Thursday, July 5, 2012

ഈ കുളിര്‍മയില്‍ ഇത്തിരി നേരം...



വര്‍ഷങ്ങള്‍ക്കുമുന്‍പ്,ചെന്നൈ നഗരത്തിലെ ഒരു നിവാസിയായിരുന്ന കാലം. ഒരു ചെറിയ തൊഴില്‍ സ്ഥാപനം നടത്തിക്കൊണ്ടിരുന്ന എന്നെ , ബിസിനസ്സിന്റെ നൂലാമാലകളും പിരിമുറുക്കങ്ങളും  നിത്യേനെ എന്നോണം അലട്ടിക്കൊണ്ടിരുന്ന സമയം. എന്നാല്‍ ഇതിനിടയിലൂടെ, എപ്പോഴോ  ഒക്കെ വീണുകിട്ടുന്ന ചില ധന്യ മുഹൂര്‍ത്തങ്ങള്‍!! അവയാണ് അന്നൊക്കെ, എല്ലാം മറന്നു,  ജീവിതം സുഗമമായി മുന്പോട്ടേക്ക് നയിക്കാന്‍, എനിക്ക് പ്രേരണ തന്നു കൊണ്ടിരുന്നത്.

നഗരത്തില്‍ നിന്നും അല്‍പ്പം ദൂരത്തുള്ള ഒരു കമ്പനിയില്‍ നിന്നും, വളരെ കൃത്യമായി, മാസത്തിലൊരിക്കല്‍ ഒരു പെയ്മെന്‍റ് കിട്ടുമായിരുന്നു. ഇത് വാങ്ങാന്‍, ഞാന്‍ തന്നെ പോകേണ്ട ആവശ്യം ഇല്ലായിരുന്നെങ്കില്‍കൂടി , കഴിയുന്നതും ഞാന്‍ തന്നെ അവിടെ പോയി, ചെക്ക് വാങ്ങി വരുമായിരുന്നു. ഇതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു!

നഗരവഴികളിലൂടെതന്നെ, കമ്പനിയില്‍ എത്തിച്ചേരാമായിരുന്നെന്കിലും, ഞാന്‍ പോയിരുന്നത് ഒരു തനി തമിഴ് ഗ്രാമത്തിന്റെ നടുവിലൂടെയായിരുന്നു.. ചെറിയ ചെറിയ കൃഷി സ്ഥലങ്ങള്‍ക്ക് നടുവിലൂടെയുള്ള ചെമ്മണ്ണ് പാതയിലൂടെ, യാത്ര ചെയ്യുന്നതിന്റെ  സുഖം അനുഭവിച്ചുതന്നെ അറിയണം.   ഇരു വശങ്ങളിലും തഴച്ചു, വളര്‍ന്നു, പടര്‍ന്നു നില്‍ക്കുന്ന വിധയിനം പച്ചക്കറികളുടെ തോട്ടങ്ങള്‍!  പാവലും പടവലവും വെണ്ടയും ചീരയും എല്ലാം, അവിടെ സമൃദ്ധിയായി വളരുന്നു. മോട്ടോര്‍ പമ്പില്‍  നിന്നും കുതിച്ചൊഴുകുന്ന വെള്ളം ചെടികളെയൊക്കെ നനച്ചുകൊണ്ട്, ചെറിയ ചാലുകളിലൂടെ,  സ്വച്ഛന്ദമൊഴുകുന്നു! എന്തൊരു ശാന്തത! എന്തൊരു കുളിര്‍മ!  കാര്‍ പാതയോരത്ത് ഒതുക്കി നിറുത്തി, കുറെയേറെ നേരം ഞാന്‍ അത് നോക്കി ആസ്വദിച്ങ്ങനെ ഇരിക്കും. പിന്നെ എപ്പോഴോ യാത്ര തുടരുമ്പോഴേക്കും, എന്റെ  മനസ്സും ശരീരവും ആകെ ഒരു പുത്തനു ണര്‍വില്‍ തുടി കൊട്ടുന്നുണ്ടായിരിക്കും!!    

തിരിക വരുന്ന സമയത്ത്, കൃഷിസ്ഥലം കഴിഞ്ഞാലുടനെ കാണുന്ന ഒരു ആല്‍ത്തറയും, അവിടെ വിശ്രമിക്കുന്ന ചില ഗ്രാമീണരെയും, കാണാന്‍ കഴിയും.  അടുത്തു തന്നെയുള്ള ഒരു ചെറിയ ചായപ്പീടികയുടെ ഓരം ചേര്‍ത്ത്, ഞാന്‍ വീണ്ടും വണ്ടി ഒതുക്കി നിറുത്തും. പീടികയുടെ മുന്‍പില്‍ തന്നെയുള്ള ഏതെങ്കിലുമൊരു ബെഞ്ചില്‍ ഞാന്‍ ഇരിക്കാന്‍ തുടങ്ങുമ്പോഴേക്കും, ഓടി വന്നു ഭവ്യതയോടെ തോര്തുമുണ്ടുകൊണ്ട് ബെഞ്ച് തുടച്ചു വൃത്തിയാകിത്തരുന്ന കുപ്പുസ്വാമി എന്ന തമിഴന്‍ കടക്കാരന്‍. കൂടെയുള്ള, കറുത്തതെന്കിലും, വൃത്തിയുള്ള ചേലയും, തിളങ്ങുന്ന മൂക്കുത്തിയും  ധരിച്ചു, നിറചിരിയോടെ "വാങ്കോ വാങ്കോ" എന്ന്   വരവേല്‍ക്കുന്ന ലച്ച്മി എന്ന അവന്റെ ഭാര്യ! പിന്നെ അവളുടെ ചേലത്തുമ്പില്‍പിടിച്ചു, മറഞ്ഞു നിന്നുകൊണ്ട്, വിടര്‍ന്ന കുഞ്ഞിക്കണ്ണുകളോടെ എന്നെ എത്തി നോക്കുന്ന,കൌതുകം തോന്നിപ്പിക്കുന്ന, ഒരു മൂന്നു വയസ്സുകാരനും! അവര്‍ക്കറിയാം എനിക്ക് എന്താണ് വേണ്ടതെന്ന്. ശുദ്ധമായ പാല് ചേര്‍ത്ത്, വേണ്ടത്ര കടുപ്പത്തില്‍ അവര്‍ തരുന്ന ഒരു ചായ!. അതിനു വേണ്ടി മാത്രമാണ് ഞാന്‍ അവിടെ വന്നു ഇരിക്കുന്നതെന്ന് അവര്‍ക്കെല്ലാവര്‍ക്കും  അറിയാം.

കുപ്പുസ്വാമിക്കും ലച്ച്മിക്കും രണ്ടു മക്കളാണ്. മകനൊരുത്തന്‍ഉള്ളത്, പ്രായ പൂര്തിയായപ്പോഴേ, അവരെ വിട്ടുപോയതാണ്. അവന്‍ ഇപ്പോള്‍എവിടെയാണ് ഉള്ളതെന്ന്, ആര്‍ക്കും അറിഞ്ഞുകൂടാ. മകളെ, വളരെ ചെറിയ പ്രായത്തില്‍തന്നെ കെട്ടിച്ചു വിട്ടിരിക്കുന്നത്, അടുത്തുതന്നെയാണെന്കിലും, മരുമകന്റെ അമിത മദ്യപാനം മൂലം, രണ്ടു കുട്ടികള്‍ഉള്ളതില്‍  മൂത്തതിനെ ലച്ച്മി വിളിച്ചുകൊണ്ടുവന്നു കൂടെ നിറുത്തിയിരിക്കുന്നു. ഞാനവിടെ ചെല്ലുംപോഴെല്ലാം, ആ മൂന്നു വയസ്സുകാരന് വേണ്ടി എന്തെങ്കിലും ഒരു കളിപ്പാട്ടം കയ്യില്‍ കരുതുമായിരുന്നു. ഇത്തവണയും ഞാനത് മറന്നിരുന്നില്ല.  അത് വാങ്ങി, ആ കുഞ്ഞു വിരലുകളാല്‍ അതിനെ മുറുകെ പിടിച്ചുകൊണ്ട്’ എന്നെ ഉറ്റു നോക്കുന്ന ആ കുഞ്ഞു കണ്ണുകളില്‍ നിഴലിക്കുന്ന സന്തോഷം, എന്റെയും മനസ്സ് നിറയ്ക്കും.ആ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക്‌, ഇവയൊക്കെ എപ്പോഴും, അപ്രാപ്യമായ വിശിഷ്ട വസ്തുക്കള്‍തന്നെയായിരുന്നല്ലോ...        

ചായ തരുന്ന സമയത്ത്, എന്റെ കുടുംബ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട്, അവര്‍ രണ്ടാളും  ആ തറയില്‍ എന്റെ അടുത്തു തന്നെ ഇരിക്കുന്നുണ്ടാവും. അപ്പോഴാണ്‌ അവര്‍ എന്നോട് അവരുടെ മനസ്സ് തുറക്കുന്നത്. എന്നിലെ നിശബ്ദ കേള്‍വിക്കാരനില്‍, അവര്‍ക്ക്  അത്രമാത്രം വിശ്വാസമുണ്ടായിരുന്നിരിക്കണം! ആ കൊച്ചു കുടുംബത്തിന്റെ സുഖ ദുഃ  ഖങ്ങളില്‍ എന്നെയും പങ്കാളിയാക്കുന്നതില്‍  എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു. ഒടുവില്‍, ആത്മാര്‍ഥത നിറഞ്ഞു നില്‍ക്കുന്ന സ്വരത്തിലുള്ള അവരുടെ പതിവ് ചോദ്യം " വേറെ എന്ന സാര്‍, ശാപ്പിടിറീന്ക? "

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ റെസ്റ്റോറന്റിന്റെ, മങ്ങിയ വെളിച്ചത്തില്‍ തരുന്ന ചായയേക്കാള്‍ എത്രയോ സ്വാദിഷ്ടമായ ആ ചായ നുകര്‍ന്നുകൊണ്ട്,  നിഷ്കളങ്കരുടെ മുഖത്തു നോക്കി “വേറെ ഒന്നുമേ ഇപ്പൊ വേണ്ടാം” എന്ന് പറയാനുള്ള മനസ്സ് എനിക്കില്ലാത്തതിനാല്‍, അവിടെ വച്ചിരിക്കുന്ന എത്തപ്പഴമോ മാങ്ങാപ്പഴമോ ഒക്കെ, വേണ്ടിയിരുന്നില്ലെങ്കില്‍ കൂടി,  ഞാന്‍ വാങ്ങിക്കൊണ്ട് പോരുമായിരുന്നു!!

പാതയോരത്ത്, നോക്കെത്താ ദൂരത്തു കാണുന്ന പച്ചപ്പിന്റെ പരവതാനിയില്‍,  കണ്ണുകളെ മേയാന്‍ വിട്ടു , അവയെ തഴുകി വരുന്ന ഇളം കാറ്റിന്റെ കുളുര്മയില്‍  ലയിച്ചു, ഞാനാ ചായയുടെ സ്വാദില്‍ അലിഞ്ഞില്ലാതാകുമ്പോള്‍ , അവിടെ,  എന്റെ മനസ്സിന്റെ,  എല്ലാ പ്രയാസങ്ങളും പിരിമുറുക്കങ്ങളും,  ആ ചായയോടൊപ്പം അലിഞ്ഞു ഇല്ലാതായിരിക്കുന്നു  എന്നുള്ള സത്യം  ഞാന്‍ മനസ്സിലാക്കുന്നു!!!
  
ഒപ്പം ഞാന്‍  അറിയുന്നു, എന്റെ ഒരു ദിവസം കൂടി, സാധു   ദമ്പതികള്‍, ധന്യമാക്കിത്തീര്‍ത്തിരിക്കുന്നു!!!!



6 comments:

  1. ഗ്രാമത്തമിഴ് മക്കളുടെ നന്മ ഒന്ന് വേറേ തന്നെ. പല സമയങ്ങളിലും അനിഭവിച്ചിട്ടുള്ളതുകൊണ്ട് ഈ കുറിപ്പ് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അറിയാനാവും.

    ReplyDelete
    Replies
    1. നന്ദി മാഷേ ഈ അനുഭവങ്ങളെ ഒന്ന് പകര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കും സന്തോഷമായേനെ...

      Delete
  2. ഇവിടെ ബാംഗ്ലൂരിലും എനിക്കിത്തിരം സങ്കേതങ്ങളുണ്ട്
    :-)

    ReplyDelete
    Replies
    1. നന്ദി, ഇത്തരം അനുഭവങ്ങളാണ് നമ്മുടെയൊക്കെ ഓര്‍മകളില്‍ മായാതെ നില്‍ക്കുക.അല്ലേ?

      Delete
  3. ആ ഗ്രാമത്തിലൂടെ, ആ
    നല്ല ആള്‍ക്കാരുടെ ഇടയിലൂടെ മനസ്സ് കടന്നുപോയി.
    നല്ല അനുഭവങ്ങളുടെ
    നല്ല വിവരണം.
    http://drpmalankot0.blogspot.com

    ReplyDelete
  4. പ്രിയ ഡോക്ടര്‍,

    നല്ല വാക്കുകള്‍ക്കു നന്ദി ഡോക്ടര്‍. താങ്കളുടെ പ്രോല്‍സാഹനം എന്നിലെ എഴുത്തുകാരന് ഒരുപാട് സന്തോഷം തരുന്നു!!

    ReplyDelete