Tuesday, March 5, 2013

സംഭ്രാന്തി പരത്തിയ ചില നിമിഷങ്ങളിലൂടെ.....



വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഈദ് അവധിക്കാലം. നാലഞ്ചു ദിവസം ഒന്നിച്ച് അവധി കിട്ടിയപ്പോള്‍ ദോഹയിലുള്ള എന്റെ ഭാര്യയുടെ ഒരു ബന്ധുവും കുടുംബവും, ഞങ്ങളെ ദോഹ കാണാനായി അങ്ങോട്ടേക്ക് ക്ഷണിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി  ഒരു വ്യാഴാഴ്ച രാവിലെയാണ്, ഞാന്‍ ഭാര്യയും മകനുമൊത്ത് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചത്.

ദുബായ്  ദോഹ യാത്രയുടെ കൌതുകമുള്ള ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍, ദുബായ്‌ എയര്‍പോര്‍ട്ടില്‍  നിന്നും നമ്മള്‍ ഏതു സമയത്ത് യാത്ര തിരിച്ചാലും, ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍, അവിടുത്തെ സമയവും, നമ്മള്‍ യാത്ര തിരിച്ചപ്പോഴുള്ള  അതേ സമയം തന്നെ  ആയിരിക്കും!! അന്തര്‍ ദേശീയ സമയ മേഖലകളിലുള്ള സമയ വ്യത്യാസവും, ദുബായ് ദോഹ പറക്കലിനെടുക്കുന്ന സമയ ദൈര്‍ഘ്യവും കൂടി ചേരുമ്പോഴാണ്, ഈ അത്ഭുതം സംഭവിക്കുന്നത്!! എന്നാല്‍ മടക്ക യാത്രയിലാവട്ടെ, ദുബായില്‍ നമ്മള്‍ ഇറങ്ങുമ്പോഴേക്കും, ദുബായ് ഘടികാരങ്ങള്‍ രണ്ടു മണിക്കൂര്‍ മുന്‍പിലായി തന്നെ  ഓടുന്നുണ്ടാവും!!

വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഡോക്ടര്‍ കുടുംബത്തോടൊപ്പം, ഞങ്ങള്‍ അവരുടെ വീട്ടിലേക്കു പോയി.  ഊണിനും വിശ്രമത്തിനും ശേഷം,  ഡോക്ടര്‍ ഞങ്ങള്‍ എല്ലാവരേയും ദോഹാ നഗരത്തിന്‍റെ വിസ്മയ കാഴ്ച്ചകള്‍ക്ക് നടുവില്‍ വിട്ടിട്ട്, തന്‍റെ ക്ലിനിക്കിലേക്ക് യാത്രയായി. അവിടുത്തെ ഓരോ ദൃശ്യങ്ങള്‍ ആസ്വദിക്കുമ്പോഴും ഞങ്ങളിലെ ദുബായ് മനസ്സുകള്‍, ആ രണ്ടു നഗരങ്ങള്‍ തമ്മിലുള്ള ഒരു താരതമ്യ പഠനത്തിലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം!! ഒന്‍പതു മണിക്ക് ശേഷമുള്ള നഗരക്കാഴ്ച്ചകളില്‍, ഡോക്ടറും ഞങ്ങളോടൊപ്പം പങ്കു ചേര്‍ന്നു.

അടുത്ത ദിവസത്തെ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള  ഉച്ച ഭക്ഷണം വര്‍ഷങ്ങളായി ദോഹാ നിവാസികളായ ഒരു പുരാതന  മലയാളി കുടുംബത്തോടൊപ്പം ആയിരുന്നു. ഡോക്ടറുടെ കുട്ടികളെ വീട്ടു കാവല്‍ ഏല്‍പ്പിച്ചതിനു ശേഷം, ഡോക്ടര്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ആ വീട്ടില്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്നു.  അന്യോന്യം വിശേഷങ്ങള്‍ പങ്കു വച്ചു, വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍, ഏകദേശം രണ്ടു രണ്ടര മണിയായിരുന്നു. മൂന്നാമത്തെ നിലയിലായിരുന്ന ആ പഴക്കമുള്ള വീടിന്റെ പ്രധാന വാതിലിനു മുന്‍പില്‍ തന്നെയായിരുന്നു ലിഫ്റ്റ്‌. അതുകൊണ്ട് തന്നെ ലിഫ്റ്റിന്റെ വാതില്‍ അടയുന്ന സമയം വരെയും, അവരെല്ലാവരും  ഞങ്ങളെ യാത്രയയക്കാനായി, വാതിലിനു മുമ്പിലുണ്ടായിരുന്നു.

പഴക്കം ചെന്ന ഇടുങ്ങിയ ആ ലിഫ്റ്റിന്‍റെ മരപ്പാളികള്‍ ഇരു വശങ്ങളില്‍ നിന്നും സാവധാനം ചേര്‍ന്നടയുന്നത് നോക്കി നിന്നിരുന്ന ഞങ്ങള്‍ അഞ്ചു പേരും,  സന്തോഷത്തിലായിരുന്നു.  ആഢൃത്തം നിറഞ്ഞു നിന്നിരുന്ന ആ കുടുംബത്തെ പരിചയപ്പെടാനും, അവര്‍ ഒരുക്കിത്തന്ന രുചികരമായ ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞതിലുമുള്ള സംതൃപ്തി ഞങ്ങള്‍ അന്യോന്യം പങ്കു വച്ചുകൊണ്ടിരുന്ന അതേ സന്ദര്‍ഭത്തിലാണ്,  ഒരു ഇരമ്പലോടെ ആ ലിഫ്റ്റിന്റെ താഴേക്കുള്ള ചലനം നിലച്ചത്!!

അതുവരെ ശബ്ദ മുഖരിതമായിരുന്ന ലിഫ്റ്റിനകം, മുകളിലുള്ള, കാലപ്പഴക്കത്താല്‍ ചലന ശേഷി തീരെ പരുങ്ങലിലായ ഒരു പങ്കയുടെ കരകര ശബ്ദമൊഴിച്ചാല്‍, പാടേ നിശബ്ദതയിലാണ്ടു. ലിഫ്റ്റിലെ പഴയ ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍, ഭിത്തിയില്‍ ചാരി നിന്നിരുന്ന  എല്ലാ മുഖങ്ങളിലും,  പരിഭ്രാന്തിയുടെ നേര്‍ത്ത ഭാവങ്ങള്‍ ഇഴഞ്ഞെത്തുന്നത് ഞാന്‍ ഒരല്‍പ്പം ആശങ്കയോടെയാണ് നോക്കി നിന്നത്!!

നിന്നിടത്തു നിന്നും ചലിക്കാന്‍ പോലും മറന്നു പോയ ഏതാനും നിമിഷങ്ങള്‍!! പിന്നെ പിന്നെ ആ യാഥാര്‍ത്ഥ്യം എല്ലാവരുടെയും മനസ്സുകള്‍ക്കുള്ളിലേക്ക് അരിച്ചിറങ്ങി,  അതേ, നമ്മളെല്ലാവരും ഇതിനകത്ത് കുടുങ്ങിയിരിക്കുന്നു!!  ഇതിനകം സമനില വീണ്ടെടുത്തിരുന്ന ഡോക്ടറുടെയും എന്റെയും കൈവിരലുകള്‍, ആ ലിഫ്റ്റിന്റെ സ്വിച്ച് ബോര്‍ഡിലെ എല്ലാ ബട്ടനുകളിലൂടെയും നിരവധി തവണ കയറി ഇറങ്ങിക്കഴിഞ്ഞിരുന്നു!! ഒരു ചലനവുമില്ലാതെ ലിഫ്റ്റ്‌ ഒരേ നില്‍പ്പാണ്!!

അപ്പോഴാണ്‌ മൊബൈല്‍ഫോണുകളെപ്പറ്റി ഓര്‍മ്മ വന്നത്.  എന്നാല്‍ ദുബായ് സിം കാര്‍ഡ് മാത്രം ഉണ്ടായിരുന്നതിനാല്‍, ദുബായില്‍ നിന്നുള്ള ഞങ്ങള്‍ ആരും തന്നെ ഫോണുകള്‍ കയ്യിലെടുത്തിരുന്നില്ല.  ഇനി ഒരേ ആശ്രയം ഡോക്ടറുടെ മൊബൈല്‍ ആണ്.  അപ്പോഴാണ്‌ ഡോക്ടര്‍ ആ ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത്. അദ്ദേഹം മൊബൈല്‍ താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളില്‍ തന്നെ വച്ചിട്ടാണ് വന്നിരിക്കുന്നതെന്ന്!!

സമയം കടന്നു പോയിക്കൊണ്ടിരുന്നു. ഞങ്ങള്‍ മാറി മാറി അലമുറയിട്ടു വെളിയിലുള്ള ആരുടെയെങ്കിലും ശ്രദ്ധ ആകര്‍ഷിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ലിഫ്റ്റിന്റെ കതകില്‍ ആഞ്ഞു ഇടിക്കുന്നുമുണ്ട്. എന്നാല്‍ എന്തുകൊണ്ടോ  ഈ ശബ്ദ കോലാഹലങ്ങളൊന്നും വെളിയിലുള്ള ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ല!! ഒന്നാമത് അന്നൊരു വെള്ളിയാഴ്ച ദിവസം!!  അവധിയായതിനാല്‍ മിക്കവാറും എല്ലാവരും  ഉച്ചഊണ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം!!  താമസക്കാര്‍ അധികമില്ലാത്ത മൂന്നു നില ഫ്ലാറ്റ്‌ ആയതിനാല്‍ ആളുകളുടെ പോക്കുവരവും കുറവ്. അതിനാലൊക്കെ പുറത്തുനിന്നും സഹായം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് എനിക്ക് മനസ്സിലായി.

ലിഫ്റ്റിനകത്തെ കാഴ്ചകള്‍ ഇപ്പോള്‍ അത്ര സുഖമുള്ളതായിരുന്നില്ലെന്നു ഞാന്‍ കണ്ടു. ഡോക്ടറുടെ ഭാര്യ കുട്ടികളുടെ പേരുകള്‍ ഉച്ചരിച്ചുകൊണ്ട് കരയാന്‍ തുടങ്ങിയിരുന്നു. എന്റെ ഭാര്യയുടെ മുഖത്തിലും ഭീതി തളം കെട്ടി നില്‍ക്കുന്നു. കണ്ണുകള്‍ ഇപ്പോള്‍ തുളുമ്പി വീഴും എന്നുള്ള നിലയില്‍, എന്നെ നോക്കുന്നു. എന്റെ മകന്‍ തികച്ചും മൂകനായി ചലനമറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുന്നു. ഇതിനകം സ്വിച്ച് ബോര്‍ഡിലെ വിരലുകളുടെ അഭ്യാസം അവസാനിപ്പിച്ച ഡോക്ടറുടെ മുഖത്തിലും ഒരുതരം  നിരാശയും നിസ്സഹായതയും നിഴല്‍ വിരിച്ചിരിക്കുന്നു!!

പൊതുവേ  ഭയമുളവാക്കുന്ന രണ്ടു സന്ദര്‍ഭങ്ങളാണ് ജീവിതത്തില്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്.  ഒന്ന് ഉയരങ്ങളെപ്പറ്റിയുള്ള ഭയം!! ജോലിയുടെ ഭാഗമായാല്‍ പോലും ഒരുപാട് ഉയരമുള്ള സ്ഥലങ്ങളിലെ ജോലികള്‍ ഞാന്‍ സാധാരണ ഒഴിവാക്കുകയാണ് പതിവ്!! ഇനി മറ്റൊന്ന്, ലിഫ്റ്റ്‌ പോലെയുള്ള ഇടുങ്ങിയ അടച്ചുപൂടിയ സ്ഥലങ്ങളില്‍ ഏറെ നേരം നില്‍ക്കേണ്ടി വരുന്നത്!! നഗര ജീവിതത്തില്‍ ഫ്ലാറ്റുകളിലെ ലിഫ്റ്റ്‌ യാത്രകള്‍, ഒഴിവാക്കാന്‍ പറ്റാത്തവയാണെങ്കിലും, കഴിയുന്നതും ഒറ്റക്കുള്ള സഞ്ചാരം ഒഴിവാക്കാറുണ്ട്!! അതുകൊണ്ടുതന്നെ ഉള്ളില്‍ ഭയം ഉണ്ടെങ്കിലും, കൂടെ ഉള്ളവര്‍ക്ക് ധൈര്യം കൊടുക്കേണ്ടത് കൂട്ടത്തില്‍ സാങ്കേതീക വൈദഗ്ധ്യമുള്ള എന്റെ കടമയാണെന്ന വിശ്വാസത്തില്‍, ഞാന്‍ വേഗം കര്‍മ്മനിരതനായി.

പുറകിലേ ലിഫ്റ്റിന്‍റെ ചുവരില്‍ ശരീരം ഉറപ്പിച്ചുകൊണ്ട്, ഞാന്‍ കാലുയര്‍ത്തി ലിഫ്റ്റിന്റെ കതകില്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങിയത്, അപ്പോഴായിരുന്നു.  ആദ്യത്തെ ഏഴ് എട്ടു ചവിട്ടുകള്‍ കഴിഞ്ഞപ്പോള്‍,  മരത്തിലുള്ള പാളികളില്‍ ചെറിയ പൊട്ടലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.  ശ്രമം ഫലിക്കുന്നു എന്ന് കണ്ടപ്പോള്‍, ഡോക്ടറും മകനും കൂടി സഹായത്തിനെത്തി. കുറച്ചു നേരത്തെ ഞങ്ങളുടെ ശക്തിയായ  ചവിട്ടില്‍, രണ്ടു പാളികളും തമ്മില്‍ ഒരു കൈയ്യുടെ വിരലുകള്‍ കടത്താനായുള്ള വിടവ് ഉണ്ടായി വരുന്നത്, ഞങ്ങള്‍ വളരെ ആശ്വാസത്തോടെയാണ് കണ്ടത്!!. പിന്നെ എല്ലാം എളുപ്പമായിരുന്നു. ഇരു കൈകളാലും വാതില്‍പ്പാളികള്‍ ഇരുവശത്തേക്കുമായി വലിച്ചിളക്കി, ഒരാളിന് കടക്കാനുള്ള വിടവ് ഉണ്ടാക്കി. അതിനു പുറത്തായി ഉണ്ടായിരുന്ന ഇരുമ്പ് അഴിയുള്ള ഗേറ്റ് പെട്ടെന്ന് തന്നെ അകന്നു തന്നു. ലിഫ്റ്റ്‌ രണ്ടു നിലകളുടെ ഒത്ത നടുക്ക് വന്നാണ് നിന്നിരിക്കുന്നത്!! അതുകൊണ്ടുതന്നെ പുറത്തു കടക്കാന്‍ കാലുകള്‍ അരയാള്‍ പൊക്കത്തില്‍, പൊക്കി ചവിട്ടിയാല്‍ മാത്രമേ, വെളിയില്‍ ഇറങ്ങാന്‍ കഴിയൂ. ഞങ്ങള്‍ ആദ്യം സ്ത്രീകളെയെല്ലാം പൊക്കിയെടുത്തു വെളിയില്‍ ഇറക്കി. പിന്നെ ഞങ്ങളും കടന്നു.

കോണിപ്പടികളിലൂടെ താഴെ റോഡില്‍ എത്തിയപ്പോഴും, ഞങ്ങള്‍ ആരെയും കണ്ടിരുന്നില്ല!! താഴെയെത്തി കാര്‍ തുറന്നു  ഫോണ്‍ എടുത്തു ലിഫ്റ്റ്‌ പൊളിച്ചടുക്കിയ വിവരം, ഗൃഹനാഥനെ അല്‍പ്പം ചമ്മലോടെ അറിയിച്ച ശേഷം, ഞങ്ങള്‍ വേഗം തന്നെ വീട്ടിലേക്കു തിരിച്ചു. അന്നു മുഴുവനും, തിരികെ ദുബായിക്ക് പുറപ്പെടുന്ന പിറ്റേ ദിവസവുമൊക്കെ, ഞങ്ങള്‍ നടത്തിയ സാഹസീകമായ ആ ഉദ്യമത്തെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മകളായിരുന്നു, ഞങ്ങള്‍ ഓരോരുത്തരുടെയും മനസ്സുകളില്‍!! ആ ലിഫ്റ്റ്‌ ചവിട്ടിപ്പൊളിക്കാന്‍ സാധിക്കാതിരിക്കുകയും, കൂടുതല്‍ നേരം അതിനുള്ളില്‍ തന്നെ കുടുങ്ങിപ്പോകയും ചെയ്തിരുന്നെങ്കില്‍!!

വര്‍ഷങ്ങള്‍ എത്ര വേഗത്തിlല്‍  കടന്നു പോയിരിക്കുന്നു!! അന്നത്തെ ആ വിപത്തിനു മുമ്പായി, ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ അതേ വീട്ടിലെ ഒരു പെണ്‍കുട്ടി, പിന്നീട്, ഞങ്ങളുടെ കുടുംബത്തിന്‍റെ വിളക്കായി കടന്നുവന്നതും, ഞങ്ങളുടെ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയതും എത്ര വേഗത്തിലായിരുന്നു!!




13 comments:

  1. lift phobia എന്ന പേരിലുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിനായി നെറ്റില്‍ ചില വഴികള്‍ പറഞ്ഞു തരുന്നുണ്ട്. ഇങ്ങനെ ലിഫ്റിനുള്ളില്‍ കുടുങ്ങുമ്പോള്‍ ഉണ്ടാകുന്ന പരിഭ്രാന്തി സാധാരണയായി ആദ്യത്തെ പത്തു പതിനഞ്ചു നിമിഷങ്ങള്‍ മാത്രമേ കാണുകയുള്ളൂ എന്ന് അവിടെ പറയുന്നു!!തന്നെയുമല്ല,ഇപ്പോഴത്തെ ആധുനീക ലിഫ്ട്റ്റുകളിലെല്ലാം തന്നെ ഇങ്ങനെയുള്ള സാഹചര്യത്തില്‍, ലിഫ്റ്റ്‌ തനിയേ ചലിച്ചു അടുത്ത ഫ്ല്ലോറില്‍ എത്തി നില്‍ക്കും എന്നും പറയുന്നു!!
    എന്തൊക്കെ പറഞ്ഞാലും, മോചനം എപ്പോള്‍ ഉണ്ടാകും എന്ന് അറിയാന്‍ സാധിക്കാത്ത ആ അവസ്ഥയില്‍ നമ്മള്‍ പെടുമ്പോള്‍ മാത്രമേ, അതിന്റെ ഭീകരത അറിയാന്‍ സാധിക്കയുള്ളൂ.....

    ReplyDelete
  2. ഭീകര നിമിഷങ്ങള്‍ തന്നെ. ദോഹ ദുബായ് പോലല്ലല്ലോ, വളര്‍ന്ന് തുടങ്ങിയതേ ഉള്ളല്ലോ ല്ലേ.

    ReplyDelete
    Replies
    1. നിധീഷിന്റെ നിരീക്ഷണം ശരിയാണല്ലൊ!! പഴയ മാതൃകയിലുള്ള ആ കെട്ടിടത്തിലെ ലിഫ്റ്റ്‌ സംവിധാനവും, പഴയ രീതിയിലുള്ളതു തന്നെയായിരുന്നു.കേടാകാന്‍ കാത്തിരുന്നതുപോലെ!!!
      വരവിനും, വായനയ്ക്കും, അഭിപ്രായത്തിനും നന്ദി..

      Delete
  3. പ്രിയ ഏട്ടാ,

    വളരെ വിഷമം പിടിച്ച സാഹചര്യമായിരുന്നിട്ടും, ഏട്ടന്റെ ധൈര്യവും ഈശ്വര കടാക്ഷവും കൊണ്ട് പുറതതുകടക്കാനായല്ലോ...

    പേടി തോന്നിയെങ്കിലും അവസാനം ആശ്വാസമായി ... ഏട്ടന്‍ നന്നായി എഴുതി ...

    സസ്നേഹം

    അശ്വതി

    ReplyDelete
    Replies
    1. പ്രിയ അശ്വതി,

      ഞാന്‍ അത്ര വളരെ ധൈര്യം ഒന്നും ഉള്ള ആളേയല്ല അശ്വതി. പിന്നെ ഈ മാതിരി സന്ദര്‍ഭങ്ങളില്‍, നമ്മുടെയൊക്കെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഏതോ ശക്തി സ്വയം ഉണര്‍ന്ന്, നമ്മളെക്കൊണ്ട് ഇങ്ങനൊക്കെ ചെയ്യിക്കുന്നതായിരിക്കും, ഇല്ലേ??

      വരവിനും, വായനയ്ക്കും, നല്ല വാക്കുകള്‍ക്കും നന്ദി, അശ്വതി....

      Delete
  4. I am so worried about confined space. I cannot stand that experience, that was brave move. John

    ReplyDelete
    Replies
    1. Dear Friend,

      I am so happy to know that you also share my phobia about confined spaces!!

      You really should have been in my shoes to experience those horrible moments!!

      Thanks a lot for visiting and sharing your views here....

      Delete
  5. മറക്കാനാവാത്ത അനുഭവം അല്ലേ? ഏതായാലും അങ്ങിനെ തോന്നുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ട് അങ്ങിനെയെങ്കിലും വൈകാതെ ഒരു പരിഹാരമായല്ലോ. അനുഭവം അതേപടി എഴുതിയത്, അതേ ഗൌരവത്തോടെ, ജിജ്ഞാസയോടെ വായനക്കാരും വായിക്കുന്നു. ഒരു മോഹന്‍ ടച്ച്‌! ഭാവുകങ്ങള്‍.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഡോക്ടര്‍,
      നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി, ഡോക്ടര്‍!! മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ നിസ്സാരം എന്ന് തോന്നാവുന്ന ഒരു കാര്യം, നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ , നമുക്ക് അത് എത്രമാത്രം ഗൌരവതരമായി അനുഭവപ്പെട്ടു എന്ന് വായനക്കാരുമായി പങ്ക് വയ്ക്കുമ്പോള്‍, അറിയാതെതന്നെ എഴുത്തിന്റെ രീതി ഇങ്ങനെയായി പോകുന്നതാണ്!!
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...

      Delete
  6. പ്രിയപ്പെട്ട മോഹൻ ,

    മീനമാസ ആശംസകൾ !

    ഇവിടെ വരാൻ വൈകി,സുഹൃത്തേ !

    രണ്ടു കാര്യങ്ങളിൽ സമാനത ഉണ്ട് എനിക്ക്. ഉയരങ്ങളോടുള്ള ഭയം ! ലിഫ്റ്റിൽ കയറാനുള്ള പേടി .

    ഒരു പക്ഷെ, ഞാൻ പിന്നീടു എഴുതുമായിരിക്കും .

    അത് കൊണ്ട് ഇവിടെ ആ സംഭവം വിശദീകരിക്കുന്നില്ല . :)

    ഒരു കാര്യം പ്രത്യേകിച്ച് പറയാനുണ്ട് . മോഹന്റെ വരികള്ക്ക് ഭംഗിയുണ്ട് ;ചിട്ടയുണ്ട് ; ഹൃദ്യമാണ് .

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    ശുഭസായാഹ്നം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനു,

      ഈ വരവ് എനിക്ക് ശരിക്കും ഒരു സര്‍പ്രൈസ് തന്നെയായിരുന്നു അനു!!
      ഉയരങ്ങളും ലിഫ്ടും പേടിയാണ് ഇല്ലേ? ഇപ്പോഴും ലിഫ്റ്റില്‍ ആയിരിക്കുമ്പോള്‍ അന്നത്തെ അനുഭവം ഓര്‍ത്താല്‍ ഭയം തോന്നും!
      പോട്ടെ, പിന്നെ, സ്നേഹം നിറഞ്ഞ നല്ല വാക്കുകള്‍ക്കും, ആസംസകള്‍ക്കും ഒത്തിരി നന്ദി...
      നന്മകള്‍ നേര്‍ന്നുകൊണ്ട്,

      Delete
  7. എഴുത്തു കൊള്ളാം ..

    ഞാനും പെട്ടിട്ടുണ്ട് ഒരു പുതിയ വീടിന്റെ സ്റ്റോര്‍ റൂമില്‍ ഏതാണ്ട് അര മണിക്കൂറോളം.....

    കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന യുവജനോത്സവത്തിനു പങ്കെടുക്കാന്‍ പോയപ്പൊ നമ്മള്‍ താമസിച്ചത് കൂട്ടത്തിലെ ഒരു കുട്ടിയുടെ ബന്ധുവിന്റെ ഒഴിഞ്ഞ ഒരു വീട്ടിലായിരുന്നു. അപ്പൊ ഡ്രെസ്സിങ്ങ് റൂമായി നമ്മള്‍ കണ്ടെത്തിയത് ഈ സ്റ്റോറും . പക്ഷെ ഞാന്‍ ഉള്ളിലൂള്ളപ്പൊ അതിന്റെ പൂട്ടു എങ്ങനെയോ വാതിലിനെ പൂട്ടി. അത് ഉപയോഗിക്കാത്ത സാധനമായതു കൊണ്ട് കുറച്ച് കടുപ്പമായിരുന്നു തുറക്കാന്‍ . എന്നെക്കൊണ്ടായില്ല. പുറത്തുള്ളവര്‍ക്കു അതിന്റെ താക്കോലുമില്ല.. പിന്നെ ഉടമസ്ഥരെ വിളിച്ച് താക്കോല്‍ കൊണ്ടു വന്നൊക്കെയാണ്‌ തുറന്നത്.

    അതിലും രസം - ഞാന്‍ ആലോചിച്ചത് "കൊല്ലം കണ്ടവനു ഇല്ലം വേണ്ട" എന്നു പറയുന്നത് ഇങ്ങനെയും ആയിത്തീരാമെന്നുള്ളതു കൊണ്ടാകാമെന്നാണ്‌ .

    ReplyDelete
  8. വര്‍ഷയുടെ വരവിനും വായനയ്ക്കും ആദ്യം തന്നെ നന്ദി പറഞ്ഞോട്ടെ.
    കൊല്ലത്ത് വച്ചു വര്‍ഷയ്ക്കുണ്ടായ അനുഭവവും ഭയപ്പെടുത്തുന്നതായിരുന്നുവല്ലോ!!
    ഈ മാതിരി സന്ദര്‍ഭങ്ങളില്‍, പരിഭ്രമിക്കാതെ മനസംയമനം പാലിക്കാന്‍ കഴിഞ്ഞാല്‍,
    കുറച്ചെങ്കിലും ആശ്വാസമാകും.(പറഞ്ഞു തരാന്‍ എന്തെളുപ്പം ഇല്ലേ???)
    എന്തായാലും അനുഭവം പങ്കു വച്ചതില്‍ സന്തോഷം!!

    ReplyDelete