ്ങും കാണാനുമില്ല!!

ഞാന്‍  ‍വേഗംതന്നെ സമനില വീണ്ടെടുത്തു.

ഉടനെ ചെയ്യേണ്ടത്, താഴെ പൊട്ടി
വീണു കിടക്കുന്ന കേബിളിലേക്കുള്ള
വൈദ്യുതി ബന്ധം വിഛേദിക്കുക, എന്നുള്ളതാണ്. അറിയാതെ ആരെങ്കിലും അതില്‍ ചവിട്ടിയാല്‍, ഷോക്കടിച്ചു ജീവന്‍ പോകും എന്നുള്ളത് ഉറപ്പാണ്!! അതിനായി കേബിള്‍ വന്ന വഴി പിന്തുടര്‍ന്നു പോയ എന്‍റെ മുന്‍പില്‍ പക്ഷെ ,  പൂട്ടിയ നിലയിലുള്ള ഒരു മുറിയാണ് കാണാന്‍ കഴിഞ്ഞത് !!അതിന്‍റെ വാതിലിനടിയിലൂടെ കേബിള്‍ പുറത്തേക്ക് എടുത്തിരിക്കയാണ്! അത് എനിക്ക് മറ്റൊരു ഷോക്കായി!!

മുകളില്‍ നില്‍ക്കുന്നവരുടെ കാര്യമോര്‍ത്തപ്പോള്‍, എന്‍റെ പരിഭ്രമം ഇരട്ടിച്ചു. ഞാന്‍ ആരെയെങ്കിലും സഹായത്തിനു കിട്ടുമോ എന്ന് അന്വേഷിച്ചു മുന്‍പോട്ടു നടക്കാന്‍ തുടങ്ങി!!!

പെട്ടെന്നാണ് എവിടെനിന്നോ  പൊട്ടി  

വീണതുപോലെ  യൂണിഫോറമണിഞ്ഞ ഒരു സര്‍ദാര്‍ജി, എനിക്കെതിരെ  വരുന്നത് ഞാന്‍ കണ്ടത്!!.അവിടുത്തെ സെക്യൂരിറ്റി  ജീവനക്കാരനാണെന്നു തോന്നുന്നു. എനിക്ക് അദ്ദേഹമപ്പോള്‍ ഒരു ദൈവദൂതനെക്കാള്‍ പ്രിയപ്പെട്ടവനായിരുന്നു!!! എന്‍റെ പരിഭ്രമം നിറഞ്ഞ മുഖം ശ്രദ്ധിച്ച അദ്ദേഹം കാര്യങ്ങള്‍ തിരക്കി.ഒരു വിധത്തില്‍ അറിയാവുന്ന  ഉറുദുവില്‍ കാര്യങ്ങളൊക്കെ
പറഞ്ഞു,    ഒടുവില്‍,  വായുവില്‍ ‍ തൂങ്ങി 
നില്‍ക്കുന്ന  സഹപ്രവര്‍ത്തകരെയും 
കാട്ടിക്കൊടുത്തപ്പോഴാണ്, സംഗതിയുടെ ഗൌരവം
അദ്ദേഹത്തിനും ബോദ്ധ്യമായത്!!!

സെക്യൂരിറ്റി വിഭാഗത്തിലായതിനാല്‍, വൈദ്യുതിമുറിയുടെ ചാവി അദ്ദേഹത്തിന്‍റെ കയ്യില്‍ത്തന്നെ ഉണ്ടായിരുന്നത് ഭാഗ്യമായി. മുറി തുറന്നു കേബിള്‍ അഴിച്ചെടുത്തു  അതുമായി ഞങ്ങള്‍ ‍ലിഫ്റ്റിലൂടെ ഇരുപതാമത്തെ നിലയിലേക്ക് കുതിച്ചു. ജനാല വലിച്ചു തുറന്നു പുറത്തേക്ക് നോക്കിയപ്പോള്‍ അല്‍പ്പം മുകളിലായി തൊട്ടില്‍ കണ്ടു. ഹാവൂ, ആശ്വാസമായി!!ഇനി മാനേജുചെയ്യാവുന്ന കാര്യമേ ഉള്ളൂ. പൊട്ടി തൂങ്ങി കിടന്ന കേബിള്‍  ‍വല്ല വിധേനയും എത്തിപിടിച്ചു, കയ്യില്‍ കൊണ്ടുപോയ കേബിളുമായി യോജിപ്പിച്ചു താഴേക്ക് ഇട്ടു. വീണ്ടും താഴെ ഇറങ്ങി മുറിക്കകത്തെ പ്ലഗ്ഗില്‍ കേബിള്‍ ഘടിപ്പിച്ചപ്പോള്‍, കാതുകള്‍ക്ക് ഇമ്പമഴയായി, തൊട്ടില്‍ ഒരു ഇരമ്പലോടെ വീണ്ടും 

സജീവമായി!

ആ ഒരേ ട്രിപ്പോടുകൂടിത്തന്നെ, ആ പണി ഞങ്ങള്‍ അവസാനിപ്പിച്ചു.ഒരു പക്ഷെ , അഞ്ചു ബീമുകളുടെയും രണ്ടു ആളുകളുടെയും

ഭാരം താങ്ങാന്‍ കഴിയാതെ, ആ വൈദ്യുത കേബിളിനു പകരം, തൊട്ടില്‍ തൂക്കി ഇട്ടിരുന്ന കേബിളുകളിലൊന്നായിരുന്നു പൊട്ടിയിരുന്നതെങ്കില്‍ സംഭവിക്കുന്നത് മറ്റൊരു വലിയ ദുരന്തമാകുമായിരുന്നു !!!അതുകൊണ്ടുതന്നെ, പിന്നീട് മറ്റൊരു മാര്‍ഗ്ഗത്തിലൂടെയാണ്, ആ ബീമുകള്‍ മുകളിലെത്തിച്ചതും, ആ പണി സമയത്ത് തന്നെ തീര്‍ത്ത്‌ കൊടുത്തതും!!!

പിന്നീട് ദുബായില്‍ തിരികെ എത്തി, ദൈനംദിനകാര്യങ്ങളുമായി ജീവിതം മുന്‍പോട്ടു പോകുമ്പോഴും, അന്ന് എന്തുമാത്രം അപകടം പിടിച്ച ഒരു ഉദ്യമത്തിലാണ് ഞങ്ങള്‍ ഏര്‍പ്പെട്ടിരുന്നത് എന്ന് മറ്റുള്ളവര്‍  പറയുമ്പോള്‍, മനസ്സിലേക്ക് ആ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍, ഒരു പേടിസ്വപ്നം പോലെ  അലയടിച്ചെത്തുമായിരുന്നു!!!!!


14 comments:

 1. ഏട്ടാ, എന്തായി എന്നറിയാനുള്ള ആകാംക്ഷയില്‍ പെട്ടെന്ന് വായിച്ചു തീര്‍ത്തു. അതും പേടിയോടെ. ഏതായാലും ദൈവം കാത്തു. എന്തെങ്കിലും ഒരു പേടി തട്ടിയാല്‍ ഞാനും അറിയാവുന്ന ദൈവത്തെ ഒക്കെ വിളിക്കും. ദൈവം കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം ഏതു പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള ധൈര്യം തരും.

  ReplyDelete
  Replies
  1. പ്രിയ അശ്വതി,
   അശ്വതിയുടെ സന്ദര്‍ശനവും ആത്മാര്‍ഥത നിറഞ്ഞ വാക്കുകളും എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും!! നന്ദി അശ്വതി!!
   കഴിഞ്ഞ ഒരു ദിവസം അബുദാബിയിലെ കോര്‍ണിഷിലുള്ള ഈ ബില്‍ഡിംഗിന്റെ മുന്‍പിലൂടെ പോകാനിടയായി.അപ്പോള്‍ വീണ്ടും മനസ്സില്‍ ഓടിയെത്തിയ ഈ ഓര്‍മ്മകളെ നിങ്ങളുമായി പങ്കുവയ്ക്കണം എന്ന തോന്നലിന്റെ ബാക്കിപത്രമാണ് ഈ പോസ്റ്റ്‌!!!

   Delete
 2. ചിലപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ നില്‍കുന്ന സമയത്ത് പ്രാര്‍ഥനകള്‍ ആണ് നമ്മെ പിടിച്ച് നിര്‍ത്തുന്നത്.... എല്ലാം ഭംഗിയായി തീര്‍ന്നതില്‍ ദൈവത്തെ സ്തുതിക്കുന്നു....

  ReplyDelete
  Replies
  1. വന്നതിനും,വായിച്ചതിനും,അഭിപ്രായം പങ്കുവച്ചതിനും നന്ദി പറയുന്നു സുഹൃത്തെ!!
   പറഞ്ഞതുപോലെതന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നിരുന്ന ചില നിമിഷങ്ങളായിരുന്നു അവ... ദൈവം കാത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ!!!

   Delete
 3. ആ ഞെട്ടിപ്പിക്കുന്ന നിമിഷങ്ങളുടെ തീവ്രത വായനയില്‍ അറിഞ്ഞു. ഇത്തരം ചില അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും -നാം ആരെന്ന്...
  നല്ല ഈ പോസ്റ്റ്‌ എഴുതിയതിന് ആശംസകള്‍

  ReplyDelete
 4. മാഷിന്റെ വരവിനും, വായനയ്ക്കും, ആശംസകള്‍ക്കും നന്ദി പറഞ്ഞോട്ടെ!
  ഒരുപക്ഷെ, മാഷിന്റെ ജോലിക്കിടയിലെ സമാന അനുഭവങ്ങളും, ഈ നിമിഷങ്ങളുടെ തീവ്രത ഉള്‍ക്കൊള്ളാന്‍ നിമിത്തമായിട്ടുണ്ടാവും എന്ന് വിശ്വസിച്ചോട്ടെ?

  ReplyDelete
 5. പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് പോകാനുള്ള ശക്തി ഉണ്ടാവട്ടെ , എല്ലാ പ്രാര്‍ഥനകളും .....ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......

  ReplyDelete
 6. സന്ദർശ്ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.
  മാഷിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വായിക്കാറുണ്ട്‌

  ReplyDelete
 7. സമചിത്തതയോടെ കാര്യങ്ങള്‍ നേരിട്ടതിനു അഭിനന്ദനങ്ങള്‍, അതോടൊപ്പം ലോകത്ത് ഇത്തരം ജോലികള്‍ ചെയ്യുന്നവരുടെ ഒരു നേര്‍ചിത്രം കാട്ടിയതിനും

  ReplyDelete
 8. ഇവിടെ വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം!
  അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയട്ടെ!!
  കൂട്ടത്തില്‍ പറഞ്ഞോട്ടെ,ഒരു പ്രത്യേക ശൈലിയിലുള്ള ആ എഴുത്ത് ഇഷ്ടമാണ്!
  ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചിട്ടുമുണ്ട്!
  തുടര്‍ന്നും എഴുതൂ,
  എല്ലാ നന്മകളും നേരുന്നു...

  ReplyDelete
 9. ബ്ലോഗ്‌ കലക്കുന്നുണ്ട് ട്ടോ

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി എബി!!
   വീണ്ടും കാണാം!!

   Delete
 10. വളരെ ഉള്ഭീതിയോടെ ബ്ലോഗ്‌ വായിച്ചുതീര്‍ത്തു. എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കില്‍? പക്ഷെ, ആ സര്‍ദാര്‍ജിയുടെ വരവ് ഒരു നിയോഗമായിരുന്നു. വായിച്ചുതീര്‍ന്നപ്പോള്‍ ആശ്വാസം വായിക്കുന്നവരില്‍ ഉണ്ടാക്കുന്നു. സംഭവത്തിന്റെ ഗൌരവം അതേപോലെ പകര്‍ത്താന്‍ കഴിഞ്ഞു.

  ReplyDelete
 11. പ്രിയ ഡോക്ടര്‍,
  വായനക്കാരില്‍ ഉദ്വേഗം ജനിപ്പിക്കാനായി മാത്രം എഴുതിയ ഒരു സംഭവമായിരുന്നില്ല ഇത്. യഥാര്‍ത്ഥമായിത്തന്നെ നടന്ന ഒരു സംഭവം അതിഭാവുകത്വം ലവലേശമില്ലാതെ ജീവിതത്തില്‍നിന്നും പകര്‍ത്തിയെഴുതിയതായിരുന്നു!!
  വായിച്ചു ഇഷ്ടപ്പെട്ടെന്നു പറഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു!!
  നന്ദി ഡോക്ടര്‍..

  ReplyDelete