Sunday, October 28, 2012

മധുരബാല്യത്തിന്‍റെ ചെപ്പ് തുറന്നപ്പോള്‍!!!!!മദ്ധ്യവേനല്‍ അവധിക്കാലം ഞങ്ങള്‍ കുട്ടികള്‍ എക്കാലവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരുന്നു. സ്കൂളിന്‍റെ നൂലാമാലകളില്‍നിന്നും താത്കാലീകമായെങ്കിലും വിടുതല്‍ ലഭിക്കുന്ന ആ ദിവസങ്ങളെ, ഞങ്ങള്‍ എല്ലാവരും അത്രയധികം ഇഷ്ടപ്പെട്ടിരുന്നു!! അവധിക്കാലമായാല്‍ അച്ഛന്‍റെ സഹോദരിമാരുടെ മക്കളും, സഹോദരന്‍റെ മക്കളുമൊക്കെയായി അഞ്ചാറു കുട്ടികള്‍, ഞങ്ങളുടെ തറവാടുവീട്ടില്‍ ഒന്നുരണ്ടാഴ്ച്ചത്തെ താമസത്തിനെത്തുന്നത് പതിവായിരുന്നു. പത്തു വയസ്സില്‍ താഴെയുള്ള മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും, പിന്നെ പതിനൊന്നു വയസ്സുകാരനായ ഞാനും! കൂട്ടത്തില്‍ മുതിര്‍ന്നവന്‍ ഞാനായതിനാല്‍ ഇവരുടെയൊക്കെ നേതാവ്‌ ഞാനായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ!!!

മദ്ധ്യവേനല്‍ അവധിക്കാലം മാമ്പഴക്കാലം കൂടിയാണ്! വീടിനു ചുറ്റുമുള്ള നിരവധി മാവുകളില്‍ ആ സമയത്ത് നിറയെ പഴുത്തതും പഴുക്കാറായതുമായ മാങ്ങാകള്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണത്!!! കാറ്റത്ത് പൊഴിഞ്ഞു വീഴുന്ന മാമ്പഴം പെറുക്കാനോടുന്ന ഞങ്ങളില്‍ പലരും, ഓട്ടത്തിനിടയില്‍ വീണു കാലും കൈയും ഒക്കെ മുറിച്ചുകൊണ്ട് വരുന്നതും സാധാരണയായിരുന്നു. അപ്പോഴൊക്കെ അമ്മമാരില്‍നിന്നും ലഭിക്കുന്ന ശകാരമൊന്നും ഞങ്ങളാരും അത്ര കാര്യമാക്കിയിരുന്നതുമില്ല!!.

ദിവസം മുഴുവനും വിവിധയിനം കളികളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, മുതിര്‍ന്നവരോടൊപ്പം  അധികം അകലെയല്ലാതെ ഒഴുകുന്ന അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ കൊണ്ടുപോകുന്നതും, വീടിനു പുറകിലുള്ള മലകളിലേക്ക് പിക്നിക്‌ പോകുന്നതുമൊക്കെയാണ് ഞങ്ങളെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന മറ്റിനങ്ങള്‍!!

ഞങ്ങളുടെ ഗ്രാമത്തിലെ വീട് സ്ഥിതിചെയ്യുന്നത് ഒരു മലയുടെ താഴ്‌വാരത്തിലാണ്. അതുകൊണ്ടുതന്നെ വീടിന്‍റെ പുറകിലുള്ള ഞങ്ങളുടെ കൃഷിസ്ഥലങ്ങളൊക്കെ, തട്ട് തട്ടായി ഉള്ളവയാണ്. കൃഷി ചെയ്തിരിക്കുന്ന അവസാനത്തെ തട്ടുകഴിയുമ്പോള്‍, കുറ്റിച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന മലയുടെ തുടക്കമായി! അവിടം തുടങ്ങി ശരിയായ വഴികളൊന്നും കാണുകയില്ല. കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റി ഒരു ഊഹം വച്ചു മുകളിലേക്ക് കയറിയാല്‍, അല്‍പ്പ സമയത്തിനുള്ളില്‍ മലയുടെ ഒത്ത നിറുകയിലെത്താം.അടുത്തടുത്തായി മലകളുടെ ഒരു നിര തന്നെ അവിടെ ഉണ്ട്. അവിടെനിന്നും പാറക്കെട്ടുകള്‍ നിറഞ്ഞ അടുത്ത മലയിലേക്കുള്ള യാത്രാമദ്ധ്യേയാണ്, പാറകള്‍ക്കുള്ളിലായുള്ള ഒരു ഗുഹയുള്ളത്! പണ്ടുകാലത്ത് പുലികള്‍ കുടുംബമായി ഈ ഗുഹയ്ക്കുള്ളില്‍ താമസിച്ചിരുന്നു എന്നാണു മുതിര്‍ന്നവര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അതുകൊണ്ട് ഈ ഗുഹ 'പുലിപ്പാറ' എന്ന പേരിലാണു അറിയപ്പെട്ടിരുന്നത്.

ഇത്തവണത്തെ അവധിക്കാലത്ത് കുട്ടികളെ പുലിപ്പാറ കാണിക്കാന്‍ മുതിര്‍ന്നവര്‍ ആരും തന്നെ ഇല്ലായിരുന്നതിനാല്‍, ആ ദൌത്യം ഞാന്‍ തന്നെ സ്വയം ഏറ്റെടുക്കുകയായിരുന്നു! കുട്ടികളെയൊക്കെ നല്ലവണ്ണം നോക്കിക്കൊള്ളാം

എന്നുള്ള ഉറപ്പിന്‍മേല്‍ അമ്മ എനിക്ക് സമ്മതം തന്നതോടെ ഉച്ചകഴിഞ്ഞു പുറപ്പെടാനായുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. ഈ മലമുകളിലൊക്കെ എപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടായിരിക്കും എന്നതിനാല്‍ ഞങ്ങള്‍ ഒരു പട്ടം കൂടി ഉണ്ടാക്കികൊണ്ടുപോകാന്‍ തീരുമാനിച്ചു. അതനുസരിച്ചു പട്ടം റെഡിയാക്കി അമ്മയറിയാതെ അമ്മയുടെ തയ്യല്‍ മെഷീന്‍റെ ഒരു റോള്‍ നൂലും ഞങ്ങള്‍ സംഘടിപ്പിച്ചു! നാലുമണിക്കുള്ള സ്നാക്ക്സും ജൂസുമൊക്കെ അമ്മ നേരത്തെതന്നെ പായ്ക്ക് ചെയ്ത്‌ ഒരു ബാഗിലാക്കി തന്നിരുന്നു. അങ്ങനെ അതൊക്കെ ചുമന്നുകൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി!!

ഓ, ഇതിനിടയില്‍ ഒരു പ്രധാന വ്യക്തിയെപ്പറ്റി പറയാന്‍ ഞാന്‍ വിട്ടുപോയി! ബോബനും മോളിയും കാര്‍ട്ടൂണുകളില്‍ കാണുന്നതുപോലെ, ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ജിമ്മി എന്ന ഞങ്ങളുടെ നായയായിരുന്നു, അത്. ഞങ്ങള്‍ കുട്ടികള്‍ എവിടെ പോയാലും ഞങ്ങളോടൊപ്പം അവനും ഉണ്ടാവും. ഒരിക്കല്‍ ഞങ്ങളെ പിന്തുടര്‍ന്ന് അവന്‍ സ്കൂളില്‍ വരെ ഒപ്പം വന്നു, ഞങ്ങള്‍ ഇരിക്കുന്ന ബെഞ്ചിന്‍റെ അടിയില്‍ ഇരിപ്പായി! പിന്നെ അദ്ധ്യാപകന്‍ വന്നു വടിയെടുത്തു അടിച്ചോടിച്ചപ്പോള്‍ അവന്‍ തിരികെ പോകുന്നത് ഞങ്ങള്‍ സങ്കടത്തോടെ നോക്കിനിന്നു. ഏതായാലും ഈ യാത്രയിലും അവന്‍ വിളിക്കാത്ത ഒരു അതിഥിയായി ഞങ്ങളോടൊപ്പം കൂടിയത് ഞങ്ങള്‍ക്കും സന്തോഷമായിരുന്നു!!!

ആദ്യത്തെ മലമുകളില്‍ എത്തിയപ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു. അമ്മയുടെ ജൂസും വെള്ളവുമൊക്കെ കുടിച്ചു ഉന്മേഷം വീണ്ടെടുത്തു ഞങ്ങള്‍ പുലിപ്പാറ ലക്ഷ്യമാക്കി  നടപ്പ് തുടര്‍ന്നു. ശരിയായ വഴിയൊന്നും ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, കുറ്റിച്ചെടികളില്‍ ചിലതില്‍ പഴുത്തു നില്‍ക്കുന്ന കായ്കള്‍ തിന്നാവുന്നതാണെന്ന് എനിക്കറിയാമായിരുന്നതിനാല്‍ ഞാന്‍ അതൊക്കെ പറിച്ചു കുട്ടികള്‍ക്ക് തിന്നാനായി കൊടുക്കുമായിരുന്നു!!അതുകൊണ്ട് കുട്ടികളൊക്കെ വളരെ സന്തോഷത്തിലായിരുന്നു. അങ്ങനെ  ഞങ്ങള്‍ ഒടുവില്‍ ആ ഗുഹയില്‍ എത്തിച്ചേര്‍ന്നു. ഗുഹയ്ക്കകത്ത് തല കുനിച്ചു മാത്രമേ കടക്കാനാവൂ. ഉള്ളില്‍ കടന്നു  അല്‍പ്പ സമയം ചിലവഴിച്ചതിനുശേഷം   അതിനകത്തുനിന്നും ഇറങ്ങി ഞങ്ങള്‍ അടുത്ത മലയിലേക്ക് നീങ്ങി. ഈ മല മുഴുവനും ഞാന്‍ മുമ്പ് പറഞ്ഞതു പോലെ പാറക്കെട്ടുകളാണ്.ഒന്നിന് പുറകിലൊന്നായി നിരന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍!!!  അതില്‍ ഏറ്റവും ഉയരമുള്ള പാറയുടെ മുകളില്‍ എല്ലാവരെയും ഞാന്‍ വലിച്ചുകയറ്റി. നല്ല കാറ്റുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വന്നപ്പോള്‍ത്തന്നെ പട്ടം പറത്തി  മുകളിലേക്കുയര്‍ത്തി, അതിന്‍റെ നൂല്‍ ഒരു ചെടിയില്‍ കെട്ടിയിട്ടിരുന്നു!!!.

കുറെയേറെ നേരം ചെലവിട്ടതിനുശേഷം, ബാക്കി ഉണ്ടായിരുന്ന സ്നാക്ക്സും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഴിച്ചു  തീര്‍ത്തു. ജിമ്മിക്കും അവന്‍റെ വിഹിതം കൊടുക്കാന്‍ ഞങ്ങള്‍ മറന്നില്ല. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്തുതന്നെയായാലും ഇങ്ങനെയുള്ള യാത്രാവേളകളില്‍ കഴിക്കുമ്പോഴാണ്, അവ എത്രമാത്രം സ്വാദിഷ്ടമാണെന്നു നമുക്കൊക്കെ കൃത്യമായി അനുഭവപ്പെടുന്നത്!!!


ഒടുവില്‍ മടക്കയാത്രയ്ക്കുള്ള സമയമായി.
അവിടെ നിന്നാല്‍ സൂര്യാസ്തമയം  ഭംഗിയായി കാണാം എന്നുള്ളതിനാല്‍, അതുകൂടി കണ്ടിട്ട് മടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു .പക്ഷെ അത് ഒരു വലിയ അബദ്ധമായിപ്പോയെന്നു മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു!!!

സൂര്യാസ്തമയം കഴിഞ്ഞാല്‍ ഇരുട്ട് പരക്കുന്നത് വളരെ വേഗത്തിലാണ്.ഇരുട്ടായിക്കഴിഞ്ഞാല്‍ മലമ്പ്രദേശമായതിനാല്‍ കുറ്റിച്ചെടികള്‍‍ക്കിടയിലൊക്കെ ഇഴജന്തുക്കള്‍ ഇര തേടിയിറങ്ങുന്ന സമയമാണെന്ന് അമ്മ പറയുന്നത്, എന്‍റെ മനസ്സില്‍ ഭയമുളവാക്കിയിരുന്നു!! അതുകൊണ്ടുതന്നെഅപ്പോഴും    പറന്നുകൊണ്ടിരുന്ന പട്ടം പോലും തിരിച്ചെടുക്കാനായി   നില്‍ക്കാതെ, ഞാന്‍ ധൃതി കൂട്ടി കുട്ടികളെയും കൊണ്ട് തിരികെയുള്ള യാത്ര ആരംഭിച്ചു.


അസ്തമിച്ചതിനുശേഷവും കുറച്ചുനേരത്തേക്ക് ഉണ്ടായിരിക്കുന്ന വെളിച്ചത്തില്‍ ഞങ്ങള്‍ പാറകള്‍ ഉള്ള മലയുടെ ഭാഗം , കടന്നുകഴിഞ്ഞിരുന്നു. ഇനി ഉള്ള ഭാഗം കടക്കുന്നതാണ് ദുര്‍ഘടം.അപ്പോഴേക്കും ഇരുട്ട് ശരിക്കും 
പരന്നുകഴിഞ്ഞതിനാല്‍ ശരിയായ വഴിതന്നെയായിരിക്കും എന്നുള്ള ഊഹത്തില്‍, കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി ഞാന്‍ അവരെ മുന്‍പോട്ടു നയിച്ചുകൊണ്ടിരുന്നു. ഒരു പത്തു മിനിട്ടുകളായപ്പോഴാണ്, എനിക്ക് ആ ആപത്ശങ്ക ആദ്യമായി  തോന്നിത്തുടങ്ങിയത്. ഞങ്ങള്‍ വന്ന വഴി ഇതുതന്നെയല്ലേ? അടുത്തുതന്നെ  ഞെട്ടലുളവാക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യവും, എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു!!!  കുറച്ചു മുന്‍പുവരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ജിമ്മി, ഇപ്പോള്‍ ഞങ്ങളോടോപ്പമില്ല!!

 പരിഭ്രാന്തിപരത്തിയ ആ നിമിഷത്തില്‍ തന്നെയായിരുന്നു, 'ജിമ്മീ.....'  എന്ന് ആറു കണ്ഠങ്ങളില്‍ നിന്നും ഒരുമിച്ചുയര്‍ന്ന ആ നിലവിളി!! എന്നാല്‍ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് അത്  അവിടെങ്ങും പ്രതിധ്വനിക്കുന്നതല്ലാതെ, ജിമ്മിയുടെ പ്രതികരണമൊന്നുമില്ല!!!. ഞങ്ങള്‍ നിന്നിടത്തുതന്നെ നിന്നുകൊണ്ട് വീണ്ടും വീണ്ടും അവനെ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ എപ്പോഴോ അങ്ങ് ദൂരത്തുനിന്നും അവന്‍റെ ഒരു കുരയുടെ നേര്‍ത്ത ശബ്ദം കേട്ടതുപോലെ എനിക്ക് തോന്നി. മറ്റുള്ളവരെ നിശബ്ദരാക്കിക്കൊണ്ട് ഞാന്‍ ഒന്നുകൂടി അവനെ ഉച്ചത്തില്‍ വിളിച്ചു. ഇത്തവണ ഞങ്ങള്‍ എല്ലാവരും തന്നെ അത് വ്യക്തമായും കേട്ടു. ഞങ്ങള്‍ നില്‍ക്കുന്നതിനു കുറച്ചു ദൂരെയായി  ഇടതുവശത്തുനിന്നുമാണ് ആ ശബ്ദം വരുന്നത്. ഞാന്‍ വീണ്ടും അവന്‍റെ പേര് വിളിച്ചുകൊണ്ട്  ആ ഭാഗം

ലക്ഷ്യമാക്കി കുട്ടികളുമായി നീങ്ങി. അഞ്ചു മിനിട്ടുകളിലെ നടപ്പിനൊടുവില്‍, ഒരു വലിയ കുറ്റിച്ചെടിയുടെ മറവിലായി അവനെ കണ്ടെത്തിയത്എനിക്ക് വളരെയധികം  ആശ്വാസം പകര്‍ന്നുതന്ന ഒരു കാര്യമായിരുന്നു. ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കി വാലാട്ടിയതിനുശേഷം, അവന്‍ ഞങ്ങള്‍ക്ക് മുന്‍പിലായി അതിവേഗം മുന്‍പോട്ടു  തന്നെ
തെല്ലും  സംശയമില്ലാതെ നടക്കാനാരംഭിച്ചു.

ഒട്ടും മടിച്ചുനില്‍ക്കാതെ കുട്ടികളെയും വിളിച്ചുകൊണ്ട് ഞാനും അവനെ പിന്തുടര്‍ന്നു. ഇടയ്ക്കിടെ ഞങ്ങള്‍ ഒപ്പമെത്താന്‍ വേണ്ടി അവന്‍ തിരിഞ്ഞുനോക്കി  ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുമായിരുന്നു. പത്തു നിമിഷങ്ങള്‍ അവനെ പിന്തുടര്‍ന്നപ്പോഴേക്കും കൃഷിയിടങ്ങളുടെ പച്ചപ്പ്, മങ്ങിയ വെളിച്ചത്തിലും കണ്ടുതുടങ്ങിയത്  ഞങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാഴ്ച്ചയായിരുന്നു!!!!! അവന്‍ പോയിക്കൊണ്ടിരുന്ന വഴി തന്നെയായിരുന്നു ഞങ്ങള്‍ ആദ്യം വന്നിരുന്ന  ശരിയായ വഴിയും!!

പിന്നയുള്ളത് ഇറക്കമായിരുന്നതിനാല്‍ വളരെ വേഗം തന്നെ ഞങ്ങള്‍ താഴെ എത്തിച്ചേര്‍ന്നു.  അപ്പോഴേക്കും ഞങ്ങളെ കാണാതെ പരിഭ്രാന്തരായ ഞങ്ങളുടെ വീട്ടുകാര്‍, ഞങ്ങളുടെ ഒരു പണിക്കാരനെ ഞങ്ങളെ തിരയാനായി വിട്ടിരുന്നു. ഞങ്ങളെ കണ്ടതും അയാളുടെ കയ്യിലുണ്ടായിരുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍, അയാളോടൊപ്പം ഞങ്ങള്‍ ആറുപേരും സുരക്ഷിതരായി വീട്ടില്‍ എത്തിച്ചേര്‍ന്നു!

നിറയെ മണ്ണും പൊടിയും പുരണ്ടു, മുള്‍ച്ചെടികളുടെ പോറലുകളുമേറ്റു ക്ഷീണിതരായ, ആറു ചെറുശരീരങ്ങള്‍, ഒടുവില്‍ അമ്മമാരുടെ  സ്നേഹകരങ്ങളുടെ ബന്ധനത്തിലായപ്പോള്‍, എല്ലാവര്‍ക്കുമുണ്ടായ ആശ്വാസം കുറച്ചൊന്നുമായിരുന്നില്ല!!!

നേരത്തെ പുറപ്പെടാഞ്ഞതിനു അമ്മയുടെ

വക ശകാരവും ശാസനയും എനിക്ക് 
ചെറുതായി  ലഭിച്ചെങ്കിലും ആപത്തൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതരായി  വീടെത്തിക്കാന്‍ കഴിഞ്ഞതില്‍,എന്‍റെ അമ്മയ്ക്കും എന്നെപ്പറ്റി  അഭിമാനം തോന്നിയ സന്ദര്‍ഭമായിരുന്നു അത്!!! അപ്പോഴേക്കും ഞാനാകട്ടെ, ഇതിനൊക്കെ  എന്നെ സഹായിച്ച , 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ അടുത്തുതന്നെ കിടന്നിരുന്ന ജിമ്മിയുടെ അടുത്തു ചെന്ന്, അവനെ വാരിയെടുത്തു അവന്‍റെ തലയില്‍ അരുമയോടെ തലോടാന്‍ തുടങ്ങിയിരുന്നു!!എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്ന അവന്‍റെ കണ്ണുകളില്‍, എനിക്ക് അവനോടുള്ള നന്ദിയും കടപ്പാടും പ്രതിഫലിക്കുന്നത്,
അവനും അറിയുന്നുണ്ടാവുമെന്നു ഞാന്‍ ആത്മാര്‍ഥമായും ആശിച്ച പോയ നിമിഷങ്ങളായിരുന്നു അവ!!!!

12 comments:

 1. പണ്ട് ഓണപ്പൂ പറിക്കാന്‍ ഇതുപോലെ കുറ്റിക്കാടുകളും മറ്റും കൂട്ടുകാരോടൊത്ത് പോയതു ഓര്‍ക്കുന്നു. ഏട്ടന്‍ പറഞ്ഞ പോലെ ശരീരം മുഴുവന്‍ മുള്ള് കൊണ്ട് മുറിഞ്ഞിരിക്കും... പിന്നെ ഒരു നായയെയോ പൂച്ചയേയോ ഓമനിക്കാന്‍ പറ്റാത്തതില്‍ വിഷമവും...നന്നായി ഏട്ടാ എഴുത്ത്...പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി...

  ReplyDelete
  Replies
  1. കുട്ടിക്കാലത്തെ ആ നല്ല ഓര്‍മ്മകളിലേക്ക് അല്‍പ്പസമയത്തേക്കെങ്കിലും അശ്വതിയെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിച്ചതില്‍ സന്തോഷം!!!
   ആ നല്ല ഓര്‍മ്മകളൊക്കെ ഇവിടെ ഞങ്ങളുമായി പങ്കു വയ്ക്കാന്‍ തോന്നുന്നില്ലേ??
   വായിക്കാനായി എത്തിയതിന് നന്ദി അശ്വതി!!

   Delete
 2. പ്രിയപ്പെട്ട മോഹന്‍ ചേട്ടാ,
  ഞാന്‍ പേടിച്ചു എന്തോ ആപത്ത് കാണേണ്ടി വരും എന്ന് കരുതി. വായിച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസമായി. നന്നായി എഴുതി
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. പ്രിയ ഗിരീഷേ,
   വരവിനും വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞോട്ടെ!!
   പിന്നെ അന്നത്തെ ആ പതിനൊന്നു വയസ്സുകാരന്റെ അപ്പോഴത്തെ മനസ്സിലെ ഭയവും പരിഭ്രാന്തിയും ഞാന്‍ ഇവിടെ ഒന്ന് പകര്‍ത്താന്‍ ശ്രമിച്ചു എന്ന് മാത്രം!!അത് ഗിരീഷിനും അനുഭവപ്പെട്ടു എന്ന് പറഞ്ഞതില്‍ സന്തോഷം!!

   Delete
 3. ജിമ്മിയാണ് താരം

  നല്ല ഓര്‍മ്മകള്‍, നല്ല എഴുത്ത്

  ReplyDelete
  Replies
  1. ശരിയാണ് മാഷേ, ഈ അനുഭവക്കുറിപ്പിലെ പ്രധാന താരം ജിമ്മി തന്നെയാണ്!!
   ജിമ്മി പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ കൂടി ഞങ്ങളോടൊപ്പം ജീവിച്ചിരുന്നു.പിന്നെ എപ്പോഴോ ഒരു ദിവസം, അവനും കുറച്ചേറെ നല്ല ഓര്‍മ്മകള്‍ ബാക്കിവച്ചിട്ട് തിരിച്ചു വരാനാവാത്ത ആ ലോകത്തേക്ക് യാത്രയായി!!!
   ആശംസകള്‍ക്ക് നന്ദി!!

   Delete
 4. ഓര്‍മ്മകള്‍ വളരെയധികം നന്നായിട്ടുണ്ട് (അത് പോലെ ജിമ്മിയുടെ സ്നേഹവും)
  മോഹന്‍ അജ്ഞാതരായ ദൈവങ്ങള്‍ - 1 എന്ന ബ്ലോഗിലേയ്ക്ക്‌ പോകുവാനുള്ള ലിങ്ക്
  http://thewinterboy.blogspot.in/2012/04/1.html

  തുടര്‍ന്ന് 14 ഭാഗങ്ങളും വായിക്കാം

  ReplyDelete
 5. ആശംസകള്‍ക്ക് നന്ദി!
  ലിങ്ക്അയച്ചുതന്നതില്‍ ഒത്തിരി സന്തോഷം! വളരെ വിഞ്ജാനപ്രദമായ പോസ്റ്റുകള്‍!

  ReplyDelete
 6. ഇപ്പോഴത്തെ കുട്ടികളുടെ അവധിക്കാലം ടി.വിയും കംപ്യൂട്ടറും പകുത്തെടുക്കുന്നു.ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നു മക്കളോടു പറയുക എങ്കിലും ചെയ്യാം.

  ReplyDelete
 7. മാഷ്‌ വളരെ ശരിയായി തന്നെ പറഞ്ഞു.ഇപ്പോഴത്തെ അവധിക്കാലങ്ങള്‍ ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെയാണ്!!
  വരവിനും അഭിപ്രായത്തിനും നന്ദി പറഞ്ഞോട്ടെ!

  ReplyDelete
 8. മറക്കാനാവാത്ത ഒരു പിക്നിക്. ജിമ്മി എന്ന താരം! അതെ അതേ പടി വായനക്കാരില്‍ എത്തിച്ചതില്‍ അഭിനന്ദനങ്ങള്‍.
  http://drpmalankot0.blogspot.com/2012/12/blog-post_28.html

  ReplyDelete
 9. അഭിനന്ദനങ്ങള്‍ക്ക് നന്ദി ഡോക്ടര്‍, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം തോന്നുന്നു!!

  ReplyDelete