Monday, October 1, 2012

വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയും!!!!!!



വളര്‍ത്തു മൃഗങ്ങളോടുള്ള എന്‍റെ അതിയായ ഇഷ്ടത്തെപ്പറ്റി ഞാന്‍ മുന്‍പൊരിക്കല്‍ ഇവിടെത്തന്നെ പറഞ്ഞിരുന്നു. പട്ടണത്തില്‍ ജനിച്ചു ഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ട ഒരു ബാല്യമായിരുന്നു എനിക്കുണ്ടായിരുന്നത് എന്നതിനാല്‍, ഗ്രാമത്തിലെ എല്ലാ വീടുകളെയും പോലെ, എന്‍റെ വീട്ടിലും പട്ടിയും പൂച്ചയും പശുവും ആടും കോഴികളുമൊക്കെ, ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബാല്യം കൌമാരത്തിന് വഴി മാറികൊടുത്തിരുന്ന കാലത്താണ്, ദേശവും കാലവും ഭാഷയുമൊക്കെ മാറുന്ന മുറയ്ക്ക്, ഇവയിലും വൈവിധ്യം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നു എനിക്ക് മനസ്സിലായത്.

മൊബൈലും ഫേസ്ബുക്കുമൊന്നും ഇല്ലായിരുന്ന ആ കാലത്ത്, നാടിനകത്തും പുറത്തും സുഹൃത്തുക്കളെ കണ്ടെത്തിയിരുന്നത്, തൂലിക സുഹൃത്ബന്ധങ്ങളിലൂടെയായിരുന്നു. ഏതെങ്കിലും മാസിക വഴിയോ മറ്റോ ലഭിക്കുന്ന മേല്‍വിലാസത്തില്‍ കത്തുകളയച്ചു, അവര്‍ അയയ്ക്കുന്ന മറുപടിക്കത്തുകളിലൂടെ ആ സൗഹൃദം വളര്ത്തിയെടുത്തിരുന്നു പലരും. ഇക്കൂട്ടത്തില്‍ എനിക്കും ഉണ്ടായിരുന്നു അമേരിക്കന്‍ വംശജരായ ഏതാനും സ്നേഹിതര്‍! എയര്‍ മെയിലില്‍ വന്നിരുന്ന അവരുടെ കത്തുകള്‍ അന്നൊക്കെ, വളരെ ആവേശത്തോടെയാണ് വരവേറ്റിരുന്നത്!! അത് പൊട്ടിച്ചു വായിക്കുമ്പോഴുള്ള സന്തോഷവും, കൂട്ടുകാരുടെ ഇടയില്‍ നിന്നും ലഭിക്കുന്ന അസൂയയുടെ നിറം കലര്‍ന്ന അഭിനന്ദനങ്ങളുമൊക്കെ, ഇന്നും മസ്സില്‍ മായാതെ പച്ച പിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളിലുണ്ട്!!!

ഈ കുട്ടികളുടെ കൂട്ടത്തില്‍ ഷെറി എന്ന് പേരുള്ള ഒരു പെണ്‍കുട്ടി അവളുടെ പെറ്റിനെപ്പറ്റി എന്നെ അറിയിച്ചപ്പോഴാണ്, പെറ്റുകളുടെ പട്ടികയില്‍ മറ്റു ജീവികളും ഉള്‍പ്പെടും, എന്ന് ആദ്യമായി ഞാന്‍ മനസ്സിലാക്കുന്നത്!! ഷെറിയുടെ പെറ്റ് ഒരു ചീങ്കണ്ണിക്കുഞ്ഞായിരുന്നു!!! അതിലും അത്ഭുതം അതിന്റെ നീളം എത്രത്തോളം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കിത്തരാനായി, അവള്‍ കണ്ടുപിടിച്ച രസമുള്ള ഒരു മാര്‍ഗ്ഗമായിരുന്നു!!! ചെറിയ കുട്ടിയായിരുന്നതിനാല്‍ നീളം അളക്കാനുള്ള അളവുകളായ ഇഞ്ചും അടിയും ഒന്നും എന്നെപ്പോലെതന്നെ അവള്‍ക്കും, അഞ്ജാതമായിരുന്നു! മോഹന്‍ എന്നുള്ള എന്‍റെ പേരുകൂടി എങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നു അവള്‍ എന്നോട് ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്! പെറ്റിനെപ്പറ്റി അവള്‍ എഴുതിയ കത്തില്, ZIG-ZAG ആയിട്ട് കുറച്ചു നീളത്തില് ഒരു വര അവളങ്ങു വരച്ചു!! അത്ര തന്നെ! എന്നിട്ട് എന്നോട് പറഞ്ഞു, നീ ഈ വരയങ്ങു STRAIGHTEN ചെയ്തു നോക്കിയാല്‍ എന്‍റെ ചീങ്കണ്ണിക്കുഞ്ഞിന്റെ നീളം കിട്ടുമെന്ന്!! എങ്ങനെയുണ്ട് ആ ബാലികയുടെ ചെറിയ ബുദ്ധിയിലുദിച്ച ഈ വലിയ ഐഡിയ???

പില്‍ക്കാലത്ത് ദുബായിലേക്ക് ചേക്കേറിയപ്പോഴാണ്, നമ്മുടെ മനസ്സില്‍ ഒരിക്കല്‍പോലും ഇല്ലാത്ത മറ്റു ചിലവയെ കൂടി, പെറ്റുകളുടെ ആ പട്ടികയില്‍ ഉള്‍പ്പെടുത്താം എന്ന് എനിക്ക് മനസ്സിലായത്!

ഷേക്ക്ഫാമിലിയുടെ ഒരു വില്ലയിലുള്ള ചില അറ്റകുറ്റപ്പണികളുടെ എസ്ടിമേറ്റ് എടുക്കാനാണ് ഞാനും സഹായിയും കൂടി അവിടേക്ക് ചെന്നത്. അവരുടെ അടുക്കളയിലും ചില റിപ്പെയര്‍ ജോലികള്‍ ഉണ്ടെന്നു പറഞ്ഞതിനാല്‍, കുശിനിക്കാരനായ മലയാളി ചെറുപ്പക്കാരന്‍ സന്തോഷത്തോടുകൂടി ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ചുവരുകളുടെ ചില റിപ്പെയര്‍ പണികള്‍ക്കായി ഞാന്‍ ടേപ്പ് കൊണ്ട് അതിന്റെ അളവുകള്‍, വിശാലമായ പാതകത്തിന്റെ മുകളില്‍ കയറി നിന്നുകൊണ്ട് എടുക്കുകയായിരുന്നു. ഒരു നിമിഷം എന്തോ കാരണത്താല്‍ പേട്ടെന്ന് താഴേക്കു നോക്കിയ ഞാന്‍ അടുത്ത ക്ഷണം ഒരു നിലവിളിയോടെ താഴേക്കു ചാടി!! നല്ല കറുത്ത നിറത്തിലുള്ള ഒരു പാമ്പ് ഒരു പാത്രത്തിനകത്തുനിന്നും മെല്ലെ തല പൊക്കി എന്നെത്തന്നെ ഉറ്റുനോക്കുന്നത്, ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കണ്ടത്!!! എന്റെ പരിഭ്രാന്തിനിറഞ്ഞ മുഖം ശ്രദ്ധിച്ച ആ ചെറുപ്പക്കാരന്‍ ഒരു ചെറു ചിരിയോടെ എന്നോട് പറയുകയാണ്, അവരുടെ അര്‍ബാബിന്റെ മകന്‍ ഓമനിച്ചു വളര്‍ത്തു ഒരു പാമ്പാണതെന്ന്.

പറഞ്ഞു തീര്‍ന്നില്ല, സുമുഖനായ ഒരു അറബി ചെറുപ്പക്കാരന്‍ വാതില്‍ തുറന്നു ഞങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അകത്തേക്ക് കടന്നു വന്നു. ധരിച്ചിരുന്ന വേഷത്തില്‍ നിന്നും ഓഫീസ് കഴിഞ്ഞുള്ള വരവാണ് അത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അകത്ത് വന്ന അദ്ദേഹം വേഗംതന്നെ ആ പാമ്പിനെ കൈകളില്‍ വാരി എടുത്തു അതിന്റെ മുഖത്തില്‍ മുത്തം കൊടുക്കുന്നത് ഞങ്ങള്‍ തെല്ല് ഭയത്തോടെയാണ് നോക്കിനിന്നത്!!! അറബി ഭാഷ വശമില്ലായിരുന്നതിനാല്‍ പാമ്പിനോട് എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് എന്ന് ഞങ്ങള്‍ക്കും മനസ്സിലായില്ല!!! വല്ലവിധേനയും വന്ന ജോലി പൂര്ത്തിയാക്കി ഞങ്ങള്‍ വേഗം തന്നെ സ്ഥലം വിട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!!!

മറ്റൊരിക്കല്‍, ഇതുപോലെലെതന്നെയുള്ള ഒരു അറബി വില്ലയുടെ അകത്ത് കടന്നപ്പോള്‍, സാമാന്യം വലിയ ഒരു മൃഗശാല തന്നെ അതിനുള്ളില്‍ കാണാനിടയായി! പുറത്തെ ചുറ്റുമതിലിനോട് ചേര്‍ത്തു പണികഴിപ്പിച്ചിരിക്കുന്ന പൈപ്പു ഫ്രേമുകളിലായി, വലകള്‍ ഉറപ്പിച്ചിരിക്കുന്നു. അതിനുള്ളില്‍ ചെറുതും വലുതുമായ ഒരുപാട് പക്ഷികള്‍! ലവ്ബേര്ഡ്സ് മുതല്‍ വലിപ്പമുള്ള ആഫ്രിക്കന്‍ തത്തകള്‍ വരെയുണ്ട് ആ കൂടുകള്‍ക്കുള്ളില്‍! മറ്റൊരു ഭാഗത്ത് കുറച്ചു കുരങ്ങുകള്‍! കൂടാതെ പുല്ത്തകിടികളില്‍ യഥേഷ്ടം മേയുന്ന മയിലുകള്‍! പുറത്തേക്കുള്ള ഗേറ്റ് തുറക്കുമ്പോള്‍ ഇവകള്‍ വെളിയില്‍ പോകാതെ സൂക്ഷിക്കണം എന്ന് ഞങ്ങള്‍ക്കു നേരത്തെതന്നെ അറിയിപ്പ് ലഭിച്ചിരുന്നു. അവയിലോന്നിന്റെ പീലികള്‍ വിരിച്ചുള്ള നൃത്തം കാണാന്‍, ജോലികള്‍ നിര്‍ത്തി വച്ചു ഞങ്ങളുടെ പണിക്കാരും കൂടുന്നത് ഞാന്‍ കണ്ടു.

രണ്ടാഴ്ചകള്‍ക്കു മുന്പു, ഓഫീസിന്റെ വാതില്‍ തുറന്നു ശുഭ്രവസ്ത്രധാരിയായ ഒരു അറബി മുന്‍പില്‍ വന്നു ഇരുന്നപ്പോള്‍, ഏതോ പണികളുടെ കാര്യത്തിനായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ വിചിത്രമായ ഒരാവശൃവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്! അദ്ദേഹത്തിന്റെ കാറില്‍ ഒരു കുറുക്കനെ കൊണ്ടുവന്നിട്ടുണ്ട്! വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന ഇതിന്‍റെ കഴുത്തിലെ തുടല്‍ എങ്ങനെയോ ഇറുകി, മാംസവും തുളച്ചിറങ്ങി അവിടെയെല്ലാം അഴുകിയിരിക്കുകയാണ്! അദ്ദേഹത്തിനു ആ തുടല്‍ എങ്ങനെയെങ്കിലും മുറിച്ചു മാറ്റിക്കൊടുണം. ഞാന്‍ പോയി നോക്കിയപ്പോള്‍ ആ ജീവി വേദന കൊണ്ടാണോ എന്നറിയില്ല, ആ കൂടിനകത്ത് പരിഭ്രാന്തിയോടെ ഓടി നടക്കുകയാണ്! കുറച്ചു ശ്രമകരമായിരുന്നെന്കിലും, ഞങ്ങളുടെ ജോലിക്കാര്‍ വിദഗ്ദമായി തന്നെ കഴുത്തില്നിന്നും അത് കട്ട്ചെയ്തു മാറ്റി ആ സാധു ജീവിയുടെ ജീവന്‍ രക്ഷിച്ചു!!! അങ്ങനെ നമ്മുടെ കുറുക്കനും ഇവിടെയൊരു പെറ്റാണ്!!

ഇവിടുത്തെ ദേശീയ പക്ഷിയായ ഫാല്‍ക്കനെപ്പറ്റി ഒരു വാക്ക് പറയാതെപോയാല്‍, അത് നീതിയാവില്ല. ഞങ്ങളുടെ ജോലിസ്ഥലത്ത്, ഓരോ ആവശ്യങ്ങള്‍ക്കായി  സമീപിക്കുന്ന അറബികളില്‍ ചിലര്‍ വന്നിരുന്നത്, കൈത്തണ്ടയില്‍ ഇരുപ്പുറപ്പിചിരിക്കുന്ന തലയെടുപ്പുള്ള ഈ പക്ഷികളുമായാണ്! നായാട്ടിനും മറ്റും ഉപയോഗിക്കുന്ന ഈ ദേശീയപക്ഷികളില്‍ ചില ഇനങ്ങള്‍ക്കോക്കെ, പ്രാദേശിക വിപണികളില്‍ പൊള്ളുന്ന വിലയാണെന്ന് അവര്‍ അഭിമാനത്തോടെ പറഞ്ഞുതരുമ്പോള്‍, ഞാന്‍ അത്ഭുതത്തോടെ കേട്ടുനില്‍ക്കുമായിരുന്നു!!! 

10 comments:

  1. പെറ്റുകളെ പറ്റിയുള്ള ഏട്ടന്റെ എഴുത്ത് നന്നായി . ആ പാമ്പിനെ കണ്ടപ്പോഴുള്ള ഏട്ടന്റെ മുഖം ഞാന്‍ ഭാവനയില്‍ കണ്ടു കേട്ടോ. സമയം കിട്ടുമ്പോഴൊക്കെ ഏട്ടന്റെ എഴുത്ത് വായിക്കും. ട്രെയിനില്‍ കണ്ട ആ കുട്ടി എന്റെ മനസിലും കൂടുകൂട്ടി. വിശേഷങ്ങളും അനുഭവങ്ങളും ഇനിയും എഴുതൂ. ആശംസകള്‍.

    ReplyDelete
  2. അശ്വതി,വന്നതിലും,വായിച്ചതിലും,അഭിപ്രായം പങ്കുവച്ചതിലും ഒത്തിരി സന്തോഷം!!അശ്വതിക്ക് പെറ്റുകളെ ഇഷ്ടമായിരുന്നോ?
    ഇവിടെ ഫ്ലാറ്റുകളിലുള്ള താമസവും സമയക്കുറവും എന്നെ പെറ്റുകളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കയാണ്!
    എങ്കിലും പലപ്പോഴും ഭംഗിയുള്ള പട്ടിക്കുഞ്ഞുങ്ങളെയും ഓമനത്തം തുളുമ്പുന്ന പൂച്ചക്കുഞ്ഞുങ്ങളെയും കൊണ്ട് നടക്കാനിറങ്ങുന്നവരെ കാണുമ്പോള്‍ കണ്ണുകളില്‍ ഇത്തിരി കൌതുകവും മനസ്സില്‍ ഒത്തിരി സന്തോഷവും തോന്നാറുണ്ട്!!!!

    ReplyDelete
    Replies
    1. ദൂരെനിന്നു കാണാന്‍ ഇഷ്ടമാണ് ഏട്ടാ.പക്ഷെ തൊട്ടുനോക്കാന്‍ പോലും പേടി ആയിരുന്നു.

      Delete
    2. ആ പേടി മാറ്റിഎടുക്കുന്നത് നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം അശ്വതി...കാരണം, ഒരിറ്റു സ്നേഹം കൊടുത്താല്‍, ഒരു പ്രതിഫലേഛയുമില്ലാതെ, ഇവകളൊക്കെ പതിന്മടങ്ങ്‌ സ്നേഹം തിരികെ തന്നിട്ടുള്ള അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാണ്, കേട്ടോ!!!!
      വീണ്ടും എത്തിയതിനു നന്ദി!!!

      Delete
  3. അതു കൊള്ളാമല്ലോ, എന്തൊക്കെ തരം വളര്‍ത്തു മൃഗങ്ങളാണല്ലേ...

    ReplyDelete
    Replies
    1. ശ്രീ,നമ്മള്‍ക്ക് വിചാരിക്കാന്‍ പോലും പറ്റാത്ത ജീവികളെയൊക്കെയാണ് ഓരോ രാജ്യങ്ങളില്‍ ആള്‍ക്കാര്‍ പെറ്റുകളായി വളര്‍ത്തുന്നത്!!!
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി!!!

      Delete
  4. ഒന്നിനെയും മനുഷ്യന്‍ വെറുതെ വിടില്ല അല്ലെ? പോസ്റ്റ്‌ നന്നായിട്ടുണ്ട്. പിന്നെ ഒരു കാര്യം ഒരുവിധം എല്ലാ ബ്ലോഗിലും "അവള്‍ " എന്നോ "അവന്‍ " എന്നോ എഴുതുമ്പോള്‍ അവള് എന്നും അവന് എന്നുമാണ് കാണുന്നത്. ഇത് പലപ്പോഴും അരോചകമായി തോന്നാറുണ്ട്. ഇത് ഒഴിവാക്കാന്‍ അവന്‍ എന്ന് അല്ലെങ്കില്‍ അവന്‍ എന്ന് എഴുതി ഒരു space വിട്ടതിനുശേഷം comma ആല്ലെങ്കില്‍ full stop ഇടുക. All the best!

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം എഴുതിയതിനും ആദ്യമായി നന്ദി പറഞ്ഞോട്ടെ!!!

      'അവന്‍', 'അവള്‍' എഴുതുന്നതിലെ അപാകത ചൂണ്ടിക്കാണിച്ചതിനു വളരെ ഉപകാരം മാഷേ.ഇതുപോലെ ഇനിയും ചിലതൊക്കെ ഞാന്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ടാകും.എഴുതുന്നത്‌ എന്തായാലും അതില്‍ അക്ഷരശുദ്ധി കൃത്യമായിത്തന്നെ ഉണ്ടായിരിക്കണം എന്നൊരു നിര്‍ബ്ബന്ധം ഉള്ള ഒരാളായതിനാല്‍ തുടര്‍ന്നും മാഷിന്റെ സഹായം പ്രതീക്ഷിക്കട്ടെ!!!!
      നന്ദിയോടെ,

      Delete
  5. വളര്‍ത്തുജീവികളെക്കുറിച്ച് എഴുതിയത് വായിച്ചു. നന്നായിട്ടുണ്ട്. പക്ഷി മൃഗാദികളോടൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ
    വളര്‍ത്തുന്നതില്‍ താല്‌പ്പര്യമെടുത്തില്ല. എന്നെപോലെ കുറേപ്പേര്‍ ഉണ്ടെങ്കില്‍ Vet . ഡോക്ട്ടെര്സിനു പാരയാകും അല്ലെ? മല്സ്യങ്ങളെയോ (ഫിഷ്‌ ടാങ്കില്‍))) ) പക്ഷികളെയോ വളര്‍ത്തുമ്പോള്‍ അവയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ലേ ചെയ്യുന്നത് എന്ന തോന്നല്‍. പൊതുവെ, സസ്യഭുക്ക് എന്ന ക്വാളിഫിക്കെഷനൊ (അതോ ഡിസ്ക്വാളിഫിക്കെഷനൊ) ഉണ്ട്താനും. എന്നാല്‍, ഒരു അഭിനവ ശാകുന്തളത്തിന്റെ കഥ വഴിയെ ഞാന്‍ ബ്ലോഗ്‌ ആയി ഇടുന്നുണ്ട്.

    ReplyDelete
  6. പ്രിയ ഡോക്ടര്‍,
    ഒന്നിനെയും കൂട്ടിലിട്ടു വളര്‍ത്തുന്നതിനോട് എനിക്കും ഒട്ടും യോജിപ്പില്ല, താങ്കളെപ്പോലെ!
    എന്നാലോ, ഇണക്കി വളര്‍ത്താവുന്ന വീട്ടു മൃഗങ്ങളോട് വലിയ ഇഷ്ടവുമാണ്! തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഒരു കടലോളം സ്നേഹം തരുന്ന ഇവയെ എങ്ങനെ സ്നേഹിക്കാതിരിക്കും???
    വന്നു വായിച്ചതിനു നന്ദി!!

    ReplyDelete